സിദ്ധാഭിഷേകം : ഭാഗം 55

സിദ്ധാഭിഷേകം :  ഭാഗം 55

എഴുത്തുകാരി: രമ്യ രമ്മു

“അടുത്താഴ്ച്ച ശർമിള മാഡത്തിന്റെ പിറന്നാൾ ആണ് … അന്ന് പറഞ്ഞാൽ മതിയോ… “അവൻ ചിരിയോടെ പറഞ്ഞു… “പിന്നേ.. രാജീവേട്ടന് സമ്മതമാണെങ്കിൽ അന്ന് തന്നെ ആദിയേട്ടന്റെയും മിത്തൂന്റെയും നിശ്ചയം… ടെൻഷൻ ഒന്നും വേണ്ടാ.. ഇപ്പോ ചെല്ല്… കേട്ടോ…” 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ‘ആനന്ദ ‘ ത്തിലേക്ക് കടക്കുമ്പോഴേ കണ്ടു ചന്ദ്രു വരാന്തയിൽ തന്നെ അവരെ കാത്തെന്ന പോലെ നിൽക്കുന്നു… “ചന്ദ്രു എന്താ ഇത്ര നേരത്തെ… എന്തോ പ്രശ്നം ഉണ്ടല്ലോ.. ” ശർമിള സംശയിച്ചു.. “ഏയ്.. അവൻ ഞാൻ വരുമ്പോഴേ എണീറ്റിരുന്നു.. കൂടെ വരാൻ നിന്നതാ.. ഉറങ്ങിക്കോട്ടെന്ന് വച്ച് ഞാൻ കൂട്ടാഞ്ഞതാ….

ഉറക്കം കിട്ടി കാണില്ല…” ആദി പറഞ്ഞു… അവർ ഇറങ്ങുമ്പോഴേക്കും അവൻ അങ്ങോട്ടേക്ക് ഓടിയെത്തി… അവനെ നോക്കി ചിരിച്ച ശേഷം തലയിൽ ഒന്ന് തട്ടി ശർമിള അകത്തേക്ക് നടന്നു.. “ഭാഭി.. യാത്രയൊക്കെ സുഖായിരുന്നോ.. ” “അതെന്താടാ.. നമ്മളൊന്നും യാത്ര കഴിഞ്ഞല്ലേ വന്നത്.. അവൾക്കൊരു സ്പെഷ്യൽ സുഖാന്വേഷണം… ” അഭി കളിയാക്കി.. “സുഖം…നീ നടക്ക്… ഞങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് റൂമിലേക്ക് വരാം… ഉം.. ഇപ്പോ ചെല്ല്.. അമ്മയ്ക്ക് സംശയത്തിന് ഇട കൊടുക്കണ്ടാ…” “ആ.. ഞാൻ വെയിറ്റ് ചെയ്യാം.. വേഗം വരണേ…” അവൻ പോയപ്പോൾ അവൾ അഭിയെ നോക്കി ഒരു ദീർഘശ്വാസം എടുത്തുവിട്ടു…

അവൻ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു… റൂമിൽ ചെന്ന് ഫ്രഷ് ആയി ആദിയും അഭിയും ചന്ദ്രുന്റെ മുറിയിലേക്ക് ചെന്നു… അമ്മാളൂ വിളക്ക് വച്ച് തൊഴുതു.. മനസ്സിൽ വല്ലാത്ത ആകുലതകൾ നിറയുന്ന പോലെ തോന്നി അവൾക്ക്.. ഏറ്റെടുക്കാൻ പോകുന്നത് ഒരു ചെറിയ കാര്യമല്ല.. കൂടെ ഉണ്ടാകണം എന്നവൾ അകമഴിഞ്ഞു പ്രാർത്ഥിച്ചു.. അറിയാതെ തന്നെ സ്വരം ഉയർന്ന് ആ സ്തുതി അവിടമാകെ ഒഴുകി.. ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോധരം വിശാലാക്ഷം വന്ദേഹം ഗണനായകം ….

