പ്രണയവസന്തം : ഭാഗം 8

പ്രണയവസന്തം : ഭാഗം 8

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവിലെ എഴുന്നേറ്റ് എല്ലാ ജോലികളും ഒതുക്കി അവൾ പെട്ടെന്ന് തന്നെ പോകാൻ തയ്യാറായി….. മനസിന്‌ ഇന്നലെ മുതൽ ഒരു ചാഞ്ചാട്ടം ഉണ്ട്… ഒരിക്കലും പ്രണയത്തിന്റെ വിത്ത് മുളക്കില്ല എന്ന് കരുതിയ ഒരു കരിങ്കൽ പാറ ആയിരുന്നു തന്റെ മനസ്സ് എന്നായിരുന്നു കരുതിയിരുന്നത്…. അവിടെ ആണ് അവൻ പ്രണയത്തിന്റെ കുളിർമഴ പെയ്യിച്ചത്. തന്റെ മനസ്സ് ഇപ്പോൾ വസന്തത്തെ വരവേൽക്കാൻ ഇലകൾ പൊഴിക്കുക ആണ് എന്ന് അവൾക്ക് തോന്നി… ഒരു പ്രണയവസന്തത്തിനായി ഹൃദയം കാത്ത് നിൽക്കുക ആണ്…. പൂത്തുലയാൻ വെമ്പി നിൽക്കുക ആണ് മനസ്സ്…

താൻ അതിനെ പിടിച്ചു നിർത്തിയിരിക്കുക ആണ്… ഇല്ല അങ്ങനെ ചിന്തിക്കാൻ പാടില്ല അവൾ വിലക്കി മനസിനെ…. അവൾ വേഗം ജോലി തീർത്തു പോകാൻ ഇറങ്ങി….. മനസ്സ് അവിടേക്ക് പോകാൻ വെമ്പൽ കൊള്ളുന്നുണ്ടോ…? അവൾ സ്വയം ചോദിച്ചു.. ഇല്ലന്ന് ആശ്വസിക്കുമ്പോഴും അത്‌ സത്യം അല്ല ഹൃദയം ആർത്തലച്ചു പറയുന്നു… ആർക്കും മുഖം കൊടുക്കാതെ ഇരിക്കാനാണ് അവർ പരമാവധി ശ്രദ്ധിച്ചത്…. കാരണം മുഖത്ത് ചുണ്ടിന് താഴെ പാടുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്….. തൻറെ ആദ്യ പ്രണയം അവശേഷിപ്പിച്ച പാടുകൾ….. ആദ്യചുംബനത്തിൽ മുറിപ്പാടുകൾ….

ഇല്ല അങ്ങനെ ചിന്തിക്കാൻ പാടില്ല…. പ്രതിവിധികൾ ഇല്ലാത്ത പ്രതിസന്ധികൾ ഇല്ല മനോധൈര്യത്തോടെ നേരിടണം…. ജാൻസി അരമനയിലേക്ക് ചെന്നതും ക്ലാര അടുക്കളയിലാണ്….. അടുക്കളയിലേക്ക് തന്നെ ആണ് അവൾ ചെന്നത്…. കണ്ടപാടെ ക്ലാര അവളുടെ മുഖത്തേക്ക് നോക്കി….. “എന്താ കൊച്ചേ…… നിൻറെ ചുണ്ടിൽ…. അവിടെ ഒരു പാട്….. എന്നാ പറ്റിയതാ…. ശ്രദ്ധയോടെ അവളുടെ മുഖത്തേക്ക് നോക്കി ക്ലാര അത് ചോദിക്കുമ്പോഴാണ് ഫ്രിഡ്ജിൽ നിന്നും പെട്ടെന്ന് വെള്ളമെടുക്കാനായി ആൽവിൻ വന്നത്…… ഒരു നിമിഷം അവൻ അവിടെ തന്നെ നിന്നു പോയിരുന്നു…. ആൽവിനെ കണ്ടപാടെ അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറാൻ തുടങ്ങിയിരുന്നു…..

