ഹരി ചന്ദനം: ഭാഗം 42

ഹരി ചന്ദനം: ഭാഗം 42

എഴുത്തുകാരി: ശ്രുതി കൃഷ്ണ

രാത്രിയിൽ നിർത്താതെയുള്ള കാളിങ് ബെൽ കേട്ടിട്ടാണ് ആനി എഴുന്നേറ്റത്.ഉടൻ തന്നെ ചാടി പിടഞ്ഞെഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നെങ്കിലും വാതിൽ തുറക്കുവാൻ അവർക്കു ഭയം തോന്നി.ഇത്തിരി കഴിഞ്ഞപ്പോൾ ബെൽ നിർത്തി പകരം വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടു. “ആ…. ആരാ….. ” “ആളാരാണെന്നു പറഞ്ഞാലേ നീ വാതിൽ തുറക്കുവുള്ളോ? ” പുറത്തു നിന്ന് അൽഫോൺസിന്റെ ദേഷ്യത്തോടെയുള്ള അലർച്ച കേട്ടപ്പോൾ പെട്ടന്ന് തന്നെ വാതിൽ തുറന്നു കൊടുത്തു.ഇന്നും പതിവ് പോലെ നാലു കാലിൽ തന്നെയായിരുന്നു വരവ്.അകത്തേക്ക് പ്രവേശിക്കുന്നതിനിടയിൽ ആനിയെ രൂക്ഷമായി നോക്കിയപ്പോൾ ഭയം കൊണ്ട് അവർ വാതിലിനിടയിലേക്കു ഒളിച്ചു.

“എന്തിന് മിഴിച്ചു നില്കുവാടീ…. ഇനി നിന്റെ ചത്തുപോയ അപ്പൻ കുര്യാക്കോസ് പെട്ടീന്നു എഴുന്നേറ്റ് വരുവോ വാതിലടയ്ക്കാൻ. ” അത്രയും പറഞ്ഞയാൾ അലറിയപ്പോൾ അവൾ വേഗം വാതിൽ അടച്ചു കൂറ്റിയിട്ടു. “മനുഷ്യനിവിടെ തൊണ്ട പൊട്ടി വിളിച്ചിട്ട് നീ എന്തെടുക്കുവായിരുന്നെടീ…. നിന്റെ മറ്റവനെ ഒളിപ്പിക്കുവായിരുന്നോ? ” അവരുടെ നേരെ പതിയെ നടന്നു വന്ന് മുടിക്ക് കുത്തിപ്പിടിച്ചു ചോദിച്ചപ്പോൾ അവർ ഭയന്നു. “ഇ….. ഇന്ന്…. വ… വരില്ലെന്നല്ലേ പറഞ്ഞത്…. ഞാ… ൻ.അത് കൊണ്ട്…. കാ… ത്തിരിക്കാതെ കി.. കിടന്നതായിരുന്നു.” വിക്കി വിക്കി പറഞ്ഞപ്പോളേക്കും അവരുടെ തൊണ്ട വരണ്ടിരുന്നു. “ഓഹ് ഞാൻ വരാത്തത് നിനക്കും മറ്റവനും സൗകര്യമായി കാണും. ”

കണ്ണു നിറച്ചു തല കുനിച്ചു നിൽക്കുന്ന അവളെ കാൺകെ അയാളുടെ രോഷം ഇരട്ടിച്ചു.മുടിയിലെ പിടിത്തം ഒന്ന് കൂടി മുറുക്കി അവരെ ചുവരിലേക്കു ആഞ്ഞു തള്ളി.അപ്രതീക്ഷിതമായ നീക്കമായിരുന്നെങ്കിൽ കൂടി ചുവരിൽ മുറുകെ പിടിച്ച് വീഴാതെ ആനി പിടിച്ചു നിന്നു. അവളെ രൂക്ഷമായി ഒന്ന് കൂടി ഇരുത്തി നോക്കിയിട്ട് അയാൾ ആടി ആടി സ്റ്റെയർകേസ് ലക്ഷ്യമാക്കി നടന്നു. “ക…. ക…ഴിക്കാൻ എടുക്കട്ടെ? ” “നീ നിന്റെ മറ്റവനെ വയറു നിറപ്പിച്ചല്ലേ വിട്ടത്… അത് മതി. നാവു കുഴഞ്ഞു പറഞ്ഞു കൊണ്ട് ഒരു വേള അയാൾ തിരിഞ്ഞു നിന്നു. ” “അലക്സി…. കിടന്നോ? ” “ഇ…. ഇവിടില്ല… ” “ഹേ…. ഈ പാതി രാത്രിയിൽ അവനിതെവിടെ പോയി… ” “എ…. ന്നോടൊന്നും പറഞ്ഞില്ല… ”

