ഹരി ചന്ദനം: ഭാഗം 37

ഹരി ചന്ദനം: ഭാഗം 37

എഴുത്തുകാരി: ശ്രുതി കൃഷ്ണ

രാവിലെ വൈകിയാണ് എണീറ്റത്.പെട്ടന്ന് തന്നെ കുളിച്ചൊരുങ്ങി ഭക്ഷണമൊക്കെ റെഡിയാക്കി കഴിച്ചു.ഒപ്പമിരിക്കാൻ കിച്ചു ചെന്ന് H.P യെ വിളിച്ചെങ്കിലും പുറത്തേക്കിറങ്ങാതെ അമ്മയുടെ റൂമിൽ തന്നെ മുഷിഞ്ഞിരിപ്പായിരുന്നു.ഞാൻ ബാഗൊക്കെ എടുത്തു റെഡി ആയി താഴേക്കു വന്നു.ചാരുവിനെ വീണ്ടും വീണ്ടും വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ തന്നെയായിരുന്നു.റൂമിൽ ചെന്ന് H.P യോട് യാത്ര പറയണോ വേണ്ടയോ എന്ന് ഒരു വേള ശങ്കിച്ചു.മടിച്ചു മടിച്ചാണ് റൂമിലേക്ക്‌ കയറി ചെന്നത്.ആളപ്പോഴും കട്ടിലിൽ ചുരുണ്ടു കൂടി കിടപ്പായിരുന്നു. “ഞാൻ….ഞാൻ പോവാണ്.ഞാൻ പോയാൽ ഹരിയേട്ടന് സമാദാനം കിട്ടില്ലേ…..

സന്തോഷമായിട്ടിരിക്കണം… ബൈ. ” നെഞ്ചിൽ കുമിഞ്ഞു കൂടിയ ദുഃഖം കാരണം പല വാക്കുകളും മുറിഞ്ഞു മുറിഞ്ഞാണ് പുറത്തേക്ക് വന്നത്.കണ്ണുകളും അനുസരണയില്ലാത്ത പെയ്യുന്നുണ്ടായിരുന്നു.മുറിയിൽ നിന്ന് ഇറങ്ങി ഡോർ പതിയെ അടച്ചു.രണ്ടടി വച്ചപ്പോളേക്കും പുറകിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഒരു പിൻവിളി പ്രതീക്ഷിച്ചു തിരിഞ്ഞു നോക്കിയെങ്കിലും ആള് വേഗത്തിൽ മുകളിലോട്ടു കയറി പോകുന്നത് കണ്ടു.മുഖം അമർത്തി തുടച്ചു ഉമ്മറത്ത് വന്നപ്പോൾ കിച്ചു എന്നെ കൊണ്ടു വിടുവാനായി റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.പക്ഷെ ഞാൻ അവനെ വിലക്കി.

ഒത്തിരി നിർബന്ധിച്ചെങ്കിലും ഞാൻ തനിയെ പോയിക്കൊള്ളാം എന്ന് പറഞ്ഞു.അവൻ അടുക്കുന്നില്ലെന്നു കണ്ടപ്പോൾ എനിക്ക് സ്കൂട്ടി കൊണ്ടു പോവണമെന്നും ഇനി അത് തിരിച്ചെടുക്കാനായി തിരികെ വരാൻ വയ്യെന്നും പറഞ്ഞപ്പോൾ അവൻ വഴങ്ങി.മുറ്റത്തിറങ്ങി വീടാപ്പാടെ ഒന്ന് കണ്ണോടിച്ചു.വണ്ടിയെടുത്തു പതിയെ മുൻപോട്ടു പോകുമ്പോളും എന്റെ കണ്ണുകൾ മിററിലൂടെ വീട്ടിലേക്കു നീണ്ടുകിടക്കുകയായിരുന്നു.ഒരു വേള മുകളിലത്തെ ബാൽക്കണിയുടെ ജനാലയ്ക്കടുത്തു ഒരു നിഴലനക്കം പോലെ തോന്നിയെങ്കിലും പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല.

