അറിയാതെൻ ജീവനിൽ: ഭാഗം 17

അറിയാതെൻ ജീവനിൽ: ഭാഗം 17

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

തിരിച്ചു വീട്ടിലെത്തുന്നതു വരെ കണ്ണു നിറഞ്ഞൊഴുകിയിരുന്നു.. മനസ്സിലാകെ നിറഞ്ഞു നിന്നിരുന്നത് ജീവേട്ടനെ ഒരു വട്ടം പോലും കാണാൻ പറ്റിയിരുന്നില്ലല്ലോ എന്ന വിഷമമായിരുന്നു. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ല.. ഇനിയൊരു മെസേജ് പോലും ഉണ്ടാവില്ല.. ഇനിയൊരു ചിരി പോലും വിരിയില്ല.. പക്ഷെ ഇനിയെന്നും ഓർമ്മകൾ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരിക്കും..

വീട്ടിലേക്ക് ചെന്നു കേറുമ്പോഴാണ് അലീന ചേച്ചി കയ്യിലെ പിടി വിട്ടത്.. ദച്ചു മോളെ മടിയിലിരുത്തി അമ്മച്ചി വരാന്തയിലുണ്ടായിരുന്നു. അമ്മച്ചിയുടെ മുഖം കണ്ടിട്ട് എല്ലാം അമ്മച്ചിക്കുമറിയാമായിരുന്നു എന്നു തോന്നി. അമ്മച്ചിക്ക് അറിയുമെങ്കിൽ ഈ കാര്യങ്ങളെല്ലാം ചാച്ചനും അറിഞ്ഞിട്ടുണ്ടാകണം.. തല താഴ്ത്തി റൂമിലോട്ട് കയറിപ്പോയപ്പോൾ പിന്നാലെ അലീന ചേച്ചിയും വന്നു.

റൂമിൽ ബെഡിലേക്ക് തളർന്നിരുന്നു വായ പൊത്തി കരഞ്ഞു.. കണ്ണുനീരിനെ നിയന്ത്രിക്കാൻ പറ്റിയില്ല.. “ജുവലേ.. കഴിഞ്ഞത് കഴിഞ്ഞു.. ഇനി പതുക്കെ എല്ലാം മറക്കാൻ ശ്രമിക്കാം..” അടുത്ത് വന്നിരുന്നു പറഞ്ഞുകൊണ്ട് അലീന ചേച്ചി തോളിൽ കൈ വച്ചു. “എന്നാലും.. എന്നെയൊന്നു കാണാൻ സമ്മതിച്ചില്ലല്ലോ ചേച്ചി.. കാണണംന്ന് ഈ പെണ്ണിന്റെ ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നു..” “നിന്റെ നല്ലതിന് വേണ്ടിയാണ് ജുവലേ.. ഇനി ജീവൻ എന്ന ചാപ്റ്റർ നിന്റെ ലൈഫിലുണ്ടാവില്ല.. അത് സമയമെടുത്ത് നീ അക്സപ്റ്റ് ചെയ്യ്.. എല്ലാം മറന്നു നീ നീയായിട്ട് തിരിച്ചു വാ. അവിടെ നിന്നെ കാത്ത് സുന്ദരമായൊരു ലോകമുണ്ട്.. നിന്നെ ഇഷ്ടപ്പെടുന്നവരുണ്ട്..” “എന്നാലും ആ പാവത്തിനോട്‌ ഞാനീ ചെയ്യുന്നതൊക്കെ ക്രൂരതയല്ലേ ചേച്ചി..

