ഹരി ചന്ദനം: ഭാഗം 35

ഹരി ചന്ദനം: ഭാഗം 35

എഴുത്തുകാരി: ശ്രുതി കൃഷ്ണ

നിലത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെ കണ്ടപ്പോൾ ദേഹമാകെ തളരുന്നത് പോലെ തോന്നി.വീണുപോകാതിരിക്കാൻ ഒരു ആശ്രയമെന്നോണം ചുവരിൽ പിടിച്ചു.അപ്പോഴേക്കും കിച്ചു ഓടിപ്പിടഞ്ഞു അമ്മയുടെ അടുത്തെത്തിയിരുന്നു.ഞാനും എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു അമ്മയുടെ അടുത്തേക്ക് നീങ്ങി.തല ശക്തമായി ഭിത്തിയിൽ ഇടിച്ചു ചോര ഒഴുകിക്കൊണ്ടേയിരുന്നു.താഴത്തെ ബഹളം കേട്ടിട്ടാണെന്നു തോന്നുന്നു H.P യും ഓടിപാഞ്ഞെത്തി.ഞങ്ങൾ മൂന്നാളും കൂടി താങ്ങി പിടിച്ച് അമ്മയെ വണ്ടിയിൽ കയറ്റി.ഞാൻ അമ്മയോടൊപ്പം പുറകിൽ കയറി.H.P വണ്ടി സ്റ്റാർട്ട്‌ ആക്കുമ്പോഴേക്കും വീട് പൂട്ടി കിച്ചുവും വണ്ടിയിൽ കയറി.

വലിയൊരു ശബ്ദത്തോടെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി പാഞ്ഞുകൊണ്ടിരുന്നു.അമ്മയുടെ ചുടുരക്തത്തിന്റെ ചൂട് വസ്ത്രവും മറി കടന്ന് എന്റെ ദേഹത്ത് വ്യാപിക്കുന്നുണ്ടായിരുന്നു.അമ്മേ എന്ന് വിളിച്ചു ഞാൻ കരയുമ്പോൾ ചെറിയ ചില ഞെരക്കങ്ങൾ മാത്രമാണ് അമ്മയിൽ നിന്ന് മറുപടിയായി കിട്ടിയത്. പുലർച്ചെയായതു കൊണ്ട് റോഡിൽ അതികം തിരക്കിലായിരുന്നു.പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി.ചെന്നപാടെ അമ്മയെ ഐ സി യുവിലേക്കു മാറ്റി.ഡ്യൂട്ടിയിലുള്ള നഴ്സ്മാരും ഡോക്ടർമാരും ഐ സി യുവിലേക്കു തിടുക്കത്തിൽ എത്തികൊണ്ടിരുന്നു.

എല്ലാം കണ്ട് പേടി തോന്നി ഞാൻ ഹോസ്പിറ്റലിന്റെ ഇടനാഴിയിൽ നിരത്തിയിട്ട ചെയറിൽ പോയിരുന്നു.ഐ സി യുവിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചു കിച്ചുവും H.P യും ഓരോ ആവശ്യങ്ങൾക്കായി ഓടിക്കൊണ്ടിരുന്നു.അമ്മയെ പരിശോധിച്ച ഡോക്ടർ പ്രതീക്ഷയ്ക്കു വകയായി ഒന്നും പറഞ്ഞില്ല.ബോഡി പാരാമീറ്റർസ് ഒക്കെ അബ്നോർമൽ ആണെന്നും തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും പറഞ്ഞു.സ്ഥിതി വളരെ ക്രിട്ടിക്കൽ ആണെങ്കിൽ കൂടി മാക്സിമം ശ്രമിക്കാം എന്നവർ ഉറപ്പ് നൽകിയിരുന്നു.ചോരയിൽ കുളിച്ച അമ്മയുടെ മുഖം ഓർക്കും തോറും കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

