സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 29

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 29

എഴുത്തുകാരി: ഗൗരി ലക്ഷ്മി

രാധിക നിറകണ്ണുകളോടെ പറഞ്ഞതും വിമലും അവരെ തോളിലൂടെ ചേർത്തു പിടിച്ചു.. വിദൂരതയിൽ നിന്നൊരു ആത്മാവിന്റെ സന്തോഷമെന്നോണം ഒരിളം കാറ്റ് അവരെ കടന്നുപോയി.. ******** ഒരാഴ്ച്ച എത്ര വേഗമാ അല്ലെ കടന്നുപോയത്.. തിരിച്ചു പോകാനുള്ളതൊക്കെ എടുത്തു വെയ്ക്കുന്നതിനിടയിൽ രാധിക ചോദിച്ചു.. വിമൽ അവരെ നോക്കി പുഞ്ചിരിച്ചു.. അല്ല ദേവു വന്നില്ലേ… വിമൽ ചോദിച്ചു.. അവളിപ്പോൾ കാളിന്ദിയുടെ കൂടെയാണ് മിക്കപ്പോഴും.. ആ കുട്ടിയോട് വലിയ കൂട്ടാ. രാധിക പറഞ്ഞു.. കിച്ചു അവളെ വിളിക്കാൻ പോയിട്ട് കണ്ടില്ലല്ലോ.. രാധിക പറഞ്ഞു.. അവനല്ലേ.. ഇങ്ങു വന്നോളും.. വിമൽ ആത്മവിശ്വാസത്തോടെ പറഞ്ഞു…

അപ്പോഴേയ്ക്കും കിച്ചു ദേവുവുമായി എത്തിയിരുന്നു.. എവിടെയായിരുന്നു ദേവു. രാധിക ഗൗരവത്തോടെ ചോദിച്ചു.. ഊഞ്ഞാലാടാൻ പോയതാ.. ദേവു പറഞ്ഞു. വിമൽ കിച്ചുവിനെനോക്കി.. അവന്റെ മുഖം അൽപ്പം ഗൗരവത്തിൽ ആണെന്ന് മനസ്സിലായതും വിമൽ അവനരികിലേയ്ക്ക് ചെന്നു.. എന്താടാ.. വിമൽ അവനു മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു.. ഭദ്ര.. കിച്ചു പറഞ്ഞു.. ഇവിടെയോ… വിമൽ ചോദിച്ചു.. മ്മ്.. കാളിന്ദിയോടൊപ്പം.. അവൻ പറഞ്ഞു.. അവർ തമ്മിൽ അറിയുമോ.. വിമൽ ചോദിച്ചു.. ആവോ..അറിയാമായിരിക്കും.. ജിഷ്ണുവിന് അറിയാമല്ലോ.. കിച്ചു താത്പര്യമില്ലാതെ പറഞ്ഞു..

അവന്റെ മുഖത്തെ ഗൗരവം തെല്ല് സംശയം തോന്നിപ്പിച്ചുവെങ്കിലും വിമലിന്റെ കണ്ണുകളിൽ അതിവേഗം ദേവു നിറഞ്ഞിരുന്നു.. അവളുടെ മുഖത്തെ പരിഭവം അവനിൽ വാത്സല്യം നിറച്ചു.. കാളിന്ദിയെയും ആശ്രമവും അവിടുത്തെ ചുറ്റുപാടും അവളെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നത് അവളുടെ ആ നോട്ടത്തിൽ നിന്നും വ്യക്തമായിരുന്നു.. ഓരോരുത്തരോടും യാത്ര പറഞ്ഞു വീട്ടിലേയ്ക്ക് മടങ്ങാൻ നേരവും കാവിലേയ്ക്ക് നടക്കുന്നതിനിടയിലും പല വട്ടം അവളാ ആശ്രമത്തിലേയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു.. ഇടയ്ക്കെപ്പോഴോ കണ്ണിൽ തെളിഞ്ഞ കാളിന്ദിയുടെ രൂപം അവളുടെ കണ്ണുകൾ വിടർത്തിയെങ്കിലും അതിവേഗം ആ തെളിച്ചം നഷ്ടമായി പഴയ വേദന നിറഞ്ഞ ഭാവം തെളിഞ്ഞു വന്നു..

