ഹരി ചന്ദനം: ഭാഗം 47

ഹരി ചന്ദനം: ഭാഗം 47

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“നീ ഏട്ടനോട് എന്റെ കാര്യമെന്തോ പറഞ്ഞു വിട്ടല്ലോ? ” “അത്….. കിച്ചുവിട്ടാ ഞാൻ….. ” “ഞാൻ എങ്ങനെ ജീവിക്കുന്നു എന്നോർത്ത് മനസ്സ് നീറേണ്ട കാര്യമൊന്നും നിനക്കില്ല…. ” “കിച്ചുവേട്ടന് അത് പറയാം.അറിവില്ലായ്മയുടെ പേരിലാണെങ്കിൽ പോലും ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്.കിച്ചുവേട്ടന്റെ ജീവിതം നശിപ്പിച്ചത് ഞാൻ ഒരൊറ്റ ആളാണ്‌.ആ ഒരു ദുഃഖം എപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കും…. ” “ഓഹോ അപ്പോൾ നിന്റെ സമാധാനത്തിനു വേണ്ടിയാണല്ലേ….? ” “അങ്ങനെ എങ്കിൽ അങ്ങനെ.കിച്ചുവേട്ടൻ സമ്മതിക്കണം.ഒരു വർഷത്തിന് ശേഷം മ്യുച്വൽ ഡിവോഴ്സിന് ശ്രമിച്ചാൽ അധിക കാല താമസം വേണ്ടി വരില്ലെന്നാണ് അറിയാൻ കഴിഞ്ഞത്… ”

“ഓഹോ…അതൊക്കെ കണ്ടുപിടിച്ചോ? ഇത്രത്തോളമായ സ്ഥിതിക്ക് നിന്റെ ആഗ്രഹത്തിനു ഞാൻ എതിര് പറയുന്നില്ല.ആദ്യം ഡിവോഴ്സ് നടക്കട്ടെ….എന്തായാലും വെറുതെ ഒരു വിവാഹം കഴിച്ച് വിവാഹകമ്പോളത്തിൽ രണ്ടാം കേട്ടെന്ന പേര് ചാർത്തി നീയെന്റെ വിലയിടിച്ചു കളഞ്ഞില്ലേ? നോക്കാം നല്ല ഏതെങ്കിലും പെൺകുട്ടി എനിക്ക് ജീവിതം തരുവോന്നു… ” കിച്ചുവിന്റെ വാക്കുകൾ ദിയയെ വല്ലാതെ പൊള്ളിക്കുന്നുണ്ടായിരുന്നു.കുറ്റബോധം കൊണ്ട് ഒരു നിമിഷം അവളുടെ തല താഴ്ന്നു പോയി.എത്രയൊക്കെ നിയന്ത്രിച്ചിട്ടും കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകി…. “കിട്ടും….കിച്ചുവേട്ടനെന്ന നല്ല ഭർത്താവിന്റെ സ്നേഹവും കാത്ത് ഏതോ ഒരു ഭാഗ്യവതി അതിനായി കാത്തിരിപ്പുണ്ടാകും.”

ഒലിച്ചിറങ്ങിയ കണ്ണുനീർ അമർത്തി തുടച്ചു പതിയെ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു….ഇനിയൊന്നും കേൾക്കാൻ ശക്തിയില്ലാത്ത വണ്ണം അവൾ മൗനം പാലിച്ചപ്പോൾ അവൻ പതിയെ തിരിഞ്ഞു നടന്നു.ഇടയ്ക്കെന്തോ ഓർത്ത പോലെ അവൻ തിരിഞ്ഞു നിന്നപ്പോൾ അവൾ കണ്ണെടുക്കാതെ അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു. “അതേ…. ഇനി വീട്ടിലേക്കു തിരിച്ചില്ലെന്നാണോ? ഡെലിവറി ഓക്കെ ഇവിടെ ഹോസ്റ്റലിൽ തന്നെയാണോ? ” പുച്ഛത്തോടെ അവൻ ചോദിച്ചപ്പോൾ അവൾ പതിയെ ഒന്ന് ചിരിച്ചു. “അല്ല…..ഞാൻ വരും.കിച്ചുവേട്ടൻ ഒരു പുതിയ ജീവിതത്തിനു തയ്യാറെടുക്കുന്നെന്നു അറിയുന്ന നിമിഷം ഞാൻ വരും.” “ഓഹോ….

അപ്പോൾ നിന്റെ ഡെലിവറി വരെയാണ് എനിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സമയം.കൊള്ളാം…. ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം.ഒരു പക്ഷെ ഞാൻ കണ്ട് പിടിക്കുന്ന പുതിയ ആൾക്ക് എന്റെ ആദ്യ ഭാര്യ അതേ വീട്ടിൽ കഴിയുന്നതിനോട് താല്പര്യം ഇല്ലെങ്കിലോ….നീയെവിടെ പോകും ? ” കിച്ചുവിന്റെ ചോദ്യത്തിൽ ഞെട്ടി ഒരു ശില കണക്കെ നിൽക്കുകയായിരുന്നു അവൾ.അവൾക്ക് മറുപടി ഉണ്ടാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് വേറൊന്നും പറയാതെ അവൻ തിരിഞ്ഞു നടന്നു.ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കിയപ്പോൾ താൻ കൊടുത്ത കവറും നെഞ്ചിൽ ചേർത്ത് പിടിച്ച് നിലത്തേക്കൂർന്നു വീണ് പൊട്ടിക്കരയുന്ന അവളെ അവൻ ഒരു നോക്ക് കണ്ടിരുന്നു. *

