ഹരി ചന്ദനം: ഭാഗം 43

ഹരി ചന്ദനം: ഭാഗം 43

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ബാംഗ്ലൂർ നഗരത്തിന്റെ അധികം ആൾ താമസമില്ലാത്ത ഭാഗത്ത് കാടുപിടിച്ചു കിടക്കുന്ന ഒരൊഴിഞ്ഞ കെട്ടിടത്തിലേക്കാണ് അലെക്സിയെ H.P കൊണ്ടു വന്നത്.അയാളുടെ മുഖത്തെ മറ നീക്കി ബോധം വരാനായി ഇത്തിരി കാത്തിരിക്കേണ്ടി വന്നു.തലയ്ക്കേറ്റ മുറിവിൽ നിന്നും രക്തതുള്ളികൾ അയാളുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.അല്പം കാത്തിരുന്നു ക്ഷമ നശിച്ചപ്പോൾ കയ്യിൽ കരുതിയിരുന്ന മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്നു വെള്ളം അപ്പാടെ അയാളുടെ മുഖത്തേക്ക് ശക്തിയായി ഒഴിച്ചു.ചെറിയൊരു ഞരക്കത്തോടെ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. “ഗുഡ് മോർണിംഗ് മിസ്റ്റർ അൽഫോൺസ്….ഹൗ ർ യു….”

ശബ്ദം കേട്ടിടത്തേക്ക് പകച്ചു നോക്കുന്ന അയാളെ കണ്ടപ്പോൾ തന്നെ ശെരിക്കു കാണാവുന്ന വിധം മുൻപിലേക്ക് വന്ന് മുട്ട് കുത്തിയിരുന്നുകൊടുത്തു.തന്റെ മുഖത്തേക്ക് നോക്കുന്ന അയാളുടെ കണ്ണുകളിൽ ഭയം നിറയുന്നത് കാൺകെ H.P യുടെ മുഖം വികസിച്ചു. “എന്താ…. തനിക്കെന്നെ മനസ്സിലായില്ലേ? സൂക്ഷിച്ചു നോക്ക്… ” H.P യുടെ മുഖത്തേക്ക് ഒരു നിമിഷം ഉറ്റു നോക്കിയ ശേഷം ബന്ധിച്ച കൈകളും കാലുകളും നിലത്തുരസി അയാൾ മോചിതനാവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. “ആഹ്…. അടങ്ങി കിടക്കെടോ…. എത്ര പിടച്ചാലും താൻ രക്ഷപെടാൻ പോവുന്നില്ല.താൻ എന്താ കരുതിയത് ഒരിക്കലും ഞാൻ തന്നെ കണ്ടു പിടിക്കില്ലെന്നോ?

ശെരിയാ ചെറുപ്പത്തിലെപ്പോഴോ ഈ മുഖം കണ്ട ഓർമകളൊക്കെ മാഞ്ഞു പോയിരിക്കുന്നു.അല്ലെങ്കിലും തന്റെ മരിച്ചു പോയ സഹോദരൻ ഓർക്കാൻ മാത്രം വേറെ നല്ല ഓർമ്മകൾ എനിക്ക് തന്നിട്ടുണ്ടല്ലോ….എന്നിട്ടും പക തീരാതെ വന്നേക്കുന്നു എന്റെ അനിയത്തിയെ വച്ചു പകരം വീട്ടാൻ… ” H.P യ്ക്കു നേരെ നിഷേധ ഭാവത്തിൽ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വായ ബന്ധനത്തിലായതിനാൽ അയാൾ നിസ്സഹായനായിരുന്നു…കുതറാൻ ശ്രമിക്കുന്നതിനൊപ്പം പകയോടെ തുറിച്ചു നോക്കുന്ന അയാളുടെ കണ്ണുകൾ H.P യുടെ ദേഷ്യം ഒന്ന് കൂടി വർധിപ്പിച്ചു.അയാളുടെ അടുക്കൽ നിന്നും എഴുന്നേറ്റ് ഒരറ്റത്തായി കരുതി വച്ച ഇരുമ്പ് വടി കയ്യിലെടുത്തു ചുഴറ്റിക്കൊണ്ട് പതിയെ അയാൾക്ക് നേരെ നടന്നടുത്തു.