കാറിൽ യാത്ര ചെയ്യുന്ന സമയമത്രയും മൗനവും അവർക്കൊപ്പം സ്ഥാനം പിടിച്ചു.. ദേവുവിന്റെ മുഖത്തെ പരിഭവം വീർപ്പിച്ചു പിടിച്ച അവളുടെ കവിളിൽ നിന്നും വ്യക്തമായിരുന്നു എങ്കിൽ രാധികയുടെ ചിന്തകൾ ചിതറികിടക്കുകയായിരുന്നു.. വിമലിന്റെ കണ്ണും മനസ്സും ബാക്കിൽ ഇരുന്ന ദേവുവിനെ ചുറ്റി പറ്റിയായിരുന്നു..പക്ഷെ ഡ്രൈവിങ്ങിനിടയിലും കിച്ചുവിന്റെ കണ്ണുകളിൽ തെളിഞ്ഞ ഭാവം ഒപ്പിയെടുക്കാൻ ആർക്കും സാധിച്ചിരുന്നില്ല.. ഒരാഴ്ചത്തെ ആശ്രമവാസത്തിനു ശേഷം വീട്ടിലേയ്ക്കുള്ള വരവിൽ രാധികയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് അടുത്ത വീടിന്റെ ഉമ്മറത്തേയ്ക്കായിരുന്നു.. അവിടെ തന്നെ നോക്കി നിൽക്കുന്ന വിച്ചുവിനെ കണ്ടതും അവരുടെ മിഴികൾ വിടർന്നു..

രാധികയെ കണ്ടതും അവളും ഓടി വന്നു.. രാധികാമ്മേ.. മതിലിനോട് ചേർന്നു നിന്നുകൊണ്ട് അവൾ വിളിച്ചു.. വിച്ചൂ.. അവരുടെ വിളിയിൽ ഒരമ്മയുടെ വാത്സല്യം മുഴുവൻ നിറഞ്ഞിരുന്നു.. എന്തായി രാധികാമ്മേ..എങ്ങനുണ്ട് ദേവൂന്.. വിച്ചു ചോദിച്ചു.. കിച്ചു അവളെ ഒന്നു നോക്കിയ ശേഷം ബാഗ്‌മെടുത്തു അകത്തേയ്ക്ക് പോയി.. വിമലും ദേവുവും പുറകെ അകത്തേയ്ക്ക് പോയി. അങ്ങനെ പറയത്തക്ക വെത്യാസമൊന്നു ഇല്ല മോളെ. പിന്നെ അവിടം കക്ഷിക്ക് അങ്ങു ഇഷ്ടപ്പെട്ടു.. അതോണ്ട് ഇങ്ങോട്ട് വരാൻ മടിയായിരുന്നു.. രാധിക തിരിഞ്ഞൊന്നു നോക്കിയ ശേഷം പുഞ്ചിരിയോടെ പറഞ്ഞു.. അല്ല ഭദ്ര എവിടെ..

ആക്സിഡന്റ് ആയി എന്നൊക്കെ പറഞ്ഞിട്ട്.. രാധിക ചോദിച്ചു.. ഇന്ന് ആരെയോ കാണാൻ പോയതാ.. എന്തോ ഈയിടെയായി തലയിൽ കേറിയിട്ടുണ്ട് . അത് കാരണം തെക്കു വടക്ക് നടപ്പാണ്.. ഒരിടത്ത് ഇപ്പൊ ഇരിക്കാറില്ല.. വിച്ചു പറഞ്ഞു.. രാധിക പുഞ്ചിരിച്ചു. എന്നാൽ ചെല്ലട്ടെ.. ഒന്നു ഫ്രഷാകട്ടെ.. ഒരാഴ്ച ആയില്ലേ പോയിട്ട്.. വീടൊക്കെ എന്ത് പരിവമാണ് എന്ന് കണ്ടറിയണം.. രാധിക പറഞ്ഞു.. പാല് ഞാൻ തന്നേയ്ക്കാമേ.. കാലത്തെ എന്നോട് ഇത്തിരി കൂടുതൽ പാല് വേണമെന്ന് പറഞ്ഞിരുന്നു.. വിച്ചു പറഞ്ഞു.. ആര് കിച്ചുവോ. രാധിക ചോദിച്ചു.. ആ.. അവൾ അതെയെന്ന അർത്ഥത്തിൽ പറഞ്ഞു.. അമ്മേ… അകത്തുനിന്ന് കിച്ചുവിന്റെ വിളികേട്ടതും വിച്ചുവിനോട് കാണാമെന്ന് പറഞ്ഞു രാധിക അകത്തേയ്ക്ക് പോയി.. ***

