വിവാഹ മോചനം : ഭാഗം 18

വിവാഹ മോചനം :  ഭാഗം 18

എഴുത്തുകാരി: ശിവ എസ് നായർ

“രാഹുലേട്ടൻ കള്ളം പറയില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ നിങ്ങൾ മനഃപൂർവം മായ്ച്ചു കളഞ്ഞതല്ലേ ആ മറുക്. ആ ഫോട്ടോ മഹിയുടെ വക്കീൽ ബുദ്ധിയിൽ നിർമ്മിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല… അതുകൊണ്ട് നുണ പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിക്കരുത്. സത്യം എന്താണെന്നു തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനീ കടലിലേക്ക് എടുത്തു ചാടും . ” അപർണ്ണയുടെ സ്വരത്തിന് മൂർച്ചയേറിയിരുന്നു. ശ്രീജിത്തിന്റെ മുഖം വിളറി. ദയനീയ ഭാവത്തിൽ അവൻ അവളെ നോക്കി. സത്യം തുറന്നു പറയാതെ രക്ഷയില്ലെന്ന് അവന് മനസിലായി. ശ്രീജിത്ത്‌ പറയാൻ പോകുന്നത് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു മഹിയും രാഹുലും.

“ഞാൻ പറയാം അപ്പു. എല്ലാം ഞാൻ പറയാം.” ശ്രീജിത്ത്‌ കടലിനഭിമുഖമായി തിരിഞ്ഞു നിന്നു. അപർണ്ണ കാതുകൾ കൂർപ്പിച്ചു. “അന്ന് കോളേജിൽ വച്ച് അപർണ്ണയെ നശിപ്പിക്കാൻ ശ്രമിച്ചത് ഞാനല്ല. എന്റെ ഇരട്ടസഹോദരൻ സൂര്യജിത്താണ്. ഇത് പറഞ്ഞാൽ നീയോ ഇവരോ വിശ്വസിക്കില്ലെന്നറിയാം. അതുകൊണ്ട് ഞാനവന്റെ ഫോട്ടോ കാണിച്ചു തരാം… അതിനു മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി പറയാനുണ്ട്.” ശ്രീജിത്തിന്റെ വാക്കുകൾ അപർണ്ണയെയും രാഹുലിനെയും മഹിയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. വിശ്വാസം വരാതെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. അപർണ്ണ എന്തോ ചോദിക്കാനായി തുടങ്ങിയപ്പോഴേക്കും അവൻ കയ്യെടുത്തു വിലക്കി. ശ്രീജിത്ത്‌ തുടർന്നു….

“അന്ന് അവന്റെ കൂടെ എല്ലാത്തിനും കൂട്ട് നിന്നതും നടന്ന സംഭവങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്തതും ജിതിനായിരുന്നു. കുടിച്ചു ബോധമില്ലാണ്ട് കാട്ടിക്കൂട്ടിയ തോന്നിവാസം. പക്ഷേ എന്റെ വീട്ടുകാർക്ക് മുന്നിലും കോളേജ് അദ്ധ്യാപകരുടെയും മുന്നിൽ കുറ്റക്കാരനായത് ഞാനും. അന്നത് റെക്കോർഡ് ചെയ്തത് എന്റെ ഫോണിലായിരുന്നു. എന്റെ ഫോൺ അന്ന് എങ്ങനെയോ സൂര്യന്റെ കയ്യിലായിപ്പോയി. ജിതിൻ ഞങ്ങളുടെ കസിൻ ബ്രദർ കൂടിയാണ്. ജിതിനും സൂര്യനുമാണ് ഇതിനെല്ലാം കാരണം. അന്ന് അവൻ ചെയ്ത തെണ്ടിത്തരത്തിനു വീട്ടുകാരുടെ മുന്നിൽ തെറ്റുകാരനായത് ഞാനായിരുന്നു. കോളേജ് മാനേജ്മെന്റിൽ അച്ഛന് അത്യാവശ്യം പിടിപാടുള്ളത് കൊണ്ട് നടന്ന സംഭവങ്ങൾ വലിയ ഇഷ്യൂ ആക്കാതെ ഒതുക്കി തീർത്തു.

എന്നെ അവിടുന്ന് വേറെ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഞാനല്ല അതൊന്നും ചെയ്തതെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല. കാരണം ആ വീഡിയോ എന്റെ ഫോണിലായിരുന്നല്ലോ ഉണ്ടായിരുന്നത്. രാഹുൽ അപർണ്ണയ്‌ക്ക് അയച്ചു കൊടുത്ത ആ വീഡിയോ അപർണ്ണ എനിക്ക് അയച്ചു തന്നപ്പോഴാണ് അന്ന് കോളേജിൽ നടന്നതെന്താണെന്ന് ഞാൻ ശരിക്കും കാണുന്നത്. അച്ഛനോ അമ്മയോ ആ വീഡിയോ അന്ന് കണ്ടിരുന്നെങ്കിൽ ആ മറുക് കാണുമ്പോൾ തന്നെ ഞാൻ നിരപരാധി ആണെന്ന് അവർക്ക് മനസിലാകുമായിരുന്നു. കുട്ടികാലം മുതലേ അവൻ ചെയ്യുന്ന മിക്ക തെറ്റുകൾക്കും ശിക്ഷ കിട്ടുന്നത് എനിക്കായിരുന്നു. അവനെ കഴിഞ്ഞേ വീട്ടിൽ എനിക്ക് സ്ഥാനമുള്ളു.