പിൻവിളി പ്രതീക്ഷിക്കുന്ന എന്റെ തോന്നലുകൾ ആണവയെല്ലാം എന്ന് സ്വൊയം മനസ്സിനെ ശാസിച്ചു വണ്ടിയെടുത്തു മുൻപോട്ട് നീങ്ങി.യാത്രയിലുട നീളം ഞങ്ങൾ കണ്ടുമുട്ടിയത് മുതലുള്ള ചത്രങ്ങൾ മനസ്സിൽ മിന്നി മറിയുകയായിരുന്നു.അവസാനം യാത്ര പറയുമ്പോൾ H.P യുടെ ഭാവം എന്തായിരുന്നെന്നു ഓർത്തെടുക്കുകയായിരുന്നു ഞാൻ.ആ കണ്ണുകളിൽ നനവ് പടർന്നിരുന്നുവോ… അടുത്ത നിമിഷം തന്നെ അതൊക്ക എന്റെ തോന്നലുകളാണെന്നു സ്വൊയം തിരുത്തി.ഞാൻ പോകുവാണെന്നു അറിഞ്ഞിട്ടു കൂടി ഒരു ഭാവഭേദവും കാട്ടാതെ നിന്ന ആ മനുഷ്യനെ ഓർത്ത് വീണ്ടും ഉള്ളം വിങ്ങുന്നുണ്ടായിരുന്നു.

മനസ്സിന്റെ ഭാരം താങ്ങാതെ കണ്ണുകൾ വീണ്ടും നിറഞ്ഞപ്പോൾ ഒരു വേള വണ്ടി ചെറുതായി ഒന്ന് പാളി.എതിരെ വന്ന വണ്ടിക്കാരൻ ദേഷ്യത്തോടെ എന്തോ വിളിച്ചു പറഞ്ഞു പോകുന്നത് കണ്ടു. പയ്യെ വണ്ടി ഒതുക്കി നിർത്തി കണ്ണൊക്കെ തുടച്ചു.പെട്ടന്ന് പപ്പയെയും മാമയെയും ഓർമ വന്നു.പണ്ടത്തെ ഞങ്ങളുടെ നല്ല നിമിഷങ്ങളെ ഓർത്തു.യാത്രയ്ക്ക് മുൻപ് പപ്പ സുരക്ഷിതമായി ചേർത്തു വച്ച കൈകൾ തന്നെ എന്നെ ആട്ടിയകറ്റിയതറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക എന്നാലോചിച്ചു പേടി തോന്നി.പപ്പയോടു തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.

മാമയോടെങ്കിലും പറയണം ഭദ്രമാണെന്ന് നിനച്ച ജീവിതം ഉള്ളം കയ്യിൽ നിന്ന് ചോർന്നു പോയെന്നു.എന്റെ ജീവിതത്തെ സംബന്ധിച്ച് കെട്ടി പൊക്കിയ മനക്കോട്ടകളൊക്കെ തകർന്നു പോയെന്നു.എങ്കിലും നേരിയ ഒരു പ്രതീക്ഷ മനസ്സിന്റെ ഏതോ ഒരു കോണിൽ ഉണ്ടെന്നുള്ളതും സത്യമാണ്.പഴയതെല്ലാം ഓർത്തപ്പോൾ വീണ്ടും വീട്ടിലേക്കു പോകാൻ ഒരു കൊതി തോന്നി.വീടിന്റെ സ്പെയർ കീ ഹാൻഡ് ബാഗിൽ തന്നെ ഇപ്പോഴും ഉണ്ടെന്നു ഒന്ന് കൂടി ഉറപ്പു വരുത്തി വീട്ടിലേക്കു ഞാൻ വണ്ടി തിരിച്ചു. വീട്ടിൽ എത്തിയ പാടെ ചുറ്റുപാടുമൊന്നു വീക്ഷിച്ചു.

ഇടയ്ക്കിടെ വൃത്തിയാക്കാൻ ആളെ ഏർപ്പാടാക്കിയിരുന്നതിനാൽ പറയത്തക്ക പൊടിയൊന്നും ഇല്ലായിരുന്നു.ഉള്ളിലേക്ക് കയറിയ പാടെ പഴക്കമുള്ള ഒരു മണം മൂക്കിലേക്ക് ഇരച്ചെത്തിയപ്പോൾ ചെറിയ അസ്വസ്ഥത തോന്നി.ആദ്യം പോയത് പപ്പയുടെ റൂമിലേക്കാണ്.അവിടെ ഞങ്ങളുടെ പഴയ ഫോട്ടോസ് ഒക്കെ ഇരിപ്പുണ്ടായിരുന്നു.അതൊക്കെ നോക്കി കുറച്ച് പരിഭവം പറഞ്ഞു.പിന്നെ എന്റെ റൂമും ഹാളും ബാൽകണിയും അങ്ങനെ എല്ലാമെല്ലാം കുറച്ച് നാളുകൾക്കു ശേഷം ഒന്ന് കൂടി നോക്കി കണ്ടു.പഴയ ആൽബമൊക്കെ കണ്ണിൽ പെട്ടപ്പോൾ ആദ്യമായി കാണുന്നത് പോലെ അവയൊക്കെയെടുത്തു വീണ്ടും വീണ്ടും നോക്കി കണ്ടു.