കാളിന്ദിയും ഭദ്രയുമായി എങ്ങനെയാ പരിചയം.. കിച്ചു ജിഷ്ണുവിനോട് ചോദിച്ചു.. പാടത്തിൻറെ നടുക്കുള്ള മാടത്തിൽ ഇരിക്കുകയായിരുന്നു അവർ.. കുളിരുള്ള ഇളം കാറ്റ് അവരെ തഴുകി കടന്നുപോയി.. കാളിന്ദിയുമായി ഭദ്രയ്ക്ക് പണ്ടേ അടുപ്പമുണ്ട്.. കാളിന്ദിയെ പഠിപ്പിച്ചത് മാഷാണ്.. അവിടുന്ന് ഇത്ര ദൂരം കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കാതിരിക്കാൻ അവിടെ തന്നെയുള്ള സ്കൂളിൽ പഠിപ്പിച്ചു.. അവളുടെ പഠിത്തത്തിന്റെ എല്ലാ ചിലവുകളും വഹിച്ചത് മാഷാണ്.. അവളെ അവൾക്കിഷ്ടമുള്ളത്രയും പഠിപ്പിക്കാം എന്ന് പണ്ടെപ്പോഴോ മാഷ് പറഞ്ഞ ഒരു വാക്കാണ്.. മാഷിന് വയ്യാതെ ആയിട്ടും ഭദ്ര ആ വാക്ക് തെറ്റിച്ചിട്ടില്ല.. ഇപ്പൊ ആയുർവേദ മെഡിസിനിൽ പി ജി ചെയ്യുകയാണ് അവൾ…

ഇപ്പോഴും അവളുടെ ചിലവൊക്കെ നോക്കുന്നത് ഭദ്രയാ. എന്താ കിച്ചൂ.. ജിഷ്ണു ചോദിച്ചു.. ആയുർവേദ മെഡിസിനിൽ പിജി ചെയ്യുന്ന ആൾക്ക് അപ്പൊ കോളേജിൽ പോകേണ്ടേ. കിച്ചു ചോദിച്ചു.. ഇപ്പൊ എന്തോ അവധിയാണ് എന്നേയുള്ളു.. അല്ലെങ്കിൽ അവൾ മിക്കപ്പോഴും ഹോസ്റ്റലിലാ.. ജിഷ്ണു പറഞ്ഞു.. കിച്ചു മുൻപിലുള്ള പാടശേഖരത്തിലേയ്ക്ക് നോക്കി ഇരുന്നു.. അല്ല താനെന്താ ഇപ്പൊ ഇതൊക്കെ അന്വേഷിക്കാൻ… ജിഷ്ണു ചോദിച്ചു.. വെറുതെ ചോദിച്ചതാ.. അവിടെ വെച്ചിട്ട് ഞാൻ ഇന്നലെ ഭദ്രയെ കണ്ടിരുന്നു.. അപ്പോളൊരു സംശയം തോന്നി.. അവളവിടെ ഇടയ്ക്കിടെ പോകാറുണ്ട്.. അടയും ചക്കരയുമാ രണ്ടും.. ജിഷ്ണു പറഞ്ഞു.. അപ്പോഴും കിച്ചുവിന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ബാക്കി നിൽക്കുകയായിരുന്നു.. ***

