ഹരി ചന്ദനം: ഭാഗം 50

ഹരി ചന്ദനം: ഭാഗം 50

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ശെരിക്കും?” കള്ളച്ചിരിയോടെ പുരികമുയർത്തി ആള് ചോദിച്ചതും എനിക്ക് ദേഷ്യമാണ് വന്നത്. ഒന്നും മിണ്ടാതെ ബാത്റൂം ലക്ഷ്യമാക്കി നടന്നതും പെട്ടന്ന് തന്നെ വലിച്ച് നെഞ്ചിലേക്കിട്ടു. “എന്നോടുള്ള ദേഷ്യം ഇതുവരെ തീർന്നില്ലേ?” കുതറിമാറാൻ ശ്രമിക്കുന്ന എന്നെ ഇരുകൈകൊണ്ടും പൊതിഞ്ഞു പിടിച്ചു ചോദിച്ചപ്പോൾ മുഖം വീർപ്പിച്ചു ആ മുഖത്തേക്ക് ഒന്നു നോക്കി. “അന്ന് പോയതിൽ പിന്നേ ഹോസ്പിറ്റലിലേക്ക് വന്നിട്ടില്ലെന്നത് പോട്ടെ. ഞങ്ങൾ വന്നിട്ട് ഇത്രേം നേരമായിട്ടും ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ? മോളേ പോലും….” സങ്കടം കാരണം പറയാൻ വന്ന വാക്കുകളൊക്കെ തേങ്ങലിൽ മുറിഞ്ഞുപോയി.

“ഞാൻ എന്റെ മോളേ താഴെ അമ്മേടെ റൂമിൽ പോയി കണ്ട് കഴിഞ്ഞ 7 ദിവസത്തെ ലീവും പറഞ്ഞു അച്ഛന്റെ ഹാജറും വിളിച്ചിട്ടാ ഇങ്ങോട്ട് വന്നത്. ആള് നല്ല ഉറക്കത്തിലാ…. എങ്കിൽ പിന്നേ കുഞ്ഞിന്റെ അമ്മയെ കണ്ട് ലീവ് ആയതിനുള്ള കാരണം ബോധിപ്പിക്കാമെന്ന് കരുതി ഇങ്ങോട്ട് വന്നപ്പോൾ നീ വിലപ്പെട്ടതെന്തോ കളഞ്ഞു പോയത് തിരയുന്നപോലെ തോന്നി ഒന്ന് കളിപ്പിക്കാൻ മാറി നിന്നതാ…. ഇനി പറ നീ തിരഞ്ഞത് എന്നെയല്ലേ…..” ആള് പുഞ്ചിരിയോടെ കണ്ണിൽ നോക്കി ചോദിച്ചതും.ഞാൻ വേഗം നോട്ടം മാറ്റിക്കളഞ്ഞു. “അല്ല…..” ഞാൻ കപടദേഷ്യത്തോടെ പറഞ്ഞതും എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈ അയച്ച് ആള് പതിയെ എന്നെ വിട്ടകന്നു നിന്നു. “എന്നോട് നീ ഒരിക്കലും ക്ഷമിക്കില്ലേ ചന്തൂ….” പതിയെ ദയനീയ ഭാവത്തിൽ എന്നെ നോക്കി ചോദിച്ചപ്പോളേക്കും കണ്ണൊക്കെ നിറഞ്ഞിരുന്നു.

അത് കണ്ടപ്പോൾ ഞാനും വല്ലാതായി. എന്റെ മറുപടി കിട്ടാഞ്ഞിട്ടാണെന്നു തോന്നുന്നു പതിയെ പുറത്തേക്ക് നടക്കാൻ തുനിഞ്ഞതും ഞാൻ ഇനിവയ്യെന്ന രീതിയിൽ ഓടിപ്പോയി കെട്ടിപ്പിടിച്ചു.ഒരു നിമിഷം ആളും ശങ്കിച്ചെങ്കിലും പതിയെ ആ കൈകൾ എന്നിൽ പിടിമുറുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.ആളുടെ ചുണ്ടുകൾ നെറുകയിൽ അമർന്നതും ആ നെഞ്ചോട് ചേർന്ന് ഹൃദയതാളവും ശ്രവിച്ചു ഞാൻ നിന്നു. പതിയെ ആ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു ഒന്ന് കൂടെ ഇറുകെ പുണർന്നു. “എന്നാലും ഇത്രയും ദിവസവും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ലല്ലോ….” “ആര് പറഞ്ഞു.

അടുത്തില്ലെന്നല്ലേ ഉള്ളൂ കുഞ്ഞിന്റേം അമ്മയുടെയും എല്ലാ കാര്യങ്ങളും ഫോട്ടോസ് ആയും ഫോൺ സന്ദേശങ്ങൾ ആയും വീഡിയോസ് ആയും ഇവിടെ കറക്റ്റ് ആയി എത്തുന്നുണ്ടായിരുന്നു.” “അപ്പൊ…. ഞാനെ അറിയാതുള്ളൂ…. ” “അതേ…. നിനക്കും കുഞ്ഞിനും ഇനി ഒരു കുറവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്. ടീച്ചറമ്മയും ചാരുവുമൊക്കെ നിന്നെ പൊന്നു പോലെ നോക്കിയിട്ടുണ്ടെന്നു അറിയാം എങ്കിലും ഞാൻ തന്നെ നഷ്ടപ്പെടുത്തിയ അച്ഛന്റെയും ഭർത്താവിന്റെയും കടമകൾ ഇനിയെങ്കിലും ഞാൻ കണ്ടറിഞ്ഞു ചെയ്യണ്ടേ. അന്ന് മുറിയിൽ കാണാതെ നീയെന്നെ അന്വേഷിച്ചു എന്ന് കിച്ചു പറഞ്ഞപ്പോൾ സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്.