നാട്ടിലേക്കുള്ള യാത്രയിൽ രാത്രി ബസ്സിൽ ഇരിക്കുമ്പോളാണ് H.P കിച്ചുവിനെ വിളിക്കുന്നത്‌. “ഹലോ ഏട്ടാ? ” “നീയെന്തിനാ പെട്ടന്ന് നാട്ടിലേക്ക് പോവുന്നത്? ” “അത്…. എന്റെ ഒന്ന് രണ്ട് ബുക്സ് അവിടെ ഇരിപ്പുണ്ട് അതെടുക്കാൻ… ” “എങ്കിൽ പിന്നേ പുതിയ ബുക്ക്‌ വാങ്ങിക്കൂടെ? ഇത്ര കഷ്ടപ്പെട്ട് പോയി എടുക്കണോ…. ” “ഇതങ്ങനേം ഇങ്ങനേം ഒന്നും കിട്ടുന്ന ബുക്ക്‌ അല്ല.റയർ ഐറ്റം ആണ്.ഞാൻ വായിച്ചിട്ടുള്ളവയിൽ വച്ച് ഏറ്റവും നല്ലരു ബുക്ക്‌.വൺ ഓഫ് മൈ ഫേവരെറ്റ്. ” “മ്മ്മ്മ്… അതൊക്കെ പോട്ടെ ഞാൻ ദിയയെ വിളിച്ചിരുന്നു.നീ അവിടെ പോയതായി പറഞ്ഞു. ” “അവൾ വിളിച്ചിട്ടുണ്ടാവുമെന്നു എനിക്ക് തോന്നി. ഞാൻ ചുമ്മാ പോയെന്നെ ഉള്ളൂ.. ” “മ്മ്… നന്നായി.അവൾ എല്ലാം പറഞ്ഞു.

നിന്റെ തീരുമാനം എന്ത് കൊണ്ടും നല്ലതാണ്.നിങ്ങൾ രണ്ടാളും സന്തോഷമായിട്ട് ഇരിക്കുന്നത് കണ്ടിട്ട് വേണം എനിക്ക്…. ” “സ്വൊസ്‌ഥമായി കണ്ണടയ്ക്കാൻ എന്നാണോ? ” ചിരിച്ചു കൊണ്ട് എടുത്തടിച്ച പോലെ കിച്ചു ചോദിച്ചപ്പോൾ H.P പോലും അറിയാതെ ചിരിച്ചു പോയി. “അല്ല…. ഒരു യാത്ര ഉണ്ട്…. ” “എങ്ങോട്ടാ…. കാശിരാമേശ്വരം വഴി ഉഗാണ്ടയ്ക്ക് ആണോ? ” “അല്ല….ഇത് റൂട്ട് വേറെയാ.അധികം ദൂരെയല്ല. ചിലപ്പോൾ കൊണ്ട് പോവാൻ ആളും വരും… ” H.P യുടെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിലും അയാൾ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാവാതെ ചെറിയൊരു ആശയകുഴപ്പത്തിൽ ആയിരുന്നു കിച്ചു.

“അതൊക്കെ വിട്… എന്തായാലും നിന്റെ തീരുമാനം നന്നായി.അതിൽ പോസിറ്റീവ് ആയ ഒരു പുരോഗതി ഉണ്ടാവുമ്പോൾ അവൾ ഹോസ്റ്റൽ വിട്ട് തിരിച്ചു വരാം എന്നാ പറഞ്ഞത്.അപ്പോൾ പിന്നേ ഉടൻ തന്നെ നിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കം പ്രതീക്ഷിക്കാം അല്ലേ? ” “മ്മ്മ്… നോക്കട്ടെ.” പിന്നെയും എന്തൊക്കെയോ H.P പറഞ്ഞെങ്കിലും എല്ലാം മൂളിക്കേട്ടതല്ലാതെ അവൻ തിരിച്ചൊന്നും പറയാതെ ഫോൺ പെട്ടന്ന് വച്ചു. ****** തുടർന്നുള്ള മാസങ്ങളിലും ദിയ ഹോസ്റ്റലിൽ തന്നെയായിരുന്നു.ഇടയ്ക്ക് ചെക്ക് അപ്പിന് വേണ്ടി H.P യൊ കിച്ചുവോ കൃത്യമായി വന്ന് അവളെ കൊണ്ട് പോകുമായിരുന്നു.ഇടയ്ക്കൊരു ദിവസം വീട്ടിൽ വന്നപ്പോൾ രാത്രി വെറുതെ ഏട്ടനോടൊപ്പം സംസാരിക്കാൻ റൂമിലേക്ക് ചെന്ന കിച്ചു കാണുന്നത് കട്ടിലിൽ ഇരുന്ന് ഫോണിൽ എന്തോ നോക്കി കണ്ണ് തുടയ്ക്കുന്ന H.P യെ ആണ്.

“ഏട്ടാ…. ” പെട്ടന്ന് കിച്ചുവിന്റെ വിളി കേട്ട് അയാൾ വെപ്രാളപ്പെട്ട് കണ്ണ് തുടച്ചു ഫോൺ ഓഫ്‌ ചെയ്ത് കട്ടിലിലേക്കിട്ടു. “എന്താ കിച്ചൂ? എന്തെങ്കിലും പറയാനുണ്ടോ? ” ഒന്നും സംഭവിക്കാത്തത് പോലെയുള്ള H.P യുടെ സംസാരം കിച്ചുവിനെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. “കൊള്ളാം…. ഏട്ടാ… അഭിനയം അസ്സലായി.” വല്ലാത്തൊരു ഭാവത്തോടെ കയ്യടിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ എന്താണെന്ന ഭാവത്തിൽ H.P നോക്കി. “സ്വൊന്തം ഭാര്യയുടെ ഫോട്ടോസ്‌ നോക്കാൻ ഇത്ര വെപ്രാളം കാട്ടേണ്ട ആവശ്യം ഒന്നുല്ല…. ” കിച്ചു തുറന്നടിച്ചു പറഞ്ഞപ്പോൾ മുഖത്തുള്ള പരിഭ്രമം മറയ്ക്കാൻ H.P നന്നേ പാടുപെടുന്നുണ്ടായിരുന്നു. “ഞാൻ…. ഞാൻ അതൊന്നും അല്ല.ഒരു ന്യൂസ്‌ കണ്ടപ്പോൾ നോക്കിതാ…. ”