കോളിങ് ബെൽ കേട്ടാണ് ശ്യാമ വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു.. സൂര്യാ… ശ്യാമ അവനെ ചേർത്തു പിടിച്ചു.. സൂര്യ മാത്രമല്ല.. ഞങ്ങളും ഉണ്ടേ.. കാറിൽ നിന്നും ബാഗ് ഇറക്കുന്നതിനിടയിൽ വിമൽ വിളിച്ചു പറഞ്ഞു.. കാറിൽ നിന്നിറങ്ങിയ ദേവുവും ശ്യാമയ്ക്കരികിലേയ്ക്ക് ഓടി ചെന്നു.. മോളെ.. ദേവൂട്ടാ.. ശ്യാമ അവളെ ചേർത്തുപിടിച്ചു ഉമ്മ വെച്ചു.. രാധിക വിമലിന്റെ കയ്യിൽ നിന്നും ചെറിയ ബാഗ് കയ്യിൽ വാങ്ങി ശ്യാമയ്ക്കരികിലേയ്ക്ക് നടന്നു.. വിമൽ ബാക്കി ബാഗുകൾ കൂടെ എടുത്തതും കിച്ചു ചെന്ന് അവ കയ്യിലെടുത്തു.. രാധികേ.. നീ ക്ഷീണിച്ചു.. ശ്യാമ പരിഭവം പറഞ്ഞു.. ഈ അമ്മയെകൊണ്ട്.. എന്റമ്മേ അവരെ അകത്തോട്ടെങ്കിലും കേറ്റ്‌.. വിമൽ പറഞ്ഞു..

ഒന്നു പോടാ.. ഞാൻ വിളിച്ചിട്ട് വേണം അല്ലേൽ ഇവർക്ക് അകത്തോട്ട് കേറാൻ.. വാ രാധികേ.. സൂര്യാ..വാ.. ശ്യാമ വിളിച്ചു.. ദേവു അപ്പോഴേയ്ക്കും അവരുടെ കയ്യിൽ തൂങ്ങിയിരുന്നു.. അവർ അകത്തേയ്ക്ക് കയറി.. എല്ലാരും പോയി ഫ്രഷായി വാ.. ഞാൻ ഊണെടുത്തു വെയ്ക്കാം.. ശ്യാമ പറഞ്ഞു.. വിനയേട്ടൻ എന്തിയെ ശ്യാമേ.. രാധിക ചോദിച്ചു.. രാവിലെ കോർട്ടിലോട്ട് പോയി.. ഇന്നേതോ കേസ് ഉണ്ട്..അത് കഴിഞ്ഞു ആരെയോ കണ്ടിട്ടേ വരുള്ളൂ എന്ന് പറഞ്ഞിരുന്നു.. ശ്യാമ പറഞ്ഞു.. ശ്യമാന്റി.. ദേ ഇത് ബിരിയാണിയാ.. ദേവു തന്റെ കയ്യിലിരിക്കുന്ന കവർ പൊക്കി കാട്ടി പറഞ്ഞു.. ആഹാ.. ശ്യാമ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു.. ഇതെന്തിനാടാ ഇതും വാങ്ങി വന്നത്.. ശ്യാമ കിച്ചുവിനോട് ചോദിച്ചു..

ഉടായിപ്പ് മമ്മീ.. മടിച്ചീ.. ഇവിടെ ആകെ രണ്ടു പിടി ചോറെ ഉണ്ടാക്കുള്ളൂ എന്നെനിക്ക് അറിഞ്ഞൂടെ.. അതോണ്ട് വായ്ക്ക് രുചിയായി വല്ലോം കഴിക്കാമല്ലോ എന്നു കരുതി വാങ്ങി വന്നതാ.. വിമൽ പറഞ്ഞതും ശ്യാമ അവനെ കൂർപ്പിച്ചു നോക്കി.. പിന്നേ.. നീയിനി എന്റെ കയ്യീന്ന് വല്ലോം വാങ്ങി കഴിക്കാൻ വാടാ..തരാം ഞാൻ.. ശ്യാമ പറഞ്ഞു.. ഞങ്ങളിങ്ങോട്ട് വരണ കാര്യം വിളിച്ചു പറഞ്ഞിരുന്നില്ലല്ലോ ശ്യാമേ.. അതാ കഴിക്കാനുള്ളത് വാങ്ങി വന്നത്.. രാധിക പുഞ്ചിരിയോടെ പറഞ്ഞു.. ആ.. രണ്ടും ഒന്നു തന്നെ . ഞാനത് അൽപ്പം എലാബറേറ്റ് ചെയ്ത് പറഞ്ഞൂന്നെയുള്ളൂ.. വിമൽ കൈ മലർത്തി.. വിശക്കണു.. ദേവു പറഞ്ഞു.. അയ്യോടാ.. ശ്യമാമ്മ കഴിക്കാൻ എടുത്തു തരാട്ടോ.. മോള് മേൽ കഴുകി വാ.. ശ്യാമ പറഞ്ഞു.. ദേവൂട്ടാ. വാ.. ‘അമ്മ ഡ്രെസ്സ് എടുത്തു തരാം.. രാധിക പറഞ്ഞു..

