നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 40

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 40

സൂര്യകാന്തി

പുലർച്ചെ ആദ്യം ഉണർന്നതും സൂര്യൻ തന്നെയായിരുന്നു.. തെല്ല് നേരം തന്റെ അരികിൽ ശാന്തമായി ഉറങ്ങുന്ന രുദ്രയെ അവനങ്ങിനെ നോക്കിക്കിടന്നു.. താനാഗ്രഹിച്ചതിലും ഇരട്ടിയായി അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് മതിയായിരുന്നു സൂര്യന്.. നോവടങ്ങാത്ത അനാഥത്വത്തിൽ പലപ്പോഴും ആഗ്രഹിച്ചു പോയിരുന്നു.. തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ.. തനിക്ക് സ്നേഹിക്കാനും… ഇതുവരെ കണ്ടതും അറിഞ്ഞതുമെല്ലാം പൊയ്മുഖങ്ങളായിരുന്നു..എഴുത്തുകാരൻ എന്നതിലപ്പുറം സൂര്യനാരായണനെ അറിഞ്ഞവരില്ലെന്ന് തന്നെ പറയാം.. തെന്നിമാറിക്കിടന്ന പുതപ്പിനിടയിലൂടെ കണ്ട വെളുത്ത ദേഹം സൂര്യനിൽ കാമമുണർത്തിയില്ല..

അവളെ നോക്കിയ കണ്ണുകളിൽ സ്നേഹത്തോടൊപ്പം വാത്സല്യവും നിറഞ്ഞിരുന്നു.. പുതപ്പ് അവളുടെ ദേഹത്തേക്ക് നേരെ വലിച്ചിട്ട് ആ നെറ്റിയിൽ മൃദുവായൊന്ന് ചുംബിച്ചപ്പോൾ രുദ്രയൊന്നു കുറുകി ഒന്നു കൂടെ ചുരുണ്ടു കൂടിക്കിടന്നു.. നേർത്ത ചിരിയോടെ സൂര്യൻ എഴുന്നേറ്റപ്പോഴും അവളുണർന്നിരുന്നില്ല.. സൂര്യൻ കുളിയൊക്കെ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ രുദ്ര കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.. “ഉം..?” സൂര്യൻ അവളെ നോക്കി ചോദ്യഭാവത്തിൽ മൂളി.. “ങുഹും.. ” സൂര്യനെ നോക്കാതെ രുദ്ര ചുമലിളക്കിക്കാണിച്ചു.. “എന്നാ പോയി കുളിച്ചിട്ടു വാ പെണ്ണേ.. തന്റെ അച്ഛനും അമ്മയും ഇപ്പോൾ വാതിലിൽ മുട്ടും..” കണ്ണാടിയ്ക്ക് മുൻപിലേക്ക് നടക്കുമ്പോൾ സൂര്യൻ പറഞ്ഞു..

അത് കേട്ടതും വെപ്രാളത്തോടെ ധൃതിയിൽ ഡ്രെസ്സുമെടുത്തവൾ ബാത്‌റൂമിലേക്ക് ഓടുന്നത് കണ്ടവൻ വീണ്ടും ചിരിയോടെ നോക്കി നിന്നു.. രുദ്ര തിരികെ വരുമ്പോഴേക്കും സൂര്യന്റെ ഡ്രെസ്സിങ്ങൊക്കെ കഴിഞ്ഞിരുന്നു.. രണ്ടുപേരും റെഡിയായി ഹാളിലേക്ക് എത്തിയപ്പോൾ പത്മയും അനന്തനും അവരെ കാത്തിരിപ്പുണ്ടായിരുന്നു. നിലവറയിൽ തൊഴുതാണവർ നാഗക്കാവിലേക്ക് ഇറങ്ങിയത്.. പത്മയുടെയും അനന്തന്റെയും പിറകിൽ കാവിലേക്ക് നടക്കുമ്പോൾ രുദ്രയുടെ ഉള്ളം പിടയുന്നുണ്ടായിരുന്നു.. അതറിഞ്ഞെന്നോണം സൂര്യൻ അവളുടെ വലതുകൈത്തലത്തിൽ കൈ ചേർത്തു.. രുദ്രയെ നോക്കി ഒരു പുഞ്ചിരിയോടെ മിഴികളടച്ചു കാണിച്ചു.

