അത്രമേൽ: ഭാഗം 25 – അവസാനിച്ചു..

അത്രമേൽ: ഭാഗം 25 – അവസാനിച്ചു..

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“എങ്കിൽ പിന്നെ ഞങ്ങൾ പോയേച്ചും വരാം…” എല്ലാവരോടും യാത്ര ചോദിച്ചു ജോജിയും സ്നേഹയും അവിടെ നിന്ന് ഇറങ്ങി… ജോജിയുടെ കണ്ണുകൾ ഇടയ്ക്ക് ഗോപുവിനെ തേടുന്നുണ്ടായിരുന്നു… “അല്ല ഗോപികയെ കണ്ടില്ലല്ലോ?…” കുഞ്ഞുണ്ണിയെയും കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി നിൽക്കുന്ന ദർശനോടായി അവൻ ചോദിച്ചു… ഗോപുവിന്റെ അസാനിധ്യം അപ്പോഴാണ് മറ്റുള്ളവരും തിരിച്ചറിഞ്ഞത്… “ഗൗരിചേച്ചി ഗോപു എവിടെ?” “ഗോപുവിന് തലവേദനയാണെന്ന് പറഞ്ഞു… കിടക്കുവായിരിക്കും… വിളിക്കണോ?” “ഏയ്…. സുഖമില്ലെങ്കിൽ റസ്റ്റ്‌ എടുക്കട്ടെ ദർശാ… വിളിക്കണ്ട….

താൻ പറഞ്ഞാൽ മതി…” ദർശനോടായി പറഞ്ഞു ജോജി സ്നേഹയെ ചേർത്തു പിടിച്ചു….കോ ഡ്രൈവർ സീറ്റിലേക്ക് കൊണ്ടിരുത്തി… ഒന്നു കൂടി യാത്ര ചോദിക്കുന്നത് പോലെ എല്ലാവരോടുമായി കൈവീശി കാണിച്ചു…തിരിച്ചു പോവുമ്പോൾ കാറിന്റെ സൈഡ് മിററിലൂടെ ഉമ്മറത്തേക്ക് കണ്ണുകൾ പാഞ്ഞു…..കുഞ്ഞുണ്ണിയെ തോളിലേക്ക് കിടത്തി പതിയെ തട്ടിക്കൊടുക്കുന്ന ദർശനെ ഒരുനോക്ക് കണ്ടു…. ആ കാഴ്ച മനസ്സിലേക്ക് ആവോളം ആവാഹിച്ചു ഒപ്പം അവന്റെ ചുണ്ടിൽ ഒരു നേരിയ ചിരി വിരിഞ്ഞു… അത്രയും നേർത്ത ഒരു കുഞ്ഞു പുഞ്ചിരി… ❤❤❤❤❤

നെറ്റിയിൽ സുഖമുള്ളൊരു ചൂട് അനുഭവപ്പെടുന്നതറിഞ്ഞാണ് ഗോപു പതിയെ കണ്ണ് തുറന്നത്… കട്ടിലിൽ തനിക്കടുത്തായി ഇരിക്കുന്ന ദർശനെ കണ്ട് പെട്ടെന്ന് എഴുന്നേറ്റിരുന്നു…തന്റെ മുഖത്താകെ പാഞ്ഞു നടക്കുന്ന അവന്റെ നോട്ടത്തിൽ അവളുടെ തല പതിയെ താഴ്ന്നു… “നീ കരഞ്ഞോ?” സംശയത്തോടെയുള്ള അവന്റെ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി നൽകാൻ കഴിയാതെ അവൾ പതറി… “അ… അത്… തലവേദന സഹിക്കാൻ കഴിയാതെ…” “മ്മ്മ്…” വിശ്വാസം വരാത്തത് പോലെ അവനൊന്ന് മൂളി…അവളുടെ കൺപോളകൾ പിളർത്തി പരിശോധിച്ചു…ചൂടറിയാൻ കഴുത്തിലും കൈകളിലും പിടിച്ചു നോക്കി… “പനിയൊന്നും ഇല്ല….ടാബ്ലറ്റ് വല്ലതും വേണോ…?”

“ഏയ് വേണ്ടാ….ഇത്തിരി കിടന്നാൽ മാറും…” പറയുമ്പോൾ അവളുടെ ശബ്ദം ഇടറി… കുറ്റബോധം മനസിനെ തളർത്തി…സ്നേഹം കൊണ്ടവൻ വീണ്ടും വീണ്ടും തോൽപ്പിക്കുന്നു എന്ന് തോന്നി…എന്തൊക്കെയോ പറയണമെന്ന് തോന്നി….കരഞ്ഞു വീങ്ങിയ അവളുടെ കണ്ണുകളിലും,ചുവന്ന മൂക്കിൻ തുമ്പിലും,വിറയ്ക്കുന്ന ചുണ്ടുകളിലും അവന്റെ നോട്ടം തങ്ങിക്കിടന്നു… ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാനും വിഷമങ്ങൾ ചോദിച്ചറിയാനും മനസ് വെമ്പി… ഒരുവേള താനാകുമോ അവളുടെ വിഷമത്തിന്റെ കാരണം എന്ന് പോലും ചിന്ത പോയപ്പോൾ അവന്റെ ഉള്ളം വിങ്ങി…

