പ്രണയവസന്തം : ഭാഗം 17

പ്രണയവസന്തം : ഭാഗം 17

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ജീപ്പിൻറെ തൊട്ടു പുറകിലായി ബുള്ളറ്റിൽ ആൽവിൻ അനുഗമിക്കുന്നുണ്ടായിരുന്നു….. അവനെ കണ്ടപ്പോൾ അവൾക്ക് ഒരു പ്രത്യേക ബലം തോന്നിയിരുന്നു……. ഒരു ട്രാക്ക് സ്യൂട്ടും ടീഷർട്ടും ആയിരുന്നു അവന്റെ വേഷം… പൊലീസ് ജീപ്പ് നേരെ കോളേജിന്റെ മുൻപിലായിരുന്നു കൊണ്ടു നിർത്തിയിരുന്നത്…. അതിനു പുറകെ ബുള്ളറ്റും അവിടെ കൊണ്ടു വന്ന് നിർത്തിയിരുന്നു….. ബുള്ളറ്റിൽ നിന്നും ആൽവിൻ ഇറങ്ങി ജാൻസിയെ വിളിച്ചു….. ജാൻസി പ്രതീക്ഷയോടെ അവന്റെ അരികിലേക്ക് ചെന്നു…..

കോളേജിന് അകത്തേക്ക് കയറുന്നതിനു മുൻപ് തന്നെ കണ്ടിരുന്നു മുൻപിൽ നിൽക്കുന്ന സെക്യൂരിറ്റിയെ……. അയാൾക്കരികിലേക്ക് ആൽവിൻ ചെന്നു…. ഞാൻ ഇവിടുത്തെ സബ്ഇൻസ്പെക്ടർ ആണ്…… ഇവിടുത്തെ കോളേജിൽ പഠിക്കുന്ന ഒരു കുട്ടി മിസ്സിംഗ് ആണ്….. ഇന്നത്തെ സ്പെഷ്യൽ ക്ലാസ് എപ്പോഴായിരുന്നു കഴിഞ്ഞത്…..? അവൻ അയാളോട് ചോദിച്ചു…. ഇന്ന് ഒരു ബാച്ചിനും സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നില്ലല്ലോ സാർ….. പരീക്ഷ നടക്കുക ആണ്…. അതുകൊണ്ട് സ്പെഷ്യൽ ക്ലാസ്സ്‌ ഒന്നും ഇല്ല….. അയാളുടെ ആ മറുപടി കേട്ടതും ജാൻസിയിൽ ശക്തമായ ഒരു നടക്കും ഉണ്ടായിരുന്നു…..

അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ആൽവിനിൽ വലിയ ഞെട്ടൽ ഉണ്ടായിരുന്നില്ല….. പക്ഷേ ജാൻസിയുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കുമെന്ന് ആൽവിന് അറിയാമായിരുന്നു…. ഒക്കെ….. തത്കാലം ഞാൻ വന്നു എന്നോ തിരക്കി എന്നോ കോളേജിൽ വേറെ ആരും അറിയണ്ട കേട്ടോ….. ശരി സർ….. അയാൾ സമ്മതിച്ചു…. അത്രയും അയാളോട് പറഞ്ഞതിനുശേഷം ആൽവി ജാൻസിയെ കൂട്ടി പുറത്തേക്ക് വന്നു….. ജാൻസിയുടെ മുഖത്ത് അപ്പോഴും ഭയവും വേദനയുമൊക്കെ നിറഞ്ഞിരുന്നു….. അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ആൽവിന് അറിയില്ലായിരുന്നു…..

ചിലപ്പോൾ നിന്നെ പേടിച്ച് കൂട്ടുകാരുടെ കൂടെ വല്ലതും കറങ്ങാൻ പോയതോ വല്ലോം ആയിരിക്കും….. നിന്നെ പേടിച്ചത് പറയാതിരുന്നത് ആവും….. ഷോപ്പിംഗ് കഴിഞ്ഞപ്പോൾ താമസിച്ചിട്ടുണ്ടാവും….. ബസ് കിട്ടാൻ ലേറ്റ് ആയിക്കാണും… അങ്ങനെ വല്ലതും ആയിരിക്കും….. ആൽവിൻ അവളെ സമാധാനിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും അവനും ഒരു നേരിയ ഭയം തോന്നിയിരുന്നു….. അപ്പോഴേക്കും അവർക്കരികിൽ നിന്ന് കുറച്ചു മാറി ഒരു കാർ കൊണ്ടുവന്നു നിർത്തിയിരുന്നു…..

