വിവാഹ മോചനം : ഭാഗം 17

വിവാഹ മോചനം :  ഭാഗം 17

എഴുത്തുകാരി: ശിവ എസ് നായർ

ശ്രീജിത്ത്‌ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു. അവൾക്ക് മുന്നിൽ അവൻ പുറം തിരിഞ്ഞു നിന്നു. ആദ്യം രാഹുലാണ് അവന്റെ പിൻകഴുത്തിലേക്ക് നോക്കിയത്. അവനു പിന്നാലെ അപർണ്ണയും അവന്റെ കഴുത്തിലേക്ക് നോക്കി. പക്ഷേ ആ മറുക് ശ്രീജിത്തിന്റെ കഴുത്തിൽ ഉണ്ടായിരുന്നില്ല. പ്രതീക്ഷിച്ചത് കാണാത്തതിന്റെ ഞെട്ടലിലായിരുന്നു രാഹുൽ. അപർണ്ണ ഒന്നും മനസിലാകാതെ രാഹുലിന്റെ മുഖത്തേക്കും ശ്രീജിത്തിന്റെ കഴുത്തിലേക്കും മാറി മാറി നോക്കി.

“ഇവിടെ എന്തൊക്കെയാ നടക്കുന്നത് രാഹുലേട്ടാ?? എനിക്കൊന്നും മനസിലാകുന്നില്ല..” “ഇപ്പോ മനസിലാക്കിത്തരാം ഞാൻ…” രാഹുൽ വേഗം പോക്കറ്റിൽ നിന്നും തന്റെ ഫോണെടുത്ത് ഗാലറി ഓപ്പൺ ആക്കി ശ്രീജിത്തിന്റെ കഴുത്തിനു പിന്നിൽ മറുകുള്ള ഫോട്ടോ അവൾക്ക് കാണിച്ചു കൊടുത്തു. ശ്രീജിത്തിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ കണ്ട് അപർണ്ണ ശരിക്കും നടുങ്ങി പോയി. പക്ഷേ ഫോട്ടോയിൽ കാണുന്നത് പോലെയുള്ള ഒരു മറുക് അവന്റെ കഴുത്തിൽ കാണാത്തത് അവളെ കുഴപ്പത്തിലാക്കി. “മഹിയാണ് ഇവനെ തിരിഞ്ഞു കണ്ടു പിടിച്ചത്.

ഇതൊക്കെ നിന്നോട് വിശദമായി പറയാൻ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. അതിനവസരം ലഭിച്ചത് ഇപ്പോഴാ.” “എങ്കിൽ ആ മറുക് എവിടെ പോയി?? അപർണ്ണ നീയിതൊന്നും വിശ്വസിക്കരുത് മനഃപൂർവം എന്നെ പ്രതിച്ചേർക്കാൻ രാഹുൽ ഒരുക്കിയ കെണിയാണിത്.” ശ്രീജിത്ത്‌ തിരിച്ചടിച്ചു. “ഒരു മറുക് മായ്ച്ചു കളയാൻ വല്യ പാടൊന്നുമില്ലല്ലോ… ഇനിയും അപർണ്ണ നിന്നെ വിശ്വസിക്കുമെന്ന് നീ കരുതണ്ട… നിന്നെ ഇവൾ ഒരിക്കലും തിരിച്ചറിയാതിരിക്കാനായി നീ അത് മായ്ച്ചതാണെന്ന് എനിക്കുറപ്പുണ്ട്.

നിനക്കെതിരെയുള്ള ഈ തെളിവ് ഞാൻ കൃത്രിമമായി ഉണ്ടാക്കിയെടുത്തതൊന്നുമല്ല… കോളേജിന്റെ പഴയ ഫേസ്ബുക് ഗ്രൂപ്പിൽ നിന്നും കണ്ടു പിടിച്ചതാണ്…. അതുകൊണ്ട് നുണ പറഞ്ഞും കുറ്റം എന്റെ തലയിൽ കെട്ടിവച്ചും രക്ഷപ്പെടാമെന്ന് നീ കരുതണ്ട…” രാഹുലിന് തന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. അവന്റെ ടെൻഷൻ മുഴുവനും അപർണ്ണയെ പറ്റി ഓർത്തായിരുന്നു. തന്നെ അവൾ തെറ്റിദ്ധരിക്കുമോ എന്നുള്ള ഭയമായിരുന്നു രാഹുലിന്. അവളുടെ മൗനം അവനെ ആശങ്കയിലാക്കി.

