സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 30

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 30

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഏതായാലും നാളെ നമുക്ക് കുറുപ്പിനെ പോയി കാണാം.. എന്ത് തീരുമാനമെടുത്താലും അത് ആലോചിച്ചു വേണം.. വിനയൻ ഒന്നുകൂടി ഓർമിപ്പിച്ച ശേഷം അകത്തേയ്ക്ക് നടന്നു.. കിച്ചു എന്തോ ആലോചനയിൽ പുറത്തേയ്ക്ക് നോക്കി ഇരുന്നു.. ********* സർവാഭരണ വിഭൂഷിതയായ ദേവിയുടെ മുൻപിൽ നിന്ന് രാധിക മനസ്സു നിറഞ്ഞു തൊഴുതു.. ഒപ്പം ശ്യാമയും.. ശ്യാമയുടെ തൊട്ടരികിൽ നിന്നു ദേവുവും ദേവിയെ തൊഴുന്നുണ്ടായിരുന്നു.. ആ രണ്ട് അമ്മ മനസ്സിലും നിറയേ അവളെ കുറിച്ചുള്ള ആകുലതകളായിരുന്നു.. ദേവാംഗന.. ഉത്രാടം.. ഒരു പുഷ്പാർച്ചനയും ശത്രുസംഹാര പൂജയും.. കിച്ചു ദേവസം ഓഫീസിണ് മുൻപിലെ കൗണ്ടറിൽ പറഞ്ഞു രസീത് വാങ്ങി..

ആഹാ എല്ലാരും തകർത്തു പ്രാർത്ഥനയാണല്ലോ കിച്ചൂ.. ശ്രീകോവിലിനരികിലേയ്ക്ക് നടക്കവേ വിമൽ പറഞ്ഞു.. തൊഴുതു നിൽക്കുന്ന രാധികയെയും ശ്യാമയെയും ദേവുവിനെയും അവൻ നോക്കി . പതിയെ പുഞ്ചിരിച്ചു.. നാളുകൾക്ക് ശേഷമാ ഇങ്ങോട്ട് വരുന്നത്.. എത്ര ദൂരെ പോയാലും നമ്മുടെ നാടും കളിച്ചു വളർന്നയിടവും അമ്പലവും ഗ്രൗണ്ടും പള്ളിയും ഒക്കെ കാണുമ്പോൾ നെഞ്ചിൽ ഒരു ഉത്സാഹമാ അല്ലെടാ.. കിച്ചു പറഞ്ഞു.. വിമൽ വെറുതെ പുഞ്ചിരിച്ചു.. അവർ ശ്രീകോവിലിനരികിൽ ചെന്നു. രസീത് പടിയിൽ വെച്ച ശേഷം കൺ നിറയെ ദേവിയെ കണ്ടു തൊഴുതു.. കണ്ണുകളടച്ചു പ്രാര്ഥിച്ചപ്പോൾ എന്തുകൊണ്ടോ അവന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഭദ്രയുടെ മുഖമാണ്..

ദേവീ.. എന്തോ അപകടത്തിലേയ്ക്കാണ് അവളുടെ യാത്രയെന്നു മനസ്സ് പറയുന്നു.. അറിയാല്ലോ.. ആ കുടുംബത്തിന്റെ ഏക അത്താണിയാണ്.. ഒരുപാട് സഹിച്ചവരല്ലേ അവര്.. ഇനിയും അവരെ പരീക്ഷിക്കരുതെ ദേവീ.. അവൻ മനസ്സിൽ പ്രാർത്ഥിച്ചു… അറിയാല്ലോ.. ഒരു പുതിയ ചുവടു വെയ്ക്കാൻ പോകുകയാണ്.. തുണയ്ക്കണേ ദേവീ… എല്ലാ വിഘ്‌നങ്ങളും മാറ്റിത്തന്നു കൂടെ നിൽക്കണം.. തോറ്റു പോയാൽ… പിന്നെ ഞാനില്ല.. അത്രയ്ക്ക് വലിയൊരു ചുവടാണ് മുൻപിൽ.. പിഴയ്ക്കാതെ മുന്നേറാൻ തുണയാകണേ ദേവീ.. കിച്ചു ദേവിയെ നോക്കി മനസ്സിൽ പറഞ്ഞു.. എല്ലാവർക്കും വേണ്ടി മനസ്സു നിറയെ പ്രാർത്ഥിച്ച ശേഷമാണ് അവൻ തിരികെ നടന്നത്.. ആഹാ.. ഇതാര് സൂര്യനോ..

