ഗന്ധർവ്വയാമം: ഭാഗം 19

ഗന്ധർവ്വയാമം: ഭാഗം 19

എഴുത്തുകാരി: അഞ്ജലി അഞ്ജു

ബീച്ചിൽ അവനോട് ചേർന്ന് ഇരിക്കുമ്പോൾ സർവ്വവും പിടിച്ചടക്കിയ സന്തോഷമാണ് തോന്നിയത്. ഇത് മാത്രം മതി ഇത്രയേ ആഗ്രഹിച്ചിട്ടുള്ളു… എന്നും ഇങ്ങനെ സന്തോഷത്തിലും സങ്കടത്തിലും അവനോട് ചേർന്നിരിക്കാനുള്ള ഭാഗ്യം മാത്രം തരണമെന്ന് അറിയുന്ന ദൈവങ്ങളോടൊക്കെ അവൾ ഉള്ളുരുകി പ്രാർത്ഥിച്ചിരുന്നു. “വസു നമുക്കും തിരയിൽ കാൽ നനയ്ക്കാം.” തിരയിൽ കളിക്കുന്ന കുട്ടികളെ ചൂണ്ടി കൊഞ്ചലോടെ അത് പറയുമ്പോൾ ആ പഴയ എട്ടു വയസുകാരിയിലേക്ക് അവൾ മാറുകയായിരുന്നു. അന്ന് ആ തടാകത്തിൽ നിന്ന് കരയിലേക്ക് എത്തിക്കുമ്പോളും അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നത് അവൻ ഓർത്തു.

“അതിന് നിനക്ക് വെള്ളത്തെ ഭയമായിരുന്നില്ലേ?” അവന്റെ ആ ചോദ്യം അവളുടെ മുഖത്ത് സംശയങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്നത് അവന് മനസ്സിലായിരുന്നു. “അതെങ്ങനെ വസുവിന് അറിയാം..?” സംശയത്തോടെ അവൾ ചോദിക്കുമ്പോൾ അവന്റെ മുഖത്തു നിഗൂഢമായ ഒരു പുഞ്ചിരി വിടർന്നിരുന്നു. “നിന്റെ ജനനം മുതൽ ഈ നിമിഷം വരെ നിന്റെ നിഴലായി ഞാൻ ഉണ്ടായിരുന്നു ആമി..” പ്രണയത്തോടെ കൈ കുമ്പിളിൽ അവളുടെ മുഖമെടുത്ത് കണ്ണുകളിലേക്ക് നോക്കി അവനത് പറയുമ്പോൾ അവളിലും പ്രണയം നിറയുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടുകൾ തന്നിലേക്ക് അടുക്കുന്നതായി തോന്നിയതും അവളുടെ മിഴികൾ കൂമ്പി അടഞ്ഞു. “മഴ വരുന്നുണ്ട് ആമി.. നമുക്ക് പോയാലോ?” അവന്റെ ശബ്ദം കേട്ടതും ഞെട്ടലോടെ അവൾ മിഴികൾ തുറന്നിരുന്നു.

പോകാനായി എഴുന്നേൽക്കുന്ന അവനെ കണ്ടതും അവൾക്ക് ജാള്യത തോന്നി. “ശേ.. ഞാനിതൊന്തെക്കെയാ ആലോചിച്ചു കൂട്ടുന്നത്..?” അവന് പിന്നാലെ നടക്കുമ്പോൾ സ്വയം തലയിൽ കിഴുക്കി അവൾ പറഞ്ഞു. ജാള്യത നിറഞ്ഞ ചിരിയോടെ അവനൊപ്പം നടക്കുമ്പോൾ വസുവിന്റെ മുഖത്തും ഒരു കുസൃതി ചിരി ഉണ്ടായിരുന്നു. തിരികെ പോകുമ്പോളും മനസ് നിറയെ തന്നിലെ പെണ്ണിനുണ്ടായ മാറ്റങ്ങൾ ആയിരുന്നു. പണ്ടൊക്കെ സിനിമയിൽ പ്രണയ ജോഡികൾ പാട്ടും പാടി നടക്കുന്നത് കാണുമ്പോൾ പുച്ഛമാണ് തോന്നിയിട്ടുള്ളത് ഇത്രക്കൊക്കെ പൈങ്കിളി ആകാൻ എങ്ങനെ കഴിയുന്നെന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ അനുഭവിക്കാൻ ഇട വന്നപ്പോളാണ് ശെരിക്കും ആ ഫീൽ മനസിലാവുന്നത്.

