നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 39

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 39

സൂര്യകാന്തി

സൂര്യൻ രുദ്രയെ തന്നെ നോക്കി.. ആ ചുണ്ടുകളിൽ ഒരു ചിരി മിന്നി മാഞ്ഞത് രുദ്ര കണ്ടിരുന്നു.. അവൾ മിണ്ടാതെ മുഖം താഴ്ത്തി.. സൂര്യൻ പുറത്തേക്കിറങ്ങി ഇടനാഴിയിലൂടെ നടന്നു.. ഉള്ളിൽ ലോകം തന്നെ കീഴടക്കിയ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു.. ഉച്ചയ്ക്ക് ഊണു കഴിക്കാൻ എല്ലാവരും ഇരുന്നപ്പോൾ ആരും ആവശ്യപ്പെടാതെ തന്നെ സൂര്യന് രുദ്ര ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് കണ്ടു അനന്തനും പത്മയും പരസ്പരം നോക്കി.. മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങളിൽ ഒന്നിന് അയവു വന്ന ആശ്വാസം അവരുടെ മുഖത്തും തെളിഞ്ഞിരുന്നു..

മുത്തശ്ശിയും നന്ദനയും ശ്രീനാഥുമെല്ലാം ഇടയ്ക്കിടെ അവരെ നോക്കുന്നുണ്ടായിരുന്നെങ്കിലും രുദ്രയുടെ മിഴികൾ സൂര്യനിലായിരുന്നു.. അവനാവട്ടെ അവളെ നോക്കാതെ കഴിക്കുന്നതിൽ മാത്രം ശ്രെദ്ധിച്ചു.. എങ്കിലും രുദ്രയുടെ ഓരോ ചലനവും സൂര്യൻ അറിയുന്നുണ്ടായിരുന്നു.. അടുക്കളയിൽ നിന്നും രുദ്ര വരുമ്പോൾ സൂര്യനും അനന്തനും ഹാളിലെ സോഫയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു.. “നാളെ അതിരാവിലെ നമുക്ക് പുറപ്പെടാം.. ഭട്ടതിരിപ്പാട് അവിടെ ഉണ്ടാവും.. കാളിയാർ മനയിലെ നിലവറയിലാണ് ആവാഹനപൂജ..” അത് കേട്ടതും രുദ്രയുടെ മുഖത്തെ തെളിച്ചം കെട്ടത് അനന്തൻ കണ്ടു.. അവൾ സൂര്യനെ നോക്കി.. അവൻ അവളെയും.. രുദ്രയുടെ മനസ്സിലെ സങ്കർഷം മുഖത്ത് കാണാമായിരുന്നു..

അനന്തൻ എഴുന്നേറ്റു അവൾക്കരികെയെത്തി രുദ്രയെ ചേർത്തു പിടിച്ചു… “ഒന്നും പേടിക്കണ്ടാ.. അച്ഛനല്ലേ പറയുന്നത്.. നിങ്ങളുടെ സ്നേഹം, ആത്മബന്ധം, പരസ്പരവിശ്വാസം.. അത് മതി എന്തിനെയും ജയിക്കാൻ..” ഒന്ന് നിർത്തി പുഞ്ചിരിയോടെ രുദ്രയെ നോക്കി അനന്തൻ തുടർന്നു.. “ചെറിയൊരു പേടി എന്റെ ഉള്ളിലുണ്ടായിരുന്നു.. പക്ഷെ ഇപ്പോഴതില്ല.. അച്ഛന് തെറ്റ്‌ പറ്റിയില്ലെന്ന് തികച്ചും ബോധ്യമായി..” അനന്തൻ രുദ്രയെ നോക്കി. “ഭൈരവന്റെ ആത്മാവ് സൂര്യനിൽ പ്രവേശിച്ചു നമുക്ക് അറിയേണ്ടതെല്ലാം അറിഞ്ഞു കഴിയുമ്പോൾ ഭൈരവനെ സൂര്യന്റെ ദേഹത്തു നിന്നും അടർത്തി മാറ്റേണ്ടത് രുദ്രയാണ്..