“ആണോ? എങ്കിൽ പിന്നേ എന്റെ ഏട്ടന്റെ കണ്ണ് നിറയ്ക്കാൻ മാത്രമുള്ള ആ വാർത്ത എന്താണെന്നു ഞാനും ഒന്ന് കാണട്ടെ.” ഒട്ടും വിട്ടുകൊടുക്കാതെ കൈ കെട്ടി തന്നെത്തന്നെ വീക്ഷിക്കുന്ന കിച്ചുവിന് കൊടുക്കാൻ H.P യ്ക്ക് മറുപടി ഒന്നും ഇല്ലായിരുന്നു. “എന്തെ…. കാണിക്കുന്നില്ലേ? എത്രയൊക്കെ ഒളിച്ചാലും കുറച്ചൊക്കെ ഏട്ടനെക്കുറിച്ച് ഊഹിക്കാൻ എനിക്ക് പറ്റും. മുൻപും ഞാൻ ഇതുപോലെ വന്നപ്പോൾ ഏട്ടൻ ഇങ്ങനെ ഏട്ടത്തിടെ ഫോട്ടോയും നോക്കി കണ്ണീർ തുടയ്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.എത്രയൊക്കെ തള്ളിപ്പറഞ്ഞാലും ഏട്ടത്തിയോടുള്ള ഏട്ടന്റെ സ്നേഹത്തിനു കുറവൊന്നും വന്നിട്ടില്ലെന്ന് എനിക്കറിയാം.വെറും സംശയത്തിന്റെ പേരിലല്ല ഏട്ടൻ ഏട്ടത്തിയെ തള്ളിക്കളഞ്ഞതെന്നും എനിക്ക് മനസ്സിലായി.

പിന്നേ അതെന്താണെന്നു ഞാൻ ചോദിക്കുന്നില്ല കാരണം ഏട്ടനതു പറയില്ലെന്ന് എനിക്കറിയാം.പിന്നേ ഒരു വിശ്വാസം കൂടി ഉണ്ടെനിക്ക് ഇപ്പോഴും എന്ത് തന്നെയായാലും ഏട്ടന്റെ ഭാഗത്ത് എന്തെങ്കിലും തക്കതായ ന്യായം ഉണ്ടാവുമെന്ന്. ” “കിച്ചൂ…. ഞാൻ…. ” H.P എന്തോ പറയാൻ വന്നപ്പോളേക്കും കിച്ചു കൈ ഉയർത്തി അയാളെ തടഞ്ഞിരുന്നു. “വേണ്ട…. ഏട്ടാ….. ഏട്ടൻ ഓഫീസിലെ കാര്യങ്ങളിലൊന്നും ശ്രെദ്ധിക്കുന്നില്ലെന്ന് പറഞ്ഞു മാനേജർ വിളിച്ചിരുന്നു.ഏട്ടന്റെ കോലം തന്നെ നോക്ക് ഒരുമാതിരി ഭ്രാന്മാരെ പോലെ… ക്ഷീണിച് അവശനായി.ഇടയ്ക്ക് ദിയയുടെ അടുത്ത് പോവുന്നതല്ലാതെ പുറത്തേക്കൊന്നും ഇറങ്ങുന്നു കൂടി ഇല്ല.മിക്ക സമയവും റൂമിൽ ചടഞ്ഞു കൂടിയിരുന്നു ഇങ്ങനെ സ്വൊയം ശിക്ഷിക്കണോ?പോയി വിളിച്ചൂടെ ഏട്ടത്തിയെ.

പറയാനുള്ളതൊക്കെ ഏറ്റു പറഞ്ഞാൽ ഏട്ടത്തി ക്ഷമിക്കും.എനിക്കുറപ്പാ…. ” കിച്ചുവിന്റെ സംസാരം H.P യെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. “കിച്ചൂ…. നീ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടേണ്ട.ആദ്യം സ്വൊന്തം കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കു. പിന്നേ ഞാൻ ആരെയും എന്റെയീ നശിച്ച ജീവിതത്തിലേക്ക് വിളിക്കാനും കൂടെ കൂട്ടുവാനും ഒന്നും ഉദ്ദേശിക്കുന്നില്ല.രക്ഷപെട്ടോട്ടെ……” “എങ്കിൽ പിന്നേ എന്നോട് മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ ഏട്ടൻ നിര്ബന്ധിക്കുന്നതെന്തിനാ.. അല്ലെങ്കിൽ പിന്നേ ഒരു കാര്യം ചെയ്യൂ എന്തായാലും ഏട്ടത്തിയെ വേണ്ടാത്ത സ്ഥിതിക്ക് ഏട്ടനും വേറൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കു.എന്നിട്ട് മതി എന്നെ ഉപദേശിക്കുന്നത്. ”

മുഖത്തടിച്ചപോലെ സംസാരിച്ചിട്ട് വാശിയോടെ കിച്ചു മുറിവിട്ട് പോയി.അപ്പോഴേക്കും അവന്റെ വാക്കുകളിൽ ആകെ അസ്വസ്ഥനായി H.P കണ്ണടച്ചു കട്ടിലിലേക്ക് വീണിരുന്നു. ****** ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്ന് ചാരുവിന്റെ വീർത്തുന്തിയ വയറിൽ തലവയ്ച്ചു വാവയോടു വിശേഷങ്ങൾ പറയുകയായിരുന്നു ചാരു.അവൾ പറയുന്ന കിന്നാരങ്ങൾ എല്ലാം കേട്ട് ഇടയ്ക്കിടെ മറുപടിയെന്നോണം കുഞ്ഞും വയറിനുള്ളിൽ കിടന്നു പതിയെ ചലിച്ചു കൊണ്ട് മറുപടി കൊടുക്കുന്നുണ്ടായിരുന്നു.എല്ലാം കേട്ട് കൊണ്ട് ചന്തു ഒരു ചിരിയോടെ ഒരു കൈ കൊണ്ട് അവളുടെ വയറിൽ പിടിച്ചു മറുകൈ കൊണ്ട് ചാരുവിന്റെ മുടിയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ സംസാരം നിർത്തി അവൾ മാറി ഇരുന്ന് എന്തോ ചിന്തിക്കുമ്പോളാണ് ചന്തു സംശയത്തോടെ അവളെ നോക്കുന്നത്. “ചാരൂ…… നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ? ” “ഏയ് ഒന്നുല്ലേടാ….. എന്തെ അങ്ങനെ തോന്നാൻ? ” “അല്ല…. വന്നപ്പോൾ മുതൽ ശ്രദ്ദിക്കുന്നതാ…. എന്തോ കൺഫ്യൂഷൻ ഉള്ള പോലെ. ” “ഏയ്…. അത് നിനക്ക് തോന്നുന്നതാ….. ” “ആണോ? എന്റെ മുഖത്തോട്ടൊന്നു നോക്കിക്കേ? ” ചന്തു അത്രയും പറഞ്ഞപ്പോളേക്കും ചാരു അവളെ നോക്കി പല്ല് മുപ്പത്തിരണ്ടും കാട്ടി ഒരു വളിഞ്ഞ ചിരി പാസ്സാക്കി. “ഇപ്പോൾ ഷുവർ ആയി. എന്തോ പറയാനുണ്ട് വേഗം പറ.. ” “അത് പിന്നേ ചാരു…. ഞാൻ പറഞ്ഞില്ലേ ഞങ്ങൾക്കിപ്പോ ഒരു പ്രൊജക്റ്റ്‌ നടന്നോണ്ടിരിക്കുവാ…. രണ്ടു ദിവസായിട്ട് അതിന്റെ തിരക്കിലാ….ഇന്നലെയും ഇന്നുമായിട്ടു ഇവിടുത്തെ ഒരു ഫേമസ് സൈകാട്രിസ്റ്റിന്റെ അടുത്ത് ഞങ്ങൾ കുറച്ചു ഡീറ്റെയിൽസ് ഓക്കെ കളക്ട് ചെയ്യാൻ പോകുവായിരുന്നു….