അവളുടെ ശബ്ദം കേട്ടാണ് അംബികയും ശ്രീയും ഉണർന്നത്.. പൂജാമുറയിൽ നിന്ന് പുറത്തേക്ക് വരുമ്പോഴേക്കും രണ്ടുപേരും അവിടെ ഉണ്ടായിരുന്നു… ശ്രീ ഓടി വന്ന് അവളെ കെട്ടി പിടിച്ചു.. “റിയലി മിസ് യൂ ഭാഭി…” “മിസ് യൂ ടൂ… ശ്രീ.. ” “ഭയ്യ എവിടെ.. ഞാൻ കാണാൻ വരാൻ നിന്നതാ.. ചന്ദ്രു കൂട്ടിയില്ല… ” “അത് സാരില്ല…. ഭയ്യ ദേ നിക്കുന്നു.. ” അവൾ ചന്ദ്രുന്റെ മുറിക്ക് പുറത്ത് നിൽക്കുന്ന അഭിയെ ചൂണ്ടി കാണിച്ചു… ശ്രീ അങ്ങോട്ടേക്ക് ചെന്നു… അംബിക അവളുടെ അടുത്തേക്ക് വന്ന് കവിളിൽ ചുംബിച്ചു… അവളുടെ കണ്ണ് നിറഞ്ഞു.. ആദി അഭിയെ തട്ടി വിളിച്ച് അത് കാട്ടി കൊടുത്തു… “ഒരുപാട് വിഷമം തോന്നിയിരുന്നു അന്നത്തെ എന്റെ സംസാരത്തിൽ.. നീ ഇനി ഒരിക്കലും ഇവിടെ പാടുകയില്ലെന്ന് തന്നെ തോന്നി…

എന്തായാലും ഇന്ന് എനിക്ക് സന്തോഷം ആയി.. ” “എനിക്ക് വിഷമം ഒന്നുല്ല.. ഞാൻ… പിന്നെ ..എന്തോ.. സാധിച്ചില്ല.. അല്ലാതെ അംബിയമ്മയോട് വിരോധം ഉണ്ടായിട്ടല്ല…” “ഉം.. എവിടെ പോയതാ.. ഒന്നും പറയാതെ.. എത്ര ക്ലാസ് പോയി.. വല്ല വിചാരവും ഉണ്ടോ…” “അംബിയമ്മയില്ലേ പറഞ്ഞു തരാൻ.. പിന്നെന്തിനാ എനിക്ക് പേടി…” “സുഖിച്ചു.. പോയി വല്ലതും കഴിക്ക്… ചെല്ല്..” അവർ അഭിയുടെ അടുത്തെത്തി.. “നീ ഇപ്പോ ഓക്കേ ആയില്ലേ.. ” “ആഹ്.. കുഴപ്പമില്ല.. ” “ഉം..ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്ക്…” അവർ മുറിയിലേക്ക് പോയി.. ശ്രീ അമ്മാളൂനേയും കൂട്ടി അഭിയുടെ അടുത്തേക്ക് ചെന്നു.. “എനിക്കെന്താ കൊണ്ടു വന്നേ രണ്ടാളും…” “കൊണ്ടു വന്നത് ഫ്ലാറ്റിലേക്ക് പോയിട്ടുണ്ട്..” അഭി പറഞ്ഞു..

“അയ്യേ.. അതല്ല.. എനിക്ക് ഒന്നും വാങ്ങിയല്ലേ.. കഷ്ട്ടുണ്ട് ട്ടോ..” “നിനക്കല്ലാതെ പിന്നെ ആർക്ക് വാങ്ങാനാടി…. പിന്നെ ഒരു ഗുഡ് ന്യൂസ് കൂടി ഉണ്ട്…” അമ്മാളൂ പറഞ്ഞു.. “ഏഹ്.. ഗുഡ് ന്യൂസോ.. “അവൾ അമ്മാളൂന്റെ വയറിൽ കൈ വച്ചു… അമ്മാളൂ ആ കയ്യിലേക്ക് അടിച്ചു.. ” പോടി അതൊന്നുമല്ല.. സർപ്രൈസ് ആണ്.. പിന്നെ പറയാട്ടോ…” “ഭാഭി.. ” “പോയി റെഡി ആയി വാ.. നമ്മൾക്ക് ഒരുമിച്ചു പോകാം ക്ലാസ്സിന്… ഉം.. ” “ഉം.. ശരി..” അവൾ പോയപ്പോൾ എല്ലാരും ചന്ദ്രുന്റെ അടുത്തേക്ക് ചെന്നു… അവൻ ബാൽക്കണിയിൽ ആയിരുന്നു.. “എന്താ ചന്ദ്രു..നിന്നോട് ഞാൻ വിളിച്ചപ്പോൾ പറഞ്ഞതല്ലേ ക്ഷമ കാണിക്കാൻ..

