നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 38

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 38

സൂര്യകാന്തി

മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങുന്ന സൂര്യനെ കണ്ടപ്പോഴാണ് രുദ്രയുടെ മനസ്സൊന്ന് തണുത്തത്.. ആ മുഖത്ത് ഗൗരവമായിരുന്നു.. ഒന്നും പറയാതെയാണ് അവളുടെ സൈഡിലെ ഡോർ തുറന്നത്.. രുദ്രയുടെ കൈയിൽ പിടിച്ചു പുറത്തേക്കിറക്കിയതും ഒന്നും മനസ്സിലാവാതെ അവളൊന്ന് പകച്ചു.. സൂര്യൻ ഒന്നും പറയാതെ അവളുടെ കൈയിലെ പിടുത്തം വിടാതെ തന്നെ ഉള്ളിലേക്ക് കയറി.. ആ മണ്ണിൽ കാല് കുത്തിയതും രുദ്രയുടെ ഉടലൊന്ന് വിറച്ചു… സൂര്യൻ അപ്പോഴും അവളുടെ കൈയിൽ പിടിച്ചിരുന്നു.. കാട് പിടിച്ചു കിടന്നിരുന്ന പറമ്പിൽ അവിടവിടെയായി അപ്പോഴും ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന മനയുടെ അവശിഷ്ടങ്ങൾ കാണാമായിരുന്നു..

നിലം പൊത്താറായ പടിപ്പുര വാതിലിന്റെ പടികളിലേക്ക് അവളുടെ നോട്ടമെത്തി.. കൊത്തു പണികളാൽ അലകൃതമായ,മരത്തിൽ തീർത്ത ഒരു ചെറിയ പെട്ടി അവൾ കണ്ടു.. ചെരിഞ്ഞു വീണു കിടക്കുന്ന മരത്തൂണിനരികെ മണ്ണിളകിക്കിടക്കുന്നതവൾ ശ്രെദ്ധിച്ചിരുന്നു.. “ഭൈരവാ….” പൊടുന്നെനെയാണ് സൂര്യന്റെ ശബ്ദം മുഴങ്ങിയത്.. രുദ്ര ഞെട്ടലോടെ അവനെ നോക്കി.. “വാക്ക് പറഞ്ഞത് പോലെ ഇതാ ഞാൻ കൊണ്ടു വന്നിരിക്കുന്നു നാഗകാളി മഠത്തിലെ കാവിലമ്മയെ..” അവിടമാകെ ആഞ്ഞു വീശിയ കാറ്റിൽ വൃക്ഷത്തലപ്പുകൾ ആടിയുലഞ്ഞു.. രുദ്രയുടെ മനസ്സൊന്നു പിടഞ്ഞു.. “സ്വമനസ്സാലെ നാഗകാളി മഠത്തിലെ നാഗക്കാവിൽ വെച്ച് താലി കെട്ടി നല്ല പാതിയാക്കിയതാണ്…”

സൂര്യൻ നിഗൂഢമായി ഒന്ന് ചിരിച്ചു.. “നാഗകാളി മഠത്തിലെ കാവിലമ്മ ഇനി വാഴൂരില്ലത്തെ മരുമകളാണ്.. കാലങ്ങളായി ഈ മനയ്ക്കൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആത്മാക്കളുടെ പ്രതികാരം…” ഒന്ന് നിർത്തി രുദ്രയെ നോക്കി അവൻ തുടർന്നു.. “ആരും ഒന്നും അറിയില്ല… ഇനി അറിഞ്ഞാലും അവിടുത്തെ നാഗകാവിലമ്മ നമ്മോടൊപ്പം ഉള്ളിടത്തോളം അവിടെ ആരു വിചാരിച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല..” ആ വാക്കുകൾ കേട്ട് മുഖമുയർത്തി അവനെ നോക്കി രുദ്ര കൈ ഒന്ന് കുടഞ്ഞു.. സൂര്യന്റെ പിടുത്തം വീണ്ടും മുറുകി.. “ഇനി വാഴൂരില്ലത്തെ അധിപതിയായ ഭൈരവന് ശാപമോക്ഷമാണ്.. അതും ഞാൻ നേടിത്തരും..

