ഹരി ചന്ദനം: ഭാഗം 36

ഹരി ചന്ദനം: ഭാഗം 36

എഴുത്തുകാരി: ശ്രുതി കൃഷ്ണ

അന്ന് പാതിരാത്രി തുടർച്ചയായുള്ള കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒന്ന് കണ്ണടഞ്ഞു വന്നതേ ഉള്ളായിരുന്നു.മുറിയിൽ നിന്നും താഴേക്കു ഇറങ്ങുമ്പോൾ എനിക്ക് മുൻപേ കിച്ചു എണീറ്റ് താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.അവനും ഉറങ്ങിയിട്ടുണ്ടായിരുന്നില്ലെന്നു തോന്നി.വാതിലിനടുത്തേക്ക് നീങ്ങുമ്പോൾ അത് H.P ആയിരിക്കണെ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.ഉമ്മറത്തെ ജനാലയുടെ കർട്ടൻ നീക്കി പുറത്തേക്ക് നോക്കുന്ന കിച്ചുവിന്റെ മുഖത്ത് ആശ്വാസം തെളിയുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകളിലും പ്രതീക്ഷ നിറഞ്ഞു.

വാതിൽ തുറന്നപ്പോൾ തന്നെ കണ്ടു കാളിംഗ് ബെൽ ഘടിപ്പിച്ച ചുവരിൽ ചാരി നിൽക്കുന്ന H.P യെ.വാതിൽ തുറന്നതൊന്നും അറിയാതെ കണ്ണടച്ചു പിടിച്ച് രോഷത്തോടെ പിന്നെയും കാളിങ് ബെല്ലിനോട് മല്ലിടുന്നുണ്ടായിരുന്നു.ആളെ കണ്ട സന്തോഷത്തിൽ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു.കിച്ചുവിനെ മറികടന്നു “ഹരിയേട്ടാ” എന്ന് വിളിച്ചു കൊണ്ട് അടുത്ത് ചെന്നപ്പോളേക്കും കഷ്ടപ്പെട്ട് വലിച്ച് തുറന്ന കണ്ണുകൾ ദേഷ്യം കൊണ്ട് കുറുകുന്നുന്നുണ്ടായിരുന്നു.മുഖമാകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി “എന്നെ തൊടരുത് ” എന്ന് പറഞ്ഞു കൊണ്ട് ശക്തമായി എന്റെ കൈ തട്ടിമാറ്റിയതിനൊപ്പം ആളും പുറകിലേക്ക് വീഴാൻ പോയി.

കിച്ചു ഓടിച്ചെന്നു താങ്ങിയെങ്കിലും ആളുടെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല അതോടൊപ്പം അവിടമാകെ മദ്യത്തിന്റെ രൂക്ഷഗന്ധം പരന്നു. “ഏട്ടാ…. ഏട്ടൻ കുടിച്ചിട്ടുണ്ടോ? ” “അആഹ് ” “എന്താ ഏട്ടാ ഇതൊക്ക?? എല്ലാവർക്കും ഇതുവരെയില്ലാത്ത മാറ്റങ്ങൾ… ” ചങ്കു പൊട്ടി കിച്ചു ചോദിക്കുമ്പോൾ അതിനു മറുപടി കൊടുക്കാനുള്ള ബോധം H.P യ്ക്കില്ലായിരുന്നു.മുൻപിൽ കാണുന്നതൊന്നും സത്യമാവരുതേ എന്ന പ്രാർത്ഥനയിൽ ശിലപോലെ നിൽക്കുകയായിരുന്നു ഞാൻ.കിച്ചു കഷ്ടപ്പെട്ട് H.P യെ റൂമിലേക്ക്‌ കൊണ്ടുപോവാൻ ശ്രമിക്കുമ്പോൾ കണ്ണുകൾ അമർത്തി തുടച്ചു ഞാനും അവനെ സഹായിക്കാനായി കൂടി.

