അദിതി : ഭാഗം 31

അദിതി : ഭാഗം 31

എഴുത്തുകാരി: അപർണ കൃഷ്ണ

അദിതിയുടെ വാക്കുകൾ ഒരു പേമാരി പോലെ പെയ്തിറങ്ങി….. തലച്ചോറിനുള്ളിൽ അവയൊക്കെയും വണ്ടുകൾ പോലെ മൂളിപ്പറന്നു. എനിക്ക് വല്ലാത്ത തളർച്ച തോന്നി. ശരീരം എന്റെ പിടിയിൽ നിൽക്കാതെ കുഴഞ്ഞ് ആ സിമെന്റ് ബെഞ്ചിലേക്ക് വീണു. ” അല്ലി are you alright” കനിവോടെ ചോദിച്ചു കൊണ്ട് അദിതി എന്റെ അരികിൽ ഇരുന്നു. അവളുടെ ശാന്തമായ മുഖം കാണവേ ഉള്ളിൽ തിളച്ചു മറിഞ്ഞിരുന്ന ലാവ കണ്ണിലൂടെ കുതിച്ചൊഴുകി, എത്ര ശ്രമിച്ചിട്ടും അവ നിൽക്കാനുള്ള ഭാവം ഇല്ലെന്നു കണ്ടപ്പോൾ ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞു പോയി. …. മുഖം പൊത്തിയിരുന്നു ഏങ്ങലടിക്കവെ അവളുടെ കൈകൾ എന്റെ ചുമലിനെ തഴുകി, ആ തലോടലുകൾ എന്നിൽ എന്ത് വികാരമാണ് ഉണ്ടാക്കിയത് എന്നെനിക്കു അറിയില്ല.

ഏതോ ലോകത്തെന്ന പോലെ, അപ്പുപ്പൻതാടി പോലെ ഭാരമില്ലാത്ത ഒരു അവസ്ഥ. ഇന്നോളം എന്റെ ജീവിതത്തിലൂടെ കടന്നുപോയ നാളുകളെ ഓർക്കുകയായിരുന്നു ഞാൻ. ഓരോന്നും ഓരോ അദ്ധ്യായങ്ങൾ ആയിരുന്നു. അതിൽ എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത, ഏറെപ്രിയമുള്ളത് എന്റെ അദിതി തന്നെ ആയിരുന്നു. കോളേജിലേക്ക് കടന്നു വന്നത് ഇന്നലെ എന്നപോലെ ഓർമയുടെ ഭ്രമണപഥത്തിൽ എത്തി. പീക്കിരികൾ, അദിതിക്കുവേണ്ടിയുള്ള എന്തിനെന്നു അറിയാത്ത കാത്തിരിപ്പ്, ഡേവിച്ചായൻ, പാട്ടുകൾ, അദിതിയുടെ വരവ്, എങ്ങനെ എന്നറിയാതെ അവളുമായി പൊട്ടിമുളച്ച സൗഹൃദം,

കോട്ടയത്തേക്കുള്ള യാത്ര, എബിച്ചനെ കാണുന്നത്, കോളേജ് ഡേ, വൈദേഹിയുടെയും മഹേശ്വറിന്റെയും പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന അടയാളമായ അദിതിയുടെ ജീവിതം എബിച്ചൻ പറഞ്ഞറിഞ്ഞത്, അദിതിയുടെയും ഹര്ഷന്റെയും പ്രണയത്തിന്റെ തീവ്രത, ഒടുവിൽ ഒരു ദുസ്വപ്നമെന്ന പോലെ, എന്നോ വിട്ടുപോയ രോഗം തിരികെ വന്നത്. … പിന്നെ ഇന്നത്തെ ഈ തിരിച്ചറിവ്. …………. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത ഒരുൾക്കിടിലമാണ് തോന്നുന്നത്. ഇടംനെഞ്ചിൽ സര്ജറിക്ക് ശേഷമുണ്ടായ തഴമ്പിൽ പതിയെ വിരൽ തൊട്ടപ്പോൾ ഹൃദയതാളം മെല്ലെ ഉയർന്നു. ഇന്നോളം ഞാൻ കാണാത്ത, അറിയാത്ത എന്റെ ഉള്ളിൽ ജീവിച്ചിരിക്കുന്ന ഹർഷൻ.

ഹർഷന്റെ ജീവനും ജീവിതവുമായ അദിതി ഇന്ന് എന്റെ ജീവിതത്തിലെ എനിക്ക് നിർവചിക്കാൻ കഴിയുന്നതിലുമപ്പുറം പ്രധാനപ്പെട്ട ഒരു ഭാഗം ആണ്. ഇനിയും തോരാത്ത മിഴികൾ ഉയർത്തി അദിതിയെ നോക്കിയപ്പോൾ അവൾ ഭൂരെയേതോ കനത്ത കാഴ്ച്ചയിൽ കണ്ണും ഹൃദയവുമുടക്കി ഇരിപ്പായിരുന്നു. അദിതിക്കും അലീനക്കും തമ്മിൽ എന്താണ് ബന്ധം എന്ന് ഒരുപാടു തിരഞ്ഞതാണ് ഞാൻ. …ഇന്നെനിക്കറിയാം. .. എന്റെ ജീവനെടുക്കാൻ കാലനെ പോലെ പാഞ്ഞുവന്ന ലിജിൻ ഇടിച്ചു തെറുപ്പിക്കുമ്പോൾ എല്ലാം കഴിഞ്ഞു എന്നാണ് കരുതിയത് എന്നാൽ, കൊലവെറി തീരാതെ അവന്റെ കാർ തട്ടി തെറുപ്പിച്ചത്, അദിതിയുടെ ഒരു ആയുഷ്കാലം മുഴുവനുള്ള സ്വപ്നവും അവളുടെ ജീവിതവും ആയിരുന്നു.