പറയുന്നത് വാഴൂരില്ലത്തെ അവസാനകണ്ണിയായ സൂര്യനാരായണനാണ്…” രുദ്രയുടെ ഭാവം മാറിത്തുടങ്ങിയിരുന്നു.. മിഴികളിൽ നീല നിറം കലർന്നു.. ചുണ്ടൊന്ന് കൂർത്തു.. നെറ്റിത്തടത്തിൽ സുവർണ നാഗച്ചിഹ്നരേഖ തെളിഞ്ഞു വന്നു… അവൾ സൂര്യന്റെ കൈ കുടഞ്ഞെറിയാൻ ശ്രെമിച്ചെങ്കിലും അവൻ കൈ വിടാതെ അമർത്തി പിടിച്ചു രൂക്ഷമായി അവളെയൊന്ന് നോക്കി.. ഒരു നിമിഷാർദ്ധം മാത്രം ആ മിഴികളിൽ തെളിഞ്ഞു കണ്ട ഭാവം രുദ്രയെ ശാന്തയാക്കി.. പറയാൻ വന്ന വാക്കുകൾ വിഴുങ്ങി അവൾ മുഖം താഴ്ത്തി നിന്നു.. വലത് കൈയിൽ പടിപ്പുരയിൽ കണ്ട പെട്ടിയുമായി പുറത്തേക്കിറങ്ങുമ്പോഴും സൂര്യന്റെ ഇടംകൈയിൽ രുദ്രയുടെ വലത് കൈ ഉണ്ടായിരുന്നു..

അവരുടെ കാറിന് പിറകിലായി നിർത്തിയ കാറിൽ നിന്നും ഇറങ്ങിയ ശ്രീനാഥിനെ കണ്ടപ്പോൾ സൂര്യൻ ഒന്ന് നിന്നു.. അവർക്കരികിലേക്ക് നടക്കാൻ തുടങ്ങിയ ശ്രീനാഥിനെ സൂര്യൻ മുഖം കൊണ്ടു അരുതെന്ന് വിലക്കി.. സൂര്യൻ രുദ്രയുടെ കൈ വിട്ട് കാറിന്റെ ബാക്ക് ഡോർ തുറന്നു കൈയിലെ ബോക്സ്‌ സീറ്റിലേക്ക് വെയ്ക്കുന്നത് വരെ ആരും ഒന്നും പറഞ്ഞില്ല… പിന്നെ രുദ്രയെ ഒന്നു നോക്കി ശ്രീനാഥിനരികിലേക്ക് നടന്നു സൂര്യൻ… “സ്വന്തം ഇഷ്ടപ്രകാരം, അവിടുത്തെ ചോരയ്ക്കൊപ്പം മാത്രമേ ഭൈരവന് അവിടം വിട്ടു പുറത്തേക്കിറങ്ങാൻ കഴിയൂ.. അയാളെ കബളിപ്പിക്കുന്നത് എളുപ്പമല്ലെന്ന് ഞാൻ പറയേണ്ടല്ലോ..

ചെറിയൊരു പാളിച്ച..അത് മതി എല്ലാം തീരാൻ.. എന്റെ ജീവൻ ഉൾപ്പെടെ..” അമർത്തിയ ശബ്ദത്തിലാണ് ശ്രീനാഥിനോടവൻ സംസാരിച്ചത്.. “നിങ്ങൾ വൈകിയപ്പോൾ അവിടെ നിൽക്കാൻ മനസ്സനുവദിച്ചില്ല.. അതാണ് തിരക്കിയിറങ്ങിയത്…” സൂര്യൻ ഒന്നും പറഞ്ഞില്ല.. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവർ കാറിൽ കയറി.. മനയ്ക്ക്ൽ എത്തുവോളം അവരൊന്നും സംസാരിച്ചില്ല.. സൂര്യൻ അവളെ നോക്കിയതേയില്ല.. കുറച്ചു നേരത്തേയ്ക്കെങ്കിലും താൻ സംശയിച്ചതിന്റെ ദേഷ്യമാണ് ഇടയ്ക്കിടെ ആ മുഖത്ത് തെളിയുന്നതെന്ന് രുദ്ര അറിഞ്ഞിരുന്നു..

