അദിതി : ഭാഗം 25

അദിതി : ഭാഗം 25

എഴുത്തുകാരി: അപർണ കൃഷ്ണ

തന്റെ കൈയിൽ നിനച്ചിരിക്കാതെ വന്നു ചേർന്ന സ്വത്തുക്കൾ എല്ലാം കൈമാറ്റം ചെയ്തു കൊണ്ടുള്ള അവസാനത്തെ പേപ്പറിലും സൈൻ ചെയ്ത് കഴിഞ്ഞപ്പോൾ അദിതിക്ക്‌ എന്തെന്നില്ലാത്ത സമാധാനം അനുഭവപെട്ടു. ദേവാനന്ദ് അദിതിയുടെ പേരിൽ എഴുതി വച്ച സാമ്രാജ്യം ഇരുപത്തിഒന്ന് വയസു ആകുമ്പോൾ അവൾ ഏറ്റെടുത്തില്ലെങ്കിൽ അതെല്ലാം ഒരു ട്രസ്റ്റിന്റെ കീഴിൽ പോകുമായിരുന്നു. മഹേശ്വർ അദിതിയോടു ഇതിനെ പറ്റി പറയുമ്പോൾ തനിക്കു അമ്മയെ നഷ്ടമാക്കിയ സമ്പത്തൊന്നും വേണ്ട എന്നായിരുന്നു അവളുടെ തീരുമാനം. എന്നാൽ അദിതിയുടെ നാനാജി ദേവാനന്ദിന്റെ സ്വപ്നമായിരുന്നു തന്റെ അനന്തരാവകാശി ആയി ചെറുമകൾ വരുന്നത്.

അദ്ദേഹത്തിന്റെ ആ ആഗ്രഹം നടക്കാൻ വേണ്ടി എങ്കിലും അതൊക്കെ ഏറ്റെടുക്കണം എന്ന് മഹേശ്വർ മകളോട് പറഞ്ഞു. പിന്നെ എന്ത് ചെയ്യുന്നു എന്നത് അദിതിയുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തു. തന്റെ അഭിപ്രായം പറഞ്ഞതല്ലാതെ ഒന്നും അടിച്ചേൽപ്പിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ബാക്കി എല്ലാവരും അത് തന്നെ പറഞ്ഞപ്പോൾ അദിതി അംഗീകരിച്ചു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ അവൾ അമ്മയുടെ നാട്ടിലേക്കു രാജ്പുത് മഹലിലേക്കു യാത്രയായി. ഊഷ്മളമായ സ്വീകരണമായിരുന്നു അവിടെ അവർക്കു ലഭിച്ചത്. അദിതിയോടൊപ്പം മഹേശ്വറും ജോഷിയും എബിയും ഹർഷനും ശിവാനിയും ഉണ്ടായിരുന്നു.

ഒരുപാടു വര്ഷങ്ങള്ക്കു ശേഷം അദിതിയെയും മഹേശ്വറിനെയും കണ്ട സന്തോഷം ഓരോ കുടുംബാംഗവും പ്രകടിപ്പിച്ചു എങ്കിലും അന്തരീക്ഷത്തിൽ വരിഞ്ഞു മുറുകി നിന്ന ഒരു അദൃശ്യമായ അസ്വസ്ഥത അദിതി തിരിച്ചറിഞ്ഞു. അതിന്റെ കാരണവും അവൾക്കു ബോധ്യമായിരുന്നു. നേർത്ത പുഞ്ചിരിയോടെ ആണ് അവൾ ഓരോരുത്തരോടും സംസാരിച്ചത്. വൈദേഹി വീണ്ടും ഉയിർകൊണ്ട് വന്നത് പോലെ ഒരു അനുഭവമായിരുന്നു അവിടെ ഉള്ളവർക്കുണ്ടായത്. അദിതിയുടെ പെരുമാറ്റം പതിയെ ചുറ്റുപാടും നിറഞ്ഞിരുന്ന കാർമേഘത്തിന്റെ കണികകൾക്കു അയവുണ്ടായി. മുറുകി നിന്നിരുന്ന വീർപ്പുമുട്ടിക്കുന്ന ശ്വാസങ്ങൾ അയഞ്ഞു തുടങ്ങി.