ഒരു വേള ദേഹത്തു പറ്റിപിടിച്ച ചോരയുടെ മണം മൂക്കിലേക്കിരച്ചെത്തി മനംപിരട്ടിയപ്പോൾ ബാത്റൂം ലക്ഷ്യമാക്കി ഓടി.തിരിച്ചു വന്നപ്പോളേക്കും ഞാൻ വല്ലാതെ തളർന്നിരുന്നു.വീണ്ടും ഇടനാഴിയിലെ ചെയറിൽ വന്നു കൂനിക്കൂടിയിരുന്നു കണ്ണടച്ചു. രാവിലെ മുൻപിലുള്ള ജനലിലൂടെ വെളിച്ചം കണ്ണിൽ പതിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്.അടുത്തായി കിച്ചു രണ്ടു കൈകൊണ്ടും തല താങ്ങി ഇരിപ്പുണ്ടായിരുന്നു.കുറച്ചു മാറി ഒരു ചെയറിൽ ചുവരിലേക്കു തല ചാരി വച്ച് H.P യും കണ്ണടച്ചു ഇരിപ്പുണ്ടായിരുന്നു.ഇന്നലെ മുതലുള്ള അവഗണന H.P ഇപ്പോഴും തുടരുന്നുണ്ടല്ലോയെന്നു വേദനയോടെ ഓർത്തു.

അരികെ ചെന്നിരുന്നു ആ തോളിൽ ചായാൻ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടെങ്കിലും “ശല്യം “എന്ന വാക്ക് ചിന്തയിൽ മുഴങ്ങി കേൾക്കുമ്പോൾ അടുത്ത് പോകാൻ പേടി തോന്നി.ഒരു വേള ഇന്നലെ ദിയ പറഞ്ഞ വാക്കുകൾ കേട്ട് എന്നെയും സച്ചുവിനെയും H.P തെറ്റിദ്ധരിച്ചോ എന്ന് പോലും തോന്നിപോയി.ഒരു നോട്ടം പോലും കടാക്ഷിക്കാത്ത മനുഷ്യനെ നോക്കി ഞാൻ അൽപ നേരം ഇരുന്നു പോയി. സമയം പോകുന്നതിനനുസരിച്ചു ഹോസ്പിറ്റലിൽ തിരക്ക് കൂടുന്നുണ്ടായിരുന്നു.അടുത്തൂടെ പോകുന്ന പലരും വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നത് കണ്ടപ്പോളാണ് ദേഹത്താകെ ചോരയാണെന്നു ഓർത്തത്‌.പക്ഷെ എന്തു ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു.

എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയെന്നോണം കിച്ചു എനിക്ക് പുതിയ ഡ്രസ്സ്‌ മേടിച്ചു കൊണ്ടു വന്നു.അവനും H.P യ്ക്കും മാറാൻ ടി ഷർട്ട്‌ കൂടി എടുത്തിരുന്നു.ഹോസ്പിറ്റലിൽ ഒരു റൂമെടുത്തു എല്ലാവരും വസ്ത്രം മാറി തിരികെയെത്തി. ഇത്തിരി കഴിഞ്ഞപ്പോളേക്കും വിവരം അറിഞ്ഞു പല ബന്ധുക്കളും എത്തിയിരുന്നു.വരുന്നതിനനുസരിച്ചു ഓരോരുത്തരായി കാര്യം അന്വേഷിച്ചു കൊണ്ടിരുന്നു.ഇടയ്ക്ക് ഡോക്ടർ വന്നപ്പോഴും പഴയ നിലയിൽ മെച്ചമൊന്നും ഇല്ലെന്നാണ് പറഞ്ഞത്.മണിക്കൂറുകൾ പിന്നെയും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.ഇടയ്ക്കു ഒരു നഴ്സ് വന്ന് അമ്മയ്ക്ക് ബോധം തെളിഞ്ഞു എന്ന് പറഞ്ഞു.