നേരെ വന്നത് ഇങ്ങോട്ടാ. നിന്നെയും മോളെയും സ്വീകരിക്കാൻ വീടൊരുക്കാൻ….എത്രയൊക്കെ ചെയ്തിട്ടും മതിവരാത്ത പോലെ വീണ്ടും വീണ്ടും എന്തൊക്കെയോ ചെയ്തു കൂട്ടി. ഇഷ്ടായോ നിനക്ക്….” “മ്മ്മ്….” മറുപടി ചെറിയൊരു മൂളലിൽ ഒതുക്കി കണ്ണടച്ചു ചേർന്നു നിന്നു.ഇടയ്ക്ക് റൂം തുറന്ന് കിച്ചു കയറി വന്നപ്പോളാണ് പതിയെ വിട്ടുമാറിയത്.ഞങ്ങളുടെ ചമ്മിയ നിൽപ്പ് കണ്ടപ്പോൾ കിച്ചുവും ഇപ്പോൾ വരണ്ടായിരുന്നു എന്ന മട്ടിൽ ദയനീയമായി നോക്കി.. “സോറി….. ഞാൻ പെട്ടന്ന് അറിയാതെ….. ” അവൻ മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ നിന്നു. “ടീച്ചറമ്മ ഏട്ടത്തിടെ കുളി കഴിഞ്ഞെങ്കിൽ താഴേക്ക് ചെല്ലാൻ പറഞ്ഞു.മോളുണർന്നാൽ ഭക്ഷണം കഴിക്കാൻ വയ്കുമെന്ന്….”

ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു അവൻ വേഗത്തിൽ ഇറങ്ങി പോയി.അവന്റെ പോക്ക് കണ്ട് ഞാനും ഹരിയേട്ടനും പരസ്പരം നോക്കി ചിരിച്ചു.ആള് രണ്ട് കയ്യും നീട്ടി പിന്നെയും എന്റെ നേർക്ക് വന്നതും കയ്യിൽ ഒരു നുള്ള് വയ്ച്ചു കൊടുത്ത് ഞാൻ പതിയെ ബാത്‌റൂമിലേക്ക് ഓടിക്കയറി. കുളി കഴിഞ്ഞ് താഴെ ചെന്ന് ഫുഡ്‌ ഒക്കെ കഴിച്ച് മേനക ചേച്ചിയോടും മാളുവിനോടും കുറെ വിശേഷങ്ങൾ ഓക്കെ പറഞ്ഞിരുന്നു.ഇത്തിരി കഴിഞ്ഞ് മോളുണർന്ന് കരഞ്ഞപ്പോൾ അവളെ പാല് കൊടുത്ത് ശാന്തയാക്കി.അന്നേരം ഹരിയേട്ടനും ഉണ്ടായിരുന്നു കൂടെ.എന്നെയും മോളെയും കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമലാട്ടി.

മോളേ പതിയെ അമ്മയുടെ മുറിയിലെ കട്ടിലിൽ കിടത്തി രണ്ടു ഭാഗത്തുമായി ഞങ്ങളും കിടന്നു.മോള് ഉറക്കത്തിൽ പാല് കുടിക്കുന്നതും കുഞ്ഞിമുഖത്ത് ഇടയ്ക്കിടെ സങ്കടവും സന്തോഷവും മിന്നിമറിയുന്നതും ഓക്കെ ആള് ആകാംഷയോടെ നോക്കി കാണുന്നുണ്ടായിരുന്നു. ഒരു കൈ കുഞ്ഞിവയറിനു മുകളിൽ പതിയെ വയ്ച്ചു താളം പിടിക്കുന്നതിനൊപ്പം മറുകൈ നീട്ടി എന്റെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു.ഒപ്പം മൗനത്തിന്റെ ഭാഷയിൽ കണ്ണുകൾ കൊണ്ട് ഞങ്ങൾ പലതും സംസാരിക്കുന്നുണ്ടായിരുന്നു.ഇടയ്ക്കെപ്പോഴോ എന്റെ കണ്ണ് കലങ്ങിയത് കണ്ട് ആള് ഞെട്ടിപ്പിടഞ്ഞെണീറ്റു. “എന്താ ചന്തു….

എന്തെങ്കിലും വയ്യായ്ക ഉണ്ടോ?” പതിയെ എണീറ്റിരുന്ന എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് ഹരിയേട്ടൻ ചോദിച്ചു. “നമ്മുടെ കുഞ്ഞില്ലായിരുന്നെങ്കിൽ ഹരിയേട്ടൻ ഒരിക്കലും എന്നെ തേടി വരില്ലായിരുന്നു അല്ലേ?” മെല്ലെ തേങ്ങിക്കൊണ്ട് ചോദിച്ചപ്പോൾ ആ മുഖവും മങ്ങി. “സത്യമാ….. നമ്മുടെ മോളില്ലായിരുന്നെങ്കിൽ…. കിച്ചു നിങ്ങളെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ നമ്മൾ ഒരിക്കലും കണ്ടുമുട്ടില്ലായിരിക്കും. നീ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ എന്നെ മറന്ന് സന്തോഷമായി കഴിയുന്നുണ്ടെന്ന് ഞാൻ കരുതുമായിരുന്നു.പകരം പഴയ ഓർമകളിൽ നീറി നീറി ഞാൻ ഏതെങ്കിലും ഒരു ഭ്രാന്താശുപത്രിയിൽ അല്ലെങ്കിൽ ജയിലിൽ അതുമല്ലെങ്കിൽ ഈ ഭൂലോകത്ത് നിന്നു തന്നെ പോയിട്ടുണ്ടാകും….” ആളത് പറഞ്ഞു നിർത്തിയതും ഇനി അങ്ങനെ പറയരുതെന്ന് ശാസനയോടെ നോക്കിക്കൊണ്ട് ഞാൻ ആളുടെ വായപൊത്തി.

