ഗന്ധർവ്വയാമം: ഭാഗം 18

ഗന്ധർവ്വയാമം: ഭാഗം 18

എഴുത്തുകാരി: അഞ്ജലി അഞ്ജു

ഒന്നിച്ച് ഓഫീസിൽ പോവാനായി രാവിലെ തന്നെ ആമി റെഡിയായി. പോകാനുള്ള സമയം കഴിഞ്ഞിട്ടും വസുവിനെ കാണാതായപ്പോളാണ് അവനെ തിരക്കി പോയത്. കാളിങ് ബെൽ അടിച്ച് കുറച്ചു സമയത്തിന് ശേഷമാണ് വസു ഡോർ തുറന്നത്. “എന്താ വസു തുറക്കാൻ ഇത്ര താമസം.” വാതിൽ തുറന്ന ഉടനേ അകത്തേക്ക് കയറിക്കൊണ്ടാണ് ആമി ചോദിച്ചത്. “അല്ല ഇന്ന് ഓഫീസിൽ പോവണ്ടേ? ഇതെന്താ ഡ്രെസ്സൊന്നും ചേഞ്ച്‌ ചെയ്യാതെ നിൽക്കുന്നത്?” “അത്.. ആമി ഞാൻ കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തിരിക്കുകയാണ്.” “ഏഹ് അതെന്താ പെട്ടെന്ന്.. നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളും തീർന്നല്ലോ..

പിന്നെ എന്തിനാ ഇനിയും ലീവ് എടുക്കുന്നത്.” “എനിക്ക് ആകെ മടുത്തെടോ.. അല്ലെങ്കിലും ഇനി എനിക്ക് ആ ജോബ് കണ്ടിന്യു ചെയ്യാൻ താല്പര്യമില്ല.” മുഖത്ത് താല്പര്യമില്ലായ്മ വ്യക്തമാക്കി വസു പറഞ്ഞു. “ഓ അല്ലെങ്കിലും നിങ്ങൾ ഗന്ധർവ്വന്മാർക്ക് എന്തിനാ അല്ലേ ജോലി.. പക്ഷെ മര്യാദയ്ക്ക് ജോലിക്ക് പോയി എന്നെയും പിള്ളേരെയും നോക്കിക്കോണം. എനിക്ക് പണിക്ക് പോകാനൊന്നും വയ്യ..” കുസൃതിയിൽ പറഞ്ഞ് വസുവിന്റെ മുഖത്തു നോക്കിയപ്പോളാണ് താൻ പറഞ്ഞ തമാശ വസുവിന് വിഷമമായി എന്ന് മനസിലായത്. “എന്ത് പറ്റി വസു.. മുഖം എന്താ മാറിയേ??” അവന്റെ കവിളിൽ കൈ അമർത്തി കൊണ്ട് അവൾ ചോദിച്ചു.

“ആമി നീ കരുതുന്ന പോലൊരു ജീവിതം തരാൻ എനിക്കാവില്ല. കുടുംബം കുട്ടികൾ ഇവയൊക്കെ ഞങ്ങൾക്ക് അന്യമാണ്. സ്നേഹം മാത്രേ എനിക്ക് നിനക്കായ്‌ നൽകാനാവൂ. അല്ലാതെ..” പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു. തല താഴ്ത്തി നിന്ന് വസു അത് പറഞ്ഞപ്പോൾ അവളുടെ മനസും നീറുന്നുണ്ടായിരുന്നു. “എനിക്ക് ഒന്നും വേണ്ട വസു… ആമി ജീവിച്ചത് ഒറ്റക്കാ.. എനിക്ക് എന്നും എന്റെ വസു മാത്രം മതി..” അവന്റെ കവിളിൽ എത്തി പിടിച്ച് മുത്തം വെച്ചുകൊണ്ടാണ് അവളത് പറഞ്ഞത്. അവന്റെ കണ്ണുകളിലെ നീർത്തിളക്കം അവളുടെ കണ്ണുകളെയും ഈറനണിയിച്ചു.