അതിൽനിന്നും ലിൻസി ഇറങ്ങി….. ഇറങ്ങിയതിനു ശേഷം ആണ് അവൾ ജാൻസിയെയും അരികിൽ നിൽക്കുന്ന ആൽവിനെയും കണ്ടത്….. ഡ്രൈവിംഗ് സീറ്റിലിരുന്ന് ആളോട് എന്തോ ചിരിച്ചു സംസാരിച്ചതിന് ശേഷമാണ് ലിൻസി ഇറങ്ങിയത്….. ജാൻസിയെ കണ്ടതും ലിൻസിയിൽ ഒരു ഞെട്ടലുളവാക്കുന്നത് അവർ കണ്ടിരുന്നു…… ദേഷ്യപ്പെട്ട് ലിൻസിയുടെ അരികിലേക്ക് പോകുന്ന ജാൻസിയെ കൈ എടുത്തു ആൽവിൻ വിലക്കി….. ഇപ്പോൾ നീ ദേഷ്യപ്പെട്ട് അവരുടെ അരികിലേക്ക് പോകണ്ട…..

ഇവിടെ നിൽക്ക്…… ഞാൻ ഒന്ന് സംസാരിക്കട്ടെ….. അവളോട് പറഞ്ഞു അവൻ അവർക്ക് അരികിലേക്ക് നടന്നു….. ജാൻസി അവനെ അനുസരിച്ചു…. അവൻ നേരെ ലിൻസി നിൽക്കുന്നിടത്തേക്ക് ചെന്നു….. വല്ലാതെ ഭയന്ന് നിൽക്കുകയാണ് ലിൻസി….. അവിടെ നിന്ന് ചലിക്കാൻ കഴിയുന്നില്ല അവൾക്ക് എന്ന് അവന് മനസ്സിലായിരുന്നു….. പെട്ടെന്നാണ് കാറിൽ ഇരിക്കുന്ന പയ്യന്റെ മുഖത്തെ പരിഭ്രമം അവൻ കണ്ടത്…… അവൻ കൈകൊണ്ട് ഇറങ്ങാൻ കാറിൽ ഇരിക്കുന്ന പയ്യനോട് കാണിച്ചു…. തൊട്ടപ്പുറത്ത് മാറി കിടക്കുന്ന പോലീസ് ജീപ്പ് കണ്ടതും കാര്യം മനസ്സിലായതിനാൽ അവൻ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി വന്നിരുന്നു……

നീ ജോസഫ് സാറിൻറെ മകൻ അല്ലേ……? ആൽവിൻ അവനോടു ചോദിച്ചു…. അപ്പോഴേക്കും ജാൻസി അവിടേക്ക് വന്നിരുന്നു…. അതെ….. സാറെ… അവൻ വിക്കിവിക്കി മറുപടി പറഞ്ഞു….. ഞാൻ ആരാണെന്ന് മനസ്സിലായോ…..? ഈ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അല്ലേ….. എനിക്കറിയാം സാറിനെ…. അവൻ പറഞ്ഞു….. നീയും ഈ കൊച്ചും തമ്മിൽ എന്നാണ് ബന്ധം…. ആൽവിൻ അവളെ നോക്കി അവനോട് ചോദിച്ചു…. അവൻ എന്തുപറയണമെന്നറിയാതെ നിന്നു…… ഞങ്ങൾ തമ്മിൽ ഇഷ്ടത്തില് ആണ്….. പെട്ടെന്ന് ലിൻസി ഇടയ്ക്ക് കയറി പറഞ്ഞു…..

അപ്പോഴേക്കും അവളുടെ നേരെ രൂക്ഷമാകുന്ന ഒരു നോട്ടം മാത്രമായിരുന്നു ജാൻസിയുടെ മറുപടി….. ഈ കൊച്ച് പറഞ്ഞത് ശരിയാണോഡാ…..? ആൽവിൻ അവനോടു ചോദിച്ചപ്പോൾ അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ടു….. അപ്പൊ മൗനം സമ്മതം എന്ന് കരുതാം അല്ലേ….. ഏതായാലും നീ കേറ് ജോസഫ് സാറിനെ എനിക്കറിയാം….. ഇപ്പോൾ തന്നെ കെട്ടു കല്യാണം ഉറപ്പിചേക്കാം….. ആൽവിൻ പറഞ്ഞപ്പോഴേക്കും അവൻറെ മുഖത്ത് പരിഭ്രമം തീര തല്ലുന്നത് കാണുന്നുണ്ടായിരുന്നു….. അയ്യോ സാറെ ചതിക്കല്ലേ….. അപ്പച്ചൻ അറിഞ്ഞാൽ എന്നെ കൊല്ലും…. ഇഷ്ടത്തിൽ ഒന്നുമല്ല…..