എന്നെയിപ്പോ വല്ലാണ്ടെ വെറുക്കുന്നുണ്ടാവും.. എന്നേ സ്നേഹിച്ചതോർത്ത് അറപ്പ് തോന്നുന്നുണ്ടാകും…” വാക്കുകൾ ഇടറിപ്പോയി.. “നീ മനപ്പൂർവ്വമല്ലല്ലോ ജുവലേ.. നിന്റെ അവസ്ഥ അതായിരുന്നില്ലേ? അവന്റെ നല്ലതിന് വേണ്ടിയല്ലേ.. നോക്കിക്കോ.. അവനൊരു നല്ല ജീവിതം കിട്ടും, അപ്പൊ നീ പോയതോർത്ത് അവൻ സന്തോഷിക്കും..” “മറിച്ചു ജീവേട്ടനൊരിക്കലും സന്തോഷം കിട്ടിയില്ലെങ്കിലോ? എല്ലാം ഞാനൊരുത്തി കാരണമാണെന്ന് കരുതി ഓരോ നിമിഷവും എന്നേ ശപിക്കില്ലേ?” “നീ വേണ്ടാത്തതൊന്നും ചിന്തിക്കാതെ പെണ്ണേ.. ഒക്കെ നല്ലതിന് വേണ്ടിയാ.. ഇനിയെല്ലാം മറക്കാം.. സമയമെടുക്കും.. പക്ഷെ ഒരിക്കൽ മറക്കുക തന്നെ ചെയ്യും.. ഈ സമയവും കടന്നു പോകും…”

ചേച്ചി സമാധാനിപ്പിച്ചുകൊണ്ട് മുറിയിൽ നിന്നും താഴോട്ട് പോയി.. മുറിയിലൊറ്റക്കായപ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നി.. അപ്പോഴാണ് ഓർത്തത് തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ ജീവേട്ടനും ലോഗ് ഇൻ ചെയ്തിട്ടുണ്ടല്ലോ എന്ന്.. ജീവേട്ടനെ വേദനിപ്പിക്കുവാൻ അവസാനമായൊരു ചെയ്തി കൂടി.. ഫെയ്‌സ്ബുക്‌ സെറ്റിങ്സിൽ ചെന്നുകൊണ്ട് പാസ്‌വേഡ് മാറ്റി.. ഇനി തന്റെ പ്രൊഫൈലിലേക്ക് ജീവേട്ടന് കയറാൻ പറ്റില്ല.. തന്നെ മെസഞ്ചറിൽ ശല്യം ചെയ്യുന്ന ആളുകളോട് ദേഷ്യപ്പെടാനും ജീവേട്ടൻ ഇനിയുണ്ടാവില്ല. പ്രിയപ്പെട്ടവനേ.. മാപ്പ് തരിക.. ഒരിക്കലുമുണങ്ങാത്ത മുറിവുകൾ സമ്മാനിച്ചിട്ടാണ് നിന്നിൽ നിന്നും ഓടിവന്നിരിക്കുന്നത്.. പ്രണയത്തിനുള്ളിൽ വേദനകൾ പൂഴ്ത്തിവച്ചു തന്നവളെ നീ വെറുക്കുമായിരിക്കും..

ശപിക്കുമായിരിക്കും.. പക്ഷെ നിന്നെക്കാൾ നൂറുമടങ് മുറിവ് പറ്റി തുണിക്കീറിയ എന്റെ ഉടലിന് ഇനിയൊരു മരുന്നില്ല.. ജീവിതകാലം മുഴുവൻ ആ വ്രണം പച്ചയായി അവശേഷിക്കും.. മരണം വരെ ആ മുറിവിൽ നിന്നും ചോരയും നീരുമൊലിക്കും.. പാസ്‌വേഡ് മാറ്റി ദീർഘമായി നിശ്വസിച്ചുകൊണ്ട് മുറിക്ക്‌ ചുറ്റിനും നോക്കി. നാല് ചുവരുകളും അലമാരയും കിടക്കയും ടേബിളുമെല്ലാം ഒരേ ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.. ‘ഇതിവിടെ അവസാനിക്കുമെന്നോ? ഇതായിരുന്നോ ഇത്രനാൾ അവര് സാക്ഷിയായ ദിവ്യ പ്രണയത്തിന്റെ അവസാനം…’ അല്ലെന്നവർ തീർത്തു പറയുന്നു.. പെണ്ണിന്റെ ഉള്ളിലൊരു അവസാന പ്രതീക്ഷ പൂക്കുന്നു..