നാഗക്കാവിൽ നാഗശീലകൾക്ക് മുൻപിൽ കണ്ണുകളടച്ചു പ്രാർത്ഥിക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ പ്രതിസന്ധികളെ അതിജീവിക്കാനുള്ള അനുഗ്രഹം നൽകേണമേയെന്ന പ്രാർത്ഥന മാത്രമായിരുന്നു.. കാവിൽ നിന്നും അവരിറങ്ങുമ്പോൾ നാഗത്തറയിലെ തിരിനാളം കാറ്റിൽ ആടിയുലഞ്ഞെങ്കിലും അണഞ്ഞു പോയിരുന്നില്ല.. നാഗശിലകൾക്ക് പിറകിലുണ്ടായിരുന്ന സ്വർണ്ണവർണ്ണമാർന്ന മണിനാഗം പതിയെ ഫണം താഴ്ത്തി ശിരസ്സ് തറയിൽ ചേർത്ത് കിടന്നു… വാഴൂരില്ലത്ത് നിന്നും കൊണ്ടു വന്ന പേടകം സൂര്യൻ കൈകളിൽ എടുത്തപ്പോൾ അകാരണമായൊരു ഭയം രുദ്രയിൽ പിടിമുറുക്കി.. അതിൽ മിഴികൾ പതിയുമ്പോഴൊക്കെ മനസ്സിൽ വെറുപ്പും അറപ്പും മാത്രമാണ് തോന്നുന്നത്…

തിരുമേനി പറഞ്ഞ പ്രകാരം പൂജിച്ച പട്ടു കൊണ്ടു പൊതിഞ്ഞു നാഗത്തറയിലെ മഞ്ഞൾ പൊടിയും വിതറിയാണ് ആ പേടകം സൂര്യൻ കാറിന്റെ ബാക്ക് സീറ്റിലേക്ക് വെച്ചത്.. ചുറ്റും നടക്കുന്നതെന്തെന്ന് ഭൈരവൻ തിരിച്ചറിയാതിരിക്കാനുള്ളൊരു മുൻകരുതൽ.. അന്ന് മേലേരിയിലെ ഭദ്രയുടെ ശാപവും നാഗശാപവും ഗന്ധർവ്വശാപവുമുൾപ്പടെ നിരവധി ശാപഭാരങ്ങൾ തലയിലേന്തിയ ഭൈരവനെന്ന ദുരാത്മാവ് വാഴൂരില്ലത്തിന്റെ മതിൽക്കെട്ടിനുള്ളിൽ പുറത്തിറങ്ങാനാവാതെ തളയ്ക്കപ്പെട്ടു..പക്ഷെ അർദ്ധരാത്രിയിലെ അട്ടഹാസങ്ങളും ഇല്ലപ്പറമ്പിലെ പേടിപ്പെടുത്തുന്ന രൂപങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്തി തുടങ്ങിയപ്പോൾ മേലേരിയിലെ ഭദ്രൻ തിരുമേനിയാണ് ഭൈരവന്റെ ആത്മാവിനെ ആവാഹിച്ചു ലോഹത്തകിടിലാക്കിയത്..

അത് ഒരു പെട്ടിയിലാക്കി വാഴൂരില്ലത്തിന്റെ പടിപ്പുരയിൽ കുഴിച്ചിടാൻ നിയോഗിച്ചത് അനന്തനെയും.. അനന്തനും പത്മയ്ക്കുമൊപ്പം ശ്രീനാഥും അനന്തന്റെ കാറിൽ കയറി.. മേലേരിയിലെ ദത്തൻ തിരുമേനിയെക്കൂടി ഒപ്പം കൂട്ടേണ്ടതിനാൽ സൂര്യനും രുദ്രയും സൂര്യന്റെ കാറിലാണ് കയറിയത്.. രണ്ടുപേരും ഒന്നും സംസാരിച്ചിരുന്നില്ല.. ഏറെനേരം കഴിഞ്ഞാണ് കാറിന്റെ ഗ്ലാസ്സിലേക്ക് മുഖം ചേർത്തിരിക്കുന്ന രുദ്രയെ സൂര്യൻ നോക്കിയത്… “എന്താടോ മിണ്ടാതെ..?” രുദ്ര നേരെയിരുന്നു സൂര്യനെ നോക്കി.. അവളുടെ മുഖം മ്ലാനമായിരുന്നു.. “തനിക്ക് പേടിയുണ്ടോ..? ” “എനിക്ക്.. എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ..” മുഖം താഴ്ത്തികൊണ്ടാണവൾ പറഞ്ഞത്.. “ആരെ..?” സൂര്യന്റെ ശബ്ദത്തിൽ കുസൃതിയായിരുന്നു..