എന്റെ കയ്യിൽ ചുംബനത്തിന്റെ ചൂടറിഞ്ഞപ്പോൾ പതിയെ കൈപിൻവലിച് കപടദേഷ്യത്തോടെ ആളെ ഒന്നു നോക്കി. അല്പം പോലും താമസമില്ലാതെ അപ്പോഴേക്കും നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു. ഇത്തിരി നേരം അങ്ങനെയിരുന്നു. വാതിലിനപ്പുറം ഉച്ചത്തിലുള്ള ഒരു ചുമ കേട്ടാണ് വീണ്ടും അകന്നു മാറിയത്. നോക്കുമ്പോൾ ദേ…. വീണ്ടും കിച്ചു വായും തുറന്ന് നിൽപ്പുണ്ട്. “നിങ്ങൾക്കീ വാതിൽ ഇങ്ങനെ ചാരിയിടാതെ അടച്ചു കുറ്റിയിട്ടൂടെ?” അവൻ കള്ളചിരിയോടെ ചോദിച്ചതും ഞങ്ങൾ രണ്ടാളും വല്ലാതായി. “പിന്നേ ഏട്ടാ ഏട്ടത്തിടെ ഡെലിവറി കഴിഞ്ഞിട്ട് ആഴ്ച ഒന്നേ ആയുള്ളൂ എന്നോർമ വേണം.” അവൻ നാണം അഭിനയിച്ചു പറഞ്ഞപ്പോൾ H.P കലിപ്പിൽ അവനെ നോക്കുന്നുണ്ടായിരുന്നു. “അതിന്?” “അതിനൊന്നുല്ല ഞാൻ പറഞ്ഞെന്നെ ഉള്ളൂ.

ഏട്ടനെ ഇതൊക്കെ ഓർമിപ്പിക്കേണ്ടത് അനിയൻ എന്ന നിലയിൽ എന്റെ കടമയാണെന്നു തോന്നി.” അവൻ ആക്കിയ ചിരിയോടെ ഞങ്ങളെ രണ്ടാളെയും നോക്കി പറഞ്ഞു നിർത്തി.അതിന് മറുത്തെന്തോ പറയാൻ H.P വാ തുറന്നതും ചാരു മുറിയിലേക്ക് വന്നതും ഒരുമിച്ചായിരുന്നു.അതോടെ എല്ലാരും സംസാരം അവസാനിപ്പിച്ചു മുറിയിൽ നിന്നു പരുങ്ങുന്ന ചാരുവിനെ നോക്കി. “ഹരിയേട്ടാ….എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.” “എന്താ ചാരൂ…?” “അത് പിന്നേ….. ഹരിയേട്ടൻ എന്നോട് ക്ഷമിക്കണം അന്ന് ഹോസ്പിറ്റലിൽ വച്ച് അങ്ങനെയൊക്കെ പറഞ്ഞു പോയി.അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ പറഞ്ഞു പോയതാ….” അവള് സങ്കടത്തോടെ പറഞ്ഞപ്പോൾ ഞാനും H.P യും പരസ്പരം നോക്കി ചിരിച്ചു.

അതോടൊപ്പം അവൾ കിച്ചുവിനെ ദയനീയമായി നോക്കിയപ്പോൾ അവൻ മൈൻഡ് ചെയ്യാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. “നീയെന്തിനാ ചാരൂ സോറി പറയുന്നേ? നീയങ്ങനെ ഓക്കെ പറഞ്ഞത് ചന്തുവിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണെന്ന് എനിക്ക് നന്നായിട്ട് അറിയാം. പിന്നേ തെറ്റ് ചെയ്തത് ഞാനല്ലേ.നിങ്ങളോടൊക്കെ ക്ഷമ ചോദിക്കേണ്ടതും നന്ദി പറയേണ്ടതും ഓക്കെ ഞാനല്ലേ?” H.P ചിരിയോടെ പറഞ്ഞു നിർത്തിയതും ആശ്വാസത്തിന്റെ ഒരു ചിരി അവളുടെ മുഖത്തും ഉണ്ടായിരുന്നു.മുറിയിൽ സംസാരം കേട്ടിട്ടാണെന്നു തോന്നുന്നു കുറച്ചു മുൻപ് ഉറങ്ങിയ കുഞ്ഞിപ്പെണ്ണ് ഉറക്കം മുറിഞ്ഞു എണീറ്റ് വീണ്ടും കരയാൻ തുടങ്ങി.H.P മുറിവിട്ട് പുറത്തു പോയതിനൊപ്പം ചാരു വേഗം ചെന്ന് കുഞ്ഞിനെ എടുത്ത് മുറിയിൽ കൂടി പതിയെ നടക്കാൻ തുടങ്ങി.

ഇടയ്ക്കെന്തോ മൂളിപ്പാട്ട് പതിയെ മൂളുന്നത് കേൾക്കാമായിരുന്നു.ഞാൻ ആ കാഴ്ച ചിരിയോടെ നോക്കി നിന്നു.ഇടയ്ക്കവൾ മുഖം തിരിച്ചു നോക്കിയപ്പോൾ ചിരിയോടെ അവളെ നോക്കിയിരിക്കുന്ന എന്നെയാണ് കണ്ടത്. “എന്താടീ..ഉണ്ടക്കണ്ണി നോക്കി ചിരിക്കുന്നത്?” “ഞാനെ ആലോചിക്കുവായിരുന്നു എന്റെ മോള് എന്ത് ഭാഗ്യവതിയാണെന്ന്. ചുറ്റും സ്നേഹിക്കാനും പരിചരിക്കാനും എത്ര പേരാ?” “ഉവ്….. മാക്സിമം പോയാൽ രണ്ട് ദിവസം അതിൽ കൂടുതൽ നിൽക്കാൻ പറ്റത്തില്ലെടാ…നിങ്ങള് നിർബന്ധിച്ചോണ്ടാ വീട്ടിലേക്ക് പോവാതെ ഇവിടെ തന്നെ നിൽക്കുന്നെ.അവിടെ അടച്ചിട്ടിട്ട് ഇപ്പോൾ ആകെ അലങ്കോലമായി കിടക്കുന്നുണ്ടാകും.” “കുറച്ച് ദിവസം കൂടി നിന്നുടെ?”