പതിയെ പതിയെ സ്നേഹം വാതിലുകൾ കടന്നുള്ളിലെത്തി. വർഷങ്ങൾക്കു ശേഷം ഉപജാപങ്ങൾ ഇല്ലാതെ, കലർപ്പില്ലാത്ത സന്തോഷം രാജ്പുത് മഹലിന്റെ വായുവിൽ അലയടിച്ചു. ലണ്ടനിൽ നിന്നും തിരികെ എത്തിയ ആരുഷിയുടെ വാക്കുകളിൽ കൂടി അദിതി വൈദേഹിയുടെ ബാല്യവും കൗമാരവും ഒക്കെ അറിഞ്ഞു. അമ്മയോടൊപ്പം ഒരു ആയുഷ്കാലം ജീവിച്ച അനുഭൂതി ആയിരുന്നു അവൾക്ക്‌ ഉണ്ടായത്. ഒരാഴ്ച്ചകാലത്തെ അവിടെ ഉള്ള ജീവിതം അദിതിയുടെ മനസ്സിൽ ഉണ്ടായിരുന്ന പല ശൂന്യതകളെയും മായ്ച്ചു കളഞ്ഞു. പൂർവികമായ സ്വത്തുക്കൾ എല്ലാം പൊതുവായി കുടുംബത്തിൽ ഉള്ളവർക്ക് എഴുതി കൊടുത്തു. അതിൽ എത്രയോ ഇരട്ടി ഉണ്ടായിരുന്നു ദേവാനന്ദിന്റെ സ്വന്തം സമ്പാദ്യം.

അതിലെ നാൽപതു ശതമാനം ഷെയറും കുടുംബസ്വത്തുക്കളുടെ കൂട്ടത്തിൽ ആയിരുന്നു. ബാക്കി ഉള്ളത് “ഡി&വി” എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപികരിച്ചു ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റി വച്ചു. അദിതി ചെയർപേഴ്സൺ ആയി നടന്ന ആദ്യത്തേയും അവസാനത്തെയും മീറ്റിംഗിൽ അവൾ തന്റെ സ്ഥാനം ഒഴിഞ്ഞു. ആ മീറ്റിംഗിൽ വച്ചാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരാളുടെ മാനസിൽ അദിതിയുടെ മുഖം പതിയുന്നത്. അവരുടെ കമ്പനിയുമായി ബിസിനസ് അലയൻസ് ഉണ്ടായിരുന്ന നിരഞ്ജൻ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്ന്റെ ചെയർമാൻ മലയാളിയായ നിരഞ്ജൻ നാരായണിന്റെ മകൻ കശ്യപ് നാരായൺ. മഞ്ഞൾ നിറമുള്ള അനാർക്കലി ചുരിദാർ അണിഞ്ഞു മാലാഖയെ പോലെ വന്ന അദിതി ഒറ്റ നോട്ടത്തിൽ തന്നെ അയാളുടെ ഹൃദയം സ്വന്തമാക്കിയിരുന്നു.

ഒരു ഡോക്ടർ ആയ താൻ നിനച്ചിരിക്കാതെ അച്ഛനൊപ്പം ബിസിനസ് മീറ്റിംഗിനു വന്നതും അദിതിയെ കണ്ടതും ഒരു നിയോഗം പോലെ ആണ് അയാൾക്ക്‌ തോന്നിയത്. അദിതിയെ പിന്തുടർന്നിരുന്ന കശ്യപിന്റെ കണ്ണുകൾ ഹര്ഷനും കണ്ടിരുന്നു. ഉള്ളിലെവിടെയോ ഒരു കുഞ്ഞു അസൂയ. …സ്വാർത്ഥത ഉണർന്നു വരുന്നത് അവൻ അറിഞ്ഞു. ഹർഷന്റെ ഭാവമാറ്റത്തിന് കാരണം തേടിയ അദിതി കശ്യപിന്റെ കണ്ണുകളിൽ കത്തി നിൽക്കുന്ന ആരാധന കണ്ടു. സ്വത്തുക്കൾക്കു വേണ്ടി കൊലപാതകം പോലും നടക്കുന്നഈ കാലത്തു തന്റെ കൈ വന്ന അവകാമാറിയ അദിതി കശ്യപിന് ഒരു അദ്ഭുതമായിരുന്നു. മീറ്റിംഗിനു ശേഷം ഉള്ള വിരുന്നിനു വേണ്ടി രാജ്പുത് മഹലിൽ എത്തിയ കശ്യപ് അദിതിയോടു സംസാരിക്കാൻ പല പ്രാവശ്യം ശ്രമിച്ചു എങ്കിലും സാധിച്ചില്ല.

ഓരോ പ്രാവശ്യവും ആരെങ്കിലും ഒക്കെ അവളെ വിളിച്ചു കൊണ്ട് പോകും. എബി ആണേൽ മുഴുവൻ സമയവും അദിതിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഹർഷൻ അദിതിക്കൊപ്പം ചേർന്ന് ചേർന്നു നടക്കുന്നതും ഇരുവരുടെയും മുഖത്ത് തെളിഞ്ഞു കാണുന്ന സ്നേഹവും കശ്യപിനെ ഹതാശനാക്കി. താൻ ഭയക്കുന്നത് ….അത് സത്യമാകല്ലേ എന്നൊരു പ്രാർത്ഥന അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു. ഒടുവിൽ രാത്രി മറ്റാരും അരികിൽ ഇല്ലാതിരുന്ന ഒരു അവസരം അവനു ലഭിച്ചു. ചെറിയൊരു പരിചയപെടുത്തതിലിനു ശേഷം തന്റെ മനസ്സ് തുറക്കാൻ കശ്യപിന് കഴിയുന്നതിനു മുന്നേ അദിതിയുടെ കൈയിൽ ഇരുന്ന ഫോൺ ശബ്ദിച്ചു.