H.P യുടെ നീക്കം മനസ്സിലായെന്ന പോലെ അയാൾ പുറകിലേക്ക് നിരങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല.അയാളുടെ കാലുകളിൽ ഊക്കോടെ ആദ്യത്തെ പ്രഹരം ഏൽക്കുമ്പോൾ ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിയാതെ അയാൾ നിലത്തുരുണ്ട് പുളയുകയായിരുന്നു. “ഇതെന്തിനാണെന്നു അറിയുവോ സന്തോഷത്തോടെ ജീവിച്ചിരുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് കരിനിഴലായി വന്നതിനു. ” അത്രയും പറഞ്ഞു തീരുമ്പോളേക്കും അടുത്ത അടി ഊക്കോടെ വീണിരുന്നു… “ഇത് ദിയയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു എന്റെ അനിയന്റെ ജീവിതം ഇരുട്ടിലാക്കിയതിന്. ” അടുത്ത അടി കൊടുത്തപ്പോഴേക്കും വേദന കൊണ്ടു അലക്സി തളർന്നിരുന്നു…

“ഇത് എന്റെ നിഴലുപോലെ പിന്തുടർന്ന് ഓഫിസ് ഉൾപ്പെടെ എന്നെ ബന്ധിപ്പിക്കുന്ന എല്ലാവരിലേക്കും എന്റെ ഭാര്യയെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു പരത്തിയതിനു.പക്ഷെ ഇതിലെല്ലാം ഉപരി ഏറ്റവും വലിയ നഷ്ടം അടുത്തതായിരുന്നു…. എന്റെ അമ്മ….നിങ്ങളുടെ കുതന്ത്രങ്ങൾക്കിടയിൽ സമാദാനം നഷ്ടപ്പെട്ടു നെഞ്ചു പൊട്ടി മരിച്ച എന്റെ പാവം അമ്മ…. ” അത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകളിൽ തങ്ങി നിൽക്കുന്ന കണ്ണുനീർ തുള്ളിയെ അയാൾ കണ്ണുകൾ ഇറുകെയടച്ചു സ്വൊതന്ത്രമാക്കി വിട്ടു.ഒരു നിമിഷം കഴിഞ്ഞു പകയാളുന്ന കണ്ണുകളോടെ അലെക്സിയെ തലങ്ങും വിലങ്ങും പ്രഹരിക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവരുടെ മുഖം മാത്രമായിരുന്നു H.P യുടെ മനസ്സിൽ.

ഒരു ഭ്രാന്തനെ പോലെ അയാളെ തല്ലിക്കൊണ്ടിരുന്നപ്പോളാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.ഒരു ദീർഘ ശ്വാസം വിട്ടു ദേഷ്യം നിയന്ത്രിച്ച ശേഷം വലിയൊരു ശബ്ദത്തോടെ കയ്യിലിരുന്ന വടി താഴേക്കെറിഞ്ഞു.ഫോണിന്റെ സ്‌ക്രീനിൽ കിച്ചുവിന്റെ മുഖം തെളിഞ്ഞപ്പോൾ ഒട്ടൊരു സംശയത്തോടെയാണ് ഫോണെടുത്തത്.മറുപുറത്ത് നിന്ന് കിച്ചുവിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ എന്തോ പന്തികേടുള്ളത് പോലെ തോന്നി…. “ഹലോ ഏട്ടാ ” “എന്താ കിച്ചു….? ” “ഏട്ടാ…. ദിയ….അവൾക്കു നമ്മളോടൊക്കെയുള്ള വെറുപ്പിന്റെ കാരണം ഞാൻ കണ്ടു പിടിച്ചു…. ”