നാഗകാളി മഠത്തിന്റെ മുൻവശം ഒഴിവാക്കി താഴെ ശ്രീനാഥിന്റെ വീടിനു മുൻപിലാണ് അവർ വണ്ടികൾ നിർത്തിയത്.. ബാക്ക് സീറ്റിൽ നിന്നുമെടുത്ത ബോക്സ്സുമായി സൂര്യൻ രുദ്രയ്‌ക്കൊപ്പം നാഗക്കാവിനരികിലൂടെ താമരക്കുളത്തിനപ്പുറത്തുള്ള മണ്ഡപത്തിനരികിലേക്കാണ് നടന്നത്.. രവിശങ്കറിന്റെയും ശ്രീദയുടെയും ദേഹം സ്വന്തമാക്കിയ ഭൈരവനും മേലേരിയിലെ ഭദ്രയെന്ന നാഗകന്യയും ഒടുവിൽ വിധിയ്ക്ക് കീഴടങ്ങിയത് അവിടെ വെച്ചായിരുന്നു.. അവിടവിടയായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന മണ്ഡപത്തിന്റെ അറ്റകുറ്റപ്പണികളെല്ലാം അനന്തൻ തീർത്തിരുന്നു.. മണ്ഡപത്തിനരികെയുള്ള ചെമ്പകമരത്തിൽ നിറയെ സുഗന്ധം പരത്തുന്ന പൂക്കൾ വിടർന്നു നിന്നിരുന്നു..

മണ്ഡപത്തിന് ചുറ്റും മുല്ലയും തെച്ചിയുമടക്കം വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടവും കണ്ടു.. മണ്ഡപത്തിന്റെ തൂണുകളിൽ പടർന്നു കയറിയ മുല്ലവള്ളിയിൽ നിന്നുമുള്ള പൂക്കൾ തറയിലാകെ വീണുകിടന്നിരുന്നു.. സൂര്യൻ മണ്ഡപത്തിന്റെ പടികളിലേക്ക് കയറി കൈയിലുള്ള ബോക്സ്‌ തറയിലേക്ക് വെച്ചു.. ഒന്നും പറയാതെ തന്നെ തിരികെ അവനൊപ്പം രുദ്രയും നടന്നു.. തിരികെ നടക്കുമ്പോൾ അറിയാതെ അവളൊന്ന് തിരിഞ്ഞു നോക്കി.. ഒരു പൊട്ടിച്ചിരി കേട്ടത് പോലെ അവൾക്ക് തോന്നി.. തോന്നിയതാണോ.. രുദ്ര വീണ്ടും തിരിഞ്ഞു നോക്കി… ഒന്നുമില്ല…ആരുമില്ല.. പക്ഷെ…

താമരക്കുളത്തിനരികെ കാത്തു നിന്നിരുന്ന ശ്രീനാഥിനൊപ്പമാണ് അവർ മഠത്തിലേക്ക് പോയത്.. “സൂര്യാ അവിടെയൊരു പ്രെശ്നമുണ്ട്.. അത് കൊണ്ടു കൂടെയാണ് ഞാൻ നിങ്ങളെ അന്വേഷിച്ചു വന്നത്…”. സൂര്യൻ ചോദ്യഭാവത്തിൽ ശ്രീനാഥിനെ നോക്കി… “നന്ദന.. അവളെ കാണാൻ ഒരു പയ്യൻ വന്നിട്ടുണ്ട്..” സൂര്യൻ അവിടെ തന്നെ നിന്നു പോയി.. “എന്നിട്ട്….?” വല്ലാത്തൊരു വേവലാതി അവന്റെ ശബ്ദത്തിൽ നിറഞ്ഞത് പോലെ രുദ്രയ്ക്ക് തോന്നി.. “അവര് തമ്മിൽ ഇഷ്ടത്തിലാണെന്ന്.. ആ അമല അവിടെ വല്യ പ്രെശ്നം ഉണ്ടാക്കുന്നുണ്ടായിരുന്നു..” “നന്ദന.. അവൾ..?” “അവളും പിടിവാശിയിലാണ്.. അവനൊപ്പം പോവുമൊന്നാണ് അവൾ പറയുന്നത്..”