“മ്മ്മ് ” അവളെ നോക്കി ഒന്നിരുത്തി മൂളിയിട്ടു അയാൾ ഫോൺ എടുത്ത് ഡയൽ ചെയ്തു. “ഹലോ….. എടാ…. ഞാനാ അൽഫോൺസാ…. നമ്മുടെ പിള്ളേരെയൊക്കെ വിളിച്ചേരെ… ഒരു പണിയുണ്ട്. ” തന്റെ സംഭാഷണം ആനി ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോൾ അയാൾ ബാക്കി പറയാതെ അവളെ രൂക്ഷമായൊന്നു നോക്കിയിട്ട് ഫോൺ ചെവിയോട് ചേർത്ത് മുകളിലേക്കു കയറി പോയി. നെഞ്ചിൽ കൈ വച്ച് ശ്വാസം ആഞ്ഞു വലിച്ചുവിടുമ്പോൾ അയാള് പുതിയ കണക്കു കൂട്ടലുകളിൽ ആണെന്ന് ആനിക്കു ഉറപ്പുണ്ടായിരുന്നു. *

ഡ്രൈവ് ചെയ്യുന്നതിനിടയിൽ കാറിലിരുന്ന് കോൺടാക്ട് ലിസ്റ്റിൽ അവസാനമായി കാണുന്ന അൺനോൺ നമ്പറിലേക്കു കാൾ ചെയ്യുകയായിരുന്നു H.P.ആദ്യത്തെ റിങിൽ തന്നെ മറുപുറത്ത് കാൾ കണക്ട് ചെയ്യപ്പെട്ടു. “ആഹ് സർ എവിടെയെത്തി? ലൊക്കേഷൻ കിട്ടിയില്ലേ.. ” “ആഹ് യെസ്… ഞാൻ നിങ്ങളുടെ തൊട്ട് പുറകെ തന്നെയുണ്ട്.ഒരു ടു മിനുട്സ് ഡിസ്റ്റൻസ്…. അത്ര ഡിഫറെൻസ് മാത്രമേ കാണൂ.ഇന്ന് തന്നെ എന്ത് വില കൊടുത്തും അയാളെ എനിക്ക് കിട്ടിയിരിക്കണം.” “ഷുവർ… സർ…അയാൾ സിറ്റിയിലേ ബ്ലോക്ക്‌ ഒഴിവാക്കാൻ ഈ വഴി തിരഞ്ഞെടുത്തത് എന്ത് കൊണ്ടും നമുക്ക് ഗുണം ചെയ്യും.

നമ്മുടെ ജോലി ഒന്ന് കൂടി രഹസ്യവും എളുപ്പവുമായി.” “അയാളുടെ വഴി ബ്ലോക്ക്‌ ചെയ്യാനുള്ള എല്ലാ സെറ്റപ്പും ചെയ്തിട്ടില്ലേ? അടുത്തെങ്ങും ആരും ഇല്ലല്ലോ? ” “ഇല്ല സർ….എന്റെ പിള്ളേര് എല്ലാം കറക്റ്റ് ആയി തന്നെ ചെയ്തിട്ടുണ്ട്. ” “ഓക്കേ… ഗുഡ്…കാൾ കട്ട്‌ ചെയ്യണ്ട…. ” “ഓക്കേ സർ….. ” ******* സിറ്റിയിലേക്കുള്ള യാത്രയിൽ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അലക്സി ഫോണെടുത്തത്.സ്‌ക്രീനിൽ അൽഫോൺസ് എന്ന് തെളിഞ്ഞതും വർധിച്ച ദേഷ്യത്തോടെ അയാൾ കാൾ അറ്റൻഡ് ചെയ്തു. “നീയെന്നാ പണിയാടാ ഉവ്വെ… കാണിച്ചത്? രാത്രി ആരോടും പറയാതെ എങ്ങോട്ടേക്കാ….? ” “ഡാ… പന്നെ… എന്നെ കൊണ്ട് ഒന്നും പറയിക്കല്ലേ… നിന്നെ വിളിച്ചാൽ കിട്ടില്ലല്ലോ…

അതെങ്ങനെയാ നാല് കാലിൽ അല്ലേ എപ്പോഴും.നിന്റെ വെളിവില്ലാത്ത ഈ നടത്തം കാരണം എനിക്ക് പലപ്പോഴും ഉണ്ടാവുന്ന നഷ്ടം ലക്ഷങ്ങളുടെയാ….അതെങ്ങനെയാ നിനക്കെപ്പോഴും അന്യന്റെ മുടിപ്പിച്ചല്ലേ ശീലം… ” അലക്സിയുടെ എടുത്തടിച്ച പുച്ഛത്തോടെയുള്ള സംസാരം അല്ഫോൺസിനു തീരെ പിടിക്കുന്നുണ്ടായിരുന്നില്ല.പല്ലു ഞെരിച്ചു മുഷ്ടി ചുരുട്ടി അയാൾ ആത്മനിയന്ത്രണം കൈവരിച്ചു. “നീ ഇപ്പോൾ എങ്ങോട്ടേക്കാ… ” “എടാ എന്റെ കൊച്ചിനെ കാണാനില്ല.ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല.ക്രിസ്റ്റി വിളിച്ചെന്നും പറഞ്ഞു നേരത്തെ ഇറങ്ങീതാ.നിന്റെ വളർത്തു പുത്രനാണെങ്കിൽ നിന്നെ പോലെ തന്നെ എപ്പോഴും വെള്ളത്തിലാ.