“എ… എന്താ നീ പറഞ്ഞു വരുന്നത്? ” “അതേ ഏട്ടാ… എല്ലാത്തിനും പിന്നിൽ അവരാ അവളുടെ അച്ഛന്റെ വീട്ടുകാർ….” “നീയിതൊക്കെ എങ്ങനെ അറിഞ്ഞു? ” അതിനു മറുപടിയായി ദിയയെ കാണാതായതും, കേസ് കൊടുത്തതും, അർജുന്റെ ഫോട്ടോ എടുക്കാൻ നാട്ടിൽ ചെന്നതും, പോലീസ് സ്റ്റേഷനിൽ നിന്ന് അർജുൻ എന്ന ക്രിസ്റ്റിയെ കുറിച്ചുള്ള ഒറിജിനൽ ഡീറ്റെയിൽസ് വിളിച്ചറിയിച്ചതും കിച്ചു H.P യോട് തുറന്ന് പറഞ്ഞു.അപ്പോഴെല്ലാം പാതി ബോധത്തിൽ നിലത്തു കിടന്നു ഞരങ്ങുന്ന അലെക്സിയിലായിരുന്നു H.P യുടെ കണ്ണുകൾ. “അതേ ഏട്ടാ എല്ലാത്തിനും പിന്നിൽ അവരായിരുന്നു അൽഫോൺസും മകൻ ക്രിസ്റ്റിയും.പക്ഷെ ദിയ അവളെ അവർ എന്തെങ്കിലും? ”

“ഏയ് ഇല്ലെടാ നമുക്ക് അവളെ അന്വേഷിച്ചു കണ്ടു പിടിക്കാം.നീ എത്രയും പെട്ടന്ന് തിരിക്കാൻ നോക്ക്… ” കാൾ കട്ട്‌ ചെയ്തപ്പോൾ വൈകിയാണെങ്കിലും കിച്ചുവും സത്യങ്ങളിലേക്കു എത്തുന്നു എന്ന തിരിച്ചറിവ് അയാൾക്കുണ്ടായി.അവൻ പ്രശ്നങ്ങളിൽ തലയിടുന്നതിനു മുൻപ് എല്ലാ കണക്കുകളും ഒറ്റയ്ക്ക് തീർക്കണമെന്ന് കണക്ക് കൂട്ടുകയായിരുന്നു H.P.തിരികെ അലക്സിയുടെ അടുത്തേക്ക് നടന്നു വന്ന് വായയുടെ ബന്ധനം പതിയെ നീക്കി. “വെ….. വെ……ള്ളം “എന്ന് ഒരു നേർത്ത ശബ്ദം മാത്രം അയാളിൽ നിന്നും പുറത്ത് വരുന്നുണ്ടായിരുന്നു.നേരത്തെ അയാളുടെ മുഖത്തൊഴിച്ച കുപ്പിയിൽ അവശേഷിച്ച രണ്ടു തുള്ളി വെള്ളം അയാളുടെ വായിലേക്ക് ഇറ്റിച്ചു കൊടുത്തു.

അത് ഇറക്കാൻ പോലുമുള്ള ശേഷി അയാൾക്ക് നഷ്ടപ്പെട്ടിരുന്നു.പാതിയടഞ്ഞ കണ്ണുകളും ഇടയ്ക്കിടെ അനങ്ങുന്ന ശരീരവും ശ്വാസത്തോടൊപ്പം ഇടയ്ക്കിടെ വരുന്ന നേർത്ത ഞരക്കങ്ങളും മാത്രമായിരുന്നു അയാൾക്ക്‌ ബോധമുണ്ടെന്നുള്ളതിന്റെ ആകെയുള്ള തെളിവ്.H.P മുഖത്ത് തട്ടി വിളിച്ചപ്പോൾ പതിയെ അടഞ്ഞു കൊണ്ടിരുന്ന കൺപോളകൾ അയാൾ ഇത്തിരി കൂടി വലിച്ചു തുറന്നു. “ഇപ്പോൾ എന്ത് തോന്നുന്നു മിസ്റ്റർ അൽഫോൺസ്? ചെയ്ത തെറ്റുകൾക്കുള്ള ചെറിയ കുറ്റബോധം പോലും താങ്കൾക്ക് ഉണ്ടാവില്ലെന്നറിയാം എങ്കിലും വെറുതെ ചോദിച്ചെന്നെ ഉള്ളൂ.എല്ലാം ചെയ്തു കൂട്ടുമ്പോൾ കണക്കു കൂട്ടലുകളൊക്കെ പിഴച്ചു ഇങ്ങനെ കിടക്കുന്നൊരു ദിവസം വരുമെന്ന് ഓർത്തില്ല അല്ലേ? ”

