ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 28

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 28

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

Navi Calling… ഫോണിലേക്കു നോക്കിയ നിരഞ്ജന വിയർത്തുപോയി… എന്താണ് നവിയോട് പറയേണ്ടത്… അപ്പൂപ്പനെ ചെന്നൈയിലെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു കഴിഞ്ഞ് നവി വിളിച്ചിരുന്നു… അതിനു ശേഷം താൻ ഒരു പ്രാവശ്യം നവിയെയും വിളിച്ചിരുന്നു..അന്ന് അധികം സംസാരിക്കാനായില്ല.. നവി അല്പം ധൃതിയിൽ ആയിരുന്നു.. പിന്നീട് വിളിക്കാമെന്ന് പറഞ്ഞു വെയ്ക്കുകയാണ് ചെയ്തത്… പിന്നെ ഇപ്പോഴാണ് വിളിക്കുന്നത്… മൂന്ന് ആഴ്ചയോളം കഴിഞ്ഞിരിക്കുന്നു… നിരഞ്ജന മേൽചുണ്ടിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പുത്തുള്ളികൾ കർച്ചീഫ് കൊണ്ട് ഒപ്പി മാറ്റി…

കാർ സൈഡ് ചേർത്തു ഒതുക്കി നിർത്തി… എന്താണ് നവിയോട് പറയേണ്ടതെന്നു ഒരു നിമിഷം മനസിലൊന്നു ഉറപ്പിച്ചു.. ഒരു ധൈര്യം മനസിലേക്ക് വരുത്തി ഫോൺ എടുക്കാനാഞ്ഞു… അപ്പോഴേക്കും അത് ഒരു റൗണ്ട് ബെല്ലടിച്ചു നിന്നു…. കുറച്ച് നിമിഷങ്ങൾ കൂടി നിരഞ്ജന അതിലേക്കു നോക്കിയിരുന്നു… കോൾ വരുന്നുണ്ടോ എന്നറിയാൻ…. പക്ഷെ പിന്നെ വന്നില്ല…അവൾ സമാധാനത്തോടെ യാത്ര തുടർന്നു… തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും അവൾ തളർന്നിരുന്നു… കുളിച്ചു ഫ്രഷ് ആയി വന്നു അല്പമെന്തോ കഴിച്ചെന്നു വരുത്തി… പിന്നെ ആര്യൻ വരാനായുള്ള കാത്തിരിപ്പിലായിരുന്നു…

കാത്തിരിപ്പിനോടുവിൽ ആര്യന്റെ കാർ പോർച്ചിലേക്കു വന്നു നിന്നപ്പോൾ അവൾ ആശ്വാസത്തോടെ എഴുന്നേറ്റു….ആര്യനും ഫ്രഷ് ആയി വന്നപ്പോൾ അവൾ അന്ന് നടന്ന കാര്യങ്ങൾ പറയാനുള്ള തയ്യാറെടുപ്പിലിരുന്നു… “ഡാ… എന്തിനാ ഗൗരി കാണണമെന്ന് പറഞ്ഞത്… “എന്തെങ്കിലും അങ്ങോട്ട് പറയും മുൻപേ തന്നെ ആര്യൻ ഇങ്ങോട്ട് ചോദിച്ചത് അവൾക്കു ആശ്വാസമായി തോന്നി.. അന്ന് ഗൗരിയിൽ നിന്നും അറിഞ്ഞതും കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഒന്ന് പോലും വിടാതെ അവൾ ആര്യനോട് പറഞ്ഞു..

ഒപ്പം ഗൗരിയുടെ നിബന്ധനയും നവിയിൽ നിന്നും ഒഴിഞ്ഞുമാറാൻ കൊതിക്കുന്ന ഗൗരിയുടെ മനസ്സും….. “രവിയേട്ടൻ പോലും അറിയാതെ അതൊന്നു വിൽക്കാൻ സഹായിക്കണം എന്നാണ് അവൾ പറയുന്നത്… കൂടാതെ മറ്റൊരു ചെറിയ വീട് ദൂരെ എവിടെയെങ്കിലും വാങ്ങാൻ സഹായിക്കണമെന്നും… “നമുക്ക് എങ്ങനെയാ ആര്യൻ…..അവളെയൊന്നു സഹായിക്കാൻ കഴിയുക.. ഉപേക്ഷിക്കാൻ തോന്നുന്നില്ലെനിക്ക്… “അത് പറഞ്ഞപ്പോൾ നിരഞ്ജനയുടെ ശബ്ദം നേർത്തുപോയി…. “ഇതിപ്പോൾ നവി അറിയേണ്ടതല്ലേ ഇതെല്ലാം… നവിയുടെ ഭാഗത്ത് എന്താ തെറ്റ്… “ആര്യന്റെ ചോദ്യം നിരഞ്ജനയെ ഒന്ന് കുഴക്കി…