അവനെന്റെ കൊച്ചിനെ കൊണ്ടോയി എന്തേലും ഏടാകൂടത്തിൽ ചാടിച്ചോന്നാ…. ” “ഞാൻ…. ഞാൻ വരണോ? ” “ഓഹ്… ഇനിയീ അവസ്ഥയിൽ നീ കൂടെ വന്നിട്ട് എന്നാ ചെയ്യാനാ…. ഞാൻ അതുങ്ങളെ തപ്പിപിടിചേച്ചും വരാ… നീ വെച്ചോ…. ” “നീ… നീ ഇപ്പോൾ എവിടെയെത്തി?പരിചയക്കാരുടെ മുൻപിലൊന്നും ചെന്ന് പെട്ടേക്കരുത്… ” “ഓഹ്… പെട്ടാലെന്നാ… എന്നെ പെട്ടന്നൊന്നും തിരിച്ചറിയുകേല…. അല്ലേലും ഞാൻ സിറ്റിയിലേക്കുള്ള ഷോർട്ട് കട്ട്‌ പിടിച്ചേക്കുവാ…വഴി മോശമാണേലും ബ്ലോക്ക്‌ ഒഴിവാക്കാം… ” “ഓഹ് എന്നാ ശെരി… എന്നതുണ്ടെലും വിളി.. ഞാൻ വച്ചേക്കുവാ…. ” കുഴയുന്ന സംസാരത്തോടെ പറഞ്ഞു നിർത്തി അൽഫോൺസ് പെട്ടന്ന് തന്നെ തൊട്ട് മുൻപ് വിളിച്ചു നിർത്തിയ നമ്പറിലേക്ക് വീണ്ടും വിളിച്ചു.

അലെക്സിയുടെ കാൾ അവസാനിപ്പിച്ചു എൻഡ് ബട്ടൺ പ്രെസ്സ് ചെയ്തപ്പോളാണ് പോയിക്കൊണ്ടൊരിക്കുന്ന വഴി മുൻപിൽ ബ്ലോക്ക്‌ ചെയ്യപ്പെട്ടത് അലക്സി ശ്രദ്ദിക്കുന്നതു.മുൻപിൽ കൂട്ടിയിട്ടിരിക്കുന്ന പാറക്കഷണങ്ങളിലേക്കു വളരെ വേഗത്തിൽ വന്നിരുന്ന വണ്ടി ഇടിക്കുന്നതിന് മുൻപ് തന്നെ അയാൾ ബ്രേക്കിൽ ആഞ്ഞു ചവിട്ടി.വലിയൊരു മുരൾച്ചയോടെ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ വണ്ടി വന്നു നിന്നു.വലിച്ചു നീട്ടി ഹോണടിച്ചിട്ടും ആരെയും കാണാതിരുന്നാൽ വണ്ടിയുടെ സൈഡ് ഗ്ലാസ്‌ താഴ്ത്തി അയാൾ പരിസരത്തെങ്ങാനും ആരെങ്കിലുമുണ്ടോയെന്നു നിരീക്ഷിച്ചു.പതിയെ ഡോർ തുറന്ന് പുറത്തിറങ്ങി മുന്നോട്ട് നീങ്ങി…. “ഏതു…. മോനാടാ ഈ പണി കാണിച്ചു വച്ചേക്കുന്നേ…

ഈ വഴിയൊക്കെ നിങ്ങളുടെ അപ്പന്റെ വകയാണോ… ” ആരോടെന്നില്ലാതെ ചുറ്റും നോക്കി അയാൾ ഉച്ചത്തിൽ ആക്രോശിച്ചപ്പോളേക്കും പുറകിൽ നിന്നേറ്റ വലിയ പ്രഹരത്താൽ അയാൾ വീണു പോയിരുന്നു.കണ്ണ് തുറക്കാൻ പോലും പറ്റാത്ത വിധം അസഹ്യമായ വേദനയിലും തന്റെ കയ്യും കാലും ബന്ധനത്തിലാവുന്നതോടൊപ്പം വായിൽ തുണി തിരുകി മുഖം കറുത്ത തുണികൊണ്ട് മറയ്ക്കപ്പെട്ടതും അയാൾ അറിഞ്ഞു.കണ്ണുകൾ വലിച്ചു തുറന്നെങ്കിലും വെളിച്ചത്തിന്റെ ചെറു കണികപോലുമില്ലാത്ത ഇരുട്ടാണ് അയാൾക്ക്‌ കാണാൻ കഴിഞ്ഞത്.തലയ്ക്കു പിന്നിലൂടെ വസ്ത്രത്തിലേക്കു ഊർന്നിറങ്ങുന്ന നനവിനൊപ്പം അയാളുടെ ബോധവും പതിയെ മറഞ്ഞു….