പക്ഷെ എന്റെ സാമിപ്യം അറിഞ്ഞെന്നോണം പിടിക്കാൻ ശ്രമിക്കും തോറും എന്റെ കൈകൾ തട്ടി മാറ്റപ്പെട്ടു.ഒടുവിൽ കിച്ചു അവൻ ഒറ്റയ്ക്കായിക്കൊള്ളാം എന്ന് കണ്ണ് കൊണ്ട് പറഞ്ഞപ്പോൾ ഞാൻ കുറച്ചകലമിട്ടു പുറകെ നടന്നു.മുകളിലേക്കു H.P യെ കൊണ്ടുപോകാൻ പ്രയാസമായതു കൊണ്ട് താഴെ അമ്മയുടെ റൂമിൽ കൊണ്ടു കിടത്തി.കണ്ണ് തുടച്ചു കൊണ്ടു കിച്ചു പുറത്തേക്കിറങ്ങുമ്പോൾ പുറത്തെ ചുവരിൽ ചാരി കരയുകയായിരുന്നു ഞാൻ. “എന്താ ഏട്ടത്തി ഇതൊക്ക? ഇനിയെങ്കിലും സത്യം പറ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ” “പ്രശ്നമെന്താണെന്നു എനിക്കറിയില്ല കിച്ചു….അന്ന് bday പാർട്ടി കഴിഞ്ഞ ശേഷം എന്നോട് രാത്രി ഒത്തിരി ദേഷ്യപ്പെട്ടു.

അതിൽ പിന്നെ എന്നോടൊരു വാക്ക് മിണ്ടിയിട്ടു കൂടി ഇല്ല.ഇങ്ങനൊരാള് വീട്ടിൽ ഉണ്ടെന്നു പോലും മറന്നെന്നു തോന്നുന്നു.പലവട്ടം കാരണം ചോദിക്കാൻ ഒരുങ്ങിയതാ പക്ഷെ പേടി കൊണ്ട് എനിക്ക്……കുറച്ചു കഴിയുമ്പോൾ എല്ലാം ശെരിയാവും എന്നാ ഞാൻ വിചാരിച്ചതു…… ചിലപ്പോൾ ദിയ പറഞ്ഞത് പോലെ എന്നെ സംശയമായി കാണുമോ?ഹരിയേട്ടൻ അങ്ങനെ പറഞ്ഞാൽ എനിക്ക് അത് ഒരിക്കലും താങ്ങാനാവില്ല.നെഞ്ച് പൊട്ടി ഞാൻ മരിച്ചു പോവും. ” “ഏയ് അങ്ങനെ ചീപ്പ് ആയി ചിന്തിക്കുന്ന ഒരാളല്ല ഏട്ടൻ.ചിലപ്പോൾ അമ്മയുടെ അപ്രതീക്ഷിത വേര്പാടിന്റെയാവും.

എനിക്ക് പേടിയുണ്ടായിരുന്നു ഏട്ടൻ എങ്ങനെ പ്രതികരിക്കും എന്ന്.ഇത്രയും ദിവസം മറ്റുള്ളവർക്ക് മുൻപിൽ കൂളായി നിന്നെങ്കിലും ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതം ആ ഉള്ളിൽ പുകയുന്നുണ്ടെന്നു എനിക്ക് തോന്നിയിരുന്നു.ഏട്ടത്തി വിഷമിക്കണ്ട… പോയി കിടക്കാൻ നോക്ക്.നമുക്ക് നാളെ ഏട്ടനോട് സംസാരിക്കാം. ” അത്രയും പറഞ്ഞ് അപ്പോൾ തന്നെ H.P തിരിച്ചെത്തിയ വിവരം പോലീസിൽ അറിയിച് അവൻ തിരികെ റൂമിലേക്ക്‌ പോയി.ഞാൻ പതിയെ H.P യുടെ അടുത്തേക്ക് നടന്നു.തറയിൽ ഇരുന്നു കട്ടിലിലേക്ക് തലചാരി H.P യെ നോക്കി കിടന്നു.ഉറക്കത്തിനിടയിലും ആള് നാവു കുഴഞ്ഞു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ഇടയ്ക്കിടെ അമ്മ… അമ്മ… എന്ന് മാത്രം ഉച്ചത്തിൽ കേട്ടു അമ്മയോടുള്ള പരിഭവങ്ങൾ ആണെന്ന് തോന്നി.കണ്ണ് നിറച്ചു കൊണ്ട് H.P യെ നോക്കി കിടന്ന് ഇടയ്ക്ക് ഞാനും ഉറങ്ങി. രാവിലെ ഉണരുമ്പോൾ ആള് റൂമിൽ ഇല്ലായിരുന്നു.മനസ്സിലൂടെ വീണ്ടും ഒരു കൊള്ളിയാൻ മിന്നി. ചാടി പിടഞ്ഞെഴുന്നേറ്റു അദ്ദേഹത്തെ വീട്ടിലാകെ തിരഞ്ഞു അവസാനം ബാൽക്കണിയിൽ ആളെ കണ്ടപ്പോളാണ് ശ്വാസം നേരെ വീണത്.മുൻപൊക്കെ ഈ സമയത്ത് ചെടികളെ താലോലിച്ചു നിൽപ്പുണ്ടാകുമായിരുന്നു പക്ഷെ ഇപ്പോൾ അതൊക്കെ അവസാനിപ്പിച്ച മട്ടാണ്.ഞാൻ കുളിക്കാൻ കയറുമ്പോൾ ആള് ആകെ അസ്വസ്ഥനായി ബാൽക്കണിയിലൂടെ നടപ്പുണ്ടായിരുന്നു കുളി കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ആളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