ഒരു തമാശയ്ക്ക്….. അത് പറഞ്ഞപ്പോഴേക്കും ആൽവിയുടെ കൈ ബോബിയുടെ കരണത്തിൽ പതിഞ്ഞിരുന്നു…. പ്ഫ…..# മോനേ….. പാവംപിടിച്ച വീട്ടിലെ പെൺപിള്ളേരെ കാറിൽ കയറി ചുറ്റി അസമയത്തെ തിരിച്ചുകൊണ്ടുവന്നു കോളേജിൽ വിടുന്നതാണ് അല്ലേടാ പട്ടി നിൻറെ തമാശ…… കഴിഞ്ഞ ആഴ്ചയിൽ നിന്നെ കോൺസ്റ്റബിൾ അജയൻ ഒരു പെണ്ണിന്റെ കൂടെ പാർക്കിൽ വച്ചു രാത്രി പിടിച്ചതല്ലെടാ…… സാറേ ഒരു തമാശക്ക് തുടങ്ങിയതാ.. ഇവളെ കല്യാണം കഴിക്കാൻ വേണ്ടി ഒന്നുമായിരുന്നില്ല…… ഇനി ആവർത്തിക്കില്ല….. . അവൻ അത് പറഞ്ഞതും ലിൻസിയുടെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്ന് വീഴാൻ തുടങ്ങിയിരുന്നു…..

ജാൻസി അവളെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തു….. ഇനി ഒരിക്കലും എൻറെ ഭാഗത്തുനിന്ന് ഒരു ശല്യവും ഉണ്ടാവില്ല സാറേ…. ഇപ്രാവശ്യത്തേക്ക് മാപ്പാക്കണം……. അവൻ തൊഴുതുകൊണ്ട് പറഞ്ഞു…… ഈ ഒറ്റ പ്രാവശ്യം ഞാൻ നിന്നെ വിട്ടിരിക്കുകയാണ്….. നിന്നെ ഓർത്തല്ല ഈ പെങ്കൊച്ചിന്റെ ഭാവി ഓർത്തു…… ഇനി ഇങ്ങനെ എന്തെങ്കിലും ഞാൻ അറിഞ്ഞാല്….. നേരെ ഞാൻ വരുന്നത് നിൻറെ വീട്ടിലേക്ക് ആയിരിക്കും….. പപ്പയെ കാണാൻ….. നിങ്ങൾ ഇപ്പൊൾ എവിടെ പോയതാ….. സത്യം സത്യമായിട്ട് പറയണം….. ഒരു സിനിമയ്ക്ക് പോയതാ സാറേ…… വേറെ എങ്ങും പോയതല്ല……

അല്ലെങ്കിൽ ആ കൊച്ചിനോട് ചോദിച്ചുനോക്കൂ….. ഉം…… നീ പൊക്കോ…. ആൽവിൻ അത് പറഞ്ഞതും അവൻ ജീവൻ രക്ഷപ്പെട്ടത് പോലെ ലിൻസിയെ പോലും ഒന്ന് നോക്കാതെ കാറുമായി പോകുന്നത് കണ്ടു…… കരഞ്ഞുകൊണ്ട് നിൽക്കുന്ന ലിൻസിയുടെ അടുത്തേക്ക് ചെന്ന് ആൽവിൻ പറഞ്ഞു….. മോളെ….. നിങ്ങൾ വേണം നിങ്ങളെ സൂക്ഷിക്കാൻ…… വഴിതെറ്റിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും….. കോളേജിലേക്ക് എന്നും പറഞ്ഞു വിടുമ്പോൾ വീട്ടുകാരുടെ മനസ്സിൽ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ ഉണ്ടെന്ന് താൻ ചിന്തിക്കണമായിരുന്നു….. ഒരിക്കലും ഞാൻ കുറ്റം പറയുന്നതല്ല…..