അന്നത്തെ ആ സംഭവത്തോടെ വീട്ടിൽ ഞാനൊരു അധികപറ്റായി മാറാൻ തുടങ്ങി. അച്ഛനും അമ്മയ്ക്കും എന്നെ കാണുന്നതേ വെറുപ്പായിരുന്നു. ഞാൻ കാരണം ഒരു പെങ്കൊച്ചിന്റെ ജീവിതം തകർന്നുവെന്നുള്ള അമ്മയുടെ പരാതി കേട്ട് മടുത്തു. അങ്ങനെ ജിതിൻ വഴി നിന്നെ കണ്ടു പിടിക്കാൻ ഞാൻ ശ്രമിച്ചു. കോളേജിൽ നിന്നും നീ പഠിപ്പ് നിർത്തി ദുബായിക്ക് പോയതൊക്കെ കുറേ വൈകിയാണെങ്കിലും അന്വേഷിച്ചറിയാൻ സാധിച്ചു. എന്റെ ഇവിടുത്തെ പഠിപ്പ് കഴിഞ്ഞതും ഞാൻ ദുബായിക്ക് ഫ്ലൈറ്റ് കയറി. നീ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ ഞാൻ കയറിപ്പറ്റി. എന്റെ സഹോദരൻ കാരണം നശിച്ചു പോയ നിന്റെ ജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ട് വരണമെന്നും നിന്നെ എന്റെ ഭാര്യയാക്കണമെന്നും ഞാൻ ആഗ്രഹിച്ചു. നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാ അപ്പു.

അന്ന് ജിതിന്റെ വീട്ടിൽ വച്ച് നിന്നെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചത് മനഃപൂർവമല്ല. നിന്നെ എന്റെ സ്വന്തമാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എല്ലാ അർത്ഥത്തിലും നീയെന്റേതായി കഴിഞ്ഞാൽ പിന്നെ നീ എന്നെ വിട്ടു പോകില്ലല്ലോ എന്നോർത്തായിരുന്നു. പിന്നെ അന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത് രാഹുലിന്റെ നിരപരാധിത്വം നീ അറിയരുതെന്ന് കരുതിയായിരുന്നു. സൂര്യന്റെ കഴുത്തിനു പിന്നിലുള്ള മറുക് ആ വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ടല്ലോ. രാഹുലിന്റെ കഴുത്തിൽ ആ മറുക് ഇല്ലെന്ന് അറിയുമ്പോൾ നിനക്കവനോടുള്ള വെറുപ്പ് മാറില്ലേ. അങ്ങനെ നടക്കരുതെന്ന് കരുതിയാണ് ഞാൻ അത് ഡിലീറ്റ് ചെയ്യിച്ചത്. നമ്മുടെ വിവാഹ ശേഷം നിന്നെ എല്ലാം അറിയിക്കാമെന്ന് ഞാൻ കരുതി.

അതിനുമുൻപേ സത്യങ്ങൾ നീ തിരിച്ചറിഞ്ഞാൽ നിന്നെ നശിപ്പിക്കാൻ ശ്രമിച്ചവന്റെ സഹോദരന്റെ ഭാര്യയായി നീയാ വീട്ടിലേക്ക് വരില്ല എന്നറിയാവുന്നത് കൊണ്ടായിരുന്നു ഒന്നും പറയാതിരുന്നത്. മാക്സിമം നിന്നിൽ നിന്നും ഞാനിത് മറച്ചു വയ്ക്കാൻ ശ്രമിച്ചതായിരുന്നു. ഇപ്പോൾ ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ നിന്റെ മുന്നിലും ചെയ്യാത്ത തെറ്റിന് ഞാൻ കുറ്റവാളിയാകേണ്ടി വരുമെന്നുള്ളത് കൊണ്ടാണ്. നിന്നെ കണ്ടു പിടിക്കാൻ എനിക്ക് ജിതിന്റെ സഹായം ആവശ്യമായിരുന്നത് കൊണ്ടാണ് അവന്റെ കൂട്ട് ഞാൻ ഉപേക്ഷിക്കാതിരുന്നത്. സൂര്യന്റെ കൂടെ ചേർന്ന് അന്ന് അങ്ങനെ ഒക്കെ ചെയ്തു കൂട്ടിയതിൽ അവന് പിന്നീട് ഒരുപാട് കുറ്റബോധം തോന്നിയിരുന്നു.

പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നതിൽ അവൻ അന്നും ഇന്നും എന്നും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിന്നെ വിവാഹം ചെയ്യാൻ വേണ്ടി ഞാൻ നാട്ടിൽ വരുന്നത് അവൻ സൂര്യനെ അറിയിച്ചിരുന്നു. അന്ന് വിവാഹ ദിവസം മണ്ഡപത്തിൽ വരാൻ കഴിയാതായത് സൂര്യൻ കാരണമാണ്. റോഡിൽ വച്ച് ഞങ്ങൾ തമ്മിലുണ്ടായ വഴക്കിനിടയ്ക്ക് പറ്റിയ ആക്‌സിഡന്റ് ആയിരുന്നു അത്. അത്ര സീരിയസ് ഒന്നുമല്ലെങ്കിലും കാലിനു കാര്യമായ പരിക്ക് പറ്റിയിരുന്നു എനിക്ക്. ഹോസ്പിറ്റലിൽ നീയെന്നെ കാണാൻ വന്നതൊന്നും ജിതിൻ എന്നോട് പറഞ്ഞില്ല. നിന്നെ വിളിക്കുമെന്ന് കരുതി എന്റെ ഫോണും അവൻ എനിക്ക് കുറേ നാൾ തന്നില്ല. അങ്ങനെയാണ് എനിക്ക് നിന്നെ കോൺടാക്ട് ചെയ്യാൻ പറ്റാതെ പോയത്.