ഉറങ്ങിക്കിടക്കുന്ന സൂര്യന്റെ ആത്മാവിനെ തിരികെ വിളിക്കേണ്ടത് അവന്റെ പാതിയായ നീയാവണം.. നിങ്ങളുടെ സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഒരഗ്നിപരീക്ഷ തന്നെയാവും അത്.. പറയുന്നത്ര നിസ്സാരമല്ല.. ഭൈരവനെപ്പോലൊരു നീചൻ പെട്ടെന്നൊന്നും തോൽവി സമ്മതിച്ചു മടങ്ങില്ല..” രുദ്രയെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു കൊണ്ടു അനന്തൻ തുടർന്നു.. “എനിക്കറിയാം.. നിങ്ങൾ തോൽക്കില്ല.. സത്യമേ വിജയിക്കൂ.. നിങ്ങളുടെ പ്രണയം സത്യമാണ്.. അറിയാമല്ലോ ഞാനും പത്മയും ജീവിതം ആരംഭിച്ചത് വലിയൊരു പ്രതിസന്ധിയെ നേരിട്ടിട്ടാണ്.. സ്നേഹമായിരുന്നു ഞങ്ങളുടെ ശക്തി..

ചിലപ്പോൾ അത് നമ്മൾക്ക് അപ്രതീക്ഷിതമായി അവസരങ്ങൾ നൽകും.. അത് ഉപയോഗിക്കണം ” രുദ്രയുടെ മിഴികൾ സൂര്യനുമായി കൊരുത്തു.. മുഖത്ത് ഗൗരവം നിറച്ചെങ്കിലും ആ കണ്ണുകളിൽ നിറയുന്ന പ്രണയം മറച്ചു വെക്കാൻ അവനായില്ല… സംസാരിച്ചു കഴിഞ്ഞു വരുമെന്ന് പ്രതീക്ഷിച്ചു റൂമിൽ സൂര്യനെയും കാത്തിരുന്നെങ്കിലും ആളെ കാണാതിരുന്നപ്പോൾ തെല്ല് നിരാശ്ശയോടെ രുദ്ര പുറത്തേക്കിറങ്ങി.. ഹാളിൽ ആരെയും കണ്ടില്ല.. പൂമുഖത്തെത്തിയപ്പോൾ അനന്തൻ അകത്തേക്ക് തിരിഞ്ഞു നടക്കുകയായിരുന്നു.. “സൂര്യൻ താഴെത്തെ വീട്ടിലേക്കിറങ്ങിയല്ലോ കുഞ്ഞി.. വിളിക്കണോ..?” “വേണ്ടച്‌ഛാ.. ഞാൻ വെറുതെ നോക്കിയതാ..” അവളെ നോക്കി ചിരിച്ച് അനന്തൻ അകത്തേക്ക് കയറി.

രുദ്ര ചാരുപടിയിൽ ഇരുന്നു.. സൂര്യൻ മുറ്റത്തു നിന്ന് തൊടിയിലേക്ക് ഇറങ്ങുന്നത് രുദ്ര കണ്ടു.. അവൾക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു.. “ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ.. ഒരു വാക്ക് പോലും മിണ്ടിയില്ല..” രുദ്ര പിറുപിറുത്തു.. സൂര്യൻ ഇടയ്ക്കൊന്ന് വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടിരുന്നു പൂമുഖത്ത് ഇരുന്നയാളെ.. അവനൊന്നു പുഞ്ചിരിച്ചു.. “എന്നെ കുറേയിട്ട് തട്ടിക്കളിച്ചതല്ലേ.. തല്ക്കാലം അവിടിരിക്ക്..” അവൻ മനസ്സിൽ പറഞ്ഞു.. വൈകുന്നേരമായിട്ടും സൂര്യൻ തിരികെ വന്നില്ല.സന്ധ്യയാവാൻ കാത്തിരിപ്പായിരുന്നു രുദ്ര.. കാവിലേക്ക് അവളോടൊപ്പം പത്മയും ഇറങ്ങിയിരുന്നു.. കാവിലേക്ക് കയറുമ്പോഴും രുദ്രയുടെ മിഴികൾ താഴേവീട്ടിലേക്കായിരുന്നു.. പുറത്തൊന്നും കാണാനില്ല..