“നിനക്കറിഞ്ഞൂടെ…. എന്റെയും ലെച്ചുന്റെയും ക്ലാസ്സ്‌. അമ്മയെ ഇവിടെ നിർത്താമെന്നു വച്ചാലും ലെച്ചുവിനെ അങ്ങോട്ട് മാറ്റി ചേർത്തത് കൊണ്ട് അതും പറ്റില്ല.എന്റെ തിരക്കിനിടയിൽ അവളെ ശ്രദ്ധിക്കാൻ പോലും പറ്റില്ല.” അവള് ദയനീയമായി എന്നെ നോക്കി പറഞ്ഞപ്പോൾ എനിക്ക് മറുത്തൊന്നും പറയാൻ ഇല്ലായിരുന്നു. എനിക്ക് വേണ്ടി ആവശ്യത്തിലധികം അവർ ബുദ്ധിമുട്ടിക്കഴിഞ്ഞു എന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു.എന്റെ മുഖം വാടിയാൽ അവൾക്കതു സഹിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടു തന്നെ ഞാൻ ചിരിക്കാൻ ശ്രമിച്ചു. “നിനക്ക് ഞങ്ങൾ പോവുന്നതിൽ സങ്കടം ഉണ്ടാവുമെന്നറിയാം….. എന്നായാലും ഇങ്ങനൊക്കെ വേണ്ടേ.എന്റെ മോള് അതൊക്കെ ആലോചിച്ചു ഉള്ള സന്തോഷം കൂടി കളയരുത് കേട്ടോ….”

മോള് ഉറങ്ങിയപ്പോൾ കുഞ്ഞിനെ പതിയെ കട്ടിലിൽ കിടത്തി അവളെന്റെ അടുത്ത് വന്നിരുന്ന് തോളിൽ തലചായ്ച്ചു. “അതൊക്കെ പോട്ടെ മോളേ ചാരൂ….. കിച്ചുവുമായി എന്താ ഒരുടക്ക്? കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.” “അയ്യോ എന്റെ ചന്തൂ…. അതൊന്നും പറയണ്ട. ഞാൻ അങ്ങേരുടെ പിറകെ മാപ്പ് ചോദിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായി.” “മാപ്പോ??? എന്തിന്?” “അന്ന് ഹോസ്പിറ്റലിൽ നിന്റെ അവസ്ഥ കണ്ടപ്പോൾ ഞാൻ ആളോടും നല്ലോണം ചൂടായിയിരുന്നു അതിന് . പിന്നേ….” “പിന്നേ…..?” അവള് ഡോക്ടറുടെ ക്ലിനിക്കിൽ വച്ച് കിച്ചുവിനെ തല്ലിയ കാര്യം കൂടി പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അന്തം വിട്ടു.

എല്ലാം പറഞ്ഞ് നിഷ്കു ഭാവത്തിൽ അവളെന്നെ നോക്കി ചിരിക്കുമ്പോളും എന്റെ പകപ്പ് മാറിയിരുന്നില്ല. “അടി….. പാപി…. നീ ഞങ്ങടെ ചെക്കനെ തല്ലിയോ?” “അത് ഞാൻ പിന്നേ ആ ഒരു പ്രത്യേക സാഹചര്യത്തിൽ….” അവള് പറയാൻ വാക്കുകൾ കിട്ടാതെ തപ്പിക്കളിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു. “അവൻ പാവല്ലേ…?തല്ലണ്ടായിരുന്നു.” ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്കും കുറ്റബോധം തോന്നി. “ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. നമ്മുടെയൊക്കെ മുൻപിൽ ചിരിച്ചുകളിച്ചു നടക്കുന്നുണ്ടെങ്കിലും അവൻ ഉള്ളിൽ എത്രത്തോളം സങ്കടം അനുഭവിക്കുന്നുണ്ടാകും.ഏതു സാഹചര്യത്തിലാണെങ്കിലും ദിയ…അവൾ അവന്റെ ജീവിതം വെച്ചല്ലേ കളിച്ചത്.”

“അവളുടെ കാര്യത്തിൽ ഇനിയെന്താ നിലപാട്?” “അറിവില്ലായ്മ കൊണ്ടു ചെയ്തതല്ലേ….. എല്ലാവരും ക്ഷമിച്ചു. കിച്ചുവിനെ വേറൊരു ജീവിതത്തിനു വേണ്ടി അവൾ തന്നെ നിർബന്ധിക്കുന്നുണ്ട്. പോരാത്തതിന് ഗർഭിണിയല്ലേ…. ഒത്തിരി ബുദ്ധിമുട്ടുന്നുണ്ടാകും. ശാരീരികമായും മാനസികമായും.” “കിച്ചുവേട്ടന്റെ നിലപാട് എന്താണ്?” “അറിയില്ല. അവൻ ഒന്നും പറഞ്ഞില്ല. അവന്റെ വിഷമം ഊഹിക്കാവുന്നത് കൊണ്ട് ആരും നിർബന്ധിക്കാറുമില്ല.” ഇത്തിരി നേരം കൂടി എന്തൊക്കെയോ പറഞ്ഞ് ഞങ്ങൾ അങ്ങനെ ഇരുന്നു.ഉച്ച ഭക്ഷണം കഴിക്കാൻ ടീച്ചറമ്മ വന്ന്‌ വിളിച്ചപ്പോളാണ് പിന്നേ പുറത്തേക്ക് ഇറങ്ങിയത്. അതിനിടയിൽ എന്നെയും H.P യെയും കാണുമ്പോഴുള്ള കിച്ചുവിന്റെ ആക്കിയുള്ള ചിരിയും ചുമയുമെല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും ഹാളിൽ ഒത്തു കൂടി. കുഞ്ഞിനെയുമെടുത്ത് ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ H. P ആളുടെ അടുത്ത് തന്നെ എനിക്കിരിക്കാൻ സ്ഥലം ഒരുക്കിത്തന്നു.പതിയെ ചെന്ന് അവിടെ തന്നെ സ്ഥാനമുറപ്പിച്ചു.കുഞ്ഞിനെ ആളുടെ മടിയിലേക്കു വയ്ച്ചു കൊടുത്തു ഒപ്പം ആ തോളിലേക്കു തലചായ്ച്ചിരുന്നു. രാത്രിയിൽ കുഞ്ഞിനോടൊപ്പം മുകളിലേക്കു പോകാൻ തുടങ്ങിയ എന്നെ എപ്പോഴും പടികയറി ഇറങ്ങുന്നത് നല്ലതല്ലെന്നു പറഞ്ഞു താഴെ അമ്മയുടെ റൂമിൽ കിടക്കാൻ നിർബന്ധിച്ചത് ടീച്ചറമ്മയായിരുന്നു.ഞങ്ങളെ മുകളിലേക്ക് കാണാതെ സഹികെട്ടു H.P താഴോട്ട് വന്നപ്പോളേക്കും ടീച്ചറമ്മ കൂടി ഞങ്ങളുടെ അടുത്ത് സ്ഥാനം പിടിച്ചിരുന്നു.