അവന്റെ വയറിൽ കൈകൾ ചുറ്റിവരഞ്ഞ് മാറോടു ചേർന്ന് നിൽക്കുമ്പോൾ അവൻ മറ്റൊന്നും അവനെക്കാൾ വലുതായി തോന്നിയില്ല. എന്നും ഇങ്ങനെ ചേർന്ന് നിന്നാൽ മാത്രം മതിയായിരുന്നു. “സമയം ഒരുപാടായി. നീ പോവാൻ നോക്ക്.” ഒരടി പിന്നിലേക്ക് വെച്ച് വസു പറയുമ്പോൾ വീണ്ടും അവനെ അവൾ വാശിയോടെ പുണർന്നു. “ഞാനും പോണില്ല.” “ഏഹ് അതെന്താ..? നീ പോവാൻ നോക്ക് ആമി..” “ഓ ഇനി എനിക്ക് തോന്നുമെങ്കിലേ ഞാൻ ജോലിക്ക് പോവുള്ളു. എനിക്ക് എപ്പോളും എന്റെ ഗന്ധർവ്വന്റെ കൂടെ തന്നെ ഇരിക്കാൻ തോന്നുവാ.” കുസൃതിയോടെ അവന്റെ കവിളിൽ പിടിച്ചു വലിച്ച് കൊണ്ട് ആമി പറഞ്ഞു. “അതേ ഇന്ന് മുഴുവൻ നമുക്ക് പുറത്തൊക്കെ കറങ്ങാൻ പോവാം.” മുഖമുയർത്തി ആമി ചോദിച്ചു. “എവിടെ?” “ഒരു ചെറിയ ഷോപ്പിംഗ്. ഉച്ചക്ക് ഫുഡ്‌ പുറത്ത് നിന്ന് കഴിക്കാം.

എന്നിട്ട് ബീച്ചിലൊക്കെ പോയി വരാം. എങ്ങനുണ്ട്?” “ഇന്നത്തേക്ക് മാത്രം. എന്നും ലീവ് എടുക്കാൻ ഞാൻ സമ്മതിക്കില്ല. ഇപ്പോളെ പറഞ്ഞേക്കാം.” “ഓ ശെരി… അതൊക്കെ നമുക്ക് ആലോചിക്കാം. വസു റെഡി ആയിട്ട് വാ. അപ്പോളേക്കും ഞാൻ ഫുഡ്‌ ഉണ്ടാക്കാം.” ആമി അത് പറഞ്ഞതും വസുവിന്റെ കണ്ണൊക്കെ ഇപ്പോ പുറത്ത് ചാടും എന്ന് പറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. “എന്തേയ്?” “അല്ല നീയിപ്പോ എന്താ പറഞ്ഞത്?” “വേഗം റെഡി ആയി വാ. ഞാൻ കഴിക്കാൻ എടുക്കാമെന്ന്..” “നിനക്ക് അതിന് വല്ലതും ഉണ്ടാക്കാൻ അറിയുവോ?” “അത് കൊള്ളാം. വസു വിചാരിക്കുന്ന പോലൊരാളല്ല ഞാൻ. പോയിട്ട് വേഗം വായോ.” അവനെ പറഞ്ഞ് വിട്ടിട്ട് ഒരു ഓട്ടമായിരുന്നു അടുക്കളയിലേക്ക്.

പലതരം പലഹാരങ്ങൾ ഉണ്ടാക്കാനായി മനസിലൂടെ പോയെങ്കിലും ഒടുവിൽ നൂഡിൽസ് തന്നെയായിരുന്നു ശരണം. റിസ്ക് എടുക്കാൻ പറ്റില്ലല്ലോ അറിയാത്ത എന്തെങ്കിലും ഉണ്ടാക്കി വയറു ചീത്തയായാൽ പിന്നെ കറങ്ങാൻ പോവാൻ പറ്റില്ലല്ലോ. വസു റെഡി ആയി വരുമ്പോൾ ഊണ് മേശയിൽ നൂഡിൽസുമായി ആമി കാത്തിരിക്കുന്നുണ്ടായിരുന്നു. “അല്ല ഇത്ര ഡയലോഗ് ഒക്കെ അടിച്ചിട്ട് നീ നൂഡിൽസ് ആണോ ഉണ്ടാക്കിയത്?” “എന്തേയ് നൂഡിൽസ് ഫുഡ്‌ അല്ലേ?” മുഖത്ത് പുച്ഛം ഭാവമൊക്കെ വരുത്തി ആമി ചോദിച്ചു. “ഞാൻ വെറുതെ ചോദിച്ചതാ..” തല കുനിച്ചിരുന്ന് വേഗത്തിൽ ഭക്ഷണം കഴിക്കുന്ന വസുവിനെ കണ്ടിട്ട് ചിരിയടക്കാനാവുന്നില്ലായിരുന്നു ആമിക്ക്. “എങ്ങനുണ്ട്?” “നന്നായിട്ടുണ്ട്.”