എന്റെ ആരോഗ്യ നിലയെ പറ്റി അറിയാൻ വേണ്ടി നീ വിളിക്കുമ്പോഴൊക്കെ ജിതിൻ നിന്നെ ഓരോന്നു പറഞ്ഞത് നീ എന്നെ വിട്ടു പോകാൻ വേണ്ടിയായിരുന്നു. ഒന്നും എന്റെ അറിവോടെ അല്ലായിരുന്നു. നിന്നെ രാഹുലിന് വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ടാണ് നിന്റെ പുറകെ ഞാനിങ്ങനെ നടക്കുന്നത്. നിന്നെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ സൂര്യന്റെ മുന്നിൽ ഞാൻ തോറ്റുപോകും. എന്റെ അച്ഛനോടും അമ്മയോടും സത്യങ്ങൾ തുറന്നു പറയണം. അവരെ സ്നേഹം എനിക്ക് തിരിച്ചു പിടിക്കണം. നഷ്ടപ്പെട്ടതൊക്കെ എനിക്ക് തിരിച്ചു കിട്ടണമെങ്കിൽ നിന്നെ എനിക്ക് സ്വന്തമാക്കിയേ തീരു. രാഹുലും നീയും പിരിയാൻ തീരുമാനിച്ച സ്ഥിതിക്ക് നിനക്ക് എന്നെ സ്വീകരിച്ചു കൂടെ.

അപ്പു നീ സ്നേഹിച്ചത് എന്നെയല്ലേ. എന്നെ മറന്ന് മറ്റൊരാളെ സ്വീകരിക്കാൻ നിനക്ക് കഴിയുമോ?? നിന്നോട് ഞാൻ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞില്ലേ അപ്പു… ” ശ്രീജിത്ത്‌ വികാരധീനനായി. എല്ലാം കേട്ട് നിശബ്ദം നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു. കേട്ടതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്നുള്ള ആശയകുഴപ്പത്തിലായിരുന്നു അപർണ്ണയപ്പോൾ. അപർണ്ണയ്‌ക്ക് പറയാനുള്ളത് പറയട്ടെ എന്നു കരുതി രാഹുലും മഹിയും മിണ്ടാതെ നിന്നു. “നീ എന്താ മറുപടിയൊന്നും പറയാത്തത്??” ശ്രീജിത്ത്‌ അവളുടെ അടുത്തേക്ക് വന്നു. അപർണ്ണ മുഖമുയയർത്തി അവനെ നോക്കി. ശേഷം പറഞ്ഞു. “രാഹുലേട്ടന്റെ താലി എന്ന് എന്റെ കഴുത്തിൽ വീണോ അന്ന് മുതൽ നിങ്ങളെ ഞാൻ മറക്കാൻ ശ്രമിച്ചു തുടങ്ങിയതാ.

എന്നെ കൊണ്ട് അതിനു പറ്റില്ല എന്ന് വിചാരിച്ചതായിരുന്നു ഞാൻ പക്ഷേ ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ. പിന്നെ എന്റെ വിവാഹം കഴിഞ്ഞിട്ടും ഞാൻ നിങ്ങളുടെ പിന്നാലെ വന്നത് പഴയ സ്നേഹം മനസ്സിൽ വച്ചോണ്ടല്ല. എന്റെ ഏട്ടൻ നിങ്ങളെ ആക്‌സിഡന്റിൽ പെടുത്തി കൊല്ലാൻ ശ്രമിച്ചതാണെന്ന് ധരിച്ചു വച്ചിരിക്കുകയായിരുന്നു ഞാനപ്പോൾ. ഒന്ന് കാണണമെന്ന് പറഞ്ഞു അന്ന് ജിതിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയപ്പോൾ ഒന്നുമാലോചിക്കാതെ ഓടി വന്നത് അന്നത്തോടെ പഴയ ബന്ധങ്ങൾ ഒക്കെ പറഞ്ഞവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു. ഞാൻ നിങ്ങളെ ചതിച്ചതാണെന്നുള്ള തെറ്റിദ്ധാരണ മാറ്റിയെടുക്കണമെന്നും ഞാൻ മനഃപൂർവം വഞ്ചിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തി തരണമെന്നേ ഉണ്ടായിരുന്നുള്ളു.