നീയെന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.. ശ്യാമ കിച്ചുവിനോട് ചോദിച്ചു.. അതെങ്ങനാ.. ‘അമ്മ ഒന്നു മിണ്ടതിരിക്കണ്ടേ.. വിമൽ പറഞ്ഞു.. ദേ ചെറുക്കാ. വാങ്ങും നീയെന്റെ കയ്യീന്ന്.. ശ്യാമ കയ്യോങ്ങി.. കിച്ചു ചിരിച്ചു.. നീ പോയി ഫ്രഷായി വാ സൂര്യാ.. ഇവനിങ്ങനെയാ. ചുമ്മാ മനുഷ്യനെ കളിയാക്കും. ശ്യാമ പറഞ്ഞു.. ഹോ.. ഈ ബിരിയാണീടെ മണം.. വിമൽ വയറ്റിൽ കൈ ചേർത്തു പറഞ്ഞു.. പോടാ.. ശ്യാമ പറഞ്ഞു.. വാ.. നമുക്ക് കുളിച്ചിട്ട് വരാം.. വായോ.. വിമൽ അവനെ വിളിച്ചു.. പോയി കുളിച്ചിട്ട് വാ സൂര്യാ.. ഞാനിതൊക്കെ പകർത്തി വെയ്ക്കാം.. ഇവിടെ ചിലർക്ക് ഞാനുണ്ടാക്കി വെയ്ക്കണതൊന്നും ബോധിക്കില്യാല്ലോ.. ശ്യാമ പരിഭവം പറഞ്ഞു.. ഈ . വിമൽ ഇളിച്ചു കാണിച്ചു..ആ പുഞ്ചിരി പതിയെ കിച്ചുവിന്റെയും രാധികയുടെയും ശ്യാമയുടെയും ചുണ്ടിലേയ്ക്ക് പകർന്നു.. ***

ഗുഡ് മോർണിംഗ് അങ്കിൾ.. കിച്ചു പറഞ്ഞതും പത്രം വായിച്ചിരുന്ന വിനയൻ അവനെ നോക്കി..അയാൾ പുഞ്ചിരിച്ചു.. ഇരിക്ക് സൂര്യാ.. വിനയൻ പറഞ്ഞു.. അവൻ അയാൾക്കരികിലായി ഇരുന്നു.. പത്രം വായിക്കുന്നോ.. വിനയൻ ചോദിച്ചു.. ഹേയ്. ഈയിടെയായി പതിവില്ല അങ്കിൾ.. രാവിലെ ഓഫീസിൽ പോകാനുള്ള തിരക്കിൽ അതിനൊന്നും നേരം കിട്ടില്ല.. കിച്ചു പറഞ്ഞു.. എങ്ങനെ പോകുന്നു ജോലിയൊക്കെ.. വിനയൻ ചോദിച്ചു.. സത്യം പറഞ്ഞാൽ നന്നായി പോകുന്നു.. ഒരുപാട് ഓവർ ലോഡ് വർക്ക് ഇല്ല.. അത്യാവിശ്യം നല്ല സാലറിയും..അങ്കിളിനറിയാമല്ലോ.. ഒരു വട്ടപൂജ്യമായിരുന്നു ഞാൻ.. വീട് മാറിയപ്പോൾ.. അങ്കിൾ തന്ന ക്യാഷ് കൊണ്ട് അത്യാവിശ്യം വീട്ടു സാധനങ്ങൾ വാങ്ങി എങ്കിലും ഒന്നും ഒന്നുമായിരുന്നില്ല..