എങ്ങനെയോ കഴിച്ചിട്ട് എഴുന്നേൽക്കുന്നതിന് ഇടയിൽ അവൻ പറഞ്ഞൊപ്പിച്ചു. “അല്ല നീ ഇത് ഇട്ടോണ്ട് ആണോ വരുന്നത്.” അവളുടെ സ്ലീവ് ലെസ്സ് ടോപ്പിലേക്കും ജീൻസിലേക്കും അവജ്ഞയോടെ നോക്കി കൊണ്ടാണ് വസു അത് ചോദിച്ചത്. “അതേ. എന്താ ഇത് നല്ലതല്ലേ.” “അയ്യേ ഇതൊന്നും ഇട്ടോണ്ട് എന്റെ കൂടെ വരണ്ട. ഒരു മാതിരി പട്ടി കടിച്ചു കീറിയ പോലത്തെ ടോപ്പും വെള്ളപ്പൊക്കം വന്ന പോലെ ഇറക്കം കുറഞ്ഞ ജീൻസും.” അവനത് പറഞ്ഞതും സംശയത്തോടെ ആമി സ്വയം നോക്കി. “അത്രക്ക് വൃത്തികേടാണോ?” “കുഴപ്പമൊന്നും ഇല്ല. പക്ഷെ ന്റെ ആമിക്കുട്ടി ഇത് ഇടുന്നത് കാണുമ്പോ എന്തോ മനസിലൊരു ബുദ്ധിമുട്ട്.

ഒരു നോട്ടം കൊണ്ട് പോലും ആരും നിന്നെ വേദനിപ്പിക്കരുതെന്നുള്ള വാശി കൊണ്ടാണെന്ന് വേണമെങ്കിൽ കരുതിക്കോ..” കള്ള ചിരിയോടെ അവളെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് അവൻ പറഞ്ഞു. “ഓ അത് കൊണ്ടാണോ… മ്മ് എങ്കിൽ ഓക്കേ..” നന്നായി ഇളിച്ചു കാണിച്ചിട്ട് തിരിഞ്ഞൊരു ഓട്ടമായിരുന്നു. റൂമിൽ പോയി ആഷ് നിറത്തിലെ ചുരിദാർ തപ്പി പിടിച്ച് ഇട്ടു. ഒരു കുഞ്ഞു പൊട്ടും കുത്തിയിട്ടാണ് തിരികെ വന്നത്. “ഇപ്പോ എങ്ങനുണ്ട്?” പുരികമുയർത്തി ചോദിച്ചപ്പോൾ സൂപ്പർ എന്ന് കൈ കൊണ്ട് കാട്ടി അവൻ. “എങ്കിലേ പോയി മറ്റേ ഷർട്ട് ഇട്ടോണ്ട് വാ.” “ഏത്? ഇപ്പൊ ഞാൻ ഒരെണ്ണം ഇട്ടിട്ടുണ്ടല്ലോ” “അതേ ഇയാള് പറഞ്ഞത് ഞാൻ കേട്ടില്ലേ.. അത് പോലെ ഞാൻ പറയണതും കേൾക്കണം.

വേഗം പോയി ആഷ് നിറത്തിലെ മറ്റേ ഷർട്ട്‌ ഇടൂ.” “ആഷ് കളറോ?” “ഓ മണ്ടാ.. ദേ ഈ നിറത്തിൽ ഉള്ളത്.” ധരിച്ചിരുന്ന ചുരിദാറ് കാട്ടി പറഞ്ഞപ്പോളാണ് ആമി പറഞ്ഞ നിറം അവന് മനസിലായത്. വസുവിന്റെ കൈയിൽ ചുറ്റി പിടിച്ചാണ് ആമി താഴേക്ക് നടന്നത്. അവന്റെ ബൈക്കിനു പിന്നിൽ ചുറ്റി പിടിച്ച് ഇരിക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷം അവർക്കുണ്ടായിരുന്നു. വസുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷെ യാഥാർഥ്യ ബോധം അവനെ ഭയത്തിൽ താഴ്ത്തി. ആമി അതെങ്ങനെ ഉൾക്കൊള്ളുമെന്നതായിരുന്നു അവനിലെ ഏറ്റവും വലിയ ഭയം. “വസു… വണ്ടി നിർത്ത്…” തോളിൽ തട്ടിയുള്ള ആമിയുടെ വിളിയാണ് ചിന്തകൾക്ക് കടിഞ്ഞാണിട്ടത്. “എന്താണ് ആമി?”