പക്ഷെ ഇന്നവിടെ വച്ച്…. ” അത്രയും പറഞ്ഞു ചാരു ചന്തുവിനെ നോക്കിയതും അവൾ ആകാംഷയോടെ ബാക്കി എന്ത് പറയുമെന്നറിയാൻ ഉറ്റു നോക്കുന്നുണ്ടായിരുന്നു. “ഇന്നവിടെ വച്ച് ഞാൻ അവരെ കണ്ടു.ഡോക്ടർ ഷേർളിയെ…. ” “അവരോ….. എന്നിട്ട് നിന്നോട് അവരെന്തെങ്കിലും സംസാരിച്ചോ? ” “ഏയ് അവരുടെ മുഖ ഭാവം കണ്ടിട്ട് എന്നെ മനസ്സിലായില്ല എന്നാ തോന്നുന്നത്.ജസ്റ്റ്‌ ഒന്ന് കണ്ടു അത്ര തന്നെ.വേറെ ഒന്നും ഉണ്ടായില്ല.അവരുടെ ഫ്രണ്ട് ആണത്രേ ആ ഡോക്ടർ….ഇടയ്ക്ക് അവരെ ഞങ്ങൾക്ക് എല്ലാവർക്കും പരിചയപ്പെടുത്തി തന്നിരുന്നു.ചിലപ്പോൾ മറന്നു പോയി കാണും എന്നെ.

ആകെ ഒരു തവണയല്ലേ കണ്ടുള്ളൂ…. ” “മ്മ്മ്… ” ചന്തു മറുപടി ഒരു മൂളലിൽ ഒതുക്കി.ഇതത്ര കാര്യമായ വിഷയം ഒന്നും അല്ല അതാ ഞാൻ നിന്നോട് പറയണോ എന്നൊരു കൺഫ്യൂഷനിൽ ഇരുന്നത്.എന്തോ ചിന്തിച്ചിരിക്കുന്ന ചന്തുവിനെ ഒന്ന് കൂളാക്കാൻ ചാരു പറഞ്ഞതും ടീച്ചറമ്മയും ലെച്ചുവും അങ്ങോട്ട് വന്നു.പിന്നേ എല്ലാരും കൂടിയിരുന്നു ഓരോരോ കഥകൾ പറയാൻ തുടങ്ങിയതോടെ ചന്തു എല്ലാം മറന്ന് വീണ്ടും ഉഷാറായി തുടങ്ങിയിരുന്നു. ******* പിറ്റേന്ന് ചാരുവും കൂട്ടുകാരും തങ്ങളുടെ അവസാനത്തെ പ്രിപറേഷൻസും കഴിഞ്ഞു ഡോക്ടറോഡ് യാത്ര പറഞ്ഞ് ഇറങ്ങുമ്പോളാണ് അയാളുടെ സ്ഥാപനത്തിന്റെ ഗേറ്റിൽ വണ്ടിയിൽ ചാരി നിൽക്കുന്ന പരിചിതമായ മുഖം ശ്രദ്ധിക്കുന്നത്.

തന്റെ വരവറിഞ്ഞെന്നോണം അയാൾ അവൾക്ക് നേരെ തിരിഞ്ഞപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ അവൾ കിച്ചുവിനെ തിരിച്ചറിഞ്ഞു.പെട്ടന്ന് കണ്ടപ്പോൾ അവൾക്കതൊരു ഷോക്ക് ആയിരുന്നെങ്കിലും ആളെ ശ്രദ്ധിക്കാതെ പോവാൻ ശ്രമിച്ച അവളെ അവൻ തടഞ്ഞു നിർത്തി.അവൾ അത് പ്രതീക്ഷിച്ചുവെങ്കിലും കൂടെയുള്ള സുഹൃത്തുക്കൾ അയാളാരാണെന്നു അറിയാതെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. “ചാരൂ…. എനിക്ക് നിന്നോട് സംസാരിക്കണം…. ” “നിങ്ങൾ വഴി മാറൂ…. എനിക്ക് ഒന്നും സംസാരിക്കാനില്ല. ഞാൻ പോട്ടെ…. ” “പ്ലീസ് ചാരൂ ഒൺലി ഫൈവ് മിനുട്സ്. തനിക്ക് ഇപ്പോൾ പോവാം. പ്ലീസ്…. ” “ഞാൻ പറഞ്ഞല്ലോ എനിക്ക് സംസാരിക്കാൻ ഇല്ലെന്ന് പിന്നെന്താ….നിങ്ങൾക്ക് ചോദിക്കാനും പറയാനും ഉള്ളതൊക്കെ എന്താണെന്ന് എനിക്ക് ഊഹിക്കാം.ബട്ട്‌ മുൻപ് പറഞ്ഞതിനേക്കാൾ കൂടുതൽ എനിക്കൊന്നും പറയാനില്ല.” “ചാരൂ….ഞാൻ…. ”