രുദ്ര തെല്ലാശ്ചര്യത്തോടെയാണ് അവർ പറഞ്ഞതെല്ലാം കേട്ടു നിന്നത്.. “പ്രെശ്നം എന്താണെന്ന് വെച്ചാൽ ആ പയ്യൻ ക്രിസ്ത്യനാണ്…” “നന്ദനയുടെ അമ്മയും സ്നേഹിച്ചു തന്നെയല്ലേ കെട്ടിയത്…പിന്നെന്താ..?” സൂര്യനaറെ ശബ്ദം പരുക്കനായിരുന്നു.. “മക്കളുടെ കാര്യം വരുമ്പോൾ എല്ലാരും ഇങ്ങനെയൊക്കെയല്ലേ…?” ” അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചാണ് അമലേന്റി നന്ദനയുടെ അച്ഛനൊപ്പം പോയത്..അമലേന്റിയുടെ അച്ഛൻ നാഗകാളി മഠത്തിലെ താവഴിയിലാണ്..അവർക്കിതൊന്നും അറിയില്ലായിരുന്നു..പിന്നീട് അറിഞ്ഞപ്പോഴാണ് അനന്തൻ സാറിനു അവരുടെ മുറച്ചെറുക്കന്റെ സ്ഥാനമാണെന്ന് അമലേന്റി അറിഞ്ഞത്.. നന്ദനയുടെ അച്ഛൻ മരിച്ചതിനു ശേഷം അവർക്ക് അതൊരു ഒബ്സ്സെസ്ഷനായി..

പത്മയും അനന്തനും.. ” സൂര്യന്റെ നോട്ടം രുദ്രയിലേക്ക് പാളി വീണു.. അവളുടെ മുഖത്തെ നടുക്കം അവന് കാണാമായിരുന്നു.. “നന്ദന പറഞ്ഞുള്ള അറിവാണ്.. അവൾ അമ്മയെ പറഞ്ഞു തിരുത്താൻ ശ്രെമിച്ചെങ്കിലും നടന്നില്ല.. കോളേജിൽ വെച്ചാണ് അവൾ റോയിയുമായി പ്രണയത്തിലാവുന്നത്.. അമലേന്റിയ്ക്ക് അതൊരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.. അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ അനന്തൻ സാറിന്റെ സഹായം തേടാനാണ് നന്ദന ഇവിടെ എത്തിയത്.. പക്ഷെ ഇവിടുത്തെ സാഹചര്യങ്ങൾ കൊണ്ടു അദ്ദേഹത്തിനോട് സംസാരിക്കാൻ അവൾക്ക് കഴിഞ്ഞില്ല..” തന്നെ നോക്കിയ കണ്ണുകളിൽ മിന്നി മാഞ്ഞ പരിഹാസം രുദ്രയ്ക്ക് കാണാമായിരുന്നു..

സൂര്യനും നന്ദനയും തമ്മിലുള്ള ബന്ധത്തെ തെല്ല് സംശയത്തോടെ കണ്ടതും സംസാരിച്ചതും അവൾക്കോർമ്മ വന്നു.. “സൂര്യന് ഇതൊക്കെ..?” വീണ്ടും നടന്നു തുടങ്ങുന്നതിനിടെയാണ് ശ്രീനാഥ് ചോദിച്ചത്.. “നന്ദനയെ എനിക്ക് മുൻപേ അറിയാം.. റോയിയുമായുള്ള റിലേഷനും.. പക്ഷെ മറ്റു കാര്യങ്ങളൊക്കെ ഇവിടെ വന്നപ്പോഴാണ് നന്ദന പറഞ്ഞറിഞ്ഞത്.. അനന്തൻ സാറിനോട് ഞാനും കൂടെ സംസാരിക്കാമെന്ന് അവളോട് പറഞ്ഞതാണ്.. പക്ഷെ അതിനിടെയാണ്..” സൂര്യൻ പൂർത്തിയാക്കാതെ രുദ്രയെ ഒന്നു നോക്കി.. ആ മിഴികളെ നേരിടാനാവാതെ അവൾ നോട്ടം മാറ്റി… “എന്തായാലും നോക്കാം.. അനന്തേട്ടനും പത്മേച്ചിയും നിലവറയിൽ തന്നെയാണ്..നിങ്ങൾ എത്തിയാലേ അവർ പുറത്തിറങ്ങാം..”