എന്നെ ദയനീയമായി ആള് നോക്കുന്നത് കണ്ടപ്പോൾ ഒന്നും ചെയ്യാനില്ല എന്ന മട്ടിൽ ഞാനുമിരുന്നു. ഇതൊക്കെ കണ്ട് ചാരുവും കിച്ചുവും ഊറിച്ചിരിക്കുന്നതിനൊപ്പം കിച്ചു H. P യെ സമാധാനിപ്പിച്ചു മുകളിലേക്കു കൊണ്ട് പോകുന്നത് കണ്ടുകൊണ്ടാണ് ഞാൻ മുറിയുടെ വാതിൽ അടച്ചത്. രണ്ട് ദിവസം കൂടി നിന്ന് ടീച്ചറമ്മയും ചാരുവും ലെച്ചുവും ബാംഗ്ളൂരിലേക്ക് തിരിച്ചു പോയി. അവരെ യാത്രയായാക്കുമ്പോൾ എല്ലാവരും കരയുന്നുണ്ടായിരുന്നു. സഹായത്തിന് മേനക ചേച്ചിയും മാളുവും വരുന്നത് കൂടാതെ പ്രസവ ശുശ്രൂഷയ്ക്കു വേണ്ടി മുഴുവൻ സമയവും നിൽക്കാൻ ഒരു ചേച്ചിയെ കൂടി കണ്ടെത്തിയിരുന്നു. അതിനിടയ്ക്ക് കിച്ചു തിരികെ പോയതിനൊപ്പം H.P യും പഴയപോലെ ഓഫീസിലേക്കുള്ള പോക്ക് പുനരാരംഭിച്ചിരുന്നു.

വീട്ടിലാണെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞിനെ കാണാൻ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ഒരു ഘോഷയാത്ര തന്നെ ഉണ്ടായിരുന്നു. എല്ലാവർക്കും ഒന്നും അറിയിച്ചില്ലെന്ന പരാതി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.ഹരിയേട്ടൻ പോലും വീട്ടിലില്ലാത്ത സാഹചര്യത്തിൽ അവരെയൊക്കെ സമാധാനിപ്പിക്കാനും അവരുടെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നല്കാനും ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. ******* ഇന്നാണ് ആ ദിവസം…. ഞാൻ ഏറ്റവുമധികം കാത്തിരുന്ന ദിനം.പപ്പയും ശങ്കുമാമയും നാട്ടിലേക്ക് തിരിച്ചെത്തുന്നത് ഇന്നാണ്.ഒരുപക്ഷെ H.P എന്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നുവന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ ദിവസം ഏറ്റവും ദുഃഖകരമായ ഒന്നാവുമായിരുന്നു.

ഭർത്താവുപേക്ഷിച്ചു അയാളുടെ കുഞ്ഞിനേയും ഉദരത്തിൽ പേറി ദുഖിച്ചു കഴിയുന്ന എന്റെ അവസ്ഥ പപ്പാ എങ്ങനെ കണ്ടു നിൽക്കുമായിരുന്നു.അതൊന്നും ആലോചിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ആകെയുള്ള ആശ്വാസം ശങ്കുമ്മാമയ്ക്ക് എല്ലാം അറിയാമെന്നുള്ളതായിരുന്നു. പപ്പയുടെ ചികിത്സ മുൻപേ പൂർത്തിയായിട്ടും ഇൻഫെക്ഷന്റെയും മറ്റും ഒഴിവുകഴിവുകൾ പറഞ്ഞു പപ്പയെ അവിടെ തന്നെ പിടിച്ചു നിർത്തിയത് എന്റെ നിർബന്ധത്തിനു വഴങ്ങി ശങ്കുമ്മാമ തന്നെയായിരുന്നു. ഇടയ്ക്ക് നാട്ടിലേക്ക് വരാൻ ശങ്കുമ്മാമ തയ്യാറെടുക്കുമ്പോഴും ഒരോ കാരണങ്ങൾ കരഞ്ഞു പറഞ്ഞു വിലക്കി.അവർ നാട്ടിലെത്തിയാൽ ഒരിക്കലെങ്കിലും H.P യെ കാണാൻ പോവുമെന്നും എന്നെ വീണ്ടും സ്വീകരിക്കാൻ കാല് വരെ പിടിക്കാൻ തയ്യാറായിരിക്കുമെന്നും ഉറപ്പായിരുന്നു.