നീ ഇങ്ങനെ തുടങ്ങിയാലോ.. ” “അതല്ല ..ഭാഭി.. അവളെ കണ്ട ശേഷം എനിക്ക് ഓരോ നിമിഷവും ..കഴിച്ചു കൂട്ടാൻ വയ്യ…. ഞാൻ മരിച്ചാലോന്ന് വരെ …” “ടാ…” അഭി അവനെ പിടിച്ചു വലിച്ചു.. “നീ എന്തൊക്കെയാ ചിന്തിക്കുന്നേ… നിന്നോട് മര്യാദക്ക് പറഞ്ഞതല്ലേ ക്ഷമ കാണിക്കാൻ.. പെട്ടെന്ന് നടക്കുന്ന കാര്യമല്ല എന്ന്… ഇപ്പോ കിടന്ന് കയ്യും കാലും ഇട്ടടിച്ചിട്ട് എന്താ കാര്യം… ” “ചന്ദ്രു നീ എന്താ കൊച്ചു കുഞ്ഞുങ്ങളെ പോലെ…. ചിന്തിച്ചു വേണം ഓരോന്നും ചെയ്യാൻ.. അങ്കിൾ അങ്ങനെ പ്രതികരിച്ചതിൽ എന്താ തെറ്റ്.. നമ്മുടെ ആർക്കെങ്കിലും ആണ് ഇങ്ങനെ വന്നതെങ്കിലോ.. നീ ആണ് ഇതിന് പിന്നിൽ എന്നറിഞ്ഞിട്ടും അങ്കിൾ നിയമപരമായി മുന്നോട്ട് പോകുന്നില്ല എന്നാ നന്ദുട്ടനോട് പറഞ്ഞത്…..

അത് തന്നെ നിന്റെ ഭാഗ്യം ആണെന്ന് കരുതിക്കോ… അദ്ദേഹം വിചാരിച്ചാൽ ഈ കുടുംബത്തിന്റെ അഭിമാനം പോലും വളരെ എളുപ്പം നശിപ്പിക്കാവുന്നതെ ഉള്ളൂ… അത് മറക്കണ്ടാ…” അമ്മാളൂ പറഞ്ഞു.. “നീ ചിന്തിച്ച പോലെ അവൾ അന്ന് ചിന്തിച്ചിരുന്നെങ്കിലോ.. ഇന്ന് മാപ്പ് പറയാൻ പോലും ആവാതെ പോയേനെ… നിന്റെയൊക്കെ ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി ഇതുപോലുള്ള ജീവിതങ്ങൾ ചവുട്ടി അരക്കുമ്പോൾ അവരെ കുറിച്ചോ അവരുടെ കുടുംബത്തെ കുറിച്ചോ നീയൊന്നും ഓർക്കാറില്ല… ” ആദി ദേഷ്യപ്പെട്ടു.. “ഇനഫ്‌ ആദി.. … നീ എന്താ പറഞ്ഞു വരുന്നത്.. ഞാൻ കുറെ പേരെ പ്രേമം പറഞ്ഞു ചതിച്ചു എന്നോ… ബാംഗ്ലൂര് പോലുള്ള മുംബൈ പോലുള്ള സ്ഥലത്ത് ഇതൊക്കെ ജസ്റ്റ് ടൈം പാസ്സ് ആണെന്ന് അറിഞ്ഞു വരുന്നവർ തന്നെയാണ്….

ഞാനല്ല അവരുടെ ഒന്നും ഫസ്റ്റും ലാസ്റ്റും പെയർ… ഞാൻ പോയാൽ വേറെ ഒന്ന്.. അത്രേ ഉള്ളൂ.. അങ്ങനെ ഉള്ളവരെ എന്റെ കൂടെ ഉണ്ടായിട്ടുള്ളൂ…എന്നും.. സൂസൻ പോലും… ഇതും അത് പോലെ ആണെന്നാണ് ആദ്യം കരുതിയത്…. എന്നും സായ് കൂടെ ഉണ്ടാവാറുണ്ട്… തെറ്റിദ്ധരിച്ചു പോയി.. അവനെ പരിചയപ്പെടുന്നത് വരെ… പിന്നെയാണ് മനസിലായത് അവരുടേത് ട്രൂ ഫ്രണ്ട്ഷിപ്പ് ആണെന്ന്.. അതൊക്കെ കൊണ്ട് തന്നെയാ ഒഴിഞ്ഞു മാറിയത്…ലേറ്റ് ആയിപ്പോയി… അവൾ സീരിയസ് ആയിരുന്നു എന്നോടുള്ള റിലേഷനിൽ … അപ്പോൾ എന്തോ അംഗീകരിക്കാൻ കഴിഞ്ഞില്ല… മൈ മിസ്റ്റേക്ക്… ഞാൻ ആരെയും തേടി പോയിട്ടില്ല.. സംഭവിച്ചു പോയതാണ്.. സായ് അവസാനം വന്ന് കണ്ടപ്പോൾ ആണ് അവളെ കുറിച്ച് കൂടുതൽ ചിന്തിച്ചത് പോലും…