പൂമുഖവാതിൽ ചാരിയിട്ടുണ്ട്.. കാവിൽ നിന്നിറങ്ങാൻ പതിവില്ലാതെ രുദ്ര തിടുക്കം കൂട്ടുന്നത് പത്മ ശ്രെദ്ധിച്ചിരുന്നു..കാവിൽ നിന്നിറങ്ങി അസ്ഥിത്തറയിൽ തിരി വെച്ച് പോകാനായി തുനിഞ്ഞപ്പോഴാണ് രുദ്ര പതിയെ പറഞ്ഞത്.. “അമ്മ നടന്നോളൂ, ഞാൻ വന്നേക്കാം..” പത്മയുടെ മുഖത്തെ ചോദ്യഭാവം കണ്ടപ്പോൾ മടിച്ചു മടിച്ചാണ് അവൾ പറഞ്ഞത്.. “അത്.. സാറിവിടെ ഉണ്ട്.. ഞാൻ ഒന്നിച്ചു വന്നേക്കാം..” പത്മ ചിരിച്ചു.. വാത്സല്യമായിരുന്നു മുഖം നിറയെ.. “ന്റെ കുഞ്ഞി, നീയിപ്പോഴും ഭർത്താവിനെ സാറെന്നാണോ വിളിക്കുന്നത്..? രുദ്രയുടെ മുഖം ചുവന്നു.. അവളൊരു ചമ്മിയ ചിരി ചിരിച്ചു.. “ആയിക്കോട്ടെ.. ന്നാൽ ചെല്ല്.. ഞാൻ നടക്കുവാ..” പത്മ ചിരിയോടെ തന്നെ യാത്ര പറഞ്ഞു വഴിയിലേക്കിറങ്ങി.. രുദ്ര ചുറ്റും നോക്കി.. ചെടിച്ചട്ടിയിലെ നിശാഗന്ധിയിൽ പൂക്കൾ വിടർന്നിട്ടുണ്ട്..

തെല്ല് പരിഭ്രമത്തോടെ അവൾ പൂമുഖത്തേക്ക് കയറി. വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ.. അകത്തെങ്ങും ആളെ കണ്ടില്ല.. ഒച്ചയും അനക്കവുമൊന്നുമില്ല.. അവസാനമാണ് ഒരു പാളി ചാരിയിട്ട വാതിൽ പതിയെ തുറന്നു കൊണ്ടവൾ സൂര്യന്റെ മുറിയിൽ കയറിയത്.. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദവും മൂളിപ്പാട്ടും കേട്ടപ്പോൾ അറിയാതെയൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ തെളിഞ്ഞു.. ഒന്നുമാലോചിക്കാതെ കയറി വന്നതാണ്.. പ്രണയം ചിലപ്പോഴൊക്കെ വല്ലാത്തൊരു ധൈര്യം തരും.. ഒരിക്കലും ചെയ്യാനാവില്ലെന്ന് കരുതുന്ന കാര്യങ്ങൾ നിമിഷങ്ങൾ കൊണ്ടു പ്രാവർത്തികമാക്കും.. പുറത്തൊന്നും കാണാതിരുന്നപ്പോൾ പെട്ടെന്നൊരു തോന്നലിൽ കയറി വന്നതാണ്.. രുദ്ര വെപ്രാളത്തോടെ തിരിഞ്ഞു നടക്കാൻ തുണിഞ്ഞപ്പോഴാണ് മുഴുവനായും അടയാതിരുന്ന ഷെൽഫിനുള്ളിൽ അത് കണ്ടത്..