അതിൽ വന്ന മെസ്സേജ് വായിച്ച അദിതിയുടെ മുഖം പൂവുപോലെ വിടരുന്നതും അവൾ തന്നോട് യാത്ര പറഞ്ഞു പോകുന്നതും വിഷമത്തോടെ കശ്യപ് നോക്കി നിന്നു. ഹർഷന്റെ മെസ്സേജ് ആയിരുന്നു അത്. അവൾ നേരെ മട്ടുപ്പാവിലേക്കു നടന്നു. പതിവില്ലാതെ അവിടം ഇരുട്ടിൽ ആയിരുന്നത് കണ്ട അദിതിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു. ചെമ്പകപൂക്കളുടെ മനം മയക്കുന്ന സുഗന്ധം അവിടെ നിറഞ്ഞു നിന്നിരുന്നു. പുറകിൽ കൂടി തന്നെ ചുറ്റിയ ഹര്ഷന്റെ കൈയിൽ അവൾ കൈ കോർത്തു. കുറച്ചു സമയം അദിതിയുടെ തോളിൽ മുഖമാഴ്ത്തി നിന്ന ശേഷം അവൻ പതിയെ അവളിൽ നിന്നും അടർന്നു മാറി. പിന്നിയിട്ട തന്റെ മുടിയിഴകളിൽ ഹർഷൻ എന്തോ തിരുകി വയ്ക്കുന്നത് അവൾ അറിഞ്ഞു. ചെമ്പകപ്പൂക്കൾ…..

ചിരിയോടെ അദിതി ശ്വസിച്ചു. ചെമ്പകപ്പൂക്കൾക്ക് പ്രണയത്തിന്റെ ഗന്ധം ആണെന്ന് തോന്നുന്നു. നെറുകയിൽ… നാസികയിൽ…കവിളിൽ….ചുണ്ടിൽ…കഴുത്തിൽ…ഹർഷന്റെ ചുണ്ടുകൾ അങ്ങേയറ്റം മൃദുലമായി പതിയുമ്പോൾ അദിതി ഏതോ സ്വപ്നത്തിന്റെ തേരിൽ ആയിരുന്നു. പാതിയടഞ്ഞ മിഴികളുമായി തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി ഹൃദയത്തിൽ ഉണ്ടാക്കുന്ന വേലിയേറ്റവും സന്തോഷത്തിന്റെ തിരതള്ളലും ഹർഷൻ അറിഞ്ഞു. ആ മുഖം പതിയെ ഉയർത്തി, മൂക്കിൽ മൂക്കുരസി… അർധമയക്കത്തിൽ എന്ന പോലെ പുഞ്ചിരിച്ച അദിതിയുടെ മൂക്കിൻ തുമ്പിൽ അവൻ അരുമയായി കടിച്ചു. ഒരു കുറുകലോടെ അവളുടെ കൈകൾ ഹർഷനെ മുറുകെ പുണർന്നു.

ചെവി ഇടനെഞ്ചിൽ അമർത്തി അവന്റെ ഹൃദയമിടിപ്പുകൾക്ക് അവൾ കാതോർത്തു. ഹർഷന്റെ പാട്ടിൽ ലയിച്ചെന്ന പോലെ അദിതിയുടെ കാലുകൾ പതിയെ ചലിച്ചു. ഒപ്പം അവന്റെയും! ” ഹൃദയത്തിന് നിറമായ് പ്രണയത്തിന് ദലമായ് പനിനീര് മലരായ് നിറയൂ നീര്മണിയായ് വന്നുതിരും അനുരാഗക്കുളിരേ ഈ രാവിനൊരാലിംഗനമേകൂ.. ആകാശം ചൊരിയും നിറതാരങ്ങളുമായി പോരൂ വെണ്മേഘം പോലെ നീ ഓര്മ്മപ്പുഴ നീന്തി മാറില്ക്കുളിരേന്തി ഇന്നീ മൌനം പാടി ഹൃദയത്തിന് നിറമായ് പ്രണയത്തിന് ദലമായ് പനിനീര് മലരായ് നിറയൂ………” പ്രണയം ഭൂമിയിൽ അദിതിയുടെയും ഹർഷന്റെയും ജീവിതത്തിൽ സ്വർഗം തീർത്തു.