അന്ന് ഒരുപക്ഷേ അവളുടെ കണ്ടിഷൻ അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവളെ ചെന്ന് കണ്ടേനെ… ഉപേക്ഷിക്കില്ലായിരുന്നു… അത്ര മനസാക്ഷി ഇല്ലാത്തവൻ ഒന്നുമല്ല ഞാൻ ആദി… ഇറ്റ്സ് മൈ ബേബി ടൂ… എനിക്ക് അതിൽ ഒരു കൺഫ്യൂഷനും ഇല്ല…. ഇറ്റ്സ് മൈൻ… ” അവൻ കരഞ്ഞു പോയിരുന്നു… “മതി.. കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.. മുന്നോട്ട് എന്ത് എന്ന് ആലോചിക്കാം…”അഭി അവനെ ചേർത്ത് പിടിച്ചു… “വൈകീട്ട് അഭിയേട്ടനും ഞാനും പോയി കണ്ടിട്ട് വരാം. അങ്കിളിനോട് വിളിച്ചിട്ട് വീട്ടിൽ നിൽക്കാൻ പറയാം…. അതിന് ശേഷം ആലോചിക്കാം.. ” അമ്മാളൂ പറഞ്ഞു.. “ഞാനും വരാം… “ചന്ദ്രു പറഞ്ഞു.. “ഇന്ന് വേണ്ട ചന്ദ്രു … വീണ്ടും പ്രശ്നം ആക്കണ്ടാ… ” അഭി അവനോട് പറഞ്ഞു.. “പ്ലീസ് ഭയ്യ..

ഞാൻ വണ്ടിയിൽ ഇരുന്നോളാ…” “ഉം..ശരി…” “എങ്കിൽ ഞങ്ങളെ ക്ലാസിന് കൊണ്ടു വിട്ടിട്ട് അഭിയേട്ടൻ ഓഫീസിൽ പോയാ മതി.. ഞാൻ വണ്ടി എടുക്കണ്ടല്ലോ… ” “നിങ്ങളെ ഞാൻ കൊണ്ടു വിടാം.. ” ആദി പറഞ്ഞു.. “അയ്യടാ.. സൊള്ളാൻ അല്ലേ… വേണ്ട കേട്ടോ.. ഞാൻ എന്റെ ചേട്ടന്റെ കൂടെയാ പോകുന്നേ… ചന്ദ്രു .. നീ ചെന്ന് റെഡി ആയി ഓഫീസിൽ പോ.. വൈകീട്ട് കാണാം.. ഉം.. ടെൻഷൻ ഒന്നും വേണ്ട.. എല്ലാം ശരിയാവും കേട്ടോ…” ************** അവർ കോളേജിൽ എത്തുമ്പോഴേക്കും മിത്തൂ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു… അവരെ കണ്ടതും വേഗത്തിൽ അവിടേക്ക് വന്നു… “ഹായ് ബ്രോ… എന്താ വൈകിയേ..” “ശ്രീയെ കൊണ്ട് വിടാൻ പോയി.. അതാ.. പിന്നെ ബ്രോ വിളി മാറ്റി ഭയ്യ എന്നാക്കാൻ സമയമായി കേട്ടോ.. ” അഭി പറഞ്ഞു… മിത്തൂ കാര്യം മനസ്സിലാവാതെ നിന്നു…