“ഒരു പെണ്ണായത് കൊണ്ടാവും ആര്യൻ… എനിക്ക് അവളുടെ ഭാഗത്ത് നിന്നു ചിന്തിക്കാനെ കഴിയുന്നുള്ളു… അവൾക്കുമില്ലേ അഭിമാനം… നവിയുടെ അമ്മ എത്ര മോശമായാണ് ബിഹേവ് ചെയ്തത്… മരിച്ചുപോയവരോട് നമുക്ക് സെന്റിമെന്റ്സ് കൂടുമല്ലോ ആര്യൻ… അവളെ കുറ്റം പറയാൻ പറ്റില്ല… ഇപ്പൊ ദേവനെയും അവളുടെ അമ്മയെയും ഒക്കെയോർത്തു അവൾ നീറുവാ… ഇതിനൊക്കെ കാരണം നവിയുടെ വീട്ടുകാർ അല്ലേ… ഗൗരിക്കുണ്ടായ ഓരോ നഷ്ടങ്ങൾക്കും കാരണം നവിയുടെ ആൾക്കാരാണ്.. അത് നവിയുടെ അറിവോടെ അല്ലെങ്കിൽ കൂടിയും… ” “ഓക്കേ ഡാ.. അപ്പൊ നീയെന്താ ഉദ്ദേശിക്കുന്നെ…

നവിയോട് പറയേണ്ടെന്നോ… “ആര്യൻ ചോദിച്ചു… “ഗൗരിയുടെ അനുവാദമില്ലാതെ നവിയോടിത് പറയാൻ നമുക്കാവില്ലല്ലോ ആര്യൻ… മാത്രവുമല്ല ഞാനവൾക്ക് ഉറപ്പ് കൊടുത്തുപോയി… മറ്റാരും ഇതറിയില്ലെന്നു… പ്രത്യേകിച്ച് നവി… നവിയുടെ ഫ്രണ്ട് എന്ന രീതിയിലാണ് ഞാനും അവളും പരിചയപ്പെട്ടതെങ്കിലും ഞങ്ങൾ തമ്മിൽ വല്ലാത്തൊരു അടുപ്പമുണ്ട് ആര്യൻ.. ഒരുപക്ഷെ നവിക്ക് പോലും അറിയില്ലായിരിക്കും ഞങ്ങളുടെ ഈ അടുപ്പം… ” “നീ വഴിയാണ് ഞാൻ നവിയെയും ഗൗരിയെയും പരിചയപ്പെട്ടത്… അത് കൊണ്ട് എനിക്കീ കാര്യത്തിൽ എന്റേതായി ഒരഭിപ്രായമില്ല…

നിനക്ക് എന്ത് തോന്നുന്നോ അത് ചെയ്യാം… നീയെന്ത് പറയുന്നോ അതുപോലെ… നിന്റെ അനുവാദമില്ലാതെ എന്റെ വായിൽ നിന്നും ഈ കാര്യം ആരും അറിയാൻ പോകുന്നില്ല… “ആര്യൻ ചിരിയോടെ ഇരുന്നിരുന്ന കസേരയിലേക്ക് ഒന്നുകൂടി തല ചായ്ച്ചു വെച്ചു… നിരഞ്ജന എഴുന്നേറ്റു അവന്റെ മടിയിലേക്ക് ചെന്നിരുന്നു തോളിലേക്ക് മുഖം ചേർത്തു ചുണ്ടുകൾ അമർത്തി.. “താങ്ക്സ് ആര്യൻ… ഇത്രയും സപ്പോർട്ട് ആയി എന്റെ കൂടെ നിൽക്കുന്നതിന്.. ” “മ്മ്… താങ്ക്‌സൊക്കെ ഞാൻ പിന്നെ മേടിച്ചോളാം… എന്താ ഇനി മോളൂസിന്റെ അടുത്ത പ്ലാൻ.. അത്.. പറ…