മനസ്സ് വീണ്ടും പഴയ ഓർമകളിലേക്ക് ഊളിയിട്ടപ്പോൾ അത് വരെ മനസ്സിൽ കൊണ്ടു നടന്നതൊക്കെ ഒരു മഴകണക്കെ പുറത്തേക്കു വന്നു.ആർത്താർത്തു കരഞ്ഞു നിലത്തേക്ക് ഊർന്നിരുന്ന് തളർന്നു എപ്പോഴോ ഉറങ്ങിപോയി. തുടരെയുള്ള കാളിങ് ബെൽ കേട്ടാണ് കണ്ണ് തുറന്നത്.പതിയെ എണീറ്റിരുന്നിട്ടും ഒരു നിമിഷം വേണ്ടി വന്നു കഴിഞ്ഞതൊക്കെയൊന്ന് ഓർത്തെടുക്കാൻ.ഞാൻ ഒത്തിരി സമയം ഉറങ്ങി പോയെന്നു തോന്നുന്നു.സമയം ഉച്ചയായിരുന്നു.ഇടതടവില്ലാതെ വീണ്ടും വീണ്ടും ബെൽ മുഴങ്ങികൊണ്ടിരുന്നു.ഇത്രയും ദിവസം ആളില്ലാതിരുന്ന വീട്ടിൽ ഇന്ന് കറക്റ്റ് ആയിട്ട് എത്താൻ മാത്രം അത്യാവശ്യക്കാർ ആരാണെന്നു എനിക്ക് പിടികിട്ടുന്നുണ്ടായിരുന്നില്ല.

ചിലപ്പോൾ അടുത്ത വീട്ടിലെ ആരെങ്കിലും മുറ്റത്ത്‌ വണ്ടി കണ്ടിട്ട് വന്നതാകുമെന്നു കരുതിയാണ് വാതിൽ തുറന്നത്.മുൻപിൽ നിൽക്കുന്ന ആളുകളെ കണ്ട് അതിശയപ്പെടാൻ പോലും സാവകാശം കിട്ടിയില്ല അതിന് മുൻപേ ദേഷ്യത്തോടെ ഉള്ളിലേക്ക് ഇടിച്ചു കയറി വലിയ ശബ്ദത്തോടെ വാതിൽ കൊട്ടിയടച്ചു. “ഞങ്ങളൊക്കെ നിന്റെ ആരാടീ…. ” സച്ചുവിന്റെ അലർച്ചയിൽ വീട് മൊത്തമായി ഒന്ന് കുലുങ്ങി.ചാരുവിന്റെ മുഖത്ത് പക്ഷെ സഹതാപമായിരുന്നു.ആദ്യമായിട്ടാണ് സച്ചുവിനെ അത്ര വയലന്റ് ആയി കാണുന്നത്. “പറയെടി…. ഇത്രയും വലിയ പ്രശ്നങ്ങൾ മറച്ചു വയ്ക്കാൻ മാത്രം അന്യരായി പോയോ ഞങ്ങൾ.. ” എന്നെ പിടിച്ചുലച്ചു അവൻ ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ ഞാൻ വിങ്ങിപ്പൊട്ടുകയായിരുന്നു.

“സച്ചൂ…. ഞാൻ… എനിക്ക്….” വാക്കുകൾ കിട്ടാതെ ഞാൻ ഉഴറുമ്പോൾ ചാരു വന്നെന്നെ ചേർത്തു പിടിച്ചു. “ഒന്നും പറഞ്ഞില്ലെന്നത് പോട്ടെ….എന്നിട്ട് അവള് വന്നേക്കുന്നു ഒറ്റയ്ക്ക് താമസിക്കാൻ. ” “അങ്ങനല്ല…. സച്ചു…. ” “പിന്നെ എങ്ങനാണാവോ?” “മതി സച്ചൂ നിർത്ത്….അവൾക്ക് പറയാൻ അവസരം കൊടുക്ക്‌..” “ഓഹ്… ഞാനിനി ഒന്നും മിണ്ടുന്നില്ല.എന്താന്ന് വച്ചാൽ ആയിക്കോ…എല്ലാം സ്വൊന്തം ഇഷ്ടവല്ലേ.. ” “ഞാൻ…. ഞാൻ ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ വന്നതല്ല. അവിടുന്ന് ഇറങ്ങേണ്ടി വന്നപ്പോൾ സഹിക്കാൻ പറ്റിയില്ല.എവിടെയെങ്കിലും സ്വൊസ്‌ഥമായിരുന്നു ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി.പിന്നെ പപ്പയെം മാമ്മയേം ഒക്കെ മിസ്സ്‌ ചെയ്തപ്പോൾ ഇങ്ങോട്ട് പൊന്നു.ഞാൻ സത്യത്തിൽ ടീച്ചറമ്മേടെ അടുത്തേക്ക് പോകാനിരുന്നതാ….