ആ രണ്ടു ആക്‌സിഡന്റുകൾ കൊണ്ട് ലിജിൻ എന്ത് നേടി. ….. പാഞ്ഞു വന്ന ടിപ്പറിന്റെ അടിയിൽ അവൻ സ്വന്തം ജീവിതവും സമർപ്പിച്ചു….. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂല്പാലത്തിൽ സഞ്ചരിക്കേ ചുറ്റും നടന്നതൊന്നും അറിയുന്നില്ലായിരുന്നു. അസഹ്യമായ എല്ലുനുറുങ്ങുന്ന വേദനയും, നോക്കെത്താദൂരത്തോളം മഞ്ഞുപാടങ്ങളും മാത്രമാണ് ഓർമയിൽ ഉള്ളത്. വളരെ ദൂരത്തു നിന്നും തിരികെ വന്നത് പോലെ മിഴികൾ തുറക്കുമ്പോൾ കണ്ണിനെ ചുറ്റി ബാൻഡേജ് ഉണ്ടായിരുന്നു. ….അത് മാറ്റുമ്പോൾ മുന്നിൽ കരഞ്ഞു തളർന്നു, കണ്ണീർവറ്റിയവരെ പോലെ അപ്പയും അമ്മയും ഉണ്ടായിരുന്നു.

സന്തോഷമോ, സങ്കടമോ, പ്രാർത്ഥനയോ, പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങൾ ആയിരുന്നു അവരുടെ മുഖത്തു……. ആരെയും കുറ്റപെടുത്തിയില്ല, അതിനെ കുറിച്ചൊന്നും മിണ്ടിയതുമില്ല. …ജീവിക്കണം എന്നൊരു തോന്നൽ മാത്രമായിരുന്നു. എല്ലാം ഒന്നേന്നു തുടങ്ങും പോലെ, എന്നിൽ ഇഴകിച്ചേർന്ന ഹൃദയം ഒരിക്കലും മറ്റൊരാളുടേതാണെന്നു തോന്നിയതുമില്ല. ഒരിക്കലും തോൽക്കാൻ മനസ്സില്ലാതെ, പഠിച്ചു എന്തെങ്കിലും ആകണം എന്നൊരു ലക്‌ഷ്യം ആ കാലത്താണ് മനസ്സിൽ മുളപൊട്ടുന്നത്. ഇന്നറിയാം, അദിതിക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എന്റെ ജീവിതമെന്നു.

അദിതി മഹേശ്വർ രാജ്പുത് എന്ന പേര് കേട്ടപ്പോൾ മുതൽ എന്തിനെന്നറിയാതെ ഹൃദയം വെമ്പുകയായിരുന്നു അവൾ ഒന്ന് വന്നിരുന്നു എങ്കിൽ, ഒന്ന് കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന്. ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങൾക്കു യുക്തിയുടെ വിശദീകരണം കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. അവിടെയാണ് ദൈവകരങ്ങളുടെ അദൃശ്യമായ ഇടപെടൽ ഉണ്ടാകുക. ….. അദിതി, ഒരുനേർത്ത പുഞ്ചിരിയുമായി എന്റെ ജീവിതത്തിൽ കടന്നു വന്നവൾ. എന്തുകൊണ്ടെന്നറിയാതെ, ആദ്യകാഴ്ചയിൽ തന്നെ ചെമ്പകപ്പൂക്കളെ ഓർമിപ്പിച്ചു അവൾ. …. അത് ഹര്ഷന് അദിതിയോടുള്ള പ്രണയമായിരുന്നു.

ഒരു ധ്യാനത്തിൽ എന്നപോലെ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന അദിതിയെ ഞാൻ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. എന്റെ മനസ് പതിയെ പതിയെ തിരകളടങ്ങുന്നതും, ലോലമായി മാറുന്നതും, സമാധാനം പടരുന്നതും ഞാൻ അറിഞ്ഞു. അവളെ നോക്കി കുറച്ചു നേരം ഇരുന്നതും ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ അദിതി ഉണർന്നു. എന്നെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. ഒരു കുഞ്ഞിന്റെ എന്നപോലെ മനോജ്ഞമായ പുഞ്ചിരി, അതിന്റെ അലകൾ എന്റെ മുഖത്തും പ്രതിഫലിച്ചു. കുറച്ചു നേരം എന്റെ കണ്ണിൽ തന്നെ നോക്കിയിരുന്ന അദിതി, പിന്നെ പറഞ്ഞു തുടങ്ങി……. “കഴുത്തിൽ താലി വീണതും, അത് എന്നെന്നേക്കുമായി നഷ്ടമായതും ഒരു ദിവസം തന്നെ ആകുന്നത് എത്ര ദുഖകരമാണ് അല്ലെ…..”

അത് പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷാദച്ഛവി അവളുടെ മുഖത്തുണ്ടായിരുന്നു. പതിയെ എന്റെ കൈയിൽ കൈ കോർത്ത് അവൾ വീണ്ടും കാണാത്ത ഏതോ കാഴ്ചയിലേക്ക് കണ്ണും നട്ട് ഇരുന്നു, പിന്നെ ഒരു പെരുമഴപോലെ ആ വാക്കുകൾ എന്റെ ആത്മാവിലേക്ക് പെയ്തിറങ്ങി. “ഹർഷൻ….ഹർഷവർദ്ധൻ എന്റെ ജീവനായിരുന്നു എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും……… അവൻ എന്നിലെ ഞാൻ ആയിരുന്നു…ആത്മാവിന്റെ പങ്കാളി…..ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്, ഞാൻ എത്ര ഭാഗ്യം ഇല്ലാത്തവൾ ആണ് എന്ന്. എന്റെ അമ്മ, അച്ഛൻ…എല്ലാവരും എന്നിൽ നിന്ന് എത്ര അകലേ ആണ്,

അമ്മയുടെ മരണം എനിക്ക് അച്ഛനെയും നഷ്ടമാക്കിയതായി തോന്നിയിട്ടുണ്ട്. അച്ഛൻ പലപ്പോഴും അമ്മയിൽ തന്നെ ലയിച്ചു ജീവിച്ചിരിക്കുകയായിരുന്നു., അതേസമയം ശിവമ്മയും പപ്പയും എബിച്ചനും അവർ എന്നെ സന്തോഷിപ്പിക്കാൻ വഴികൾ തേടി … മനസ്സിൽ ചിലപ്പോഴൊക്കെ ഉണ്ടാകാറുള്ള ഒറ്റപ്പെടൽ തീർത്തും ഇല്ലാതായത്, ഹര്ഷന്റെ വരവോടെ ആണ്. സ്വയം മറന്നു ഞാൻ സ്നേഹിച്ചു പോയി… അല്ല പ്രണയിച്ചു പോയി, അവൻ എനിക്കെന്റെ അമ്മയും അച്ഛനും സഹോദരനും പ്രണയവും എല്ലാമായിരുന്നു. ഒരു താലിച്ചരടിനാൽ എന്റെ ജീവിതം പൂര്ണമാക്കിയ അന്ന് തന്നെ എനിക്ക് എന്റെ ഹർഷനെയും നഷ്ടമായി…..” അദിതിയുടെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു.