രുദ്ര ഒന്നും മിണ്ടിയില്ല.. പിന്നെ മുഖമുയർത്തി അവനെയൊന്ന് കൂർപ്പിച്ച് നോക്കി.. ആ പതിഞ്ഞ ചിരി അവൾ കേട്ടു.. “നഷ്ടപ്പെടില്ല…” പറഞ്ഞതും സൂര്യൻ ഇടതു കൈ അവൾക്ക് നേരെ നീട്ടി.. രുദ്ര വലം കൈ അതിൽ ചേർത്തു.. അവനത് മുറുകെ പിടിച്ചു അവളെയൊന്ന് നോക്കി.. രുദ്രയിൽ ഒരു നേർത്ത ചിരി തെളിഞ്ഞു… ഏറെ ദൂരം പൊയ്ക്കഴിഞ്ഞപ്പോഴാണ് രുദ്ര വെറുതെയൊന്ന് പിന്തിരിഞ്ഞു നോക്കിയത്.. ശ്വാസമെടുക്കാനവൾ മറന്നു പോയി.. പിറകിലത്തെ സീറ്റിൽ കഥകളിൽ കേട്ട ഭൈരവന്റെ രൂപം ഇരിക്കുന്നത് പോലെ അവൾക്ക് തോന്നി.. കണ്മുന്നിൽ ആ രൂപം മിന്നിമായുന്നതിനും മുൻപേ അവൾ കണ്ടിരുന്നു..

വീതിയേറിയ കൂട്ടുപുരികങ്ങൾക്ക് താഴെ ചുവപ്പ് പടർന്ന ഉണ്ടക്കണ്ണുകളും നീണ്ട നാസികയും മുറുക്കി ചുവന്ന തടിച്ചു മലർന്ന ചുണ്ടുകളും… ഇടയ്ക്കിടെ അവൾ പിറകോട്ടു തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടാണ് സൂര്യൻ ചോദിച്ചത്.. “എന്താടോ.. എന്തു പറ്റി…?” “അത്.. പിറകിൽ…” “അവിടെയെന്താ..? ” ബാക്ക് സീറ്റിലേക്കൊന്ന് എത്തിനോക്കികൊണ്ട് സൂര്യൻ ചോദിച്ചു.. “ഭൈരവൻ.. അയാളെ കണ്ടത് പോലെ..” സൂര്യൻ അവളെ നോക്കി കളിയാക്കി ചിരിച്ചു.. രുദ്രയുടെ മുഖം വീർത്തു വരുന്നത് കണ്ടിട്ടാണവൻ പറഞ്ഞു.. “എന്റെ പെണ്ണേ.. ലേറ്റ് മിസ്റ്റർ ഭൈരവൻ.. ദോ ആ പെട്ടിയ്ക്കുള്ളിലാണ്.. അങ്ങേര് ചുറ്റുപാടൊക്കെ മനസ്സിലാക്കി ആ കുരുട്ടുബുദ്ധി വർക്ക് ഔട്ട്‌ ചെയ്യാതിരിക്കാനാണ് ആ പട്ടൊക്കെ ഇട്ടു വെച്ചിരിക്കുന്നത്..”

“എനിക്കറിയാം എന്റെ തോന്നലാണെന്ന്.. പക്ഷെ..” “എന്തിനാടോ താനിങ്ങനെ പേടിക്കുന്നത്.. ഒന്നുമില്ലേലും നാഗകാളി മഠത്തിലെ കാവിലമ്മയല്ലേ ഇയാൾ..?” “എന്നെ പറ്റി എനിക്ക് പേടിയില്ല.. അയാൾക്ക് എന്നെ തൊടാൻ പോലും പറ്റില്ല.. ” “പിന്നെ…?” രുദ്ര ഒന്നും മിണ്ടിയില്ല.. “എന്നെയോർത്താണോ ഈ നിശാഗന്ധി പെണ്ണിന്റെ പേടി..?” സൂര്യൻ അവളെ നോക്കിയൊന്ന് ചിരിച്ചു.. “ഇല്ലെടോ ഒന്നും സംഭവിക്കില്ല.. സ്നേഹിച്ചു തുടങ്ങിയിട്ടേയുള്ളൂ ഞാൻ.. ഒരുപാടൊരുപാട് അനുഭവിച്ചിട്ടുണ്ട് ചെറു പ്രായം മുതൽ..” രുദ്ര ഒന്നും പറയാതെ സൂര്യനെ നോക്കി.. “അനാഥാലയത്തിലാണ് വളർന്നത്.. നരകമായിരുന്നു.. ഒരുദിനം വളർത്തച്ഛനും അമ്മയും എത്തി..