എന്താ പറയുക അവന്റെ ഒരു നോട്ടം പോലും തന്നിൽ വികാരത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നു. അറിയാതെ വീണ്ടും മുഖത്ത് നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു. “എന്താ ആമിയേ ഒറ്റക്ക് ഇരുന്ന് ചിരിക്കുന്നത്?” സൈഡ് മിററിലൂടെ പിന്നിലിരിക്കുന്ന ആമിയെ നോക്കി വസു ചോദിച്ചതും അവൾ അവനിൽ നിന്ന് മുഖം മറച്ച് ഇരുന്നു. “ഒന്നൂല്ല..” മെല്ലെ അവന്റെ പിന്നിലേക്ക് ചേർന്ന് കൈകൾ അവന്റെ വയറിൽ ചേർത്ത് പിടിച്ച് അവൾ പറയുമ്പോൾ അവനും ചിരിക്കുന്നുണ്ടായിരുന്നു. അത്താഴത്തിന് ഭക്ഷണം സ്വയം ഉണ്ടാക്കണമെന്ന് നിർബന്ധം പിടിച്ചത് ആമിയായിരുന്നു. അതിന് വേണ്ട സാധനങ്ങളും വാങ്ങിയാണ് അവർ വന്നത്.

“ആമി ഞാൻ ഒന്നൂടെ ചോദിക്കുവാ നമുക്ക് പുറത്ത് നിന്ന് വല്ലതും വാങ്ങി കഴിച്ചാൽ പോരെ?” ഫ്ലാറ്റിലേക്ക് കയറുന്നതിന് ഇടയിൽ ഒരിക്കൽ കൂടെ വസു ചോദിച്ചു. “ദേ മനുഷ്യാ ഇതും ചേർത്ത് ഒരു നൂറാമത്തെ തവണയാണ് ഈ ചോദ്യം ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നാൽ വല്ല ബാലസുധയും കലക്കി തരും പറഞ്ഞേക്കാം.” ദേഷ്യത്തിൽ തിരിഞ്ഞ് നോക്കി ആമി പറയുമ്പോൾ വസു അവളുടെ ദേഷ്യത്തെ ആസ്വദിക്കുകയായിരുന്നു. “ഓ ആയിക്കോട്ടെ ഞാൻ ഇനിയൊന്നും പറയുന്നില്ല. ഞാൻ ഏതായാലും ഡ്രെസ്സൊക്കെ മാറി വരാം.” “ആഹ് അതാണ് നല്ലത്. നീ വരുമ്പോളേക്കും ഇവിടെ നല്ല അസൽ മസാല ദോശ റെഡിയായിരിക്കും.”

“ഏഹ് നേരത്തേ നീ ചിക്കൻ ഫ്രൈഡ് റൈസ് എന്നല്ലേ പറഞ്ഞത്?” “അത് പിന്നെ.. ആദ്യായിട്ടൊക്കെ ഉണ്ടാക്കുമ്പോൾ വെജ് ആണ് നല്ലത്. അല്ലെങ്കിലും നല്ല അടിപൊളി മസാല ദോശയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നിനും ആവില്ല.” അവൾ അടുക്കളയിലേക്ക് നടന്നു. ഏറെ നേരം കഴിഞ്ഞിട്ടും ആമിയെ കാണാതായപ്പോളാണ് അവൻ അടുക്കളയിലേക്ക് ചെന്നത്. എല്ലാ സാധനങ്ങളും സ്ലാബിൽ വലിച്ച് വാരി ഇട്ടിട്ടുണ്ടായിരുന്നു. ഒരു കയ്യിൽ ഫോണും മറ്റൊന്നിൽ ചട്ടുകവും പിടിച്ച് ജോലികളിൽ വ്യാപൃതയായിരിക്കുന്ന ആമിയെ നോക്കിക്കൊണ്ട് കൈകൾ പിണച്ച് കെട്ടി വാതിലിനരികെ തന്നെ അവൻ നിന്നു. യൂ ട്യൂബിൽ നോക്കി പാചകം ചെയ്യുകയാണവളെന്ന് അവന് മനസ്സിലായിരുന്നു.