“ആര്യൻ അവളെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു കൊണ്ട് ചോദിച്ചു… “അവളുടെ വീട് വിൽക്കാൻ ഹെല്പ് ചെയ്യണം.. ഒപ്പം അവൾക്ക് ഒരു കൊച്ചു വീട് ചെറുതെങ്കിലും എവിടെങ്കിലും വാങ്ങാൻ സഹായിക്കുകയും വേണം… ” നിരഞ്ജന തല ഉയർത്താതെ അവന്റെ തോളിൽ കിടന്നു കൊണ്ട് തന്നെ പറഞ്ഞു….. “ഓക്കേ… എന്താന്നു വെച്ചാൽ ആവാം… അപ്പൊ നവി വിളിച്ചിരുന്നു എന്നല്ലേ പറഞ്ഞത്… തിരിച്ചു വിളിക്കുന്നില്ലേ… എന്തിനാവും നവി വിളിച്ചത്… അതറിയണ്ടേ..”ആര്യൻ ചോദിച്ചു… “മ്മ്… തിരിച്ചു വിളിക്കണം… പക്ഷെ ഇപ്പൊ നവി അറിയാൻ പാടില്ലാത്ത ഒരു കാര്യം ഇങ്ങനെ മനസ്സിൽ കിടക്കുന്നതു കൊണ്ടാവും എന്തോ ഒരു വിറയൽ…

ഒരു കള്ളത്തരം ചെയ്യുന്ന പ്രതീതി…. നവി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ആര്യൻ… അവനിൽ നിന്നും ഒരു കാര്യം മറച്ചു വെയ്ക്കുന്നതും അങ്ങനെ അവനെ വേദനിപ്പിക്കുന്നതുമോർത്ത് ചങ്ക് പിടയുന്നുണ്ട്…. പക്ഷെ ഗൗരി… അവളുടെ മനസ്… അതാണ്‌ ഇപ്പൊ ന്റെ മുന്നിൽ കൂടുതൽ മിഴിവോടെ നിൽക്കുന്നത്…. ” “നീ നവിയെ വിളിക്ക്… ഞാൻ ആ വീടെടുക്കാൻ പറ്റിയ ഒന്ന് രണ്ടാൾക്കാരെ ഒന്ന് കോൺടാക്ട് ചെയ്യട്ടെ… ” “മ്മ്.. ശരി ആര്യാ… “അവൾ ആര്യന്റെ കവിളിൽ ഒന്നമർത്തി ചുംബിച്ചിട്ട് പുഞ്ചിരിയോടെ എഴുന്നേറ്റ് ഫോണുമായി ബാൽക്കണിയിലേക്ക് പോയി…

ബാൽക്കണിയിൽ ഇട്ടിരുന്ന ചൂരൽ കസേരയിലേക്ക് ഇരുന്നു കൊണ്ട് അവൾ നവിയുടെ നമ്പർ ഡയൽ ചെയ്തു…. അവളെ അത്ഭുതപ്പെടുത്തി കൊണ്ട് ആദ്യത്തെ ബെല്ലിൽ തന്നെ നവി ഫോണെടുത്തു… “ഹൈ നിരഞ്ജനാ… “നവിയുടെ ശബ്ദം അവളുടെ കാതുകളിലെത്തി….. “ആഹ്… നവി.. വിളിച്ചിരുന്നോ… ഞാൻ ഡ്രൈവിലായിരുന്നു.. അതാ എടുക്കാഞ്ഞേ.. എന്താ വിശേഷിച്ച്… ഹൗ ഈസ്‌ അപ്പൂപ്പൻ.” “നോട്ട് സൊ ഇൻ എ ബെറ്റർ കണ്ടീഷൻ.. വി ആർ ട്രൈയിങ് അവർ ബെസ്റ്റ്.. ” “മ്മ്… പിന്നെന്താ… വേറെ.. “?? നിരഞ്ജന ചോദിച്ചു… “ക്യാൻ യു ഡു മി എ ഫേവർ നിരഞ്ജന.. “? നവിയുടെ ചോദ്യത്തിൽ നിരഞ്ജനയുടെ ഉള്ളൊന്നു ആന്തി…