പക്ഷെ ഇവിടെ കിടന്ന് ഉറങ്ങി പോയി. ” “എന്റെ ചന്തൂ…. എന്നാലും വല്ലാത്ത ചെയ്ത്തായി പോയി.എത്ര തവണ ഫോൺ വിളിച്ചു…നീ അത് പോലും എടുത്തില്ലല്ലോ….അവസാന ചാൻസിന് ഇവിടെ അന്വേഷിച്ചിട്ടു പോലീസ് സ്റ്റേഷനിൽ പോവാൻ ഇരിക്കുവായിരുന്നു ഞങ്ങൾ. ” ചാരു ആശ്വാസത്തോടെ പറഞ്ഞു നിർത്തി.സച്ചുവിനെ നോക്കിയപ്പോൾ ദേഷ്യം ഇത്തിരിയൊന്നു അയഞ്ഞ പോലെ തോന്നി… “എന്നാലും…. ഒരു വാക്ക് പറയായിരുന്നില്ലെടാ….നമ്മൾ തമ്മിൽ എന്തിനാ ഇങ്ങനൊരു മറ… ” “നീ വീട്ടിലെത്തിയോ എന്നന്വേഷിക്കാൻ കിച്ചു എന്നെ വിളിച്ചിരുന്നു.ഞങ്ങൾ സത്യത്തിൽ അവിടേക്കു വന്ന് നിനക്കൊരു സർപ്രൈസ് തരാൻ ഇരിക്കുവായിരുന്നു.

എന്റെ പ്രൊജക്റ്റ്‌ സബ്മിഷൻ ഒക്കെ ഇന്നലെ കഴിഞ്ഞു.വൈകുന്നേരം നാട്ടിലേക്ക് വണ്ടി പിടിച്ചു.നാട്ടിൽ വരുന്ന കാര്യം നീയറിയണ്ടെന്നു കരുതിയാണ് ഫോൺ എടുക്കാതിരുന്നത്.ഇന്നലെ പോകാനിരുന്ന ഇവനെ കൂടി നിർബന്ധിച്ചു ഇവിടെ നിർത്തിയത് നിന്നെ ഞെട്ടിക്കാനാ.നീ വിളിച്ചോണ്ടിരുന്നത് ഇങ്ങനൊരു ആവശ്യത്തിനാണെന്നു അറിഞ്ഞില്ല…. സോറി ചന്തു.ഒന്നുല്ലേലും നിനക്ക് അമ്മയെ വിളിച്ചാൽ പോരായിരുന്നോ.? ” “ഞാൻ ടീച്ചറമ്മയോടു എങ്ങനെയാടാ ഇതൊക്കെ പറയുന്നത്.എന്ത് കാരണം പറയും. ” അതും പറഞ്ഞു ഞാൻ സച്ചുവിനെ നോക്കി. “നീ അവനെ നോക്കണ്ട.ഞങ്ങൾ അറിഞ്ഞു നിന്റെ ഭർത്താവിന്റെ സംശയ രോഗം.ഞങ്ങൾ അവിടെ പോയിരുന്നു.

അങ്ങോട്ട് എത്താറായപ്പോൾ ആണ് കിച്ചുഏട്ടൻ നീ വീട്ടിലെത്തിയോ എന്ന് ചോദിച്ചു വിളിക്കുന്നത്‌.അപ്പഴേ ഞങ്ങൾക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ…അവിടെ എത്തിയപ്പോൾ കിച്ചുഏട്ടൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു.അതിനിടയ്ക്ക് H.P കയറി വന്നു .ഇവൻ നിന്നെ ന്യായീകരിച്ചു മൂപ്പരോടു സംസാരിച്ചപ്പോൾ അങ്ങേർക്കു പിടിച്ചില്ല…മൂപ്പരും എന്തൊക്കെയോ ഭ്രാന്ത് വിളിച്ചു പറഞ്ഞു.അവസാനം സഹിക്ക വയ്യാതെ ഇവൻ കേറി അങ്ങേരെ കുത്തിപ്പിടിച്ചു.രണ്ടാളും കൂടിയുള്ള വഴക്ക് എങ്ങനെയൊക്കെയോ ആണ് ഞാനും കിച്ചുഏട്ടനും ഒന്ന് ഒതുക്കിയത്.ഇവനെ ഞാൻ അവിടുന്ന് പിടിച്ചു വലിച്ചു കൊണ്ടു വന്നതാ….അതിന്റെ കൂടെ നിന്നെ കൂടി കാണാതെ വന്നതോടെ ആകെ ടെൻഷൻ ആയി. ”