ദോശ ചുടുന്നതിന് ഇടയിൽ കറിയും അവൾ ഇളക്കുന്നുണ്ടായിരുന്നു. ഇതെന്താ ഒരു വൃത്തികെട്ട സ്മെൽ..? കറിയിലേക്ക് മൂക്ക് കൂർപ്പിച്ച് കൊണ്ട് സ്വയം സംസാരിക്കുന്ന ആമി അവന് പുതുമയുള്ള കാഴ്ചയായിരുന്നു. അവളുടെ വലിച്ചു വാരി കെട്ടിയ മുടിയിഴകളും പിടയ്ക്കുന്ന കണ്ണുകളും അവനെ വീണ്ടും അവളിലേക്ക് ആകർഷിച്ചു. “എന്തായി ആമിക്കുട്ടി…?” പിന്നിലൂടെ ചെന്ന് അവളുടെ വയറിലൂടെ കൈകൾ പിടിച്ച് കാതോരത്തായി ചോദിച്ചു. “അറിയില്ല വസു.. എന്തോ ഒരു സ്മെൽ വരുന്നില്ലേ??” ഒരു കൈ കൊണ്ട് നെറ്റിയിലൂടൊലിക്കുന്ന വിയർപ്പ് തുള്ളികൾ തുടച്ച് കൊണ്ട് അവൾ പറയുമ്പോളും അവന്റെ കണ്ണുകൾ അവളിൽ ഉടക്കി നിൽക്കുകയായിരുന്നു.

“ഇത് ശരിയാവില്ലായിരിക്കും വസു.. നമുക്ക് പുറത്ത് നിന്ന് ഓർഡർ ചെയ്താലോ?” തിരിഞ്ഞ് അവനെ നോക്കി കൊണ്ട് പറഞ്ഞപ്പോളാണ് അവന്റെ കണ്ണുകളിലെ കുസൃതി അവളും ശ്രദ്ധിച്ചത്. തനിക്ക് തൊട്ടരുകിലായി നിൽക്കുന്ന അവന്റെ മുഖത്തേക്ക് പിന്നീട് നോക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ മറ്റെന്തോ പറയാനെന്ന വണ്ണം മുഖം വെട്ടിച്ചു. വീണ്ടും നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിയാൻ തുടങ്ങിയിരുന്നു. അവളുടെ വെപ്രാളവും പരവേശവും കാണെ കാണെ അവനിലും ഹരമേറി. അത് കൊണ്ട് തന്നെയാണ് വയറിനോട് കൈ ചേർത്ത് അവളിലേക്ക് വീണ്ടും അടുത്തത്. ഒരു ചിരിയോടെ അവളുടെ അധരം ലക്ഷ്യമാക്കി നീങ്ങിയെങ്കിലും പൊടുന്നനെ അവന്റെ കൈകൾ അയഞ്ഞു.

അവളിലെ അവന്റെ പിടി അയഞ്ഞപ്പോളാണ് അവൾ കണ്ണുകൾ തുറന്നത്. പിന്മാറി പോകാൻ തുടങ്ങിയ അവന്റെ കൈകളിൽ പിടുത്തമിട്ട് അവന്റെ ചുണ്ടുകൾ സ്വന്തമാക്കുമ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. അവനിൽ ലയിക്കാൻ അവളും ആഗ്രഹിച്ചു തുടങ്ങിയിരുന്നു. അവളിൽ നിന്ന് അടർന്നു മാറി വസു റൂമിലേക്ക് പോകുമ്പോൾ ഒരു നിമിഷം അവൾ സ്തബ്ധയായി നിന്ന് പോയിരുന്നു. അറിയാതെ മിഴിയോരത്ത് കണ്ണീർ പൊടിഞ്ഞു. പെട്ടെന്ന് എന്ത് കൊണ്ടാണ് അവൻ ഇങ്ങനെ പെരുമാറുന്നതെന്ന് അവൾക്ക് അറിയുമായിരുന്നില്ല. എല്ലാ വിധത്തിലും അവന്റെ പാതിയാവാനാണ് താനും ആഗ്രഹിക്കുന്നത്.