സ്നേഹപൂർവ്വം തന്നെയുഴിയുന്ന അവന്റെ കണ്ണുകളെ നേരിടാൻ ശേഷിയില്ലാതെ അവളും മിഴികൾ താഴ്ത്തി… “മോനെവിടെ…?” വിഷയം മാറ്റാനെന്ന പോലെ അവളുടെ ചോദ്യമെത്തി.. “അവൻ ഉറങ്ങി…. നേരത്തെ ഉറങ്ങിയില്ലല്ലോ അതാവും…എന്റെ മുറിയിലുണ്ട് ഇങ്ങോട്ട് കൊണ്ടു വരണോ?” “വേണ്ടാ…അവിടെ കിടന്നോട്ടെ…” വീണ്ടും ഇരുവർക്കുമിടയിൽ മൗനം തളംകെട്ടി…പരസ്പരം പറഞ്ഞു തീർക്കാനുള്ളതൊക്കെ മനസ്സിൽ തന്നെ കുരുങ്ങിക്കിടന്നു…ഇത്തിരി നേരം കൂടി അവൾക്കരികിൽ ഇരുന്ന് ദർശൻ പതിയെ എഴുന്നേറ്റു… മുറിവിട്ടിറങ്ങാൻ നേരം അപ്രതീക്ഷിതമായി അവളുടെ വിളിയെത്തി..

“ദർശേട്ടാ….?” പിൻവിളിയുടെ ഉദ്ദേശം മനസിലാവാതെ അവനും തിരിഞ്ഞു നോക്കി… “നാളെ എന്നെ വീട് വരെ ഒന്ന് കൊണ്ടു പോകാമോ?” പ്രതീക്ഷയോടെയുള്ള ചോദ്യത്തിന് സമ്മതമെന്നോണം അവനും മൂളി… വാതിൽ ചാരും നേരം തിരിഞ്ഞു നോക്കി…തന്നെത്തന്നെ നോക്കുന്ന പെണ്ണിന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി… സ്നേഹത്തിന്റെ ഒരിറ്റ് കണികയ്ക്കായി നോക്കി…അവഗണനയുടെ അളവിൽ കുറവുണ്ടോയെന്ന് നോക്കി… നോട്ടങ്ങൾ തമ്മിലിടഞ്ഞപ്പോൾ പെണ്ണിൽ കണ്ട നേർത്ത പുഞ്ചിരി അവന്റെയുള്ളിലെ വിഷമങ്ങൾ ഇത്തിരി നീക്കി…പ്രതീക്ഷയോടെ ഒന്ന് കൂടി തിരിഞ്ഞു നോക്കി അവൻ തിരികെ നടന്നു… ❤❤❤❤❤

“കുഞ്ഞിനെ കൊണ്ടു പോണോ മോളേ…. നല്ല കാറുണ്ട്… മഴക്കോള് കാണാനുണ്ട്…തണുത്ത കാറ്റും…” മുറ്റത്തേക്കിറങ്ങി നിന്ന് മുകളിലോട്ട് കണ്ണ് കൂർപ്പിച്ചു നോക്കി അയാൾ പറഞ്ഞു… “ഇല്ല അമ്മാമ്മേ ഞങ്ങൾ പോയിട്ട് വരാം…ചിലപ്പോൾ അമ്പലത്തിൽ കൂടി പോകും…അവൻ ഗൗരി ചേച്ചിടെ അടുത്തുണ്ട്…ഞങ്ങൾ പോകുന്നത് കണ്ടാൽ ചിലപ്പോൾ കരയും…പെട്ടെന്ന് തിരിച്ചു വന്നേക്കാം…” പുറത്തേക്കിറങ്ങി വന്ന ദർശനെ നോക്കിയാണവൾ പറഞ്ഞത്… ചിരിയോടെ തന്നെത്തന്നെ നോക്കുന്നവളെ കാര്യമെന്താണെന്ന് അവൻ പുരികം പൊക്കി ചോദിച്ചു…ഒന്നുമില്ലെന്ന് അവളും ചുമൽ കൂച്ചി… ❤❤❤❤❤

വളരെ നാളുകൾക്ക് ശേഷം വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഗോപു… പണ്ടെങ്ങോ കണ്ടു മറന്ന എന്തൊക്കെയോ ശബ്ദചിത്രങ്ങൾ മനസിലേക്ക് കടന്നു വന്നു…ആൾതാമസമില്ലാത്തത്തിന്റെ ലക്ഷണങ്ങളൊക്കെ വീട്ടിൽ കണ്ടിരുന്നു… തൂക്കാത്ത മുറ്റത്ത് നിറയെ കരിയിലകൾ നിറഞ്ഞിരുന്നു….തുറസ്സായ വരാന്തയിലാകെ പൊടിയും മാറാലയും സ്ഥാനം പിടിച്ചിരുന്നു…പറമ്പാകെ പുല്ലും വള്ളിപ്പടർപ്പും കാട്ടുചെടികളും കൊണ്ട് പച്ചവിരിച്ചിരുന്നു… വൃത്തിയാക്കിയിട്ട് അകത്തേക്ക് കയറിയാൽ മതിയെന്ന ദർശന്റെ അഭിപ്രായത്തിൽ അവൾ പുറത്തു കൂടെ നടന്നു മാത്രം ആ വീടിനെ ഒന്നാകെ നോക്കിക്കണ്ടു…