കിച്ചുവിനെ കാണാൻ അമ്മ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചു പ്രത്യേക വസ്ത്രങ്ങൾ അണിഞ്ഞു അവൻ ഐ സി യു വിലേക്കു പ്രവേശിച്ചു.അമ്മയ്ക്ക് ബോധം വന്നുവെന്നു അറിഞ്ഞപ്പോൾ തോന്നിയ ആശ്വാസത്തിന് കിച്ചു തിരിച്ചു വരുന്നത് വരയെ ആയുസുണ്ടായിരുന്നുള്ളൂ.കണ്ണ് നിറച്ചു കൊണ്ട് ഇറങ്ങി വന്ന അവൻ H.P യെ കെട്ടിപ്പിടിച്ചു അമ്മ പോയെന്നു പറഞ്ഞു കരയുമ്പോൾ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു പോയി.പുറകെ ഡോക്ടർ വന്ന് അവർ മാക്സിമം ശ്രമിച്ചിട്ടും രക്ഷിക്കാൻ പറ്റിയില്ലെന്നു പറഞ്ഞു. അധികം വൈകാതെ വെള്ള പുതപ്പിച്ച അമ്മയുടെ ബോഡി ഐ സി യു വിന് പുറത്തെത്തിച്ചു.

വെള്ളപ്പുതപ്പ് നീക്കി എഴുന്നേൽക്കാൻ പറഞ്ഞു കൊണ്ട് അമ്മയുടെ മുഖം നിറയെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ തടുക്കാൻ വന്ന കൈകളെയൊക്കെ പൂർവാധികം ശക്തിയോടെ ഞാൻ തട്ടിയെറിഞ്ഞു.കിച്ചുവും H.P യും അമ്മയുടെ നെറ്റിയിൽ അന്ത്യചുംബനങ്ങൾ അർപ്പിക്കുമ്പോൾ തളർച്ചയോടെ ഏതോ കൈകളിലേക്ക് വീണു പോയിരുന്നു ഞാൻ. ബോഡി വിട്ടുകിട്ടാനുള്ള ഹോസ്പിറ്റലിലെ ഫോർമാലിറ്റീസ് ഒക്കെ പെട്ടന്ന് തീർന്നിരുന്നു.ആംബുലൻസിൽ വീട്ടിൽ ചെന്നിറങ്ങുമ്പോൾ മരണവിവരം അറിഞ്ഞു മിക്കവരും എത്തിയിരുന്നു.

കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ ശാന്തയായി കണ്ണടച്ചു കിടക്കുമ്പോൾ അമ്മ പതിവിലും സുന്ദരിയായി തോന്നി.കരയാൻ പോലും മറന്നു അമ്മയെ അവസാനമായി കണ്ടു തീർക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു എന്റെ മിഴികൾ.കിച്ചു എന്റെ തൊട്ടടുത്തിരുന്നു കണ്ണ് തുടയ്ക്കുന്നതു വേദനയോടെ കാണുന്നുണ്ടെങ്കിലും എല്ലാം അടക്കിപ്പിടിച്ചു കാര്യഗൗരവത്തോടെ ഓടിനടക്കുന്ന H.P യെ കാണുമ്പോൾ വല്ലാത്തൊരു ഭയം എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. * ഉച്ചയോടടുത്തപ്പോളാണ് ക്രിസ്റ്റിയും ദിയയും ബാംഗ്ളൂരിൽ എത്തിയത്. ഇന്നലത്തെ ഹാങ്ങോവറിൽ രാത്രി വണ്ടിയോടിക്കുന്നതു റിസ്ക് ആയതു കൊണ്ട് രാത്രി സുഹൃത്തിന്റെ വീട്ടിൽ തങ്ങി രണ്ടാളും പുലർച്ചെ തിരിച്ചു പുറപ്പെട്ടു.