വസുവിന്റെ കണ്ണുകളിലും അൽപം സമയത്തിന് മുൻപ് താൻ കണ്ടത് അതേ വികാരമാണ് പക്ഷെ പൊടുന്നനെ അവനിൽ നിറയുന്ന നിസഹായത എന്ത് കൊണ്ടാവും. ചിന്തകൾ കാട് കയറി തുടങ്ങിയപ്പോളാണ് ലിവിങ് റൂമിലേക്ക് ചെന്നത്. അവിടെ സോഫയിൽ എന്തോ ഗാഢമായി ആലോചിക്കുന്ന വസുവിനരികിലായി ഇരുന്നു. അവന്റെ മുടിയിഴകളിലൂടെ വിരലുകൾ തഴുകിയപ്പോളാണ് ആമി വന്നത് പോലും അവൻ അറിഞ്ഞത്. ഒരു കൊച്ചു കുട്ടിയെ പോലെ അവളുടെ തോളിലേക്ക് തലചായ്ച്ച് കിടന്ന വസുവിനെ കണ്ടതും നെഞ്ചിലേക്കേതോ ഭാരം എടുത്ത് വെച്ചത് പോലെയാണ് തോന്നിയത്. “എന്താണ് വാസു.. എന്താണെങ്കിലും എന്നോട് പറഞ്ഞു കൂടെ… ഒന്നും പറയാനില്ലെന്ന് എന്നോട് നുണ പറയണ്ട.

എനിക്ക് അറിയാം ഈ മനസ്സിൽ താങ്ങാനാവാത്ത എന്തോ ഭാരം കൊണ്ട് നടക്കുന്നുണ്ടെന്ന്.” പൊടുന്നനെ അവന്റെ മുഖത്ത് ഉണ്ടായ ഭാവ മാറ്റം അവൾ ശ്രദ്ധിച്ചിരുന്നു. “ഞാൻ എന്ത് മറയ്ക്കാൻ ആണ്. നിനക്ക് തോന്നുന്നതാണ്. സമയം കുറേ വൈകി. ഞാൻ എങ്കിൽ പോട്ടെ..?” എഴുന്നേറ്റ് നടക്കാൻ തുടങ്ങിയ അവന്റെ കൈയിൽ അവൾ പിടുത്തമിട്ടു. “ന്റെ മുഖത്ത് നോക്കി പറയാനാകുവോ എന്നോട് ഒന്നും മറയ്ക്കുന്നില്ലെന്ന്… ആമി മാത്രേ ഈ മനസ്സിൽ ഉള്ളെന്ന്…” കണ്ണുകൾ നിറച്ച് ദയനീയതയോടെ അവൾ ചോദിക്കുമ്പോൾ നിസ്സഹായതയോടെ തല കുനിച്ച് നിൽക്കുകയായിരുന്നു അവൻ. “ആമി… എന്റെ മനസ്സിൽ നീയല്ലാതെ മറ്റൊന്നുമില്ല പെണ്ണേ…” ഇടയ്ക്കെപ്പോഴോ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി അവൻ പറഞ്ഞു.

“പിന്നെയെന്താണ് വസു..? എന്നെ ഇങ്ങനെ ആധി പിടിപ്പിക്കല്ലേ.. എന്താണെങ്കിലും ഞാൻ അത് ഉൾക്കൊള്ളാൻ തയ്യാറാണ്..” ഇടറിയ ശബ്ദത്തോടെ അവളത് പറയുമ്പോൾ അവന് അവൾക്ക് നേരെ മുഖം തിരിക്കാനായില്ല. “ആമി.. ഞാൻ പറയുന്നത് നീയെങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്ക് അറിയില്ല. എല്ലാം മറച്ചു പിടിച്ച് നിന്നെ വഞ്ചിക്കാനുമാവില്ല. നിന്നോട് ഒന്നും പറയണ്ടെന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷെ നീയിത്രയും ചോദിച്ചിട്ടും അത് മറച്ചു പിടിച്ചാൽ അത് ഞാനെന്നോട് തന്നെ കാട്ടുന്ന നീതികേടാവും..” പറഞ്ഞു നിർത്തി മുഖമുയർത്തി നോക്കുമ്പോൾ എന്തും ഉൾക്കൊള്ളാനുള്ള മനസോടെ നിൽക്കുന്ന ആമിയെയാണ് കണ്ടത്. അവളുടെയാ ഭാവം അവനിലും ആശ്വാസം നിറച്ചു.

