സഹയാത്രികയ്ക്കു സ് ‌നേഹ പൂർവം: ഭാഗം 44

സഹയാത്രികയ്ക്കു സ് ‌നേഹ പൂർവം: ഭാഗം 44

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കൈ കഴുകിക്കൊണ്ട് നിൽക്കുമ്പോഴാണ് കോളിങ് ബെല്ലിന്റെ ശബ്ദം കിച്ചു കേൾക്കുന്നത്.. അവൻ രാധികയെ ഒരിക്കൽക്കൂടി നോക്കിക്കൊണ്ട് ചെന്നു വാതിൽ തുറന്നു. മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും അത്ഭുതത്തോടെ അവന്റെ കണ്ണുകൾ വിടർന്നു.. താനോ.. കേറി വാ.. കിച്ചു ഭദ്രയെ നോക്കി പറഞ്ഞതും അവൾ അകത്തേയ്ക്ക് കയറി വന്നു.. അപ്പോഴേയ്ക്കും വിച്ചുവും ഓടിയെത്തി.. ആഹാ രണ്ടാളും ഉണ്ടല്ലോ.. വാടോ.. കിച്ചു വിച്ചുവിനോടായി പറഞ്ഞു.. അവളും ഭദ്രയ്ക്ക് പുറകെ അകത്തേയ്ക്ക് നടന്നു.. ആഹാ.. നിങ്ങളായിരുന്നോ.. ഇരിക്ക്.. രാധിക കൈകഴുകിവന്നു കൈ സാരിതുമ്പിൽ തുടച്ചുകൊണ്ട് പറഞ്ഞു.. എന്താ മക്കളെ.. രാധിക ചോദിച്ചു.. ഇന്ന് ഡ്രെസ്സ് എടുക്കാൻ പോകുകയാണ്..

അറിയാമല്ലോ.. ഞങ്ങളുടെ ഭാഗത്ത്‌ നിന്ന് അങ്ങനെ ബന്ധുക്കൾ ആരും ഇല്ല.. സോ.. ബുദ്ധിമുട്ടില്ലെങ്കിൽ നിങ്ങളും കൂടെ വരണം.. അത് പറയാനാ ഞാനിപ്പോ വന്നത്.. മുഖവുരയേതുമില്ലാതെ ഭദ്ര വന്ന കാര്യം പറഞ്ഞതും കിച്ചുവും രാധികയും പരസ്പരം നോക്കി.. എപ്പോഴാടോ പോകുന്നത്.. കിച്ചു ചോദിച്ചു.. ഒരു 11 അരയൊക്കെ ആകുമ്പോ ഇറങ്ങാംന്നാ വിചാരിക്കുന്നത്.. ജിഷ്ണുവേട്ടനും മാഷും സുമാമ്മയുമൊക്കെ വരുന്നുണ്ട്.. പൊള്ളാച്ചിക്ക് പോകാമെന്നാ കരുതുന്നത്.. ഭദ്ര പറഞ്ഞു.. ഭദ്രേ.. അപ്പോഴേയ്ക്കും ആവേശത്തോടെ ദേവുവും ഓടി അവൾക്കരികിൽ എത്തിയിരുന്നു..

കിച്ചുവിനും രാധികയ്ക്കും അതിശയം തോന്നി.. വിച്ചുവിനെക്കാൾ അടുപ്പം അവൾക്ക് ഭദ്രയോടാണെന്നു തോന്നി.. എപ്പോഴും കളി ചിരികളോടെ അവളുടെ കൂടെ കൂടുന്നത് വിച്ചുവാണ് എന്നിട്ടും അവൾ എപ്പോഴും ഗൗരവത്തോടെ മാത്രം നടക്കുന്ന ഭദ്രയോട് വിച്ചുവിനെക്കാൾ കൂട്ടായതിന്റെ കാരണം മാത്രം അവർക്ക് മനസ്സിലായില്ല.. ഭദ്ര അവളെ നോക്കി.. നീ വരില്ലേ.. ഭദ്ര അത്രമാത്രം അവളോടായി ചോദിച്ചു.. സ്.. എവിടേയ്ക്കാ.. ഒരാലോചനയോടെ അവൾ ഭദ്രയോടായി ചോദിച്ചു.. വിച്ചൂന് കല്യാണ സാരിയെടുക്കാൻ.. ഭദ്ര അപ്പോഴും ഗൗരവത്തിലായിരുന്നു.. ദൂരെയാണോ നമ്മൾ പോകുന്നേ.. ദേവു ഉത്സാഹത്തോടെ ചോദിച്ചു.. മ്മ്.. നമുക്ക് പൊള്ളാച്ചിക്ക് പോകാം.. അവിടെ നമുക്ക് പറ്റിയ കടകൾ ഉണ്ടാകും..