പറമ്പിൽ നിന്നും മുറ്റത്തേക്കിറങ്ങുന്നതിനിടെ ശ്രീനാഥ് പറഞ്ഞു.. പൂമുഖത്തു നിന്നിരുന്ന ആളുകൾക്കിടയിൽ രോഷാകുലയായി നിൽക്കുന്ന അമലേന്റിയെ രുദ്ര കണ്ടു.. അവരുടെ അടുത്ത് തന്നെ വെച്ച ട്രാവൽ ബാഗിലേക്ക് അവളുടെ നോട്ടമെത്തി,.. “സൂര്യാ…” നന്ദന വേവലാതിയോടെ സൂര്യനരികെയെത്തി.. “വേറെ വഴിയില്ലായിരുന്നു..റോയിയ്ക്ക് തിരികെ പോവാനുള്ള ഡേറ്റ് ആവാറായി.. നിങ്ങളുടെ രണ്ടുപേരുടെയും വിവാഹം കൂടെ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ആകെ ഭ്രാന്തു പിടിച്ചത് പോലെയായി.. ഇനിയും കാത്തിരുന്നാൽ അമ്മ എന്തെങ്കിലുമൊക്കെ വരുത്തി വെയ്ക്കും..

അതാ ഞാൻ…” സൂര്യൻ അവളോട് ഒന്നും പറയാതെ റോയിയെ നോക്കി.. റോയി സൂര്യന്റെ നേരെ നീട്ടിയ കൈയിൽ അവൻ പിടിച്ചു.. “ആഹാ അപ്പോൾ എല്ലാരും അറിഞ്ഞുള്ള കളിയാണല്ലേ..” പൊട്ടിത്തെറിക്കാൻ വെമ്പുന്ന മട്ടിലായിരുന്നു അമാലിക.. “ആന്റി.. കൂൾ ഡൗൺ.. നന്ദന ഒരാളെ സ്നേഹിച്ചു.. അയാൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു.. ആന്റിയും ഇഷ്ടപ്പെട്ട ആൾക്കൊപ്പമല്ലേ ജീവിച്ചത്…” ഒന്ന് പരുങ്ങിയെങ്കിലും കൂടുതൽ വീറോടെ അമാലിക പറഞ്ഞു.. “അതിന് ഞാൻ വേറൊരു മതത്തിൽ പെട്ടയാൾക്കൊപ്പമല്ല ഇറങ്ങി പോയത്..” സൂര്യൻ മെല്ലെയൊന്ന് ചിരിച്ചു.. പിന്നെ രുദ്രയെ നോക്കി.. “രുദ്രാ താൻ അച്ഛനോടും അമ്മയോടും വരാൻ പറയ്..” രുദ്ര മെല്ലെ തലയാട്ടി..

പിന്നെ അകത്തേക്ക് നടന്നു.. ഒരു നിമിഷം അവൾ പോവുന്നത് നോക്കി നിന്നിട്ട് സൂര്യൻ അമാലികയ്ക്ക് നേരെ തിരിഞ്ഞു.. “അനാഥാലയത്തിൽ വളർന്ന ഒരാളുടെ മതം ഏതെന്നു ആന്റി എങ്ങനെ അറിഞ്ഞു.. എന്തെങ്കിലും തെളിവുണ്ടായിരുന്നൊ..?” അമാലികയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.. എങ്കിലും അവർ ഇഷ്ടപ്പെടാത്ത മട്ടിൽ തല വെട്ടിച്ചു.. ആരും ഒന്നും മിണ്ടിയില്ല… “എന്തിനാ ആന്റി ഈ പിടിവാശി.. നന്ദന സന്തോഷമായി ജീവിക്കണമെന്നല്ലേ ആന്റിയും ആഗ്രഹിക്കുന്നത്.. അവളുടെ സന്തോഷം റോയിയാണ്.. വെൽ എഡ്യൂക്കേറ്റടാണ്, നല്ല ജോലിയുണ്ട്, റോയിയുടെ ഫാമിലിയിൽ ആർക്കും വിവാഹത്തിന് എതിർപ്പുമില്ല.. പിന്നെ ഇത്രയ്ക്കും വാശി വേണോ..?”

