നിനക്കായ് : ഭാഗം 32

നിനക്കായ് : ഭാഗം 32

എഴുത്തുകാരി: ഫാത്തിമ അലി

ഷവറിൽ നിന്നും വീഴുന്ന വെള്ളം ശ്രീയുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളിലൂടെ തട്ടി തടഞ്ഞ് മുഖത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു… വെള്ള ചുരിദാർ നനഞ്ഞൊട്ടി ശരീരഭാഗങ്ങൾ തെളിഞ്ഞ് വരാൻ തുടങ്ങി… ശ്രീയുടെ കൺപീലികൾക്ക് മുകളിൽ നിന്ന് താളത്തിൽ ഇറ്റി വീഴുന്ന വെള്ളത്തുള്ളികളെ സാം കൗതുകത്തോടെ നോക്കി…. പതിയെ ഇരു കൺപോളകളിലും ചുണ്ട് ചേർത്ത് നുകരാൻ അവന്റെ മനസ്സ് വല്ലാതെ ദാഹിച്ചിരുന്നു… ശ്വാസഗതിക്കനുസരിച്ച് ചെറുതായി വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്ന മൂക്കിൻ തുമ്പും വിറക്കുന്ന ചുവന്ന അധരങ്ങളും അവനിലെ കാമുകനെ ഉണർത്തി….

സാമിന്റെ കണ്ണുകൾ അവളുടെ നനഞ്ഞ മുഖത്ത് നിന്നും അവളുടെ മേനിയിലേക്ക് പതിയാനൊരുങ്ങിയതും പെട്ടെന്ന് ഓർത്തപോലെ കണ്ണുകൾ ഇറുക്കെ അടച്ച് തല ഒരു സൈഡിലേക്കായി ചെരിച്ച് വെച്ചു… ശ്രീ വെപ്രാളത്തോടെ മാറിന് കുറുകെ കൈകൾ വെച്ച് മറച്ച് കൊണ്ട് ധൃതിയിൽ അവനെ കടന്ന് പോവാനൊരുങ്ങിയതും സാം അവളുടെ കൈയിൽ പിടിച്ച് വെച്ചിരുന്നു…. “വിട്…” ശ്രീ പതർച്ചയോടെ പറഞ്ഞ് കൊണ്ട് അവന്റെ കൈയുടെ പിടി വിടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല…. അവന് നേരെ ശബ്ദം ഉയർത്തണമെന്നുണ്ടെങ്കിലും തൊണ്ടക്കുഴിയിൽ തടഞ്ഞ് നിൽക്കുന്നത് പോലെ…. പേടിയും നിസ്സഹായതയും കാരണം അവളുടെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ ഒഴുകാൻ തുടങ്ങി…

“ദുർഗ…” സാമിന്റെ നിശ്വാസം തന്റെ കാതിന് പിന്നിലായി തട്ടിയതും അവളൊന്ന് കുതറി… “ഈ രൂപത്തിൽ പുറത്തേക്ക് പോവണ്ട….റൂമിൽ ആളുകൾ ഉണ്ട്..” മുന്നോട്ട് കുനിഞ്ഞ് വന്ന് കാതിൽ പതിഞ്ഞ ശബ്ദത്തോടെ പറഞ്ഞതിനോടൊപ്പം സാം അവന്റെ കഴുത്തിലൂടെ ഇട്ടിരുന്ന ടവൽ എടുത്ത് ശ്രീയുടെ ദേഹം മൂടി… “പേടിക്കേണ്ടെടോ….അരുതാത്ത രീതിയിലുള്ള എന്റെ ഒരു നോട്ടം പോലും തന്റെ മേൽ വീണിട്ടില്ല…തനിക്ക് വിശ്വസിക്കാം… പിന്നെ…ഡോർ ലോക്ക് ചെയ്തേക്ക്…” അത്ര മാത്രം പറഞ്ഞ് കൊണ്ട് തിരിഞ്ഞ് നോക്കാതെ സാം വാഷ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി…