മടിച്ചു മടിച്ചാണ് അടുത്തേക്ക് ചെന്നതെങ്കിലും എന്റെ സാമിപ്യം അറിഞ്ഞിട്ട് കൂടി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.ഇത്തിരി നേരം നിന്ന് പിന്നെ ഒരു ദീർഘ നിശ്വാസമെടുത്തു ഞാൻ തന്നെ പറഞ്ഞ് തുടങ്ങി. “എ…. എനിക്ക് സംസാരിക്കാനുണ്ട്. ” എന്നിട്ടും ആളെന്നെ നോക്കാതെ ദൂരേക്ക് കണ്ണും നട്ടിരിപ്പാണ്. “ഹരിയേട്ടൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? ഇങ്ങനെയൊക്കെ പെരുമാറാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്….അതെങ്കിലും ഒന്ന് പറയാവോ? ” അത്രയും പറഞ്ഞപ്പോളേക്കും ഞാൻ കരഞ്ഞുപോയിരുന്നു.പക്ഷെ എനിക്ക് കിട്ടിയത് കത്തുന്ന ഒരു നോട്ടമായിരുന്നു. “ഇന്നലെ ഏതു കോലത്തിലാ വന്നതെന്ന് ഓർമ്മയുണ്ടോ? എന്തിന്റെ പേരിലാ ഇതുവരെയില്ലാത്ത പുതിയ ശീലങ്ങളൊക്കെ… ”

“നീ എന്നെ ചോദ്യം ചെയ്യുകയാണോ…. നാശം ഒരിക്കലും സ്വൊസ്ഥത തരില്ലെന്ന് വച്ചാൽ. ” അത്രയും പറഞ്ഞ് ആള് ദേഷ്യത്തോടെ റൂമിനു പുറത്തേക്ക് നടന്നു.പക്ഷെ വിട്ട് കൊടുക്കാൻ എനിക്കും മനസ്സില്ലായിരുന്നു.ആള് താഴേക്കു ഇറങ്ങാൻ പോകുന്നതിനു മുൻപ് തടഞ്ഞു കൊണ്ട് ഞാൻ മുൻപിലേക്ക് കയറി നിന്നു. “ഞാനാണോ നിങ്ങളുടെ സ്വൊസ്ഥത നശിപ്പിക്കുന്നത്…പറ… ഞാനാണോ എന്ന്.എന്തിന്റെ പേരിലാ എന്നോട് വെറുപ്പ് പറ എനിക്കറിയണം.” ആളുടെ ഷിർട്ടിൽ പിടിച്ചുലച്ചു കൊണ്ട് ഞാൻ ചോദിച്ചു…. “മാറ്…. ” “ഇല്ല…. എനിക്കറിയണം എന്തിന്റെ പേരിലാ ഇങ്ങനെ നശിക്കുന്നത് എന്ന്.അതോ അമ്മ പോയപ്പോൾ കിട്ടിയ സ്വാതന്ത്ര്യം ആസ്വദിക്കുവാണോ? ”