പരസ്‌പരം അലിഞ്ഞത്‌ പോലെ നിന്ന അവരെ കണ്ടതും നിറയാൻ ഒരുങ്ങിയ കണ്ണുകളെ ശാസിച്ചു കൊണ്ട് കശ്യപ് അവിടെ നിന്നും പിന്തിരിഞ്ഞു……………… ദിവസങ്ങൾ കൂടുതൽ കൂടുതൽ മനോഹരമാകുകയായിരുന്നു. കാണുന്നതിലെല്ലാം പ്രണയം നിറഞ്ഞ നാളുകൾ. അദിതിയുടെ സ്വപ്‌നങ്ങൾ ഹർഷന്റേതു കൂടിയായി. മഴ നനയാൻ, തിരക്കുള്ള വീഥികളിൽ പരസ്പരം കൈ കോർത്ത് നടക്കാൻ, പൂമരങ്ങൾ മെത്തവിരിച്ച വഴികളിലൂടെ നടന്നു സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ, ആർത്തിരമ്പുന്ന കടൽത്തിരകളോട് കിന്നാരം പറയാൻ. ….അങ്ങനെ അവളുടെ മോഹങ്ങൾക്കെല്ലാം കാവൽക്കാരനായി ഹർഷൻ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സൂര്യോദയങ്ങളിൽ ഒന്ന് കാണാൻ അദിതിയോടൊപ്പം നന്ദിഹിൽസിൽ ഹർഷനും കൂടി.

ഓരോ ദിവസവും കൂടുതൽ കൂടുതൽ പിരിയാൻ ആകാത്ത വിധം ഇഴചേരുകയായിരുന്നു അവർ. പ്രണയത്തിനെ…. അതിന്റെ ആഴത്തെ ഒരിക്കലും ദിവസങ്ങൾ കൊണ്ട് അളക്കാൻ കഴിയില്ല. അഞ്ചു വർഷങ്ങൾ കൊണ്ടുള്ള സ്നേഹം…. പ്രണയം അദിതിയുടെ ശ്വാസവും ജീവനും ആത്മാവും എല്ലാം ഹർഷനായിരുന്നു. ഓരോ നിമിഷവും അവൾ അവനെ പ്രണയിച്ചു കൊണ്ടിരുന്നു.അവൾ തന്റെ വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത പ്രണയത്തിന്റെ തീവ്രത വരച്ചിട്ടത് ചിത്രങ്ങളിലൂടെ ആയിരുന്നു. ഹർഷനും പ്രണയവും അവിടെ നിറഞ്ഞു തുളുമ്പി. ഒരായുഷ്കാലം അവനൊപ്പം ജീവിച്ച അനുഭൂതിയായിരുന്നു ആ ചിത്രങ്ങൾ നൽകിയത്. അതിൽ അവൾ ഭാര്യയായി.

അമ്മയായി. …; ആ ചിത്രങ്ങളിൽ അവർ ജീവിച്ചു. ഹർഷന്റെ അപ്പച്ചിയുടെ മകളുടെ വിവാഹവും അവരുടെ കുടുംബക്ഷേത്രത്തിലെ ഉത്സവവും പ്രമാണിച്ചു ഹർഷനോടൊപ്പം അദിതിയും എബിയും ഉണ്ടായിരുന്നു. ജോഷിയും ശിവാനിയും വിവാഹമടുപ്പിച്ചു എത്തും.അദിതി ഈ കാലയളവിൽ ഹർഷന്റെ കുടുംബത്തിനൊന്നാകെ പ്രിയമുള്ളവൾ ആയിരുന്നു. അദിതിയുടെ പഠനം കഴിഞ്ഞ ഉടനെ വിവാഹം നടത്താം എന്നായിരുന്നു തീരുമാനം. എറണാകുളത്തു കൃഷ്ണകുമാറിന്റെ കുടുംബവീട്ടിൽ ഒരു ഉത്സവം തന്നെ ആയിരുന്നു. നന്ദു അങ്കിൾ ആൻഡ് ഫാമിലിയും അവിടെ ഉണ്ടായിരുന്നു. ഡിഗ്രി പഠിക്കുന്ന സമയത്തു തന്നെ നർമ്മദയ്ക്കു വിവാഹ ആലോചനകൾ വന്നു തുടങ്ങിയിരുന്നു.