ഏതോ ഉൾപ്രേരണയെന്നോണം അവൾ ഷെൽഫിനടുത്തേക്ക് നടന്നു.. അത് തുറന്നു ചിലങ്ക കൈയിൽ എടുത്തതും ബാത്റൂം ഡോർ തുറന്നതും ഒരുമിച്ചായിരുന്നു. ബാത്ത്ടവൽ കൊണ്ടു തല തുവർത്തിക്കൊണ്ട് പുറത്തേക്കിറങ്ങിയ സൂര്യനും അവളെ കണ്ടു പകച്ചു.. നഗ്നമായ നെഞ്ചിലെ രോമരാജികളിൽ പിണഞ്ഞു കിടന്നിരുന്ന നേർത്ത സ്വർണ്ണനൂലിലും അതിലെ ലോക്കറ്റിലേക്കും രുദ്ര കൗതുകത്തോടെ നോക്കി.. അവൾ മിഴികൾ പിൻവലിച്ചതും ചോദ്യം കേട്ടു.. “താൻ.. താനെന്താ ഇവിടെ…” രുദ്ര മിണ്ടിയില്ല.. മുഖം താഴ്ത്തി നിൽക്കുന്ന അവളുടെ കൈകൾ പുറകിലേക്ക് പിടിച്ചിരിക്കുന്നത് കണ്ടാണ് അവൻ സംശയത്തോടെ നോക്കിയത്.. സൂര്യൻ അരികിലേക്ക് വരും തോറും കൈ പുറകിലേക്ക് തന്നെ പിടിച്ചു കൊണ്ടു രുദ്ര പിറകോട്ടു നീങ്ങി..

വാതിലിനരികെ എത്തിയതും അവൾ തിരിഞ്ഞോടാൻ ശ്രെമിച്ചെങ്കിലും സൂര്യന്റെ കൈകൾ അവളെ ചുറ്റിയിരുന്നു.. കൈ ഇത്തിരി ബലമായി തന്നെ പിടിച്ചു വലിച്ചപ്പോൾ അവളുടെ കൈയിലെ ചിലങ്ക അവൻ കണ്ടു… “ഓ.. ഇതായിരുന്നൊ.. ഇതെടുക്കാൻ വേണ്ടി ഇവിടെ വരെ വരേണ്ടായിരുന്നല്ലോ.. ചോദിച്ചാൽ ഞാൻ തരുമായിരുന്നു..” നിസ്സാരമായി പറഞ്ഞിട്ട് അവളുടെ മേലുള്ള പിടുത്തം വിട്ട് ഒന്ന് നോക്കി കൊണ്ടു സൂര്യൻ കണ്ണാടിയ്ക്ക് മുൻപിലേക്ക് നടന്നു.. രുദ്രയുടെ മുഖം വാടി.. കണ്ണാടിയുടെ മുൻപിൽ നിന്ന് മുടി ചീകുമ്പോൾ സൂര്യന്റെ മുഖത്ത് കുസൃതിയായിരുന്നു.. അവളെ നെഞ്ചോട് ചേർക്കാൻ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.. “ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് ” സ്വരവീചികളും ചിലങ്കയുടെ താളവും കേട്ടാണ് സൂര്യൻ ഞെട്ടിതിരിഞ്ഞത്..

സാരിത്തുമ്പ് മുൻപിലേക്ക് വലിച്ചു കുത്തിയിട്ടുണ്ട്.. മെടഞ്ഞിട്ട നീണ്ട മുടി മുൻപിലേക്കിട്ടിട്ടുണ്ട്.. ആ മുഖത്ത് ചിരിയായിരുന്നു.. വീണ്ടും ചിലങ്കയുടെ താളം അവനെ തേടിയെത്തി..സൂര്യന്റെ കണ്ണുകൾ വിടർന്നു.. കൗതകവും പ്രണയവും മുഖത്ത് തെളിഞ്ഞു നിന്നു.. “മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും… ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് യദുബാലന്റെ മാറിൽ വന്നാളികൾ ചായുകിലും ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ അമ്പാടി തുളസി പോലെ നവനീത തളിക പോലെ തവ രാഗം….യമുനപോലെ… ആ ആ ആ… രാധേ…യാദവ കുലമൗലേ…. കണ്ണനു നീയേ വനമാല….(2)” രുദ്ര സ്വയം മറന്നാടുകയായിരുന്നു..