ഭദ്ര ഗൗരവത്തോടെ പറഞ്ഞതും ദേവുവും ഗൗരവത്തിലായി.. മ്മ്.. ശെരിയാ.. എപ്പോഴാ നമ്മൾ പോകുക.. ഗൗരവത്തോടെ അവൾ ചോദിച്ചു.. ഒരു 10 11 മണി ആകുമ്പോ ഇറങ്ങാം.. ഇവിടെ നിങ്ങൾക്ക് സൗകര്യം ഉണ്ടാവോ.. ഭദ്രയും ചോദിച്ചു.. നമുക്ക് പോകാം അല്ലെ അമ്മേ… ഗൗരവത്തോടെ അവൾ രാധികയോട് ചോദിച്ചതും രാധിക അത്ഭുതത്തോടെ തലയാട്ടി.. ആ നിമിഷം അവളിൽ നിറഞ്ഞു നിന്നത് 5 വയസ്സുകാരിയുടെ കുട്ടിത്തം ആയിരുന്നില്ല.. 24 വയസ്സുകാരിയുടെ ഗൗരവമായിരുന്നു.. ഏട്ടൻ വരില്ലേ.. അവൾ കിച്ചുവിനോടയി ചോദിച്ചു.. അവനും അത്ഭുതത്തിൽ മൂളി.. അപ്പൊ ആ സമയത്ത്‌ ഒരുങ്ങി നിൽക്കാംട്ടോ.. ദേവു പറഞ്ഞതും വിച്ചുവും ഭദ്രയും പുഞ്ചിരിച്ചു.. അപ്പൊ ഞങ്ങൾ ഒരുങ്ങട്ടെ രാധികാമ്മേ.. ഇറങ്ങാറാകുമ്പോ വിളിക്കാമെ.. വിച്ചു പറഞ്ഞു..

രാധിക അവളെ നോക്കി.. ഒരു കല്യാണ പെണ്ണിന്റെ ഉത്സാഹമെല്ലാം അവളിൽ നിറഞ്ഞിട്ടുണ്ട്.. പഴയ തൊട്ടാ വാടിയിൽ നിന്നും എന്തൊക്കെയോ മാറ്റങ്ങൾ.. അവരുടെ മുഖത്തു അവളോടുള്ള വാത്സല്യം നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.. കിച്ചുവിന്റെ കണ്ണുകൾ ഭദ്രയിലായിരുന്നു.. ഈയടുത്തായിട്ടുള്ള ഓട്ടത്തിന്റെയാകാം.. അവൾ നല്ലതുപോലെ ക്ഷീണിച്ചിട്ടുണ്ട്.. കണ്ണുകൾക്ക് ചുറ്റിനും അതിന്റെ അടയാളമെന്നോണം ചെറിയ കറുപ്പ് ബാധിച്ചിട്ടുണ്ട്.. ഇപ്പോൾ തന്നെ വിയർത്താണ് നിൽക്കുന്നത്.. എവിടെയോ പോയി വന്നതേയുള്ളൂ എന്നു രൂപത്തിൽ നിന്നും വ്യക്തമാണ്.. അവർ യാത്ര പറഞ്ഞു നടന്നതും കിച്ചു അകത്തേയ്ക്ക് പോയി.. രാധിക അപ്പോഴും മറ്റേതോ ലോകത്തായിരുന്നു.. ആ ലോകത്ത് തന്റെ മകളുടെ വിവാഹദിവസം ആ അമ്മയുടെ മനസ്സിൽ നിറഞ്ഞു വന്നു..

എത്ര സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് അന്ന് തന്റെ മകളുടെ വിവാഹവേദിയിൽ അവളുടെ കൈപിടിച്ചു കൊണ്ടുവന്നത്.. അമ്മേ.. കൂടുതൽ ചിന്തകളിലേയ്ക്ക് പോകും മുൻപേ ദേവുവിന്റെ വിളിയാണ് അവരെ ചിന്തകളിൽ നിന്നുണർത്തിയത്.. ഈ ഡ്രസ് എങ്ങനെയുണ്ട്.. കയ്യിൽ കിച്ചു വാങ്ങി നൽകിയ ഒരു നല്ല ചുരിദാറും കൊണ്ട് നിൽക്കുന്ന ദേവുവിനെ അവർ നോക്കി.. എങ്ങനെ നടന്ന കുട്ടിയാണ്.. വിമലിന് അന്ന് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ… എങ്കിൽ ഏറ്റവും സന്തോഷിച്ചിരുന്നത് ശിവേട്ടൻ ആയിരുന്നേനെ..എങ്കിൽ ഈ മൂന്ന് ജീവിതങ്ങൾ ഇങ്ങനെ ആകുമായിരുന്നുവോ.. അവരുടെ കണ്ണുകൾ നിറഞ്ഞു.. താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് . അതോർത്തതും രാധികയ്ക്ക് മനസ്സ് വല്ലാതെ നീറി.. അവർ അകത്തേയ്ക്ക് നടന്നു.. ***********