വീട്ടിലെത്തി ഹാളിലേക്ക് കയറുമ്പോൾ വീട്ടിലെ ബാക്കി എല്ലാവരും തന്നെ അവരെ പ്രതീക്ഷിച്ചെന്ന വണ്ണം കാത്തിരിപ്പുണ്ടായിരുന്നു. “നിങ്ങൾ എന്താ ഇത്ര ലേറ്റ് ആയതു? ” “വഴിയിൽ നല്ല ബ്ലോക്ക്‌ ആയിരുന്നു അങ്കിൾ. ” “ഓഹോ…. ഞങ്ങൾ നിങ്ങളെ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരായി.അല്ല….എന്റെ ദിയ കൊച്ചിന്റെ മുഖത്തെന്താ ഒരു തെളിച്ചക്കുറവ്? സുഖമില്ലേ??? ” തന്റെ നെറ്റിയിൽ കൈചേർത്തു പരിഭ്രമത്തോടെ ചോദിക്കുന്ന പപ്പയെ അവൾ നിറഞ്ഞ കണ്ണുകളോടെ നോക്കി.പിന്നെ പതിയെ ആ നെഞ്ചിലേക്ക് ചാഞ്ഞു. “സോറി പപ്പാ…. നമ്മൾ ഇത്രേം കാലം കൊണ്ട് പ്ലാൻ ചെയ്തതൊക്കെ ഒരു നിമിഷം കൊണ്ട് ഞാൻ ഇല്ലാതാക്കി.

ക്രിസ്റ്റിയുടെ മേൽ എല്ലാരും കൂടി കൈവയ്ക്കുന്നതു കണ്ടപ്പോൾ എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്കെന്നെ നിയന്ത്രിക്കാൻ പറ്റിയില്ല.മനസ്സിൽ എരിച്ചു കൊണ്ടു നടന്നതൊക്കെ വിളിച്ചു പറഞ്ഞു പോയി. ” “എന്നോട് എല്ലാം ക്രിസ്റ്റി വിളിച്ചു പറഞ്ഞു.അവൻ…. അവൻ എന്റെ കുഞ്ഞിന്റെ മെല് കൈ വച്ചല്ലേ.പപ്പേടെ കൊച്ചിന് ഒത്തിരി നൊന്തോടാ…. ” “അതിലെനിക്ക് സങ്കടമില്ല പപ്പാ…. പക്ഷെ പപ്പാ എന്നോട് ക്ഷമിക്കില്ലേ…. ഐ ആം റിയലി സോറി പപ്പാ…. ” “ഇല്ലെടാ… നീയിങ്ങനെ വിഷമിക്കാതെ.നമ്മുടെ ഒരു പ്ലാനും പാഴായിട്ടില്ല.സംഭവിച്ചതൊക്കെ നല്ലതിനാ….

ഇപ്പോൾ കാര്യങ്ങൾ കുറച്ചൂടി എളുപ്പത്തിലും വേഗത്തിലുമായി.മോളറിഞ്ഞില്ലേ…. അവരില്ലേ… പാർവതി അവര് ഇന്ന് രാവിലെ മരിച്ചു. ” “സത്യാണോ…. സത്യാണോ പപ്പാ. ” കേട്ടത് വിശ്വസിക്കാനാവാതെ ദിയ തറഞ്ഞു നിന്നു.പല ചിന്തകളിലും അവളുടെ മനസ്സ് കുടുങ്ങി കിടന്നു. “യെസ് മോളു… സത്യമാണ്.ഇന്നലത്തെ എന്റെ മോളുടെ പെർഫോമൻസ് കണ്ട് നെഞ്ച് പൊട്ടി അവര് തീർന്നു.എന്റെ കൊച്ചു ആ കുടുംബത്തെ വേരോടെ പിടിച്ചു കുലുക്കിയില്ലേ.ഇനി നോക്കിക്കോ ആ കുടുംബത്തിൽ സമാദാനം എന്താണെന്നു അറിയാതെ വരും.അവർ തകർന്നു തരിപ്പണമാകുന്നത് നമ്മൾ വെറുതെ കാഴ്ചക്കാരായി കയ്യും കെട്ടി നോക്കി നിന്നാൽ മാത്രം മതിയാകും. ”