ഏങ്ങാനും അച്ഛൻ തന്നെ പിടിച്ചു കെട്ടിച്ചു കളയുമോ എന്ന പേടിയിൽ തനിക്കു എബിയെ ഇഷ്ടമാണെന്നു അവൾ പറഞ്ഞു. അത് നേരത്തെ മുതൽ അറിയാവുന്ന അങ്കിൾ എബിക്ക് ജോലി കിട്ടിയാൽ ഉടനെ വിവാഹം നടത്തി കൊടുക്കാം എന്ന് സമ്മതിച്ചാൽ ഇപ്പൊ രണ്ടും ധൈര്യമായി പ്രേമിച്ചു നടപ്പാണ്. ഉത്സവം പ്രമാണിച്ചു അമ്പലത്തിൽ കഥകളി ആയിരുന്നു. കീചകവധം വലിയ ഉത്സാഹത്തോടെ ആണ് അദിതി അത് കണ്ടിരുന്നത്. അവളെ തന്നെ നോക്കിയിരുന്ന ഹർഷന്റെ നേരെ നോക്കുമ്പോൾ ഒക്കെയും എഴുന്നേറ്റു വരാൻ അവൻ കണ്ണുകാണിക്കുന്നുണ്ട്. അതു കണ്ടില്ല എന്ന് നടിച്ചു ഇരിക്കെ ഹർഷന്റെ മുഖം വീർത്തു. ഒളിപ്പിച്ച ചിരിയോടെ അദിതി വീണ്ടും സ്റ്റേജിൽ കണ്ണ് നട്ടു. പരിപാടിയും വെടിവട്ടവും ഒക്കെ കഴിഞ്ഞു എല്ലാരും ഉറങ്ങാൻ പോയപ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.

ഉറങ്ങുന്നതിനു മുന്നേ ഒരു കുളി പാസ്സ് ആക്കി വന്ന അദിതിയെ ഹർഷൻ കോരിയെടുത്തു. കിടക്കയിൽ കണ്ണും മിഴിച്ചു ഇരുന്ന നർമ്മദയെ നോക്കി ഒരു ചിരി നൽകി ഹർഷൻ അദിതിയെയും കൊണ്ട് പുറത്തിറങ്ങി. നിലവിളിക്കാനൊരുങ്ങിയ അദിതിയുടെ വായ അവൻ പൊത്തി പിടിച്ചു. നേരെ പോയത് ടെറസിനു മുകളിലെക്കാണ്. അദിതിയെ താഴെ നിർത്തിയിട്ട് അവൻ അവിടെ തറയിൽ കിടന്നു. കുറച്ചു നേരം അവിടെ നിന്നിട്ട് അവൻ ഒന്നും പറയുന്നില്ല എന്ന് കണ്ടതും അദിതി തിരിഞ്ഞു നടക്കാൻ ഒരുങ്ങി. പെട്ടന്നാണ് കാലിൽ അവന്റെ പിടി വീണത്. നേരെ ഹർഷന്റെ നെഞ്ചിലേക്ക്…. ഉയർത്തി കെട്ടി വച്ചിരുന്ന മൂടിയഴിഞ്ഞു ചിതറി. ….. കുറച്ചു നേരം അങ്ങനെ കിടന്ന ശേഷം അദിതി മുഖമുയർത്തി നോക്കി.

ഹർഷന്റെ മുഖത്തും ചുറ്റും തറയിലും ആയി ചിതറി കിടക്കുന്ന തന്റെ മുടിയിഴകളെ ഒരു കൈ കൊണ്ട് അവൾ മാടിയൊതുക്കി. കണ്ണടച്ചു കിടന്ന ഹർഷൻ കണ്ണ് തുറന്നപ്പോൾ തിരയിളകുന്ന മിഴികളുമായി തന്നെ നോക്കുന്ന അദിതിയെ കണ്ടു. അവനപ്പോൾ അവളെ ആദ്യമായി കണ്ട നിമിഷം ഓർമ വന്നു. ഹർഷന്റെ നെഞ്ചിടുപ്പിന്റെ താളം മാറിയതറിഞ്ഞപ്പോൾ അവൾ പതിയെ അവനിൽ നിന്നും അകന്നു മാറാൻ നോക്കി. പെട്ടന്നാണ് അവളെ അരയിലൂടെ അവന്റെ കൈകൾ ചുറ്റിയത്. കുസൃതിയോടെ ചിരിക്കുന്ന ഹർഷന് ഒരു നുള്ളും കൊടുത്തു അവൾ ഒരു വശത്തേക്ക് ചരിഞ്ഞു. തന്റെ ഇടതു കൈ തലയിണ ആക്കി കെട്ടിപിടിച്ചു കണ്ണും ഇറുകെ അടച്ചു കിടക്കുന്ന അദിതിയെ ഹർഷൻ കണ്ണിമയ്ക്കാതെ നോക്കി.