ഇത് എങ്ങനെയുണ്ട്.. വിച്ചു ഒരു സാരി എടുത്ത് നോക്കിയതും ശ്രീമയി ചോദിച്ചു.. കൊള്ളാം.. രാധിക പറഞ്ഞു.. നല്ല ഭംഗിയുണ്ട്.. പീച് നിറത്തിൽ ചെറിയ ഗോൾഡൻ ബോർഡറുള്ള ആ സാരി സുമയ്ക്കും ഇഷ്ടമായിരുന്നു.. ഭദ്രേ.. ഇഷ്ടമായോ നിനക്ക്.. സുമ ചോദിച്ചു.. എനിക്കാണോ.. അവൾ ചോദിച്ചു. ആ.. നിനക്ക് ഡ്രെസ്സ് വേണ്ടേ.. അതോ കല്യാണത്തിന് വല്ല പഴയ ചുരിദാറും ഇടാനാണോ പ്ലാൻ.. ശ്രീമയി ചോദിച്ചു.. എനിക്കിത്ര വില കൂടിയ സാരിയൊന്നും വേണ്ട.. സാധാരണ ഒരെണ്ണം മതി.. അവൾ പറഞ്ഞു.. ഇത് അത്ര ആഡംബരം ഒന്നുമില്ല.. ഇതാകുമ്പോൾ വിച്ചുവിന്റെ കല്യാണ സാരിക്ക് ചേർന്ന നിറവുമാ.. ശ്രീമയി പറഞ്ഞു.. ശ്രീമയി.. നീ അതെടുത്തോ.. അതിന്റെ കാശ് ഞാൻ കൊടുത്തോളാം..

സുമ തീർപ്പ് കല്പിച്ചതോടെ മറ്റൊന്നും പറയാതെ ഭദ്ര അൽപ്പം മാറി നിന്നു.. കാളിന്ദി ചെറു ചിരിയോടെ മാറി നിൽക്കാൻ ശ്രമിച്ചെങ്കിലും അവൾക്കും ഭദ്രയ്ക്കും ഒരുപോലെയുള്ള സാരി തന്നെ സുമ നിർബന്ധപൂർവം എടുപ്പിച്ചു.. അവൾ പതിയെ ചുരിദാറിന്റെ സെക്ഷനിലേയ്ക്ക് നീങ്ങി.. ഓരോന്നായി തിരഞ്ഞു ഒടുവിൽ അവൾക്കൊരുപാട് ഇഷ്ടപ്പെട്ട ഒരു ഇളം നീല ചുരിദാർ അവൾ കയ്യിലെടുത്തു.. പതിയെ സാരി സെക്ഷനിലേയ്ക്ക് നീങ്ങി അവിടെ രാധികയ്ക്കൊപ്പം നിന്ന ദേവുവിനെ തനിക്കാരികിലേയ്ക്ക് അവൾ കൈ കാട്ടി വിളിച്ചു.. അവളോടി ഭദ്രയ്ക്കരികിൽ ചെന്നു.. തന്റെ കയ്യിലിരുന്ന ചുരിദാർ അവൾ ദേവുവിനെ നിർത്തി അളവ് പാകമാണോ എന്നുറപ്പ് വരുത്തി..

രാധിക അപ്പോഴാണ് ഭദ്ര ചുരിദാറിന്റെ അളവ് നോക്കുന്നത് കണ്ടത്.. അവർ ദേവുവിനരികിലായി ചെന്നു നിന്നു.. എന്താ ദേവു. അവർ ചോദിച്ചു.. ഇഷ്ടമായോ. ഭദ്ര അവരെ നോക്കി ചോദിച്ചു.. ഇത്.. ദേവുവിനാണ്.. ഭദ്ര പറഞ്ഞു.. ഇതിന്റെ ആവശ്യമുണ്ടോ മോളെ.. രാധിക ചോദിച്ചു. ഉണ്ട്.. ഭദ്ര പറഞ്ഞു.. ഇത് ഒത്തിരി വിലയുള്ള ചുരിദാർ അല്ലെ.. രാധിക വില നോക്കി ചോദിച്ചു.. ഞാൻ വില നോക്കിയില്ല.. ഒരുപാട് വിലയാണെന്ന് തോന്നിയുമില്ല.. ഇഷ്ടമായോ ചുരിദാർ.. അല്ലെങ്കിൽ മറ്റൊന്ന് എടുക്കാം.. അവൾ പറഞ്ഞു.. രാധികയ്ക്ക് മറുത്തൊന്നും പറയുവാനുള്ള അവസരം കിട്ടിയില്ല.. ദേവുവിന് ഇഷ്ടമായി എന്നു പറഞ്ഞതും അവൾ ചുരിദാർ കയ്യിലെടുത്തു..