ഇതുവരെ കാണാത്ത എന്തോ ഒന്ന്. ഒരുപക്ഷെ അവളുടെ ആത്മാവിന്റെ വിലാപമായിരിക്കാം അത്. ഒന്ന് നിർത്തിയ ശേഷം അദിതി വീണ്ടും തുടർന്ന്. …. “മരിച്ചെന്നു എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അലീനാ, ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമ്പോഴും അലറികരഞ്ഞിരുന്ന എന്നോട് തിരികെ വരും എന്ന് തന്നെ ആണ് അവൻ പറഞ്ഞത്…എന്തോ എനിക്കും അങ്ങനെ തന്നെ ആണ് തോന്നിയത്,അവന്റെ സിന്ദൂരത്താൽ ചുവന്ന സീമന്ത രേഖയും അവന്റെ രക്തത്താൽ കുതിർന്ന വസ്ത്രങ്ങളും മാറോടടക്കി ആ ഹോസ്പിറ്റലിൽ ഞാൻ ഇരുന്നു. …ചുറ്റും നടക്കുന്നതറിയാതെ, ഈശ്വരനോടുള്ള പ്രാര്ഥനയായിരുന്നു എനിക്ക് നഷ്ടമാക്കരുതേ എന്ന്, എല്ലാം അദിതിയെ വിട്ടു പോയിട്ടേ ഉള്ളു എന്ന്.

ശിവമ്മയും പപ്പയും എബിയും പിന്നെ ഹര്ഷന്റെ അമ്മയും അച്ഛനും ബാക്കിയുള്ള ബന്ധുക്കളും എല്ലാവരെയും എന്നെ ആശ്വസിപ്പിക്കുകയിരുന്നു, എന്റെ കഴുത്തിലെ താലി അതൊരുപാട് ചോദ്യങ്ങൾ ഉയർത്തി, ആരും ഒന്നും ചോദിച്ചില്ല, എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുകയിരുന്നു. എന്നാൽ….. ജീവിതമോ മരണമോ എന്നറിയാതെ, ദൈവത്തിനെ വിളിച്ചിരുന്ന ഞങ്ങളെ എല്ലാം കബളിപ്പിച്ചു കൊണ്ട് ഹർഷൻ പോയി…..ഡോക്ടറിന്റെ ആ വാക്കുകൾ……അത് അവനു എങ്ങനെ സാധിച്ചു എന്നെ ഒറ്റയ്ക്കാക്കാൻ, ഒരു ഒളിച്ചു കളിക്ക് ശേഷം അവൻ തിരികെ എന്നിൽ എത്തും എന്ന് തന്നെ വിശ്വസിച്ചു….എന്നാൽ ജീവസറ്റ ഹര്ഷന്റെ മുഖം.

അദിതിയുടെ ആത്മാവിന്റെ ചിതയെരിക്കാൻ തുടങ്ങുകയായിരുന്നു. കണ്ണുനീർ പോലും ആവിയായി പോയി നിന്നുരുകിയ എന്നെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ചുറ്റിനും നിലവിളി ഉയർന്നു…….മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ഹര്ഷന്റെ ആഗ്രഹം ആ അവസ്ഥയിലും അവന്റെ അച്ഛനും അമ്മയും മറന്നില്ല, കരഞ്ഞു തളർന്ന മിഴികളോടെ, വിറയ്ക്കുന്ന കൈകളോടെ അവർ അതിനു സമ്മതം നൽകി….. ഞാൻ ഒന്നും അറിയാതെ മറ്റൊരു ലോകത്തായിരുന്നു. ഹർഷൻ ഉണ്ട് എന്ന് തന്നെ വിശ്വസിച്ചു കൊണ്ട്. .. കണ്ണീരിൽ കുതിർന്ന മുഖവുമായി ഒരു അച്ഛനെയും അമ്മയെയും കണ്ട ഓര്മ എനിക്കിന്നും ഉണ്ട്, ആക്‌സിഡന്റിൽ കണ്ണുകൾ നഷ്ടമാകുകയും ഹൃദയത്തിനു പരിക്കേൽക്കുകയും ചെയ്ത ഒരു പെൺകുട്ടി ആ ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു.

അവൾക്കു പുനർജന്മത്തിലേക്കുള്ള വഴിയായി എന്റെ ഹർഷൻ. …പുഞ്ചിരിക്കുന്ന മുഖവുമായി ഹർഷൻ എന്റെ അരികിൽ വന്നു, ഹര്ഷന്റെ ഹൃദയം അവളിലേക്ക്‌ മാറ്റപ്പെടുന്ന സമയം ആ ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ ഞാൻ ഉണ്ടായിരുന്നു, ഹർഷനും …. ഒരു പ്രതിമ പോലെ ശ്വാസം മാത്രം ബാക്കിയായ എന്നെ അവിടെ നിന്നും കൊണ്ടുപോകാൻ എബിച്ചൻ ഒരുപാടു ശ്രമിച്ചു, എന്നാൽ ഞാൻ ഒരു തപസ്സിൽ ആയിരുന്നു, ഒന്നുമറിയാതെ, ഹര്ഷന്റെ മുഖം മാത്രം ധ്യാനിച്ച് കൊണ്ട്……അകത്തൊരാൾ എന്റെ ഹർഷനിൽ നിന്ന് ജീവൻ സ്വീകരിക്കുമ്പോൾ പുറത്തു എന്നെ ചേർത്ത് പിടിച്ചു കൊണ്ട്, അവളുടെ അമ്മയും അച്ഛനും ഉണ്ടായിരുന്നു, അവരുടെ കരച്ചിലുകൾക്കൊടുവിൽ അല്ലി എന്നൊരു പേരും ഞാൻ കേട്ടൂ.