സൂര്യന്റെ വാക്കുകൾക്കൊന്നും അമാലികയുടെ ഉള്ളിൽ ചലനമുണ്ടാക്കാനായില്ലെന്ന് മുഖം കണ്ടാൽ അറിയാമായിരുന്നു.. “ഏതായാലും സാർ വരട്ടെ.. ” റോയിയോടൊപ്പമുള്ള ആളായിരുന്നു പറഞ്ഞത്.. “ഏത് സാർ..? അയാൾക്കെന്താ ഇതിൽ തീരുമാനം എടുക്കാനുള്ള അവകാശം.. ഇത്രേം നേരമായിട്ടും ഒന്ന് വന്നു നോക്കാൻ പോലും അയാൾക്ക് തോന്നിയില്ല.. സ്വന്തം കാര്യം മാത്രം…” അമാലിക കലിപ്പോടെ പറഞ്ഞു.. “അയാളുടെ ഒരു പത്മേം രണ്ടു സുന്ദരിക്കോതകളും..” ശബ്ദമില്ലാതെ അവർ പിറുപിറുത്തു… “അങ്ങനെ ആയിരുന്നെങ്കിൽ അമാലികയും നന്ദനയും ഇപ്പോൾ ഇവിടെ നിൽക്കില്ലായിരുന്നല്ലോ..” അനന്തന്റെ ഘനഗംഭീരശബ്ദം കേട്ടാണ് എല്ലാവരും വാതിൽക്കലേക്ക് നോക്കിയത്..

അമാലികയുടെ അടുത്തേയ്ക്കാണ് അനന്തൻ നടന്നത്.. “അമലയ്ക്ക് ഞങ്ങളുമായി ഒരു ബന്ധവും കാണില്ലായിരിക്കും.. പക്ഷെ..” അനന്തൻ നന്ദനയെ ചേർത്തു പിടിച്ചു.. “ഇവൾ… ഇവളുടെ അച്ഛൻ എനിക്ക് വെറും സുഹൃത്തല്ല സഹോദരതുല്യനാണ്…. എന്റെ മക്കളെപ്പോലെ തന്നെ എനിക്ക് പ്രിയങ്കരിയാണ് ഇവളും..നന്ദനയുടെ ന്യായമായ ആഗ്രഹങ്ങൾക്കെന്തിനും ഞാൻ കൂട്ടുണ്ടാവും..” “എല്ലാവരും കൂടെ എന്നെ തോൽപ്പിക്കാൻ നോക്കുവാണല്ലേ..?” അമാലിക ചീറി.. ചുറ്റും നോക്കുന്നതിനിടെ പത്മയുടെ മുഖം കണ്ടതും അവൾ കൂടുതൽ കോപാകുലയായി.. പത്മയുടെ മുഖത്തെ സഹതാപം അമലയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. അതേ നിമിഷമാണ് മതിൽക്കെട്ടിനുള്ളിലേക്ക് ഒരു ടാക്സി വന്നു നിന്നത്..

അമാലിക പത്മയ്‌ക്കരികിലെത്തി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. “നിന്നെ സമാധാനമായി ജീവിക്കാൻ വിടില്ല ഞാൻ.. നീയും ഇതുപോലെ പിടയും…” പത്മയുടെ മുഖത്ത് അപ്പോഴും പുഞ്ചിരിയായിരുന്നു.. ആരെയും നോക്കാതെ ട്രാവൽ ബാഗും വലിച്ചു കൊണ്ടു അമല പുറത്തേക്ക് നടന്നു… “മമ്മാ..” നന്ദനയുടെ നേർത്ത ശബ്ദം കേട്ടതും അമല തിരിഞ്ഞു നിന്നു.. കണ്ണുകളിൽ തീയാളി.. “ഇതോടെ തീർന്നു എല്ലാ ബന്ധവും.. നീയും ഇവരോടൊപ്പം ചേർന്നു എന്നെ ചതിച്ചു.. ഇനി എനിക്കൊരു മകളില്ലാ..” അമല ബാഗുമായി മുറ്റത്തു കിടന്ന ടാക്സിയിലേക്ക് കയറുന്നത് നന്ദന നിസ്സഹായതയോടെ നോക്കി നിന്നു.. “അങ്കിൾ..മമ്മ” നന്ദന അനന്തനരികെയെത്തി..