സാരി സെക്ഷനിൽ ചെന്ന് അവൾക്ക് ഇഷ്ടമുള്ള ഒരു സാരിയും തിരഞ്ഞെടുത്തു.. ഭദ്രയ്ക്ക് എടുത്ത അതേ സാരിയുടെ മറ്റൊരു നിറമായിരുന്നു അവൾ എടുത്തത്.. ഇഷ്ടമായോ.. അവളുടെ ചോദ്യം കേട്ടതും രാധിക നിറകണ്ണുകളോടെ അവളെ നോക്കി.. അവൾ മറുപടിയൊന്നും പറഞ്ഞില്ല.. അത്രയും ദൂരം എല്ലാവരും കൂടെ വരുന്നതിനാൽ ശ്രീധരൻ മാഷ് അവർക്കൊപ്പം വന്നിരുന്നില്ല.. അതുകൊണ്ട് മാഷ് രാഘവൻ മാഷിന്റെ കൂടെ ഇരുന്നുകൊണ്ട് ഭദ്രയെയും വിച്ചുവിനെയും പറഞ്ഞുവീടുകയായിരുന്നു. ഭദ്ര അൽപ്പം മാറിയുള്ള മെൻസ് സെക്ഷനിൽ ചെന്ന് തനിക്കിഷ്ടപ്പെട്ട ഒരേ നിറത്തിലുള്ള രണ്ടു ഷർട്ടും അതിനു ചേരുന്ന കരയുള്ള മുണ്ടും തിരഞ്ഞെടുത്തു..

എത്ര വേണ്ട എന്നു പറഞ്ഞിട്ടും വിമലിനും കിച്ചുവിനും ഉള്ള ഷർട്ട് വാങ്ങി കിച്ചുവിന് നൽകുമ്പോൾ അവന്റെ മുൻപിൽ ഉണ്ടായിരുന്ന വാശിക്കാരിയായ ഉപദ്രവകാരിയായ ഭദ്രയിൽ നിന്നും ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ചുമലിലേറ്റിയ സ്നേഹാർദ്രയായ ഒരു പിന്നിലേയ്ക്ക് അവൾ ചേക്കേറിയിരുന്നു.. പക്ഷെ അപ്പോഴും ആ മുഖത്ത് സദാ നിലനിൽക്കുന്ന ഗൗരവ ഭാവം നിറഞ്ഞു നിന്നിരുന്നു.. പക്ഷെ ഇന്നാ ഗൗരവത്തെ പോലും താൻ വല്ലാതെ സ്നേഹിക്കുന്നു എന്നവൻ മനസ്സിലാക്കുകയായിരുന്നു.. വിച്ചുവിനുള്ള മന്ത്രകോടി എടുക്കുവാനും ഭദ്രയെ എല്ലാവരും കൂടെ നിർത്തിയെങ്കിലും അതിലൊന്നും ഒരുപാട് അഭിപ്രായം പറയാതെ മാറി നിൽക്കുന്ന ഭദ്രയെ കിച്ചു പലവട്ടം ശ്രദ്ധിച്ചെങ്കിലും അവൾക്കരികിൽ ചെല്ലുവാനോ എന്തെങ്കിലും സംസാരിക്കാനോ പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല അവനും..

ഡ്രെസ്സ് എടുത്തു കഴിഞ്ഞു അടുത്തുള്ള പ്രസിദ്ധമായ ഒരു സ്വർണ്ണകടയിൽ നിന്നു തന്നെ താലിയും മോതിരവും അവരെടുത്തു.. ബാക്കി ആഭരണമെല്ലാം വിച്ചുവിനെ കൂട്ടി പോയി ഭദ്ര നേരത്തെ എടുത്തു വെച്ചിരുന്നു.. കല്യാണ സാരിയിലും ആഭരണത്തിലും അടക്കം അധികം ആഡംബരം വേണ്ട എന്നത് അവരെല്ലാം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു… ഭദ്ര പലപ്പോഴും ദേവുവിനെ അവളോടൊപ്പം ചേർത്തു നിർത്തുന്നതും മറ്റുള്ളവർക്കെല്ലാം ഒരു അത്ഭുതമായിരുന്നു.. കാളിന്ദി പലപ്പോഴും വിച്ചുവിനൊപ്പം തന്നെ കൂടി.. വിച്ചുവിന് അതൊരു വല്ലാത്ത ബലവുമായിരുന്നു. **