അവന്റെ മുഖം തനിക്കു നേരെ വരുന്നു എന്ന് നിശ്വാസത്തിലൂടെ മനസിലാക്കിയ അദിതിയുടെ ഇമകൾ വല്ലാതെ പിടഞ്ഞു. അത് കണ്ടതും അവൻ പതിയെ അവളുടെ മുഖത്തേക്കു ഊതി. അദിതി പതിയെ കണ്ണ് തുറന്നു മനോഹരമായി പുഞ്ചിരിച്ചു. “അദിതി നീ എന്താ എന്നെ ഏട്ടാ എന്ന് വിളിക്കാത്തത്” “എന്തെ ഹർഷാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലേ” “ഇഷ്ടമാ പക്ഷെ……” “പക്ഷേ……” “അതല്ല….” “ഏതല്ല…” “എനിക്ക് ഒരു ആഗ്രഹം….” “ഓഹോ…” “ഒന്ന് വിളിക്കേഡി” “ഡി നിന്റെ കെട്ടിയോൾ” “എന്റെ കെട്ടിയോളെ തന്നെ ആണ്‌ വിളിച്ചത്” “ഇഇഇ” “എന്താ അല്ലേ” “മ്മ്” ” എന്നാൽ വിളി ഏട്ടാ എന്ന്” “എന്നോട് പറഞ്ഞാൽ വിളിക്കാം” “അതല്ലേ പറഞ്ഞത്” “ഇതല്ല” “പിന്നെ എന്താ” “എങ്കിലേ ഹർഷൻ എന്നോട് പറ i w എന്ന്” ഇത് കേട്ടതും ഹർഷൻ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു കളഞ്ഞു.

അദിതി കുലുക്കി വിളിച്ചപ്പോൾ അവൻ കൂർക്കം വിളിക്കാൻ തുടങ്ങി. അദിതിക്ക്‌ വല്ലാത്ത ദേഷ്യം വന്നു. തന്നെ ചുറ്റിയിരുന്ന അവന്റെ കൈ എടുത്തു കളഞ്ഞിട്ട് അവൾ ദേഷ്യത്തോടെ എഴുന്നേറ്റ് നടന്നു. “ഹും ഒരു ഏട്ടൻ വന്നേക്കുന്നു, അഞ്ചുവർഷം ആകുന്നു, ഒരു ഐ ലവ് യു പോലും പറയാത്ത ഓഞ്ഞ മനുഷ്യൻ…. ക്യാമുകൻ പോലും ക്യാമുകൻ…. എന്റെ പട്ടി വിളിക്കും ഏട്ടന് ന്നു. കിടക്കുന്ന കണ്ടാൽ മതി.. തെതെണ്ടി …. ” ചവിട്ടി കുലുക്കി നടന്ന് പോകുന്ന അദിതിയെ ചിരിയോടെ നോക്കിയ ശേഷം ഹർഷൻ വീണ്ടും കണ്ണുകൾ അടച്ചു. അടുത്ത ദിവസം മുതൽ അദിതി ഹർഷനോട് സൗന്ദര്യപിണക്കത്തിൽ ആയിരുന്നു. അവൻ നോക്കുബോള് തല വെട്ടിച്ചു കളയും.

ഇതുകൊണ്ടു ഹർഷൻ മുഴുവൻ സമയവും അവളുടെ പുറകെ തന്നെ നടക്കും. അവൻ കാണാത്ത നേരം അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു. കാര്യം അറിഞ്ഞിട്ടാകാം എബി നർമ്മദയോട് ‘ i ലവ് യു’ പറഞ്ഞു അദിതിയെ കൂടുതൽ വെറുപ്പിച്ചു. അദിതിയും ഹർഷനും തമ്മിൽ പിണക്കത്തെ ക്കാള് ഉപരിയായി ഒരൊളിച്ചു കളി ആയിരുന്നു. ഏട്ടാ എന്ന് വിളിപ്പിക്കാൻ ഹർഷനും i love you പറയിക്കാൻ അദിതിയും ഉറപ്പിച്ചു. വിവാഹവും ഉത്സവവും ഒക്കെ പ്രമാണിച്ചു തിരക്കുണ്ടായിരുന്നു എങ്കിലൂം ഹർഷന്റെ സാന്നിധ്യം അദിതിയെ ചുറ്റിപറ്റി നിന്നു. ഓരോ ദിവസം ചെല്ലും തോറും അദിതിക്ക്‌ ഹർഷനെയും അവനവളെയും പിരിഞ്ഞിരിക്കാൻ കഴിയാത്ത പോലെ.

ഹർഷന്റെ ലോകം മുഴുവൻ അദിതിയിൽ കേന്ദ്രികരിക്കപെട്ടു…… വിവാഹത്തിന്റെ ദിവസം പിങ്ക് നിറമുള്ള പട്ടുസാരിയിൽ അദിതി തിളങ്ങി നിന്നു. ആദ്യം മെറൂൺ ഷർട്ട് ആണ് ഇട്ടതെങ്കിലും അദിതിയെ കണ്ടപാടെ പോയി സെയിം നിറമുള്ള ഷർട്ട് ഇട്ടു വന്ന ഹർഷനെ ബന്ധുക്കളും കൂട്ടുകാരും ഒക്കെ ചേർന്നു കളിയാക്കി എങ്കിലും അവന് യാതൊരു കൂസലും ഉണ്ടായില്ല. കാണുന്നവർ എല്ലാം made for each other എന്ന് പറഞ്ഞ ജോഡി ആയിരുന്നു അവരുടെത്.കൃഷ്ണകുമാറിനും രാധികയ്ക്കും തികച്ചും അഭിമാനം തോന്നി.അമ്പലനടയിൽ താലി കെട്ടുന്ന സമയം തന്നെ ഒളികണ്ണിട്ട് നോക്കിയ അദിതിക്ക്‌ ഹർഷൻ പോക്കറ്റിൽ നിന്നും ഒരു ആലിലത്താലി എടുത്തു കാണിച്ചു കൊടുത്തു.