തന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരമുണ്ടാവില്ലെന്നറിയുന്നതു കൊണ്ട് തന്നെ H.P വീണ്ടും പറഞ്ഞു തുടങ്ങി. “അന്ന്… ദിയ എല്ലാം വിളിച്ചു പറഞ്ഞു ഇറങ്ങി പോന്ന അന്നാണ്‌ സത്യത്തിൽ നിങ്ങള്ക്ക് ആദ്യം പിഴച്ചത്.പിന്നെ നിങ്ങൾ എന്റെ കുടുംബത്തെ പറ്റി പ്രചരിപ്പിച്ച നുണക്കഥകൾ അങ്ങനെ അങ്ങനെ മറഞ്ഞിരിക്കുന്നൊരു ശത്രു ഞങ്ങൾക്കുണ്ടെന്നു നിങ്ങൾ തന്നെ അറിയിച്ചു തന്നു.ക്രിസ്റ്റി… അവൻ തന്നെയായിരുന്നു നിങ്ങളിലേക്ക് എത്തിച്ചേരാനുള്ള എന്റെ വഴി.നിങ്ങളെ കണ്ടെത്താനായി മാത്രം ആരോടും പറയാതെ ഒരു ദിവസം ഞാനീ നഗരത്തിൽ വന്നിരുന്നു.അന്നത്തേ പകൽ മുഴുവൻ അലഞ്ഞു തിരിഞ്ഞു അറിയാനുള്ളതൊക്കെ അറിഞ്ഞിട്ടാ ഞാൻ പോയത്.

അന്ന് തീരുമാനിച്ചതാ ഇങ്ങനൊരു കണക്കു തീർക്കൽ.ഒരു നിയമത്തിനും നിങ്ങളെ വിട്ട് കൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു കാരണം പിടിക്കപ്പെടുന്നതിനേക്കാൾ വേഗത്തിൽ നിങ്ങൾ തിരിച്ചു വരുമെന്ന് എനിക്കുറപ്പായിരുന്നു.എനിക്കറിയാം ഞാനും ഒരിക്കൽ പിടിക്കപ്പെടുമെന്നു.ഒരുങ്ങി തന്നെയാ ഈ ഹരി പ്രസാദ് കളത്തിലിറങ്ങിയത്.ഒരിക്കലും തീരാത്ത പകയുടെ കണക്കു പറഞ്ഞു നീയൊന്നും ഒരിക്കലും സ്വൊസ്ഥമായി ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല.അതറിയാവുന്നതു കൊണ്ടാ സ്നേഹിച്ച പലരെയും ആട്ടിയകറ്റി ഞാൻ തന്നെ കണക്ക് തീർക്കാൻ ഇറങ്ങിയത്.

അവരുടെ അഭാവം ഇടയ്ക്കെന്റെ മനസ്സിനെയും താളം തെറ്റിച്ചു.പക്ഷെ കണക്കൊക്കെ ബാക്കി വയ്ക്കാതെ തീർക്കാനുള്ള എന്റെ തീരുമാനമാണ് എനിക്ക് ശക്തി നൽകിയത്.അപ്പോൾ പിന്നെ നമ്മൾ തമ്മിലുള്ള കണക്കു ഇവിടം കൊണ്ടു ഞാൻ ഞാനങ്ങു തീർക്കുവാ… ” അത്രയും പറഞ്ഞു മാറ്റി വയ്ച്ചിരുന്ന ബാഗിൽ നിന്ന് ഒരു സിറിഞ്ചും കുഞ്ഞു കുപ്പിയും പുറത്തെടുത്തു ബോട്ടിലിലുള്ള ദ്രാവകം സിറിഞ്ചിലേക്കു നിറച്ചു.ശേഷം അതുമായി പതിയെ നടന്നു അലെക്സിയുടെ അടുത്തെത്തി. “ഇതേ നിങ്ങൾക്ക് വേണ്ടി ഞാൻ സ്പെഷ്യൽ ആയി വാങ്ങിച്ച മരുന്നാ… ഇത് ശരീരത്തിൽ എത്തിയാൽ പിന്നെ ഒന്നും വേണ്ട തനിക്ക് സ്വൊസ്ഥമായി തളർന്നു കിടന്ന് പുതിയ കണക്ക് കൂട്ടലുകൾ ആലോചിക്കാം…ഇവിടാകുമ്പോൾ അടുത്തെങ്ങും ആരും ഇല്ല ശല്യപ്പെടുത്താൻ.”