അവളെ ചുമലിലൂടെ കൈയിട്ടു ചേർത്തു പിടിച്ചു കൊണ്ടു ഗേറ്റിനു പുറത്തേക്കിറങ്ങുന്ന കാറിലേക്ക് നോക്കി അനന്തൻ പറഞ്ഞു.. “ഒന്നും സംഭവിക്കില്ല.. അമല അവിവേകമൊന്നും കാണിക്കില്ല..അവളുടെ മനസ്സിൽ പക മാത്രമണിപ്പോൾ..” അനന്തൻ റോയിയുടെയും ബന്ധുക്കളുടെയും നേരെ തിരിഞ്ഞു.. “ക്ഷമിക്കണം.. ഒരു രണ്ടുമൂന്ന് ദിവസം കൂടെ എനിക്ക് തരണം.. ഒഴിവാക്കാൻ പറ്റാത്ത ചില ചടങ്ങുകളുണ്ട്.. നന്ദനയെ ഒരനാഥയെ പോലെ ഇപ്പോൾ നിങ്ങളുടെ കൂടെ പറഞ്ഞയക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്‌.. സമ്മതമാണെങ്കിൽ…” റോയി നന്ദനയെ നോക്കി..ഒന്ന് രണ്ടു നിമിഷം കഴിഞ്ഞു റോയിയാണ് പറഞ്ഞത്.. “എനിക്ക് സമ്മതമാണ്…”

ഭക്ഷണം കൂടെ കഴിഞ്ഞാണ് അവർ പിരിഞ്ഞത്..അവരെ യാത്രയയച്ച് തിരികെ അകത്തേക്ക് നടക്കുന്നതിനിടെ അനന്തൻ സൂര്യനെ വിളിച്ചു.. “വിവരങ്ങൾ രുദ്ര പറഞ്ഞു.. നാളെ അതിരാവിലെ നമുക്കു കാളിയാർമഠത്തിലേക്ക് തിരിക്കണം..ആ പെട്ടി ഇവിടെ അധികസമയം സൂക്ഷിക്കുന്നത് അപകടമാണ്.. നിങ്ങൾ എത്തിയ ഉടനെ തന്നെ കാളിയാർമഠത്തിലേക്ക് തിരിക്കാമെന്ന് കരുതിയിരുന്നു ഞാൻ.. പക്ഷെ ഇന്നിനി വൈകി.. സന്ധ്യയ്ക്ക് മുൻപേ അവിടെ എത്തേണ്ടതുണ്ട്..” സൂര്യനും അനന്തനും ശ്രീനാഥും ഹാളിൽ ഇരുന്നു സംസാരിക്കുന്നത് കണ്ടിട്ടാണ് രുദ്ര മുറിയിലേക്ക് പോയത്.. തെല്ല് നേരം കഴിഞ്ഞു വാഷ് റൂമിൽ നിന്നുമവൾ പുറത്തിറങ്ങിയപ്പോൾ സൂര്യൻ മുറിയിലുണ്ടായിരുന്നു..