ഇന്നലെ ഏതോ ഒരു വൃത്തികെട്ട ജീവി കടിച്ചത് ആണ് ക്ലാരമച്ചി….. അവൻറെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു…. അവന് ചിരി വരുന്നുണ്ടായിരുന്നെങ്കിലും അവനത് മനസ്സിൽ അടക്കി…. അവളെ ഒന്നു നോക്കി വെള്ളവും എടുത്ത് അവൻ അകത്തേക്ക് പോയി…. രാത്രിയിൽ ഇരുട്ടത് വല്ലതും കടിച്ചതും ആയിരിക്കും…. ഏതായാലും നീ ഇത്തിരി മഞ്ഞൾ എടുത്തു ഇടൂ…. വിഷം ഒക്കെ ഉണ്ടെങ്കിൽ അത് പോയേക്കും…. അതും പറഞ്ഞു ക്ലാര ശ്രദ്ധയോടെ പച്ചമഞ്ഞൾ തിരിഞ്ഞു….. അപ്പോഴേക്കും വെള്ളവുമായി ആൽവിൻ വന്നു. എന്തോ വിഷം കൂടിയ ഇനം ആണ്…. അത് മഞ്ഞളിൽ ഒന്നും തീരും എന്ന് എനിക്ക് തോന്നുന്നില്ല ക്ലാര അമ്മച്ചി…..

അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് പറഞ്ഞപ്പോൾ അവൻ അവളുടെ കണ്ണുകളെ അഭിമുഖീകരിക്കാൻ കഴിയാതെ അവിടെ നിന്നും പുറത്തേക്ക് പോയിരുന്നു….. അവൻ വന്നു നേരെ ദിവാൻകോട്ടിലേക്ക് കമിഴ്ന്നു കിടന്നു…. തൻറെ മുഖത്ത് കൈനീട്ടി അടിച്ചതിന്റെ ദേഷ്യത്തിൽ ചെയ്തുപോയതാണ്….. പിന്നീട് ഉള്ളിൽ അവളോട് കുമിഞ്ഞുകൂടിയ പ്രണയത്തിൻറെ ലഹരിയും ഒപ്പം യഥാർത്ഥ ലഹരിയുടെ അകമ്പടിയും…. അവൾ ദേഷ്യപ്പെട്ട് ഓരോ പ്രാവശ്യം സംസാരിക്കുമ്പോഴും മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ട് ചേർത്ത് പിടിച്ചു നിർത്തി ഒരു ഉമ്മ കൊടുക്കണം എന്ന്….

ആ ആഗ്രഹം ഒരു വാശിയുടെ പുറത്ത് സാക്ഷാത്കരിക്കുക ആയിരുന്നു…. ഒരിക്കലും വേദനിപ്പിക്കണം എന്ന് കരുതി ചെയ്തതല്ല…. അവളുടെ പെൺ മനസ്സിൽ കുറച്ചെങ്കിലും ഒന്നു തൊടാൻ തന്റെ ചുംബനത്താൽ ആകും എന്ന് പ്രതീക്ഷിച്ച് ചെയ്തതാണ്….. തന്റെ പ്രണയം മനസ്സിലാക്കി കൊടുക്കാൻ വേണ്ടി ചെയ്തതാണ്…. അത് അവളെ ഇത്രത്തോളം വേദനിപ്പിക്കും എന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല….. അവൻറെ മനസ്സിലും പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന ഉടലെടുക്കുന്നുണ്ടായിരുന്നു….. ഒപ്പം ഒരു പുഞ്ചിരിയും….. പെട്ടന്നാണ് മുറ്റത്ത് ഒരു കാർ വന്ന് നിർത്തിയ ശബ്ദം കേട്ടത്…. ആൽവിൻ പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി…..

കാറിൽ നിന്ന് ആഡ്യത്തം നിറഞ്ഞ ഒരു മനുഷ്യൻ ഇറങ്ങി…. കറുത്ത കരയുള്ള മുണ്ടും അതിന് ചേരുന്ന കറുത്ത ജുബ്ബയും കയ്യിൽ ഒരു സ്വർണ്ണ നിറത്തിൽ ഉള്ള വാച്ച്… മറുകയ്യിൽ ഒരു സ്വർണ്ണത്തിന്റെ ഇടിവള…. കയ്യിൽ കുരിശ് അടയാളം പതിഞ്ഞ ഒരു കൊന്തമോതിരം…. മറുകയ്യിൽ കട്ടിയിൽ മറ്റൊരു മോതിരം…. കഴുത്തിൽ വീതിയുള്ള ഒരു നീളൻ മാല അതിന്റെ തുമ്പിൽ ഒരു പിണ്ടികുരിശ്…. അതിന് ഒപ്പം തന്നെ ഒരു ബന്തിങ്ങയും കൊന്തയും…. അരമനയിൽ ആന്റണി വർഗീസ്…. അപ്പച്ചനെ കണ്ടതും സന്തോഷത്തോടെ ആൽവിൻ അയാളുടെ അരികിലേക്ക് ചെന്നു…. മകനെ കണ്ട സന്തോഷം അയാളുടെ മുഖത്തും ഉണ്ടായിരുന്നു….. രണ്ടുപേരും പരസ്പരം ആശ്ലേഷിച്ചു…..