അത്രയും പറഞ്ഞ് ആനിയും ദിയയും ഒഴികെ ബാക്കി എല്ലാവർക്കും ചിരിച്ചു. “അല്ല… എന്റെ കൊച്ചിനെന്താ ഒരു സങ്കടം? മോൾക്ക്‌ തിരിച്ചു പോണോ.അവരെ കാണണമെന്നുണ്ടോ… ഒന്നുല്ലേലും മോളെ വളർത്തി വലുതാക്കിയതാവരല്ലേ.പപ്പാ മോളുടെ ഇഷ്ടങ്ങൾക്കൊന്നും എതിരല്ല കേട്ടോ…..” “ഇല്ല പപ്പാ…. എല്ലാം അവസാനിപ്പിച്ചു വന്നതാ ഞാൻ. ഇനി ഒരു തിരിച്ചു പോക്കില്ല.പപ്പയെ വിട്ട് ഇനി എങ്ങോട്ടും ഇല്ല.പക്ഷെ ഒന്ന് ശെരിയ…അവരുടെ മരണത്തിൽ എനിക്ക് സന്തോഷിക്കാൻ പറ്റുന്നില്ല.ഓർമ വച്ച നാൾ മുതൽ അമ്മയായി കാണുന്നതല്ലേ അതായിരിക്കും.ഞാനെ ഒന്ന് കിടക്കട്ടെ പപ്പാ…. നല്ല ക്ഷീണം. ” അത്രയും പറഞ്ഞു വേഗത്തിൽ പടികൾ കയറി മുകളിലേക്കു പോകുന്ന ദിയയെ പിന്തുടർന്ന അലെക്സിയുടെ മുഖത്ത് ഒരു വിജയി ഭാവം ഉണ്ടായിരുന്നു. *

കിച്ചുവും H.P യും കുളിച്ച് ഈറനണിഞ്ഞു വന്നതോടെ അമ്മയുടെ അന്ത്യകർമ്മങ്ങൾക്ക് തുടക്കമായി.എന്റെ അടുത്ത് നിന്ന് അമ്മയെ കൊണ്ടു പോകുമ്പോൾ അരുതെന്നു പറഞ്ഞ് വിലക്കാൻ മനസ്സ് പറയുന്നുണ്ടെങ്കിലും അതിനു പോലും വയ്യാതെ തളർന്നിരിക്കുകയായിരുന്നു ഞാൻ.ചുറ്റുമുള്ള സഹതാപത്തോടെയുള്ള നോട്ടങ്ങൾ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി.ഇടയ്ക്ക് സച്ചുവിന്റെയും ടീച്ചറമ്മയുടെയും മാളുവിന്റെയുമൊക്കെ പരിചിത മുഖങ്ങൾ കണ്ടപ്പോൾ ഉള്ളിൽ നിന്നൊരു ഗദ്ഗദം തൊണ്ടക്കുഴിയിൽ വന്നു തങ്ങി നിന്നും.എല്ലാവരിൽ നിന്നും ഒളിച്ചോടാൻ തോന്നി.പതിയെ എണീറ്റ് അമ്മയുടെ റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ വീഴാതിരിക്കാൻ ആശ്രയമെന്നോണം ചുവരിൽ കൈ ചേർത്തു.

ഇടയ്ക്ക് രണ്ടു കൈകൾ പുറകിലൂടെ താങ്ങി തന്നപ്പോൾ തിരിഞ്ഞു നോക്കാതെ തന്നെ അത് ടീച്ചറമ്മ ആയിരിക്കുമെന്ന് ഊഹിക്കാമായിരുന്നു.റൂമിൽ ചെല്ലുമ്പോൾ മരണമറിഞ്ഞെത്തിയ ചിലർ എന്റെ അവസ്ഥ മനസ്സിലാക്കിയെന്നോണം മുറി ഒഴിഞ്ഞു തന്നു.ബാത്‌റൂമിൽ കയറി തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ കണ്ണിലെ നീറ്റലിന് അല്പം ആശ്വാസം കിട്ടി.ബാത്‌റൂമിൽ ഡോറിന്റെ ലോക്ക് പൊളിഞ്ഞു തൂങ്ങി കിടപ്പുണ്ടായിരുന്നു.തറയിലെ രക്തക്കറ ആരോ കഴുകി വൃത്തിയാക്കിയിട്ടിരുന്നു.തിരികെ കട്ടിലിൽ വന്നു കിടന്ന് ടീച്ചറമ്മയുടെ തലോടലിൽ എപ്പോഴോ മയങ്ങി പോയി.