നമ്മുടെ സാഹചര്യം നമ്മൾ ഓർക്കണം….. മുതലെടുക്കാൻ നൂറ് പേരുണ്ടാകും…. ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ തോന്നും….. പക്ഷേ അതൊക്കെ സത്യസന്ധമായിരിക്കണം എന്ന് ഇല്ല…… മിന്നുന്നത് എല്ലാം പൊന്നല്ല….. അതുകൊണ്ട് തന്നെ എല്ലാം നന്നായി വേണം ആലോചിച്ച് തീരുമാനിക്കാൻ….. നിന്റെ ചേച്ചി ഒരുപാട് കഷ്ടപ്പെട്ട് ആരാന്റെ അടുക്കളയിൽ കിടന്ന് എച്ചിൽപാത്രം കഴുകുന്നത് അവൾക്ക് പഠിക്കാൻ കഴിവ് ഇല്ലാത്തോണ്ട് അല്ല….. നിങ്ങൾക്ക് വേണ്ടി ആണ്….. മോള് ചെന്ന് വണ്ടി കേറ്…… പോലീസ് ജീപ്പിലേക്ക് നോക്കി പറഞ്ഞപ്പോൾ ലിൻസി ഒന്നും മിണ്ടാതെ തല കുമ്പിട്ടു കരച്ചിലോടെ വണ്ടിയുടെ അരികിലേക്ക് നടക്കുന്നുണ്ടായിരുന്നു…… ജാൻസി അപ്പോഴും ഒരു പ്രതിമ കണക്കെ അവിടെ നിൽക്കുകയാണ്……

ശങ്കരേട്ടാ ആ കുട്ടിയെ അവളുടെ വീട്ടിൽ കൊണ്ടുവിടണം….. അഡ്രസ്സ് ഒക്കെ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ…… ഡ്രൈവറോട് പറഞ്ഞതിനുശേഷം ആൽവിൻ തിരിച്ചുവന്നു…. ജീപ്പിലേക്ക് കയറാൻ പോകുന്ന ജാൻസിയുടെ കയ്യിൽ പിടിച്ചു…. എവിടെ പോവാ……? ഇപ്പോ നീ അവളുടെ ഒപ്പം പോകണ്ട….. കുറച്ച് സമയം നിന്നെ ഫെയ്സ് ചെയ്യാൻ അവൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാകും….. കുറച്ചു നേരം ഒറ്റക്ക് വിട് അവളെ….. നിനക്കു പെട്ടെന്ന് വരുന്ന ദേഷ്യത്തിന്റെ പുറത്ത് വഴക്കു പറയുകയോ ഒന്നും അല്ല വേണ്ടത്…, പ്രായത്തിന് പക്വത കുറവ് ആണ്…. എല്ലാവർക്കും നിന്നെപ്പോലെ ഒരു പക്വത ഉണ്ടാവണമെന്നില്ല…….

സ്നേഹപൂർവ്വം ഒരുത്തൻ വന്നപ്പോൾ ഒന്ന് സ്നേഹത്തോടെ ചിരിച്ചു കാണിച്ചപ്പോൾ അവൾ വിശ്വസിച്ചു പോയിട്ടുണ്ടാവും….. അത് യഥാർത്ഥ സ്നേഹം ആണെന്ന്…… ലോകപരിചയം കുറവല്ലേ….. അതുകൊണ്ടാ വഴക്കു പറയേണ്ട….. നീ അവൾ മിസ്സിംഗ്‌ ആണ് എന്ന് പറഞ്ഞാപ്പോൾ തന്നെ ഞാൻ ഊഹിച്ചിരുന്നു ഇങ്ങനെ വല്ലോം ആയിരിക്കും എന്ന് ……. ഒരുപാട് വേദനിക്കുന്നുണ്ടാവും ആ മുഖവും ആ കണ്ണുനീരും അതിൻറെ മറുപടിയാണ്….. കുറ്റബോധം ഉണ്ടാവും…. ശങ്കരേട്ടൻ അവളെ വീട്ടിൽ വീടും…. നീ കേറ് ഞാൻ കൊണ്ടാകാം……. അവൻ അവളോട് പറഞ്ഞിട്ട് ബുള്ളറ്റ് സ്റ്റാർട്ട് ആക്കി……