ഒരു നിമിഷത്തെ മൗനത്തിനു ശേഷമാണ് അവൻ വീണ്ടും പറഞ്ഞു തുടങ്ങിയത്. “എന്റെ ശിക്ഷയുടെ കാലാവധി കഴിഞ്ഞു ആമി. എനിക്ക് തിരികെ ഗന്ധർവ്വലോകത്തേക്ക് മടങ്ങാനുള്ള സമയം അടുത്തിരിക്കുന്നു.” അവൻ പറഞ്ഞതും ആമി പകപ്പോടെ അവനെ നോക്കി. “അതേ ആമി.. ഇന്ന് അല്ലെങ്കിൽ നാളെ.. കൂടി പോയാൽ കുറച്ച് മാസങ്ങൾ അത്രയും സമയം മാത്രേ ഇനി എനിക്ക് ഭൂമിയിൽ ഉള്ളൂ.” വസുവിന്റെ വാക്കുകൾ ശരീരം തളർത്തുന്നത് പോലെ തോന്നിയപ്പോളാണ് ആമി സോഫയിലേക്ക് ഇരുന്നത്. “ഞാനാണ് എല്ലാത്തിനും കാരണം. നീ എന്നോട് അടുക്കാൻ പാടില്ലായിരുന്നു.

പക്ഷെ ഇങ്ങനൊക്കെ ഉണ്ടാവുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നിന്നെ സ്വന്തമാക്കി തിരികെ പോകാനാവുമെന്ന് ഞാൻ കരുതി. പ്രതീക്ഷകൾ തെറ്റിച്ച് നമുക്ക് പിരിയേണ്ടി വന്നു പിന്നീട് ജന്മങ്ങൾ കാത്തിരുന്ന് ഇപ്പോൾ നിന്നെ സുരക്ഷിതമായി എന്നരികിൽ എത്തിച്ചപ്പോൾ… കാലം വീണ്ടും നമുക്ക് പ്രതികൂലമായി മുന്നിൽ എത്തിയിരിക്കുന്നു…” കണ്ണീരോടെ തന്നെ നോക്കുന്ന ആമി അവനിലെ വേദനയുടെ ആക്കം കൂട്ടി. “നീ വിഷമിക്കാൻ ഞാൻ അനുവദിക്കില്ല ആമി.. എന്റെ ഓർമകൾക്കിടയിൽ കുടുങ്ങി കിടക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല.” അവന്റെ വാക്കുകൾ കേട്ടതും അവനരികിലേക്ക് അവൾ ചേർന്ന് നിന്നു.

“നീ പൂർണമായും എന്നിൽ അലിഞ്ഞു ചേരാത്തടുത്തോളം കാലം ഞാൻ പോകുന്നതിനൊപ്പം എന്റെ ഓർമകളും നിന്നിൽ നിന്ന് മാഞ്ഞു പോകും… നിനക്ക് മുന്നിൽ നല്ലൊരു ജീവിതം തുറന്ന് കിടപ്പുണ്ട്… അവിടെ എനിക്ക് പകരം മറ്റൊരാളും കടന്ന് വരും. ഒരിക്കലും ഒരു ഓർമ കൊണ്ട് പോലും ഞാൻ നിന്നെ വേദനിപ്പിക്കില്ല… നിനക്ക്…” വാക്കുകൾ പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ ആമിയുടെ കൈപ്പത്തി അവന്റെ കവിളിൽ പതിച്ചു കഴിഞ്ഞിരുന്നു…..തുടരും..

ഗന്ധർവ്വയാമം: ഭാഗം 18

Share this story