കാറിൻറെ ശബ്ദം കേട്ടുകൊണ്ട് ക്ലാരയും അവിടേക്ക് ഇറങ്ങി വന്നിരുന്നു…. അച്ഛനും മകനും കുറച്ചുനേരം വിശേഷങ്ങളൊക്കെ പറഞ്ഞതിനുശേഷം അകത്തേക്ക് കയറി….. ക്ലാര സന്തോഷപൂർവ്വം ഭർത്താവിനെ നോക്കി പറഞ്ഞു…. ഇച്ചായ…. ഇവന് ഇവിടേക്ക് സ്ഥലംമാറ്റം ആണെന്ന്….. നമ്മളോട് ഒന്നും പറഞ്ഞില്ല…. എല്ലാം ഒരു സർപ്രൈസ് ആയിട്ട് പറയാനിരുന്നത് ആണെന്ന്……. വലിയ സർപ്രൈസ് പൊട്ടിക്കും പോലേ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി അവർ അത് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…… അത് അവരെ അമ്പരപ്പിക്കുന്നുണ്ടായിരുന്നു…. അഹ്….

ഇവൻ വലിയ സർപ്രൈസ് തരാനിരുന്നത് ആണ് അല്ലേ…. ഇവനു അറിയില്ലല്ലോ ഞാൻ ആരുടെയൊക്കെ കയ്യും കാലും പിടിച്ച് ആണ് ഇവനെ ഇങ്ങോട്ട് സ്ഥലംമാറ്റിയത് എന്ന്…. ശരിക്കും ക്ലാരയും ആൽവിനും ഞെട്ടി പോയിരുന്നു അത് കേട്ടപ്പോൾ….. ” ശരിയാണോ……..? ആൽവിൻ അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…. പിന്നല്ലാതെ…… ഞാൻ കാണാതെ മന്ത്രിമാർ ഒന്നുമില്ല….. നിൻറെ അമ്മയുടെ സങ്കടം കണ്ടുകൊണ്ടിരിക്കാൻ മേലാത്തോണ്ടാ….. ആകെ ഉള്ള ഒരു മോൻ…. അവൾ ആണേൽ ഈ ഒരുത്തൻ എന്നും പറഞ്ഞു എല്ലാ ദിവസവും ഇവിടെ കരച്ചിലും പിഴിച്ചിലും…..

ഞാൻ ആണെങ്കിലും ഈ ബിസിനസ്സും തിരക്കും ഒക്കെ ആയിട്ട് എപ്പോഴെങ്കിലുമൊക്കെ ആയിരിക്കില്ലേ ഇവിടെ വരുന്നത്…. എങ്ങനെയാണ് ഇവളെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോകുന്നത്…. പിന്നെ ഒരു ആശ്വാസം അവളെ പൊന്നുപോലെ നോക്കുന്ന ഒരു കൊച്ചു ഉണ്ട്… ജാൻസി…. അതുകൊണ്ട് എനിക്ക് ആ കാര്യത്തിൽ പേടിക്കാനൊന്നുമില്ല…. ജാൻസി യെ പറ്റി അപ്പച്ചന്റെ മനസ്സിലും നല്ല ഒരു സ്ഥാനം തന്നെ ഉണ്ടെന്ന് ആൽവിന് തോന്നിയിരുന്നു…. അങ്ങനെ ആരെയും ഇഷ്ട്ടപെടുന്ന ആൾ അല്ല…. അവളോട് ഒരു നിമിഷം വീണ്ടും അവന് ബഹുമാനം തോന്നി…. അപ്പച്ചൻ എന്തിനാ എല്ലാ മന്ത്രിമാരുടെയും ഒക്കെ അടുത്ത് പറഞ്ഞു ഇങ്ങോട്ട് ഒരു ട്രാൻസ്ഫർ മേടിച്ചത്……