“നോക്കൂ മിസ്റ്റർ കൃഷ്ണ പ്രസാദ്… ഇതൊരു പബ്ലിക് പ്ലേസ് ആണ്.വെറുതെ ഒരു സീൻ ക്രിയെറ്റ് ചെയ്യരുത്.” ചുറ്റിലും തങ്ങളെ തന്നെ ഉറ്റു നോക്കികൊണ്ടിരുന്നവരെ ഒന്നോടിച്ചു നോക്കി കൊണ്ട് അവൾ അവനോടായി പറഞ്ഞു.ശേഷം തിരിഞ്ഞു നടന്നു അവനെ മറികടന്നു പോവാനായി തുനിഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിത്തമിട്ടു.അവന്റെ പെട്ടന്നുള്ള പ്രവർത്തി ചാരുവിനെ അങ്ങേയറ്റം ചൊടിപ്പിച്ചിരുന്നു.അവളുടെ രൂക്ഷമായ നോട്ടം കണ്ടപ്പോളാണ് അവനു താൻ ചെയ്തതെന്താണെന്നുള്ള ബോധം ഉണ്ടായത്. “ഐ ആം സോറി…. ” ഉടനെ തന്നെ അവളുടെ കൈ അവൻ മോചിപ്പിച്ചെങ്കിലും പെട്ടന്നുള്ള ദേഷ്യത്തിൽ അവൾ അവന്റെ കവിളിൽ ആഞ്ഞടിച്ചു.

അവൻ കവിൾ പൊത്തി ചുറ്റും നോക്കുന്നതും എല്ലാവരും തങ്ങളെ തന്നെ ശ്രദ്ദിക്കുന്നതും കണ്ടപ്പോഴാണ് ചെയ്തത് ഒരൽപ്പം കൂടിപ്പോയെന്നു അവൾക്ക് തോന്നിയത്.അവൾ തന്നെ അവനോട് എന്തോ പറയാൻ വേണ്ടി വന്നതും ഒന്നും കേൾക്കാൻ നിൽക്കാതെ അവൻ വണ്ടിയെടുത്തു വേഗത്തിൽ ഓടിച്ചു പോയി. ****** തെറ്റു ചെയ്‌തെന്ന കുറ്റബോധം ചാരുവിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു ഒപ്പം രാവിലെ മുതലുള്ള വർക്കിന്റെ ടെൻഷനും എല്ലാം കൂടി അവൾ പതിവിലേറെ ക്ഷീണിച്ചായിരുന്നു വന്നത്.അതിനേക്കാളുപരി നടന്ന സംഭവങ്ങളുടെ വിശദീകരണം കൂട്ടുകാർക്ക് മുൻപിൽ എങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ചു അവൾ മടുത്തിരുന്നു.

വീട്ടിൽ വന്നപ്പോൾ മുതൽ അവളുടെ മനസ്സ് വായിച്ചറിഞ്ഞ പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്നു ചോദിച്ചു ചന്തു പിറകെ കൂടിയെങ്കിലും തലവേദന എന്ന് പറഞ്ഞു ഒഴിഞ്ഞതല്ലാതെ അവളോട് ഒന്നും തുറന്നു പറയുന്നില്ലെന്ന് ചാരു ഉറപ്പിച്ചിരുന്നു.കവിളും പൊത്തിപിടിച്ചു തലകുനിച്ചു പോവുന്ന കിച്ചുവിന്റെ ചിത്രം അവളുടെ അന്നത്തെ ഉറക്കം കെടുത്തിയിരുന്നു.അവന്റെ മുഖത്തുണ്ടായിരുന്ന ഭാവം എന്തായിരുന്നു എന്ന് ഒത്തിരി ചിന്തിച്ചിട്ടും അവൾക്കു വ്യക്തമാകുന്നുണ്ടായിരുന്നില്ല.അവനോടു മാപ്പ് പറയണമെന്ന ചിന്തയോടൊപ്പം തന്റെ പുറകെ അവൻ ഇവിടെ വരെ എത്തുമോ എന്ന ചിന്തയും അവളെ ആശയക്കുഴപ്പത്തിലാക്കി.പിറ്റേന്ന് രാവിലെയും അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ ചന്തുവും ടീച്ചറമ്മയും ശ്രദ്ധിച്ചിരുന്നു.

എങ്കിലും ഇത്തവണ പ്രോജക്ടിന്റെ ടെൻഷൻ ആണെന്ന് പറഞ്ഞു അവൾ തടിതപ്പി. രാവിലെ പതിവ് പോലെ ചന്തുവിനോപ്പം കോളേജിലേക്ക് ഇറങ്ങാൻ വേണ്ടി കാത്തിരിക്കുവായിരുന്നു ചാരു.ആദ്യമൊക്കെ മടിയായിരുന്നെങ്കിലും ഡെലിവറി ഡേറ്റ് അടുക്കാറായെങ്കിൽ കൂടി ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ ഇപ്പോൾ ചന്തുവിന് വലിയ ഉത്സാഹമായിരുന്നു.ഒരുങ്ങിയിറങ്ങിയ നേരത്ത് മരുന്ന് കഴിക്കാൻ മറന്നെന്നോർത്തു തിരിച്ചുപോയ ചന്തുവിനെയും നോക്കി നിൽക്കുമ്പോളാണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം ചാരു കേട്ടത്.പെട്ടന്ന് തന്നെ ചെന്ന് ഡോർ തുറന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ആളെ കണ്ട് ചാരു പകച്ചു പോയി.കിച്ചുവേട്ടൻ…. അവള് മെല്ലെ ഉരുവിട്ടതും കാറ്റുപോലെ അവളെ മറി കടന്ന് ഉള്ളിലേക്ക് കടന്ന അവനെ കണ്ട് അവൾക്കും ദേഷ്യം ഇരച്ചെത്തി. “നിങ്ങൾക്ക് ഇന്നലെ കിട്ടിയതൊന്നും പോരെ? ”