വലിയൊരു ചാക്കിൽ പൊതിഞ്ഞു അയാളെ H.P യുടെ വണ്ടിയിലേക്ക് കയറ്റി വച്ചു.പരസ്പരം കൈ കൊടുത്ത് തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു തീർത്ത ആത്മസംതൃപ്തിയിൽ ഇരു കൂട്ടരും പിരിഞ്ഞു….. ****** രാവിലെ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ അമ്മയുടെ ഓർമകളിൽ വീർപ്പുമുട്ടുകയായിരുന്നു കിച്ചുവിന്റെ മനസ്സ്.വീട്ടിലേക്ക് കയറുന്നതിനു മുൻപ് അമ്മയെ അടക്കിയിടത്തു അല്പം കൈ കൂപ്പി നിന്നു.പിന്നെ പെട്ടെന്നൊരോർമയിൽ വീട് തുറന്ന് ഉള്ളിലേക്ക് കയറി.മുകളിൽ ഹാളിലുള്ള വലിയ അലമാരയ്ക്കുള്ളിൽ നിന്നും വലിയ റെഡ് ബാഗ് പുറത്തെടുത്തു.ആദ്യം തന്നെ ഉണ്ടായിരുന്നത് അവന്റെ വെഡിങ് ആൽബം ആയിരുന്നു.

ഫ്രണ്ട് പേജിൽ തന്നെ തന്റെയും ദിയയുടെയും ചിരിക്കുന്ന മുഖം കാൺകെ അവന്റെ മനസ്സു വിങ്ങി.ഓരോ താളുകൾ മറയ്ക്കും തോറും ഏട്ടന്റെയും ഏട്ടത്തിയുടെയും അമ്മയുടേയുമൊക്കെ പുഞ്ചിരിക്കുന്ന മുഖം കാൺകെ കണ്ണുകൾ ഈറനായി.ചിത്രങ്ങളോടൊപ്പം ആ മനോഹരമായ ദിവസത്തിന്റെ ഓർമ്മകൾ കൂടി അവന്റെ മനസ്സിലേക്ക് ഓടിയടുക്കുന്നുണ്ടായിരുന്നു. ആൽബത്തിൽ അർജുന്റെ ഫോട്ടോ കണ്ടു കിട്ടാത്തത് കൊണ്ട് കൂടെയുണ്ടായിരുന്ന കുഞ്ഞു കേസ് തുറന്ന് അതിലെ പെൻഡ്രൈവ് ഒ.ടി.ജി കേബിൾ ഉപയോഗിച്ച് ഫോണിലേക്കു കണക്ട് ചെയ്തു. വെഡിങ് വീഡിയോ വിശദമായി തന്നെ ഷൂട്ട്‌ ചെയ്തതിനാൽ എല്ലാരും തന്നെ ഉൾപ്പെട്ടിരുന്നു.

അധികം വൈകാതെ അർജുന്റെ മുഖവും അതിൽ നിന്നും തപ്പിപ്പിടിച്ചെടുത്തു.അത് നന്നായി സൂം ചെയ്ത് സ്ക്രീന്ഷോട് എടുത്ത് അപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച കോൺടാക്ട് നമ്പറിലേക്കു അയച്ച് കൊടുത്തു.ഇന്ന് പുലർച്ചെ വിളിച്ചപ്പോൾ കൂടി കേസിൽ പുരോഗതി ഒന്നുമുണ്ടായില്ലെന്നു അറിഞ്ഞെങ്കിലും ഇനി ഉറപ്പായിട്ടും ദിയയെ കണ്ടു കിട്ടുമെന്ന പ്രതീക്ഷ അവനുണ്ടായിരുന്നു.പെൻഡ്രൈവ് തിരികെ വയ്ച്ചു. ഒന്ന് കൂടി ആൽബം മറിച്ചു നോക്കി തന്റെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളിലൂടെ വിരലോടിച്ചു.ആൽബം തിരികെ വയ്ക്കുമ്പോൾ തൊട്ട് താഴെയായുള്ള ബ്ലാക്ക് കളർ ബാഗ് അവന്റെ ശ്രദ്ധയിൽ പെട്ടു.

അതിന്റെ മുകളിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങൾ കൂട്ടി വായിക്കേ മനസ്സിലുള്ള നോവ് ഒന്നു കൂടി വർധിക്കുന്നതായി തോന്നി. ചന്ദന വെഡ്സ് ഹരി പ്രസാദ് എന്ന അക്ഷരങ്ങളിലൂടെ അവൻ വെറുതെ അലസമായി ഒന്ന് തലോടി.പിന്നെ പെട്ടന്നൊരോർമയിൽ ഫോണെടുത്തു ചാരു എന്ന കോൺടാക്ട് നമ്പറിലേക്ക് ഡയൽ ചെയ്തു. * വീക്എൻഡ് പ്രമാണിച്ചു വീട്ടിൽ വന്ന് ചന്ദുവിനെ ഭക്ഷണം കഴിപ്പിക്കുന്ന തിരിക്കിലായിരുന്നു ചാരു.ടീച്ചറമ്മയും ലച്ചുവും ഇടം വലം നിന്ന് ചാരുവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.ചന്ദു ദയനീയ ഭാവത്തിൽ എല്ലാവരെയും നോക്കുന്നുണ്ടെങ്കിലും ആരും മൈൻഡ് ആക്കുന്നില്ലായിരുന്നു.

പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ട് ചാരു മുറിയിലേക്ക് പോയപ്പോൾ ചന്ദുവിന് അല്പം ആശ്വാസം തോന്നി.ചാരു വരുന്നതിനു മുൻപ് എങ്ങനെ തടി തപ്പാം എന്ന് ചിന്തിക്കുകയായിരുന്നു അവൾ. ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ എടുത്ത് പരിശോദിച്ചപ്പോൾ കിച്ചുവിന്റെ നമ്പർ കണ്ടതോടെ ചാരുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.ഒരു നിമിഷം കാൾ എടുക്കണോ വേണ്ടയോ എന്നവൾ ചിന്തിച്ചു.ആദ്യ തവണ മുഴുവൻ റിങ്ങും കഴിഞ്ഞ് കാൾ കട്ട്‌ ആയെങ്കിലും.വീണ്ടും വിളിച്ചപ്പോൾ നീരസത്തോടെ അവൾ ഫോണെടുത്തു.. “ഹലോ…. ” “ഹലോ… ഞാൻ കിച്ചുവാ ചാരു.. ” “മനസിലായി… എന്തു വേണം? ” “എനിക്ക് ഏട്ടത്തിയോട് ഒന്ന് സംസാരിക്കണം…. ഒന്ന് ഫോൺ കൊടുക്കാവോ? ”

“അവള് പോയി…. അവളുടെ പപ്പേടെ അടുത്തേക്ക് ” “ഇത്ര പെട്ടന്നോ….? കള്ളം പറയുന്നതെന്തിനാ ചാരു? ” “കളവല്ല…..അല്ലെങ്കിൽ തന്നെ ഇനി എന്തിനാ ഏട്ടത്തിന്നും പറഞ്ഞു അവളുടെ പുറകെ നടക്കുന്നത്… എല്ലാം അവസാനിപ്പിച്ചതല്ലേ? അതോ ഇനി എന്തെങ്കിലും പുതിയ കള്ളം കണ്ടു പിടിച്ചോ പാവത്തിനെ പറ്റിക്കാൻ… ” “ചാരു… ഞാൻ… ” “പ്ലീസ് കിച്ചുവേട്ടാ…. അപേക്ഷയാണ്. അവളെ വെറുതെ വിട്ടേക്ക്.പിന്നെ ഇനി എന്നെ വിളിക്കരുത്.വിളിക്കാൻ ശ്രമിച്ചാലും കിട്ടില്ല… ബൈ. ” ദേഷ്യത്തോടെ കാൾ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോൾ കണ്ണു നിറച്ചു നിൽക്കുന്ന ചന്തുവിനെ കണ്ട് ചാരു ഒന്ന് പതറി.താൻ പറഞ്ഞതൊക്കെ അവൾ കേട്ടു കാണുമോ എന്നൊരു ചിന്ത ഉണ്ടായെങ്കിലും ഒട്ടും ഭവവ്യത്യാസം കാണിക്കാതെ അവൾ ചിരിച്ചു. “ആരായിരുന്നു ചാരൂ? ” “അത് പിന്നെ… റോങ്ങ്‌ നമ്പർ… ”

“നിനക്ക് കള്ളം പറയാൻ അറിയില്ല ചാരു. ” അത്രയും പറഞ്ഞു റൂമിലെ കട്ടിലിൽ വന്നു ഇരുന്നതും ചാരു ഓടി വന്നു ചന്തുവിനെ കെട്ടിപ്പിടിച്ചു. “എല്ലാം കേട്ടു അല്ലേ….? ” “മ്മ്മ്… നന്നായി അങ്ങനെ പറഞ്ഞത്.ഇല്ലെങ്കിൽ വീണ്ടും ഓരോ കള്ളങ്ങൾ പറഞ്ഞ് എന്നെ പറ്റിച്ചേനെ. ” ചന്തുവിന്റെ കണ്ണുനീർ തോളിൽ വീണപ്പോൾ ചന്തുവിനെ ചുറ്റിപിടിച്ച കൈകൾ അയച്ച് അവൾ കണ്ണുകൾ തുടച്ചു കൊടുത്തു. “എന്തിനാ കരയണേ….ഇങ്ങനെ വിഷമിച്ചാൽ ശരിയാവില്ല കേട്ടോ.ഇപ്പോൾ നീ മാത്രമല്ല ദേ ഇവിടെ ഒരാള് കൂടി ഉണ്ട്.” ചന്തുവിന്റെ ഉണ്ണി വയറിൽ കൈ ചേർത്തു ചാരു പറഞ്ഞു. “നാളെത്തെ പ്രത്യേകത അറിയുവോ ചാരൂ….? ” വേദനയോടെയുള്ളൊരു പുഞ്ചിരി ചുണ്ടിൽ നിറച്ചു ചന്തു ചോദിച്ചപ്പോൾ ചാരു എന്താണെന്ന അർത്ഥത്തിൽ നെറ്റി ചുളിച്ചു. “നാളെ ഞങ്ങളുടെ വിവാഹ വാർഷികമാണ്.