അവൾ കയറാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൻ ഒന്നു കൂടി അവളെ സൂക്ഷിച്ചുനോക്കി….. പിന്നീട് മറുത്തൊന്നും പറയാതെ അവൾ അവനൊപ്പം ബുള്ളറ്റിലേക്ക് കയറി….. അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു….. അങ്ങോട്ടുള്ള യാത്രയിൽ അധികമൊന്നും രണ്ടാളും സംസാരിച്ചില്ല…… ഇടയ്ക്ക് ഒരു തട്ടുകട കണ്ടതും ആൽവിൻ വണ്ടിനിർത്തി….. അവൾ മറ്റേതോ ലോകത്താണ് എന്ന് അവന് തോന്നിയിരുന്നു…… വണ്ടി നിർത്തിയതും അവൾ ഇറങ്ങി….. ഒന്നും മിണ്ടാതെ അവനും ഇറങ്ങി…. തട്ടുകടയിലേക്ക് ചെന്ന് രണ്ട് കട്ടൻ വാങ്ങി കൊണ്ട് അവളുടെ അരികിലേക്ക് വന്നു…. ഒന്ന് അവൾക്ക് നേരെ നീട്ടി….

അവൾ അവനെ ഒന്ന് നോക്കി അത്‌ വാങ്ങി….. പെട്ടന്നാണ് അവിടെയിരുന്ന ടേപ്പിറിക്കോർഡറിൽ നിന്നും ഒരു ഗാനം ഒഴുകി വന്നത്….. 🎵 ചന്ദ്രലേഖ എന്തേ നിന്നിൽ വാടി നിൽപ്പത് ഇനിയും….. മൗന രേഖ എന്തേ നിന്നിൽ മൂടി നിൽപ്പത് ഇനിയും….. നിൻ വസന്തം ഉണരാൻ ഇനിയും എന്ത് നൽകുമീ ഞാൻ….🎵 അറിയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി….. അപ്പോഴാണ് അവളുടെ കവിളിൽ നിന്നും കണ്ണുനീർ തോരാതെ പെയ്യുന്നത് അവൻ കണ്ടത്….. “ഹേയ് ….. അവൻ ആർദ്രമായി അവളുടെ താടിയിൽ പിടിച്ചു….. അവൻ അവളുടെ കയ്യിൽ പിടിച്ച് അല്പം നീക്കി നിർത്തി….. കുറച്ചു നേരം രണ്ടുപേർക്കുമിടയിൽ മൗനം തളം കെട്ടി….. ഇത്രേ ഉള്ളോ നീ….. ഞാൻ കരുതി നീ ഒരു ധൈര്യശാലി ആണ് എന്ന്……

ഈ കരയുന്ന മുഖം നിനക്ക് ഒട്ടും ചേരില്ല……. മറ്റെവിടെയോ നോക്കി കട്ടൻ ഒന്നു സിപ്പ് ചെയ്തു കൊണ്ട് അവൻ പറഞ്ഞു….. കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല….. പിന്നീട് പറഞ്ഞു തുടങ്ങി…… ഞാൻ പ്ലസ്ടുവിന് പഠിച്ചുകഴിഞ്ഞു നിൽക്കുമ്പോൾ ആണ് അപ്പച്ചനും അമ്മച്ചിയും മരിക്കുന്നത്….. ആ സമയത്ത് അപ്പച്ചനും അമ്മച്ചിയും എൻറെ അഡ്മിഷൻ കാര്യത്തിനുവേണ്ടി ആയിരുന്നു പോയത്….. തിരിച്ചു വന്നപ്പോൾ അടിവാരത്ത് വെച്ച് അപകടം നടന്നത്….. കോളേജിൽ പോയി പഠിക്കുന്നതും വലിയ ജോലി വാങ്ങുന്നതും ഒക്കെ സ്വപ്നം കണ്ടിരിക്കുന്ന എൻറെ കാതിലേക്ക് അവരുടെ മരണവാർത്തയാണ് എത്തിയത്….