ജീവേട്ടന്റെ വാട്സ്ആപ്പ് പ്രൊഫൈൽ പിക്ച്ചറിലേക്ക് നോക്കിയപ്പോൾ പെണ്ണിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റി സ്ക്രീനിലേക്ക് വീണ് അവന്റെ മുഖചിത്രം കലങ്ങി.. “വെറുപ്പാണോ എന്നോട്? കഴിഞ്ഞു എന്നുറപ്പിക്കുന്നില്ല.. ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിൽ ഈ പൊട്ടി പെണ്ണ് കാത്തിരിക്കുന്നുണ്ട്ട്ടോ.. അവസാന പ്രതീക്ഷയും കെട്ടുപോകുന്നത് വരെ ഈ പെണ്ണ് കാത്തിരിക്കും.. കണ്ണ് കുഴയുന്നത് വരെ നോക്കിയിരിക്കും…” ജീവേട്ടന്റെ ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. 💜💜💜

രാവിലെ ദച്ചു മോളുടെ കരച്ചിൽ കേട്ടാണ് എഴുന്നേൽക്കുന്നത്.. എഴുന്നേറ്റിരുന്ന് ആദ്യം തന്നെ മൊബൈൽ എടുത്തു നോക്കി.. ജീവേട്ടന്റെ മെസേജുകളില്ലാ.. ജീവേട്ടൻ കാണാൻ പറ്റാതായ ദിവസത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞിരുന്നു.. ഇക്കഴിഞ്ഞ രണ്ടു ദിവസവും മനസ്സിന്റെ വേദനയുണ്ടാക്കുന്ന ആ മെസേജ് വരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു.. ഇനി മെസേജ് അയച്ചു ശല്യം ചെയ്യേണ്ടെന്ന് ജീവേട്ടൻ കരുതിക്കാണും.. അതോർത്തപ്പോൾ കണ്ണു നിറഞ്ഞു.. താഴേക്ക് ചെന്നപ്പോളാണ് ആരവ് ഡോക്ടറെ കണ്ടത്.. കണ്ടപ്പോ ഒന്ന് ചിരിച്ചു കാണിച്ചു. ദച്ചു മോള് അലീന ചേച്ചി ഭക്ഷണം കൊടുക്കുന്നതിനു കരയുകയായിരുന്നു. “ഡോക്ടറെന്താ രാവിലെതന്നെ..” “നിന്നെ കാണാൻ വന്നത് തന്നെ..

രണ്ട് ദിവസമായല്ലോ ചത്ത പോലെ കിടക്കാൻ തുടങ്ങിയിട്ട്.. പിന്നേ നിന്റെ റിലേഷൻഷിപ് സ്റ്റാറ്റസ് ഇടുന്ന പങ്കാളിയല്ലേ.. അപ്പൊ പിന്നേ എന്താ ഇവിടെയെന്നു ചോദിക്കേണ്ട കാര്യമില്ലല്ലോ..” ചേച്ചി തമാശയുടെ പറഞ്ഞപ്പോൾ ചിരിക്കാൻ തോന്നിയില്ല. മനസ്സവിടെയല്ലായിരുന്നു. “ഡോക്ടർ.. സോറി.. കുറച്ചു ദിവസങ്ങൾ കൂടി ആ റിലേഷൻഷിപ് സ്റ്റാറ്റസ് അങ്ങനെ തന്നെ കിടന്നോട്ടെ.. ഈ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് മാറ്റിയാൽ മതി. ഡോക്ടർക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ?” “ഒരു ബുദ്ധിമുട്ടുമില്ല.. രണ്ട് ദിവസം മുൻപ് നടന്ന കാര്യങ്ങളൊക്കെ അലീന എന്നോട് പറഞ്ഞു..” ആരവ് ഡോക്ടർ പുഞ്ചിരിച്ചു കാണിച്ചപ്പോൾ മുഖം മങ്ങി.. കണ്ണ് കലങ്ങി തുടങ്ങിയെന്നു അറിഞ്ഞപ്പോൾ ഫ്രഷ് ആയിട്ട് വരാമെന്നു പറഞ്ഞ് അവിടെ നിന്നും റൂമിലേക്ക് വന്നു. ഫ്രഷായി താഴേക്ക് ചെന്നപ്പോഴും ആരവ് ഡോക്ടർ പോയിട്ടില്ലായിരുന്നു.