കാരണം അത്രമേൽ ഞാൻ നിങ്ങളെ സ്നേഹിച്ചിരുന്നു. കൂടെ ജീവിക്കാനും ആഗ്രഹിച്ചിരുന്നു. എന്റെ തെറ്റ് കൊണ്ടല്ല ഒന്നും നടന്നതെന്ന് പറയണമെന്നുണ്ടായിരുന്നു. അല്ലെങ്കിൽ അതൊരു തീരാ വേദനയായി ഉള്ളിൽ കിടന്നു പുകയുമായിരുന്നു എനിക്ക്. നിങ്ങളോടൊപ്പം ഒരു ജീവിതം ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മറ്റൊരാളുടെ താലി എന്നെന്റെ കഴുത്തിൽ വീണോ അന്ന് മുതൽ അങ്ങനെയൊരു ആഗ്രഹം എന്റെ മനസ്സിൽ ഉണ്ടായിട്ടില്ല. എനിക്ക് എന്റേതായ ചില വ്യക്തിപരമായ കാരണങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് രാഹുലേട്ടനിൽ നിന്നും ഞാൻ വിവാഹമോചനം ആവശ്യപ്പെട്ടത്. അല്ലാതെ നിങ്ങളോടൊപ്പം ജീവിക്കാൻ വേണ്ടിയല്ല. അതുകൊണ്ട് ദയവ് ചെയ്തു ഇക്കാര്യം പറഞ്ഞു എന്റെ പിന്നാലെ വരരുത്… ”

നിറഞ്ഞു തുളുമ്പിയ മിഴികൾ അപർണ്ണ സാരി തുമ്പ് കൊണ്ട് തുടച്ചു. തികട്ടി വന്ന തേങ്ങൽ കാരണം അവൾ ശ്വാസമെടുക്കുവാൻ നന്നേ പാടുപെട്ടു. “നിന്റെ കാല് പിടിച്ചു കെഞ്ചി ചോദിക്കുവാ അപ്പു… നീ എന്റെ കൂടെ വരില്ലെ??” ശ്രീജിത്ത്‌ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് യാചിച്ചു. അത് കണ്ടതും രാഹുലിന് ദേഷ്യം ഇരച്ചു കയറി. ശ്രീജിത്തിനെ പിടിച്ചു മാറ്റാനായി രാഹുൽ മുന്നോട്ടാഞ്ഞതും മഹി അവനെ തടഞ്ഞു. “വേണ്ട രാഹുലേ. ഇതിൽ നമ്മൾ ഇടപെടണ്ട. അവര് തമ്മിലുള്ള കാര്യം അവർ തന്നെ പറഞ്ഞു തീർക്കട്ടെ. നിന്റെ റോൾ കഴിഞ്ഞു. ഏതായാലും അവളെ നശിപ്പിക്കാൻ ശ്രമിച്ചവൻ അവന്റെ സഹോദരൻ തന്നെയല്ലേ. ഇനി അവരായി അവരുടെ പാടായി. നീ ഒന്നിലും തലയിടാൻ നിൽക്കണ്ട.”

“എടാ അവൾ ഇപ്പോഴും എന്റെ ഭാര്യയാണ്. എനിക്കിതൊന്നും കണ്ട് നിൽക്കാൻ കഴിയില്ല. നീയെന്നെ വിട്ടേക്ക്.” രാഹുൽ അവന്റെ പിടി വിടുവിക്കാൻ ശ്രമിച്ചു. “തല്ക്കാലം നീയൊന്ന് അടങ്ങ്… ഇപ്പോൾ നീ ഇതിൽ ഇടപെടണ്ട. ഞാൻ സമ്മതിക്കില്ല. അപർണ്ണ അവൾക്ക് പറയാനുള്ളതൊക്കെ പറയട്ടെ. പെണ്ണിന്റെ മനസ്സാണ്. എപ്പോ വേണോ മാറും. അവന്റെ ഏറ്റു പറച്ചിലിന് മുന്നിൽ അപർണ്ണ മുട്ടു മടക്കില്ലെന്ന് എന്താ ഉറപ്പ്.” മഹി അവനെ മുറുക്കെ പിടിച്ചു വച്ചു. അമർഷം കടിച്ചമർത്തി രാഹുൽ നിന്നു. ശ്രീജിത്തിന്റെ കൈവിരലുകൾ അവളുടെ പാദങ്ങളിലേക്ക് നീണ്ടു ചെന്നു. ഞെട്ടലോടെ അപർണ്ണ രണ്ടു ചുവട് പിന്നോട്ട് വച്ചു. “നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെയൊക്കെ സംസാരിക്കാൻ??

ഒരു സുഹൃത്തായി പോലും നിങ്ങളെന്റെ ജീവിതത്തിൽ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ വീട്ടുകാരെയും രാഹുലേട്ടനെയും ഒക്കെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എന്റെ ഏട്ടനാണ് ആക്‌സിഡന്റ് ഉണ്ടാക്കി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന സെന്റിമെന്റൽ നാടകം വരെ നിങ്ങൾ എനിക്ക് മുന്നിൽ നടത്തിയില്ലേ. ജിതിന്റെ വീട്ടിൽ വച്ച് മോശമായി പെരുമാറി. നിങ്ങളും നിങ്ങളുടെ സഹോദരനും തമ്മിൽ എന്താ വ്യത്യാസം?? എന്റെ അനവസരത്തിലുള്ള എടുത്തു ചാട്ടമാണ് എനിക്കീ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകാൻ കാരണം. നിങ്ങൾ എന്റെ മനസിലുണ്ടാക്കിയ മുറിവ് അത്രയ്ക്ക് ആഴമേറിയതാണ്. നിങ്ങൾക്ക് എന്നോടുള്ളത് സ്നേഹമല്ല.