ആദ്യം കേട്ട കാര്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും അടിവാരത്തെക്ക് ചെല്ലുമ്പോൾ എല്ലാം സത്യം ആയിരുന്നു എന്ന് മനസ്സിലായി….. പൊതിഞ്ഞുകെട്ടിയ രണ്ട് മാംസക്കഷണങ്ങൾ മാത്രമാണ് കിട്ടിയത്…… ഒന്ന് കാണാൻ പോലും ഉണ്ടായിരുന്നില്ല….. അന്നിവർ ഒക്കെ ഇതിലും കുഞ്ഞുങ്ങളാണ്…… വിഷമം എന്ന് പറഞ്ഞ കാര്യം പോലും എങ്ങനെ പ്രകടിപ്പിക്കണം എന്ന് അന്ന് എനിക്ക് അറിയില്ല….. ആരുമുണ്ടായിരുന്നില്ല ഒന്ന് താങ്ങാൻ….. ചേർത്ത് പിടിക്കാൻ….. ആരോട് പറയും….. ആരെ വിശ്വസിക്കും….. ഒന്നും അറിയില്ലായിരുന്നു…. അന്ന് കൈപിടിച്ച് കൂടെ നിർത്തിയത് ബെന്നിയുടെ അപ്പച്ചൻ ആയിരുന്നു…..

അപ്പച്ചനോട് എല്ലാ വിഷമങ്ങളും പറയും…… അപ്പച്ചൻ ചെറുതായിട്ടൊക്കേ സഹായിക്കുമായിരുന്നു….. പക്ഷേ നാട്ടുകാർ അതിനു മറ്റൊരു പേര് നൽകാൻ തുടങ്ങി….. മൂന്ന് പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ എന്നെയും എൻറെ സഹോദരങ്ങളെ മറ്റു രീതിയിൽ കണ്ടുകൊണ്ടാണ് അപ്പച്ചൻ വരുന്നതെന്നും പോകുന്നതെന്നും ഒക്കെ….. എന്റെ മനസ്സിനെ അത് വല്ലാതെ തളർത്തി…… അതു മനസ്സിലാക്കി ഞാൻ തന്നെ അപ്പച്ചന്റെ സഹായങ്ങൾ വാങ്ങാതെ ആയി….. വഴിയിൽ കൂടെ പോയവർ പലരും മോശം കണ്ണോടെ നോക്കി….. ഒരു പാവം പെണ്ണിന്റെ അനാഥത്വം മുതലെടുക്കാൻ നോക്കി…..

മുഖത്തുനോക്കി മാനത്തിനു വില ഇട്ടവർ പോലും ഈ നാട്ടിലുണ്ട്….. ഒരു ദിവസം കൂടെ വരുകയാണെങ്കിൽ വീട്ടിലെ പട്ടിണി മാറ്റി തരാം എന്ന് പറഞ്ഞ് പ്രമുഖ മുതലാളിമാർ ഉണ്ട്…… അപ്പോഴൊക്കെ തളർന്നു പോയിട്ടുണ്ട് ഞാൻ…… ഒരു 17 വയസുകാരിക്ക് എന്ത് ചെയ്യാൻ കഴിയും….. അപ്പച്ചന്റെയും അമ്മച്ചിയുടെയും അഭാവം നൽകുന്ന ഭീകരത മനസ്സിലാക്കി….. ആൻസിയും സേവ്യർ വീട്ടിലേക്ക് വന്നപ്പോഴായിരുന്നു എൻറെ ജീവിതം മാറി പോയത്….. ഒരിക്കൽ കൂളി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ സേവ്യർ എന്നെ കടന്നുപിടിച്ചു….. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല….. ഒരുപാട് വട്ടം പിന്തിരിയാൻ ശ്രമിച്ചെങ്കിലും അയാൾ മുറുക്കി പിടിച്ചു …. അയാളുടെ ശക്തി ഉപയോഗിച്ച് എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു…..

ഒടുവിൽ കയ്യിൽ കിട്ടിയ ഒരു കത്രിക ഉപയോഗിച്ച് അയാളുടെ പുറത്ത് നന്നായൊന്നു കുത്തി….. കുറച്ചാണെങ്കിലും രക്തം പൊടിഞ്ഞപ്പോൾ അയാൾ മാറി….. പിന്നെ കയ്യിൽ കിട്ടിയ എന്തൊക്കെ ഉപയോഗിച്ചയാളെ പ്രഹരിച്ചു…… അതിനുശേഷം അയാൾക്ക് എന്നെ ചെറിയ പേടി ഉണ്ടായിരുന്നു…… അതോടെ എനിക്ക് മനസ്സിലായി തളർന്നിരുന്നാൽ അതിനു മാത്രമേ കഴിയൂ എന്ന്….. പ്രതികരിക്കാൻ കഴിയുന്നു എന്ന് മനസ്സിലാക്കിയാൽ പിന്നീട് അവിടെ ഒരു ഭയം ഉണ്ടാകുമെന്ന്…… അതായിരുന്നു ആദ്യത്തെ പ്രചോദനം….. അവിടെ മുതലാണ് ഈ ജീവിതം തുടങ്ങുന്നത്……