അതിനുമപ്പുറം എന്നെ നിർദ്ദാക്ഷിണ്യം തള്ളിക്കളഞ്ഞവർക്ക് മുൻപിൽ ഇനി താഴ്ന്നു കൊടുക്കില്ലെന്ന വാശിയായിരുന്നു എനിക്ക്.എന്റെ ഉദരത്തിൽ ഞങ്ങളുടെ കുഞ്ഞ് വളർച്ച പ്രാപിക്കും തോറും H.P യോടുള്ള എന്റെ വെറുപ്പും വർധിച്ചു വരുന്നതായിട്ടാണ് ഞാൻ കണക്ക് കൂട്ടിയത്.പക്ഷെ എത്രപെട്ടന്നാണ് എന്റെ ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി പോയത്.എത്ര പെട്ടന്നാണ് അതുവരെ ഹരിയേട്ടനെ വെറുക്കാൻ പഠിപ്പിച്ച എന്റെ മനസ്‌ എല്ലാ കഥകളും കേട്ടപ്പോൾ ആളോട് ക്ഷമിക്കാനായി തയ്യാറെടുത്തത്.കഴിഞ്ഞു പോയതെല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു.അകന്നു കഴിഞ്ഞ നാളുകൾ ഞങ്ങളുടെ പ്രണയത്തിന്റെ ആഴം മനസ്സിലാക്കി തന്നു.

ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ് വന്നതോടെ ഞങ്ങളുടെ ബന്ധം പഴയതിനേക്കാൾ ദൃഢമായെന്നു തോന്നുന്നു.വിരഹത്തിന്റെ നാളുകൾ കൂടി കണക്കിലെടുത്ത് ഞങ്ങളിപ്പോൾ പരസ്പരം സ്നേഹിക്കാനുള്ള മത്സരത്തിലാണ്. അങ്ങനെ പലവിധ ചിന്തകളിൽ മനസ്സ് പാറിപ്പറന്നു നടക്കുമ്പോളാണ് പുറത്തു നിന്ന് കാറിന്റെ ഹോണടി കേട്ടത്. ഉടനെ പായസം ഇളക്കിക്കൊണ്ടിരുന്ന തവി മേനക ചേച്ചിയെ ഏൽപ്പിച്ചു വാതിൽ തുറക്കാനായി ഉമ്മറത്തേക്ക് ഓടി. പോണ പൊക്കിൽ ഹാളിൽ നടുവിലിട്ടിരിക്കുന്ന തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഒന്നു നോക്കാനും മറന്നില്ല.എന്റെ ദൃതി കണ്ട് ഹാളിലെ സോഫയിൽ ഇരുന്ന് കാര്യമായി ലാപ്പിൽ പണിഞ്ഞുകൊണ്ടിരിക്കുന്ന H.P തല ഉയർത്തി നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

വാതിലിനു അടുത്തെത്തുന്നതിനു മുൻപേ കാളിങ് ബെൽ മുഴങ്ങി. ആവേശത്തോടെ വാതിൽ മലർക്കെ തുറന്നതും മുൻപിൽ പുഞ്ചിരിയോടെ നിൽക്കുന്ന രണ്ട് മുഖങ്ങൾ കാൺകെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. “പപ്പാ…..” ആവേശത്തോടെ വിളിച്ച് അടുത്തേക്ക് നിന്നതും എന്നെ മൈൻഡ് ചെയ്യാതെ ആള് ഉള്ളിലുള്ള തൊട്ടിലിനടുത്തേക്ക് ആവേശത്തോടെ നടന്നു നീങ്ങി. പുറകെ ശങ്കുമാമയും എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചിട്ടു പപ്പയുടെ പിറകെ പോയി.തൊട്ടിൽ മറച്ചിട്ടിരിക്കുന്ന നെറ്റ് പതിയെ നീക്കി കുഞ്ഞിനെ നോക്കുന്ന പപ്പയുടെ മുഖം സത്യം പറഞ്ഞാൽ കണ്ണിലുരുണ്ട് കൂടിയ കണ്ണീരിനാൽ കാണാൻ കഴിഞ്ഞില്ല. കുഞ്ഞിനെ കണ്ണുനിറച്ചു കണ്ട് എന്നെ നോക്കുമ്പോൾ ചുണ്ട് പുറത്തൊട്ട് കോട്ടി കണ്ണുനിറച്ചു നിൽക്കുന്ന എന്നെയാണ് രണ്ടാളും കാണുന്നത്.

പപ്പാ പെട്ടന്ന് ഇരുകയ്യും നീട്ടി എന്നെ അടുത്തേക്ക് വിളിച്ചപ്പോൾ മുഖംവീർപ്പിച്ചു പ്രധിഷേധം അറിയിച്ചു ഞാൻ അവിടെ തന്നെ നിന്നു. “എടീ കുശുമ്പത്തി പാറൂ….ഇങ്ങോട്ട് വാടി.” പപ്പാ വിളിച്ചിട്ടും അടുത്തേക്ക് ചെല്ലാതെ ചുണ്ടും കൊട്ടി മുഖം തിരിച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് പപ്പാ തന്നെ പതിയെ നടന്നു വന്നു. “പപ്പേടെ ചന്തു പിണങ്ങിയോ?” നേരെനിർത്തി താടി പിടിച്ചുയർത്തി ചോദിച്ചപ്പോളേക്കും ഞാൻ കരഞ്ഞു പോയിരുന്നു. പതിയെ എന്നെ ആ നെഞ്ചിലേക്ക് ചേർത്തു നിർത്തി. “പപ്പയെ…എത്ര കാലമായി നേരിൽ കണ്ടിട്ട്. ഇങ്ങനെ നെഞ്ചോട് ചേർന്ന് നിന്നിട്ട്?” പപ്പയെ ചുറ്റിപ്പിടിച്ചു പറഞ്ഞപ്പോൾ പപ്പാ ചിരിക്കുന്നുണ്ടായിരുന്നു. “ഓ….. അതിനാണെന്റെ ചന്തപ്പൻ കരയുന്നത്.