ഇപ്പൊ അത്യാവിശ്യം എല്ലാം ആയി.. സത്യം പറഞ്ഞാൽ ജിഷ്ണു കാരണമാ എല്ലാം.. കിച്ചു പറഞ്ഞു.. നല്ല പയ്യനാ.. ഉശിരുള്ള ഒരു ചെറുപ്പക്കാരൻ.. വിനയൻ പറഞ്ഞു . കിച്ചു പുഞ്ചിരിച്ചു.. അല്ല ഇതിപ്പോ എത്ര ദിവസം ലീവ് ഉണ്ട്.. വിനയൻ ചോദിച്ചു.. ഒരാഴ്ച ലീവ് എടുത്തു.. ഈയടുത്ത് കുറെ ലീവ് ആകുന്നുണ്ട്. ദേവുവിന്റെ ട്രീറ്റ്‌മെന്റും ഒക്കെ കാരണം കുറെ അവധി എടുത്തു.. കിച്ചു പറഞ്ഞു.. മ്മ്.. ഇനി നമുക്ക് അവരുമായുള്ള മീറ്റിങ് അറേഞ്ച് ചെയ്യാമല്ലോ.. അല്ലെ.. വിനയൻ ചോദിച്ചു.. മ്മ്.. അല്ല അങ്കിൾ അവിടെ എന്താണ് അവസ്ഥ.. കിച്ചു ചോദിച്ചു.. ഭാസ്കരക്കുറുപ്പും ജിത്തുവുമാണ് ഇപ്പൊ കമ്പനിയുടെ ഓണേഴ്‌സ്.. പക്ഷെ കമ്പനിയുടെ അവസ്ഥ പരുങ്ങലിലാ.. ശിവനുള്ളപ്പോൾ എല്ലാ കാര്യത്തിലും ഒരു നേരും നെറിയും ഉണ്ടായിരുന്നു..

ഇപ്പൊ അത് അവരുടെ പേരിലാണ്.. അച്ഛനായിരുന്നു എല്ലാത്തിന്റെയും മേൽനോട്ടം വഹിച്ചിരുന്നത്.. അതുകൊണ്ടാ അന്ന് ആ സ്ഥാപനം അത്രയും വളർന്നത്.. പക്ഷെ ജപ്തിക്ക് ശേഷം തിരിച്ചു പിടിച്ചിട്ടും കമ്പനി നഷ്ടത്തിലേക്ക് കൂപ്പ് കുത്തി.. ഇപ്പോൾ 2ഫാക്ടറികൾ തൊഴിലാളി സമരം മൂലം പൂട്ടി.. തുണിക്കട അടച്ചു പൂട്ടാറായി.. എക്സ്പോർട്ടിങ് കമ്പനി ഇൻകം ടാക്‌സ് അടപ്പിച്ചിരിക്കുകയാണ്.. അതിനി കൃത്യമായ രേഖകൾ ഹാജരാക്കാതെ തുറക്കാൻ കഴിയില്ല.. അതുപോലെ ഏറ്റവും അവസാനം ശിവൻ തുടങ്ങി വെച്ചതാ ഒരു സൂപ്പർ മാർക്കറ്റ്.. നിലവിൽ അത് മാത്രമാണ് ലാഭത്തിൽ പോകുന്നത് . വിനയൻ പറഞ്ഞു.. ഈ നഷ്ടത്തിലായ കമ്പനി താൻ ഏറ്റെടുക്കുന്നെങ്കിൽ അതിന്റെ ബാധ്യതകളും തന്റെ തലയിൽ ആകും…