മനസിലെ വിറയൽ ശബ്ദത്തിൽ വരുത്താതെ അവൾ ചെറിയ ചിരിയോടെ ചോദിച്ചു… “അതെന്താ നവി അങ്ങനെ ചോദിച്ചേ.. എന്ത് ഹെൽപ്പ് ആണ് വേണ്ടത്… പറഞ്ഞോളൂ.. ” “നിരഞ്ജന താനൊന്നു പാലക്കാട് വരെ പോകുവോ… തിരുമുല്ലക്കാവിൽ… “? പ്രതീക്ഷിച്ച ചോദ്യം തന്നെ നവി ചോദിച്ചതിന്റെ മരവിപ്പിലായിരുന്നു നിരഞ്ജന.. “ഡോ… നിരഞ്ജന… ആർ യു ദേർ.. “? “യാ.. യെസ്… പറയൂ നവി… ” “നിരഞ്ജന… എനിക്ക് അവളോടൊന്നു സംസാരിക്കണം… ഒന്നൊന്നര മാസമായി ഞാൻ അവളുടെ ശബ്ദമൊന്നു കേട്ടിട്ട്.. അവിടുന്ന് പോന്നിട്ട് ഒരു വിവരവുമില്ല… അവളുടെ ഫോണിനെന്തോ കംപ്ലൈന്റ്റ്..

അവൾ ഇങ്ങോട്ടും വിളിക്കുന്നില്ല… അന്ന് ഞാൻ പറഞ്ഞില്ലേ അമ്മയായിട്ട് ഉണ്ടാക്കിയ ആ ഒരു ഇഷ്യു അതിനു ശേഷം അവൾക്കെന്തോ അകൽച്ചയുമുണ്ട്.. അതാണെനിക്കൊരു പേടി.. പെട്ടെന്നുള്ള സ്ഥലം മാറ്റവും അപ്പൂപ്പന്റെ അവസ്ഥയുമൊക്കെ കാരണം അവളോടൊന്നു നന്നായി സംസാരിക്കാൻ പോലും പറ്റിയില്ല… ഇപ്പൊ വിളിച്ചിട്ടും കിട്ടുന്നില്ല… രവിയേട്ടനെ വിളിക്കാൻ എനിക്കൊരു ബുദ്ധിമുട്ട്… എല്ലാം കൂടി ഓർത്തിട്ട് ഭ്രാന്ത് പിടിക്കുന്നു നിരഞ്ജന.. പ്ലീസ്‌ താനൊന്നു പോയി അവളോട്‌ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസിലാക്കുവോ.. എന്നെയൊന്നു വിളിക്കാൻ പറ…

ആ സ്വരമൊന്നു ഇനിയും കേട്ടില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിച്ചു ഞാൻ ചത്തു പോകും… “നവിയുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെ നിന്നോ ആണ് ആ ശബ്ദം വന്നതെന്ന് നിരഞ്ജനയ്ക്ക് തോന്നി.. “ഞ… ഞാൻ പോകാം നവി… പക്ഷെ നാളെ ഞാനും ആര്യനും കൂടി ഒരു ട്രിപ്പ്‌ പോകുകയാണ്.. നേരത്തെ പ്ലാൻ ചെയ്തതാണ്… രണ്ടാഴ്ച കഴിയും വരാൻ… എന്നിട്ട് പോയാൽ മതിയോ…”അങ്ങനെയൊരു കള്ളം നവിയോട് പറയുമ്പോൾ നിരഞ്ജനയുടെ ശബ്ദം വിറച്ചിരുന്നു.. മിഴികളും തൂവി… “ഓഹ് ഗോഡ്… “നവിയുടെ ചിലമ്പിച്ച ശബ്ദം അവളുടെ ചെവിയിലെത്തി.. നവിയോട് ബൈ പറഞ്ഞു നിരഞ്ജന നേരെ ബെഡിലേക്ക് വീണു…

അവനോടങ്ങനെയൊരു നുണ പറയേണ്ടി വന്നതിൽ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി… വേണ്ടിയിരുന്നില്ല… അവൻ തന്റെ ചങ്ക് ആയിരുന്നു… അറിയാതെ പോലും അവനെ വേദനിപ്പിക്കേണ്ടായിരുന്നു…. സങ്കടം തിങ്ങി നിറഞ്ഞ മനസുമായി നിരഞ്ജന കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു… പിറ്റേദിവസം തന്നെ ആര്യൻ അയച്ചതാണ് എന്നും പറഞ്ഞു ഒരാൾ ചെന്നു വാര്യവും തൊടിയും എഴുത്തുപുരയും ഒക്കെ നോക്കി കണ്ടു….അയാൾ പറഞ്ഞ വില താനുദ്ദേശിച്ചതിലും ഒരുപാട് കൂടുതലായത് കൊണ്ട് തന്നെ ഗൗരിക്ക്‌ ഒന്നും ആലോചിക്കേണ്ടി വന്നില്ല…