ശിവേട്ടാ.. ഞാൻ അമ്പലത്തിൽ വരെ പോയി വരാമേ.. ഭദ്ര പറഞ്ഞുകൊണ്ടിറങ്ങിയതും അയാൾ അവളെ തടഞ്ഞു നിർത്തി.. എന്റെ ഭദ്രേ.. നേരം എത്രയായി എന്നറിയുമോ.. മണി 10 ആകാറായി.. നാളെ രാവിലെ കല്യാണമാണ്.. അപ്പോഴാ അവൾ.. ശിവേട്ടൻ പറഞ്ഞു.. പന്തലിലെ കാര്യങ്ങളൊക്കെ ഓകെ ആയോന്ന് നോക്കട്ടെ ശിവേട്ടാ.. അവൾ പറഞ്ഞു.. അവിടെ എല്ലാം ഓകെ ആയി.. അവിടെ കുറച്ചു മുൻപേ ഞാനും കിച്ചുവും കൂടി പോയി നോക്കിയതെയുള്ളൂ.. ആ പയ്യൻ അവിടെ ഉണ്ടായിരുന്നു.. ദേ ഒരു 5 മിനിറ്റ് മുന്പാ ഇങ്ങോട്ട് വന്നത്. ഇപ്പൊ ജിഷ്ണു വിളിച്ചിട്ട് അങ്ങോട്ട് പോയതെയുള്ളൂ.. അയാൾ പറഞ്ഞു.. ഭദ്രേ.. ദേ നാളെ പന്തലിലേയ്ക്ക് വേണ്ട മുണ്ടൊക്കെ എടുത്തു വെച്ചോന്ന് മാഷ് ചോദിക്കുന്നു..

രാധിക വന്നു ചോദിച്ചതും അവൾ അകത്തേയ്ക്ക് ഓടി.. പാവം കുട്ടി.. ശ്വാസം വിടാൻ പോലും അതിനിപ്പോ സമയം കിട്ടുന്നില്ല.. ശിവേട്ടൻ രാധികയോടായി പറഞ്ഞു.. രാധിക ഒന്നു പുഞ്ചിരിച്ചു.. അല്ല കൊച്ചേന്തിയെ.. ശിവേട്ടൻ ചോദിച്ചു.. അകത്ത് വിച്ചുവിന്റെ കയ്യിൽ മൈലാഞ്ചി ഇട്ടത് കണ്ടിട്ട് അതുപോലെ വേണമെന്ന് പറഞ്ഞതിന് വിച്ചുവും കാളിന്ദിയും കൂടെ അവിടെ പിടിച്ചിരുത്തി മൈലാഞ്ചി ഇട്ടു കൊടുക്കുന്നുണ്ട്.. രാധിക പറഞ്ഞു.. ശിവേട്ടൻ ചിരിച്ചുകൊണ്ട് പുറകിൽ ആഹാരം പാചകം ചെയ്യുന്നിടത്തേയ്ക്ക് നടന്നു.. 12 ആകാറായപ്പോഴാണ്‌ എല്ലാം ഒന്നൊരുക്കി വെച്ചു കിച്ചുവും വിമലും കൂടി വീട്ടിലേയ്ക്ക് വന്നത്.. ദേവു കിടന്നുറങ്ങിയിരുന്നു…

രാധികയെയും ഉറങ്ങാൻ പറഞ്ഞയച്ചു കിച്ചുവും വിമലും കൂടി കിടക്കാൻ പോയി.. മുറിയിൽ ചെന്ന് ഒന്നു കുളിച്ചു വന്നപ്പോഴാണ് കിച്ചുവിനൊരു ആശ്വാസമായത്.. ആഹാ ഇറങ്ങിയോ.. ദാ.. വിമൽ അപ്പോഴേയ്ക്കും രണ്ടു കട്ടൻ കാപ്പിയുമിട്ട് മുറിയിലേയ്ക്ക് വന്നിരുന്നു.. എന്തിനാടാ ഇപ്പൊ കാപ്പിയിട്ടത്.. ഹേ.. ഒന്നിരിക്കണം എന്നും പറഞ്ഞു വന്നതല്ലേ നീ.. കിച്ചു ചോദിച്ചു.. ഹാ.. ഇത് പിടിക്ക് ചെക്കാ.. നല്ല തലവേദന എന്നല്ലേ പറഞ്ഞത്.. ഇതൊരു പിടി പിടിക്ക്.. അവൻ പറഞ്ഞു.. കിച്ചു അത് വാങ്ങി ജനാലിക്കാരികിലേയ്ക്ക് നീങ്ങി നിന്നു.. ഭദ്രയുടെ വീടിന്റെ പിന്നിൽ അപ്പോഴും പാചകത്തിന്റെ തിരക്കുകളിൽ മുഴുകി ആളുകൾ നിൽക്കുന്നുണ്ടായിരുന്നു.. കോടമഞ്ഞിന്റെ ഇടയിലും പാചകപ്പുരയിൽ നിന്നും ഉയർന്നു വരുന്ന പുക മനത്തേയ്ക്കുയർന്നു പൊങ്ങുന്നുണ്ടായിരുന്നു..