ഒരു ആവശ്യമുണ്ടായിരുന്നില്ല….. അല്ലെങ്കിൽ തന്നെ ഞാൻ എങ്ങനെയെങ്കിലും ഇങ്ങോട്ട് വന്നേനെ….. ഞാൻ ഇതുവരെ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല…. ആ ഞാൻ തന്നെ ശൂപാർശ പുറത്ത് ട്രാൻസ്ഫർ വാങ്ങി എന്ന് പറഞ്ഞാൽ…. നീ അതൊന്നും ഒരു കുറച്ചിലായി കാണണ്ട…. ഈ പറഞ്ഞ മന്ത്രിമാർക്ക് ഒക്കെ അപ്പച്ചൻ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ഒക്കെ കൊടുത്തിട്ടുള്ളതുകൊണ്ട് നമുക്ക് ഒരു ആവശ്യം വരുമ്പോൾ അവരോട് അല്ലേ പറയണ്ടേ…… കോൺഗ്രസ് രാഷ്ട്രീയത്തിൽ ചെറിയ ഒരു താല്പര്യം ഉള്ള ആൾ തന്നെയാണ് അരമനയിൽ ആൻറണി….. രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങാനും സജീവമായി പ്രവർത്തിക്കാനും അയാൾ ഇഷ്ടപ്പെടുന്നില്ല…..

എങ്കിലും ഗാന്ധിജി പ്രവർത്തിച്ച പാർട്ടിയോട് അയാൾക്ക് വലിയ മതിപ്പാണ്…… എങ്കിലും തൻറെ അന്തസ്സ് വിട്ടോ തൻറെ നീതിക്ക് നിരക്കാത്തതൊ ഒന്നും അയാൾ ചെയ്യുകയുമില്ല…. അയാൾക്ക് എല്ലാത്തിനും അയാളുടെ ആയ ഒരു രീതി ഉണ്ട്… അയാൾ അകത്തേക്ക് കയറിയതും കണ്ടു സംഭാരവും ആയി പുറത്തേക്കിറങ്ങി വരുന്ന ജാൻസിയേ….. അതിനകത്ത് പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും എല്ലാം ഇടിച്ചുപിഴിഞ്ഞു ഇട്ടിട്ടുണ്ട്…. ഒന്ന് രണ്ട് ചെറിയ ഐസ്ക്യൂബും…. അവൾ അത് അയാളുടെ കൈകളിലേക്ക് വച്ചുകൊടുത്തു…. ” നിനക്കെങ്ങനെ മനസ്സിലായി കൊച്ചേ ഞാൻ വന്നു എന്ന്….

ചിരിയോടെ ആൻറണി അവളോട് ചോദിച്ചു…. ഈ സമയത്ത് മുതലാളി ആയിരിക്കും വരുന്നത് എന്ന് എനിക്ക് ഉറപ്പായിരുന്നു…. പിന്നെ പുറത്ത് മുതലാളിയുടെ ശബ്ദം കേട്ടിരുന്നു…. അതുകൊണ്ട് ആണ് ഞാൻ എടുത്തത്…. അവൾ വിനയത്തോടെ തന്നെ പറഞ്ഞു…. ഇങ്ങനെയൊക്കെ സംസാരിക്കാനും ഇവൾക്ക് അറിയാമോ…? അത്ഭുതത്തോടെ അവളെ നോക്കി അൽവിൽ ഓർത്തു…. കൊചേ നല്ല കരിമീൻ ഇരിപ്പുണ്ട് വണ്ടിയിൽ…. അത് നന്നായിട്ട് ഒന്ന് ഫ്രൈ ചെയ്ത് എടുക്കണം വാഴയിലയിൽ….. നിന്റെ സ്പെഷ്യൽ ഐറ്റം….. സംഭാരം കുടിച്ച ഗ്ലാസ് അവളുടെ കൈകളിലേക്ക് കൊടുക്കുന്നതിനോടൊപ്പം തന്നെ ആൻറണി പറഞ്ഞു…. അവൾ തലയാട്ടി….. അതിനുശേഷം ഗ്ലാസ്സുമായി അകത്തേക്ക് പോയി….

ആൽവിനെ രൂക്ഷമായി ഒന്ന് നോക്കാനും അവൾ മറന്നില്ല…. ” എടീ ഞാൻ പീരുമേട്ടിൽ നിന്ന് ഏതാണ്ട് ഒക്കെ കൊണ്ടുവന്നിട്ടുണ്ട്…. എല്ലാം ഇത്തിരി എടുത്ത് ആ കൊച്ചിനും കൂടി കൊടുത്തു വിടണം….. നിനക്കറിയാലോ അവൾ ഒന്നും ചോദിച്ചു വാങ്ങില്ല….. നമ്മൾ വേണം എല്ലാം അറിഞ്ഞു കൊടുക്കാൻ…. അയാൾ ഭാര്യയോട് പറഞ്ഞു…. അതൊക്കെ എനിക്ക് അറിയില്ലേ ഇച്ചായ…. അവർ പറഞ്ഞു… ആൻറണിയുടെ പുറകെ കുറച്ചുനേരം ക്ലാര നിൽക്കുമെന്നും സംസാരിക്കുമെന്നും ഉറപ്പുള്ളതുകൊണ്ട് ആരും കാണാതെ ആൽവിൻ നേരെ അടുക്കളയിലേക്ക് ചെന്നു…. അവിടെ അടുക്കളയിൽ അരകല്ലിൽ ഉരച്ചു കത്തിക്ക് മൂർച്ച കൂട്ടുകയാണ് ജാൻസി…. ഹേയ്….