അല്ല ജയിലീന്നൊക്കെ എപ്പൊ വന്നൂ.. ചോദ്യം കേട്ട് കിച്ചുവും വിമലും തിരിഞ്ഞു നോക്കി.. ഏതാടാ ഇങ്ങേര്.. കിച്ചു പതിയെ വിമലിനോടായി ചോദിച്ചു.. അതാ കുന്നത്തെ ശേഖരേട്ടനാ.. നമ്മുടെ ബിപീഷിന്റെ അമ്മാവൻ.. വിമൽ പറഞ്ഞു. കിച്ചു ഒന്നു തിരിഞ്ഞു.. എന്താ അങ്കിൾ ചോദിച്ചത്.. കേട്ടില്ല.. അവൻ പറഞ്ഞു.. അത് പിന്നേ.. അന്ന് രാജേന്ദ്രൻ മോഷണത്തിന് കേസ് കൊടുത്തില്ലെ.. അതാ ചോദിച്ചത്.. എപ്പോ ഇറങ്ങീന്ന്.. അയാൾ പറഞ്ഞു.. ഇന്ന് രാവിലെ ഇറങ്ങിയതാ അങ്കിൾ…അപ്പൊ കരുതി അമ്പലം വഴി വീട്ടിൽ പോകാമെന്ന്.. എന്തേ വിരോധം എന്തെങ്കിലും.. കിച്ചു ചോദിച്ചു.. ഹേയ്.. മുൻ വെറുതെ.. കിച്ചുവിന്റെ ഭാവമാറ്റം കണ്ട്‌ അയാൾ പെട്ടെന്ന് പറഞ്ഞു..

അതേ വീട്ടിൽ വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടാ നാട്ടാരുടെ കാര്യത്തിൽ ഇത്ര കണ്ട് ആവേശം തോന്നുന്നത്.. ആകെയുള്ള ഒരു പെങ്ങളെ പറ്റിച്ചു കുറെ സ്വത്തുണ്ടാക്കി ഇട്ടിട്ടില്ലേ. മേലനങ്ങി അതിൽ പണിയെടുക്ക്.. അപ്പൊ തീരും ഈ തന്നിട്ട് എല്ലിനിടയിൽ കേറുന്ന കുത്തല്.. വിമൽ പറഞ്ഞു.. അതാണ്.. പിന്നെ അങ്കിളെ.. ഞാൻ ബിപീഷ് അല്ല.. അതുകൊണ്ടാ അങ്ങേര് എന്റെ പേരിൽ കേസ് കൊടുത്തു നോക്കിയത്.. അങ്ങനെ തളരുന്നവനല്ല ഈ ഞാൻ.. എനിക്കറിയാം എങ്ങനെ നിയമപരമായി അയാളെ നേരിടണം എന്ന്. പിന്നെ മോഷണം.. അങ്ങനെ വല്ലോം എടുത്താൽ പോലും ഒരുത്തനും എന്നോട് ചോദിക്കാൻ അവകാശമില്ല.

അയാളെ പോലെ തന്നെ അതിന്റെയൊക്കെ നേരെ പകുതി അവകാശം എനിക്കുമുണ്ട്.. അതുകൊണ്ട് ആ പേരും പറഞ്ഞു നിങ്ങൾ വെറുതെ സമയം കളയേണ്ട.. ചെല്ലു.. നാട്ടിൽ വേറെയും കുറെ പ്രശ്‌നമില്ലേ . പോയി അവിടെ അഭിപ്രായം പറയ് കേട്ടോ.. ഇവിടെ ചെലവാക്കാൻ വെച്ച വെള്ളം അടുപ്പത്തൂന്നു വാങ്ങി വെച്ചേരെ.. കിച്ചുവും പറഞ്ഞു.. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അയാൾ പോയി.. ഇതാ രാജേന്ദ്രന്റെ വേറൊരു പതിപ്പാ.. ആ ബിപീഷിന്റെ അച്ഛന്റെ ഓപ്പറേഷന് എന്തോ നക്കാപ്പിച്ച കൊടുത്തു അവരുടെ പേരിലുണ്ടായിരുന്നിടത്തോളം വസ്തു എഴുതിയെടുത്തു..എന്നിട്ടാ അയാളുടെ പുച്ഛം.. വിമൽ പുച്ഛത്തോടെ പറഞ്ഞു.. അവനിപ്പോ..