അത്രയും പറഞ്ഞു അയാളുടെ കഴുത്തിടുക്കിലേക്കു H.P സൂചിമുന കുത്തിയിറക്കി.അപ്പോൾ അലെക്സിയുടെ തളർന്ന കണ്ണുകളിൽ തെളിഞ്ഞ പിടപ്പ് തന്നെ ധാരാളമായിരുന്നു H.P പറഞ്ഞതൊക്കെ അയാൾ കേട്ടു എന്ന് മനസ്സിലാക്കാൻ…. “ഇത് നമ്മളുടെ അവസാനത്തെ കൂടി കാഴ്ചയാണ്….അതെനിക്കുറപ്പുണ്ട്…. പിന്നെ താൻ തനിച്ചായിപ്പോയെന്നു ഓർത്തു വിഷമിക്കണ്ട രാത്രി വരെ സഹിച്ചാൽ മതി.ഞാൻ പോവുമ്പോൾ ദേ ആ വാതിൽ മലർക്കെ തുറന്നിടും… രാത്രിയിൽ തനിക്ക് കൂട്ടിനു പല വന്യജീവികളും വരും.പിന്നെ താനും ഒരു മൃഗമായതു കൊണ്ടു എന്ത് സംഭവിക്കുമെന്ന് ചിലപ്പോൾ പറയാൻ പറ്റില്ല. ” അത്രയും പറഞ്ഞു അയാളിലെ ബന്ധനങ്ങളൊക്കെ അഴിച്ചുമാറ്റി…

ബാഗിൽ നിന്നൊരു സ്പ്രേ എടുത്തു അവിടമാകെ പൂശി. “ഇത് തത്കാലം എന്നിലേക്ക്‌ ആരും എത്തിപ്പെടാതിരിക്കാൻ.ക്രിസ്റ്റിയുടെ കാര്യത്തിൽ കൂടി ഒരു തീരുമാനമുണ്ടാകുന്നത് വരെ എനിക്ക് രക്ഷപെട്ടേ മതിയാകൂ…അതു കഴിഞ്ഞ് ഞാൻ തന്നെ കീഴടങ്ങും. ” അലെക്സിയെ തിരിഞ്ഞു നോക്കി അത്രയും പറഞ്ഞപ്പോളേക്കും അയാളുടെ കണ്ണുകൾ മുഴുവനായി അടഞ്ഞു പോയിരുന്നു.അയാളിൽ മരുന്ന് പ്രവർത്തിച്ചു തുടങ്ങിയെന്നു മനസിലായപ്പോൾ വല്ലാത്തൊരു സന്തോഷം തന്നെ വന്ന് മൂടുന്നത് H.P അറിഞ്ഞു.തെളിവുകൾ ഒന്നും അവശേഷിപ്പില്ലെന്നു ഉറപ്പ് വരുത്തി വാതിൽ മലക്കെ തുറന്നിട്ട് ഒരു കടമ്പ ഭംഗിയായി പൂർത്തിയാക്കിയ സന്തോഷത്തിൽ H.P തിരിച്ചു…. *