ഞാൻ സച്ചുവിനെ നോക്കിയപ്പോൾ അവൻ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു.അവന്റെ ചിതറിക്കിടക്കുന്ന മുടിയും ബട്ടൻസ് പൊട്ടിയ ഷർട്ടും ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്.അത്യാവശ്യം നല്ലൊരു വാക്കേറ്റം നടന്നതിന്റെ സൂചകങ്ങളായിരുന്നു അവ…ഞാൻ പതിയെ സച്ചുവിന്റെ അടുത്തേക്ക് നടന്നു.. അവന്റെ കൈകൾ ചേർത്തു പിടിച്ചു “സോറി ഡാ… അന്ന് ആ ഫങ്ക്ഷൻ കഴിഞ്ഞതിനു ശേഷമാണ് എല്ലാം തകിടം മറിഞ്ഞത്.ആള് നമ്മളെ തെറ്റിദ്ധരിച്ചോയെന്നു നേരിയ സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്നലെയാണ് അതാണ് കാരണം എന്ന് ഞാൻ തീർച്ചപ്പെടുത്തിയത്.

എനിക്ക് എത്രത്തോളം വേദന ഉണ്ടെന്ന് അറിയാവുന്നതു കൊണ്ട് അത്രത്തോളം നീയും സങ്കടപ്പെടുമെന്നു കരുതിയിട്ടാ ഞാൻ….ചാരുവിനോട് ചെറിയൊരു സൂചന കൊടുത്തിരുന്നു.നീ ഇന്നലെ തിരിച്ചു പോവുമെന്ന് അറിയാവുന്നതു കൊണ്ടും ഇങ്ങനൊരു കാര്യം നിന്റെ ലക്ഷ്യത്തെ യാതൊരു കാരണവശാലും ബാധിക്കരുതെന്നും എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.” “മതി… മതി….മോള് ചെന്ന് ബാഗൊക്കെ എടുത്തേ നമുക്ക് പോകാം…പിന്നേ കിച്ചുവേട്ടനെ വിളിക്കാൻ മറക്കണ്ട.വരാൻ നേരത്ത് നിന്നെ കണ്ടു കിട്ടിയാൽ അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. “പക്ഷെ ടീച്ചറമ്മയോടു എന്ത് പറയും. ” “സത്യം പറയും.അതോർത്തു നീ വിഷമിക്കണ്ട അത് ഞാൻ കൈകാര്യം ചെയ്തോളാം. ”

“പപ്പയോടു പറയണ്ടേ… ” “അറിയില്ല സച്ചൂ… എനിക്ക് പറയാൻ ധൈര്യം ഇല്ല.മാമ്മയോട് പറയണം… എന്നിട്ടേ ഒരു തീരുമാനമെടുക്കാറാവൂ. ” ഞാൻ മുകളിൽ ചെന്ന് ഹാൻഡ് ബാഗ് എടുത്തപ്പോൾ അതിൽ നിറയെ കിച്ചുവിന്റെയും സച്ചുവിന്റെയും ചാരുവിന്റെയും മിസ്സ്ഡ് കാൾസ് ഉണ്ടായിരുന്നു.ഉടൻ തന്നെ കിച്ചുവിനെ വിളിച്ച് കാര്യം പറഞ്ഞു.അവൻ കുറെ പരിഭവിച്ചു.H.P യെ അന്വേഷിച്ചപ്പോൾ ആള് ഇത്തിരി കൂടി വയലന്റ് ആയിട്ടുണ്ടെന്നു പറഞ്ഞു.കിച്ചുവിനോട് പോലും വല്ലാത്ത ദേഷ്യം കാണിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ സങ്കടം തോന്നി.അവൻ ഉടൻ തന്നെ തിരിച്ചു പോകുമെന്നും H.P യെയും കൂടെ കൂട്ടുമെന്നും പറഞ്ഞു.സംസാരം അവസാനിപ്പിച്ചു താഴേക്കു വന്നു വീട് ഭദ്രമായി പൂട്ടി ഇറങ്ങി.