സൂര്യനാരായണന് വേണ്ടി മാത്രമായി.. ഇന്ന് വരെ ആർക്കുമുൻപിലും ആർക്കുവേണ്ടിയും ഇങ്ങനെ ആടിയിട്ടില്ല.. നടനം അവസാനിച്ചതും അവളുടെ മിഴികൾ സൂര്യനെ തേടിയെത്തി.. രുദ്ര പതിയെ കട്ടിലിന്റെ സൈഡിൽ ചാരി നിലത്തിരുന്നു.. ഉയർത്തി വെച്ച കാൽ മുട്ടിൽ മുഖം ചേർത്തിരുന്നു.. നേർത്ത കിതപ്പിന്റെ അലയൊലികൾ അപ്പോഴും അവളിൽ ഉണ്ടായിരുന്നു. അരികെ സൂര്യൻ ഇരുന്നതും ആ കൈകൾ തന്നെ പൊതിയുന്നതും രുദ്ര അറിയുന്നുണ്ടായിരുന്നു.. കാതോരം ആ നിശ്വാസത്തോടൊപ്പം വാക്കുകളും അവളിലെത്തി.. “സൂര്യന്റെ മാത്രം നിശാഗന്ധി…” പതിയെ അവൾ ആ നെഞ്ചിലേക്ക് മുഖം ചേർത്തു.. നിശാഗന്ധിയുടെ മണം അവളറിഞ്ഞു..

അവന്റെ ദേഹത്തെ നനവ് അവളിലുമെത്തിയിരുന്നു.. ഉടയാടകൾ ഓരോന്നായി ദേഹത്ത് നിന്നും വേർപെടുമ്പോഴും സൂര്യന്റെ കുസൃതിച്ചിരികൾക്കിടയിലും പലപ്പോഴും രുദ്ര മിഴികൾ ഇറുകെ അടച്ചിരുന്നു..നാണത്താൽ തുടുത്ത മുഖം ഒളിപ്പിക്കാൻ ശ്രെമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞിരുന്നില്ല.. ഒടുവിൽ സൂര്യന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുമ്പോഴും അവന്റെ കൈകൾ അവളെ ചുറ്റിയിരുന്നു… “എന്റെ പ്രണയമാണ്…” രുദ്രയുടെ നേർത്ത ശബ്ദം അവൻ കേട്ടു.. “കൗമാരത്തിൽ എന്നോ ആരാധനയിൽ തുടങ്ങി മനസ്സിൽ വേരുറച്ച് പോയ എന്റെ പ്രണയം.. മറ്റാർക്കും ഇടം കൊടുക്കാതെ ഉള്ളിൽ നിറഞ്ഞു പോയ പ്രണയം.. എനിക്കൊരിക്കലും നിയന്ത്രിക്കാൻ കഴിയാതിരുന്ന എന്റെ പ്രണയം..”

“എന്നെപ്പറ്റി താൻ ഒരുപാട് ഗോസിപ്പ്സ് കേട്ടിട്ടില്ലേ.. എന്നിട്ടും തനിക്ക് എന്നോട് ഇഷ്ടം തോന്നിയോ..?” “കേട്ടിട്ടുണ്ട് ഒത്തിരി.. പക്ഷെ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല.. എന്റെ മനസ്സിൽ ഈ എഴുത്തുകാരനും എന്റെ പ്രണയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ..പക്ഷെ..” സൂര്യൻ അവളെ നോക്കി… “ഇപ്പൊ അങ്ങനെ അല്ലാട്ടോ.. കുറച്ചു പോസ്സസ്സീവ്നെസ്സൊക്കെ എനിക്കുമുണ്ട്..” സൂര്യൻ പൊട്ടിച്ചിരിച്ചു.. “ഈ നിശാഗന്ധിയിൽ നിന്നും ഇനിയെനിക്കൊരു മോചനമില്ലെടോ.. ആഗ്രഹിച്ചാൽ പോലും..” അത് വരെ മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രണയവും പരിഭവങ്ങളുമൊക്കെ പങ്കിട്ടു കഴിഞ്ഞപ്പോഴേക്കും നേരം വൈകിയിരുന്നു.. “പോവണ്ടേ.. ഒത്തിരി വൈകി..” രുദ്ര എഴുന്നേൽക്കാൻ ശ്രെമിച്ചുകൊണ്ട് ചോദിച്ചു..