ഇടയ്ക്കെപ്പോഴോ തേക്കെത്തൊടിയിലെ അസ്ഥിത്തറയിലേക്ക് നോട്ടം ചെന്നു…പഴയ രണ്ടെണ്ണത്തിനൊപ്പം പുതിയതൊന്നു കൂടി സ്ഥാനം പിടിച്ചിരുന്നു… അങ്ങോട്ടേക്കടുക്കും തോറും എവിടെ നിന്നോ ഒരു പെണ്ണിന്റെ കരച്ചിൽ കേൾക്കുന്നതായി തോന്നി…”അച്ഛാ… അമ്മേ… ” എന്നും വിളിച്ചവൾ എന്തൊക്കെയോ സങ്കടങ്ങൾ പറയുന്നതായി തോന്നി…അങ്ങോട്ടേക്ക് ചെന്ന് വെറും നിലത്ത് മുട്ടുകുത്തിയിരുന്നു…എണ്ണ വറ്റി കരിപ്പിടിച്ച ചിരാതുകളിൽ കണ്ണുടക്കിയപ്പോൾ എന്തോ പ്രതീക്ഷിച്ചെന്നപോൽ എവിടെയാകെ പരതി… മഴ നനയാതെ ഒരരികിലായി മാറ്റി വയ്ച്ച തിരിയിലും എണ്ണക്കുപ്പിയിലും തീപ്പെട്ടിയിലും കണ്ണുടക്കി…

ഇത്തിരി എണ്ണ ഒഴിച്ച് തിരി നനച്ചെടുത്ത് കത്തിച്ചു…കൈ കൂപ്പി കണ്ണുകളടച്ചു പ്രാർത്ഥിച്ചിരിക്കുമ്പോൾ വീണ്ടും ആ പെൺകുട്ടിയെ മനസ്സിൽ കണ്ടു…ആ വീട്ടിൽ എവിടെയൊക്കെയോ അവളുടെ കളിചിരികൾ ഉയർന്നു കേട്ടു…ഉച്ചത്തിലുള്ള സംസാരങ്ങൾ ഉയർന്നു കേട്ടു…പതിയെ അവയൊക്കെ അടക്കിപ്പിടിച്ചുള്ള തേങ്ങലുകളിലേക്ക് വഴിമാറി…ഒരോ നിമിഷം കഴിയും തോറും ആർത്തലച്ചവൾ കരയുന്നുണ്ടായിരുന്നു… ഉമ്മറപ്പടിയിലും അടുക്കളപ്പുറത്തും അകത്തെ മുറിയിലെ ജനാലഴികൾക്കടുത്തും അവളുണ്ടെന്ന് തോന്നി… പെട്ടെന്നൊരോർമയിൽ വേഗത്തിൽ കണ്ണ് തുറന്നവൾ തിരിഞ്ഞു നോക്കി…

അടുത്തായി കണ്ണടച്ചു കൈ കൂപ്പി പ്രാർത്തിക്കുന്ന ദർശനെ കണ്ടപ്പോൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വയ്ച്ചു നിശ്വസിച്ചു…അവന്റെ മുഖത്തേക്ക് തന്നെ ഇത്തിരി നോക്കിയിരുന്നപ്പോൾ ആള് തന്റെ അച്ഛനുമമ്മയുമായി കാര്യമായെന്തോ ചർച്ചയിലാണെന്ന് തോന്നി…പരിഭവം പറയുവാകും… മനസിലോർത്തവൾ പുഞ്ചിരിച്ചു…പതിയെ എഴുന്നേറ്റ് അസ്ഥിതറയിലായി വീണു കിടക്കുന്ന കരിയിലകൾ പെറുക്കി കളഞ്ഞു…ഇടയ്ക്കെപ്പോഴോ വർഷയെ ഓർമ വന്നു… ചെറിയമ്മയുടെ മുറിയിലേ ചുവരിലായി കണ്ട ഫോട്ടോ ഓർമ വന്നു…

കാറ്റിൽ അണയാൻ പോകുന്ന തിരിനാളം കണ്ണിലുടക്കിയപ്പോൾ കൈ നീട്ടി മറച്ചു പിടിച്ചു… അതിനും മുൻപേ ദർശന്റെ കൈ കൂടി അവൾക്കൊത്തു നീണ്ടു വന്നിരുന്നു…കൈകളോടൊപ്പം കണ്ണുകളും തമ്മിലുടക്കി… പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ ദർശൻ കൈ പിൻവലിച്ചു… കൈ കൂപ്പി നിന്ന് പ്രാർത്ഥിക്കുന്ന ഗോപുവിനെ തന്നെ നോക്കി മാറി നിന്നു… “വർഷേച്ചി….ദർശേട്ടനെ എനിക്ക് തന്നൂടെ…?” പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ടവൻ വിശ്വാസം വരാതെ അവളെ തന്നെ ഉറ്റുനോക്കി… “എത്രയെന്നു വയ്ച്ചാ ആ സ്നേഹം ഞാൻ കണ്ടില്ലെന്ന് നടിക്കുന്നത്…തോറ്റു പോവുകാ ഞാൻ പലപ്പോഴും…

എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ…സ്നേഹിച്ചു പോയി…ഇനി വിട്ടുകളയാൻ പറ്റില്ലെനിക്ക്…” പറഞ്ഞു കഴിഞ്ഞവൾ വിതുമ്പി കരഞ്ഞു…നിറകണ്ണുകളോടെ നിൽക്കുന്നവനെ തിരിഞ്ഞു നോക്കി… “സ്വീകരിക്കില്ലേ ന്നെ…?” കണ്ണുനിറച്ചവൾ പ്രതീക്ഷയോടെ ചോദിച്ചു…കേൾക്കേണ്ട താമസം കാറ്റുപോലെ വന്നവൻ അവളെ ഇറുകെ പുണർന്നു… മിഴിനീരിനിടയിലും ഇരുമുഖങ്ങളിലും പുഞ്ചിരി തെളിഞ്ഞു…സങ്കടങ്ങൾ കണ്ണുനീരിൽ കലാശിച്ചു….പരിഭവങ്ങൾ ചുംബനങ്ങൾക്ക് വഴിമാറി…മനസുകൊണ്ടും ശരീരം കൊണ്ടും ഇനിയൊരകൽച്ചയില്ലെന്ന പോലെ പരസ്പരം ചേർന്നു നിന്നു…

അനുഗ്രഹമെന്ന പോൽ ഇത്തിരിയായി മഴ പൊടിഞ്ഞു…കാത്തിരിപ്പിന്റെ അവസാനമറിയിച്ചു കൊണ്ട് ഒരു ചെറുകാറ്റ് അവരെ തഴുകിത്തലോടി പോയി… ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഇരുവരും മൗനമായിരുന്നു… നോട്ടങ്ങൾ കൊണ്ടും പുഞ്ചിരികൊണ്ടും നിശ്വാസങ്ങൾ കൊണ്ടും വാചാലമായ മൗനം…പുറത്ത് ചിണുങ്ങി പെയ്യുന്ന മഴയിലേക്ക് നോക്കിയവൾ പുഞ്ചിരിച്ചു…ഇടയ്ക്ക് തന്റെ നേരെയെത്തുന്ന അവന്റെ നോട്ടങ്ങളെ കാണാതെ തന്നെ തിരിച്ചറിഞ്ഞു…വണ്ടിയിൽ ഉയർന്നുകേട്ട പ്രണയഗാനത്തിന്റെ വരികളിൽ ഇരുവരുടെയും മനസ് തങ്ങി നിന്നു… ❤❤

“ഗൗരി…അവരെത്തി….പെട്ടെന്ന് വന്നോളൂ…” ദർശന്റെ വണ്ടി മുറ്റത്തേക്കെത്തിയതും അകത്തേക്ക് നോക്കി സുധാകരൻ വിളിച്ചു പറഞ്ഞു….അത് മുഴുമിപ്പിക്കും മുൻപേ തന്നെ ഗൗരി ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുമായി അകത്തു നിന്ന് ഇറങ്ങി വന്നു… ഗോപുവും ദർശനും കാറിൽ നിന്ന് ഇറങ്ങിയതും സുധാകരൻ വീൽചെയറിലിരുന്ന സരസ്വതിയെ താങ്ങിപ്പിടിച്ചെഴുന്നേൽപ്പിച്ചു…കയ്യിലുള്ള തുളസിമാല ദർശനെ ഏൽപ്പിച്ചു സരസ്വതിയുടെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഗോപു വിളക്ക് ഏറ്റു വാങ്ങി…വലതു കാൽ വയ്ച്ചു ആ വീടിന്റെ മരുമകളായി ഒരിക്കൽ കൂടി പടികൾ കയറുമ്പോൾ വിളക്കിന്റെ തിരിനാളത്തിൽ അവളുടെ കഴുത്തിൽ കിടക്കുന്ന മഞ്ഞചരടിൽ കോർത്ത താലി വളരെ ശോഭയോടെ തിളങ്ങുന്നുണ്ടായിരുന്നു…

പലരുടെയും കണ്ണുകളിൽ നീർത്തിളക്കവും ചുണ്ടിൽ പുഞ്ചിരിയും ചേക്കേറി… ലക്ഷ്മിയുടെ ഒക്കത്തിരുന്ന കുഞ്ഞുണ്ണിയുടെ ചുണ്ടിലും ഉണ്ടായിരുന്നു ആരെയും മയക്കുന്ന ഒരു പാൽ പുഞ്ചിരി… വിളിക്കുമായി വീടിനകത്തേക്ക് പോയ ഗോപുവിലായിരുന്നു എല്ലാവരുടെയും നോട്ടം…ഇടയ്ക്കെപ്പോഴോ ഇത്തിരി നിന്ന ക്ഷീണത്തിൽ സരസ്വതിയുടെ കാലുകൾ തളർന്നു… അടി പതറി… വീൽചെയറിലേക്ക് തിരികെ ഇരിക്കും മുൻപേ സുധാകരന്റെ പിടിയിലൊതുങ്ങാതെ അവർ വീഴാനാഞ്ഞു… “അമ്മേ….” വീഴുന്നതിന് മുൻപേ ദർശന്റെ കൈകൾ അവരെ താങ്ങി നിർത്തി…