സൂര്യനെ കണ്ട താമര പോലെ അവളുടെ മുഖാം വിടർന്ന കണ്ടപ്പോൾ ഒരു കുസൃതി ചിരിയോടെ അത് കെട്ടട്ടെ എന്ന് അവൻ ചോദിച്ചു. അദിതി സമ്മതഭാവത്തിൽ തല കുലുക്കി. പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു ഹർഷന് അത്. അദിതിയുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും തന്നെ ഉറ്റു നോക്കി നിൽക്കുന്ന അമ്മയും അച്ഛനും ഉൾപ്പെടെ ഉള്ളവരെ കണ്ട് ഹർഷൻ ഇളിഭ്യതയോടെ ചിരിച്ചു. കളിയാക്കുന്ന തലയാട്ടാൽ ആയിരുന്നു മറുപടി. അദിതിയെ നോക്കിയപ്പോ ചിരിയടക്കാൻ പാടുപെട്ട് ആകാശത്തു നോക്കി നിൽപ്പാണ് അവൾ. ഹർഷൻ തറപ്പിച്ചു നോക്കുന്ന കണ്ടപ്പോൾ ഒരു സൈറ്റടി കൂടെ കൊടുത്തു. ആരവങ്ങൾ എല്ലാം ഒഴിഞ്ഞിരിക്കുന്നു. കുറെ നാളുകളുടെ അലച്ചിൽ കരണം എല്ലാരും നേരത്തെ ഉറക്കം പിടിച്ചിരുന്നു.

വല്ലാത്ത ഒരു മൂകത അനുഭവപ്പെട്ടപ്പോൾ അദിതി എഴുന്നേറ്റു. അവൾക്കപ്പോൾ ഹർഷനെ കാണാൻ തോന്നി. മുറിക്കു പുറത്തുള്ള ബാൽക്കണിയിൽ ആകാശം നോക്കി നിൽക്കുന്ന അവനെ പുറകിൽ കൂടി കെട്ടിപിടിച്ചു പുറത്തു മുഖമമർത്തി അദിതി നിന്നു. അവൻ പതിയെ അവളുടെ കൈയിൽ പിടിച്ചു കുറച്ചു കൂടി തന്നോടു ചേർത്ത് നിർത്തി. എത്രസമയം അങ്ങനെ നിന്നെന്നറിയില്ല. ഒടുവിൽ ഹർഷൻ അവളെ വിളിച്ചു. “അദിതി….” “മ്മ്” “ഉറങ്ങണ്ടേ” അവൾ വിപരീതാർത്ഥത്തിൽ തല കുലുക്കി. അവൻ പുഞ്ചിരിയോടെ അദിതിയെ പിടിച്ചു തനിക്കു നേരെ നിർത്തി. അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളുടെ അർഥം എന്തെന്നറിയാതെ ഹർഷൻ ഒരു നിമിഷം നിന്നു.

അടുത്ത നിമിഷം അവളെ കോരിയെടുത്തു കൊണ്ട് മുറിയിലേക്ക് നടന്നു. അവളുടെ ചുണ്ടിൽ വിരിഞ്ഞ കുസൃതി പുഞ്ചിരിയെ സ്വന്തം ആക്കാൻ എന്ന വണ്ണം അവൻ അവളിലേക്കടുത്തു. ശ്വാസങ്ങൾ ആദ്യം കെട്ടുപിണഞ്ഞു, പിന്നെ അത് ഉച്ചസ്ഥായിയിൽ ആയി. ഒടുവിൽ അതിപ്പോൾ നിലയ്ക്കും എന്നായപ്പോൾ അവൻ മുഖമുയർത്തി, വിട്ടുമാറാൻ മടിച്ചുഅവളെ തന്റെ ഇടനെഞ്ചോടു ചേർത്ത് പൊതിഞ്ഞു പിടിച്ചു. കിനാവോ യാഥാർഥ്യമോ എന്നറിയാത്ത ഏതോ ആലസ്യത്തിൽ അദിതി അവനെ ചുറ്റിപ്പിടിച്ചു ഉറങ്ങാൻ തുടങ്ങി. ഹർഷാ. …. ഹർഷാ. ….ഹർഷാ. ….. അവ്യക്തമായ മന്ത്രണങ്ങളോടെ അവൾ നിദ്രയിലേക്കാണ്ടു. തൻ്റെ അരികെ നിന്ന് കണ്ണുകൾ അടച്ചു തൊഴുതു നിൽക്കുന്ന അദിതിയെ ഹർഷൻ ചിരിയോടെ നോക്കി,