അമ്മാളൂ പുറത്തിറങ്ങി ചെന്ന് അവളെ കെട്ടിപിടിച്ചു… “രാജീവേട്ടനോട് സിദ്ധുട്ടൻ നിങ്ങളുടെ കാര്യം പറഞ്ഞു.. ആലോചിക്കട്ടെ എന്ന് പറഞ്ഞത്രേ… ” മിത്തൂ കേട്ടത് വിശ്വസിക്കാൻ ആവാതെ നിന്നു.. പക്ഷെ പെട്ടെന്ന് തന്നെ മുഖം മാറി.. “ആദിയേട്ടന്റെ അമ്മ…” “പറഞ്ഞില്ല.. ശരിയാക്കാം… അല്ലെ അഭിയേട്ടാ.. ” “അത്രേ ഉള്ളൂ.. ദേ നിക്കുന്നു തന്റെ അമ്മായിയമ്മയുടെ പെറ്റ്.. കാലത്ത് വന്നപ്പോ തന്നെ അംബികാമ്മ ഫ്ലാറ്റ് ആയില്ലേ എന്റെ കൊച്ചിന്റെ മുന്നിൽ…” “ഒന്ന് പോയേ അഭിയേട്ടാ.. വെറുതെ എന്നെ ഓരോന്ന് പറയാ.. ഇതും പറഞ്ഞോണ്ട് ചെന്നാൽ എന്നെ ആവും ആദ്യം അടിക്കുന്നേ.. ” “അപ്പോ ശരി ..വൈകീട്ട് വരാം.. നീ ക്ലാസ് കഴിഞ്ഞാൽ വിളിക്ക് ട്ടോ.. ” “ശരി.. ബൈ.. ” രണ്ടുപേരും വിശേഷങ്ങൾ ഒക്കെ പരസ്പരം പറഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് പോയി.. ***

അമ്മാളൂവും മിത്തുവും കാന്റീനിൽ ഒരു ഒഴിഞ്ഞ മേശയ്ക്കു ഇരുവശത്തുമായി ഇരിക്കുമ്പോഴാണ് ശ്രീഹരി അവിടേക്ക് വന്നത്… അവൻ അമ്മാളൂന്റെ അടുത്ത് വന്നിരുന്നു… “എന്താണ് ചേച്ചികുട്ടി.. കാണാനേ ഇല്ലല്ലോ..” “ഹാ.. നീയോ .. നാട്ടിൽ ഉണ്ടായില്ലെടാ… എന്തൊക്കെയാ വിശേഷം.. കരികുട്ടാ… ” “ദേ ചേച്ചി.. ചേച്ചി വിളിക്കുന്നത് കേട്ടാ ഈ തെണ്ടികൾ ഒക്കെ ഇപ്പോ അങ്ങനെ വിളിക്കുന്നത്.. എന്ത് കഷ്ട്ടാണ് ..ഇത്ര നല്ല പേര് ഈ കോലത്തിൽ ആക്കിയിട്ട്..” “അയ്യോ.. ആരാ.. നിന്നെ അങ്ങനെ വിളിച്ചത്.. ഇനി വിളിക്കുമ്പോൾ എന്നോട് പറ ഞാൻ ശരിയാക്കാം… ” “ഉം..പിന്നേ.. നടന്നത് തന്നെ.. അല്ല ചേച്ചി എവിടെ പോയതാ… ഹണി മൂണാ… ” അപ്പോഴാണ് അവരുടെ അടുത്തേക്ക് റോഷൻ വന്നത്…

അവൻ മിത്തൂന്റെ അടുത്തിരുന്നു.. “ഹായ്. അമ്മാളൂ.. തന്നെ കാണാനേ ഇല്ലല്ലോ…” “ആ.. റോഷൻ ചേട്ടാ.. ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല അതാ… ” “ആണോ… ” “അതിന് റോഷൻ ചേട്ടൻ എത്ര നാളായി കോളേജിൽ വന്നിട്ട്.. നീ അറിഞ്ഞില്ലേ..ചേട്ടന് ഒരു തമിഴ് മൂവിയിൽ പാടാൻ ചാൻസ് കിട്ടി… ” മിത്തൂ പറഞ്ഞു.. “ആണോ.. എന്നിട്ട് എന്തായി.. പാടിയോ.. ” “ആഹ്.. കഴിഞ്ഞു…അതിന് പോയതായിരുന്നു.. ചെന്നൈയിൽ… ” “ചെന്നൈയിലോ..ഞാനും അവിടെ ഉണ്ടായിരുന്നു.. ശ്ശോ..അറിഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ റെക്കോഡിങ് കാണാൻ.. ” “ചേട്ടാ ചിലവുണ്ടേ.. ” ഹരി പറഞ്ഞു.. “ആയിക്കോട്ടെ.. എന്താ വച്ചാൽ വാങ്ങിക്കോ.. ” “ഇപ്പോഴോ.. അത് നന്നായി.. എനിക്ക് ബിരിയാണി മതി.. ” മിത്തൂ ചാടി കേറി പറഞ്ഞു..