ആരോടൊക്കെയോ ഉള്ള വാശി തീർക്കാനും സ്വന്തം ആഗ്രഹ പൂർത്തീകരണത്തിനും വേണ്ടിയാ എന്നെ വേണമെന്ന് നിങ്ങൾ വാശി പിടിക്കുന്നത്…. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്…” അപർണ്ണ അവന് മുന്നിൽ തൊഴു കൈകളോടെ യാചിച്ചു. ശ്രീജിത്തിന്റെ പിന്തിരിഞ്ഞു രാഹുലിനെ നോക്കി. “രാഹുൽ അവളെ എനിക്ക് തന്നെ തന്നൂടെ… നിങ്ങളെങ്കിലും അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്ക്. എന്നോടുള്ള ദേഷ്യത്തിലാണ് അവൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. രാഹുൽ പറഞ്ഞാൽ അപർണ്ണ കേൾക്കും. ഇവളില്ലാതെ എനിക്ക് പറ്റില്ല….” രാഹുൽ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. “എന്റെ ഭാര്യയെ നിനക്ക് വിട്ടുതരാൻ പറയാൻ നാണമുണ്ടോടാ. അവളേ ഞാൻ താലി കെട്ടിയ പെണ്ണാ.

നിനക്കെന്നല്ല ഒരുത്തനും ഞാനവളെ വിട്ടു തരില്ല. ” അവൻ ശ്രീജിത്തിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് ആക്രോശിച്ചു. അവിശ്വസനീയതയോടെ അപർണ്ണ രാഹുലിന്റെ മുഖത്തേക്ക് നോക്കി. “എടാ അവനെ വിട്… ആളുകൾ ശ്രദ്ധിക്കും..” മഹി അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. രാഹുൽ ശ്രീജിത്തിന്റെ ദേഹത്ത് നിന്ന് കൈകൾ പിൻവലിച്ചു.. “അവൾക്ക് രാഹുലിനെ വേണ്ടല്ലോ…പിന്നെ എന്തിനാ രാഹുലിനവളെ??പിരിയാൻ തയ്യാറായി നിൽക്കുന്ന രണ്ടു വ്യക്തികളല്ലേ നിങ്ങൾ. ” ശ്രീജിത്തിന്റെ ആ ചോദ്യത്തിന് മുന്നിൽ രാഹുലിന് ഉത്തരം മുട്ടി. “ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വച്ചെന്ന് കരുതി അവളിപ്പോഴും എന്റെ ഭാര്യ തന്നെയാണ്. ഇതുവരെ ഒരു കോടതിയും ഞങ്ങളെ പിരിച്ചിട്ടില്ല.

അപർണ്ണയുടെ ഈ തീരുമാനം മാറിയാൽ നീ ആഗ്രഹിക്കുന്ന ഡിവോഴ്സ് നടക്കില്ല ശ്രീജിത്തേ. അപർണ്ണയ്‌ക്ക് എന്നെ വേണ്ടെങ്കിലും എനിക്കവളെ വേണം. ഏതവസ്ഥയിലും അവൾക്കൊപ്പം ഞാനുണ്ടാകും.” രാഹുലിന്റെ സ്വരം കടുത്തിരുന്നു. എല്ലാം കേട്ടുകൊണ്ട് ശില പോലെ നിൽക്കുകയായിരുന്നു അപർണ്ണ. രാഹുലിന്റെ വാക്കുകൾ അവളെ ഒരുപാട് സന്തോഷിപ്പിച്ചു. “രാഹുലേ അവളെ നിനക്കിനി വേണ്ട. നിന്നെ വേണ്ടാത്ത അവളെ നീയെന്തിനാ വേണമെന്ന് വാശി പിടിക്കണേ. നിന്റെ കൂടെ ജീവിക്കാനുള്ള ഒരു യോഗ്യതയും അപർണ്ണയ്ക്കില്ല. സ്വന്തം സഹോദരൻ നശിപ്പിക്കാൻ ശ്രമിച്ച പെണ്ണിനെ സ്വീകരിക്കാനുള്ള ഒരു മനസ്സ് ശ്രീജിത്തിനുണ്ടായില്ലേ. അത് തന്നെ വല്യ കാര്യം.

ഒരു കണക്കിന് ചിന്തിച്ചാൽ അത് തന്നെയാ നടക്കേണ്ടതും. അന്ന് ജിതിന്റെ വീട്ടിൽ എന്ത് നടന്നുവെന്ന് നമുക്കറിയില്ലല്ലോ. അവൻ ചവച്ചു തുപ്പിയ എച്ചിൽ നീ ചുമക്കേണ്ടതില്ല… അപർണ്ണ ജീവിക്കേണ്ടത് ശ്രീജിത്തിനൊപ്പമാണ്. അവളായിട്ട് ഒഴിഞ്ഞു പോകാൻ നിൽക്കുന്ന സ്ഥിതിക്ക് നീ അപർണ്ണയെ പിടിച്ചു നിർത്താൻ ശ്രമിക്കരുത്…” “മഹി മതി നിർത്ത്…” രാഹുൽ അലറും പോലെ പറഞ്ഞു. അപർണ്ണയെ പറ്റി അവൻ അത്രയും തരം താഴ്ത്തി സംസാരിച്ചത് കേട്ട് നിൽക്കാനുള്ള ക്ഷമ അവനില്ലായിരുന്നു. മഹിയുടെ വാക്കുകൾ അപർണ്ണയെ വല്ലാതെ പിടിച്ചുലച്ചിരുന്നു. അവളുടെ കണ്ണുകൾ കോപം കൊണ്ട് കത്തി ജ്വലിച്ചു. പാഞ്ഞു വന്ന അപർണ്ണ മഹിയുടെ കവിളത്തു ആഞ്ഞടിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ മഹി പതറിപ്പോയി. അപ്രതീക്ഷിതമായ അവളുടെ ആ ഭാവമാറ്റത്തിൽ ശ്രീജിത്തും മഹിയും പകച്ചു പോയി. “എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ കേട്ടുകൊണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല. കുറേ ആയി നിങ്ങൾ എന്നെ കുത്തി നോവിക്കാൻ തുടങ്ങിയിട്ട്.” “ശരിക്കും ഞാൻ തരേണ്ട അടിയായിരുന്നു അത്. ഇത് നീ ചോദിച്ചു വാങ്ങിയ അടിയാണ് മഹി.” രാഹുൽ പറഞ്ഞു. മഹി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. കുറച്ചു സമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. “അപ്പു…” രാഹുൽ വിളിച്ചു. അപർണ്ണ തല ചരിച്ചു അവനെ നോക്കി. “നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെങ്കിൽ നമുക്ക് പോകാം.” “രാഹുലേട്ടൻ പൊയ്ക്കോ. ഞാൻ വരുന്നില്ല…. ”