ഒരുപാട് പ്രതീക്ഷകളോടെ അവർക്കൊപ്പം പോയി.. സന്തോഷമായിരുന്നു ഞങ്ങൾക്കിടയിലേക്ക് അവരുടെ സ്വന്തം കുഞ്ഞു വരുന്നത് വരെ .. വീണ്ടും അവഗണനയുടെ ഇരുളിലേക്ക്.. ബോർഡിങ്ങിലായിരുന്നു.. കുറച്ചു കൂടെ സൗകര്യങ്ങളുള്ള ഒരനാഥാലയം.. ഒരു നാൾ ഒരാക്സിഡന്റിൽ അച്ഛനും അമ്മയും അവരുടെ മകനും കൊല്ലപ്പെട്ടു.. രക്തബന്ധമില്ലെങ്കിലും അവഗണിച്ചെങ്കിലും ഈ ലോകത്ത് എനിക്കുള്ള ഒരേയൊരു ബന്ധം.. പിന്നെ എന്റെ ജീവിതത്തിലേക്ക് വന്നവരെല്ലാം എന്നിൽ നിന്നും എന്തെങ്കിലുമൊക്കെ ആഗ്രഹിച്ചു വന്നവരാണ്.. പക്ഷെ നേരിട്ടൊന്നു കാണുക പോലും ചെയ്യാതെ, ഒന്നുമാഗ്രഹിക്കാതെ എന്നെ സ്നേഹിച്ചവളാണ് താൻ.. കാണാതെ തന്നെ ഞാനും പ്രണയിച്ചവൾ..

തന്റെ രൂപമോ ചുറ്റുപാടുകളോ ഒന്നും എനിക്കൊരു വിഷയമായിരുന്നില്ല.. ” രുദ്ര അവന്റെ ചുമലിൽ കൈ വെച്ചു.. സൂര്യൻ പതിയെ അതിൽ തലോടി.. “ബട്ട്‌ ആം ലക്കി.. എന്റെ നിശാഗന്ധിപെണ്ണ് സുന്ദരിയാണ് ” സൂര്യൻ അവളെ നോക്കി ചിരിയോടെ കണ്ണിറുക്കി..രുദ്രയുടെ മുഖം ചുവന്നു.. “താൻ വിശ്വസിക്കുന്ന നാഗദൈവങ്ങൾ നമ്മളെ കൈവിടില്ലെടോ.. നമ്മുടെ പ്രണയവും..” രുദ്ര പതിയെ സൂര്യന്റെ ചുമലിലേക്ക് തല ചായ്ച്ചു.. വൈകുന്നേരത്തിനു മുൻപേ അവർ കാളിയർമഠത്തിൽ എത്തിയിരുന്നു..

“ഇവിടെ എന്തൊക്കെയാ നടക്കുന്നത് ആദിയേട്ടാ..?” ഗോവണിപ്പടികൾ ഇറങ്ങി വരുന്ന ആദിത്യനോടായിരുന്നു ഭദ്രയുടെ ചോദ്യം.. “എന്തു നടക്കാൻ..?” ഷർട്ടിൻറെ സ്ലീവ് മടക്കിവെയ്ക്കുന്നതിനിടെ സൂര്യൻ പറഞ്ഞു.. “എന്തൊക്കെയോ പൂജകൾ ഉണ്ടെന്നല്ലാതെ ആരും വരുന്ന കാര്യമൊന്നും ആദിയേട്ടൻ പറഞ്ഞില്ലല്ലോ..?” “ഇന്ന് സന്ധ്യ മുതൽ ഇവിടുത്തെ നിലവറയിൽ പൂജകൾ നടക്കും.. നാളെ നാഗത്താൻ കാവിലും..” “അതല്ല ഞാൻ ചോദിച്ചത്.. ആരാ വരുന്നതെന്നാണ്..” ഭദ്രയ്ക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.. ആദിത്യൻ എന്തോ ഒളിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു.. “അത്..” ആദിത്യൻ ഒന്നു പരുങ്ങിയെങ്കിലും ഭദ്രയുടെ തുറിച്ചു നോട്ടം കണ്ടപ്പോൾ പറഞ്ഞു.