“ഇങ്ങനെ ഒന്നും മിണ്ടാതെ നിൽക്കാതെ ഒരു തീരുമാനം പറയ്യ് അപ്പു. എനിക്ക് വേണ്ടിയല്ലേ നീ രാഹുലിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടത്. അതല്ലേ സത്യം. മഹിയിൽ നിന്നും അറിഞ്ഞതാണ് ഞാനീ സത്യം. ഇന്ന് രാവിലെ നിങ്ങൾ രണ്ടുപേരും ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പ് വച്ചു പോയെന്നും എന്റെ കൂടെ ജീവിക്കാനാണ് നിന്റെ തീരുമാനമെന്നൊക്കെയാ ഞാൻ അറിഞ്ഞത്. രാഹുലിന്റെ സുഹൃത്തായ അവൻ എന്നെ വിളിച്ചു അത് പറയണമെങ്കിൽ ഇക്കാര്യം സത്യമായോണ്ടല്ലേ. ഇനി ഒരുത്തനും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.

ഇവനിൽ നിന്നും വിവാഹമോചനം വാങ്ങാൻ എത്രയായി ഞാൻ പറയുന്നു. അപ്പോഴൊക്കെ നീയെന്നെ ഒഴിവാക്കി വിട്ടതല്ലേ. ഇക്കാര്യം പറഞ്ഞു നിന്നെ വിളിച്ചേക്കരുതെന്ന് പറഞ്ഞതല്ലേ നീ. എന്നിട്ട് നീ അവസാനം ചെയ്തതെന്താ?? ” ശ്രീജിത്തിന്റെ ചോദ്യങ്ങൾ കേട്ട് അപർണ്ണ അവനെ നോക്കി പുച്ഛത്തിലൊന്ന് ചിരിച്ചു. എന്നിട്ട് ഇപ്പ്രകാരം പറഞ്ഞു. “ഡിവോഴ്സ് ആവശ്യപ്പെട്ടതിനു എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്.. അല്ലാതെ ശ്രീയേട്ടന്റെ കൂടെ ജീവിക്കാനുള്ള മോഹം കൊണ്ടാണ് ഞാൻ ഇതിന് തയ്യാറായതെന്ന് വിചാരിക്കണ്ട.ഞാൻ ഒരു കാര്യം ആദ്യം അങ്ങോട്ട്‌ ചോദിക്കട്ടെ.. എന്നിട്ടാവാം ബാക്കി.”

“എന്താ നിനക്ക് അറിയേണ്ടത്??” ശ്രീജിത്ത്‌ ആശങ്കയോടെ ചോദിച്ചു. “അന്നൊരിക്കൽ രാഹുലേട്ടൻ എനിക്ക് വാട്സാപ്പിൽ അയച്ചു തന്ന വീഡിയോ ഞാൻ ശ്രീയേട്ടന് അയച്ചത് ഓർക്കുന്നില്ലേ?? എന്തിനായിരുന്നു അന്നെന്നെ കൊണ്ട് ആ വീഡിയോ ഡിലീറ്റ് ചെയ്യിച്ചത്. ആ വീഡിയോ ക്ലിപ്പ് ഞാൻ മുഴുവനും കണ്ടിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാനത് ഒരിക്കലും എടുത്തു കാണരുതെന്ന് കരുതി ഡിലീറ്റ് ചെയ്യിച്ചതല്ലെ.??” “അല്ല അപ്പു… സത്യം അതല്ല… രാഹുൽ ഇക്കാര്യത്തിൽ നിരപരാധി ആണെന്ന് നീ അറിയാതിരിക്കാനായിരുന്നു ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത്.”