അവൻ ഇറങ്ങാൻ കാത്തെന്ന പോലെ ശ്രീ വേഗം ചെന്ന് ഡോർ ലോക്ക് ചെയ്ത് അതിന് ചാരി നിന്ന് കിതപ്പടക്കി.. “ആഹ്…നീ വന്നോ…ഞാനും ഒന്ന് ഫ്രഷ് ആവട്ടേ….” സാം വാഷ് റൂമിൽ നിന്ന് ഇറങ്ങി ഡോർ അടച്ചതും ബെഡിൽ കിടന്ന അവന്റെ കസിൻ എഴുന്നേറ്റ് ഷർട്ട് അഴിക്കാൻ ഒരുങ്ങിയത് കണ്ട് സാം ഒന്ന് പരുങ്ങി… “ടാ..ബാത്ത്റൂമിലെ പൈപ്പ് ബ്ലോക്ക് ആണ്…വെള്ളം വരുന്നില്ല…ഞാൻ ചെന്ന് തിരിച്ചിറങ്ങിയതാണ്….നിങ്ങൾ വന്നേ…നമുക്ക് എന്റെ റൂമിലേക്ക് പോവാം…” “ഹാ…നിങ്ങള് പോയിട്ട് വാ…ഫുഡ് മുഴുവൻ കഴിച്ചിട്ടാണെന്ന് തോന്നുന്നു…എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല…നല്ല ഉറക്കം വരുന്നു….”

കൂടെ ഉള്ളവനിൽ ഒരുത്തൻ ബെഡിൽ വിശാലമായി കിടന്ന് കൊണ്ട് പറഞ്ഞതും സാം ചെന്ന് അവനെ പിടിച്ച് ഉയർത്തി…. “വെറുതേ കിട്ടുന്നതാണെന്ന് കരുതി ആക്രാന്തം കാണിച്ചിട്ടല്ലേ പുല്ലേ…നീ ഈ കിടപ്പ് കിടക്കുന്നത് അന്നമ്മ എങ്ങാനും കണ്ടാ അവള് കൊല്ലും നിന്നെ…അറിയാലോ…മോൻ എഴുന്നേറ്റോ…” “ഇച്ചായാ….” “എഴുന്നേൽക്കെടാ തീറ്റപ്രാന്താ….” ഒരു വിധത്തിൽ സാം അവരെയും വലിച്ച് കൊണ്ട് പുറത്തേക്ക് പോയപ്പോഴാണ് ശ്രീക്ക് ശ്വാസം നേരെ വീണത്…. സമാധാനത്തോടെ കണ്ണുകൾ ഒന്ന് ചിമ്മി അടച്ച ശ്രീ അവളുടെ ദേഹം പൊതിഞ്ഞ് നിർത്തിയിരുന്ന ടവലിന്റെ ഇരു തുമ്പുകളിലും മുറുക്കെ പിടിച്ചു…

സാമിന്റെ പതിഞ്ഞ സ്വരം ചെവിക്കുള്ളിൽ അലയടിച്ചതും അവളുടെ ചൊടിയിലൊരു കുഞ്ഞ് ചിരി പ്രത്യക്ഷപ്പെട്ടുവോ…. ***** അന്നമ്മ താഴേക്ക് ചെന്നതും മറിയാന്റിയും ഫാമിലിയും പോവാനായി ഇറങ്ങിയിരുന്നു… അവൾ ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു… “കർത്താവേ..എന്നതാ മോളേ നിന്റെ കവിള് ചുവന്ന് കിടക്കുന്നേ…?” അന്നമ്മയോട് യാത്ര പറഞ്ഞ മറിയാന്റി ചെറുതായി മായ്ഞ്ഞ് തുടങ്ങിയ അവളുടെ മുഖത്തെ പാട് കണ്ട് വലിയവായിൽ നിലവിളിച്ചതും അന്നമ്മ പെട്ട അവസ്ഥയിൽ ആയി… “എന്റെ ആന്റിയേ ചെറുതായി ഡോറിനൊന്ന് അടിച്ചതാണ്…” വായിൽ വന്നത് തട്ടി വിട്ടെങ്കിലും അവരുടെ മഖം കണ്ടിട്ട് വിശ്വസിച്ചത് പോലെ തോന്നിയില്ല….