മുഖത്തെ പതിവ് ഗൗരവ ഭാവം അന്നുണ്ടായിരുന്നില്ല.. അടുത്തെത്തിയത് കണ്ടതും ആരവ് ഡോക്ടർ എഴുന്നേറ്റു നിന്നു. അപ്പോഴാണ് ചാച്ചനും ഹാളിലേക്ക് വന്നത് കണ്ടത്. “ചാച്ചനിന്നു പോയില്ലേ?” “പോകാനിറങ്ങുവാണ് ജുവലേ.. രാവിലെ വല്ലാത്തൊരു ബുദ്ധിമുട്ട്.. നെഞ്ചിന് ചെറിയൊരു വേദന..” ചാച്ചൻ നെഞ്ച് തടവിക്കൊണ്ട് പറഞ്ഞു. “യ്യോ എന്തു പറ്റി..” “ഹാ.. നമ്മുടെ മക്കളുടെ വേദനകൾ നമ്മുടെയും വേദനകളല്ലേ..” ചാച്ചൻ പറഞ്ഞത് കേട്ടപ്പോൾ സങ്കടത്തോടെ തല താഴ്ത്തി. ചാച്ചനും എല്ലാം അറിയാമായിരുന്നു.. എന്നിട്ട് തന്നോട് ഇതേപ്പറ്റി ഒന്ന് മിണ്ടുക പോലും ചെയ്തില്ല.. വേറെത്ര അച്ചന്മാരുണ്ടാകും ഇങ്ങനെ..

സ്വന്തം മകൾ വേറൊരുത്തനുമായി പ്രേമത്തിലാണെന്ന് അറിഞ്ഞാൽ അപ്പോൾ വാളെടുക്കുന്ന അച്ഛന്മാരാണ് അധികവും.. ചാച്ചനെ ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു.. “ഞാൻ കാരണം ചാച്ചൻ വിഷമിക്കരുത്.. എനിക്കത് സഹിക്കാൻ പറ്റത്തില്ല ചാച്ചാ..” കണ്ണ് നിറഞ്ഞു ചാച്ചന്റെ നെഞ്ചിലേക്ക് ഇറ്റിവീണു. “ചാച്ചനിപ്പോ കുഴപ്പമൊന്നുമില്ല കുഞ്ഞോ.. ആരവ് വന്നു മരുന്നൊക്കെ തന്നിട്ടുണ്ട്.. ഇനി ചാച്ചൻ ജോലിക്ക് പോകുവാണ്..” ചാച്ചനിൽ നിന്നും അടർന്നു മാറി.. ചാച്ചൻ കാറെടുത്തു പോകുന്നത് നോക്കി നിന്നു.. “കുഴപ്പമൊന്നുമില്ലടോ.. തന്റെ കാര്യമോർത്ത് ചെറുതായി ടെൻഷൻ ആയതിന്റേതാണ്..” ആരവ് ഡോക്ടർ പറഞ്ഞപ്പോൾ ഡോക്ടറെ തിരിഞ്ഞു നോക്കി ചിരിച്ചു കാണിച്ചു.

ഡോക്ടർക്ക് മുന്നിലായി ചെന്നിരുന്നപ്പോൾ എന്തൊക്കെയോ ചോദിക്കാനുണ്ടെന്ന് ആ മുഖം പറഞ്ഞു.. “അവൻ പിന്നേ വിളിച്ചില്ലേ?” ഈ ചോദ്യം പ്രതീക്ഷിച്ചതായിരുന്നു.. എങ്കിലും കേട്ടപ്പോൾ നെഞ്ച് വേദനിക്കുന്നതായി തോന്നി.. ഇല്ലെന്ന് തലയാട്ടി.. “ഒക്കെ ശരിയാവുമെടോ..” “ഇനിയൊന്നും ശരിയാവാനില്ല.. എല്ലാം അവസാനിച്ചു. എവിടെയോ ഒരു പ്രതീക്ഷ ബാക്കിയുണ്ട്.. വെറുതേ, എന്റെ തന്നെ ഒരു ആശ്വാസത്തിന് വേണ്ടി.. പക്ഷെ ഉറപ്പായും ഒരിക്കൽ ആ അവസാന പ്രതീക്ഷയും പടിയിറങ്ങിപ്പോകും..” ആരവ് ഡോക്ടറെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. “നിന്നെ ഇത്രക്ക് ചങ്കിൽ കൊണ്ട് നടന്നിട്ടും സ്വന്തമാക്കാൻ ഭാഗ്യമില്ലാത്തവനെ ഒന്ന് കാണണമെന്നുണ്ട്..”