താൻ രാത്രി തന്നെ പണിയേൽപ്പിച്ചിട്ടും അലെക്സിയെ കണ്ടുകിട്ടിയില്ലെന്നറിഞ്ഞ വേവലാതിയിൽ വീടിന്റെ ടെറസിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു അൽഫോൺസ് വണ്ടി വഴിയിൽ നിന്ന് കണ്ടെടുത്തെങ്കിലും അലെക്സിയെക്കുറിച്ചു ഒരു വിവരവുമില്ലെന്നത് അയാൾക്ക്‌ ആശങ്ക തന്നെയായിരുന്നു.അലക്സി ഏതെങ്കിലും വിധേന രക്ഷപ്പെട്ടു തിരിച്ചു വരുമോ എന്ന സംശയം ആയാൾക്കുണ്ടായിരുന്നു.എത്രയൊക്കെ കുടിച്ചിട്ടും മദ്യം ശരീരത്തിൽ ഏൽക്കുന്നില്ലെന്നു അയാൾക്ക്‌ തോന്നി.അയാൾ പറഞ്ഞത് പ്രകാരം വീട്ടിലൊരുക്കിയ മിനിബാർ സെക്ഷനിൽ നിന്ന് അയാൾക്കുള്ള അടുത്ത കുപ്പി മദ്യവുമായി ആനി കടന്നു വരുമ്പോളാണ് അയാളുടെ ഫോൺ റിങ് ചെയ്തത്.

കാൾ എടുത്ത് സംസാരിച്ചതും അതുവരെയുണ്ടായിരുന്ന കെട്ടു കൂടി ഇറങ്ങി പോവുന്നതായി അയാൾക്ക്‌ തോന്നി. “സത്യമാണോടാ ഉവ്വെ….ക്രിസ്റ്റി… അവൻ തന്നെയാണോ? ” ആ ചോദ്യം കേട്ടുകൊണ്ടാണ് ആനി അവിടേക്കു കടന്നു വന്നത്.ക്രിസ്റ്റിക്കു എന്തെങ്കിലും അപകടം സംഭവിച്ചോ എന്നൊരു ആധി അവർക്കുണ്ടായി…എന്നാൽ വേറൊന്നും പറയാതെ ഫോൺ കട്ട്‌ ചെയ്ത് ദൃതിയിൽ തന്നെ കടന്നു പോകുന്ന അൽഫോൺസിനെ അവർ തിരിഞ്ഞു നോക്കി.. “ഇ…..ഇച്ചായാ ക്രിസ്റ്റിക്കു എന്താ പറ്റിയത്? ” അവരുടെ പരിഭ്രമത്തോടെയുള്ള ചോദ്യം അൽഫോൺസിനെ ചൊടിപ്പിച്ചു..

അയാൾ തിരികെ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു. “ഓഹോ അപ്പോൾ എല്ലാം ഒളിഞ്ഞു നിന്നു കേൾക്കുവായിരുന്നു അല്ലേ? എങ്കിൽ കേട്ടോ നിന്റെ വളർത്തു പുത്രനില്ലെ അവൻ തീർന്നെന്ന് അതും അവളുടെ കൈകൊണ്ട്… ആ ദിയകൊച്ചിന്റെ…” കേട്ട വാർത്തയുടെ ഷോക്കിൽ അവരുടെ കയ്യിൽ നിന്നും മദ്യക്കുപ്പി താഴെ വീണു ചിന്നിച്ചിതറി….അവർക്കെതിരെ അൽഫോൺസ് വഴക്ക് പറയാൻ മുതിരും മുൻപേ അവർ തളർച്ചയോടെ തിലത്തേക്കൂർന്നു വീണു….. *