ചോദിച്ചു തീർന്നതും എന്റെ കവിളിൽ കുത്തിപ്പിടിച്ചു ചുവരോട് ചേർത്തു നിർത്തി.പല്ല് ഞെരിച്ചു മുഖമൊക്ക വലിഞ്ഞു മുറുകി കണ്ണുകളൊക്കെ ചുവന്നു വല്ലാത്തൊരു ഭാവത്തോടെയുള്ള നിൽപ്പ് കണ്ടപ്പോൾ ഇതുവരെ സംഭരിച്ചിരുന്ന ധൈര്യമൊക്കെ ചോർന്നു പോയി. “എന്താടി…. എന്താടി നീ പറഞ്ഞത്….എന്നെ ചോദ്യം ചെയ്യാൻ ഞാൻ ആർക്കും അധികാരം തന്നിട്ടില്ല.ഭാര്യയാണെന്ന അധികാരത്തിൽ പുറകെ നടന്ന് എന്റെ സ്വൊസ്ഥത കളയാൻ നിൽക്കണ്ട.തന്ന സ്വാതന്ത്ര്യമൊക്കെ ദുരുപയോഗം ചെയ്യുന്നത് ആരാണെന്നു എല്ലാവർക്കും അറിയാം.അതൊക്കെ ഈ വീടിന്റ പടിക്ക് പുറത്ത്. ” H.P സംസാരിക്കുകയായിരുന്നില്ല അലറുകയായിരുന്നു.

ബഹളം കേട്ട് ഓടി വന്ന കിച്ചുവാണ് ബലിഷ്‌ഠമായ ആ കൈകളിൽ നിന്നും എന്നെ മോച്ചപ്പിച്ചത്. കിതച്ചു കൊണ്ട് ചുവരിലൂടെ ഊർന്നു വീഴുമ്പോൾ കിച്ചുവിനെ നോക്കി ദഹിപ്പിച്ചു കൊണ്ട് വേഗത്തിൽ ഇറങ്ങി പോകുന്ന H.P യെ ഒരു നോക്ക് കണ്ടു.കിച്ചു വന്ന് എഴുന്നേൽപ്പിച്ചു വെള്ളം കുടിപ്പിക്കുമ്പോളെല്ലാം ഒരു പാവയെപ്പോലെ ഇരിക്കുകയായിരുന്നു ഞാൻ.ഒരു വേള കരയാൻ പോലും മറന്നിരിക്കുന്ന എന്നെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അവനും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. “ഏട്ടത്തി….. ” “പ്ലീസ് കിച്ചു എനിക്കിത്തിരി ഒറ്റയ്ക്ക് ഇരിക്കണം. ” അത്രയും പറഞ്ഞപ്പോൾ ഇത്തിരി നേരം എന്നെ നോക്കിയിരുന്ന് അവൻ എഴുന്നേറ്റു പോയി.

ഒന്നുറക്കെ പൊട്ടിക്കരയാൻ വെമ്പൽ കൊല്ലുകയായിരുന്നു എന്റെ മനസ്സ്. പക്ഷെ കഴിയുന്നുണ്ടായിരുന്നില്ല.ഉള്ളിലുള്ള സങ്കടങ്ങളെല്ലാം പുറത്തേക്കു വരാതെ തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കുന്നത് പോലെ തോന്നി.ഒരു തുള്ളി കണ്ണീർ പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.H.P യുടെ വാക്കുകൾ വീണ്ടും മുഴങ്ങി കേൾക്കുന്ന പോലെ തോന്നിയപ്പോൾ ചെവികൾ പൊത്തി പിടിച്ചു.H.P യുടെ പിടി വീണ ഭാഗം നോവുന്നുണ്ടായയിരുന്നു എങ്കിൽ കൂടി അതിന്റെ ഒരായിരം ഇരട്ടി മനസ്സ് നീറുന്നുണ്ടായിരുന്നു.