അല്ലാതെ നിന്നെ മൈൻഡ് ചെയ്യാതെ എന്റെ കൊച്ചുമോളെ കാണാൻ ചെന്ന കുശുമ്പ് കൊണ്ടല്ല…..” പപ്പാ ചിരിച്ചു പറഞ്ഞതിനൊപ്പം പിന്നിൽ നിന്ന് ശങ്കുമാമയുടെയും H.P യുടെയും ചിരി ഉയർന്നു കേൾക്കാമായിരുന്നു. അത് കണ്ടപ്പോൾ പിണക്കത്തോടെ പതിയെ പപ്പയിൽ നിന്നും വിട്ടുമാറി.അതോടെ പപ്പാ മുഖത്ത് കുറച്ച് സീരിയസ് എക്സ്പ്രഷൻ ഇട്ടു. “ആരാടാ എന്റെ കൊച്ചിനെ കളിയാക്കി ചിരിച്ചത്?” പപ്പാ എന്നെ ചേർത്തു പിടിച്ചു H.P യോടും ശങ്കുമാമയോടുമായി ചോദിച്ചപ്പോൾ രണ്ടാളും ചിരിനിർത്തി. “പപ്പാ തന്നല്ലേ ആദ്യം ചിരിച്ചത്….?” ഞാൻ പിണക്കത്തോടെ ചോദിച്ചപ്പോൾ പപ്പാ കള്ളം പിടിക്കപ്പെട്ട പോലെ എന്നെ നോക്കി ഒരു ചമ്മിയ ചിരിചിരിച്ചു.

അത് പിന്നേ കൂട്ടച്ചിരിയാകാൻ അധികം സമയം വേണ്ടിവന്നില്ല.അതിനിടയ്ക്ക് ശങ്കുമാമ വന്നെന്നെ കെട്ടിപിടിച്ചു പതിയെ നെഞ്ചിലേക്ക് ചേർത്തു നിർത്തുമ്പോൾ H.P പപ്പയുടെ കാലിൽ വീഴുന്ന കാഴ്ച ഞങ്ങളെ ഒട്ടും അതിശയപ്പെടുത്തിയിരുന്നില്ല. പപ്പയറിയാതെ തന്നെയുള്ള ഒരു മാപ്പ് പറച്ചിൽ ആണതെന്ന് അറിയാവുന്നത് കൊണ്ട് ഞാനും ശങ്കുമാമയും പരസ്പരം നോക്കി ചിരിച്ചു. കാൽക്കൽ നിന്നും H.P യെ എഴുന്നേൽപ്പിക്കുമ്പോൾ രണ്ടാളുടെയും കണ്ണിൽ നീർത്തിളക്കം കാണാമായിരുന്നു.ഇടയ്ക്ക് ശങ്കുമാമയുടെ കാലുകൾ ലക്ഷ്യമാക്കി H.P കുനിയും മുൻപേ അങ്ങനൊരു നീക്കം മുൻപേ മനസ്സിലാക്കിയെന്നോണം ശങ്കുമാമ ആളെ തടഞ്ഞു കെട്ടിപ്പിടിച്ചു.ശെരിക്കും മനസ്സ് നിറഞ്ഞ ഒരു ഫീൽ ആയിരുന്നു എനിക്ക്.

ഉമ്മറത്തേക്കിറങ്ങി ശങ്കുമ്മാമയോടൊപ്പം അവരുടെ ട്രോളി ബാഗ് എടുക്കാനായി തുനിഞ്ഞതും H.P അത് തടഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി.ആയാസപ്പെട്ട പണികളൊന്നും എന്നേ ചെയ്യാൻ വിടാത്തത് കൊണ്ട് ആള് തന്നെ അത് ഏറ്റെടുത്തു. “യാത്രയൊക്കെ സുഖമായിരുന്നോ….പപ്പാ ” H.P യാണ്. “ഫ്ലൈറ്റ് യാത്ര ഓക്കേ ആയിരുന്നു ഹരിമോനെ….ബട്ട്‌ നാട്ടിലെത്തിയിട്ടുള്ള ടാക്സി യാത്രയാണ് ഇത്തിരി ബുദ്ധിമുട്ടയത്. റോഡിലെ കുണ്ടും കുഴിയും ട്രാഫിക് ബ്ലോക്കും…. ഹോ ഇത്തിരി നേരം കൊണ്ട് തന്നെ മടുത്തു.” “പിക്ക് ചെയ്യാൻ ഞാൻ വരാമെന്നു പറഞ്ഞതല്ലേ പപ്പാ…?” “മോൻ വന്നാലും ഇതൊക്കെ തന്നെയാവില്ലേ അവസ്ഥ. പിന്നേ ഫ്ലൈറ്റ് നല്ല ഡീലേ ആയിരുന്നു അതാ വരണ്ടാന്നു തറപ്പിച്ചു പറഞ്ഞത്.

ഒരു ബസ്സിനെസുകാരന്റെ മണിക്കൂറുകളുടെ വില പപ്പയ്ക്ക് മനസ്സിലാവും.പിന്നേ എയർ പോർട്ടിൽ ടാക്സിക്ക് പഞ്ഞമൊന്നും ഇല്ലല്ലോ?” എല്ലാവരുടെയും സംസാരം കേൾക്കെ കുഞ്ഞിപ്പെണ്ണ് ഉറക്കം മുറിഞ്ഞ വിഷമത്തിൽ കരയാൻ തുടങ്ങി. ഞാൻ പതിയെ കുഞ്ഞിനെ തൊട്ടിലിൽ നിന്നെടുത്ത് നെഞ്ചോടണച്ചു പിടിച്ചു സോഫയിൽ വന്നിരുന്നു. അതോടെ ആള് സ്വിചിട്ട പോലെ കരച്ചിൽ നിർത്തി വീണ്ടും ഉറക്കം തുടങ്ങി.പപ്പാ എന്റെ അടുത്ത് വന്നിരുന്ന് വീണ്ടും വീണ്ടും ആകാംഷയോടെ കുഞ്ഞിനെ നോക്കിക്കൊണ്ടിരുന്നു. “പപ്പാ…. വിശേഷങ്ങൾ ഓക്കെ പറ കേൾക്കട്ടെ….” ഞാൻ കുഞ്ഞിൽ നിന്നും ശ്രദ്ധ തിരിച്ചു ആവേശത്തോടെ ചോദിച്ചതും പപ്പാ പതിയെ എണീറ്റു.