ഞാൻ പ്രതികരിക്കും എന്ന് മനസ്സിലായതോടെ ആളുകൾ ഭയത്തോടെ നോക്കാൻ തുടങ്ങി….. എന്തെങ്കിലും പറഞ്ഞാൽ അതിന് തക്ക മറുപടി കിട്ടുമെന്ന് മനസ്സിലാക്കിയതോടെ അവരും ഉദ്യമങ്ങൾ വേണ്ടെന്നു വയ്ക്കാൻ തുടങ്ങി….. അല്ലെങ്കിലും ഏത് പോരാളിക്ക് പിന്നിലും അവരെ ശക്തമാക്കുന്ന ഒരു വേദന ഉണ്ടാകുമല്ലോ…… ഏതൊരു വിജയിക്ക് പിന്നിലും ഒരുപാട് തിക്താനുഭവങ്ങൾ സഹിച്ച ഒരു പരാജയി ഉണ്ടായിരിക്കും…… പെണ്ണ് പ്രതികരിച്ചാൽ ആണ് പൊടിക്ക് പേടിക്കും എന്ന് എനിക്ക് മനസ്സിലായി….. “എല്ലാം അവസാനിച്ചു എന്ന് മനസിലാകുമ്പോൾ തനിക്ക് വേണ്ടി പോരാടാൻ താൻ മാത്രമേ ഉള്ളു എന്ന് മനസിലാകുമ്പോൾ മാത്രം ലഭിക്കുന്ന ഒരു ധൈര്യം ഉണ്ട് ഓരോ പെണ്ണിന്റെയും ഉള്ളിൽ…..

അത്‌ ഒരു പുതിയ തുടക്കത്തിനു ഉള്ള മുന്നൊരുക്കം ആണ്….. തളർന്നു വീഴും എന്ന് അറിയാമെങ്കിലും ഉയർത്തു എഴുന്നേറ്റില്ല എങ്കിൽ നിലനിൽപ്പില്ല എന്ന് മനസിലായി സ്വയംപ്രാപ്തി നേടുന്നത് അപ്പോൾ ആണ്……” വഴിമുടക്കി നിൽക്കുന്ന വേദനകളെ വാശിയോടെ നേരിടണം…… അന്നുമുതൽ ഇന്നുവരെ എൻറെ അനിയത്തിമാരെ പൊതിഞ്ഞു പിടിച്ചാണ് ഞാൻ ജീവിക്കുന്നത്….. ഞാൻ ഉള്ളപ്പോൾ ഒരു പരുന്തും അവരെ റാഞ്ചൻ വരില്ലെന്ന് വിശ്വാസത്തിലായിരുന്നു….. അവർക്ക് വേണ്ടി ഞാൻ സ്വയം ഇല്ലാതാവുകയായിരുന്നു…. ഒന്ന് അഴുകിയാൽ ഒന്നിന് വളമാകും എന്നു പറയുന്നതുപോലെ….

ഞാൻ എന്നെ പൂർണ്ണമായി ഇല്ലാതാക്കി അവർക്ക് വേണ്ടി ജീവിക്കുകയായിരുന്നു….. പക്ഷേ എൻറെ കഷ്ടപ്പാട് വെറുതെയായല്ലോ എന്ന് ഓർക്കുമ്പോൾ…… അറിയാതെയാണെങ്കിലും എൻറെ ശരീരത്തിൽ ആദ്യമായി തൊട്ട പുരുഷൻ നിങ്ങൾ മാത്രമാണ്….. മനസ്സ് അറിഞ്ഞ് ഞാൻ ഇഷ്ട്ടപെട്ടത് നിങ്ങളെ മാത്രം ആണ്….. അപ്പോൾ മുതൽ എനിക്ക് പേടിയാണ് എന്റെ മനസ്സ് കൈവിട്ടു പോകുമോന്നു ….. നിങ്ങളെ ഞാൻ സ്നേഹിച്ചു പോകുമോന്നു….. അവർക്ക് വേണ്ടി മനസ്സിൽ മൊട്ടിട്ട ആ ഇഷ്ടവും ഞാൻ നുള്ളി എറിഞ്ഞു….. എന്നിട്ടും അവൾ എന്നെ പറ്റിച്ചല്ലോ….. അത്രയും പറഞ്ഞപ്പോൾ അവൾ കരഞ്ഞു പോയിരുന്നു….. കുറച്ചു നേരം ആൽവി അവളെ തന്നെ നോക്കി നിന്നു…….