കിച്ചു വിമലിനെ നോക്കി.. ആ സപ്ലൈക്കോയിലാ.. നമ്മുടെ രമ്യയെ കല്യാണോം കഴിച്ചു.. അന്തസ്സായി ജീവിക്കുന്നു.. അവൻ പറഞ്ഞു..കിച്ചു പുഞ്ചിരിച്ചു.. എട്ടാ എനിക്ക് ഐസ് ക്രീം വാങ്ങി തരാമോ.. അമ്പലത്തിൽ നിന്നിറങ്ങി നടക്കവേ ബേക്കറി ചൂണ്ടി ദേവു പറഞ്ഞു.. പനി പിടിക്കും മോളെ.. രാധിക പറഞ്ഞു.. ഓ വല്ലപ്പോഴും ഒരു ഐസ് ക്രീം ഒക്കെ കഴിക്കാം.. ഞാൻ വാങ്ങി തരാം.. അതും പറഞ്ഞു വിമൽ അവരെ വിളിച്ചുകൊണ്ടുപോയി.. ഐസ് ക്രീം കഴിക്കുമ്പോഴും തനിക്കെതിരെ ഇരുന്നു ആസ്വദിച്ചു ഐസ് ക്രീം കഴിക്കുന്ന ദേവുവിലായിരുന്നു അവന്റെ കണ്ണുകൾ.. അത് മനസ്സിലാക്കിയെന്നോണം ശ്യാമയുടെ ചുണ്ടിലും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു… ***

ഹോട്ടൽ ഗ്രീൻ പാലസിൽ ഭാസ്കരകുറുപ്പിനെതിർവശമായി ഇരിക്കുമ്പോൾ കിച്ചുവിന്റെ കണ്ണുകൾ അയാളുടെ കുറുകിയ കണ്ണുകളിലായിരുന്നു..ഒരിക്കൽ ചതിച്ചു നേടിയതൊക്കെയും കൈവിട്ട് താൻ അന്ന് ചതിച്ചവരുടെ മുൻപിൽ തന്നെ ഇരിക്കേണ്ടി വന്നതിന്റെ ചടപ്പ് ആ കണ്ണുകളിൽ വ്യക്തമായിരുന്നു.. താത്പര്യമുണ്ടായിട്ടല്ല.. എന്നാലും ശിവരാജന്റെ മോൻ ചോദിക്കുമ്പോൾ എങ്ങനെയാ പറ്റില്ല എന്ന് പറയുക.. ഭാസ്കരക്കുറുപ്പ് പറഞ്ഞു.. കൂടുതൽ വിവരണത്തിൽ ആവശ്യമൊന്നും നമുക്കിടയിൽ ഇല്ല മിസ്റ്റർ ഭാസ്കര കുറുപ്പ്.. നിലവിൽ കമ്പനിയുടെ അവസ്ഥയെന്താണെന്ന പൂർണ ബോധ്യം ഞങ്ങൾക്കുണ്ട്.. അത് മാത്രമല്ല ഇപ്പോൾ നിങ്ങൾക്കീ കമ്പനി ഒരു തലവേദന ആണെന്നും ഞങ്ങൾക്കറിയാം.. കിച്ചു പറഞ്ഞു.. അയാൾ തല താഴ്ത്തി..

ഞാൻ 30 ലക്ഷത്തിനാണ് കമ്പനി ലേലത്തിൽ പിടിച്ചത്.. ആ തുകയ്ക്കൊപ്പം ഏതാണ്ട് ഒരു 5,6 ലക്ഷം പല ആവശ്യങ്ങൾക്കായി ഇറക്കേണ്ടി വന്നിട്ടുണ്ട്… അത് കിട്ടിയാൽ കമ്പനി വിട്ട് തരാൻ എനിക്ക് വിരോധമൊന്നുമില്ല.. അയാൾ പറഞ്ഞു.. അതെങ്ങനെയാ കുറുപ്പേ ശെരിയാകുന്നത്.. താൻ പറയുന്ന വാല്യൂ അനുസരിച്ച് ഞങ്ങൾ കമ്പനി ഏറ്റെടുക്കണമെങ്കിൽ കുറഞ്ഞത് 35 ലക്ഷം നിങ്ങൾക്ക് തരണം.. പോരാത്തതിന് ലക്ഷങ്ങളുടെ ബാധ്യത വേറെയും.. അല്ലെ.. വിനയൻ ചോദിച്ചു.. അത് പിന്നെ.. എനിക്ക് നഷ്ടം.. നിങ്ങളുടെ നഷ്ടവും ലാഭവും നോക്കിയല്ല ഞങ്ങൾ കമ്പനി ഏറ്റെടുക്കുന്നത്.. അതിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ചാരിറ്റിയും അല്ല.. കമ്പനിയിൽ നിന്നും ഞങ്ങളും പ്രതീക്ഷിക്കുന്നത് ലാഭം തന്നെയാണ്..