“എനിക്കിതു വിശ്വസിക്കാൻ കഴിയില്ല. ആ വീഡിയോയിൽ ആരുടെയും മുഖം കാണിക്കുന്നില്ലല്ലോ… ആകെയുള്ള അടയാളം ആ മറുക് മാത്രമായിരുന്നു. ഇനി രാഹുലേട്ടൻ പറഞ്ഞത് പോലെ ആ മറുകുള്ള വ്യക്തി ശ്രീയേട്ടൻ തന്നെയാണോ?? ഒരു മറുക് മായ്ക്കാൻ ആണോ ബുദ്ധിമുട്ട്. എനിക്ക് ശ്രീയേട്ടനെ പറ്റി യാതൊന്നും തന്നെ അറിയില്ല. അറിയാൻ ഇതുവരെ ഞാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.” അവളോട്‌ എന്ത് മറുപടി പറയണമെന്നറിയാതെ ഉത്തരമില്ലാതെ ശ്രീജിത്ത്‌ നിന്നു. “ഇന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം അപർണ്ണ.

ഇവനെ കൊണ്ട് ഞാൻ സത്യം പറയിപ്പിച്ചോളാം. മഹി കൂടെ ഒന്ന് വരട്ടെ. ഞാൻ അവനെ വിളിച്ചിട്ടുണ്ട്. അവൻ ഇവനെ വിളിച്ചു നമ്മുടെ ഡിവോഴ്സിന്റെ കാര്യം പറഞ്ഞതെന്തിനാണെന്ന് കൂടെ അറിയണം. എല്ലാത്തിനും ഒരു വ്യക്തത ഉണ്ടായേ പറ്റു.” രാഹുലിന്റെ ശബ്ദം ഉറച്ചതായിരുന്നു. “നീയെന്നെ അവിശ്വസിക്കുകയാണോ അപ്പു…” “ശ്രീയേട്ടനിലുള്ള വിശ്വാസം എനിക്ക് മുൻപേ തന്നെ പോയതാ. അത് എന്താണെന്നു ഞാനിപ്പോ പറയണ്ടല്ലോ.” അപർണ്ണ ദേഷ്യത്തിൽ മുഖം വെട്ടിച്ചു. ശ്രീജിത്തിന്റെ മുഖം വിളറിപ്പോയി. അവൻ ദേഷ്യത്തോടെ രാഹുലിനെ നോക്കി.

“നിനക്കിവളെ കിട്ടാൻ പോണില്ലടാ. അപർണ്ണയെ കിട്ടാൻ ഞാൻ എന്തും ചെയ്യും. നീ നോക്കിക്കോ. ” “സത്യം നിന്നെക്കൊണ്ട് ഞാൻ പറയിപ്പിക്കാം. എന്തായാലും മഹി വരട്ടെ.” “എന്നെകൊണ്ട് സത്യം പറയിപ്പിക്കാൻ നിനക്ക് കഴിയില്ലെടാ…” ശ്രീജിത്ത്‌ മനസ്സിൽ പിറുപിറുത്തു. അവന്റെ ചുണ്ടിൽ ഗൂഢമായ മന്ദഹാസം വിരിഞ്ഞു. ശ്രീജിത്തിന്റെ വശ്യതയാർന്ന നോട്ടം അപർണ്ണയ്‌ക്ക് നേരെ നീണ്ട് ചെന്നു. അത് കണ്ടതും രാഹുലിന്റെ ശരീരം പെരുത്ത് വന്നു. അപർണ്ണ നിൽക്കുന്നത് കൊണ്ട് മാത്രം രാഹുൽ സ്വയം നിയന്ത്രിച്ചു.