“പിന്നെ നീ എവിടെ പോകുന്നു??” രാഹുൽ ചോദ്യ ഭാവത്തിൽ അവളെ നോക്കി. “ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങി പോവാ… ഇനി നമുക്ക് കോടതിയിൽ വച്ചു കാണാം.” “നിനക്കെന്താ ഭ്രാന്തുണ്ടോ?? മര്യാദക്ക് എന്റെ കൂടെ വീട്ടിലേക്ക് വന്നോണം..” രാഹുൽ ദേഷ്യത്തോടെ പറഞ്ഞു. ” അവളുടെ സമ്മതമില്ലാതെ അവളെ ഇവിടുന്നു കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല. ” ശ്രീജിത്ത്‌ ഇടയിൽ കയറി പറഞ്ഞു. “എന്റെ മുന്നിൽ നീ അധികം വിളച്ചിലെടുക്കാൻ നിൽക്കണ്ട. ഓർമ്മയുണ്ടല്ലോ അന്ന് കിട്ടിയത്. മാറി നിക്കടാ അങ്ങോട്ട് ” രാഹുൽ മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു. ശേഷം അപർണ്ണയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പിന്തിരിഞ്ഞതും ആ കാഴ്ച്ച കണ്ട് ഞെട്ടി.

രാഹുലിന് പിന്നാലെ അപർണ്ണയും മഹിയും ആ കാഴ്ച കണ്ട് വിശ്വസിക്കാനാകാതെ മിഴിച്ചു നിന്നു. സൂര്യനെ വീൽചെയറിൽ ഇരുത്തി ഉരുട്ടികൊണ്ട് വരുകയായിരുന്നു ജിതിൻ. ശ്രീജിത്ത്‌ വിളിച്ചറിയച്ച പ്രകാരമായിരുന്നു അവരുടെ ആ വരവ്. ശ്രീജിത്തിന്റെ അതേ മുഖഛായ തന്നെയായിരുന്നു സൂര്യനും. വർഷങ്ങൾക്കിപ്പുറം അപർണ്ണയെ നേരിൽ കണ്ടതിന്റെ ഞെട്ടൽ അവന്റെ മുഖത്ത് പ്രകടമായിരുന്നു. ശ്രീജിത്ത്‌ എന്തൊക്കെയോ തീരുമാനിച്ചിറപ്പിച്ചു കൊണ്ടാണ് വന്നിരിക്കുന്നതെന്ന് രാഹുലിന് മനസിലായി. തന്റെ ജീവിതം തകർത്തെറിഞ്ഞവൻ ഒന്ന് ചലിക്കാൻ പോലുമാകാതെ വീൽ ചെയറിൽ വരുന്നത് നിസ്സംഗതയോടെ അപർണ്ണ നോക്കി നിന്നു. “അപർണ്ണാ ഇതാണ് സൂര്യൻ….

ഞാൻ പറയാതെ തന്നെ നിനക്ക് മനസിലായി കാണുമല്ലോ. നിന്നോട് ചെയ്ത ക്രൂരതയ്‌ക്ക് ദൈവം തന്നെ അവനെ ശിക്ഷിച്ചു. അന്നത്തെ ആക്‌സിഡന്റോടെയാണ് സൂര്യൻ ഇങ്ങനെയായത്. ഇനി ഈ വീൽ ചെയറിൽ നിന്നെഴുന്നേറ്റ് നടക്കാൻ അവന് ഒരുപാട് വർഷങ്ങൾ വേണ്ടി വരും. എനിക്ക് പറ്റിയ തെറ്റിനൊക്കെ ഞാൻ മാപ്പ് ചോദിച്ചില്ലേ അപ്പു. രാഹുലിനെ ഡിവോഴ്സ് ചെയ്തു കഴിഞ്ഞാൽ നിന്റെ ജീവിതം പിന്നെ എങ്ങനെയായി തീരുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ.?? ഇനിയും നിന്നെ അനാഥയായി കഴിയാൻ ഞാൻ അനുവദിക്കില്ല.” ശ്രീജിത്ത്‌ പറഞ്ഞു. “അന്ന് സംഭവിച്ചു പോയ തെറ്റിന് മാപ്പ് ചോദിക്കാനുള്ള അർഹത പോലും എനിക്കില്ലെന്ന് അറിയാം. എന്നാലും ഞാൻ മാപ്പ് ചോദിക്കുവാ അപർണ്ണ.