“ഏട്ടത്തി എവിടെ? ” അവളുടെ ചോദ്യം കൂസാതെയുള്ള അവന്റെ മറു ചോദ്യം അവളെ അങ്ങേയറ്റം ദേഷ്യം പിടിപ്പിച്ചു. “നിങ്ങളുടെ ഏട്ടത്തിയൊന്നും ഇവിടെയില്ല. അവൾ പപ്പേടെ അടുത്തേക്ക്….. ” അവളെ മുഴുവൻ പറയാൻ അനുവദിക്കാതെ ചൂണ്ടുവിരൽ ചുണ്ടിനു മുകളിൽ വച്ച് ദേഷ്യത്തോടെ അവൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. “ശൂ….നീ പറഞ്ഞത് കള്ളമാണെന്ന് നിന്നെ പോലെ തന്നെ എനിക്കും നല്ല ബോധ്യമുണ്ട്.ഇവിടെ മൊത്തം നാല് സ്ത്രീകൾ താമസമുണ്ടെന്നു അന്വേഷിച്ചറിഞ്ഞാ ഞാൻ വന്നത്. അത് കൊണ്ട് നീയായിട്ടു ഏട്ടത്തിയെ വിളിക്കുന്നോ? അതോ ഞാൻ കയറി തപ്പണോ? ” അവൻ പറഞ്ഞു നിർത്തുമ്പോൾ എന്ത് പറയണമെന്നറിയാതെ സ്തബ്ധയായി നിൽക്കുകയായിരുന്നു ചാരു.

അപ്പോഴേക്കും ബഹളം കേട്ട് ടീച്ചറമ്മയും പുറകെ ചന്തുവും എത്തിയിരുന്നു.ടീച്ചറമ്മയുടെ പുറകെ വരുന്ന ചന്തുവിനെ കണ്ടതും കിച്ചുവിന്റെ മുഖത്തൊരു വിജയച്ചിരി ഉണ്ടായിരുന്നു.അടുത്ത നിമിഷം അവളുടെ വീർത്ത വയറിലേക്ക് കണ്ണെത്തിയതും സന്തോഷം കൊണ്ടു അവന്റെ മുഖം വികസിച്ചതിനൊപ്പം കണ്ണുനീർ തിങ്ങിനിറഞ്ഞു അവന്റെ കാഴച മറഞ്ഞു പോയി.കിച്ചുവിനെ പെട്ടന്ന് കണ്ടെങ്കിൽ കൂടി ചന്തുവിന്റെ മുഖത്ത് ആ കൂടിക്കാഴ്ച പ്രതീഷിച്ചെന്നോണം പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.വേഗം കണ്ണ് തുടച്ചു അവൻ ഓടിച്ചെന്നു അവളെ കെട്ടിപ്പിടിച്ചു. “ഏട്ടത്തി…..ഒരു വാക്ക്… പറഞ്ഞില്ലല്ലോ? ” അവൻ പരിഭവത്തോടെ പറയുമ്പോളും അവളിൽ നിന്നും പ്രതികരണമൊന്നും ഇല്ലാഞ്ഞു അവനവളിൽ നിന്നും പതിയെ വിട്ടകന്നു.

“നിനക്ക് സുഖമാണോ കിച്ചു? ” നിസ്സംഗതയോടെയുള്ള അവളുടെ ചോദ്യം അവനെ തെല്ലൊന്നു ആശ്ചര്യപ്പെടുത്തി. “ഞാൻ എത്ര നാളായി അന്വേഷിക്കുന്നു എന്നറിയാമോ? നാട്ടിൽ പോയി അന്വേഷിക്കുമ്പോളേക്കും വൈകി പോയിരുന്നു.നിങ്ങൾ അവിടുന്ന് താമസം മാറി. ഒരുവേള ഏട്ടത്തി യു എസ്സിലേക്ക് പോയെന്നു ഞാനും വിശ്വസിച്ചു.എന്നാൽ ഏട്ടത്തിയെയും ഓർത്ത്‌ ഒരാളവിടെ നീറി നീറി കഴിയുന്നത് കണ്ടപ്പോൾ എവിടെ പോയി അന്വേഷിച്ചിട്ടായാലും ഏട്ടത്തിയെ കണ്ടു പിടിക്കുമെന്നു കരുതി രണ്ടും കല്പ്പിച്ചു ഇറങ്ങീതാ…ചാരു വഴി തന്നെയാണ് അന്വേഷണം തുടങ്ങിയത്.പക്ഷെ അടുത്തെത്തിയെന്നു തോന്നിയ പല നിമിഷങ്ങളിലും സാഹചര്യങ്ങൾ വീണ്ടും അകറ്റി നിർത്തി.

ഒടുക്കം ഷേർളിയാന്റി പറയുമ്പോളും വല്യ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു. പക്ഷെ ഇങ്ങനെ…. ഇങ്ങനെ….ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല.എന്റെ….എന്റെ ഏട്ടന്റെ കുഞ്ഞ്… ” അവന്റെ അവസാനത്തെ വാക്കുകൾ കേൾക്കെ ചന്തുവിൽ ഒരു പുച്ഛചിരി തെളിഞ്ഞു കാണാമായിരുന്നു. “അല്ലെങ്കിലും നമ്മൾ പ്രതീക്ഷിക്കുന്നതൊന്നും അല്ലല്ലോ ജീവിതത്തിൽ സംഭവിക്കുന്നത് കിച്ചൂ.പിന്നേ കുഞ്ഞിന്റെ കാര്യം ആണെങ്കിൽ ഇത് എന്റെ മാത്രം കുഞ്ഞാണ്.വേറെ ആർക്കും ഒരാവകാശവും ഇതിന് മേൽ ഇല്ല. ” “അത്രയ്ക്ക് വെറുത്തു പോയോ ഏട്ടനെ….? ” “നിന്റെ ഏട്ടൻ എന്നെയല്ലേ കിച്ചൂ വെറുത്തത്….ഞാൻ അഴിഞ്ഞാടി നടക്കുന്നെന്നു സംശയം ഉള്ള നിന്റെ ഏട്ടന് ഇതെങ്ങനെ സ്വൊന്തം കുഞ്ഞാവും…. ”