H.P യെ ഞാൻ വെറുക്കരുതേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന.എത്ര നേരം ആ ഒരൊറ്റയിരിപ്പ് ഇരുന്നെന്നു അറിയില്ല.കുറച്ച് കഴിഞ്ഞു ഭക്ഷണം കഴിക്കാൻ കിച്ചു വന്ന് വിളിച്ചപ്പോളാണ് സ്ഥലകാലബോധം വന്നത്.ഭക്ഷണമൊക്കെ അവൻ ഓർഡർ ചെയ്തു വരുത്തിയിരുന്നു.എനിക്ക് വിശപ്പില്ലെന്നു എത്രയൊക്കെ പറഞ്ഞിട്ടും അവൻ വാശി പിടിച്ചു ഭക്ഷണത്തിനു മുൻപിൽ കൊണ്ടിരുത്തി.അതിൽ കയ്യിട്ടിളക്കി ഇരുന്നതല്ലാതെ ഒരു വറ്റിറക്കാൻ പോലും എന്നെ കൊണ്ട് സാധിക്കുമായിരുന്നില്ല.കിച്ചുവും എന്റെ ചലനങ്ങൾ നോക്കിയിരിപ്പായിരുന്നു.

“ഏട്ടത്തി…..ഞാൻ… ഞാൻ ഒരു കാര്യം പറയട്ടെ.? ” എന്റെ ആലോചനകളിൽ നിന്നും ഉണർന്നു ഞാൻ അവനു നേരെ മിഴികൾ നട്ടു. “ഞാൻ പറയുന്നത് ശെരിയാണോ എന്നൊന്നും അറിയില്ല.എങ്കിലും പറയുവാ ഏട്ടത്തി കുറച്ച് ദിവസം എങ്ങോട്ടെങ്കിലും മാറി നില്ക്കു.അറ്റ്ലീസ്റ്റ് ഏട്ടൻ നോർമൽ ആകുന്ന വരെയെങ്കിലും.” അവന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണ് നിറഞ്ഞു “നിന്റെ ഏട്ടനെ പോലെ നീയും എന്നെ ഒഴിവാക്കുവാനോ കിച്ചു.അത്രയ്ക്ക് കൊള്ളരുതാത്തവളായി പോയോ നിങ്ങൾക്കൊക്കെ ഞാൻ. ” എന്റെ കണ്ണുനീർ മുന്നിലിരിക്കുന്ന ഭക്ഷണത്തിലേക്ക് ഇറ്റിറ്റു വീണുകൊണ്ടിരുന്നു. എന്റെ ചോദ്യം കിച്ചുവിനെയും വിഷമിപ്പിച്ചെന്നു തോന്നുന്നു.

“ഞാൻ ഒരിക്കലും അങ്ങനെ കരുതിയിട്ടില്ല.എന്റെ അമ്മ കഴിഞ്ഞാൽ ഈ ലോകത്ത് ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന പെണ്ണ് ഏട്ടത്തിയാണ്.അമ്മയെ വെറുക്കാൻ കഴിയാത്തിടത്തോളം എനിക്ക് ഏട്ടത്തിയെയും വെറുക്കാൻ കഴിയില്ല.ഞാൻ ഒഴിവാക്കാൻ പറഞ്ഞതല്ല.എനിക്ക് ഇവിടെ അധികം നിൽക്കാൻ കഴിയില്ല.ഇപ്പോൾ തന്നെ വിളി വന്നു തുടങ്ങി.രണ്ട് മൂന്ന് ദിവസത്തിനകം തിരിച്ചു പോവണം.ഇങ്ങനെ പ്രതികരിക്കുന്ന ഏട്ടന്റെ അടുത്ത് ഏട്ടത്തിയെ നിർത്തിയിട്ടു ഞാൻ എങ്ങനെയാ മനഃസമാദാനത്തോടെ തിരിച്ചു പോവുന്നെ.” “ഞാൻ പോയാൽ നിന്റെ ഏട്ടന് സമാദാനം കിട്ടുമെങ്കിൽ ഞാൻ പോവാം കിച്ചു. ” “അങ്ങനെയല്ല ഏട്ടത്തി…