“എന്റെ അമ്മായിയച്ഛനും അമ്മായിയമ്മയും ഭാര്യയുടെ ചേച്ചിയും..പിന്നെ..” ആദിത്യൻ പൂർത്തിയാക്കിയില്ല.. “പിന്നെ…?” “പിന്നെ..? പിന്നെയാര്..” ഭദ്ര വീണ്ടും അവനെ നോക്കി.. “രുദ്ര അവളെന്തിനാ ഇങ്ങോട്ട് വരുന്നത്?” “അവൾക്കെന്താ അനിയത്തിയുടെ ഭർത്താവിന്റെ വീട്ടിൽ വന്നൂടെ..?” “ദേ ആദിയേട്ടാ കളിക്കല്ലേ.. ഈ പ്രെശ്നങ്ങളുടെ ഇടയിലേക്ക് അവളെന്തിനാ വരുന്നത്..?” “അപ്പോൾ തന്റെ അച്ഛനും അമ്മയും വരുന്നതോ?” “അവരെപോലെയാണോ അവൾ..?” “അതെന്താടോ.. നാഗകാളി മഠത്തിലെ കാവിലമ്മയാണ് ഇപ്പോൾ തന്റെ ചേച്ചി..?” “കാവിലമ്മയോ..?” ഭദ്രയുടെ നോട്ടം കൂർത്തു..ആദിത്യൻ അബദ്ധം പറ്റിയത് പോലെ തല കുടഞ്ഞു.. “അല്ല.. മാറിപ്പോയതാ.. നാഗകന്യക..”

“നാഗകന്യകയോ അവളോ..? “അതെന്താ താൻ ഇങ്ങനെ ചോദിക്കുന്നത്..?” “ആദിയേട്ടന് രുദ്രയെ അറിയാഞ്ഞിട്ടാണ്.. അവളൊരു മിണ്ടാപ്പൂച്ചയാണ്.. ഒരു പാവം.. നാഗകന്യകയെന്നൊക്കെ പറയുമ്പോൾ കുറച്ചു ഉശിരൊക്കെ വേണ്ടേ.. അമ്മയെ പോലെയൊക്കെ..” ആദിത്യൻ ചിരിച്ചു.. “രുദ്രയെക്കാൾ പാവമായിരുന്ന മറ്റൊരു നാഗകന്യയെ എനിക്കറിയാം.. മേലേരിയിലെ ഭദ്ര.. തന്റെ പൂർവ്വജന്മം.. മറ്റൊരാളുടെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും മടിച്ചിരുന്നവൾ.. അവൾ തന്നെയായിരുന്നു ഭൈരവനോടൊപ്പം ചേർന്നു പ്രതികാരത്തിനായി ഇറങ്ങിയതും.. പിന്നെയും ഒരാൾ ഉള്ളത് ഇവിടുത്തെ അശ്വതി തമ്പുരാട്ടിയും.. ദാരിക…നാഗകന്യമാർ എപ്പോഴും അങ്ങനെ ആണെടോ.. ഉള്ളിൽ നാഗങ്ങളുടെ പക സൂക്ഷിക്കുന്നവർ..

ഉപദ്രവിച്ചാൽ അത് അവർ പുറത്തെടുക്കും.. പ്രണയത്തിലും അതേ പോലെ.. നാഗങ്ങളുടെ പോലെ തന്നെയുള്ള തീവ്രത..” “എന്നാലും എന്റെ രുദ്ര.. നാഗകന്യകയെന്നൊക്കെ പറയുമ്പോൾ..?” “ഇതുപോലെ തന്നെയാണ് എന്റെയും സംശയം..” “എന്ത്..?” “കഴിഞ്ഞ ജന്മം മിണ്ടാപ്പൂച്ചയെ പോലിരുന്നവൾ ഈ ജന്മം എങ്ങനെ ഭദ്രകാളിയായെന്ന്.. എന്റെയൊരു വിധി..” “ഡോ..” ആദിത്യന് ഒഴിഞ്ഞു മാറാൻ പറ്റുന്നതിനു മുൻപേ തന്നെ ഷർട്ടിൽ പിടി വീണിരുന്നു.. നെഞ്ചിൽ മൂന്നാമത്തെ ഇടി വീഴുന്നതിനു മുൻപേ അവൻ ഭദ്രയെ ചുറ്റിപ്പിടിച്ചിരുന്നു.. “നീ എന്നെ കൊല്ലോടി..” ഭദ്ര വീണ്ടും ശക്തിയായി കുതറിക്കൊണ്ട് എന്തോ പറയാൻ ശ്രെമിച്ചതും ആദിത്യന്റെ ചുണ്ടുകൾ അവളോട് ചേർന്നിരുന്നു…