” അദിതിയുടെ വാക്കുകൾ കേട്ട് വിശ്വസിക്കാനാകാത്ത തരിപ്പിൽ ഇരിക്കുകയായിരുന്നു, അപ്പോൾ അദിതി എന്റെ അപ്പയ്ക്കും അമ്മയ്ക്കും പരിചിതയാണ്….. എന്ത് പറയണം എന്നറിയാതെ ഞാൻ ഇരുന്നു. ….. “നിന്റെ ഓപ്പറേഷൻ വിജയകരമായി എന്നറിഞ്ഞതോടെ, എന്നെ ബലം പ്രയോഗിച്ചു പപ്പയും എബിച്ചനും അവിടുന്ന് കൊണ്ടുപോയി, പിന്നെ ഒന്നും അറിഞ്ഞില്ല, ഹർഷൻ അപ്പോഴൊക്കെയും കൂടെ ഉണ്ടായിരുന്നു, ഒരു നനുത്ത പുഞ്ചിരിയോടെ അവൻ…. എന്റെ പ്രണയമേറ്റുവാങ്ങിയ ആ ദേഹം ചിതയിലേക്കെടുക്കുമ്പോഴും അദിതി കരഞ്ഞില്ല…. ദേഹി എന്റൊപ്പം തന്നെ ഉണ്ടായിരുന്നു. എല്ലാവരും കരുതി എന്റെ മാനസികനില തെറ്റി പോയി എന്ന്……..

അദിതിക്ക്‌ തളരാൻ കഴിയുമായിരുന്നില്ല, പൂർത്തിയാക്കാത്ത ഒരുപാടു സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് എന്റെ ഹർഷൻ വിട പറഞ്ഞത്… അതൊക്കെ ചെയ്തു തീർക്കാൻ, ഞാൻ… അദിതി ഉണ്ടാകണമായിരുന്നു….” നിറഞ്ഞിട്ടും തുളുമ്പാതെ അദിതിയുടെ വജ്രകണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന കണ്ണുനീര്തുള്ളികളിലേക്ക് ഞാൻ നോക്കി, അവയെ അവളുടെ കണ്ണുകൾ സ്വാതന്ത്രമാക്കിയതേ ഇല്ല, പതിയെ അവ ബാഷ്പമായി പോകുകയായിരുന്നു. ഇങ്ങനെയും മനുഷ്യരുണ്ടോ? ??? ഇവൾക്കെങ്ങനെ കഴിയുന്നു കരയാതിരിക്കാൻ….. എന്റെ ചോദ്യം അറിഞ്ഞാലെന്ന വണ്ണം അദിതി ഒന്ന് പുഞ്ചിരിച്ചു. … “കരഞ്ഞാൽ….എന്റെ ഉള്ളിലും ഹർഷൻ മരിക്കില്ലേ അലീനാ,

ഇപ്പോൾ ഈ ലോകത്തു മറ്റെല്ലാവർക്കും ഹർഷൻ മരിച്ചിട്ടും അവൻ എന്റെ ഉള്ളിൽ ജീവിച്ചിരിപ്പുണ്ട്….. അതെ ഹർഷൻ ഉണ്ട്, അദിതിയുടെ മനസ്സിൽ…..ഇന്നും ഞാൻ അവനെയും അവൻ എന്നെയും പ്രണയിക്കുന്നു…. ഈ ജന്മമൊടുങ്ങും വരെ ആ പ്രണയം അതങ്ങനെ തന്നെ ഉണ്ടാകും……” അതെ അദിതിക്ക്‌ അങ്ങനെയേ പറ്റുകയുള്ളു. …. വൈദേഹിയെ ഇന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന മഹേശ്വറിന്റെ മകൾക്കു അങ്ങനെ അല്ലേ കഴിയൂ. … ചിലർക്കൊക്കെ അങ്ങനെയാണ് നീലക്കുറിഞ്ഞി പോലെ. … ഒരിക്കൽ ജനിച്ചു ജീവിച്ചു പൂവിട്ടു കഴിഞ്ഞാൽ, അടുത്ത തലമുറയെ ജനിപ്പിക്കാനുള്ള വിത്തും പൊഴിച്ച് എന്നെന്നേക്കുമായി മണ്ണടിയുന്ന നീലക്കുറിഞ്ഞി,

മനുഷ്യരും ഉണ്ടാകാറുണ്ട്, ഒരിക്കൽ മാത്രം പ്രണയം ജനിക്കുന്ന മനസ്സുമായി, ഒരായുഷ്കാലത്തെ പ്രണയം മുഴുവൻ ഒന്നിൽ അർപ്പിച്ചു കൊണ്ട്, മഹേശ്വർ അങ്ങനെ ആയിരുന്നു അദിതിയും അങ്ങനെ ഒരാളാണ്, അവൾക്കിനി ഈ ജൻമം ഹർഷനല്ലാതെ മറ്റൊരു പ്രണയമില്ല. .. അത് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനി ആർക്കാണ് കഴിയുക. …… ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ട്, അദിതിയോട് ചോദിക്കുന്നതിനു മുന്നേ തന്നെ അവൾ പറയാൻ തുടങ്ങിയിരുന്നു. “അല്ലി എന്നൊരു പേരിനപ്പുറം നിന്നെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു, എവിടെയാണെങ്കിലും നീ സന്തോഷമായി ജീവിക്കണം എന്നതിലപ്പുറം ഒരിയ്ക്കലും വന്നു കാണണം എന്നും കരുതിയിരുന്നതല്ല,

കാരണം എന്റെ ഹർഷൻ എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു, എന്റെ പ്രാർത്ഥനകളിൽ നീയും ഉണ്ടായിരുന്നെന്ന് മാത്രം. കഴിഞ്ഞ രണ്ടു വർഷങ്ങൾ. ….. ഹർഷൻ എനിക്കൊപ്പമുള്ളതു പോലെ തന്നെയാണ് ജീവിച്ചത്, പഠിത്തം പൂർത്തിയാക്കി, ഒരു caയുടെ ഓഫീസിൽ ട്രെയിനീ ആയി വർക്ക് ചെയ്യാൻ തുടങ്ങി,…… ഇനിയും ഒരു ജീവിതം ഉണ്ടെന്നും, ഹർഷനെ മറന്നു മുന്നോട്ടു പോകണം എന്നും എല്ലാവരും പറയുമ്പോഴും ഒരു പുഞ്ചിരിയിൽ അതിൽ നിന്ന് ഞാൻ വഴുതിമാറി, അവൻ കെട്ടിയ താലി ഇന്നും ഞാൻ കഴുത്തിലണിയവേ, ഞാൻ അവന്റെ ഭാര്യ തന്നെ അല്ലെ, എന്റെ ഭര്ത്താവിനെ മറന്നു ഞാൻ എങ്ങനെ ജീവിക്കാനാണ്.