അയാൾ പറഞ്ഞു തുടങ്ങിയതും കിച്ചു പറഞ്ഞു.. അത് മോനെ.. ഞാൻ.. അല്ല അത് ശിവരാജന്റെ വിയർപ്പല്ലേ.. ഭാസ്കരക്കുറുപ്പ് പറഞ്ഞു.. ആണോ.. അത് നിങ്ങൾ ഇപ്പോഴാണോ ഓർത്തത്.. കിച്ചു ചോദിച്ചു.. അയാൾ മുഖം കുനിച്ചു.. കമ്പനിക്ക് ഇപ്പൊ മൊത്തം എത്ര രൂപയുടെ ബാധ്യതയുണ്ട്.. വിനയൻ ചോദിച്ചു.. ഏകദേശം ഒരു 20 ലക്ഷത്തിന് മുകളിൽ വരും.. അയാൾ പറഞ്ഞു.. അതിൽ ലോൺ എത്രയാ.. കിച്ചു ചോദിച്ചു.. 18 ലക്ഷം ലോൺ ആണ്.. പിന്നെ ഇത് കൂടാതെ എന്റെ വീടിന്റെ ആധാരവും ബാങ്കിൽ ലോൺ വെച്ചേയ്ക്കുകയാ..10 ലക്ഷത്തിന്.. അതും കമ്പനിക്ക് വേണ്ടിയാണ്.. അയാൾ പറഞ്ഞു.. കിച്ചു വിനയനെ നോക്കി.. ഇപ്പൊഴത്തെ കമ്പനിയുടെ ഷെയർ ഡീറ്റൈൽസ് എനിക്ക് കാണണം. വിനയൻ പറഞ്ഞു..

അയാൾ മുന്പിലിരുന്ന ഫയൽ എടുത്ത് വിനയന് നേർക്ക് നീട്ടി.. ഡീറ്റൈൽസ് എല്ലാമിതിലുണ്ട്.. അയാൾ പറഞ്ഞു.. വിനയൻ അത് വാങ്ങി.. എനിക്ക് അധികം നേരമില്ല.. കമ്പനിയുടെ വാർഷിക വരുമാനം ഇപ്പോൾ അടയ്ക്കാനുള്ള ലോണിനെക്കാൾ വളരെ കുറവാണ്.. സോ കമ്പനിയുടെ ബ്രേക്ക് ഈവൻ പോയിന്റ് കഴിഞ്ഞിരിക്കുന്നു.. ഭീമമായ ഒരു തുക തന്നിട്ട് ഇങ്ങനെയൊരു കമ്പനി ഏറ്റെടുക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. കിച്ചു പറഞ്ഞു.. സൂര്യൻ അത്.. ഭാസ്കരക്കുറുപ്പ് പറഞ്ഞു.. ഇനി തുറന്നു പറയാമല്ലോ.. ഇപ്പോൾ കമ്പനിയുടെ ബാധ്യതകളും എന്റെ ബാധ്യതകളും ഒക്കെ കൂടെ കൊണ്ടുപോകാൻ എനിക്ക് ബുദ്ധിമുട്ടാണ്.. ശിവന്റെ കമ്പനി അല്ലെ.. ഫാക്ടറിയിൽ തൊഴിലാളി സമരം നടക്കുകയാണ്..