“ഒന്ന് പോ കൊച്ചേ…ഇതാരാണ്ടോ അടിച്ചത് പോലെ ഒക്കെ ഉണ്ട്….റീനേ…” ഒന്ന് കൂടെ സൂക്ഷ്മ നിരീക്ഷണം നടത്തി കണ്ട് പിടിച്ചത് ഉമ്മറത്ത് നിൽക്കുന്ന റീനാമ്മയോട് വിളിച്ച് പറയാനൊരുങ്ങിയതും അന്നമ്മ അവരുടെ വാ പൊത്തി വെച്ചു…. “എന്റെ ആന്റീ…ദേ അങ്കിള് കാറിൽ ഇരുന്ന് ഹോൺ അടിക്കുന്നത് കേട്ടില്ലേ…ചെന്നേ…” ഗേറ്റ് കടന്ന് റോഡിന് സൈഡിലായി ഒതുക്കിയിട്ടിരിക്കുന്ന കാറിൽ നിന്നും മറിയയുടെ ഭർത്താവ് അവർ വരുന്നത് കാണാഞ്ഞ് ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു…. “അതിയാൻ അവിടെ നിന്നോട്ടെ..എന്നാലും ഇത് എന്നാ പറ്റിയതാ…റീന കണ്ടില്ലായോ…” മറിയാന്റി വിടാൻ ഒരുക്കമല്ലെന്ന് കണ്ട അന്നമ്മ അവരെ ഒരു വിധത്തിൽ കാറിനടുത്തേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയി.. “കർത്താവേ..അങ്കിളിന് ദേഷ്യം വരുന്നുണ്ട്…ആന്റി വേഗം കയറാൻ നോക്ക്…”

അവര് പോവുന്നതും നോക്കി ആശ്വാസത്തോടെ തിരിഞ്ഞപ്പോഴാണ് തനിക്ക് തൊട്ട് പിന്നിലായി നിൽക്കുന്ന അലക്സിനെ അന്നമ്മ കണ്ടത്… അപ്പോഴേക്കും റീനയും അമ്മച്ചിയും ഒക്കെ ഉമ്മറത്ത് നിന്നും അകത്തേക്ക് കയറി പോയിരുന്നു… അലക്സിന്റെ വേദന നിറഞ്ഞുള്ള നോട്ടം അവളുടെ കവിളിലേക്കാണെന്ന് അറിഞ്ഞതും അന്നമ്മ നന്നായി ഒന്ന് ഇളിച്ച് കാട്ടി… “ചെകുത്താനേ….” അവളുടെ ചിരി കണ്ട അലക്സ് മുഖത്ത് ദേഷ്യം വരുത്തി തിരിഞ്ഞ് നടക്കാനൊരുങ്ങിയതും അന്നമ്മയുടെ സ്വരം അവനെ നിശ്ചലനാക്കിയിരുന്നു…. അന്നമ്മ ഉമ്മറത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തി പതിയെ അലക്സിന് അടുത്തേക്ക് നടന്നു…. “Still i love u…”