എന്നാൽ എബിച്ചന്റെയും നർമ്മദയുടെയും വിവാഹത്തിന് മുന്നേ എന്റെ വിവാഹം നടത്തണം എന്നും പറഞ്ഞു എല്ലാവരും കൂടി, ഒരാളെ എന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തിയപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി. ….അത് കശ്യപ് നാരായൺ ആയിരുന്നു. … രാജ്പുത് മഹലിൽ ഞാൻ അവസാനമായി പോയപ്പോൾ, അവിടെ വച്ച് പരിചയപ്പെട്ട വ്യക്തി. …… ഹര്ഷന്റെ ഹൃദയം അലീനയിലേക്കു മാറ്റി വച്ച ഡോക്ടർ. …..” കശ്യപ് ഡോക്ടറിന്റെ പുഞ്ചിരി നിറഞ്ഞ മുഖം എന്റെ മനസ്സിൽ ഓടിയെത്തി, അദിതിയുടെ ജീവിതത്തിൽ വന്നുമറഞ്ഞ കശ്യപ് നാരായൺ ആണ് അതെന്നു ഒരിക്കലും ഞാൻ ചിന്തിച്ചിരുന്നില്ല.

“അയാൾ എനിക്ക് പുറകെ തന്നെ ഉണ്ടായിരുന്നു എന്ന് അന്നാണ് അറിഞ്ഞത്, ഹർഷൻ ഇല്ല എങ്കിൽ അദിതി ഇല്ല എന്ന് മനസിലാക്കാതെ, അവനെ മറന്നു കശ്യപിനെ തിരഞ്ഞെടുക്കാൻ എല്ലാവരും എന്നെ നിർബന്ധിച്ചു…..ശിവമ്മയും പപ്പയും എബിയും നർമ്മദയും ഹര്ഷന്റെ അമ്മയും അച്ഛനും എല്ലാവരും, എന്റെ അച്ഛൻ ഒഴികെ…. എല്ലാവരും കൂടി എന്റെ സമ്മതമില്ലാതെ അയാൾക്കെന്നെ വിവാഹം ചെയ്തു കൊടുക്കും എന്ന് തോന്നിയ നിമിഷം ആരോടും പറയാതെ, എങ്ങോട്ടേക്കെന്നില്ലാതെ ഇറങ്ങി പുറപ്പെട്ടതാണ്…. കാലം… വിധി അതെന്നെ എത്തിക്കേണ്ടിടത്തു തന്നെ കൊണ്ടെത്തിക്കുകയായിരുന്നു……..

എനിക്കറിയില്ലായിരുന്നു അലീനാ നീയാണ് അതെന്നു….. ആരോടും ഒരു സൗഹൃദവും വേണ്ട എന്നും എന്റെ ജീവിതം ആർക്കും മുന്നിൽ ഒരു കഥ ആകരുത് എന്നും ഒക്കെ ഉറപ്പിച്ചാണ് ഞാൻ ഇവിടെ എത്തിയത്, എന്നാൽ നീ……. എനിക്കറിയില്ല, എങ്ങനെ പറയാനാണ്, നിന്നെ ആദ്യം കണ്ടപ്പോൾ എനിക്കത്ഭുതമാണ് തോന്നിയത്, ചെമ്പകപ്പൂക്കളുടെ സുഗന്ധമായി ഞാൻ അറിയാറുണ്ടായിരുന്ന ഹര്ഷന്റെ സാന്നിധ്യം അപ്പോൾ അവിടെ ഉണ്ടായിരുന്നു……” വിടർന്ന കണ്ണുകളോടെ അദിതിയുടെ ഓരോ വാക്കിനും കാതോർത്തിരിക്കുകയിരുന്നു ഞാൻ….. സർവ്വചരാചരങ്ങളുടെയും നാഥൻ മനുഷ്യരുടെ ജീവിതത്തിൽ ഇടപെടുന്ന ചില നിമിഷങ്ങൾ ഉണ്ട്… അത്ഭുതങ്ങൾ സംഭവിക്കുന്ന ചില സന്ദർഭങ്ങൾ…….

“നിന്റെ കണ്ണുകളിൽ എന്റെ ഹൃദയത്തോളം കയറി ചെല്ലുന്ന എന്തോ ഉണ്ടായിരുന്നു അലീനാ… നിന്നിൽ നിന്നും അകന്നു നില്ക്കാൻ ഞാൻ എത്രത്തോളം ആഗ്രഹിച്ചുവോ അത്രത്തോളം നിന്നിലേക്ക്‌ ഞാൻ വലിച്ചടുപ്പിക്കപ്പെടുകയായിരുന്നു…. ജീവിതത്തിൽ ഇനി ഒരു നഷ്ടം കൂടി താങ്ങുവാൻ വയ്യ എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അകന്നു നിന്നത്, നിന്നിൽ വന്നു ചേരാതെ ഇരിക്കുവാൻ വേണ്ടിയാണു ഞാൻ പലപ്പോഴും കാണാതെ അകന്നു നടക്കാൻ ശ്രമിച്ചത്, എങ്കിലും ഒരു നിയോഗം എന്ന പോലെ നമ്മൾ കണ്ടു കൊണ്ടിരുന്നു… നിന്നെ ഞാൻ വല്ലാതെ സ്നേഹിച്ചുകൊണ്ടിരുന്നു, നിനക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു, നിന്നിൽ നിന്ന് ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല, ഒരിക്കലും നിന്റെ ഇഷ്ടം പോലും ലഭിക്കണം എന്നും,

വെറുമൊരു സൗഹൃദമോ സ്നേഹമോ അല്ലായിരുന്നു അത്….ഒരുപക്ഷെ, എനിക്ക് നിന്നോട് പ്രണയം ആയിരുന്നിരിക്കാം……..നിന്റെ ഓരോ കുറുമ്പുകളും നീ അറിയാതെ കണ്ടു ആസ്വദിക്കുകയായിരുന്നു. …. ഹർഷനെ എനിക്ക് നഷ്ടമായി രണ്ടുവർഷം തികയുന്ന അന്നാണ് നീ ആരെന്നു ഞാൻ മനസിലാക്കിയത്, നിന്നെ അല്ലി എന്ന് വിളിക്കുന്ന നിന്റെ അപ്പയുടെ മുഖം കണ്ടപ്പോൾ, കരഞ്ഞു പോയതാണ്, ഇത്രയും നാൾ എന്റെ ഒപ്പം ഉണ്ടായിരുന്നിട്ടും തിരിച്ചറിഞ്ഞില്ലല്ലോ എന്നോർത്ത്,അന്നെനിക്ക് മനസിലായി, ഇനി ഞാൻ ആഗ്രഹിച്ചാൽ പോലും നിന്നെ എന്നിൽ നിന്നും അകറ്റി നിർത്താൻ എനിക്ക് സാധിക്കുകയില്ല എന്ന്…….