വീണ്ടും ഉറക്കമുണരുമ്പോൾ നേരം സന്ധ്യയോട് അടുത്തിരുന്നു. ടീച്ചറമ്മയോടു ഒട്ടിപ്പിടിച്ചു കിടക്കുമ്പോൾ ടീച്ചറമ്മ പലതും പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.മരണത്തിൽ പങ്കെടുത്ത പലരും മുറിയിൽ വന്ന് എത്തി നോക്കി പോവുന്നുണ്ടായിരുന്നു.ടീച്ചറമ്മ നിർബന്ധിച്ചപ്പോൾ എണീറ്റ് കുളിക്കാൻ മുകളിലേക്കു പോയി.റൂമിൽ ചെന്നപ്പോൾ ഇന്നലത്തെ പോലെ തന്നെ സാധനങ്ങൾ പലതും അവിടെയിവിടെയായി വലിച്ചു വാരി ഇട്ടിരുന്നു.എല്ലാം ഒന്ന് പെറുക്കി ഒതുക്കിയ ശേഷം കുളിക്കാൻ കയറി.തണുത്തവെള്ളത്തിൽ കുളിച്ചപ്പോൾ തന്നെ തലവേദനയ്ക്ക് അല്പം ആശ്വാസം കിട്ടി.തിരിച്ചു താഴെ ചെന്നപ്പോൾ എല്ലാവരും കൂടി നിർബന്ധിച്ചു അല്പം കഞ്ഞി കുടിപ്പിച്ചു.

വിശപ്പും ദാഹവും തീരെ കെട്ടടങ്ങി പോയിരുന്നു.കിച്ചുവും H.P യും എന്തെങ്കിലും കഴിച്ചു കാണുമോ എന്നൊരു ചിന്ത ഉള്ളിലുണ്ടായിരുന്നു.എന്റെ മനസ്സ് മനസ്സിലാക്കിയെന്നോണം അവർ കഴിച്ചുവെന്ന് ഒരു അമ്മായി പറഞ്ഞു.ഇത്തിരി കഴിഞ്ഞപ്പോൾ ടീച്ചറമ്മയും യാത്ര പറഞ്ഞിറങ്ങി.കൂടെ സച്ചുവും.ഇന്നലത്തെ സംഭവത്തിന്റേതാണെന്നു തോന്നുന്നു സച്ചുവിന് എല്ലാവരെയും ഫേസ് ചെയ്യാൻ മടിയുള്ളതു പോലെ തോന്നി.അത് മനസ്സിലാക്കിയെന്നോണം വളരെ പ്രയാസപ്പെട്ടു അവനൊരു പുഞ്ചിരി നൽകുവാൻ ഞാൻ മറന്നില്ല.ടീച്ചറമ്മയോട് കൂടെ നിൽക്കാമോ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ലച്ചുവിനെ ഓർത്തപ്പോൾ വേണ്ടെന്നു വച്ചു.

ഇരുട്ടി തുടങ്ങിയപ്പോളേക്കും ഒരു വിധം എല്ലാവരും പോയി മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചുരുക്കം ചില ബന്ധുക്കൾ മാത്രമായൊതുങ്ങി. സാദാരണയിൽ കവിഞ്ഞു അംഗങ്ങൾ ഉണ്ടായിട്ടു കൂടി ഞാൻ ഒറ്റയ്ക്കായതു പോലെ തോന്നി.H.P യുടെ അവഗണന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ഇങ്ങനൊരവസ്ഥയിൽ ചേർത്തു പിടിക്കേണ്ട കൈകൾ ആട്ടിയകറ്റുന്നതെന്തിനാണെന്നു മനസ്സിലാവാതെ ഞാൻ ഉഴറി.ചെയ്ത തെറ്റെന്താണെന്നു ചോദിച്ചറിയാൻ മനസ് വെമ്പൽ കൊണ്ടെങ്കിലും ഭയം അതിൽ നിന്നും പിൻതിരിപ്പിച്ചു.ഇനിയും ഒരു പൊട്ടിത്തെറി കാണാൻ എനിക്ക് ശക്തിയില്ലായിരുന്നു.