ചാരു എന്റെ വണ്ടിയിൽ കയറി പുറകെ ബൈക്കിൽ സച്ചുവും ഞങ്ങളെ അനുഗമിച്ചു. ചാരുവിന്റെ വീട്ടിൽ ചെന്ന് ടീച്ചറമ്മയോടു കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു.ടീച്ചറമ്മ എന്നെ ചേർത്തു പിടിച്ചു ഒത്തിരി ആശ്വസിപ്പിച്ചു.ഞങ്ങളെ അവിടെ വിട്ട് ഇത്തിരി കൂടി ഇരുന്ന് സച്ചു മടങ്ങി.അവനു ഇന്ന് രാത്രിയിൽ തന്നെ ഡൽഹിക്ക് തിരിക്കാനുള്ളതായിരുന്നു.അവരോടൊക്കെ എല്ലാം തുറന്ന് പറഞ്ഞപ്പോൾ മനസ്സിന്റെ ഭാരം കുറയുന്നതറിഞ്ഞു. ഞാൻ അങ്ങോട്ട് ചെന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ലച്ചുവാണ്.അവളോട്‌ H.P ബിസ്സിനെസ്സ് ടൂറിൽ ആയതു കൊണ്ട് തല്ക്കാലം അവിടെ നിൽക്കുവാണെന്നു പറഞ്ഞു.ഇനിയിപ്പോൾ സ്ഥിരമാക്കിയാലും കുഴപ്പമില്ലെന്ന മട്ടായിരുന്നു അവൾക്കു.

അന്ന് രാത്രിയും പപ്പാ വിളിച്ചപ്പോൾ നെറ്റ് വർക്ക്‌ പ്രോബ്ലം ഉണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞു.പകരം മാമയുടെ ഫോണിലേക്കു അത്യാവശ്യമായി സംസാരിക്കാൻ ഉണ്ടെന്ന് മെസ്സേജ് അയച്ചു.പിറ്റേന്ന് പപ്പയറിയാതെ മാമ വിളിച്ചപ്പോൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു.നാട്ടിലേക്ക് എത്രയും പെട്ടന്ന് തിരിക്കാമെന്നു പറഞ്ഞെങ്കിലും വേണ്ടന്ന് പറഞ്ഞു നിര്ബന്ധിക്കാനാണ് അപ്പോൾ തോന്നിയത്.പെട്ടന്ന് വന്നാൽ ഇതുവരെ കഷ്ടപ്പെട്ടതൊക്കെ വെറുതെയാവുമെന്നു എന്റെ മനസ്സിൽ ഭയം ഉണ്ടായിരുന്നു.അവസാനം ടീച്ചറമ്മ കൂടി ഇടപെട്ട് പപ്പയുടെ ട്രീറ്റ്മെന്റ് കഴിഞ്ഞ് വന്നാൽ മതിയെന്നും തത്കാലം ഞാൻ ടീച്ചറമ്മയോടൊപ്പം നിൽക്കട്ടെയെന്നും പറഞ്ഞ് മാമയെ ആശ്വസിപ്പിച്ചു.

മനസ്സില്ലാ മനസ്സോടെ സമ്മതം മൂളാൻ മാത്രമേ മാമയ്ക്കു സാധിച്ചുള്ളൂ. അന്ന് മുതൽ പപ്പയെ വീഡിയോ കാൾ ചെയ്യുമ്പോൾ മുറി അടച്ചിട്ടു സംസാരിക്കും.ടീച്ചറമ്മയും ലച്ചുവും അധികം ശബ്ദമില്ലാതെ മാറി ഇരിക്കും.ഇടയ്ക്കു ലച്ചു ഓരോ സംശയങ്ങൾ ചോദിക്കുമെങ്കിലും ടീച്ചറമ്മ കണ്ണുരുട്ടി അവളെ ഒതുക്കി നിർത്തും.പപ്പാ H.P യെ അനേഷിക്കുമ്പോൾ എന്തെങ്കിലുമൊക്കെ നുണകൾ പറയും.പിന്നെയും ദിവസങ്ങൾ കടന്നു പോയി.ചാരു തിരിച്ചു പോയി ഒപ്പം ഞാൻ പഴയതു പോലെ കോളേജിലും പോയി തുടങ്ങി.ആദ്യം വിസമ്മതിച്ചെങ്കിലും H.P യെ കിച്ചു കൂടെ കൊണ്ട് പോയി.പക്ഷെ എത്ര നിര്ബന്ധിച്ചിട്ടും ട്രീറ്റ്‌മെന്റിനു സഹകരിക്കുന്നില്ലായിരുന്നു.

ഓഫീസിലെ കാര്യങ്ങൾ പോലും നോക്കാതെ മുറിയടച്ചിട്ടു ഒറ്റയിരിപ്പാണെന്നു കിച്ചു വിഷമത്തോടെ പറയുമ്പോൾ എന്റെ നെഞ്ചും നീറും. തിരക്കുകൾക്കിടയിലും കിച്ചുവിന്റെ സന്ദേശങ്ങൾ എന്നെ തേടി വരാറുണ്ടായിരുന്നു.അതികം പരിചയമില്ലെങ്കിലും ഓഫീസിലെ കാര്യങ്ങളും H.P യുടെ കാര്യങ്ങളും അവന്റെ തിരക്കുകളും എല്ലാം കൊണ്ടും അവൻ മടുത്തിരുന്നു.ഇടയ്ക്ക് ദിയയുടെ കാര്യം ഞാൻ എടുത്തിട്ടെങ്കിലും അവൻ താല്പര്യമില്ലാത്ത മട്ടിൽ വിഷയം മാറ്റി.എങ്കിലും അവളെയോർത്തു അവന്റെ ഉള്ളുരുകുന്നുണ്ടെന്നു എനിക്ക് അറിയാമായിരുന്നു.അമ്മ മരിച്ചപ്പോൾ കൂടി തിരിഞ്ഞു നോക്കാത്ത അവളോട് വല്ലാത്തൊരു വെറുപ്പ് തോന്നി.