“അമ്മാളൂന് എന്താ വേണ്ടത്… ” “എന്തായാലും മതി ചേട്ടാ.. ” “എങ്കിൽ എല്ലാർക്കും ബിരിയാണി പറയാം അല്ലേ…. ടാ..കരികുട്ടാ വാടാ.. വാങ്ങിയിട്ട് വരാം.. ” റോഷൻ ഹരിയെയും കൂട്ടി ഓർഡർ ചെയ്യാൻ പോയി… “ടി..ഇന്നെടുത്തത് ഒന്നും എനിക്ക് മനസ്സിലായില്ല എന്നെ ഹെൽപ്പ് ചെയ്യണേ നോട്സ് എഴുതാൻ.. ” അമ്മാളൂ പറഞ്ഞതൊന്നും മിത്തൂ കേട്ടില്ല… “ടി പോത്തെ..നീ എന്താ ആലോചിക്കുന്നേ..” “ഒന്നുല്ല.. നീ റോഷൻ ചേട്ടനെ ശ്രദ്ധിച്ചോ.. ഒരു നിരാശ കാമുക ഭാവമില്ലേ നിന്നെ കാണുമ്പോൾ.. ” “പോടി..ഓരോന്ന് അവളിനി ഉണ്ടാക്കും..നീ എന്തേലും പറഞ്ഞാ കണക്കാ… “ഞാൻ കണ്ടത് പറഞ്ഞതാ…” ” മിണ്ടതിരിക്ക് അവര് വരുന്നുണ്ട്… ” റോഷനും ഹരിയും രണ്ട് കയ്യിലും ബിരിയാണിയും ആയി വന്നു..

ഇത്തവണ റോഷൻ അമ്മാളൂന്റെ അടുത്തായി ഇരുന്നു… അവർ പാട്ടിനെ കുറിച്ചൊക്കെ സംസാരിച്ച് കൊണ്ട് ഭക്ഷണം കഴിച്ചു.. ഹരി കഴിച്ചു കഴിഞ്ഞ് നോക്കുമ്പോൾ റോഷനും കഴിഞ്ഞിരുന്നു.. “ചേട്ടാ.. വാ നമ്മൾക്ക് കഴുകി വരാം.. അവർ പതുക്കെ കഴിക്കട്ടെ.. അല്ലെ ചേച്ചി..” “ശരിയാ.. നിങ്ങൾ എഴുന്നേറ്റോ.. ” മിത്തൂവും പറഞ്ഞു.. “ശരി എന്ന ഞാൻ കഴുകിയിട്ട് പേ ചെയ്തിട്ട് വരാം.. ” അവർ കഴുകാനായി പോയി “ഞാൻ പറഞ്ഞത് സത്യമാണ്.. നേരത്തെ ഇവിടെ ഇരുന്നാള് ഇപ്പൊ എന്തിന് മാറിയിരുന്നു.. ” “മിത്തൂ.. ചുമ്മാ ഇരിക്ക്.. പഴയ പോലെ അല്ല.. ഇനി പറയുന്നത് എന്റെ അഭിയേട്ടനെ കൂടിയാ ബാധിക്കുക പറഞ്ഞേക്കാം.. ”

“ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു.. ഓക്കേ ലീവ് ഇറ്റ്… ” അപ്പോഴാണ് റോഷൻ വച്ചു മറന്ന ഫോൺ വൈബ്രേഷൻ മോഡിൽ അടിച്ചു കൊണ്ടിരുന്നത് … “റോഷൻ ചേട്ടന്റെ ഫോണാണ്.. ചേട്ടൻ കൗണ്ടറിലാണ്.. വാ കൊടുത്തിട്ട് കൈ കഴുകാം.. ” അമ്മാളൂ അതെടുത്ത് നടന്നു.. അപ്പോഴേക്കും കോൾ കട്ട് ആയി…. അമ്മാളൂ വെറുതെ സ്ക്രീനിലേക്ക് ഒന്ന് നോക്കി… അവൾ ഒന്ന് ഞെട്ടി രണ്ട് നിമിഷം നിന്നു.. അപ്പോഴേക്കും റോഷൻ അവരുടെ അടുത്തേക്ക് വന്നു.. അവൾ യാന്ത്രികമായി ഫോൺ അവന് നേരെ നീട്ടി.. കൈ കഴുകാൻ പോയി…..തുടരും

സിദ്ധാഭിഷേകം : ഭാഗം 54

Share this story