കാറിലിരുന്ന് കരഞ്ഞു വിളിക്കുന്ന ആനിയെ കാൺകെ അൽഫോൺസിനു വല്ലാത്ത അരിശം വരുന്നുണ്ടായിരുന്നു അതെല്ലാം അയാൾ ഡ്രൈവിങ്ങിനിടെ വണ്ടിയിൽ തീർത്തു.അയാളുടെ രൂക്ഷ നോട്ടങ്ങൾ തനിക്കു നേരെ നീളുന്നതറിഞ്ഞിട്ടും മകൻ മരിച്ച വേവലാതിയിൽ അവരിലെ ഭയം പാടെ ഇല്ലാതായിരുന്നു.ഹോസ്പിറ്റലിൽ എത്തുമ്പോൾ സ്വൊന്തം ചോരയല്ലെങ്കിൽ കൂടി മകനെ ഒരു നോക്ക് കാണാൻ ആ അമ്മ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു.ക്രിസ്റ്റിയോടൊപ്പം മറ്റൊരുവനെ കൂടി ദിയ തീർത്തിട്ടുണ്ടെന്നു ഹോസ്പിറ്റലിൽ വച്ചാണ് അവർ അറിഞ്ഞത്.മുറിയിൽ മരിച്ചവരോടൊപ്പം ചോര വാർന്നു തളർന്നു ബോധം മറഞ്ഞുകിടക്കുകയായിരുന്ന ദിയയെ കൂടി ആ ഹോസ്പിറ്റലിൽ തന്നെ പോലിസ് നിരീക്ഷണത്തിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു.

മോർച്ചറിയിൽ മകന്റെ മൃതദേഹത്തിനരികെ പൊട്ടികരയുന്ന ആനിയെ പോലീസ് കാൺകെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു തകർത്താടുകയായിരുന്നു അൽഫോൺസ്.പോസ്റ്റ്‌ മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടു കിട്ടാനുള്ള നടപടികളൊക്കെ പൂർത്തിയാക്കി തളർന്നു കരയുന്ന ആനിയെ അയാൾ കാറിൽ കൊണ്ടിരുത്തി.ഇത്തിരി കഴിഞ്ഞ് പതിയെ ദിയയെ കിടത്തിയിരിക്കുന്ന റൂമിന്റെ അടുത്തെത്തി ചില്ലു വാതിലിനുള്ളിലൂടെ ഒന്നെത്തി നോക്കി.ആരാണെന്നു പുറത്തു കാവൽ നിൽക്കുന്ന പോലീസുകാരൻ അന്വേഷിച്ചപ്പോളേക്കും ബന്ധുവാണെന്നു പറഞ്ഞു അവളുടെ അവസ്ഥ അറിയാൻ അയാളൊരു ശ്രമം നടത്തി.ഇടയ്ക്ക് ബോധം വന്നപ്പോൾ നോർമൽ അല്ലാതെ പെരുമാറിയെന്നല്ലാതെ അയാൾക്ക്‌ വേറെ ഒന്നും അറിയാൻ കഴിഞ്ഞില്ല.

അടുത്തതായി ദിയയെ ചികില്സിക്കുന്ന ഡോക്ടറുടെ അടുത്തേക്ക് പോയെങ്കിലും അവിടെ അയാളോടൊപ്പം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ കൂടി ഉണ്ടായിരുന്നത് അയാൾക്ക്‌ തിരിച്ചടിയായി.എത്രയൊക്കെ ചോദിച്ചിട്ടും ആരും ഒന്നും വിട്ടു പറയാതിരുന്നത് താനും സംശയത്തിന്റെ നിഴലിലാണെന്നതിന്റെ തെളിവാണെന്ന് അയാൾക്ക്‌ തോന്നിയിരുന്നു.ക്രിസ്റ്റിയുടെ അടക്കക്രിയകൾക്കു വേണ്ട ഒരുക്കങ്ങൾ ഓരോരുത്തരെയായി വിളിച്ചറിയിക്കുമ്പോളും അയാളുടെ മനസ് പുതിയ കണക്കു കൂട്ടലുകളിൽ തന്നെയായിരുന്നു. *