അതു കഴിഞ്ഞാൽ നിയമപരമായി എന്നെ ഒഴിവാക്കാൻ H.P യ്ക്ക് എളുപ്പമായിരിക്കും അല്ലേ. ” വാക്കുകൾ പൂർത്തിയാക്കും മുൻപേ ഒരു തേങ്ങൽ ചന്തുവിൽ നിന്നുയർന്നു വന്നു.ചന്തുവിനെ എങ്ങനെ ആശ്വാസിപ്പിക്കണമെന്നറിയാതെ ചാരു ഒന്ന് കൂടെ അവളെ ഇറുകെ പുണർന്നു. ****** ചാരുവിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചതാണെങ്കിൽ കൂടി ചന്തുവിനെ ഒന്ന് കാണാനും സംസാരിക്കാനും കിച്ചുവിന് അതിയായ ആഗ്രഹം തോന്നി.ചാരു പറഞ്ഞത് പോലെ ഏട്ടത്തി പപ്പയുടെ അടുത്തേക്ക് പോയി കാണുമോ..എന്നായിരുന്നു അവന്റെ ചിന്ത.ടീച്ചറമ്മയുടെ വീട്ടിലേക്കു പോവാൻ ഒരുവേള മുതിർന്നെങ്കിലും എല്ലാവരോടും എന്ത് ന്യായീകരണം പറയും എന്ന ആശംയകുഴപ്പം അവനെ അങ്ങനൊരു ചിന്തയിൽ നിന്ന് പിൻപോട്ടു വലിച്ചു.

ഒരിക്കലും ഒരു കാരണവശാലും തന്റെ ഏട്ടന്റെ പ്രവർത്തികൾ ന്യായീകരിക്കാൻ കഴിയില്ലെന്ന് അവനു തന്നെ ഉറപ്പുണ്ടായിരുന്നു.ഹാളിൽ തൂക്കിയിരുന്ന അമ്മയുടെ വലിയ ഫോട്ടോയുടെ മുൻപിൽ അലപനേരം കണ്ണടച്ചു മനസ്സിലെ പരാതികളൊക്കെ ഓരോന്നായി പറഞ്ഞു തുടങ്ങി.അല്പനേരം ആ ചിത്രത്തിലേക്ക് നോക്കിയിരുന്നപ്പോൾ അമ്മ അടുത്തു വന്നു നിൽക്കുന്നതായും കിച്ചുവെന്നു വിളിക്കുന്നതായും തോന്നി. പഴയ ഓർമകളിൽ ആണ്ടുപോയ ചിന്തകൾ തിരികെ വന്നത് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു കൊണ്ടാണ്.പോലീസ് സ്റ്റേഷനിലേ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു കണ്ടതും വർധിച്ചു വരുന്ന ഹൃദയമിടിപ്പോടെ അവൻ കാൾ അറ്റൻഡ് ചെയ്തു.

മറുപുറത്ത് നിന്ന് കേൾക്കുന്ന വാർത്തകൾ തന്റെ ഹൃദയതാളം കൂട്ടുന്നതവൻ അറിഞ്ഞു.മറുപുറത്തു കാൾ കട്ടായിട്ടും കേട്ടതൊക്കെ സത്യമോ മിഥ്യയോ എന്ന് വേർതിരിക്കാനാവാതെ അവൻ കുഴഞ്ഞിരുന്നു. ******* രാവിലെ തന്നെ താൻ ഏൽപ്പിച്ച ജോലിയുടെ റിസൾട്ട്‌ അറിയാനുള്ള വ്യഗ്രതത്തിൽ മുറ്റത്തൂടെ ഉലാത്തുകയായിരുന്നു അൽഫോൻസ്. അതിരാവിലെ മുതൽ പലരെയും മാറി മാറി വിളിച്ചിട്ടും ആരും ഫോണെടുക്കുന്നുണ്ടായിരുന്നില്ല എങ്കിൽ കൂടി അലക്സി തിരിച്ചു വരാത്തത് അയാൾക്ക് പ്രതീക്ഷ നൽകി.അലെക്സിയുടെ ഫോണിൽ വിളിച്ചെങ്കിലും അതും സ്വിച് ഓഫ്‌ തന്നെയായിരുന്നു.

കാര്യങ്ങൾ എന്തായെന്നുള്ള ആകാംഷയിൽ അയാൾക്ക് സ്വൊസ്ഥത നഷ്ടപ്പെട്ടു.പെട്ടന്ന് വീടിനുള്ളിൽ നിന്നും ചായയുമായി ആനിയിറങ്ങി വരുന്നത് കണ്ടപ്പോൾ അയാൾക്ക്‌ അരിശം കൂടി. “എത്ര നേരമായെടി ചായയ്ക്ക് പറഞ്ഞിട്ട്… ” അയാളുടെ അലർച്ച കേട്ടതോടെ അവർ പെട്ടന്ന് നടന്നു വന്നു വിറയ്ക്കുന്ന കൈകളോടെ ചായ അയാൾക്ക് നൽകി. ചായ ചുണ്ടോടടുപ്പിക്കുന്നതിനിടയിൽ പിന്നെയും പോകാതെ പരുങ്ങി നിൽക്കുന്ന ആനിയെ അയാൾ സംശയത്തോടെ നോക്കി. “മ്മ്മ്?… എന്താ? ” “അത്…. ഇന്നലെ ദിയ മോളും….ക്രിസ്റ്റിയും…. അലക്സിചായനുമൊന്നും തി… തിരിച്ചു വന്നില്ല. ”