തന്റെ കാര്യങ്ങൾ എല്ലാം ജിതിൻ വഴി ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ ചെയ്തതിനൊക്കെയുള്ള ശിക്ഷ എനിക്ക് കിട്ടിക്കഴിഞ്ഞു. ശ്രീജിത്ത്‌ നിന്റെ മുന്നിൽ ഇത്രയും കേണപേക്ഷിക്കുവല്ലേ അവനോടു നിനക്ക് ക്ഷമിച്ചൂടെ. എല്ലാം അറിഞ്ഞിട്ടും പൂർണ്ണ മനസോടെ സ്വീകരിക്കാൻ അവൻ തയ്യാറായി നിൽക്കുവല്ലേ… അവന് നിന്നെ ഒരുപാട് ഇഷ്ടമാണ്… എന്നോടുള്ള ദേഷ്യം കാരണം താനവനെ വേണ്ടെന്നു വയ്ക്കരുത്…” സൂര്യനാണ് അത് പറഞ്ഞത്. “ഞാൻ ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല. ഞാനാണ്. എന്റെ ജീവിതം ഇങ്ങനെ കീഴ്മേൽ മറിയാൻ കാരണക്കാരൻ നിങ്ങൾ ഒറ്റയൊരുത്തനാ. എനിക്ക് നിങ്ങളെ ശിക്ഷിക്കാൻ കഴിയാതെ പോയല്ലോ എന്ന ദുഃഖം മാത്രമേ എനിക്കിപ്പോ ഉള്ളു…

നിങ്ങളുടെ സഹോദരനെയും വിളിച്ചു കൊണ്ട് എന്റെ മുന്നീന്ന് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞാൻ എന്തെങ്കിലും പറഞ്ഞു പോകും.” സൂര്യന്റെ മുഖം വിളറി. “അങ്ങനെ അങ്ങ് പോകാനല്ല ഞാൻ ഇവിടെ വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത്. അപ്പു വാശിപിടിക്കാതെ എന്റെയൊപ്പം വരുന്നതാണ് നിനക്ക് നല്ലത്. ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് പോലുമറിയില്ല…” ശ്രീജിത്ത്‌ പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു വച്ച കത്തി പുറത്തെടുത്തു കൊണ്ട് പറഞ്ഞു. അപർണ്ണ അത് കണ്ട് ശക്തിയായി ഞെട്ടി. ശ്രീജിത്ത്‌ അവളുടെ അടുത്തേക്ക് ചുവടുകൾ വച്ചു. രാഹുൽ അവന്റെ നേർക്ക് ചാടി വീഴാൻ ആഞ്ഞതും അപർണ്ണ തടഞ്ഞു. “വേണ്ട രാഹുലേട്ടാ… എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്.”

“നിന്നെ കൊന്നിട്ട് ഞാനും മരിക്കും അപ്പു. പരാജിതനായി എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ ഒട്ടും ആഗ്രഹമില്ല. നിന്നെ വേണമെന്നത് എന്റെയൊരു വാശിയാണ്. അതിനിടയിൽ ആരെങ്കിലും തടസ്സമായി വന്നാൽ കൊല്ലാനും ഞാൻ മടിക്കില്ല. ജീവിതത്തിൽ പരാജയം മാത്രം ഏറ്റു വാങ്ങിയൊരു ജന്മമാണ് എന്റേത്. നിന്നെ കൂടി സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ വീട്ടുകാരെ മുന്നിലും സൂര്യന്റെ മുന്നിലും ഞാൻ കഴിവ് കെട്ടവനായി മാറും. രാഹുലിന്റെ ഒപ്പം നീ സന്തോഷത്തോടെ കഴിഞ്ഞിരുന്നെങ്കിൽ ഇടയിൽ ഞാൻ വരില്ലായിരുന്നല്ലോ. പക്ഷേ നിന്റെ തീരുമാനം അവനെയും വേണ്ട എന്നെയും വേണ്ട എന്നാണല്ലോ. അതിനു ഞാൻ സമ്മതിക്കില്ല. ഇനി നീ ജീവിക്കേണ്ടത് എന്റെ ഭാര്യായിട്ടാണ്…. ” ശ്രീജിത്ത്‌ ഒരു ഭ്രാന്തനെ പോലെ പുലമ്പി. അപർണ്ണ അവനെ ആദ്യമായി കാണുന്നത് പോലെ നോക്കി.

പതിയെ അവൾ രണ്ടു ചുവട് പിന്നോട്ട് വച്ചു. ശ്രീജിത്ത്‌ അവളുടെ തൊട്ട് മുന്നിലെത്തിയതും അപർണ്ണ അവന്റെ കയ്യിൽ നിന്നും കത്തി പിടിച്ചെടുത്ത് സ്വന്തം വയറ്റിൽ ആഞ്ഞു കുത്തി. കണ്ണടച്ച് തുറക്കുന്ന നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം നടന്നത്. ശ്വാസം വിലങ്ങിയത് പോലെ ശ്രീജിത്ത്‌ തരിച്ചു നിന്നു. വയറ്റിൽ നിന്നും കത്തി ഊരിയെടുത്തവൾ വീണ്ടും കുത്തി. മണൽ തരികളിൽ ചോരതുള്ളികൾ ഇറ്റു വീണു. “അപ്പൂ…. ” അലർച്ചയോടെ രാഹുൽ അവളുടെ അടുത്തേക്ക് പാഞ്ഞു. ഭയചകിതനായ ശ്രീജിത്ത്‌ കുഴഞ്ഞു മണ്ണിലേക്ക് ഇരുന്നു. ഭ്രാന്തനെ പോലെ അവൻ തലയിൽ കൈകൊണ്ടിടിച്ചു. രാഹുലിന്റെ മടിയിൽ കിടന്നു പിടയുന്ന അപർണ്ണയെ അവൻ കണ്ണീരോടെ നോക്കി.