ഏട്ടന്റെ ഈ അവസ്ഥയ്ക്കുള്ള ഏറ്റവും നല്ല മരുന്ന് ഏട്ടത്തി തന്നെയാ.പക്ഷെ അത് ഏട്ടന് മനസ്സിലാവണമെങ്കിൽ ഏട്ടത്തിടെ അസാന്നിധ്യം ഏട്ടൻ അറിയണം.ഏട്ടത്തിയെ ഏട്ടന് സംശയം ഉണ്ടെന്നു എനിക്ക് ഇപ്പോഴും തോന്നുന്നില്ല.അമ്മയുടെ മരണം ഏട്ടനെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്.ഏട്ടന് എന്താണ് സംഭവിക്കുന്നതെന്ന് ഏട്ടന് തന്നെ അറിയില്ല.ആ ഒരു അസ്വസ്ഥത ഇങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നു എന്നെ ഉള്ളൂ.എത്രയൊക്കെ നോർമൽ ആണെന്ന് പറഞ്ഞാലും നമുക്കൊക്കെ ഇടയ്ക്ക് മനസ് കൈവിട്ടു പോവാറില്ലേ. അതുപോലെയെ ഇതും ഉള്ളൂ.ചെറിയൊരു കൗൺസിലിംഗിൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

മനസ്സ് നോർമൽ ആകുമ്പോൾ ഉറപ്പായിട്ടും ഏട്ടൻ ഏറ്റവും അധികം മിസ്സ്‌ ചെയ്യുന്നത് ഏട്ടത്തിയെ തന്നെയാവും.അപ്പോൾ ഏട്ടൻ തന്നെ ഏട്ടത്തിയെ തിരിച്ചു വിളിച്ചു കൊണ്ടുവരും.അതെനിക്കുറപ്പുണ്ട്.മാത്രമല്ല ഇങ്ങനെ പ്രതികരിക്കുന്ന ഏട്ടന്റെ കൂടെ നിൽക്കും തോറും ഏടത്തിയുടെ മനസ്സും വേദനിക്കുകയെ ഉള്ളൂ.ഏട്ടത്തി ആലോചിച്ചു ഒരു തീരുമാനം എടുക്കു.ഞാൻ നിർബന്ധിക്കുന്നില്ല ” സത്യത്തിൽ ശെരിയെത് തെറ്റേത് എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നുണ്ടായിരുന്നില്ല.പക്ഷെ ഒന്ന് മാത്രം അറിയാം എന്നെ H.P ഇപ്പോൾ അത്രയേറെ വെറുക്കുന്നു എന്ന്.എന്റെ പ്രെസെൻസ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു എന്ന്.

എന്റെ അസാന്നിധ്യമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയാവട്ടെ എന്ന് ഞാൻ തീരുമാനിച്ചു.മാറി നിൽക്കാൻ റെഡിയാണെന്ന് ഞാൻ കിച്ചുവിനെ അറിയിച്ചു. ഏതെങ്കിലും ബന്ധുക്കളുടെ കൂടെ നിർത്താമെന്നാണ് അവൻ പറഞ്ഞത്.പക്ഷെ എത്ര ദിവസം എന്ന് ഒരൂഹവുമില്ലാത്ത പോക്കാണ്.ഒരു പക്ഷെ ഈ അകൽച്ച നീണ്ടുപോയാൽ എന്ത് കൊണ്ട് എന്ന് ഒരു ചോദ്യം വരും.H.P യുടെ മാനസിക നില തെറ്റിയെന്ന് എനിക്കൊരിക്കലും ആരോടും പറയാൻ കഴിയില്ല.ചുളിഞ്ഞ മുഖത്തോടെ അദ്ദേഹത്തെ ആരെങ്കിലും നോക്കുന്നത് ഒരിക്കലും എനിക്ക് സഹിക്കാൻ കഴിയില്ല.അത് കൊണ്ട് അത് വേണ്ടെന്ന് പറഞ്ഞു.