പക്ഷെ ഞാൻ ആരെന്നും എന്തെന്നും നീ അറിയരുത് എന്നായിരുന്നു എന്റെ ആഗ്രഹം അതുകൊണ്ടു തന്നെ നിന്റെ അപ്പയെയും അമ്മയെയും കണ്ടപ്പോൾ ഞാൻ അത് അറിയിക്കുകയും ചെയ്തു, നിന്നോടൊരിക്കലും പറയരുത് എന്ന്…..” “അന്ന് കോട്ടയത്ത് പോയില്ലേ, ആ യാത്രയിൽ ഞാൻ എത്രമാത്രം സന്തോഷിച്ചിരുന്നു എന്ന് നിനക്കറിയാമോ? നീ എന്റെ അരികിൽ വരുമ്പോഴെന്നല്ലാം നേർത്ത ചെമ്പകപ്പൂമണമായി എന്റെ ഹര്ഷനും വരാറുണ്ട്, നിന്നെ വിട്ടുപോകണം എന്നു തോന്നിയതേ ഇല്ല, എന്നാൽ എബിച്ചനെ കണ്ടതോടെ മനസിലായി…. ഞാൻ എന്താന്ന് നീ അറിയേണ്ട സമയമായി എന്ന്…….

ഞാൻ പോകുകയാണ് അലീനാ…… ഇനിയും ഇവിടെ നിന്നാൽ കശ്യപ് അനേഷിച്ചു വരും….. എനിക്ക് കഴിയില്ല, എന്റെ ഹർഷൻ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ….. പ്രണയിക്കാൻ…..” നെഞ്ചം വലിച്ചു കീറുന്നത് പോലെ ആണ് എനിക്ക് തോന്നിയത്, എന്നെ വിട്ടു പോകുമെന്നോ? അവൾക്കത് എങ്ങനെ പറയാൻ തോന്നി. … എതിർത്ത് എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ എന്നെ കയ്യുയർത്തി തടഞ്ഞിരുന്നു. ” നോ പറയരുത് അലീനാ, നീ പറഞ്ഞാൽ ചിലപ്പോൾ എനിക്ക് പോകാൻ പറ്റി എന്ന് വരില്ല, പക്ഷെ എനിക്ക് പോകണം. …. ഞാൻ എന്നയാളും പോകേണ്ടതാണ്. .. ഇവിടത്തെ എന്റെ കാലാവധി കഴിഞ്ഞു.

ഇനി എന്റെ ഹര്ഷന്റെ സ്വപ്നങ്ങളിലെയ്ക്കുള്ള യാത്രയാണ്. … ഞാൻ എവിടെപ്പോയാലും എന്റെ മനസ്സിൽ നീ ഉണ്ടാകും. .. എന്റെ ഹർഷനൊപ്പം. … എന്റെ പ്രാർത്ഥനകൾ എന്നും നിനക്ക് വേണ്ടി ഉള്ളതായിരിക്കും. .. ഒരുപാടു സന്തോഷത്തോടെ ഒരുപാടുകാലം നീ ജീവിച്ചിരിക്കണം. …” അദിതി ഇതു പറഞ്ഞു നിർത്തുമ്പോളേക്കും ചുറ്റും ഉരുണ്ടുകൂടിയ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടൂ. ….അദിതിയുടെ കണ്ണുകളിൽ സ്നേഹത്തിന്റെ പ്രകാശം നിറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കൈയുയർത്തി വിളിച്ചു. .. “അച്ഛാ. …….” വല്ലാത്തൊരു ആഹ്ലാദത്തിമർപ്പുണ്ടായിരുന്നു ആകണ്ണുകളിൽ. ബുള്ളറ്റിൽ അവിടെ വന്നിറങ്ങിയ മനുഷ്യന്റെ രൂപത്തിലേക്ക് ഞാൻ നോക്കി.

കറുത്ത ഷർട്ടിനും പൈജാമയ്ക്കും ഒപ്പം ജാക്കറ്റും അണിഞ്ഞിരുന്നു. മുത്തശ്ശിക്കഥയെന്ന പോലെ കേട്ടറിഞ്ഞ മഹേശ്വറിന്റെയും വൈദേഹിയുടെയും ജീവിതം എനിക്കോർമ്മ വന്നു…. മജിഷ്യനോ യോഗിയോ? ഉജ്ജ്വലമായ ആ മുഖത്ത് ഒരു തപസിയുടേതെന്ന പോലെയുള്ള ഭാവമാണ് തെളിഞ്ഞത്..എബി പറഞ്ഞ കഥയിലെ ജടയഴിച്ച ശിവനെ പോലുള്ള രൂപമാണിത്… നീളൻ മുടിയിൽ ഇടയ്ക്കിടെ വെള്ളിനാരുകൾ തെളിഞ്ഞു കാണാം. …..അദിതിയെ നോക്കി കൈ നീട്ടിയപ്പോൾ അവൾ ഒരു കാറ്റ് പോകുന്നത് പോലെ ആ കൈക്കുള്ളിൽ ചെന്ന് ചേക്കേറി. അവളുടെ നെറുകയിൽ ഒരു സ്നേഹചുംബനം അർപ്പിച്ച ശേഷം എന്നെ നോക്കി കൈ നീട്ടി…

ഓടി അടുക്കാതിരിക്കാൻ കഴിയുമായിരുന്നില്ല, എന്റെ അപ്പയെ തന്നെ ആയിരുന്നു ഞാൻ ആ മുഖത്ത് കണ്ടത്…… ഇരുകൈകളിലും ഞങ്ങളെ ചേർത്ത് പിടിച്ചു നിൽക്കെ എന്റെ നെഞ്ചിലെ വിങ്ങൽ അറിഞ്ഞാലെന്ന വണ്ണം, നെറുകയിൽ തലോടി ഒരു ചുംബനമർപ്പിച്ചു.” സർവസൗഭാഗ്യവതി ഭവ” ആ ചുണ്ടുകൾ പതിയെ മന്ത്രിച്ചത്‌ ഞാൻ കേട്ട്. …അദിതിയെ കൊണ്ട് പോകണമായിരിക്കണം അദ്ദേഹം വന്നത്…. അറിയാതെ ഉള്ളിൽ നിന്നും വിങ്ങലിന്റെ ഒരു ചീള് പുറത്തു വന്നു…… അച്ഛന്റെ കൈകളിൽ നിന്ന് സ്വാതന്ത്രയായ അദിതി പതിയെ എന്റെ അരികിലേക്ക് വന്നു……. “ഒരുപാടു പറയാൻ ഉണ്ട് അലീനാ….