വീട്ടിൽ തിരിച്ചെത്തിയിട്ടും H.P യുടെ മനസ്സിൽ കഴിഞ്ഞു പോയ നിമിഷങ്ങളായിരുന്നു.മടക്കയാത്രയിൽ തന്നെ ബാഗും മറ്റുസാധനകളും നശിപ്പിച്ചു കളഞ്ഞത് ഒരാശ്വാസമായി അയാൾക്ക്‌ തോന്നി.കിച്ചുവിന്റെ കണ്ണു വെട്ടിച്ചു വളരെ റിസ്ക് എടുത്തായിരുന്നു അയാൾ ഇത്രയും ദിവസം ആ ബാഗ് അവിടെ സൂക്ഷിച്ചത്.ഇടയ്‌ക്കോരോർമയിൽ ഫോണെടുത്ത് പഴയകുടുംബചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ പോലെ തോന്നിയയാൾക്കു.തല വെട്ടിപ്പൊളിയുന്ന പോലെ തോന്നി ഇത്തിരി തണുത്ത വെള്ളത്തിൽ കുളിച്ചിറങ്ങുമ്പോളാണ് പുറത്ത് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.പെട്ടന്ന് തന്നെ പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ പോലീസുകാരെ കണ്ട് H.P പതറി.

“ഡോക്ടർ കൃഷ്ണ പ്രസാദ് ഇവിടല്ലേ താമസം? ” “യെസ് ” “നിങ്ങൾ അയാളുടെ? ” “ബ്രദറാണ്‌ ” “ഓക്കേ… ഇന്നലെ കൃഷ്ണ പ്രസാദ് ഭാര്യയെ കാണാനില്ലെന്ന് സ്റ്റേഷനിൽ ഒരു പരാതി തന്നിരുന്നു.അതിനെ കുറിച്ചു പറയാൻ വന്നതാണ്. കൃഷ്ണ പ്രസാദ് ഇവിടില്ലേ? ” “ഇല്ല… അവൻ നാട്ടിൽ പോയിരിക്കുകയാ… ” “ഓക്കേ അയാളെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല… അയാളുടെ ഭാര്യയെ കണ്ടെത്തിയിട്ടുണ്ട്.ഇപ്പോൾ മെഡികെയർ ഹോസ്പിറ്റലിൽ ഉണ്ട്.ആ കുട്ടിക്കെതിരെ ഇന്നലെ ഒരു റേപ്പ് അറ്റംപ്റ്റ് നടന്നു.അതിനിടയിൽ അവർ രണ്ടു പേരെ കുത്തി കൊന്നിട്ടുണ്ട്… ബാക്കി ഡീറ്റെയിൽസ് ഒക്കെ സർ പറയും.

നിങ്ങൾ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണം. ” “ഒ… ഒക്കെ സർ… ” അയാൾ പറഞ്ഞതൊക്കെ അവിശ്വസനീയമായി തോന്നി H.P യ്ക്ക്.ഒരാളെ കൊല്ലാനുള്ള ധൈര്യമൊക്കെ ദിയയ്ക്ക് ഉണ്ടോ എന്നത് അവിശ്വസനീയമായി തോന്നി.അഴിക്കാൻ ശ്രമിക്കും തോറും കൂടുതൽ കുരുക്കുകൾ മുറുകുകയാണെന്നത് ഒരു ആശങ്കയായി തോന്നി.പോലീസിന് പിറകെ തന്നെ ഹോസ്പിറ്റലിലേക്ക് വച്ചു പിടിക്കുമ്പോൾ കിച്ചുവിനെ വിളിക്കാൻ അയാൾ പല തവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

ഹോസ്പിറ്റലിൽ എത്തി പെട്ടന്ന് കാർ പാർക്ക് ചെയ്തു വരുമ്പോളാണ് ഹോസ്പിറ്റലിൽ നിന്നിറങ്ങി വരുന്ന രൂപം കണ്ട് H.P ഞെട്ടി.അയാളെ തന്നെ സംശയത്തോടെ നോക്കി നിൽക്കുമ്പോളാണ് ഉടനെ കിച്ചു തിരികെ വിളിച്ചത്.പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർക്കുമ്പോളും H.P യുടെ കണ്ണുകൾ തനിക്കു മുൻപിലൂടെ വണ്ടിയോടിച്ചു പോകുന്ന അയാളിൽ തന്നെ തറഞ്ഞു നിന്നു…തുടരും…..

ഹരി ചന്ദനം: ഭാഗം 42

Share this story