“ഈ വയ്യാത്ത കാലും വയ്ച്ചു എന്തിനാ ഇതൊക്കെ ചെയ്യാൻ വന്നേ…” ശ്വാസനയോടെ പറഞ്ഞവൻ അമ്മയെ പൊതിഞ്ഞു പിടിച്ചു… “നീയെന്നെ അമ്മേ എന്ന് വിളിച്ചിട്ട് എത്രകാലായി എന്നറിയോ മോനെ……. പൊറുത്തൂടെ നിനക്കെന്നോട്… സഹിക്കാൻ പറ്റണില്ല നിക്ക്… ചങ്ക് പൊട്ടി ഞാൻ ചത്തു പോവും…” പൊട്ടികരഞ്ഞവർ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു…അമർത്തി ചുംബിച്ചു…. ഇടയ്ക്കെപ്പോഴോ അവനും കരഞ്ഞു പോയി… ഒപ്പം കണ്ടു നിന്ന മറ്റുള്ളവരും… “ഞാൻ പറഞ്ഞതാ ഇവളോട് ഇങ്ങനെ സാഹസൊന്നും വേണ്ടെന്ന്… ഇവിടെ ഇതൊക്കെ ചെയ്യാൻ വേറേ ആൾക്കാരുണ്ടെന്നു… കേൾക്കണ്ടേ… പ്രായശ്ചിത്തം ആണത്രേ…” തോളിലുള്ള തോർത്തിൽ കണ്ണീരൊപ്പിക്കൊണ്ട് സുധാകരൻ പറഞ്ഞു…

സരസ്വതിയ്ക്കിരിക്കാനായി വീൽചെയർ നീക്കിയിട്ടു കൊടുത്തു…എന്നാൽ അതിനും മുൻപേ കയ്യിലുള്ള മാല വീൽചെയറിലേക്ക് വലിച്ചിട്ട് ദർശൻ തന്റെ അമ്മയെ കൈകളിൽ കോരിയെടുത്തു…അകത്തേ മുറിയിലെ കട്ടിലിലേക്ക് പതിയെ കൊണ്ടുചെന്ന് കിടത്തുമ്പോളും ചെയ്ത തെറ്റുകളോർത്ത് അവർ ആർത്തലച്ചു കരയുന്നുണ്ടായിരുന്നു… ഇത്തിരി സമയം അമ്മയ്ക്കും മകനുമായി മറ്റെല്ലാവരും ഒഴിഞ്ഞു കൊടുത്തു… സങ്കടങ്ങളുടെയും…. പരിഭവങ്ങളുടെയും … പരാതികളുടെയും… മാപ്പപേക്ഷകളുടെയും കെട്ടഴിച്ചു… എല്ലാം പറഞ്ഞവസാനിപ്പിച്ചു അമ്മയും മകനും ഒന്നിച്ചു…

ഒപ്പം അടുത്ത മുറിയിലൊരു അമ്മയും മകനും കൂടി പരാതികളും പരിഭവങ്ങളും പറഞ്ഞു തീർക്കുന്നുണ്ടായിരുന്നു…ഗോപുവിന്റെ കഴുത്തിലെ താലിയിൽ വിരൽകോർത്തു വലിച്ചവൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണഞ്ഞു…ഇടയ്ക്കിടെ സാരിക്കിടയിലൂടെ ഒളിഞ്ഞു നോക്കി തന്നെ കൂട്ടാതെ യാത്രപോയതിലുള്ള പരാതികൾ അവന്റെ ഭാഷയിൽ എണ്ണിപ്പറഞ്ഞു…നീട്ടിപ്പിടിച്ച കുഞ്ഞിക്കയ്യിൽ അമ്മയുടെ സ്നേഹചുംബനമേറ്റപ്പോൾ പാൽപല്ലുകൾ മുളച്ചു പൊന്തുന്ന മോണകാട്ടി പൊട്ടിച്ചിരിച്ചു… ❤❤

“ഇതെന്താ പുതിയ ഒരോ ആചാരങ്ങൾ…?” ഗോപുവിന്റെ മുഖത്തെക്കും കയ്യിലെ പാൽ ഗ്ലാസിലേക്കും മാറി മാറി നോക്കി ദർശൻ ചോദിച്ചു…അവന്റെ ചോദ്യം കേട്ട് കയ്യിലുള്ള പാവയെ കട്ടിലിലേക്കിട്ട് കുഞ്ഞുണ്ണിയും തലയുയർത്തി നോക്കി… “അത്… അത്… ഗൗരി ചേച്ചി തന്നതാ…ഇതൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതാ… കേൾക്കണ്ടേ…” ദർശനോട് വിശദീകരിക്കുമ്പോൾ ഗോപുവിന് വല്ലാത്ത ജാള്യത തോന്നി…ഉത്തരമായി ദർശൻ കുറുമ്പൊടെ ഒന്നു ചിരിച്ചു…ഇത്തിരി നേരം പരുങ്ങിയവൾ മുറിയടച്ചു കൊളുത്തിട്ട് കട്ടിലിൽ അച്ഛന്റെയും മകന്റെയും അടുത്തായി വന്നിരുന്നു…

പാൽ ഗ്ലാസ്‌ കയ്യിൽ പിടിച്ച് വിറച്ചിരിക്കുന്ന ഗോപുവിനെ കണ്ടപ്പോൾ ദർശനു വല്ലാതെ ചിരി വന്നു…അവളിൽ നിന്നതേറ്റു വാങ്ങി അവൻ ആദ്യം തന്നെ കുഞ്ഞുണ്ണിക്ക് ഇത്തിരി മൊത്തിച്ചു കൊടുത്തു…മധുരമുള്ള പാലിൽ ഇത്തിരി നുണഞ്ഞവൻ അച്ഛനെയും അമ്മയെയും നോക്കി ചിരിച്ചു…ഒരു കവിൾ ദർശൻ കൂടി കുടിച്ച ശേഷം ബാക്കി ഗോപുവിന് നേരെ വയ്ച്ചു നീട്ടി…പാലിന്റെ ഏറ്റവും മധുരമുള്ള ഭാഗം കുടിച്ചിറക്കുമ്പോൾ അവളുടെ വയറും മനസും ഒരുപോലെ നിറയുന്നതായി തോന്നി…ഗ്ലാസ് മാറ്റി വയ്ച്ചു വെളിച്ചമണച്ചു തിരികെ വന്നവൾ ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കുഞ്ഞുണ്ണിയെ നെഞ്ചിൽ കിടത്തിയുറക്കുന്ന ദർശനെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു…