ഒരു ജൻമം എടുത്താൽ പോലും തീരാതെ നിന്നോട് സംസാരിക്കാനുണ്ട്, എന്നാൽ സമയമില്ല, ഇനി ആരെങ്കിലും യാത്ര മുടക്കാൻ എത്തുന്നതിനു മുൻപ് പോകണം…..ആദ്യം അച്ഛനൊപ്പം ഒരു യാത്ര, അത് കഴിഞ്ഞാൽ ഹർഷൻ ആഗ്രഹിച്ചത് പോലെ……..അവന്റെ ആഗ്രഹമാണ് എന്തെന്ന് ഞാൻ പറയുന്നില്ല, നീ അറിയും എപ്പോഴെങ്കിലും……പറയാൻ ബാക്കിയവയിൽ ചിലത് ഈ കത്തിലുണ്ട്, യാത്ര പറയുന്നില്ല, എന്നെ ചേർത്ത് പിടിച്ചു ഒരുമ്മ നൽകി, ഒരിക്കൽ കൂടി കൈകൊണ്ട് എന്റെ ഹൃദയതാളം ഏറ്റുവാങ്ങി തിരിഞ്ഞു നോക്കാതെ അദിതി അച്ഛനൊപ്പം യാത്രയായി……എനിക്ക് പറയാൻ ഉള്ളതൊക്കെയും കേൾക്കാൻ കൂടി നിന്നില്ല……

കണ്ണുനീര്തുള്ളികളുടെ പാടയ്ക്കപ്പുറം, കത്തിൽ തുളച്ചു കേറുന്ന ബുള്ളറ്റിന്റെ ശബ്ദം നേർക്കുന്നതിനൊപ്പം, അദിതി പോകുകയായിരുന്നു….. ഒന്നും മിണ്ടാനാകാതെ ഞാൻ തളർന്നു പോയി…… ഒരു പിൻവിളി വിളിക്കാൻ പോലും അകത്തെ തറഞ്ഞു നിന്ന് പോയി, എന്റെ ശ്വാസം ഒരു നിമിഷം വിലങ്ങിയത് പോലെ തോന്നി, ഇത്രക്ക് നിസ്സാരമായി എങ്ങനെ സംഭവിച്ചു ഇത്, തളർന്നു പിറകിലേക്ക് വീഴാൻ തുടങ്ങിയ എന്നെ ഇരുകൈകളും താങ്ങി, ഡേവിച്ചൻ ആയിരുന്നു അത്. കർത്താവിന്റെ കണ്ണുകളിൽ മാത്രം ഞാൻ കണ്ടിരുന്ന കാരുണ്യം…. ആ ചെമ്പൻ മിഴികൾ എന്നോട് ഒരായിരം കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.

എങ്ങനെയെന്നറിയില്ല. .. ഉള്ളിൽ ലാവാ പോലെ തിളച്ചു, മറിഞ്ഞ കണ്ണുനീർ എല്ലാം ഒന്നയിച്ചു പുറത്തേക്കു വരികയായിരുന്നു. ആ ക്യാമ്പസ്സിൽ അവിടെ വച്ച്, ഡേവിച്ചനെ ഇറുകെ പുണർന്നു ഞാൻ പൊട്ടിക്കരഞ്ഞു, പതിയെ എന്നെ നെഞ്ചോടു ചേർത്ത് നിർത്തിയതല്ലാതെ ഒന്നും മിണ്ടിയില്ല, ആ കൈകൾ പതിയെ തലയിൽ തലോടലുകൾ തുടർന്നു. . ….എന്റെ ദുഃഖങ്ങൾ എല്ലാം കണ്ണുനീർപുഴയായി ആ ഇടനെഞ്ചം ഏറ്റുവാങ്ങി കൊണ്ടിരുന്നു. ……. എപ്പോഴാണെന്നറിയില്ല, പതിയെ ഞാൻ ശാന്തയായി തീർന്നു. ഡേവിച്ചന്റെ മാറിൽ നിന്നും മുഖമുയർത്തി,

ആ മുഖത്ത് നോക്കാതെ ഞാൻ തിരിഞ്ഞു നടന്നു, ആ സിമന്റ് ബെഞ്ചിൽ ഇരിക്കെ ഞാൻ ഏതോ ലോകത്തായിരുന്നു. കൈയിൽ മുറുകെ പിടിച്ച ആ കത്ത് ഞാൻ പതിയെ നിവർത്തി. ….. “എന്റെ അലീനയ്ക്ക്, ഒരുപാടു വിഷമം തോന്നിയിട്ടുണ്ടാകും എന്നറിയാം ഞാൻ പെട്ടെന്ന് പോന്നപ്പോൾ….. നീ അനുഭവിക്കുന്ന അതെ വിഷമം എനിക്കും ഉണ്ട്, ഒരു നിമിഷം കൂടി നിന്റെ അരികിൽ നിന്നാൽ ചെലപ്പോൾ ഞാനും കരഞ്ഞു പോകുമായിരിക്കാം…. നീ ഇത് വായിക്കുമ്പോൾ ഞാൻ നിന്റെ ജീവിതത്തിൽ നിന്ന് വിടപറഞ്ഞിട്ടുണ്ടാകും…. പേടിയാണെടോ! ഇത്രയുമധികം നിന്നെ സ്നേഹിച്ചിട്ടു നിന്നെ കൂടി നഷ്ടമാകാൻ, നിന്റെ അരികിൽ നിൽക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നിൽ കൂടുതൽ അറിയുകയാണ്,

ഇനിയും ഞാൻ അവിടെ നിന്നാൽ ചിലപ്പോൾ നിന്നെ വിട്ടു വരുന്നത്, ഒരിക്കലും നടക്കാത്ത ഒന്നാകും, എന്നെ തേടി വരുന്ന കശ്യപിന് മുന്നിൽ നില്ക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല….. ഹർഷൻ എന്നിൽ ജീവനുള്ളിലടത്തോളം കാലം നിറഞ്ഞു നിൽക്കുന്ന സത്യമായിരിക്കെ മറ്റൊരു പുരുഷനെ ഞാൻ എങ്ങനെ എന്റെ ജീവിതപങ്കാളിയാക്കാനാണ്….. അലീന നീ എന്നും എന്റെ ഉള്ളിൽ ഉണ്ടായിരിക്കും. … നിന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ നീ പറഞ്ഞില്ലെങ്കിൽ കൂടി ഞാൻ അറിഞ്ഞവളാണ്. …..നീ എന്റെ ആത്മാവിന്റെ ഭാഗമാണെടോ. …. എനിക്കറിയാം നിന്റെ വിചാരങ്ങൾ പോലും.