“വിശേഷങ്ങൾ ഒക്കെ കുളി കഴിഞ്ഞിട്ട്.എനിക്കെന്റെ കുഞ്ഞിനെ ഒന്നെടുക്കാഞ്ഞിട്ട് കൈ തരിക്കുന്നു.” പപ്പാ കുഞ്ഞിനെ നോക്കി ചിരിയോടെ പറഞ്ഞതും ഞാൻ പിന്നേം മുഖം വീർപ്പിച്ചു.എന്റെ പിണക്കം മനസ്സിലായ പോലെ എല്ലാരുടെയും മുഖത്തൊരു ചിരി ഉണ്ടായിരുന്നു. “പപ്പാ വല്ലാതെ ക്ഷീണിച്ചു…” H.P യാണ്. ആള് വന്ന മുതൽ പപ്പയെ നല്ലോണം പതപ്പിക്കുന്നുണ്ട്. മിക്കവാറും പപ്പാ ഇനി കുളിക്കേണ്ടി വരില്ല. “അപ്പൊ ഞാനോ….?” ശങ്കുമാമ ഇടയ്ക്ക് കയറി ചോദിച്ചപ്പോൾ മറുപടി എന്തോ പറയാൻ H.P വാ തുറന്നതും ഞാൻ ഇടയിൽ കയറി. “ഓ….പപ്പയ്ക്ക് വല്യ ക്ഷീണമൊന്നും ഇല്ല. ക്ഷീണിച്ചത് മുഴുവൻ എന്റെ ശങ്കുമ്മാമയാ…. പാവം….” ശങ്കുമാമയെ ദയയോടെ നോക്കി പറയുന്നതിനൊപ്പം പപ്പയെ നോക്കി മുഖം കൊട്ടാനും ഞാൻ മറന്നില്ല.

എല്ലാരും ചിരി അടുക്കിപ്പിടിച്ചു എന്നെ നോക്കുന്നത് കണ്ടപ്പോൾ പതിയെ കുഞ്ഞിനെയുമെടുത്ത് മുറിയിലേക്ക് നടന്നു ഒപ്പം പിന്നിൽ അടുക്കിപ്പിടിച്ച ചിരികൾ ഇടയ്ക്ക് ഉയർന്നു കേൾക്കാമായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞു എല്ലാവരും കൂടി ഹാളിൽ ഇരുന്നു കഥപറയുന്നുണ്ടായിരുന്നു. ഞാൻ കിച്ചനൊക്കെ ഒതുക്കി ചെല്ലുമ്പോൾ കുഞ്ഞ് പപ്പയുടെ മടിയിൽ കിടന്ന് നല്ല ഉറക്കമായിരുന്നു.H.P ലാപ്ടോപ്പിൽ എന്തോ പണിയുന്നതിനൊപ്പം പപ്പയോടും ശങ്കുമാമയോടും എന്തൊക്കെയോ ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്.ഞാൻ പതിയെ പപ്പയുടെ അടുത്ത് പോയി ഇരുന്നു. എവിടെ…. ആള് പള്ളിപ്പെരുന്നാളിനു കണ്ട ഭാവം പോലും കാണിക്കുന്നില്ല. പിന്നേ ഒന്നും നോക്കിയില്ല നേരെ H.P യുടെ അടുത്ത് പോയി ലാപ്ടോപ് പിടിച്ചുവാങ്ങി മാറ്റിവയ്ച്ചു.

പപ്പയുടെ മടിയിൽ നിന്ന് കുഞ്ഞിനെ എടുത്ത് H.P യുടെ മടിയിൽ കിടത്തി. “ഇപ്പഴാ എല്ലാം ശെരിയായത്.” ഇടുപ്പിൽ കയ്യൂന്നി എല്ലാവരെയും നോക്കി പറഞ്ഞിട്ട് അന്തസ്സായിട്ട് സ്ലോ മോഷനിൽ നടന്നു ചെന്ന് പപ്പയുടെ മടിയിൽ തല വയ്ച്ചു കണ്ണുകൾ ഇറുകെ പൂട്ടി കിടന്നു.എല്ലാവരും എന്റെ പ്രവർത്തിയിൽ ഒരു നിമിഷം അന്തം വിട്ട് ഇരിക്കുന്നുണ്ടായിരുന്നു.പതിയെ അത് ചിരിയിലേക്കും എന്റെ കുശുമ്പിനെക്കുറിച്ചുള്ള ചർച്ചയിലേക്കും എന്റെ കുട്ടിക്കാലത്തെ വികൃതിത്തരങ്ങളിലേക്കും ഓക്കേ നീണ്ടു.പപ്പാ വാ തോരാതെ എന്നെ വർണിക്കുന്നത് കുഞ്ഞിനെയും തലോടിക്കൊണ്ട് രസത്തോടെ കേട്ടിരിക്കുന്നതിനൊപ്പം H. P യുടെ പ്രണയപൂർവ്വമുള്ള നോട്ടങ്ങൾ ഇടയ്ക്ക് എന്നെ തേടിയെത്തുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.

ഇടയ്ക്ക് H.P യ്ക്ക് ഒരു കാൾ വന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കുഞ്ഞിനെ ശങ്കുമാമ ഏറ്റെടുത്തു.പപ്പാ പതിയെ എന്റെ മുടിയിൽ തലോടി വിശേഷങ്ങൾ ഓക്കേ ചോദിക്കാൻ തുടങ്ങി.ഇത്തിരി കഴിഞ്ഞ് ശങ്കുമാമ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പുറത്തേക്കിറങ്ങി പോയി. എന്നെയും പപ്പയെയും ഒറ്റയ്ക്ക് വിടുന്നതിനൊപ്പം H. P യോട് തുറന്നു സംസാരിക്കാനുള്ള പോക്കാണാതെന്നു എനിക്ക് തോന്നിയിരുന്നു…..തുടരും…..

ഹരി ചന്ദനം: ഭാഗം 49

Share this story