അരമണിക്കൂറിനുള്ളിൽ തന്നെ രാഹുൽ വിളിച്ചത് പ്രകാരം മഹി ബീച്ചിൽ എത്തിച്ചേർന്നു. തങ്ങൾ നിൽക്കുന്ന ഭാഗം രാഹുൽ അവന് പറഞ്ഞു കൊടുത്തു. തിരക്ക് നന്നേ കുറഞ്ഞ ഭാഗത്താണ് രാഹുലും അപർണ്ണയും ശ്രീജിത്തും നിന്നിരുന്നത്. മഹി അവർക്കടുത്തേക്ക് നടന്നു വന്നു കൊണ്ടിരുന്നു. മഹിയോട് എത്രയും വേഗം ബീച്ചിൽ എത്താൻ മാത്രമായിരുന്നു രാഹുൽ പറഞ്ഞിരുന്നത്. ഗുരുതരമായ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് മഹിക്ക് ഉറപ്പായി. രാഹുലിന്റെയും അപർണ്ണയുടെയും അടുത്തായി നിൽക്കുന്ന ശ്രീജിത്തിനെ ദൂരെ നിന്ന് കണ്ടപ്പോൾ മഹിക്ക് ആദ്യം ആളെ മനസിലായില്ലായിരുന്നു.

അടുത്തേക്ക് വന്നപ്പോൾ പരിചയമുള്ള മുഖമായി അവന് തോന്നി. കൂടുതൽ അടുത്തെത്തിയപ്പോഴാണ് മഹിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. ഫോട്ടോയിൽ കണ്ട ശ്രീജിത്തിന്റെ മുഖം അവന്റെ മനസിലേക്ക് വന്നു. മുഖം അതേപോലെ ആയിരുന്നെങ്കിലും ശരീരം അൽപ്പം തടിച്ചതായിരുന്നു. മഹിയുടെ നോട്ടം നീണ്ടു ചെന്നത് അപർണ്ണയിലേക്കായിരുന്നു. അവളുടെ കല്ലിച്ച മുഖഭാവം കണ്ടതും രാഹുൽ അവളോട്‌ ശ്രീജിത്തിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് അവനുറപ്പായി. മഹിക്ക് കാര്യങ്ങൾ കൈവിട്ട് പോകുന്നത് പോലെ തോന്നി.

ഇതോടെ അപർണ്ണ ഡിവോഴ്സിൽ നിന്നും പിന്മാറുമെന്ന് മഹി ഉറപ്പിച്ചു. “രാഹുലേ നീ എന്താടാ അത്യാവശ്യമായി വിളിപ്പിച്ചത്…??” അവർക്കടുത്തേക്ക് വന്ന മഹി ഒന്നുമറിയാത്തത് പോലെ ചോദിച്ചു. “ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടായിരുന്നു. എന്തിനായിരുന്നു ഇന്നലെ നീ എന്നോട് ശ്രീജിത്തിന്റെ കോൺടാക്ട് ഡീറ്റെയിൽസ് ആവശ്യപ്പെട്ടത്.??” രാഹുലിന്റെ മുഖം ദേഷ്യത്തിൽ തന്നെയായിരുന്നു. താൻ രാവിലെ ശ്രീജിത്തിനെ വിളിച്ച് ഡിവോഴ്സിന്റെ കാര്യം അവനെ അറിയിച്ചതിന്റെ കലിപ്പിലാണ് രാഹുലെന്ന് അവന്റെ ആ പെരുമാറ്റത്തിൽ നിന്നും മഹി മനസിലാക്കി.

അതവൻ വേറെയേതെങ്കിലും തരത്തിൽ തെറ്റിദ്ധരിച്ചുവോ എന്നൊരു സംശയമായിരുന്നു മഹിക്ക്. “നീയും അപർണ്ണയും മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പ് വച്ചത് അറിയിക്കാനാ ഞാൻ നിന്റെയാടുത്തു നിന്ന് ശ്രീജിത്തിന്റെ നമ്പർ വാങ്ങിയത്. കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ട ബാധ്യത അവനുണ്ടല്ലോ. അപർണ്ണ ഇനി അവനുള്ളതല്ലേ. ഇവനെ കെട്ടാനല്ലാതെ പിന്നെ എന്തിനാ ഇവൾ നിന്നോട് ഡിവോഴ്സ് ആവശ്യപ്പെട്ടത്. നിന്റെ ജീവിതത്തിൽ നിന്നും അപർണ്ണ സ്വയം ഒഴിഞ്ഞു പോട്ടെന്നു കരുതിയാ ഞാൻ ശ്രീജിത്തിനെ കാര്യങ്ങൾ അറിയിച്ചത്.