വെളുത്ത നിറമുള്ള കസവു തുന്നിയ ചുരിദാർ ആയിരുന്നു അവളുടെ വേഷം. എറണാകുളത്തപ്പനെ തൊഴാൻ വന്നതാണ് ഇരുവരും. മനസ് മൊത്തം ഭഗവാനിൽ അർപ്പിച്ചു നിൽക്കുന്ന അദിതിയിൽ നിന്നു കണ്ണെടുക്കാതെ ഹർഷൻ നോക്കി. കണ്ണു തുറക്കുമ്പോൾ കൈയിൽ ആലിലത്താലി കോർത്ത നേർത്ത മാലയുമായി ഹർഷൻ. കണ്ണുകളുടെ തിളക്കത്തിൽ അവളുടെ സമ്മതം വായിച്ചറിഞ്ഞ നിമിഷം അവൻ അവൾക്കു താലി ചാർത്തി, ഒരു നുള്ളു സിന്ദൂരത്തിൽ സീമന്തരേഖ ചുവന്നു……………….. “ഇനി വിളിക്കാമോ” “എന്ത്” “ഏട്ടാ ന്ന്” “ആദ്യംi loveyou” കുസൃതിയോടെ ഇത്രയും പറഞ്ഞു അദിതി നടന്നു.

എത്ര പെട്ടന്നാണ് ഒരു ഭാര്യ ആയത്. “അദിതി……..” വിളി കേട്ടതും അവൾ നിന്നു, തിരിഞ്ഞു നോക്കാതെ. i.. ………………… . . . . love ……………………… കഴിഞ്ഞ അഞ്ചു വർഷങ്ങൾ താൻ കേൾക്കാൻ കൊതിച്ച വാക്കുകൾ. …. നെഞ്ച് പിടയും പോലെ. ……. ഉടലാകെ ത്രസിക്കുന്നു. ആകെ തളരുന്ന പോലെ. ….. കോരിത്തരിപ്പോടെ അവൾ അടുത്ത വാക്കുകൾ വേണ്ടി കാതൊർത്തു. ….. കണ്ണുകളിൽ നീര് പൊടിഞ്ഞു. … . . . . yo.. …………… പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ ഒരു കാർ റോഡിൽ ഒച്ചയുയർത്തി. എന്തോ ഉരയും പോലെ. ഒരാമർത്തിയ നിലവിളി,….. ആഹ്. ………………….. ചുറ്റിനും വിളിയുയർന്നപ്പോൾ അദിതി തിരിഞ്ഞു നോക്കി. …ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയരുന്ന ഹർഷൻ,റോഡിൽ ഉരഞ്ഞു നിന്ന ഒരു കറുത്ത കാർ. .മിന്നൽ പോലെ അവനരികിലേക്കോടിയ അദിതിയുടെ മുന്നിലേക്ക് അവൻ വീണു.

ചിതറി തെറിച്ച രക്തത്തുള്ളികളിൽ അവളാകെ ചുവന്നു. ഒന്ന് നിലവിളിക്കാൻ പോലും മറന്നവൾ അവനരികിലേക്കു ഊർന്നിരുന്നു. മടിയിൽ അവന്റെ തല വച്ച് ചിലമ്പിയ സ്വരത്തിൽ വിളിച്ചു. …”ഏട്ടാ……” അടഞ്ഞു തുടങ്ങിയ കണ്ണുകൾ വലിച്ചു തുറന്നവൻ എന്തോ പറയാൻ ആഞ്ഞു. അവന്റെ മുഖത്തു പുഞ്ചിരിവിടർന്നു.കൈ അദിതിയുടെ കഴുത്തിൽ താലിയിൽ തൊട്ടു. ഒഴുകിയിറങ്ങിയ കട്ടച്ചോരക്കൊപ്പം മുറിഞ്ഞു മുറിഞ്ഞു ആ വാക്കുകൾ പുറത്തു വന്നു. ….. i …..love …..you.. … അദിതി! നെഞ്ചിൽ കുരുങ്ങിയ നിലവിളി ഒരു ഈർച്ച വാളു പോലെ അദിതിയെ കീറി മുറിച്ചു. i love you…. ഹർഷേട്ടാ! ലോകം മൊത്തവും തനിക്ക് ചുറ്റും കറങ്ങുന്ന പോലെ……… ഒടുവിൽ അവളും ബോധം നശിച്ചു പുറകിലെക്ക് മറിഞ്ഞു…. തുടരും

അദിതി : ഭാഗം 24

Share this story