അവന്റെ തൊട്ട് മുന്നിൽ വന്ന് നിന്ന് പെരുവിരൽ കുത്തി അലക്സിന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കിക്കൊണ്ട് അന്നമ്മ പറഞ്ഞത് കേട്ട് ആ മുഖം ചുവന്ന് വന്നു….. “എത്ര കിട്ടിയാലും നീ പഠിക്കില്ല അല്ലേ…?” പല്ലിറുമ്പിക്കൊണ്ട് അലക്സ് ചോദിച്ചത് കേട്ട് ഇരു കണ്ണുകളും അടച്ച് ചുമൽ ചുളുക്കി കാണിച്ചു… “ഇല്ലാലോ….എന്ത് സംഭവിച്ചാലും അന്ന ഈ ചെകുത്താനെയും കൊണ്ടേ പോവൂ…..” അലക്സിനെ നോക്കി കുസൃതിച്ചിരിയോടെ കണ്ണിറുക്കി പറഞ്ഞ അന്നമ്മയെ കണ്ട് അവൻ മുഷ്ടി ചുരുട്ടിയത് കണ്ട് കള്ളച്ചിരിയോടെ അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് വീട്ടിലേക്ക് ഓടി കയറി…

അവൻ അന്നമ്മ പോവുന്നതും നോക്കി കവിളിൽ കൈ വെച്ച് ഷോക്ക് അടിച്ചത് പോലെ നിൽക്കുകയായിരുന്നു…. എത്ര വേദനിപ്പിച്ചിട്ടും ഒരിക്കൽ പോലും മുഖം കറുപ്പിക്കാതെ കുസൃതിയോടെ തനിക്കരികിലേക്ക് ഓടി വരുന്ന അന്നമ്മയെ ഓർത്ത് അവന്റെ നെഞ്ചൊന്ന് വിങ്ങി…. അന്നമ്മയിലേക്ക് അടുക്കാൻ ശ്രമിക്കുന്ന മനസ്സിനെ ഭൂതകാലത്തിന്റെ പല ഓർമകളും ശക്തമായി പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു.. അവൾക്ക് യോഗ്യനായവനല്ല എന്ന ചിന്ത അലക്സിന്റെ കണ്ണുകളെ ഈറനണിയിച്ചു…. വേദനയോടെ ഒന്ന് പുഞ്ചിരിച്ച് കൊണ്ടവൻ വീടിനകത്തേക്ക് കയറി… *****

ശ്രീ കുളിച്ച് ഇറങ്ങിയപ്പോഴാണ് കണ്ണാടിക്ക് മുന്നിൽ നിന്ന് കോപ്രായങ്ങൾ കാണിക്കുന്ന അന്നമ്മയെ കണ്ടത്…. “ടീ….” നേരത്തെ നടന്ന കാര്യങ്ങൾ ഓർത്ത് ശ്രീ അന്നമ്മയുടെ അടുത്തേക്ക് ചെന്ന് അവളുടെ കൈയിൽ ഒന്ന് മെല്ലെ തല്ലി… “ഔഹ്….എന്നതാ ടീ….” ശ്രീ അടിച്ച കൈയിൽ തടവിക്കൊണ്ട് അന്നമ്മ കൂർപ്പിച്ച് നോക്കി… “നീ നേരത്തെ എങ്ങോട്ട് പോയതായിരുന്നു….?” “ഞാനോ….ആഹ്…മറിയാന്റി പോവുന്നത് പറയാൻ വേണ്ടി താഴേക്ക് വിളിപ്പിച്ചിരുന്നു..എന്തേ ടീ….?” “മ്ഹും….ഒന്നൂല്ല…നീ ഇത് എന്താ ടീ കാണിക്കുന്നത്….?” “ഒന്നും പറയണ്ട ദച്ചൂ….താഴെ ചെന്നപ്പോ ആന്റി മുഖത്ത് ഉള്ളത് കണ്ടു പിടിച്ചു…ഹോ…ഒരു വിധത്തിലാ ഞാനവരെ പറഞ്ഞ് വിട്ടത്…ഈ ചെകുത്താനൊന്ന് മയത്തിലൊക്കെ പിടിച്ചൂടേ…ദുസ്തൻ….”