നിരഞ്ജന ഇടക്കിടക്ക് വിളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നത് കൊണ്ട് അവളോടും കൂടി അഭിപ്രായം ചോദിച്ചിട്ടാണ് ഗൗരി വന്നയാളോട് സമ്മതം പറഞ്ഞത്… പിന്നെയെല്ലാം പെട്ടെന്നായിരുന്നു… എഴുത്തുകുത്തും പൈസ കൈമാറലും എല്ലാം വേഗത്തിൽ നടന്നു… ആര്യനു പരിചയമുള്ള ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം വേഗത്തിൽ നടന്നു കിട്ടി.. ബാങ്കിലെ കടവും വേറെയുണ്ടായിരുന്ന കടങ്ങളും എല്ലാം വീട്ടി ഗൗരി സ്വതന്ത്രയായി.. മുത്തശ്ശിക്ക് വലിയ വിഷമം ഒന്നുമില്ലായിരുന്നു… അവിടെ നിന്നൊരു മാറ്റം അവരും ആഗ്രഹിച്ചിരുന്ന പോലെ തോന്നി ഗൗരിക്ക്…

എല്ലാം ന്റെ കുട്ടി തീരുമാനിക്കുന്നത് പോലെ എന്നാണ് മുത്തശ്ശി അവളോട്‌ പറഞ്ഞത്… നിരഞ്ജന വിളിച്ചറിയിച്ചിരുന്നത് പോലെ ഒരു ദിവസം സാധനങ്ങളൊക്കെ അടുക്കി പെറുക്കി ഗൗരിയും മുത്തശ്ശിയും പോകാൻ തയ്യാറെടുത്തിരുന്നു… സാധനങ്ങൾ കൊണ്ടുപോകാൻ ഒരു വണ്ടി വരുമെന്നും അതിനു പിന്നാലെ വരുന്ന കാറിൽ ഇരുവരും കയറിപ്പോരാനാണ് നിരഞ്ജന പറഞ്ഞിരിക്കുന്നത്… സാധനങ്ങൾ കൊണ്ടുപോകാൻ വന്ന വണ്ടിയിൽ എല്ലാം കയറ്റിയയച്ചിട്ട് തങ്ങൾക്കുള്ള കാർ വരാൻ കാത്തിരിക്കുകയായിരുന്നു ഗൗരിയും മുത്തശ്ശിയും… സന്ധ്യസമയത്ത് ആയിരുന്നത് കൊണ്ട് അയൽവക്കക്കാർ പോലും ഒന്നും അറിഞ്ഞില്ല എന്നതാണ് സത്യം…

ഗൗരി പതിയെ അടുക്കളപ്പുറത്തേക്ക് നടന്നു… അല്പമകലെയുള്ള കൽക്കണ്ടക്കുന്നിലേക്ക്‌ അവളുടെ കണ്ണ് പാഞ്ഞു… കഴുത്തിലെ കണ്ണനെയും തെരുപ്പിടിച്ചു കൊണ്ട് അവൾ മഹാദേവനെ വിളിച്ചു… കൽക്കണ്ടക്കുന്നപ്പന്റെ മുഖത്തിന്‌ പകരം നവിയുടെ ഇടനെഞ്ചിലെ മഹാദേവന്റെ പച്ചകുത്താണ് പക്ഷെ മനസിലേക്ക് വന്നത്… ഗൗരിയുടെ മനസ് വിങ്ങി.. മിഴികൾ തൂവി.. മൊഴികൾ ഇടറി…. “മഹാദേവാ.. ഞാൻ പോവാണ്… ഇനി ഒരു തിരിച്ചു വരവില്ല… ന്റെ നവിയേട്ടനെ കാത്തോളണേ… ഒരിക്കലും നവിയേട്ടനെ കൊണ്ട് എന്നെ തേടി വരുത്തിക്കല്ലേ… ഈ ജന്മം ഗൗരിയുടെ ജീവിതത്തിൽ മറ്റൊരാളില്ല…