അപ്പോഴും അവർക്കരികിൽ ചൂട് കാപ്പിയുമെന്തി അവൾ നടക്കുന്നുണ്ടായിരുന്നു.. ചൂടിനെയും തണുപ്പിനെയും അവഗണിച്ചു കൂടെപിറപ്പിനെ നാളെ മറ്റൊരുവന്റെ കയ്യിലേല്പിക്കാൻ അവളോടി നടക്കുകയായിരുന്നു.. ആ കാഴ്ച കണ്ട് നിലാവിനൊപ്പം അവൻ നിന്നു.. അത്രമേൽ പ്രണയത്തോടെ.. *********** കോവിലിന് മുൻപിൽ ജിഷ്ണുവിനൊപ്പം വന്നിറങ്ങുമ്പോഴും കിച്ചുവിന്റെ കണ്ണുകൾ തേടിയത് ഭദ്രയെയായിരുന്നു.. വരനെ സ്വീകരിക്കാൻ തയാറായി വന്നവരുടെ കൂട്ടത്തിൽ ശിവേട്ടന്റെ മകൻ ജിത്തു മുന്പിലുണ്ടായിരുന്നു.. അവസ്‌നായിരുന്നു ജിഷ്ണുവിന്റെ കാൽ കഴുകി ഹാരമണിയിച്ചു സ്വീകരിച്ചത്.. ഭദ്രയുടെയും വിച്ചുവിനെയും സഹോദരന്റെ സ്ഥാനത്ത് നിന്ന് അവനത് ചെയ്യുന്നത് കണ്ട് വീൽ ചെയറിൽ ഇരുന്ന് മാഷ് കണ്ണു തുടയ്ക്കുന്നത് കിച്ചു കണ്ടിരുന്നു..

കൂട്ടത്തിലെവിടെയും ഭദ്രയെ കാണാഞ്ഞതിനാൽ തന്നെ കിച്ചുവിന്റെ കണ്ണുകളിൽ ചെറിയ നിരാശ പടർന്നിരുന്നു.. ജിഷ്ണുവും കൂട്ടരും ആദ്യം കോവിലിന് പിറത്തുനിന്ന് ദേവിയെ തൊഴുതു..ശേഷം സ്വീകരിക്കാൻ വന്നവരുടെ കൂടെ കൂടി.. വരനെ സ്വീകരിച്ചു മണ്ഡപത്തിൽ കൊണ്ടുവന്നാക്കിയതും ജിഷ്ണു എല്ലാവരെയും നോക്കി തൊഴുത് മണ്ഡപത്തിൽ ഇരുന്നു.. കിച്ചുവും വിമലും പന്തലിനടുത്തു തന്നെ നിന്നിരുന്നു..കല്യാണത്തിന് വളരെ ചുരുക്കം ആളുകളെയെ കല്യാണത്തിനായി ക്ഷണിച്ചിരുന്നുള്ളൂ.. ഭദ്ര ക്ഷണിക്കുന്ന കാര്യത്തിൽ എതിർപ്പൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അവരുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്ത് ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം മതി കല്യാണത്തിന് എന്നത് മാഷും മാഷിന്റെ സഹോദരങ്ങളും ചേർന്നെടുത്ത നിലപാടായിരുന്നു..

കിച്ചുവിന് സത്യത്തിൽ ആ കുടുംബത്തോട് വല്ലാത്ത ബഹുമാനം തോന്നിപ്പോയി.. ഒത്തൊരുമയോടെ സ്നേഹത്തോടെ വിച്ചുവിനെയും ആ കുടുംബത്തെയും തങ്ങളിലേയ്ക്ക് ചേർത്ത് പിടിക്കുന്നതിനു.. അവരിലൊരാളായി നിൽക്കുന്നതിനു.. മുഹൂർത്തം അടുക്കാറായതും താലപ്പൊലിക്കൊപ്പം വിവാഹവേഷത്തിൽ സർവ്വാഭരണ വിഭൂഷിതയായി നടന്നുവരുന്ന വിച്ചുവിനെ എല്ലാവരും കണ്ണെടുക്കാതെ നോക്കി നിന്നു.. വിച്ചുവിന് തൊട്ട് പിന്നിലായി സുമ നിര്ബന്ധിച്ചെടുപ്പിച്ച സാരിയുമണിഞ്ഞു കാളിന്ദിയും ഭദ്രയും നിൽക്കുന്നുണ്ടായിരുന്നു.. കിച്ചുവിന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത് ഭദ്രയിലാണ്..