ശ്രീ അന്നമ്മയെ ഒന്ന് നോക്കി മുടിയിലിരുന്ന ടവൽ എടുത്ത് മാറ്റി സ്റ്റാന്റിൽ വിരിച്ചിട്ട് അവളെ പിടിച്ച് ബെഡിലേക്കിരുത്തി…. “അന്നാ…എന്താ ടീ ഏട്ടായീടെ പ്രോബ്ലം…?എന്നോടൊക്കെ എന്ത് നന്നായിട്ടാ പെരുമാറിയത്…പിന്നെ നിന്നോട് മാത്രം ഇത്രക്ക് ദേഷ്യം എന്താ…?” ശ്രീയുടെ ചോദ്യം കേട്ട് അന്നമ്മ ഒരു പുഞ്ചിരിയോടെ ബെഡ് ടേബിളിന് മുകളിൽ വെച്ചിരുന്ന അവളുടെയും സാമിന്റെയും ഫ്രെയിം ചെയ്ത ഫോട്ടോ എടുത്ത് ശ്രീയ്ക്ക് നേരെ നീട്ടി.. “ഇത് എന്തിനാ ടീ എനിക്ക്…?” “ഹാ…ഒന്ന് അടങ്ങെന്റെ ദച്ചൂട്ടീ ….” അന്നമ്മ ശ്രീയുടെ കൈയിൽ നിന്നും ആ ഫ്രെയിം വാങ്ങിച്ച് അതിന്റെ ഒരു വശം പതിയെ ഇളക്കി മാറ്റി…

ശ്രീ അന്നമ്മ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാവാതെ സംശയത്തോടെ നോക്കുന്നത് കണ്ട് അവൾ ശ്രീക്ക് നേരെ തിരിച്ചു….നേരത്തെയുള്ള ഫോട്ടോയ്ക്ക് അടിയിലായി സാമും അലക്സും പരസ്പരം തോളിൽ കൈയിട്ട അവരോടൊപ്പം സാമിന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് നിൽക്കുന്ന അന്നമ്മയുടെയും ഫോട്ടോ ആയിരുന്നു അത്… മൂവരുടെ മുഖത്തും നിറഞ്ഞ ചിരി മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്… “നീ ചോദിച്ചില്ലേ ടാ ഇച്ചായന് എന്ത് പറ്റിയതാണെന്ന്….മൂന്ന് നാല് വർഷം മുൻപേ വരെ ദേ ഇത് പോലെയായിരുന്നു…. എപ്പോഴും പുഞ്ചിരിച്ച് മാത്രമേ ഞാൻ ഇച്ചായനെ കണ്ടിരുന്നുള്ളൂ….”

ഫോട്ടോയിലെ അലക്സിന്റെ മുഖത്തൂടെ പതിയെ തലോടിക്കൊണ്ട് അന്നമ്മ പറഞ്ഞു… “ചെറുപ്പം തൊട്ടേ ഇച്ച ആയിരുന്നു എനിക്ക് എല്ലാം…ജനിച്ച് വീണതിന് ശേഷം പാല് കുടിക്കാൻ മാത്രേ ഞാൻ മമ്മേടെ അടുത്ത് പോയിട്ടുള്ളൂ എന്ന് മമ്മ ഇടക്കൊക്കെ കളിയാക്കി പറയാറുണ്ട്…ബാക്കി നേരം മുഴുവൻ ഞാൻ ഇച്ചേടെ അടുത്തായിരിക്കും….ഇച്ച ഇല്ലാതെ ഒന്നിനും സമ്മതിക്കില്ലായിരുന്നു… ഭക്ഷണം വാരി തരാനും പുതിയ ഉടുപ്പ് ഇടുവിക്കാനും ഒരുക്കാനും ഒക്കെ ഇച്ച വേണ്ടിയിരുന്നു… എന്റെ പപ്പായിയെക്കാളും മമ്മയെക്കാളും എനിക്കിഷ്ടം ഇച്ചയെ ആണ്…. ആ ഇച്ചേടെ അടുത്ത് നിന്നും ആദ്യായിട്ടും അവസാനം ആയിട്ടും ഞാൻ മറച്ച് വെച്ച കാര്യം എനിക്ക് ഇച്ചായനോടുള്ള ഇഷ്ടമായിരുന്നു….

ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാ ഇച്ച ഒരു അലക്സിനെ കുറിച്ച് ആദ്യായിട്ട് പറഞ്ഞ് കേൾക്കുന്നത്…” സാമിന്റെ ക്ലാസിൽ പുതുതായി ജൊയിൻ ചെയ്ത അലക്സിനെ കുറിച്ചാവും സ്കൂൾ കഴിഞ്ഞ് വന്നാൽ അവന് പറയാനുണ്ടാവുക…. റീനയും അമ്മച്ചിയും അവന്റെ വാക്കുകളെ ശ്രദ്ധയോടെ കേൾക്കുമ്പോൾ അന്ന മാത്രം അത് ഇഷ്ടപ്പെടാത്തത് പോലെ മുഖം ചുളിച്ച് ഇരിപ്പാവും…. അവളെക്കാൾ കൂടുതൽ ഇച്ച മറ്റൊരാളെ കുറിച്ച് പറയുന്നത് അന്നക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു… ഒരിക്കൽ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ സാമിന്റെ കൂടെ അന്ന ശത്രുവായി കാണുന്ന അലക്സും ഉണ്ടായിരുന്നു…

ഉമ്മറത്ത് റീനയോടൊപ്പം ഇരിക്കുന്ന അവൾക്ക് ചെറിയൊരു പുഞ്ചിരി സമ്മാനിച്ച അലക്സിനെ ദേഷ്യത്തോടെ നോക്കി വെട്ടി തിരിഞ്ഞ് അകത്തേക്ക് പോയ അന്ന അന്ന് മുഴുവൻ സാമിനോട് മിണ്ടാതെ അവളുടെ വാശി തീർത്തു… രാത്രി ഭക്ഷണം പോലും കഴിക്കാതെ പിണങ്ങി കിടന്ന അന്നയുടെ അടുത്തേക്ക് ചെന്ന് സാം അവൾക്ക് മനസ്സിലാവുന്ന രീതിയിൽ അലക്സിനെ കുറിച്ച് പറഞ്ഞ് കൊടുത്തു… എല്ലാം കേട്ട് പാവം തോന്നിയെങ്കിലും അലക്സിനോടുള്ള ദേഷ്യം അവളുടെ കുഞ്ഞ് മനസ്സിൽ നിന്ന് മായ്ഞ്ഞ് പോവാൻ പിന്നെയും സമയമെടുത്തു…. അന്നക്ക് ഇഷ്ടമാവില്ലെന്ന് കരുതി പുലിക്കാട്ടിലേക്ക് വരുന്ന സമയം അലക്സ് അവളെ നോക്കി ചിരിക്കാനോ സംസാരിക്കാനോ മുതിർന്നില്ല…

സാമിന്റെ സൗഹൃദം അലക്സിന്റെ മനസിലെ സങ്കടങ്ങൾ കുറച്ച് കൊണ്ടു വന്നു…. അവരുടെ സൗഹൃദം ശക്തിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു…. ഇതിനിടയിൽ അന്നക്ക് അലക്സിനോടുള്ള പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയിരുന്നു…. വളരും തോറും അന്ന അവൾ പോലുമറിയാതെ അലക്സിലേക്ക് ചാഞ്ഞ് കൊണ്ടിരുന്നു…. “ഞാൻ എങ്ങനെയാ ഇച്ചായനെ ഇഷ്ടപ്പെട്ട് തുടങ്ങിയതന്ന് അറിയില്ല ദച്ചൂ…ഒരുപാട്…ഒരുപാട് ഇഷ്ടായിരുന്നു… പക്ഷേ ഇച്ചായനോട് പറയാൻ ധൈര്യം വന്നില്ല… ഇച്ചായന് എന്നോട് അത്രയും നാൾ കാണിച്ച അടുപ്പം പോലും നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു… ഇനി അഥവാ എന്റെ ഇഷ്ടം പറഞ്ഞാലും കൊച്ച് കുട്ടിയാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ…

അതെനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു… അത് കൊണ്ട് മനപ്പൂർവ്വം ഇഷ്ടം ഞാൻ എന്റെ ഉള്ളിൽ തന്നെ വെച്ച് മൂടി…. ഇച്ചയോട് പോലും പറഞ്ഞില്ല…. എന്റെ ഇഷ്ടം ആദ്യം അറിയേണ്ടത് ഇച്ചായനായിരിക്കണം എന്ന് വാശി ആയിരുന്നു…. അവസാനം ഒരു ദിവസം എന്റെ ഇഷ്ടം പറയാൻ നിന്നപ്പോഴാണ് ഇച്ചായന്റെ ജൂനിയർ ആയിരുന്ന ശ്രുതി എന്ന കുട്ടിയുമായി പ്രണയത്തിലാണെന്ന് ഞാൻ അറിയുന്നത്… ഒരു ഷോക്ക് ആയിരുന്നു എനിക്ക്….ശ്രുതിയെ ഇച്ചായനൊപ്പം ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും അവര് തമ്മിൽ റിലേഷനിൽ ആയിരിക്കുമെന്ന് കരുതിയിരുന്നില്ല…. പക്ഷേ….” അന്നമ്മയുടെ മുഖം വല്ലാതായത് കണ്ട് ശ്രീ അവളുടെ കൈയിൽ അമർത്തി പിടിച്ചു…

“താങ്ങാൻ പറ്റിയില്ല എനിക്ക്….ഒരുപാട് കരഞ്ഞു….വീട്ടിൽ ആരും ഒന്നും അറിയണ്ടെന്ന് കരുതി അവരുടെ മുന്നിൽ അഭിനയിച്ചു….പക്ഷേ ഇച്ചോട് മറച്ച് വെക്കാൻ കഴിഞ്ഞില്ല….. എന്നെ അന്ന് ആദ്യമായിട്ട് ഇച്ച വഴക്ക് പറഞ്ഞു….ഇച്ചായനെ സ്നേഹിച്ചത് കൊണ്ടല്ല…ഇത്രയും കാലം ഉള്ളിൽ വെച്ച് നടന്നിട്ടും ഇച്ചയോട് പോലും ഒന്ന് പറയാതിരുന്നതിന്…. പറഞ്ഞിരുന്നെങ്കിൽ ഇച്ച എന്റെ ആഗ്രഹം നടത്തി തന്നേനെ എന്ന്…പക്ഷേ സമയം വൈകി പോയിരുന്നു…ഇച്ചായനും ശ്രുതിയിയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം അറിയാവുന്നത് കൊണ്ട് ഇച്ചക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല… പിന്നെ വാശി ആയിരുന്നു….ഇച്ചായനെ മറക്കാൻ….

പൂനെയിൽ എം.ഡി ചെയ്ത് കൊണ്ടിരുന്ന ഇച്ചേടെ കൂടെ ഡിഗ്രിക്ക് അവിടുള്ള കോളേജിൽ അഡ്മിഷൻ എടുത്തു…. സത്യം പറഞ്ഞാൽ ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു… മൂന്ന് മൂന്നര വർഷത്തോളം നാട്ടിലേക്ക് വന്നില്ല…. വീട്ടിലേക്ക് വീഡിയോ കോളും ഫോൺ കോളും ഒക്കെ ആയി കോൺടാക്ട് ചെയ്തു… ഇച്ചയെ കാണാൻ വേണ്ടി പലപ്പോഴായി ഇച്ചായൻ വരാറുണ്ടെന്നത് അറിഞ്ഞിട്ടും മനപ്പൂർവ്വം കാണാൻ ശ്രമിച്ചില്ല… പക്ഷേ ഒരിക്കൽ ഇച്ചക്ക് ആക്സിഡന്റ് പറ്റി കിടക്കുന്ന സമയത്ത് ഇച്ചായൻ വന്നിരുന്നു…അന്ന് ഞാനെന്റെ ഇച്ചായനെ കണ്ടു…മൂന്ന് വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച…കുറേ നേരം എന്നോട് സംസാരിച്ചു…. അപ്പോഴൊക്കെ ആ മുഖത്ത് നിറഞ്ഞ് നിന്ന പുഞ്ചിരി മാത്രം മതിയായിരുന്നു എനിക്ക്….