ശേഷം നിൽക്കുന്നത് തട്ടുകടയിൽ ആണെന്ന് പോലും ഓർക്കാതെ അവളെ ചേർത്ത് തന്റെ നെഞ്ചോട് പിടിച്ചു……. എനിക്ക് വേണം…. എനിക്ക് വേണം നിന്റെ ഈ വിഷമങ്ങൾ അടക്കം നിന്നെ….. എന്റെ സ്വന്തം ആയി…. അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി അവൻ പറഞ്ഞു…. അവൾ അത്ഭുതത്തോടെ അവനെ നോക്കി… ആ നിമിഷം അവന്റെ മിഴികളും നനഞ്ഞു ഇരുന്നു…… അവൻ കണ്ണുകൾ ഇറുക്കി അടച്ചപ്പോൾ അവൾക്ക് മനസിലായി….. ഇനി തന്നെ കുറിച്ച് ഒന്നും അറിയാൻ അവൻ ആഗ്രഹിക്കുന്നില്ല എന്ന്….. ചുമ്മാ നിൻറെ ശരീരം മോഹിച്ചാണ് ഞാൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത് നിനക്ക് തോന്നുന്നുണ്ടോ……?

ശരിക്കും എൻറെ മനസ്സിൽ കയറിയിട്ട് തന്നെ ആണ്….. ഇനി എന്നിൽ നിന്ന് കുതറി മാറാൻ ഞാൻ നിന്നെ സമ്മതിക്കില്ല…. ഇഷ്ടമാ എനിക്ക് നിന്നെ….. ഒത്തിരി ഇഷ്ടമാണ്….. നിൻറെ എല്ലാ വിഷമങ്ങളും അടക്കം എനിക്ക് നിന്നെ ഇഷ്ടമാ….. ആത്മാഭിമാനവും സ്നേഹബന്ധങ്ങൾക്ക് വിലയും നൽകുന്ന പെണ്ണാണ് നീ…. ഭാഗ്യമാണ് നിന്നെ കിട്ടിയാൽ എനിക്ക്….. നിന്നെ പോലെ ഒരു പെണ്ണിനെ സ്വന്തം ആകാൻ ഏത് പുരുഷനും ആഗ്രഹിച്ചു പോകും ….. നിന്റെ എല്ലാ വേദനകളും അടക്കം ഞാൻ എടുക്കുവാ നിന്നെ….. എടുത്തോട്ടെ ഞാൻ……? അവൾ ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി…..

അപ്പോൾ അവളുടെ കണ്ണുകളിൽ രണ്ടു തുള്ളി കണ്ണുനീർ ഉണ്ടായിരുന്നു.. അവൻ അവളെ ഒരിക്കൽ കൂടി തന്നോട് ചേർത്ത് കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു….. അവൾ പോലും അറിയാതെ എപ്പോഴോ അവളുടെ കൈകളും അവനെ ചുറ്റി പിടിച്ചിരുന്നു…. അവൻ അവളുടെ കണ്ണുനീർ വിരലാൽ ഒപ്പിയെടുത്തു….. ഒരു പ്രാവിനെ പോലെ അവന്റെ നെഞ്ചിൽ അവൾ കുറുകി നിന്നു…. അവളിൽ ഒരു പ്രണയവസന്തം വിടർത്താൻ അവന്റെ ഉള്ളം ഒരുങ്ങി കഴിഞ്ഞിരുന്നു…. അവന്റെ മിഴികളിൽ അപ്പോൾ പ്രണയത്തിനും അപ്പുറം ഒരു കരുതൽ ആയിരുന്നു….. അവന്റെ കണ്ണിൽ നിന്നും അവൾക്കായി പൊടിഞ്ഞ കണ്ണുനീർ മാത്രം മതിയാരുന്നു അവന് അവൾ എത്ര പ്രിയപ്പെട്ടത് ആണ് എന്ന് മനസിലാക്കാൻ….. (തുടരും )

പ്രണയവസന്തം : ഭാഗം 16

Share this story