അവൻ വിളിച്ചപ്പോഴേക്കും അവൾ പെട്ടെന്ന് പിന്തിരിഞ്ഞു കത്തി അവൻറെ നേരെ ചൂണ്ടിക്കൊണ്ട് തീപാറുന്ന ഒരു നോട്ടം അവന് നേരെ നൽകി….. ഒരു നിമിഷം ആൽവിൻ ഒന്ന് ഭയന്നു പോയിരുന്നു…. എങ്കിലും അത് മുഖത്ത് കാണിക്കാതെ അവൻ അവളെ ഒന്നു നോക്കി…. ഇനി എന്നോട് എന്തെങ്കിലും വേലത്തരം കാണിക്കാൻ വന്നാ ഇത് ഞാൻ തന്റെ പള്ളയിൽ കേറ്റും…. അവൾ പറഞ്ഞപ്പോൾ ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി പോയിരുന്നു…. പിന്നീട് ചെറു പുഞ്ചിരിയോടെ പറഞ്ഞു… നിനക്ക് ധൈര്യമുണ്ടെങ്കിൽ കുത്തടി….. ഞാൻ നിന്ന് തരാം…. ആൽവിൻ അത് പറഞ്ഞപ്പോൾ അവളും ചെറുതായി ഒന്ന് ഉലഞ്ഞു പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

അവൻറെ ചുണ്ടിൽ പെട്ടന്ന് ഒരു പുഞ്ചിരി തത്തിക്കളിച്ചു… ഒരുപാട് വേദനിച്ചോ….? പെട്ടെന്ന് അവളുടെ ചുണ്ടുകളിലേക്ക് കൈ വിരൽ ചേർത്ത് അവൻ അത് ചോദിച്ചു…. ആർദ്രമായിരുന്നു അപ്പോൾ അവന്റെ ശബ്ദം…. പക്ഷേ ജാൻസി പെട്ടെന്ന് തന്നെ അവൻറെ കൈ തട്ടിമാറ്റി…. രൂക്ഷമായ ഒരു നോട്ടത്തോടെ അവൾ അവനെ നോക്കി… ഇനിമേലാൽ എൻറെ ശരീരത്തിൽ തൊട്ടാൽ….. തന്നെ ഞാൻ കൊല്ലും…. ഇവിടുത്തെ ജോലി ഒന്നും എനിക്ക് പ്രശ്നമല്ല…. വലിച്ചെറിഞ്ഞിട്ട് പോകും ഞാൻ…. ഞാൻ പറഞ്ഞത് വെറുതെയല്ല ഇനി എൻറെ ദേഹത്ത് തൊട്ടാൽ ഞാൻ വെറുതെ ഇരുന്നു എന്നുവരില്ല…

നീ ഇവിടുന്ന് ജോലി കളഞ്ഞിട്ട് പോയാലും, ഞാൻ നിന്നെ വെറുതെ വിടുമെന്ന് നീ വിചാരിക്കേണ്ട… നീ എവിടെ പോയാലും ഈ ലോകത്തിലെ ഏത് കോണിൽ പോയി ഒളിച്ചാലും ഇനി ഞാൻ നിന്നെ പിന്തുടരും….. കാരണം നീ കയറിയത് ഈ ചങ്കില് ആണ്…. അവൻ നെഞ്ചിൽ ഒന്ന് ഇടിച്ചു കൊണ്ടാണ് അവളോട് പറഞ്ഞത്…. അവളുടെ കണ്ണുകളിൽ നോക്കി അവൻ അത് പറയുമ്പോൾ ഒരു വേള അവന്റെ കണ്ണുകളെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ നോട്ടം താഴേക്ക് മാറ്റിയിരുന്നു….. (തുടരും )

പ്രണയവസന്തം : ഭാഗം 7

Share this story