വണ്ടി സൈഡിലേക്ക് ഒതുക്കി ചുറ്റും നോക്കി കൊണ്ടാണ് അവൻ ചോദിച്ചത്. എനിക്കൊരു ഐസ് ക്രീം വാങ്ങി തരുവോ? വഴിയരികിലെ കടയിലേക്ക് വിരൽ ചൂണ്ടി അത് പറയുമ്പോൾ ബാല്യത്തിൽ മൊട്ടിട്ട ആഗ്രഹങ്ങൾ വിടരുകയായിരുന്നു. “എന്താ വസു ഇവിടെ നിർത്തിയെ?” തിരക്കേറിയ തുണിക്കടയിലേക്ക് നോക്കി ആമി ചോദിച്ചു. “നീ ഇറങ്ങ്.” ചുരിദാർ സെക്ഷനിലേക്ക് ചെന്നപ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം ആമിക്ക് വ്യക്തമായിരുന്നു. “അതേ… ഇന്ന് ഇട്ടെന്നും വെച്ച് എനിക്കെപ്പോളും ഇതൊന്നും വലിച്ചോണ്ട് നടക്കാൻ വയ്യ കേട്ടോ..” മുഖത്ത് ആവശ്യത്തിലധികം പാവത്തരം നിറച്ച് ആമിയത് പറഞ്ഞപ്പോൾ വസു പോലും ചിരിച്ച് പോയിരുന്നു.

ഓരോ ചുരിദാറും അവളെ ചേർത്ത് വെച്ച് അവൻ സെലക്ട്‌ ചെയ്യുമ്പോളും അവളും ആ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു. അവനിൽ മാത്രം കണ്ണുകൾ ഉടക്കി നിന്നതിനാൽ ആവാം സമയം കുറേ കഴിഞ്ഞാണ് സെലക്ട്‌ ചെയ്ത് വെച്ചിരിക്കുന്ന ചുരിദാർ കൂനയിലേക്ക് ദൃഷ്ടി പതിഞ്ഞത്. “അയ്യോ ഇത്രേം വേണ്ടെനിക്ക്. ഞാൻ ഇതൊക്കെ എന്ന് ഇട്ട് തീർക്കാനാ??” ചോദിച്ചു തീർക്കും മുന്നേ ബില്ലിംഗ് സെക്ഷനിലേക്ക് വസു നടന്നിരുന്നു. തിരികെ ബൈക്കിനരികിലേക്ക് ചെല്ലുമ്പോളും ഇനിയെന്നും ചുരിദാർ തന്നെ ഇടേണ്ടി വരുമെന്ന ടെൻഷനിൽ ആയിരുന്നു ആമി. “കുറേ നേരായല്ലോ ആലോചന തുടങ്ങിയിട്ട്. എന്താണ്??” “അതേ.. ഇത്രയും വാങ്ങേണ്ടായിരുന്നു.”

“എന്റെ പൊന്ന് ആമി.. ഇത് ഇടണമെന്ന് ഓർത്തു നീ പേടിക്കണ്ട. നിന്റെ ഇഷ്ടങ്ങളാണ് എന്റെയും ഇഷ്ടം. ഇതൊക്കെ ഞാൻ എന്റെ ആഗ്രഹം കൊണ്ട് വാങ്ങിയതല്ലേ. നീ തോന്നുമ്പോ ഇട്ടാൽ മതി.” “ശെരിക്കും??” “ആ ശെരിക്കും.” ചിരിച്ചു കൊണ്ട് അത് പറഞ്ഞതും അവൾ അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി കഴിഞ്ഞിരുന്നു. “ഞെട്ടലൊക്കെ തീർന്നെങ്കിൽ വണ്ടിയെടുക്ക് മാഷേ..” പിന്നിലിരുന്ന് അത് പറയുമ്പോൾ അവളുടെ കവിളുകളിലും ചുവപ്പ് രാശി പടർന്നിട്ടുണ്ടായിരുന്നു…..തുടരും..

ഗന്ധർവ്വയാമം: ഭാഗം 17

Share this story