അവനിപ്പോഴും അവൾക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറായി നിൽക്കുകയല്ലേ…” മഹി കൂസലന്യേ പറഞ്ഞു. മഹിയുടെ ഓരോ വാക്കുകളും അപർണ്ണയുടെ ഹൃദയത്തിലേക്ക് സൂചിമുനകൾ പോലെ ആഴ്ന്നിറങ്ങി. വേദനയോടെ അവൾ രാഹുലിനെ നോക്കി. എടുത്തടിച്ചത് പോലെയുള്ള മഹിയുടെ സംസാരം രാഹുലിനെയും വേദനിപ്പിച്ചു. അവൻ അങ്ങനെ പ്രതികരിക്കുമെന്ന് രാഹുൽ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. “ഇവൻ ആരാണെന്ന് നിനക്ക് നന്നായി അറിയാമല്ലോ…

അതറിഞ്ഞു വച്ചുകൊണ്ട് നീ എന്തിനാ ഇങ്ങനെയൊരു ചതി ചെയ്തത്. ഒരിക്കൽ കോളേജിൽ വച്ച് അപർണ്ണയെ നശിപ്പിക്കാൻ ശ്രമിച്ചത് ശ്രീജിത്താണെന്ന് കണ്ടു പിടിച്ചത് നീയല്ലേ. അവളുടെ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചവനെ അവളുടെ തലയിൽ കെട്ടിവയ്ക്കാൻ നിനക്കെന്താ ഇത്ര തിടുക്കം. അപർണ്ണയുടെ മനസൊന്നു മാറ്റിയെടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ ഒഴിയാ ബാധ പോലെ അവളെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുകയാണ് ഈ നാറി…” രാഹുൽ അടിമുടി വിറച്ചു. “ഒരു ഫോട്ടോ കാണിച്ചു ഞാനവളെ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് എന്ത് അർത്ഥത്തിലാണ് നിങ്ങൾ പറയുന്നത്??

കൂട്ടുകാരന്റെ ജീവിതത്തിൽ ഇവളെ ഒഴിവാക്കാൻ വേണ്ടി മഹി എന്നെ മനഃപൂർവം കുറ്റക്കാരൻ ആക്കാൻ വേണ്ടി സൃഷ്ടിച്ച തെളിവല്ലേ ഇത്. വക്കീൽ ബുദ്ധിയിൽ ഇതല്ല ഇതിനപ്പുറവും ചെയ്യാൻ സാധിക്കുമല്ലോ…” വിജയി ഭാവത്തിൽ ശ്രീജിത്ത്‌ അവരെ നോക്കി പുച്ഛത്തോടെ ചിരിച്ചു. ശ്രീജിത്തിന്റെ വാക്കുകൾ കേട്ട് മഹി അമ്പരന്നു. അവൻ കാര്യങ്ങൾ വളച്ചൊടിച്ചു തനിക്കു നേരെ തിരിക്കുകയാണെന്ന് മഹിക്ക് തോന്നി. “രാഹുൽ ഇവൻ പറയുന്നത്….” പറഞ്ഞു വന്നത് പൂർത്തീകരിക്കാതെ മഹി രാഹുലിനെ നോക്കി. “പറയാൻ വന്നത് നീ എന്തിനാ പകുതിക്ക് നിർത്തി കളഞ്ഞത്.