ഈ ഓർമ്മകൾ മതി ഗൗരിക്ക് ജീവിക്കാൻ… അത്രമേൽ ഗൗരിക്കിഷ്ടമാണ് ഗൗരിയുടെ നവിയേട്ടനെ… കാലിൽ ഒരു മുള്ള് പോലും കൊള്ളാതെ കാത്തോളണേ ന്റെ നവിയേട്ടനെ… വിഷമിപ്പിക്കരുതേ… എന്റെ ഓർമ്മകളിൽ നിന്നു മുക്തനാക്കി കൊടുക്കണേ… ” കരഞ്ഞു കൊണ്ട് ഗൗരി അവിടെ നിന്നും തെക്കേ തൊടിയിലെ മാവിൻ ചോട്ടിലേക്കു നടന്നു… നടന്നു ചെന്നു അതിന്റെ ചുവട്ടിൽ നിന്നും ചെറിയൊരു മാവിൻ തൈ പിഴുതെടുത്തു.. ആ മാവിലേക്കു നോക്കി അൽപനേരം നിന്നു… “ദേവേട്ടാ… “അവൾ നിശബ്ദം വിളിച്ചു… പിന്നെ വന്നു അച്ഛന്റേം അമ്മയുടേം ദേവേട്ടൻറേം അസ്ഥി തറയിലേക്ക് നോക്കി കണ്ണുകളടച്ചു നിന്നു…

“പൊറുക്കണേ ഈ മോളോട്… അച്ഛാ.. അമ്മേ… ദേവേട്ടാ… “അവിടെ നിന്നും അവൾ കരഞ്ഞു… എഴുത്തു പുരയിലേക്ക് നോക്കാൻ അവൾ അശക്തയായിരുന്നു… ഇടനെഞ്ചു പൊട്ടിയടരുന്നത് പോലെ.. അരഭിത്തിയിലിരുന്നു നവിയേട്ടൻ ചിരിക്കുന്നത് പോലെ… ചെവിയോരം എവിടെയോ ആ സ്വരം കേട്ടു അവൾ.. ഒരിക്കൽ തന്നെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു നിന്നൊരു ചെമ്പക മരത്തിന്റെ ചുവട്ടിലേക്കു നോക്കി അവൾ.. ഒരു നിമിഷം അവിടെ കണ്ണടച്ച് നിന്നു ഗൗരി.. നവിയുടെ ചുടു നിശ്വാസം കഴുത്തിൽ തട്ടിയ പോലെ… ആ ചുണ്ടുകൾ കഴുത്തിലും കവിളിലുംകണ്ണുകളിലും മൂർദ്ധാവിലും അമരുന്നത് പോലെ…

ഏതോ ഒരു വേളയിൽ അത് തന്റെ അധരങ്ങളെ കീഴ്പ്പെടുത്തിയ പോലെ… ശരീരം വിറങ്ങലിച്ചു നിന്നു പോയി ഗൗരി… ഒരു വണ്ടിയുടെ ഇരമ്പൽ ശബ്ദമാണ് അവളെ ഉണർത്തിയത്… മുന്നിലെ റോഡിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് അവൾ കണ്ടു… തങ്ങൾക്ക് പോകാനുള്ള വണ്ടിയാണ് അതെന്നു അവൾക്കു മനസിലായി.. തങ്ങളുടെ പ്രണയത്തിനു സാക്ഷിയായ ചെമ്പകമരത്തിന്റെ ചോട്ടിലെ ഒരു കുഞ്ഞ് ചെമ്പക തൈയും കൂടി പറിച്ചെടുത്ത് നെഞ്ചോടു ചേർത്തു മുത്തശ്ശിയുടെ കൈയും പിടിച്ചു അവളിറങ്ങി… സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും പരിഭവങ്ങൾക്കും പ്രണയത്തിനും ഒക്കെ സാക്ഷിയായ ആ വീടും തൊടിയും വിട്ട്…

അതിലുപരി വാസന പുൽകി ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ഓരോ ചെമ്പക മരങ്ങളെയും വിട്ട്… നവിയുടെ പ്രിയപ്പെട്ട ചെമ്പകപ്പൂക്കളെ വിട്ട്…. ആ ചെമ്പകപ്പൂക്കളെ ഒരോർമ്മയാക്കി മാറ്റി കൊണ്ട് … കാർ നീങ്ങി കഴിഞ്ഞും പുറത്തേക്കു തിരിഞ്ഞു നോക്കിയിരുന്ന ഗൗരിയുടെ നാസികത്തുമ്പിനെ തഴുകി ചെമ്പക മണമുള്ള ഒരു കാറ്റ് ഒഴുകിയെത്തി വളരെ പതിയെ…. അങ്ങ് കൽക്കണ്ടക്കുന്നിൽ നിന്ന് …”””🥀 Luv U all…❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 27

Share this story