പെട്ടന്ന് തോന്നിയ കുസൃതിയിൽ അവന്റെ കയ്ക്കിടയിലൂടെ നൂണ്ടുകയറിയവൾ ആ തോളിലേക്ക് തല ചായ്ച്ചു കിടന്നു…അവനും ചിരിയോടെ അവളെ തന്നോട് ചേർത്തു പിടിച്ചു…പിന്നെയും അവർക്കിടയിൽ മൗനം കടന്നുവന്നു…പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ഭാഷ… മൗനം… “വർഷേച്ചിയുടെ മരണം മുൻപേ അറിഞ്ഞിരുന്നെങ്കിൽ ദർശേട്ടൻ എന്ത് ചെയ്യുമായിരുന്നു?” ഏറെ കഴിഞ്ഞുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ കണ്ണുതുറന്നവൻ തല ചെരിച്ചു നോക്കി…ഉത്തരത്തിനായി ഇത്തിരി ആലോചിച്ചു… “അറിയില്ല… ഇവിടുന്ന് നിന്നെ കൊണ്ടു പോകുമ്പോൾ എല്ലാവരോടും എനിക്ക് വല്ലാത്ത വാശിയായിരുന്നു…

ദേഷ്യമായിരുന്നു…അതുകൊണ്ടാണ് സാഹസമാണെന്നറിഞ്ഞിട്ടും ഇറങ്ങിപ്പുറപ്പെട്ടത്…ഇടയ്ക്കെപ്പോഴോ തിരിച്ചു വരേണ്ടെന്ന് തോന്നിയിരുന്നു… പക്ഷേ നമ്മുടെ കുഞ്ഞു വന്നപ്പോൾ ഞാൻ ആദ്യം ഓർത്തത് അച്ഛനെയും അമ്മയെയും തന്നെയാണ്..എന്റെ സന്തോഷം അവരുമായി പങ്കുവയ്ക്കണമെന്ന് തോന്നി…. അവരെ കുറച്ചെങ്കിലും മനസിലാക്കാൻ അതേ സ്ഥാനത്തു ഞാനും എത്തെണ്ടി വന്നു…” വീണ്ടും മൗനം…. “പിന്നെയുണ്ടല്ലോ ഗോപു…….” “മ്മ്മ്?” അവന്റെ വാക്കുകൾക്കായി അവൾ കാതോർത്തു… “ദർശേട്ടൻ വേണ്ടാ…. നീയെന്നെ ദചേട്ടൻ എന്ന് വിളിക്കുന്നതാ എനിക്ക് കൂടുതലിഷ്ടം…”

“പഴയ ഗോപുവിനെ മിസ്സ്‌ ചെയ്യുന്നുണ്ടോ… ഞാൻ വേണ്ടെന്ന് പറഞ്ഞപ്പോൾ എന്നെ ചികിൽസിക്കണ്ടായിരുന്നു എന്ന് തോന്നിയോ…” അവളിലുള്ള അവന്റെ കൈകൾ ഒരുനിമിഷം അയഞ്ഞു…ഇടയ്ക്കെപ്പോഴോ അവളുടെ നെറ്റിയിൽ കണ്ണുനീരിന്റെ നനവറിഞ്ഞു… “നീ എന്നെക്കുറിച്ച് അങ്ങനെയാണോ കരുതിയത്… നിന്റെ സ്ഥാനത്തു ആരായിരുന്നാലും അങ്ങനെയേ പെരുമാറുള്ളൂ എന്നെനിക്കറിയാമായിരുന്നു…പ്രതീക്ഷയോടെ കാത്തിരുന്നതും ആ തിരിച്ചറിവിലാണ്… അങ്ങനൊരു തീരുമാനം ഞാൻ പ്രതീക്ഷിച്ചു….. ഇങ്ങനൊക്കെ സംഭവിച്ചില്ലെങ്കിലും നിന്നെ ചികിൽസിക്കുമായിരുന്നു… അതിനാണ് നിന്നെയിങ്ങോട്ട് കൊണ്ടു വന്നത്….