“അതിന്? ” “അ….അന്വേഷിക്കാൻ… ” “നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി.നിന്റെ വളർത്തു പുത്രൻ വരാതിരുന്നത് ആദ്യമായിട്ടൊന്നും അല്ലല്ലോ…പിന്നെ ദിയ അവള് ഹോസ്റ്റലിൽ കാണും.പിന്നേ അലക്സി അവൻ വന്നെന്നും വന്നില്ലെന്നുമിരിക്കും.” ഗൂഡമായ ചിരിയോടെ താടിയുഴിഞ്ഞു അയാളത് പറയുമ്പോൾ ഒന്നും മനസ്സിലാവാതെ ആനി അവിടെ തന്നെ നിന്നു. “മ്മ്മ്? ഇനിയെന്താ? ” “ദി…. ദിയ മോള് പോണ കാര്യമൊന്നും പറഞ്ഞില്ലായിരുന്നു. ” വീണ്ടും വീണ്ടും അതു തന്നെ പറയുന്ന ആനിയെ ദേഷ്യത്തോടെ ചീത്തവിളിക്കാൻ നാക്കെടുത്തപ്പോളാണ് വീട്ടിലേക്കു പോലീസ് ജീപ്പ് കയറി വരുന്നത് അയാൾ കണ്ടത്.പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും മറ്റു ഭാവഭേദങ്ങൾ ഒന്നും കാട്ടാതെ അയാൾ പിടിച്ച് നിൽക്കാൻ ശ്രമിച്ചു. “നിങ്ങളാണോ മിസ്റ്റർ അൽഫോൺസ്? ”

“അതേ…. ” “ഓക്കേ…. ഇവിടെ ദിയ എന്ന് പറയുന്ന ഒരു കുട്ടി താമസിക്കുന്നുണ്ടോ? ” “ഇന്നലെ വരെ ഉണ്ടായിരുന്നു… ഇപ്പോൾ ഇവിടെയില്ല? ” “എവിടെ പോയി? ” “അത്… പിന്നെ ഹോസ്റ്റലിലേക്കു എന്ന് പറഞ്ഞാ പോയത്. ” “എന്നിട്ട് അവിടെ ചെന്നിട്ടില്ലല്ലോ? ” “അതെനിക്കറിയില്ല സർ… ” “എത്തിയോ എന്ന് വിളിച്ചു അനേഷിച്ചില്ലേ? ” “എത്തിയെന്നാണ്‌ അവൾ വൈകീട്ട് വിളിച്ചു പറഞ്ഞത്. ” “ദിയ നിങ്ങളുടെ സഹോദരന്റെ മകളല്ലേ? ” “അതേ ” “സഹോദരൻ? ” “വർഷങ്ങൾക്കു മുൻപ് തന്നെ മരിച്ചു. ” “അവൾക്ക് അവൾക്കു എന്ത് പറ്റി സർ? ” മുഖത്ത് വെപ്രാളം അഭിനയിച്ചു കൊണ്ട് അൽഫോൺസ് ചോദിച്ചപ്പോൾ?അൽഫോൺസ് പറയുന്ന കള്ളങ്ങളോടൊപ്പം ദിയയെ കുറിച്ചുള്ള ആശങ്കയിലായിരുന്നു ആനി.

“എന്ത് പറ്റിയെന്നു പറയാറായിട്ടില്ല…ഞങ്ങൾ അന്വേഷിക്കുന്നുണ്ട്.നിങ്ങൾക്ക് എന്തെങ്കിലും വിവരം കിട്ടിയാൽ സ്റ്റേഷനിൽ അറിയിക്കണം. ആ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞു കുട്ടീടെ ഹസ്ബൻഡ് ഒരു പരാതി തന്നിട്ടുണ്ട്.നിങ്ങളുടെ മകൻ ക്രിസ്റ്റിയെ ആണ് അവർക്കു സംശയം.അർജുൻ എന്നൊരു കള്ളപ്പേരിൽ ആണ് അവൻ അവരോടൊക്കെ ഇടപെട്ടത് എന്ന് അറിഞ്ഞു. ഈ ക്രിസ്റ്റി ഇപ്പോൾ ഇവിടെ ഉണ്ടോ? ” “ഇല്ല….” “എവിടെ പോയി? ” “അറിയില്ല സർ… ഇന്നലെ പോയതാണ്. ” “മകൻ എവിടെ പോയെന്നു നിങ്ങൾക്കറിയില്ലേ? ” “അവൻ അങ്ങനാ സാറേ…അധികം ആരോടും അടുപ്പമില്ല.