“നീയെന്താ മോളെ ഈ കാണിച്ചത്…” തേങ്ങലോടെ രാഹുൽ ചോദിച്ചു. “രാഹുലേട്ടൻ എന്നോട് ക്ഷമിക്കണം. ഏട്ടന്റെ കൂടെ ജീവിക്കാനുള്ള യോഗ്യത എനിക്കില്ല. നിങ്ങളെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാ. ഏട്ടനുമായി പിരിഞ്ഞു കഴിഞ്ഞാൽ മരിക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം. ആർക്കും വേണ്ടാത്ത ഒരു ജന്മമാണ് എന്റേത്. ശ്രീയേട്ടനും എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. ഈ ജീവിതം എനിക്ക് മടുത്തു പോയി…. ഒരിക്കലും രാഹുലേട്ടന് ചേർന്ന പെണ്ണല്ല ഞാൻ…. ഞാൻ മരിക്കുന്നതാ എല്ലാവർക്കും നല്ലത്…ഏട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ എന്നോടൊരാൾ ആവശ്യപ്പെട്ടത് കൊണ്ടാണ് ഇന്ന് ഞാൻ ആ പെറ്റീഷനിൽ സൈൻ ചെയ്തത്.

അല്ലായിരുന്നെങ്കിൽ ഞാൻ.. ഞാൻ.. എന്റെ തീരുമാനം മാറ്റുമായിരുന്നു…. എല്ലാം തുറന്നു സംസാരിക്കാൻ ഇരിക്കയായിരുന്നു ഞാൻ….” അവളുടെ ഒച്ച ഇടറി.. രാഹുൽ തന്റെ ഷർട്ട്‌ ഊരി അവളുടെ വയറ്റിൽ ചുറ്റി കെട്ടി കൊടുത്തു. “നിന്റെ മനസ്സ് വിഷമിപ്പിച്ചത് ആരാ അപ്പു. എന്താണെങ്കിലും നിനക്കെന്നോട് തുറന്നു പറയാമായിരുന്നു…. ആര് പറഞ്ഞിട്ടാ നീ എന്നെ വിട്ടു പോകാൻ തീരുമാനിച്ചത്….” രാഹുൽ അവളെ തന്റെ കൈകളിൽ കോരിയെടുത്തു. “വേണ്ട രാഹുലേട്ടാ എന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. എന്നേക്കാൾ ഏട്ടനെ സ്നേഹിക്കാൻ അവൾ വരും. ഞാൻ പൊയ്ക്കോട്ടേ….” അവളുടെ സ്വരം നേർത്തു നേർത്തു വന്നു. അപർണ്ണയുടെ കണ്ണുകൾ മേൽപ്പോട്ട് ഉയർന്നു. ശ്വാസമെടുക്കാൻ അവൾ നന്നേ പാടുപെട്ടു. പിന്നെ ഒരു പിടച്ചിലോടെ അവളുടെ ശരീരം നിച്ഛലമായി. നടുക്കത്തോടെ രാഹുൽ അവളുടെ മുഖത്തേക്ക് നോക്കി. ഒരു നിലവിളി അവന്റെ തൊണ്ടയിൽ കുരുങ്ങി നിന്നു. തുടരും….

“അടുത്ത ഭാഗത്തോടെ കഥ തീരുകയാണ്… കഥ വൈകിയത് കൊണ്ട് ലെങ്ത് കൂട്ടി എഴുതിയിട്ടുണ്ട്. കഥ വൈകാൻ കാരണം വേറൊന്നുമല്ല. എന്റെ ഈ കഥ പേര് പോലും മാറ്റാതെ ഒരുത്തൻ അവന്റെ പ്രതിലിപിയിൽ 4 ഭാഗം വരെ അപ്‌ലോഡ് ചെയ്തു വരികയായിരുന്നു. കുറേപേർ വന്നു പറഞ്ഞപ്പോഴാ ഞാനത് അറിഞ്ഞത്. പിന്നെ ആ പ്രശ്നം ഒന്ന് സോൾവ് ആകും വരെ എഴുതാൻ പോലും തോന്നിയില്ല. സ്വന്തം കഥ തന്നെ മറ്റൊരാളെ പേരിൽ കാണുമ്പോൾ ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. ഇനി എഴുതണ്ട എന്ന് പോലും തോന്നിപോയതായിരുന്നു. ഇന്നത്തെ പാർട്ട്‌ കൊണ്ട് അവസാനിപ്പിച്ചാലോ എന്നൊക്കെ വിചാരിച്ചു ഇരിക്കയായിരുന്നു. പിന്നെ കരുതി മനസ്സിൽ ആഗ്രഹിച്ച പോലെ തന്നെ അവസാനിപ്പിക്കാമെന്ന്. സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദിയുണ്ട്. സ്നേഹത്തോടെ ശിവ )

വിവാഹ മോചനം : ഭാഗം 17

Share this story