കിച്ചുവിന്റെ മനപ്രയാസം കണ്ടിട്ടാണെന്നു തോന്നുന്നു ഒരിക്കൽ അവൻ സങ്കടം പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോൾ H.P കൗൺസിലിംഗിന് തയ്യാറാണെന്ന് അറിയിച്ചത്.ആൾക്ക് ഓരോ നേരത്തു ഓരോ സ്വൊഭാവമാണെന്നു കിച്ചു പറഞ്ഞിരുന്നു.അത് കൊണ്ട് ആളുടെ മനസ്സ് മാറുന്നതിനു മുൻപ് തന്നെ ആളെ ഷേർളിയാന്റിയുടെയും ഹസ്ബന്റിന്റെയും ഹോസ്പിറ്റലിൽ എത്തിച്ചു.ആളുടെ എല്ലാ ഡീറ്റൈൽസും മുൻപേ അറിയാവുന്നതു കൊണ്ട് അധികം വിശദീകരണം ഒന്നുമില്ലാതെ തന്നെ ട്രീറ്റ്മെന്റ് തുടങ്ങി.ആള് ശെരിക്കും ഡിപ്രെഷൻ സ്റ്റേജിൽ ആണെന്നായിരുന്നു ഹോസ്പിറ്റലിൽ നിന്നുള്ള വിശദീകരണം.

തന്റെ തിരക്കുകൾ കണക്കിലെടുത്തു H.P യെ ഹോസ്പിറ്റലിൽ നിർത്തി കിച്ചു തിരിച്ചു പോരേണ്ടി വന്നു.ഹോസ്പിറ്റലിൽ നിന്ന് ഓരോ ദിവസവും അറിയുന്ന കാര്യങ്ങൾ അപ്പപ്പോൾ തന്നെ കിച്ചു അറിയിച്ചു കൊണ്ടിരുന്നു.അവധി ദിവസങ്ങളിൽ കിച്ചു ആളുടെ അടുത്ത് പോയി നേരിട്ട് കാര്യങ്ങളൊക്കെ അന്വേഷിച്ചുകൊണ്ടിരുന്നു.അവന്റെ വാക്കുകൾ കേൾക്കാനായി ഞാൻ കാത്തിരിക്കുമായിരുന്നു.ആൾ പതിയെ നോർമൽ ആവുന്നുണ്ടെന്നു കിച്ചു പറയുമ്പോൾ അടുത്ത് ഇല്ലെങ്കിൽ കൂടി സൗമ്യനായി പെരുമാറുന്ന H.P യെ എനിക്ക് ഉൾക്കണ്ണിൽ കാണാമായിരുന്നു എങ്കിൽ കൂടി ഒരിക്കൽ പോലും ആളെന്നെ അന്വേഷിച്ചില്ലല്ലോ എന്നൊരു വേദന എനിക്കുണ്ടായിരുന്നു.

പിന്നേ പിന്നേ അതേ കുറിച്ച് ചോദിക്കുമ്പോൾ H.P അന്വേഷിച്ചു എന്ന് കിച്ചു പറയുമ്പോൾ ഒരിക്കൽ പോലും എന്നെ തേടി അദ്ദേഹത്തിന്റെ കാൾ വന്നില്ലെന്നത് തന്നെ അവൻ പറയുന്നത് കള്ളമാണെന്നുള്ള തെളിവായിരുന്നു.ഇടർച്ചയോടെ കള്ളം പറയരുതെന്ന് ഞാൻ കിച്ചുവിനെ ശാസിക്കുമ്പോൾ അവൻ മൗനം പാലിക്കും. ഇടയ്ക്കൊരു ദിവസം H.P തിരികെ കിച്ചുവിന്റെ അടുത്ത് തിരിച്ചു എത്തിയെന്നും പതിയെ ഓഫീസ് കാര്യങ്ങൾ ഒക്കെ വീട്ടിലിരുന്നു നോക്കാൻ തുടങ്ങിയെന്നും കിച്ചു പറഞ്ഞപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു ഞാൻ.ഹോസ്പിറ്റലിൽ ഇനി നിൽക്കാൻ വയ്യെന്ന് H.P കടുംപിടിത്തം പിടിച്ചപ്പോൾ ചികിത്സ വീട്ടിൽ ഇരുന്ന് മതിയെന്നായിരുന്നു അവരുടെ തീരുമാനം.ആളെ കാണാനും ആ ശബ്ദമൊന്നു കേൾക്കാനും എനിക്ക് വല്ലാത്ത കൊതി തോന്നി.