“എട്ടത്തീ…..ഏട്ടൻ അത്രയ്ക്ക് ചീപ്പ്‌ ആയി ചിന്തിക്കില്ലെന്നു അന്നത്തെ പോലെ ഇന്നും ഞാൻ പറയുന്നു.വേറെന്തോ കാരണം ഉണ്ടു.അത് എന്താണെന്ന് എന്നോട് പറയില്ലെന്ന് വാശിയാണ് ഏട്ടന്.പക്ഷെ ഏട്ടത്തിയോട് പറയുമായിരിക്കും… ഏടത്തിയുടെ അവസ്ഥ അറിഞ്ഞാൽ ഉറപ്പായിട്ടും ഏട്ടൻ ഓടിയെത്തും. ” “എന്തിന്… ഓടിയെത്തിയിട്ടെന്തിനാ കിച്ചൂ ഈ കുഞ്ഞ് അയാളുടേതല്ലെന്നു കൂടി പറയാനോ….? പിന്നേ നിന്റെ ഏട്ടൻ എന്തിനാണിങ്ങനെ ചെയ്തതെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു മുൻപ്. പക്ഷെ ഇപ്പോൾ എനിക്ക് ഒന്നും അറിയേണ്ട.സംഭവിച്ചതൊക്കെ നല്ലതിനാണെന്നു വിചാരിച്ചു കഴിയാ ഞാൻ.” “ഇതിലും മോശമായി ഒരു ഭ്രാന്തനെ പോലെയാ ഏട്ടന്റെ നടപ്പ്.

കണ്ടിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാ…. ഞാൻ.ആദ്യം ഏട്ടത്തിയെ സംശയിച്ചതിനു ഏട്ടനോട് എനിക്കും ദേഷ്യമായിരുന്നു.ഡിവോഴ്സ് നോട്ടീസ് അയച്ചപ്പോൾ ഇങ്ങനെ സംശയിച്ചു ജീവിക്കുന്നതിലും നല്ലത് ഏട്ടത്തി രക്ഷപ്പെടുന്നതാണെന്നും കരുതിയിരുന്നു.പക്ഷെ പലപ്പോഴും ഏടത്തിയുടെ ചിത്രവും നോക്കി കണ്ണ് നിറച്ചിരിക്കുന്നു ഏട്ടനെ കണ്ടില്ലെന്നു നടിക്കാൻ വയ്യാഞ്ഞിട്ടാ….അതാ ഞാൻ വക്കീലിനെ കണ്ട് ഡിവോഴ്സ് പ്രോസിജിയർ പോലും സാവകാശം മതിയെന്ന് ആവശ്യപ്പെട്ടത്.പിന്നേ ഏട്ടത്തിയെന്നല്ല നമ്മളാരും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ടായിരുന്നു.

ഞാൻ….. ” “മതി…. നിർത്തു കിച്ചു… ” ദേഷ്യത്തോടെ കൈ ഉയർത്തി അവൾ അവനെ തടഞ്ഞപ്പോൾ അവളിൽ അങ്ങനൊരു ഭാവമാറ്റം അപരിചിതമാണെന്ന പോലെ എല്ലാവരും ഉറ്റു നോക്കുന്നുണ്ടായിരുന്നു. “ഇനി ഒന്നും എനിക്ക് കേൾക്കേണ്ട. നിങ്ങളുടെ കുടുംബകാര്യത്തിൽ തലയിടാൻ എനിക്ക് താല്പര്യവും ഇല്ല. പിന്നേ ഡിവോഴ്സ് അത് അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ.കൂടുതൽ ഒന്നും കിച്ചുവിന് പറയാൻ ഉണ്ടാവില്ലെന്ന് കരുതുന്നു.എനിക്ക് ക്ലാസ്സ്‌ ഉണ്ട്.ഇനിയും നിന്നാൽ ലേറ്റ് ആവും. കിച്ചുവിനും പോവാം…. ” വാതിൽ ചൂണ്ടി അവളത് പറഞ്ഞു നിർത്തിയതും അവൻ നിസ്സഹായനായി എല്ലാ മുഖങ്ങളിലേക്കും നോക്കുന്നുണ്ടായിരുന്നു എങ്കിൽ കൂടി ചന്തുവിന്റെ വാക്കുകൾക്കു മുൻപിൽ ആർക്കും ഒന്നും മറുത്തു പറയാൻ ഇല്ലായിരുന്നു.കിച്ചു പതിയെ കണ്ണ് നിറച്ചു കൊണ്ടു വാതിൽക്കലേക്കു നീങ്ങി.

ഇറങ്ങാൻ തുടങ്ങുമ്പോൾ ഇടയ്ക്ക് ചന്തുവിന്റെ പിൻവിളി കേട്ട് പ്രതീക്ഷയോടെ അവൻ തിരിഞ്ഞു നോക്കി. “അതേ… നിന്റെ ഏട്ടൻ ഇതുവരെ ഒന്നും അറിയാത്ത സ്ഥിതിക്ക് ഇനിയും അങ്ങനെ തന്നെ മതി.ആരും എന്നിലോ എന്റെ കുഞ്ഞിലോ അവകാശം പറഞ്ഞു ഇങ്ങോട്ട് വന്നേക്കരുത്.” അത്രയും പറഞ്ഞു അവനു മുൻപിൽ വാതിൽ കൊട്ടിയടച്ചു നിൽക്കുമ്പോൾ ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ ഒരു വല്ലാത്ത ഭാവമായിരുന്നു ചന്തുവിന്.ഇത്തിരി കഴിഞ്ഞ് ചാരുവിനൊപ്പം ഇറങ്ങി ക്ലാസ്സിലേക്ക് പോയെങ്കിലും ഒട്ടും കോൺസെൻട്രേഷൻ കിട്ടാതെ വന്നപ്പോൾ പെട്ടന്ന് തിരിച്ചു പൊന്നു.അന്ന് മുഴുവൻ അസ്വസ്ഥമായൊരു മനസുമായി വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ.