പിന്നെ നിന്റെ കുറുമ്പും കുസൃതിയും വർത്തമാനങ്ങളും കുറച്ചൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ട്… ആ കുറവ് എന്റെ പൊന്നുമോൻ നികത്തിക്കോളും…” കുഞ്ഞുണ്ണിയുടെ നെറ്റിയിൽ ഉമ്മ വയ്ച്ചവൻ അവളെ നോക്കി…ഒരു നിമിഷം ആ ചോദ്യം വേണ്ടിയിരുന്നില്ലെന്ന് അവൾക്കും തോന്നി… കൈനീട്ടി അവന്റെ കണ്ണുനീർ ഒപ്പിക്കൊടുത്തവൾ കുറ്റിരോമങ്ങൾ നിറഞ്ഞ താടിയിലായി അമർത്തി മുത്തി…ഇരുവരും പതിയെ പുഞ്ചിരിച്ചു… “എനിക്ക് ആ പാട്ട് കേൾക്കണം…പാടിത്തരുവോ ദച്ചേട്ട…?” ചിണുങ്ങിക്കൊണ്ടവൾ അവനോട് ചേർന്നു കിടന്നു…അവളുടെ ചോദ്യം കേട്ട് എന്തോ ഓർത്തെന്ന പോലെ അവനും ചിരിച്ചു… “ദചേട്ടൻ എന്താ ചിരിക്കൂന്നേ…?”  ആകാംഷയോടെ വീണ്ടും അവളുടെ ചോദ്യമെത്തി… “ഞാൻ പഴയ കാര്യങ്ങൾ ഓർത്ത്‌ ചിരിച്ചതാ…

രാത്രിയാവുമ്പോൾ നീ എപ്പോഴും ഉറങ്ങാതെ കഥ പറഞ്ഞോണ്ടിരിക്കുമായിരുന്നു…കേൾവിക്കാരനായി കുഞ്ഞുണ്ണിയും ഉറങ്ങാതെ ഇരിക്കും…അമ്മയെയും മോനെയും ഒരുപോലെ ഉറക്കാൻ ഞാൻ കണ്ടു പിടിച്ച വഴിയായിരുന്നു ആ പാട്ട്…അത് കേട്ടാൽ പിന്നെ രണ്ടാളും മിണ്ടാതെ കിടന്നുറങ്ങിക്കോളും…എന്നാലും ഇടയ്ക്ക് എന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ രണ്ടാളും വാശിപിടിക്കുമായിരുന്നു….പക്ഷെ ഓർമ വന്നപ്പോൾ നീ എന്നിൽ നിന്നകന്നു…. നിങ്ങൾ അടുത്തില്ലാതെ കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ ശെരിക്കും ഉറങ്ങിയിട്ടില്ല…ഇടയ്ക്ക് വല്ലാതെ സങ്കടം തോന്നുമ്പോൾ നിങ്ങളുടെ മുറിയ്ക്ക് പുറത്ത് വെറും നിലത്ത് വന്നിരിക്കുമായിരുന്നു…ഒരു വിളിപ്പാടകലെയുണ്ടല്ലോ എന്ന ആശ്വാസത്തിൽ ഉറങ്ങാൻ ശ്രമിക്കുമായിരുന്നു…” പറഞ്ഞു കഴിഞ്ഞതും അവന്റെ ശബ്ദമിടറി…

കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി… “ഞാൻ ഒത്തിരി നോവിച്ചല്ലേ?” അവനെ ഇറുകെ പുണർന്നവൾ തോളിലായി ചുണ്ട് ചേർത്തു.. “ഞാൻ നോവിച്ചത്ര വരില്ലല്ലോ… എനിക്ക് വേണ്ടി നീ വേദനിച്ചത്ര വരില്ലല്ലോ….” നേർമയായി ചോദിച്ചവൻ താൻ ചുവപ്പിച്ച അവളുടെ നെറുകയിലായി ചുണ്ട് ചേർത്തു… അത്രത്തോളം ചുവപ്പ് അവളുടെ കവിളുകളിലും വ്യാപിച്ചു…. “ദച്ചേട്ടനെ ഗോപുവിന് ഒത്തിരി ഒത്തിരി ഇഷ്ടമാണെ” കാതോരം ചേർന്നു പറയുന്ന പെണ്ണിനെ അവൻ അത്ഭുതത്തോടെ നോക്കി… “ഇങ്ങനെയല്ലേ ഞാൻ പണ്ട് പറഞ്ഞോണ്ടിരുന്നത്?…” “ഇതെങ്ങനെ?” “ദചേട്ടന്റെ ഫോണിൽ നിന്ന് കേട്ടു….

നമ്മുടെ പഴയ സംസാരങ്ങൾ കേട്ടോണ്ടല്ലേ ഇത്രയും നാള് നേരം പുലർത്തിക്കൊണ്ടിരുന്നത്… ഞാൻ അറിയുന്നുണ്ടായിരുന്നു… പക്ഷേ കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു… പക്ഷേ ഇനി ഈ പുതിയ ഗോപുവിനെ സ്നേഹിച്ചാൽ മതി കേട്ടോ…” അവന്റെ ടീഷർട്ടിൽ തെരുപിടിച്ചവൾ കുറുമ്പോടെ പറഞ്ഞു… ഉത്തരമായി അവനും പുഞ്ചിരിച്ചു… പതിയെ ഒരു പാട്ടിന്റെ ഈണം അവന്റെ ചുണ്ടുകളിൽ മുഴങ്ങി കേട്ടു… അവന്റെ കൈകൾ കുഞ്ഞുണ്ണിയുടെയും ഗോപുവിന്റെയും പുറത്ത് പതിയെ താളം പിടിച്ചു…