നിമിഷങ്ങൾക്കൊടുവിൽ കലിപ്പോടെ തന്നെയാണ് അവനെ തള്ളിമാറ്റി ചവിട്ടി തുള്ളി അവൾ അടുക്കളയിലേക്ക് നടന്നത്.. “ഇനി രുദ്രയുടെ വിവാഹം കഴിഞ്ഞൂന്ന് കൂടെ അറിയുമ്പോൾ ഈ ഭദ്രകാളി ഇവിടെ എന്തൊക്കെ കാട്ടിക്കൂട്ടുവോ എന്തോ..” അവളുടെ പോക്ക് നോക്കി നിൽക്കവേ ആദിത്യൻ മനസ്സിൽ പറഞ്ഞു.. നാഗത്താൻ കാവിലേക്ക് വേണ്ട പൂജാദ്രവ്യങ്ങളൊക്കെ പൂമുഖത്തു തന്നെയായിരുന്നു സൂക്ഷിച്ചത്.. കാവിലെ പൂജക്കിടെ ദാരിക എന്തെങ്കിലും കുഴപ്പങ്ങൾ ഒപ്പിക്കുമെന്ന് ഉറപ്പാണ്.. നാളെ നാഗത്താൻ കാവിൽ വീണ്ടും പൂജകളൊക്കെ തുടങ്ങുകയാണ്.. വർഷങ്ങൾക്ക് ശേഷം.. തറവാടുമായി അടുപ്പമുള്ളവരെയൊക്കെ വിളിച്ചിട്ടുണ്ട്..

സൂര്യനിലൂടെ ഭൈരവന്റെ പൂർവ്വചരിത്രം അറിഞ്ഞതിനു ശേഷം ബാക്കിയുള്ള നടപടികൾ ആലോചിക്കാമെന്നും അതിനു മുൻപേ നാഗത്താൻ കാവിൽ പൂജകൾ നടത്തി ആധിപത്യം ഉറപ്പിക്കണമെന്നുമാണ് ഭട്ടതിരിപ്പാട് പറഞ്ഞിട്ടുള്ളത്.. അനന്തന്റെയും സൂര്യന്റെയും കാറുകൾ മുറ്റത്തെത്തിയതും നാഗത്താൻ കാവിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണു.. ഭൈരവന്റെ സാന്നിധ്യം ദാരിക അറിഞ്ഞിരിക്കണം.. ഏഴിലം പാല ആടിയുലഞ്ഞു.. ഭദ്ര പൂമുഖത്തെത്തിയിരുന്നു.. അനന്തന്റെ കാറിൽ ഉള്ളവരായിരുന്നു ആദ്യം ഇറങ്ങിയത്.. അവരെ കണ്ടപ്പോൾ മുഖം വിടർന്നെങ്കിലും ഭദ്രയുടെ കണ്ണുകൾ രുദ്രയെ തേടി..

പിറകിലെ കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങിയ സൂര്യനാരായണനെയും രുദ്രയെയും കണ്ടു അവളുടെ നെറ്റി ചുളിഞ്ഞു.. പൂമുഖപ്പടിയിലേക്ക് കയറുമ്പോൾ അവൾ കണ്ടു രുദ്രയുടെ കഴുത്തിലെ താലി ചരടും സീമന്ത രേഖയിലെ സിന്ദൂരവും.. അവിശ്വസനീയതയോടെ ഭദ്ര രുദ്രയെ തുറിച്ചു നോക്കി.. പിന്നെ സൂര്യനെയും.. ഒന്നു പറയാതെ തനിക്ക് മുൻപിൽ നിന്നിരുന്ന പത്മയെ തള്ളി മാറ്റി ഭദ്ര അകത്തേക്കോടി.. അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു……(തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 39

Share this story