“പോവണോ…?” “ഉം.. ഒന്നും കഴിച്ചില്ലല്ലോ…” രുദ്രയെ വീണ്ടും തന്നിലേക്ക് വലിച്ചു ചേർത്തുകൊണ്ട് സൂര്യൻ പറഞ്ഞു.. “സൂര്യന്റെ പ്രണയത്തിന് എപ്പോഴും ചൂടാണ് പെണ്ണേ..” പൂമുഖവാതിൽ പൂട്ടി രണ്ടുപേരും പുറത്തേക്കിറങ്ങിയപ്പോൾ പുറത്ത് ഇരുട്ട് കനത്തിരുന്നു.. അവളെ ചേർത്ത് പിടിച്ചു തന്നെയാണ് സൂര്യൻ മനയ്ക്കലേക്ക് നടന്നത്.. വാതിൽ തുറന്നത് പത്മയായിരുന്നു.. “ലേറ്റ് ആയപ്പോൾ ഞാൻ കരുതി നിങ്ങൾ ഇങ്ങോട്ട് വരുന്നില്ലെന്ന്..” രുദ്ര ചെറിയൊരു ചമ്മലോടെ പത്മയെ കടന്നു അകത്തേക്ക് നടന്നു.. “ഓരോന്ന് സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല..” പിറകിൽ സൂര്യന്റെ മറുപടി കേട്ടതും രുദ്രയുടെ മുഖമൊന്നു തുടുത്തു.. ഡൈനിങ്ടേബിളിൽ ഭക്ഷണം അടച്ചു വെച്ചിരുന്നു..

വാതിലൊക്കെ അടച്ചു പത്മ ചെല്ലുമ്പോൾ രുദ്ര കൈയിലെ ചപ്പാത്തികഷ്ണം കറിയിൽ മുക്കി സൂര്യന്റെ വായിൽ വെച്ച് കൊടുക്കുന്നതാണ് കണ്ടത്.. ശബ്ദമുണ്ടാക്കാതെ ചെറുചിരിയോടെ പത്മ പിന്തിരിഞ്ഞു മുറിയിലേക്ക് നടന്നു.. “അവര് കഴിക്കുവാണോ..?” വാതിൽ ചാരി പത്മ കട്ടിലിൽ കിടന്നിരുന്ന അനന്തനരികെ കിടന്നു കൊണ്ടു പറഞ്ഞു.. “കഴിക്കുന്നുണ്ട്..” പത്മയുടെ മുഖത്തെ ചിരി കണ്ടാണ് അനന്തൻ സംശയത്തോടെ അവളെ നോക്കിയത്… “അവരെ കാണുമ്പോൾ എനിക്ക് നമ്മളെ തന്നെ ഓർമ്മ വന്നു അനന്തേട്ടാ.. സ്വയം നിയന്ത്രിക്കാനാവാതെന്ന പോലെ പ്രണയിച്ചിരുന്നതോർമ്മ വന്നു..” അനന്തൻ നീട്ടിയ ഇടം കൈയിൽ തല വെച്ച് അയാളോട് ചേർന്നു കിടന്നു പത്മ..

അനന്തൻ തിരികെ വന്ന ആദ്യദിവസങ്ങളിൽ പത്മ അവനോട് കാണിച്ചിരുന്ന അകലം അവൾ കിടപ്പ്മുറിയിലും ഉണ്ടായിരുന്നു.. പതിയെ എപ്പോഴോ അതില്ലാതെയായിരുന്നു.. “പേടിയുണ്ടായിരുന്നെടോ എനിക്ക് ഭദ്രയ്ക്ക് വേണ്ടി രുദ്രയുടെ ജീവിതം വെച്ച് പന്താടുകയാണോയെന്നൊരു പേടി..” “സൂര്യനെ എനിക്കും പേടിയായിരുന്നു അനന്തേട്ടാ..” “സൂര്യനെപ്പറ്റി എല്ലാം അന്വേഷിച്ചറിഞ്ഞു രുദ്രയോടുള്ള അവന്റെ ഇഷ്ടം മനസ്സിലാക്കി തന്നെയാണ് ഞാൻ ഈ വിവാഹം നടത്തിയത്.. എന്നാലും ഭൈരവന്റെ ചോരയാണെന്നൊരു പേടി ഉണ്ടായിരുന്നു..” അനന്തൻ പത്മയെ നോക്കി.. “ഇപ്പോൾ ആ പേടിയില്ല..