പീച് കളറിൽ വീതിയുള്ള ഗോൾഡൻ ബോർഡറുള്ള സാരി ഭംഗിയായി ഞൊറിഞ്ഞുടുത്തു ഭംഗിയായി മുൻപിൽ നിന്ന് അൽപ്പം എടുത്തു ക്ലിപ്പ് ചെയ്തു വെച്ചിരിക്കുന്ന മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി അധികം മേക്ക് അപ്പ് ഒന്നും ഇടാതെ തന്നെ കണ്ണെഴുതി പൊട്ടും തൊട്ട് നിൽക്കുന്ന ഭദ്രയെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നുപോയി.. ഒരു നിമിഷം ഭദ്രയും അവനെ നോക്കി.. അടുത്തു നിൽക്കുന്ന വിമലിനെയും. താൻ തന്റെ ഇഷ്ടത്തിന് എടുത്തു നൽകിയ ഷർട്ടും മുണ്ടും ധരിച്ചു ജിഷ്ണുവിനരികിലായി നിൽക്കുന്ന അവരെ കണ്ടതും അവൾ ചെറുതായി ഒന്നു മന്ദഹസിച്ചു.. ജിഷ്ണുവിന്റെ കണ്ണുകൾ അപ്പോഴും വിച്ചുവിലായിരുന്നു.. വിവാഹ വേഷത്തിൽ ഏതൊരു പെണ്ണിനേയും പോലെ അവൾ വല്ലാതെ സുന്ദരിയായിരുന്നു.. കല്യാണം പ്രമാണിച്ചു വന്ന വിനയനും ശ്യാമയും രാധികയുടെയും ദേവുവിനെയും ഒപ്പം തന്നെ ഉണ്ടായിരുന്നു..

കൂടി നിന്ന എല്ലാവരുടെയും അനുഗ്രഹത്തോടെ ജിഷ്ണു വിച്ചുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ ആ താലി പിടിച്ചു നൽകാൻ പെങ്ങളുടെ സ്ഥാനത്ത് അവളുമുണ്ടായിരുന്നു.. കാളിന്ദി.. ജിഷ്ണുവിന്റെ കൈകൊണ്ട് അവളുടെ സീമന്തരേഖ ചുവക്കുമ്പോൾ മറ്റാരും കാണാതെ ഭദ്രയുടെ കണ്ണുകളിൽ നിന്നും രണ്ടിറ്റ് കണ്ണുനീർ കവിളിലേയ്ക്കു ഒഴുകിയിറങ്ങി.. അതോടൊപ്പം അവളാ നെഞ്ചിൽ കൈ ചേർത്ത് തന്റെ കൂടിപ്പിറപ്പിന്റെ നല്ല ജീവിതത്തിനായി പ്രാർത്ഥിച്ചു.. മോതിരം കൈമാറി പുടവയും നൽകിയ ശേഷം അവർ ഇരുവരും എഴുന്നേറ്റ് ചുറ്റും കൂടിയവരെ മുഴുവൻ വന്ദിക്കുമ്പോൾ അവരുടെ നല്ലതിന് വേണ്ടി ചുറ്റിനും കൂടി നിന്ന ഹൃദയങ്ങളിലത്രയും ഒരു പ്രാർത്ഥന നിറഞ്ഞിരുന്നു..

വീൽ ചെയറിലിരുന്ന് തന്റെ മകളുടെ കൈപിടിച്ചു അവന്റെ കയ്യിലേല്പിക്കുമ്പോൾ രാഘവൻ മാഷിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.. അച്ഛാ എന്നാദ്യമായി വിളിച്ചവൾ.. തന്നിലെ പുരുഷനെ അച്ഛൻ എന്ന നിർവൃതിയിലേയ്ക്ക് ആദ്യമായി ഉയർത്തിയവൾ.. തന്റെ കൈപിടിച്ചു ലോകം കണ്ടവൾ.. അച്ഛാ എന്നു വിളിച്ചു തന്റെ ചിറകിനടിയിൽ സുരക്ഷിതത്വം കണ്ടെത്തിയിരുന്നവൾ.. അവളിന്ന് ജീവിതത്തിലെ ഏറ്റവും മഹനീയമായ മറ്റൊരു സ്ഥാനത്തേയ്ക്ക് ഉയർന്നിരിക്കുകയാണ്.. ഒരു ഭാര്യ എന്ന പദവിയിലേക്ക്.. ഒരച്ഛന്റെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ തന്റെ കടമ നിർവഹിക്കുമ്പോൾ ആ മനസ്സിൽ ആദ്യമായി അവളെ കയ്യിലേറ്റ് വാങ്ങിയ നിമിഷമായിരുന്നു..