എക്സ്പോർട്ടിങ്‌സും മുന്നോട്ട് കൊണ്ടുപോകാൻ ആകാത്ത അവസ്ഥയിലാണ്.. ആകെ സൂപ്പർമാർക്കറ്റ് മാത്രമാണ് ലാഭത്തിൽ പോകുന്നത്. അതിൽ നിന്നും കിട്ടുന്ന തുക കൊണ്ട് എന്തെല്ലാം എന്നു വെച്ചാണ് ഞാൻ. ചെയ്യേണ്ടത്.. ഈ സമയത്ത്‌ കമ്പനി ഏറ്റെടുക്കുന്നത് എനിക്ക് വലിയ സഹായമാകും.. അറ്റ്ലീസ്റ്റ് അതിന്റെ ബാധ്യതകൾ എങ്കിലും തലയിൽ നിന്നൊഴിയുമല്ലോ.. കമ്പനി വിട്ട് തരാൻ ഞാൻ റെഡിയാണ്.. 15 ലക്ഷം രൂപ.. ഞാൻ കമ്പനി ഏറ്റെടുത്തിന്റെ നേരെ പകുതി ക്യാഷ്.. അതിനു കമ്പനി വിൽക്കാൻ ഞാൻ തയാറാണ്. ഭാസ്കരക്കുറുപ്പ് പറഞ്ഞു.. ഞങ്ങൾ ഒന്നാലോചിക്കട്ടെ . ഇത്രയും ബാധ്യതകൾ തലയിൽ എടുത്തു വെയ്ക്കുമ്പോൾ ആലോചിക്കണമല്ലോ..

കിച്ചു പറഞ്ഞു.. അങ്കിൾ നമുക്കിറങ്ങാം.. കിച്ചു വിനായനോടായി ചോദിച്ചു.. ആ.. ഓകെ സൂര്യാ.. വിനയൻ പറഞ്ഞതും കിച്ചു കണ്ണു കാണിച്ചു നടന്നു.. ഏതായാലും നിങ്ങളുടെ ഫോൺ നമ്പർ തരൂ.. ഞങ്ങൾ ആലോചിച്ചു പറയാം.. വിനയൻ പറഞ്ഞു.. കുറുപ്പ് നമ്പർ അയാൾക്ക് നൽകി.. ശെരി.. വിനയൻ പറഞ്ഞിട്ടിറങ്ങി.. ********* എന്താ സൂര്യാ നിന്റെ അഭിപ്രായം.. വീട്ടിലേയ്ക്ക് മടങ്ങും വഴി വിനയൻ ചോദിച്ചു.. കമ്പനി ഏറ്റെടുക്കണം എന്നു തന്നെയാണ് അങ്കിൾ.. പക്ഷെ 15 ലക്ഷം.. 15 അല്ല സൂര്യാ അതിൽ കൂടുതൽ വരും.. കാരണം തൊഴിലാളി സമരം ഒത്തുതീർപ്പാക്കിയാലെ ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കുവാൻ കഴിയൂ..അതുപോലെ തുണിക്കട ഏകദേശം കാലിയാണ്…

എക്സ്പോർട്ടിങ്‌സ് തുറന്നു പ്രവർത്തിപ്പിക്കണമെങ്കിൽ ആദ്യം ടാക്‌സ് ഡീറ്റൈൽസ് എല്ലാം ചെക്ക് ചെയ്ത് ബാലൻസ് ഷീറ്റ് റേഡിയാക്കണം.. അതുപോലെ പേപ്പേഴ്‌സ് എല്ലാം ശെരിയാക്കി അഥവാ ടാക്‌സ് വെട്ടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഫൈൻ അടക്കം അടക്കേണ്ടി വരും.. വിനയൻ പറഞ്ഞു.. കിച്ചു ആലോചനയോടെ പുറത്തേയ്ക്ക് നോക്കിയിരുന്നു.. നീ എന്താ വഴി കണ്ടെയ്ക്കണെ.. വിനയൻ ചോദിച്ചു.. വീട്…ആധാരം പണയം വയ്‌ക്കേണ്ടി വരും.. അവൻ കൂസാതെ പറഞ്ഞു.. ഞാൻ ഊഹിച്ചു.. പക്ഷെ സൂര്യാ… നല്ലതുപോലെ ആലോചിച്ചു ചെയ്യണം.. അവസാനം വീണ്ടും ഒക്കെയും നഷ്ടപ്പെടുന്ന ഒരു അവസ്ഥ വരരുത്.. വിനയൻ പറഞ്ഞു.. മ്മ്.. ആലോചിക്കാം അങ്കിൾ..