സൂര്യൻ നല്ലവനാണ്.. പിന്നെ ഒരു പേടി ഉണ്ടായിരുന്നത് അവർ തമ്മിലുള്ള ബന്ധത്തെ പറ്റിയായിരുന്നു.. രുദ്രയോടുള്ള സ്നേഹം കൊണ്ടു മാത്രമേ സൂര്യന് ഭൈരവനെ ജയിക്കാനാവൂ.. അവൾക്ക് മാത്രമേ അവനെ ആ അവസ്ഥയിൽ നിന്നും രക്ഷിക്കാനുമാവൂ… അത്രമേൽ പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലേ അത് സാധ്യമാവൂ..” “അനന്തേട്ടാ.. ഭൈരവനെ ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു..” “ഒന്നുമില്ലെടോ.. ഒരിക്കൽ അവനെ ജയിച്ചവരല്ലേ നമ്മൾ.. നമ്മുടെ മക്കളും ഈ പ്രതിസന്ധികളൊക്കെ മറി കടക്കും..” പത്മയുടെ നെറുകയിൽ മുഖം ചേർത്തു കൊണ്ടു അനന്തൻ പറഞ്ഞു… പാതിരാത്രിയിൽ സൂര്യന്റെ കരവലയത്തിൽ കിടക്കുമ്പോഴും രുദ്രയുടെ മനസ്സിൽ നാളെയെക്കുറിച്ചുള്ള ചിന്തകളായിരുന്നു..

സൂര്യനാരായണൻ ഇല്ലാതെ ഒരു നിമിഷം പോലും തനിക്കും ജീവിക്കാനാവില്ലെന്ന തിരിച്ചറിവിലായിരുന്നു മനസ്സ്.. സൂര്യൻ ഉറങ്ങിയിരുന്നു.. അടുത്ത നിമിഷം അവൾ ആ നെഞ്ചിൽ അമർത്തി ചുംബിച്ചു.. “ദേ പെണ്ണേ വെറുതെ എന്നെ പ്രകോപിപ്പിക്കാതെ ഉറങ്ങാൻ നോക്ക്.. അതിരാവിലെ പോവാണെമെന്നാണ് തന്റെ അച്ഛൻ പറഞ്ഞത്.. പുലരാനിനി അധിക സമയമില്ല..” പതിഞ്ഞ ശബ്ദം കേട്ടതും രുദ്ര ജാള്യതയോടെ പൂച്ചകുഞ്ഞിനെ പോലെ അവനോട് ചേർന്നു കിടന്നു.. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും സൂര്യന്റെ മുഖത്തൊരു നേർത്ത ചിരി ഉണ്ടായിരുന്നു.. പുലർച്ചെ സൂര്യനായിരുന്നു ആദ്യം ഉണർന്നത്.. തന്നോട് ചേർന്നു ശാന്തമായി ഉറങ്ങുന്ന രുദ്രയെ തെല്ല് നേരം അവൻ നോക്കി കിടന്നു…

“ഭൈരവൻ അയാൾ നിസ്സാരനല്ല.. പക്ഷെ ഈ സ്നേഹം അത് ഉപേക്ഷിച്ചു പോവാൻ തനിക്കാവില്ല.. സൂര്യനില്ലാതെ ഒരു നിമിഷം പോലും രുദ്രയും ഈ ഭൂമിയിൽ ഉണ്ടാവില്ല.. ജയിച്ചേ പറ്റൂ.. എന്റെ നിശാഗന്ധി പെണ്ണിന് വേണ്ടി..” സൂര്യനാരായണൻ മനസ്സിൽ പറഞ്ഞു.. ആ ദിവസം അവർക്ക് വേണ്ടി കാത്തുവെച്ചത് എന്തെന്നറിയാതെ…..(തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 38

Share this story