അവൾ അവനെ ഒന്ന് നോക്കി അരികിലൂടെ നടന്നു പോവാൻ തുടങ്ങിയതും സൂര്യൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു.. നെഞ്ചിൽ ചേർന്നു നിന്നതും രുദ്ര മെല്ലെ മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കി.. ദേഷ്യവും ഗൗരവവും നിറഞ്ഞ ഭാവമായിരുന്നു സൂര്യന്റെ മുഖത്ത്.. രുദ്ര പതിയെ മിഴികൾ താഴ്ത്തിയെങ്കിലും സൂര്യൻ ഒന്ന് രണ്ടു നിമിഷങ്ങൾ കൂടെ അവളെ തന്നെ നോക്കി അങ്ങനെ നിന്നു.. “അതിസമർത്ഥനും അത്രത്തോളം തന്നെ ക്രൂരനും സ്വാർത്ഥതയുടെ ആൾരൂപവുമായിരുന്നു ഭൈരവൻ.. അയാളെപ്പോലൊരു ദുരാത്മാവിനെ സ്വശരീരത്തിൽ വഹിക്കാൻ ഞാൻ തയ്യാറായത് എന്തു കൊണ്ടാണെന്ന് രുദ്ര തമ്പുരാട്ടി ഒരു നിമിഷമെങ്കിലും ആലോചിച്ചിട്ടുണ്ടോ..?” രുദ്ര മിണ്ടിയില്ല.. “മുഖത്തോട്ട് നോക്കെടി..”

ശബ്ദത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞതും രുദ്ര അറിയാതെ അവന്റെ മുഖത്തേക്ക് നോക്കിപ്പോയി..തന്നിലെ പിടുത്തം മുറുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. സൂര്യൻ ആത്മനിന്ദയോടെ ഒന്ന് ചിരിച്ചു.. “ചതിക്കാൻ വേണ്ടിയാണെന്ന് സംശയിച്ചു അല്ലെ…?” അവന്റെ നോട്ടം നേരിടാനാവാതെ അവൾ മുഖം താഴ്ത്തി.. ആ മുഖത്തെ ഭാവം അവളുടെ നെഞ്ചിലെ വിങ്ങലായി മാറിയിരുന്നു.. ” “ഞാൻ സ്നേഹിച്ച പെണ്ണിന് വേണ്ടി.. അവളുടെ പാതി ഭൂമിയിൽ ഉണ്ടെങ്കിലേ അവളുമുണ്ടാക്കൂവെന്ന് പറഞ്ഞത് കൊണ്ട്.. സൂര്യന്റെ നിശാഗന്ധിയ്ക്ക് വേണ്ടി… പക്ഷെ..” സൂര്യൻ അവളുടെ താടിത്തുമ്പ് ബലമായി പിടിച്ചുയർത്തി..

അവന്റെ കണ്ണുകളിൽ മിന്നി മാഞ്ഞ സങ്കടം അവൾ കാണുന്നുണ്ടായിരുന്നു.. “താൻ എന്നെ മനസ്സിലാക്കാൻ ശ്രെമിച്ചത് പോലുമില്ല… ഞാൻ.. ഞാൻ തോറ്റു പോയെടോ..”. തന്റെ മേലുള്ള പിടുത്തം അയയുന്നത് രുദ്ര അറിയുന്നുണ്ടായിരുന്നു.. അവൻ മെല്ലെ അവളെ തന്നിൽ നിന്നും അകറ്റി.. “ആരും മനസ്സിലാക്കിയിട്ടില്ല.. സ്നേഹിച്ചിട്ടില്ല.. തനിക്ക് തന്റെതായ പ്രയോ റിട്ടീസ് ഉണ്ടെന്ന് ഞാനും ഓർത്തില്ല.. നാഗകാളി മഠത്തിലെ കാവിലമ്മ..വെറുതെ ഞാൻ..” സൂര്യൻ പൂർത്തിയാക്കാതെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു..

രുദ്രയുടെ മിഴികൾ നിറഞ്ഞിരുന്നു… “മാഷേ..” നേർത്ത ശബ്ദം കേട്ടാണ് സൂര്യൻ തിരിഞ്ഞു നോക്കിയത്.. “നിശാഗന്ധിയ്ക്ക് സൂര്യന് വേണ്ടി ജീവൻ കൊടുക്കാനും ഒരു നിമിഷം പോലും ആലോചിക്കേണ്ടതില്ല്യാ ” രുദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് സൂര്യനാരായണൻ കാണുന്നുണ്ടായിരുന്നു.. ഉള്ളൊന്ന് പിടഞ്ഞു…..(തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 37

Share this story