വിമലിനോടും അമ്മയോടും എല്ലാവരോടും ഒന്ന് ആലോചിച്ചു തീരുമാനിക്കാം.. കിച്ചു പറഞ്ഞു.. വിനയനും ആലോചനയോടെ ഇരുന്നു.. ******** അപ്പൊ അത് ഏറ്റെടുക്കാൻ തന്നെ നീ തീരുമാനിച്ചല്ലേ.. നല്ലോണം ആലോചിച്ചോ കിച്ചൂ നീ.. വിമൽ ചോദിച്ചു.. മ്മ്.. അത് നമുക്ക് ഏറ്റെടുക്കണം വിമലേ.. അച്ഛന്റെ സമ്പാദ്യമാണ്. അച്ഛന്റെ വിയർപ്പാണ്.. കിച്ചു ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.. ജോലി രാജി വയ്‌ക്കേണ്ടി വരില്ലേ. അതുപോലെ വീടിന്റെ ആധാരം പണയം വെച്ചാൽ അതിന്റെ തിരിച്ചടവ്.. അങ്ങനെ കുറെ കാര്യങ്ങളില്ലേ.. വിമൽ ചോദിച്ചു.. മ്മ്.. എല്ലാം ഉണ്ട്. അത് മാത്രമല്ല.. ആധാരം പണയം വെച്ചാലും അധികമൊന്നും കിട്ടില്ല.. അവിടെ സ്ഥലത്തിനും വലിയ വിലയൊന്നും ഇല്ലല്ലോ..

കിച്ചു പറഞ്ഞു.. അതോർത്ത് തൽക്കാലം ടെൻഷൻ ആകേണ്ട. തികയാത്ത തുക നമുക്ക് എവിടുന്നെങ്കിലും സംഘടിപ്പിക്കാമെന്നെ.. വിമൽ പറഞ്ഞു.. കിച്ചു പുഞ്ചിരിച്ചു.. ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്താണെന്ന് നിനക്കറിയോ.. കിച്ചു വിമലിനെ നോക്കി ചോദിച്ചു.. അറിയാം.. ആ വീടല്ലേ.. വിമൽ പറഞ്ഞു.. കിച്ചു പൊട്ടിച്ചിരിച്ചു.. അല്ലെടാ പൊട്ടാ… അത് നീയാ.. കിച്ചു പറഞ്ഞു.. ഞാനോ.. നീ മാത്രമല്ല.. വിനയൻ അങ്കിൾ ശ്യാമാന്റി അമ്മ പിന്നെന്റെ ദേവു.. പിന്നെ ജിഷ്ണുവും.. കിച്ചു പറയുന്നതോടൊപ്പം നിറ പുഞ്ചിരിയുള്ള ആ മുഖത്തേക്ക് ഒരിറ്റ് കണ്ണുനീർ ഇറ്റ് വീഴുന്നത് വിമൽ കണ്ടു . അറിയാതെ ആ കണ്ണുകളിലും കണ്ണുനീർ ഉരുണ്ടു കൂടി.. എന്റെ ബലമാണ് നിങ്ങളോരോരുത്തരും.. ഞാനീ ലോകത്ത് ഏറ്റവും വിശ്വസിക്കുന്നതും നിങ്ങളെയാ..

ഒരുപക്ഷേ അമ്മയോടൊ മറ്റാരോടോ പറയാത്തതായി എന്തെങ്കിലുമൊക്കെ കാണും..പക്ഷെ നീയറിയാത്തതായി ഈ മനസ്സിൽ ഒന്നുമില്ലെടാ.. കിച്ചു പറഞ്ഞു.. വിമലിന്റെ നെഞ്ചിലൊരു പിടച്ചിൽ തോന്നി.. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഉള്ളിലൊതുക്കിയ ആ വലിയ രഹസ്യത്തിന്റെ വേദന അവനിലേക്ക് അരിച്ചു കയറി.. ആ വേദനയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…. അവൻ പതിയെ കണ്ണുകൾ അടച്ചു.. ടാ.. മതി സന്തോഷാശ്രു.. വീടെത്താറായി.. ഇനി അവര് വിചാരിക്കും നമ്മളെന്തൊ സെന്റിയടിച്ചു കരഞ്ഞതാണെന്നു… കിച്ചുവിന്റെ വാക്കുകൾ കേട്ട് വിമൽ ബദ്ധപ്പെട്ട് ഒന്നു പുഞ്ചിരിച്ചു.. പതിയെ പുറത്തേയ്ക്ക് നോക്കിയിരുന്നു….തുടരും

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 29

Share this story