ചോരമണം മാറാത്ത ആ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചെന്നപോലെ അയാൾ അവളുടെ കൈപിടിച്ചേല്പിച്ചവന്റെ കൈകളോടൊപ്പം അവളുടെ കൈകളും തന്റെ മാറിലേക്ക് ചേർത്തുപിടിച്ചൊരു നിമിഷം കണ്ണടച്ചിരുന്നു.. അതേ.. അച്ഛൻ.. അതെന്നുമൊരു ബലം തന്നെയാണ്.. ജീവിതത്തിലെ ഏറ്റവും വലിയ ബലം… സുരക്ഷിതത്വം.. സ്നേഹം.. പലപ്പോഴും ഗൗരവത്തിന്റെ മുഖം മൂടി അണിയുമെങ്കിലും ആ മനസ്സിൽ ഉള്ള കരുതൽ.. മക്കൾക്കായി ആരാലും ശ്രദ്ധിക്കപ്പെടാതെ മാറ്റി വെയ്ക്കുന്ന സന്തോഷങ്ങളുടെ പകർന്നു നൽകുന്ന സ്നേഹത്തിന്റെ ബലമാണ് അച്ഛൻ… വിച്ചുവാ തോളിലേയ്ക്ക് ചേർന്ന് കരയുമ്പോൾ അപ്പോഴും താങ്ങാൻ മറ്റൊരു തോൾ അന്വേഷിക്കാതെ തന്റെ ചുമലിലേയ്ക്ക് അവളെ.. അവളുടെ സങ്കടങ്ങളെ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു..

എത്ര നിയന്ത്രിച്ചിട്ടും അപ്പോൾ മാത്രം അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ വിച്ചുവിന്റെ മുഖത്തേയ്ക്ക് പതിച്ചിരുന്നു.. അവളത് ഏറ്റ് വാങ്ങി വീണ്ടും പൊട്ടിക്കരയുമ്പോൾ കൂടി നിന്നവരിൽ പലരുടെയും കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടിയിരുന്നു.. അതിലത്രയും ജീവിതത്തിൽ തോറ്റ് പോയിട്ടും ചവിട്ടിയരയ്‌പ്പെട്ടിട്ടും ഉയർന്നു വന്ന രണ്ടു പെണ്കുട്ടികളോടുള്ള ബഹുമാനവും സ്നേഹവും നിറഞ്ഞിരുന്നു.. അവർക്കുള്ള പ്രാർത്ഥനകൾ നിറഞ്ഞിരുന്നു.. പെട്ടെന്ന് കൂടി നിന്ന ആളുകളെ വകഞ്ഞു മാറ്റി ജിത്തു ഓടിവന്ന് ഭദ്രയോട് എന്തോ പറഞ്ഞതും അവൾ തന്നിൽ ചേർന്ന് നിന്ന വിച്ചുവിനെ പിടിച്ചു മാറ്റി ഒഴുകിയിറങ്ങിയ കണ്ണുനീരിന്റെ തുടച്ചുമാറ്റി പുറത്തേയ്ക്ക് പാഞ്ഞിരുന്നു..

എന്താ ജിത്തൂ.. വനജാന്റി.. കിച്ചു എന്തോ അപകടം മണത്തതുകൊണ്ട് ചോദിച്ചതും ഭദ്ര പോകുന്ന വഴിയെ ഉറ്റു നോക്കിക്കൊണ്ട് അവൻ പറഞ്ഞതും ജിഷ്ണുവിന്റെയും കിച്ചുവിന്റെയും വിമലിന്റെയും കണ്ണുകളിൽ ഒരുപോലെ ഭയം രൂപപ്പെട്ടു.. നടക്കാൻ പോകുന്നതെന്തെന്നറിയതെ കിച്ചുവും വിമലും അവൾക്ക് പിന്നാലെ പുറത്തേയ്ക്ക് പായുമ്പോഴും ഭയത്തോടെ നിൽക്കുന്ന വിച്ചുവിനെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കുകയായിരുന്നു ജിഷ്ണു….തുടരും

സഹയാത്രികയ്ക്കു സ്‌നേഹ പൂർവം: ഭാഗം 43

Share this story