നെഞ്ച് വിങ്ങി പൊട്ടുമ്പോഴും പുറത്ത് കാണിക്കാതെ ഇച്ചായനോട് ചിരിച്ച് കളിച്ച് സംസാരിച്ചു… തിരിച്ച് പോവുന്ന സമയം ഇച്ചായന് ഒരു കമ്പനിയിൽ ജോലി കിട്ടിയെന്നും ഉടനെ ശ്രുതിയുമായുള്ള വിവാഹം നടത്തണമെന്ന് ഇച്ചയോട് പറയുന്നത് കേട്ടിരുന്നു…. ഇച്ചായൻ മറ്റൊരു പെണ്ണിന്റതാവുന്നത് ഓർക്കാൻ പോലും കഴിയാത്ത ഞാൻ അത് കേട്ട് കരഞ്ഞില്ല… ആരുടെ കൂടെ ആയിരുന്നാലും ഇച്ചായൻ സന്തോഷായിട്ട് ഇരിക്കണം…. ഞാനും അത്ര മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ….” ശ്രീയുടെ തോളിലേക്ക് ചാഞ്ഞ് കിടന്ന അന്നമ്മയുടെ മുടിയിൽ അവൾ പതിയെ തലോടി… അവൾ ഒന്ന് ഒക്കെ ആവട്ടേ എന്ന് കരുതി കുറച്ച് സമയം നിശബ്ദമായിരുന്നു… “എന്നിട്ട്….പിന്നെ എന്താ നടന്നത്…ശ്രുതി…അവൾ…?” ശ്രീ ചോദിച്ചത് കേട്ട അന്നമ്മ പതിയെ അവളുടെ തോളിൽ നിന്ന് തല ഉയർത്തി..

“അറിയില്ല ദച്ചൂ….അന്ന് ഞങ്ങളുടെ അടുത്ത് നിന്നും നാട്ടിലേക്ക് പോയ ഇച്ചായനെ പറ്റി പിന്നെ ഒരു വിവരവും ഇല്ലായിരുന്നു…. നാട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോൾ പുതിയ ജോലി കിട്ടി ചെന്നൈയിലേക്ക് പോയെന്നും അവിടുത്തെ തിരക്ക് കാരണാവും വിളിക്കാത്തതെന്നും ആണ് അവരെല്ലാം പറഞ്ഞത്…. മൂന്ന് മാസത്തിന് ശേഷം എന്റെ കോഴ്സ് കഴിഞ്ഞതും ഞാനും ഇച്ചയും നാട്ടിലേക്ക് വന്നു… എയർ പോർട്ടിലേക്ക് ഞങ്ങളെ പിക്ക് ചെയ്യാൻ പപ്പായി ആയിരുന്നു വന്നത്…. അവിടെ നിന്ന് ഞങ്ങളെയും കൂട്ടി നേരെ പോയത് പപ്പായിടെ ഒരു ഫ്രണ്ടിന്റെ ഹോസ്പിറ്റലിലേക്കായിരുന്നു…. ആ മാനസികാശുപത്രയിലെ ഒരു ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിലായിരുന്നു കഴിഞ്ഞ ഒന്നര മാസത്തോളം…. എന്റെ…എന്റെ ഇച്ചായൻ….”….തുടരും

നിനക്കായ് : ഭാഗം 31

Share this story