വിനയൻ പറഞ്ഞു.. മ്മ്.. അതിനെപ്പറ്റി എല്ലാം ഒന്ന് ചോദിച്ചറിയാനാ ഞാൻ വന്നത്… പിന്നെ അവരോട് സംസാരിക്കണം.. കിച്ചു പറഞ്ഞു.. നിലവിൽ അതിന്റെ ഓണർ ഭാസ്കരക്കുറുപ്പാണ്.. അയാളുടെ മോനും അയാളും ചേർന്നാണ് ഇപ്പൊ അത് നടത്തുന്നത്.. ഷെയർ അവരുടെ രണ്ടാളുടെയും പേരിലാണ്.. ജിത്തു അച്ഛനുമായി പിണക്കത്തിലാണ്.. അവർ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിൽ ഷെയറുകൾ ഭാസ്കരക്കുറുപ്പ് തിരിച്ചു പിടിച്ചു..പക്ഷെ അതോടെ അച്ഛന് മോൻ ശത്രുവായി.. സത്യത്തിൽ കമ്പനി ഇപ്പൊ ഒരു നഷ്ടമാണ്.. അതിന്റെ പുറകിലുള്ള ബാധ്യതകൾ തീർക്കാൻ നടക്കുകയാണ് അയാൾ.. ജിത്തുവിന്റെ സ്വഭാവം പേടിച്ചു ആരും അതേറ്റെടുക്കാനും തയ്യാറാകില്ല..

അല്ലെങ്കിൽ തന്നെ പൂർണമായും നഷ്ടത്തിലായ ഒരു കമ്പനി ആരേറ്റെടുക്കാനാണ്.. വിനയൻ പറഞ്ഞു.. നമുക്ക് അയാളോട് സംസാരിക്കാം അങ്കിൾ.. കിച്ചു പറഞ്ഞു.. അതിനെനിക്ക് വിരോധമൊന്നും ഇല്ല.. പക്ഷെ നീ എടുത്തു ചാടി തീരുമാനിക്കരുത്.. ലീഗലായ കാര്യങ്ങളിൽ എനിക്ക് നിന്നെ സഹായിക്കാൻ കഴിയും.. പക്ഷെ അതിനപ്പുറം ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്യേണ്ടി വരും നീ.. വിനയൻ ഓർമിപ്പിച്ചു. കിച്ചു എന്തോ ആലോചിച്ചിരുന്നു.. ഏതായാലും നാളെ നമുക്ക് കുറുപ്പിനെ പോയി കാണാം.. എന്ത് തീരുമാനമെടുത്താലും അത് ആലോചിച്ചു വേണം.. വിനയൻ ഒന്നുകൂടി ഓർമിപ്പിച്ച ശേഷം അകത്തേയ്ക്ക് നടന്നു.. കിച്ചു എന്തോ ആലോചനയിൽ പുറത്തേയ്ക്ക് നോക്കി ഇരുന്നു..

തുടരും.. വൈകുന്നതിൽ എല്ലാവർക്കും പരിഭവം ഉണ്ടെന്നറിയാം.. മനഃപൂർവമല്ല.. എന്താ ചെയ്യ… തീരെ സമയം കിട്ടുന്നില്ല..അൽപ്പ സമയം കിട്ടി എന്തെങ്കിലും കുറിച്ചു വെയ്ക്കാംന്ന് കരുതുമ്പോ ചിലപ്പോ മനസ്സ് ബ്ലാങ്ക് ആയി പോകുന്ന അവസ്ഥയാണ്.. ഒന്നിച്ചു കുറച്ചുനേരം ഇരുന്നെഴുതാനുള്ള അവസ്ഥയിലല്ല ഇപ്പോൾ.. ഈ എഴുതുന്ന കഥകൾ ഇടയ്ക്ക് വെച്ചു നിർത്തി പോകാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാ ഇപ്പോഴും എഴുതുന്നത്.. നർത്തകിയും സഹയാത്രികയും എത്രയും വേഗം എഴുതി പൂർത്തിയാക്കാം.. കഴിവതും വേഗം.. കഥ വായന നിർത്തുകയാണ് എന്നു പറഞ്ഞവരോട്.. തീർച്ചയായും അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ട്.. അതിനെന്റെ സമ്മതം വേണ്ടിയിട്ടല്ല അങ്ങനെ പറഞ്ഞതെന്നും വൈകുന്നതിൽ പരിഭവമാണ് അതെന്നും നന്നായി അറിയാം.. എങ്കിലും അവസ്ഥ ഇതായതുകൊണ്ടാണ്.. നിങ്ങൾക്കുണ്ടാകുന്ന അലോസരത്തിനു നിരുപാധികം മാപ്പ്…..തുടരും

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 28

Share this story