അമ്മയുടെ വേർപാട് രാത്രി കാലങ്ങളിൽ തലയിണയിലെ നനവായി അവശേഷിച്ചു.പപ്പയുടെയും മാമയുടെയും ചാരുവിന്റെയും കാളുകൾ അല്പം ആശ്വാസം തന്നെയായിരുന്നു.എന്നെയോർത്തു വിഷമിച്ചു ചികിത്സ മതിയാക്കി തിരിച്ചു വരാൻ പപ്പാ വാശി പിടിക്കുന്നു എന്ന് മാമ പറഞ്ഞതോടെ പപ്പയുടെ മുൻപിൽ ഞാൻ പഴയ ചന്തുവാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.പിന്നെ എന്റെ എല്ലാ ദുഖങ്ങളും ഇറക്കി വയ്ക്കുന്നത് ചാരുവിന്റെ അടുത്തായിരുന്നു.എന്തോ പ്രോജക്ടിന്റെ വർക്ക്‌ ഉള്ളതിനാൽ നാട്ടിലേക്ക് വരാൻ കഴിയാതെ അവളും വിഷമിക്കുന്നുണ്ടായിരുന്നു. അഞ്ചാം ദിവസത്തെ ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളെല്ലാരും തിരിച്ചു പോയി.

അമ്മയില്ലാത്ത ആ വലിയ വീട്ടിൽ കിച്ചുവും H.P യും ഞാനും തനിച്ചായി.പിറ്റേന്ന് മുതൽ H.P ഓഫീസിൽ പോകാൻ ആരംഭിച്ചിരുന്നു.കിച്ചു ഒരു വിധം നോർമൽ ആയെങ്കിലും H.P പലപ്പോഴും ചിന്തകളിൽ കുടുങ്ങി കിടക്കുന്നതു കാണാം.ചിലപ്പോൾ രാത്രി കാലങ്ങളിൽ ഉറക്കമില്ലാതെ ഇരിക്കുന്നത് കാണാം.എല്ലായ്പോഴും എന്റെ നിറഞ്ഞ കണ്ണുകളെ അദ്ദേഹം അവഗണിച്ചു.കിച്ചുവിനോട് ഒന്നോ രണ്ടോ വാക്കിൽ സമാദാനം പറയുന്നതൊഴിച്ചാൽ ആൾ മിക്കവാറും സൈലന്റ് ആയിരുന്നു.ഞാൻ പിന്നെയും അമ്മയുടെ റൂമിൽ തുടരുന്നതു കണ്ട് H.P യുമായി എന്തെങ്കിലും പിണക്കമുണ്ടോയെന്നു ചോദിച്ചു അവൻ ഇടപെട്ടെങ്കിലും ഞാൻ ഒന്നുമില്ലെന്നു പറഞ്ഞു ഒഴിവാക്കി.

അധികം വൈകാതെ കിച്ചുവും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.അമ്മയുടെ ഓർമ്മകൾ വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ വൈകാതെ ഞാനും കോളേജിൽ പോയി തുടങ്ങി. ഒരു ദിവസം രാത്രിയിൽ കോളേജിലെ പെന്റിങ് വർക്കുകൾ തീർത്തു കിടക്കാൻ വരുമ്പോളാണ് അമ്മയുടെ സാരിയും കെട്ടിപ്പിടിച്ചു H.P അമ്മയുടെ റൂമിൽ കിടക്കുന്നതു കണ്ടത്.അടുത്ത് ചെന്നപ്പോൾ ആള് നല്ല ഉറക്കമാണെന്നു തോന്നി.കൊച്ചുകുട്ടികളെ പോലെ തളർന്നുറങ്ങുന്നതു കണ്ടപ്പോൾ നെഞ്ചിനകത്തു എന്തോ ഭാരം പോലെ തോന്നി.നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കി വച്ചു കൊടുത്തു.എണ്ണമയമില്ലാത്ത പരുക്കനായ മുടിയിഴകളിലൂടെയും അലസമായി വളർന്ന താടിയിലൂടെയും വെറുതെ വിരൽ ഓടിച്ചു.