ഏതെങ്കിലും ഹോസ്റ്റലിൽ നിൽക്കാമെന്ന് ഞാൻ പറഞ്ഞെങ്കിലും ആരോരുമില്ലാത്തത് പോലെ അങ്ങനെ കഴിയേണ്ടെന്നു അവൻ തീർത്തു പറഞ്ഞു.അവസാനം തല്ക്കാലം ടീച്ചറമ്മയുടെ വീട്ടിലേക്കു പോവാമെന്നു ഞാൻ പറഞ്ഞു.അവനും അത് സമ്മതമായിരുന്നു.പിറ്റേന്ന് തന്നെ അവിടെ നിന്നും മാറണമെന്ന് ഞാൻ തീർച്ചപ്പെടുത്തി. രാത്രി പപ്പാ വിളിച്ചെങ്കിലും കാൾ എടുക്കാതെ നെറ്റ് വർക്ക്‌ ശെരിയല്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറി.ഇല്ലെങ്കിൽ എന്റെ ശബ്ദത്തിന്റ നേരിയ ഒരിടർച്ച പോലും പപ്പയ്ക്ക് തിരിച്ചറിയാം.സച്ചു ചിലപ്പോൾ ഇന്ന് തിരിച്ചു പോവുമെന്നാണ് പറഞ്ഞിരുന്നത് അവൻ യാത്രയിൽ ആവുമെന്ന് കരുതി വിളിച്ചില്ല.ചാരുവിനെ വിളിച്ചു കാര്യം പറയാം എന്ന് കരുതിയെങ്കിലും അവളെ വിളിച്ചിട്ട് കിട്ടിയില്ല.

ഞാൻ നേരിട്ട് ടീച്ചറമ്മയോട് കാര്യം പറയുന്നതിലും നല്ലത് അവൾ പറയുന്നതാണെന്നു വിചാരിച്ചു.ഒന്ന് രണ്ട് തവണ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ അവൾ തിരിച്ചു വിളിക്കുമെന്ന് കരുതി ഞാൻ കാത്തിരിക്കുന്നു. നാളെ അവിടെ നിന്നും ഇറങ്ങുവാനായി അത്യാവശ്യ സാധനങ്ങൾ ഒക്കെ ഓർത്തെടുത്തു ബാഗ് പാക്ക് ചെയ്ത് വച്ചു.രാത്രി ലേറ്റ് ആയെങ്കിലും സ്വൊബോധത്തോടെ H.P വന്നപ്പോൾ ആശ്വാസം തോന്നി.വന്നപാടെ അമ്മയുടെ റൂമിലേക്ക് കയറി പോവുന്നത് കണ്ടിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്.

ഓരോന്ന് ആലോചിച്ചു ഉറക്കം വരാതായപ്പോൾ മെല്ലെ എഴുന്നേറ്റു ബാൽക്കണിയിൽ ചെന്നിരുന്നു.എത്ര പെട്ടന്നാണ് ജീവിതത്തിന്റെ നിറം മങ്ങിയതെന്നോർത്തു എനിക്ക് അത്ഭുതം തോന്നി.ഇനിയൊരു തിരിച്ചു വരവ് ഉണ്ടോയെന്നറിയാതെ ഞങ്ങളുടെ പ്രിയപ്പെട്ട ഓരോ നിമിഷത്തിലൂടെയും മനസ്സ് തിരിഞ്ഞോടുകയായിരുന്നു. ആ മുറിയിൽ തങ്ങി നിറഞ്ഞ വായു പോലും ഞങ്ങളുടെ സ്നേഹം തൊട്ടറിഞ്ഞിരുന്നു.അവിടെയുള്ള ഓരോ വസ്തുവും ഞങ്ങളുടെ പ്രണയത്തിന്റെ മൂകസാക്ഷികളായിരുന്നു.

മുകളിൽ പരന്നു കിടക്കുന്ന ആകാശവും അതിലെ നക്ഷത്രങ്ങളും എത്ര തവണ ഞങ്ങളുടെ സ്വകാര്യതകളിലേക്കു ഒളിഞ്ഞു നോക്കി കണ്ണു പൊത്തിയിരിക്കുന്നു.ചിന്തകൾ കാടുകയറി കണ്ണുകൾ നിറഞ്ഞപ്പോൾ ഞാൻ തന്നെ എന്റെ മനസ്സിനെ ശാസിച്ചു.ആ മുറിയുടെ മുക്കും മൂലയും ഒരിക്കൽ കൂടി ഹൃദിസ്ഥമാക്കാൻ പാഞ്ഞു നടന്നു എന്റെ മിഴികൾ തളർന്നപ്പോൾ പതിയെ ഉറക്കം വന്നെന്നെ പുൽകി…..തുടരും…..

ഹരി ചന്ദനം: ഭാഗം 35

Share this story