നിനക്കറിയാമോ? ഒരു ഗ്രീക്ക് കഥയുണ്ട്, പണ്ട് പുരുഷനും സ്ത്രീയും ഒരു ശരീരത്തിന് ഉള്ളിൽ തന്നെ ആയിരുന്നു. അതിൽ അസൂയ തോന്നിയ ഏതോ ദേവൻ അവരെ പിരിച്ചു രണ്ടു ദിക്കിലേക്ക് അയച്ചു… ഓരോ വ്യക്തിയും തന്റെ മറുപതിയെ അലഞ്ഞു നടന്നു കണ്ടു പിടിക്കാൻ തുടങ്ങി. … ജോച്ചായൻ ആയിരുന്നില്ല അലീന നിന്റെ ആ മറുപാതി, അതുകൊണ്ടാണ് ആ സ്നേഹം ഇന്നും നിന്റെ ഉള്ളിൽ ഉണ്ടായിട്ടും, ഡേവിഡിന്റെ പ്രണയം നിന്നെ തേടി എത്തിയത്. ജോച്ചായനെ ഇനിയും പൂർണമായി മനസ്സിൽ നിന്നും മായ്ക്കാൻ കഴിയാത്തതും, നിന്റെ അസുഖവും ഒക്കെ ആയിരിക്കും നിന്റെ മനസിലെ ആശങ്കകൾ എന്ന് എനിക്കറിയാം, എങ്കിലും നിന്റെ കണ്ണുകളിൽ ഡേവിഡിനു വേണ്ടി തെളിയുന്ന പ്രണയത്തിന്റെ വെളിച്ചം കണ്ടറിഞ്ഞവളാണ് ഞാൻ.

അതിന്റെ അർഥം, ദൈവം നിനക്ക് വേണ്ടി അയച്ച നിന്റെ മറുപാതി ശെരിക്കും ഡേവിഡ് ആണ് എന്നതാണ്. … നിന്നെ കുറിച്ച് എല്ലാം അറിഞ്ഞു നിന്നെ പ്രണയിക്കുന്ന വ്യക്തിയാണയാൾ. ….. നീ ചിന്തിക്കൂ. ….നിനക്ക് നിന്റെ ഡേവിച്ചനെ ഒരു ആശങ്കകളും ഇല്ലാതെ പ്രണയിക്കുവാൻ കഴിയും എന്ന് ബോധ്യമാകുന്ന നിമിഷം നീ അയാളുടേതാകണം. ….. നാലുപേരുടെ ജീവിതം കൂടിയാണ് നിങ്ങൾ ജീവിക്കേണ്ടത്, വൈദേഹിയുടെയും മഹേശ്വറിന്റെയും , അദിതിയുടെയും ഹര്ഷന്റെയും…. പൂർത്തിയാകാതെ പാതിയിൽ നഷ്‌ടമായ ഞങ്ങളുടെ ജീവിതം മുഴുമിപ്പിക്കേണ്ടത് നിങ്ങൾ ആണ്. ഞങ്ങളുടെ ദുഃഖം എല്ലാം അനുഭവിച്ചു കഴിഞ്ഞു. … ഇനി ബാക്കിയുള്ള സന്തോഷമെല്ലാം നിങ്ങൾ രണ്ടുപേർക്കും അവകാശപ്പെട്ടതാണ്.

പ്രണയിച്ചു പ്രണയിച്ചു പ്രണയത്തിൽ അലിഞ്ഞു നിങ്ങൾ ജീവിക്കണം. …. പിന്നെ ആ കണ്ണുകൾ ഇനി ഒരിക്കലും നിറയരുത്, അലീനയുടെ ദുഃഖങ്ങൾ എല്ലാം കൊണ്ടാണ് അദിതി പോകുന്നത്, ഇനി നിന്റെ മുഖത്ത് ചിരി മാത്രമേ ഉണ്ടാകാൻ പാടുള്ളു. ആ പഴയ കുറുമ്പിയുടെ കണ്ണുകളിൽ ആനന്ദം കൊണ്ടുള്ള കണ്ണീരിനു മാത്രമേ സ്ഥാനം ഉണ്ടാകാൻ പാടുള്ളു. .. അവിടെയാണ് അദിതിയുടെ ജയം. …..ഒരായിരം സ്നേഹപ്പൂക്കൾ അർപ്പിച്ചു കൊണ്ട് ഞാൻ പോകുന്നു…. ഇനി ഒരുപക്ഷെ നമ്മൾ കണ്ടില്ലെന്നു വരാം….

എങ്കിലും എന്റെ ഉള്ളിൽ നീ ഉണ്ടായിരിക്കും, നിന്റെ ഓരോ ചിരിയും സന്തോഷവും എന്റെ മുഖത്തും മനസിലും ചിരി പടർത്തും….. ഇപ്പോഴും സന്തോഷമായിരിക്കൂ…….ദൈവം നിന്റെ കൂടെ ഉണ്ടാകട്ടെ!!! ആ കത്ത് എന്റെ കൈയിൽ ഇരുന്നു വിറയ്ക്കുകയായിരുന്നു. അരുവിയായി കരകവിഞ്ഞൊഴുകിയ സങ്കടത്തെ ഞാൻ മറന്നു. ഇല്ല ഇനി ഞാൻ കരയില്ല, എന്റെ അദിതിക്ക്‌ വേണ്ടി. … ഒരു തീരവസന്തമെന്നപോലെ എന്റെ ജീവിതത്തിലേക്ക് വന്ന ഏറെ പ്രിയസുഹൃത്തിനു വേണ്ടി ഞാൻ കരയില്ല…. തുടരും…

അദിതി : ഭാഗം 30

Share this story