ആ പെണ്ണിനെ അത്രമേൽ ചങ്കിൽ കൊണ്ട് നടക്കുന്നവന്റെ ചോദ്യം.. പെണ്ണ് മെല്ലെയൊന്നു മൂളി.. മൊബൈൽ ഗാലറിയിൽ ജീവേട്ടന്റെ ഒരുപാട് ഫോട്ടോസ് കിടപ്പുണ്ടായിരുന്നു. ആരവ് ഡോക്ടറുടെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് ജീവേട്ടന്റെ ഓരോ ഫോട്ടോകളും കാണിച്ചു കൊടുക്കുമ്പോ കണ്ണ് നിറയാണ്ടിരിക്കാൻ ശ്രദ്ധിച്ചു.. “ഇതൊക്കെ ഒരു ദിവസം കുത്തിയിരുന്ന് ഡിലീറ്റ് ആക്കണം.. ഒക്കെ ഓർമ്മകളാണ്.. ഓർക്കുമ്പോ നെഞ്ച് പിടയുന്ന ഓർമ്മകൾ..” ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ ഡോക്ടർ മറുപടിയൊന്നും പറഞ്ഞില്ല.. ജീവേട്ടന്റെ ഫോട്ടോകളിലേക്ക് ഭ്രാന്തമായി നോക്കിനിന്ന പെണ്ണിന്റെ മുഖത്തേക്കവന്റെ കണ്ണുകൾ പാറി വീണു.. അവന്റെ മനസ്സിൽ നിരാശയും നഷ്ടവും പ്രതീക്ഷയും ഉടലെടുത്തു.. പെട്ടന്നാണ് പെണ്ണിന് ഒരു ഫോൺ കോൾ വരുന്നത്.

പ്രൈവറ്റ് നമ്പറിൽ നിന്നായിരുന്നു.. “ഒരു മിനിറ്റ്.. ഞാനിതൊന്ന് അറ്റൻഡ് ചെയ്തോട്ടെ..” പറഞ്ഞപ്പോൾ ആരവ് ഡോക്ടർ തലയാട്ടി കാണിച്ചു. എഴുന്നേറ്റ് നിന്നുകൊണ്ട് ഫോൺ ചെവിയിൽ വച്ചു.. “ഹലോ..” “ഹ.. ഹലോ..” മറുവശത്തുനിന്നും പരിചിതമല്ലാത്ത ഒരു പുരുഷ ശബ്‌ദം.. “ആരാണ്? മനസ്സിലായില്ല..?” “ഞാൻ.. ഞാൻ ജീവന്റെ ചേട്ടനാണ്..” അത് കേട്ടപ്പോൾ കൗതുകം തോന്നി.. മനസ്സ് ശക്തിയായി മിടിച്ചു.. എവിടെനിന്നോ ഒരു പ്രതീക്ഷ മൊട്ടിട്ടു… “അറിയാം.. ഹർഷേട്ടനല്ലേ? ജീവേട്ടൻ പറഞ്ഞിട്ടുണ്ട്… എന്താ ചേട്ടായി?” വളരെ പെട്ടന്നായിരുന്നു മറുപടി.. “അത്.. ജീവൻ പോയി…”

കേട്ടതിന്റെ പൊരുളപ്പോൾ മനസ്സിലായിരുന്നില്ല.. “പോവേ? എങ്ങോട്ട്?” “ജീവൻ.. ജീവൻ മരിച്ചിട്ടുണ്ട്..” കേട്ടപ്പോ കൈകാലുകൾ വിറച്ചു.. നെഞ്ചുരുകി.. ഉള്ളു പൊള്ളിപ്പോയി.. കേട്ടത് വിശ്വസിക്കാനായില്ല.. കണ്ണിൽ ഇരുട്ട് കയറി.. കൈകളിൽ നിന്നും ഫോൺ ഒലിച്ചു താഴേക്ക് വീണു.. ആരവ് ഡോക്ടർ അത് കണ്ടെഴുന്നേറ്റു.. തല ചുറ്റുന്നത് പോലെ തോന്നി.. ബോധം മറഞ്ഞു താഴെ വീഴുന്നതിനു മുൻപേ ഡോക്ടർ ഓടിവന്നു താങ്ങിപ്പിടിച്ചു.. കണ്ണുകളടയുമ്പോ ഡോക്ടറുടെ നെഞ്ചിലായിരുന്നു മുഖം…….തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 16

Share this story