വന്നാൽ വന്നെന്നു പറയാം.വളർത്തു മകനാണെങ്കിലും കൊഞ്ചിച്ചു വഷളാക്കി എന്ന് പറയാല്ലോ…. ” “മ്മ്മ്മ്… പിന്നെ ദേ ഇത് നിങ്ങളുടെ വണ്ടിയുടെ നമ്പർ അല്ലേ? ” പോലീസ് ഇൻസ്‌പെക്ടർ നീട്ടിയ കടലാസ് കഷ്ണം വാങ്ങിച്ചു പരിശോധിച്ചപ്പോൾ അൽഫോൺസ് ഒന്ന് പരുങ്ങി. “അതേ സർ…. ” “ഈ വണ്ടി ഇപ്പോൾ ഇവിടെയുണ്ടോ? ” “ഇല്ല ” “പിന്നെ എവിടെയാ..? ” “അ… അത് വർക് ഷോപ്പിൽ… ” ആദ്യം ഒന്ന് പരുങ്ങിയെങ്കിലും ധൈര്യം സംഭരിച്ചു അയാൾ പറഞ്ഞൊപ്പിച്ചു. “എന്നിട്ട് ഈ വണ്ടി നടു റോട്ടിൽ അഞ്ജാതമായി കിടക്കുന്നു എന്ന് അറിയാൻ കഴിഞ്ഞല്ലോ? ” ആ വാർത്ത എന്തു കൊണ്ടും അൽഫോൺസിനെ സന്തോഷിപ്പിക്കുന്നതായിരുന്നു.

എങ്കിലും അത് പുറത്ത് കാട്ടാതെ പറഞ്ഞ കാര്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ അയാൾ ഒരു ശ്രമം നടത്തി. “അത് സർ… ഞാൻ ഇന്നലെ എസ്റ്റേറ്റിൽ നിന്ന് വരുന്ന വഴിക്കു വണ്ടി നിന്നു പോയി.എത്ര പരിശ്രമിച്ചിട്ടും സ്റ്റാർട്ട്‌ ആവാതെ വന്നപ്പോൾ അവിടെ നിർത്തിയിട്ടു വളരെ കഷ്ടപ്പെട്ട് ഒരു ഓട്ടോ പിടിച്ച് വരേണ്ടി വന്നു.അപ്പോൾ തന്നെ എന്റെ ഒരു ജോലിക്കാരനെ വിട്ടു വണ്ടി വർക്ക്‌ ഷോപ്പിൽ കൊടുക്കാൻ ഏർപ്പാട് ചെയ്തതാ… പിന്നെ എന്തു പറ്റി ആവോ? ” “മ്മ്മ്… നിങ്ങൾ പറഞ്ഞത് ഞങ്ങൾ അപ്പാടെ അങ്ങ് വിശ്വസിച്ചെന്നു കരുതേണ്ട.ഞങ്ങൾ ഇനിയും വരും.” ആനിയെക്കൂടെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് അവർ തിരികെ പോയി.തത്കാലം രക്ഷപ്പെട്ടു എന്ന സന്തോഷത്തിനൊപ്പം താൻ വളരെ കാലമായി കണ്ടു കൊണ്ടിരുന്ന സ്വോപ്നം യാഥാർഥ്യമാകാൻ പോകുന്നു എന്ന ചിന്തയിൽ അയാളുടെ മുഖം വികസിച്ചു.

“അ… അലക്സിചായൻ കൊണ്ടു പോയ വേണ്ടിയല്ലേ?നിങ്ങൾ…അയാളെ…. ” “വായടക്കെടി….മിണ്ടിയാൽ അരിഞ്ഞു കളയും ഞാൻ. ” കയ്യിലുള്ള കപ്പ്‌ എറിഞ്ഞുടച്ചു അയാൾ ദേഷ്യത്തോടെ ചീറി. “മുൻപേ ഞാൻ പറഞ്ഞതാ…. വളർത്തു മകനൊന്നും വേണ്ട പാഴ്ചിലവാണെന്നു.അപ്പോൾ നിനക്ക് പല ന്യായങ്ങൾ ആയിരുന്നു.തീറ്റി പോറ്റി വളർത്തി വലുതാക്കി അപ്പന്റെ ഒരാഗ്രഹത്തിനു കൂട്ട് നിൽക്കാൻ പറഞ്ഞപ്പോൾ അവനു വയ്യെന്ന്. ആ പെണ്ണിനെ അവനു വേണ്ടെന്നു എന്റെ മുഖത്ത് നോക്കി പറഞ്ഞ അന്ന് ഞാൻ തീരുമാനിച്ചതാ അങ്ങനൊരു മകൻ ഇനിയെനിക്കില്ലെന്നു.

നിനക്കും ഇനി അങ്ങനെ മതി. എവിടെങ്കിലും പോയി തുലയട്ടെ… ഇപ്പോൾ കണ്ടില്ലേ…ഒരുത്തന്റെയും സഹായമില്ലാതെ അൽഫോൺസ് കാര്യങ്ങൾ കരയ്ക്കടുപ്പിച്ചത്.പിന്നെ അലക്സി അവൻ മുൻപേ മരിച്ചതല്ലേ….ഒന്ന് കൂടി കൊല്ലാൻ ഞാൻ എന്റെ പിള്ളേരോട് പറഞ്ഞിട്ടുണ്ട്.അത് കഴിഞ്ഞു അവളെയും ഞാൻ പൂട്ടും…. ദിയയെ…. ” അത്രയും പറഞ്ഞ് ആനിയെ തള്ളിമാറ്റി വീട്ടിലേക്കു കയറി പോകുന്ന അയാളെ ആനി വെറുപ്പോടെ നോക്കി നിന്നു..തുടരും…..

ഹരി ചന്ദനം: ഭാഗം 41

Share this story