“””””‘”‘””””ആരും കാണാതെ താമരത്തേന്‍ ഉണ്ണാല്ലോ…………….. കഥയില്‍ കാണാത്ത കിളിമരത്തില്‍ കേറാല്ലോ………………. ആടിപ്പാടാല്ലോ വാരിളം പൂവേ………………. ചിറകാല്‍ തൂവാനത്തുമ്പിയാവാല്ലോ………………. മാനം കാണാത്ത പീലിയായ്…………….. മടിയില്‍ നീയെന്നും വളരണേ………………. രാരീ രാരാരിരോ.. രാരീ രാരാരിരോ………………. ചെമ്പകപ്പൂച്ചെണ്ടുപോലെ എന്റെ മാറിലെന്നും…………….. കുളിരമ്പിളിയായ് പൊന്‍മകനേ ചായുറങ്ങുമോ………………. കരയാതേ.. കരളേ എന്‍ കണിയേ രാരീരം രാരിരോ…………….. ഉണരാതെ.. ഹൃദയത്തിന്‍ കണിയേ രാരീരംരാരിരോ”””””‘””‘”‘”‘”

❤❤❤❤❤ മുറിയിലേക്ക് ഇരച്ചെത്തുന്ന തണുപ്പിൽ ഇന്ദിരയൊന്നു പുളഞ്ഞു…തന്റെ ശരീരത്തിന്റെ വിറയൽ കാര്യമാക്കാതെ ചേർത്തു കിടത്തിയ തലയിണയെ നന്നായി പുതപ്പിച്ചു…പതിയെ തലോടി അതിൽ ഉമ്മ വയ്ച്ചു…തന്റെ ചൂടിലേക്ക് ചേർത്തണച്ചു ഒരു മന്ത്രണം പോലെ “മോളേ….”എന്ന് സ്നേഹത്തോടെ വിളിച്ചു… പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയ്ക്ക് ഒരു കഥ പറയാനുണ്ടായിരുന്നു…. തന്റെ മകളെ ജീവനെക്കാളേറെ സ്നേഹിച്ച ഒരമ്മയുടെ കഥ…. അവൾക്കു വേണ്ടി മാത്രം ജീവിച്ച ഒരമ്മയുടെ കഥ…. അവൾക്കു വേണ്ടി ക്രൂരയായ് മാറിയ ഒരമ്മയുടെ കഥ….

സ്നേഹമെന്തെന്ന് മകളെ പഠിപ്പിക്കാൻ മറന്ന ഒരമ്മയുടെ കഥ… സ്വൊന്തം മകൾക്കു വേണ്ടി മറ്റൊരു മകളെ തഴഞ്ഞ അമ്മയുടെ കഥ… ആകാലത്തിൽ പൊലിഞ്ഞുപോയ മകളെയോർത്ത് മറവിയുടെ ചുഴിയിൽ പെട്ടുപോയ അമ്മയുടെ കഥ… ഭ്രാന്തിനെ എടുത്തണിഞ്ഞ അമ്മയുടെ കഥ… ഒടുവിൽ മരിച്ച മകളെ മറ്റൊരുവളിൽ കണ്ടെത്തി അവൾക്കായി സ്നേഹം ചൊരിയുന്ന അമ്മയുടെ കഥ…

“””””‘”‘””നാളെ നേരത്തേ നീയുണര്‍ന്നു വന്നാലോ………………. തനിയെ പോകുമ്പോള്‍ വഴി മറന്നുപോയാലോ………………. നോവിന്‍ തീയാളും കാലമെൻ കാറ്റേ………………. ആരും കാണാതീ മിഴി തുടയ്ക്കാമോ………………. സ്നേഹം തേടുന്ന തീരമായ്…………….. മനസ്സില്‍ നീയെന്നും തെളിയണേ………………. രാരീ രാരാരിരോ.. രാരീ രാരാരിരോ..”‘”‘””‘”‘””‘”‘”

പെയ്തൊഴിയും നേരം മഴയുടെ താളത്തിലും ഒരു താരാട്ടിന്റെ ഈണമുണ്ടായിരുന്നു… ദിശ തെറ്റി വന്നൊരു കാറ്റ് ആ അമ്മയ്ക്ക് വേണ്ടി അതേറ്റു ചൊല്ലി… അത്രമേൽ ആർദ്രമായ്….. ❤അതേ ഭ്രാന്തും മറവിയും ചിലർക്കൊരു അനുഗ്രഹമാണ് മനസ്സിൽ ആഴത്തിൽ മുറിവേറ്റവർക്ക്…❤

അവസാനിച്ചു…..❤❤❤ ഇനിയൊരു കാത്തിരിപ്പില്ല…. എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ഒത്തിരിയൊത്തിരി സ്നേഹം…❤❤❤❤❤ ഇന്ന് ദയവായി സ്റ്റിക്കറും ചെറിയ അഭിപ്രായങ്ങളും മാറ്റി നിർത്തി വലിയ അഭിപ്രായങ്ങൾ പറയണേ…കഥയെക്കുറിച്ച്…എഴുത്തിനെക്കുറിച്ച്…😌 മുകളിൽ കൊടുത്ത പാട്ട് നവംബർ റെയിൻ എന്ന സിനിമയിലെ വളരെ മനോഹരമായ പാട്ടാണ്… എല്ലാവരും കേട്ടു നോക്കു ഞാൻ നിങ്ങളെ അധികമൊന്നും കരയിപ്പിച്ചില്ലല്ലോ അല്ലേ 😋….അടുത്ത കഥയുമായി വീണ്ടും വരാം… അതുവരേക്കും വണക്കം….🙏

അത്രമേൽ: ഭാഗം 24

Share this story