ഇടയ്ക്കു H.P അറിയാതെ കിച്ചു അയച്ചു തരുന്ന ഫോട്ടോസ് മാത്രമായിരുന്നു ഏക ആശ്രയം.ടീച്ചറമ്മയോടും ചാരുവിനോടും H.P യുടെ നല്ല മാറ്റങ്ങൾ പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു.എന്റെ ആകാംഷ കണ്ട് ചാരുവാണ് H.P യെ വിളിച്ചു നോക്കാൻ എന്നെ നിർബന്ധിച്ചത്.എന്നാൽ H.P യിലേക്ക് എത്താനുള്ള എല്ലാ വഴികളും കൊട്ടിയടക്കപ്പെട്ടിരിക്കുന്നു എന്ന് എനിക്ക് അതിന് ശേഷമാണ് മനസ്സിലായത്. മെസ്സേജ് ചെയ്യാനോ കാൾ ചെയ്യാനോ പറ്റാത്ത വിധം എന്നെ ബ്ലോക്ക്‌ ചെയ്തിരുന്നു.അന്നവിടെ നിന്ന് ഇറങ്ങി പോന്നതിനു ശേഷം കഴിഞ്ഞ ഒന്നര മാസത്തിനിടയ്ക്കു ഒരിക്കൽ പോലും ഇങ്ങനൊരു സാഹസം ഞാൻ കാട്ടിയിട്ടില്ല.

അതും അദ്ദേഹത്തിന്റെ സമാദാനത്തിനു വേണ്ടിയായിരുന്നു.എന്നാൽ ഇന്ന്… ഇപ്പോഴും H.P യ്ക്ക് എന്നോടുള്ള വികാരം വെറുപ്പാണെന്നു വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു.ഒരു വിൻവിളി പ്രതീക്ഷിച്ചു ഇത്രയും കാലം അദ്ദേഹത്തിന്റെ ഓർമകളിൽ നീറി ജീവിച്ച് ഞാൻ വിഡ്ഢിയാവുകയായിരുന്നോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു.സമാധാനം ഇല്ലാതായപ്പോൾ കിച്ചുവിനെ വിളിക്കുകയും മെസ്സേജ് അയക്കുകയും ഒക്കെ ചെയ്‌തെങ്കിലും റിപ്ലൈ ഒന്നും കിട്ടിയില്ല.എന്റെ ഭയം വീണ്ടും കൂടി കൂടി വന്നു.ചാരു സമാധാനപ്പെടുത്തുന്നുണ്ടായിരുന്നുവെങ്കിലും അവളുടെ ആശ്വാസ വാക്കുകളൊക്കെ എന്റെയുള്ളിലെ തീയിൽ ഉരുകിയൊലിച്ചു പോയി.

ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.ഇടയ്ക്കെപ്പോഴോ ചെറുതായൊന്നു മയങ്ങിയെങ്കിലും രാവിലെ ഉണർന്ന പാടെ ഞാൻ തിരഞ്ഞത് കിച്ചുവിന്റെ മറുപടി ഉണ്ടോയെന്നാണ്.പക്ഷെ നിരാശയായിരുന്നു ഫലം.എത്ര തിരക്കുണ്ടെങ്കിലും മുൻപ് ഒരിക്കൽ പോലും അവൻ ഇങ്ങനെ എന്നെ അവഗണിച്ചിരുന്നില്ല.ഇനി കള്ളങ്ങൾ പറഞ്ഞ് അവൻ എന്നെ ഒഴിവാക്കി നിർത്തിയതാണോ എന്നു വരെ എനിക്ക് സംശയമായി.അന്ന് രാവിലെ എന്നെ തേടിയെത്തിയ രേജിസ്റ്റെർഡ് പോസ്റ്റ്‌ ആ സംശയത്തിന് ആക്കം കൂട്ടിയതേയുള്ളൂ.കറുത്ത മഷിയിൽ അച്ചടിച്ച അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു പകുതി വായിച്ചപ്പോളേക്കും കണ്ണിലിരുട്ടു കയറി എന്റെ ബോധം മറഞ്ഞിരുന്നു….തുടരും…..

ഹരി ചന്ദനം: ഭാഗം 36

Share this story