രൂപത്തിലും ഭാവത്തിലും ആളാകെ മാറി.കണ്ണിനു താഴെയായി ഉണങ്ങിയ കണ്ണീർ ചാലുകൾ കണ്ടപ്പോൾ ആശ്വാസമാണ് തോന്നിയത്. അങ്ങനെയെങ്കിലും ആ മനസ്സിൽ മൂടിക്കെട്ടിയിരിക്കുന്ന കാർമേഘം പെയ്തൊഴിയട്ടെയെന്നു തോന്നി.നെറ്റിയിൽ പതിയെ ചുണ്ട് ചേർക്കാൻ തുടങ്ങുമ്പോൾ അവസാനമായി മുഖത്ത് നോക്കി “ശല്യം “എന്ന് പറഞ്ഞതോർത്തു പൊള്ളിപ്പിടഞ്ഞെണീറ്റു.നിറഞ്ഞ കണ്ണുകളോടെ ലൈറ്റ് ഓഫ്‌ ചെയ്ത് പതിയെ വാതിൽ ചാരി മുകളിലേക്കു പോകുമ്പോൾ അങ്ങേ തലക്കൽ ഉണങ്ങിയ കണ്ണീർ ചാലുകൾ വീണ്ടും നനഞ്ഞു തുടങ്ങിയിരുന്നു. പിറ്റേന്ന് ഞാറാഴ്ചയായതു കൊണ്ടു അല്പം വൈകിയാണ് എണീറ്റത്.കിച്ചു ഇന്ന് വൈകിട്ട് തിരിച്ചു പോകുമെന്ന് പറഞ്ഞിരുന്നു.

കുളിച്ച് താഴേക്കിറങ്ങി അമ്മയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കിയപ്പോൾ കട്ടിൽ ശൂന്യമായിരുന്നു.ആളെ പരിസരത്തൊന്നും കാണാതെ വീടിന് ചുറ്റും ഒന്ന് കണ്ണോടിച്ചു.പിന്നെ ജോഗിംഗിന് പോയിക്കാണും എന്ന ചിന്തയിൽ ഞാൻ അടുക്കളയിലേക്ക് നടന്നു.പതിവ് ജീവിതത്തിലേക്കു ആള് തിരിച്ചു വരുന്നു എന്നത് എനിക്ക് ആശ്വാസമായിരുന്നു. എന്നാൽ സമയം പോകും തോറും ആളെ കാണാതിരുന്നതു എന്നെ അസ്വസ്ഥയാക്കി.ആദ്യമൊക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും പിന്നെ കിച്ചുവിനും എന്തോ പന്തികേട് തോന്നി.ഞാറായ്ച്ചയായിരുന്നിട്ടു കൂടി ഓഫീസ് മുതൽ പോകാൻ സാധ്യതയുള്ള എല്ലായിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല.

വൈകുന്നേരം വരെ അലഞ്ഞിട്ടും കാണാതായതോടെ പോലീസിൽ പരാതി നൽകി.അവരുടെ നിർദേശ പ്രകാരം എല്ലാ ആശുപത്രികളിലും കയറിയിറങ്ങി തിരയുമ്പോൾ ജീവൻ നഷ്ടപ്പെടുന്ന പോലെ തോന്നി.വീട്ടിൽ നിന്ന് H.P യുടേതായി ഫോണും പഴ്സും കാണാതെ പോയിരുന്നു.രാവിലെ മുതൽ ആളെ കാൾ ചെയ്യുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ്‌ എന്ന മെസ്സേജ് കിട്ടിക്കൊണ്ടിരുന്ന.ഞങ്ങളുടെ നിർദേശ പ്രകാരം വാർത്ത ലീക്ക് ആവാതെ അന്വേഷിക്കുമ്പോളും പഴ്സും ഫോണും കാണാതായത് കൊണ്ട് ആള് സ്വൊയം തീരുമാനിച്ചുറപ്പിച്ചു പോയതാണെന്നതായിരുന്നു പോലീസിന്റെ നിഗമനം…തുടരും…..

ഹരി ചന്ദനം: ഭാഗം 34

Share this story