അപർണ്ണ അറിയുമോന്നു പേടിച്ചാണെങ്കിൽ അത് വേണ്ട. ഞാൻ അവളോട്‌ കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞു. പക്ഷേ ഇവൻ നമ്മളെ കടത്തിവെട്ടിക്കളഞ്ഞു. ആ മറുക് ഇവന്റെ കഴുത്തിൽ ഇല്ല…” രാഹുൽ പറഞ്ഞത് കേട്ട് മഹി ഞെട്ടലോടെ അവനെ നോക്കി. “നീയെന്താ പറഞ്ഞത്…. ആ മറുക് ഇവന്റെ കഴുത്തിൽ ഇല്ലെന്നോ??” ആവിശ്വസനീയതയോടെ മഹി ചോദിച്ചു. “അതേ… ആ മറുക് ഇവൻ എന്തോ ചെയ്തു.” “അപ്പു ഇവർ പറയുന്നത് നീ കേട്ടില്ലേ… നിന്നിൽ നിന്നും ഇവർ എന്തൊക്കെയോ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ട്. മഹിയുടെ ഉദ്ദേശം രാഹുലിന്റെ ജീവിതത്തിൽ നിന്ന് നിന്നെ ഒഴിവാക്കാനാണ്. രാഹുലിനും നിന്നെ വേണ്ട.

അവന് കിട്ടാത്തത് എനിക്ക് കിട്ടരുതെന്ന് കരുതി നമ്മളോട് പക പോക്കാനാ ഇവർ എനിക്ക് നേരെ ആരോപണം ഉന്നയിക്കുന്നത്.എന്നെ ഇതിലേക്ക് വെറുതെ വലിച്ചിഴയ്ക്കുകയാണ്. നിന്റെ മുന്നിൽ രണ്ടാളും നാടകം കളിക്കുന്നതാ. നീ ഇതൊന്നും വിശ്വസിക്കരുത് അപ്പു.” കിട്ടിയ അവസരം ശ്രീജിത്ത്‌ നന്നായി ഉപയോഗിച്ചു. അപർണ്ണ ശ്രീജിത്തിനെ നേരെ തിരിഞ്ഞു. “ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യമേ പറയാവൂ… എന്റെ കണ്ണിൽ നോക്കി മറുപടി പറയണം. പറയുന്നത് അസത്യമാണെന്ന് തോന്നിയാൽ ഇവിടെ വച്ചു ഞാനെന്റെ ജീവൻ വെടിയും. ജീവിക്കാൻ എനിക്ക് വല്യ മോഹമൊന്നുമില്ല…”

അപർണയുടെ സ്വരം വിറച്ചു. രാഹുലും ശ്രീജിത്തും മഹിയും ഞെട്ടലോടെ അവളെ നോക്കി. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അപർണ്ണയുടെ നോട്ടം ശ്രീജിത്തിൽ മാത്രമായിരുന്നു. അവളുടെ തീക്ഷണതയേറിയ നോട്ടത്തെ നേരിടാൻ ശ്രീജിത്തിന് കഴിഞ്ഞില്ല. സംഭരിച്ച ധൈര്യം ചോർന്നു പോകുന്നത് പോലെ തോന്നി അവന്. “രാഹുലേട്ടൻ കള്ളം പറയില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ നിങ്ങൾ മനഃപൂർവം മായ്ച്ചു കളഞ്ഞതല്ലേ ആ മറുക്. ആ ഫോട്ടോ മഹിയുടെ വക്കീൽ ബുദ്ധിയിൽ നിർമ്മിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല…

അതുകൊണ്ട് നുണ പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിക്കരുത്. സത്യം പറഞ്ഞില്ലെങ്കിൽ ഈ കടലിലേക്ക് എടുത്തു ചാടും ഞാൻ. ” ശ്രീജിത്തിന്റെ മുഖം വിളറി. ദയനീയ ഭാവത്തിൽ അവൻ അവളെ നോക്കി. സത്യം തുറന്നു പറയാതെ രക്ഷയില്ലെന്ന് അവന് തോന്നി. തുടരും (ക്ഷമയോടെ കാത്തിരിക്കുന്നതിൽ ഒരുപാട് നന്ദിയുണ്ട്. അതുകൊണ്ടാണ് ഇപ്പോഴെങ്കിലും എഴുതി തീർക്കാൻ എനിക്ക് കഴിഞ്ഞത്. അടുത്ത ഭാഗം കുറച്ചു ലെങ്ത് കുറവായിരിക്കും. 4 ദിവസം കഴിഞ്ഞു ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം 🥰 സ്നേഹപൂർവ്വം ശിവ )

വിവാഹ മോചനം : ഭാഗം 16

Share this story