ചാരുവും ടീച്ചറമ്മയും ലെച്ചുവും ഓക്കെ പലതും പറഞ്ഞുവെങ്കിലും അതൊന്നും അവളുടെ മനസ്സിനെ തണുപ്പിച്ചിരുന്നില്ല.ഇടയ്ക്കിടെ വയർ പൊത്തിപ്പിടിച്ചു ആർക്കും വിട്ടുകൊടുക്കില്ലെന്ന വിധം കുഞ്ഞിനെ അടക്കിപിടിച്ചു എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അന്ന് വളരെ വൈകിയാണ് ഉറക്കം അവൾ ഉറക്കം പിടിച്ചത്. രാവിലെ എണീറ്റ് പഴയ പോലെ നോർമൽ ആയി പെരുമാറിയെങ്കിലും വല്ലാത്തൊരു ആശങ്ക അവളെ വന്നു പൊതിയുന്നുണ്ടായിരുന്നു.അന്ന് ക്ലാസ്സിൽ പോവേണ്ടെന്നു ടീച്ചറമ്മയും ചാരുവും പറഞ്ഞെങ്കിലും തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് അവരെയൊക്കെ അറിയിക്കാനുള്ള ഒരു തരം വാശിയായിരുന്നു ചന്തുവിന്.ക്ലാസ്സിൽ ചെന്നിട്ടും വലിയ കോൺസെൻട്രേഷൻ ഒന്നും കിട്ടാതിരുന്നിട്ടു കൂടി അവൾ തോൽക്കാൻ മനസ്സില്ലെന്ന ഭാവത്തിൽ പിടിച്ച് നിന്നു.

ഇടയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചർ ഒരു വിസിറ്റർ ഉണ്ടെന്നു പറഞ്ഞപ്പോൾ അതുവരെ അടക്കാൻ ശ്രമിച്ചിരുന്ന ഭയം വീണ്ടും തലപൊക്കി തുടങ്ങിയത് അവൾ അറിഞ്ഞു.ഒരു നിമിഷം പോവണോ വേണ്ടയോ എന്ന് ചിന്തിച്ചെങ്കിലും അടുത്ത നിമിഷം കിച്ചുവിനെ പ്രതീക്ഷിച്ചു പോയ അവൾ കണ്ടത് H.P യെ ആയിരുന്നു. അയാളെ കണ്ട ഉടനെ മനസ്സിൽ അതുവരെ അടക്കി നിർത്തിയിരുന്ന സങ്കടങ്ങൾ അണപൊട്ടി ഒഴുകാൻ വെമ്പുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.എങ്കിലും കരയില്ല എന്ന വാശിയിൽ അവൾ പിടിച്ച് നിന്നു.അയാളുടെ ക്ഷീണിച്ച കണ്ണുകൾ പ്രതീക്ഷിയോടെ തന്റെ മുഖത്തേക്കും പിന്നേ അതിലേറെ സന്തോഷത്തോടെ തന്റെ വയറിലേക്കും നീളുമ്പോൾ അയാളുടെ ഇതുവരെ കാണാത്തൊരു രൂപം കണ്ടറിയുകയായിരുന്നു ചന്തു.

കണ്ണുകൾ കുഴിഞ്ഞു ക്ഷീണിച്ചു മെല്ലിച്ച ശരീരവും ഒപ്പം മുഖം മറയ്ക്കുന്ന വിധത്തിൽ വളർന്നു പാറികിടക്കുന്ന താടിയും മുടിയുമെല്ലാം ശെരിക്കും അയാളുടെ മാനസികാവസ്ഥ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.അയാളെ കണ്ട് തറഞ്ഞു നിൽക്കുന്ന ചന്തുവിന്റെ അടുത്തേക്ക് ഒട്ടും താമസമില്ലാതെ ഒരു കാറ്റുപോലെ H.P പാഞ്ഞെത്തിയിരുന്നു. “ച…ചന്തൂ…..നമ്മുടെ കുഞ്ഞ്….. ” അയാളുടെ സംസാരമാണ് അവളെ സ്വബോധത്തിലേക്കു എത്തിച്ചത്.നമ്മുടെ കുഞ്ഞെന്ന അയാളുടെ അഭിസംബോധന അവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു. “നമ്മുടെ കുഞ്ഞോ…. ആര് പറഞ്ഞു? ഇതെന്റെ കുഞ്ഞാ….എന്റെ മാത്രം.ഞങ്ങൾക്കിടയിൽ വേറാരും വേണ്ടാ…. കടന്നു പോ….. കടന്നു പോ എന്റെ മുൻപീന്നു.. ”

അവളെ ചേർത്തുപിടിക്കാനെന്നോണം അയാൾ നീട്ടിയ കൈകൾ തണ്ണിയെറിഞ്ഞു അവൾ H.P യ്ക്കു നേരെ ചീറി. അയാൾ വീണ്ടും എന്തോ പറയാനാഞ്ഞപ്പോൾ ഒന്നും കേൾക്കാനില്ലാത്തവണ്ണം അയാളുടെ നെഞ്ചിൽ ശക്തിയായി തള്ളി അവൾ തിരിഞ്ഞോടിയിരുന്നു.എത്രയൊക്കെ പിടിച്ചു നിൽക്കാൻ ശ്രമിച്ചിട്ടും അവസാനം അവളുടെ കണ്ണുകൾ അവളെ ചതിച്ചു.കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങിയപ്പോളും നിറവയറും താങ്ങിപ്പിടിച്ചു അവൾ ലക്ഷ്യമില്ലാതെ മുൻപോട്ട് ഓടിക്കൊണ്ടിരുന്നു , ഇടയ്ക്ക് കണ്ണിൽ ഇരുട്ട് കയറി നിലത്തേക്ക് ഊർന്നു വീഴും വരെ.കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങുമ്പോൾ ചന്തൂ…..എന്നുള്ള H.P യുടെ അലർച്ചയോടൊപ്പം ഭിത്തിയിൽ തലയിടിച്ചു മുഖത്തേക്ക് ഇറ്റിറ്റു വീണ ചോര തുള്ളികളായിരുന്നു അവൾ അവസാനമായി കണ്ടത്…..തുടരും…..

ഹരി ചന്ദനം: ഭാഗം 45

Share this story