സഹയാത്രികയ്ക്കു സ്നേഹ പൂർവം: ഭാഗം 45

സഹയാത്രികയ്ക്കു സ്നേഹ പൂർവം: ഭാഗം 45

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കിച്ചു എന്തോ അപകടം മണത്തതുകൊണ്ട് ചോദിച്ചതും ഭദ്ര പോകുന്ന വഴിയെ ഉറ്റു നോക്കിക്കൊണ്ട് അവൻ പറഞ്ഞതും ജിഷ്ണുവിന്റെയും കിച്ചുവിന്റെയും വിമലിന്റെയും കണ്ണുകളിൽ ഒരുപോലെ ഭയം രൂപപ്പെട്ടു.. നടക്കാൻ പോകുന്നതെന്തെന്നറിയതെ കിച്ചുവും വിമലും അവൾക്ക് പിന്നാലെ പുറത്തേയ്ക്ക് പായുമ്പോഴും ഭയത്തോടെ നിൽക്കുന്ന വിച്ചുവിനെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കുകയായിരുന്നു ജിഷ്ണു.. എനിക്ക്.. എനിക്കെന്റെ മോളെ ഒന്നു കാണണം.. വനജ പറയുന്നത് കേട്ടുകൊണ്ടാണ് കാറ്റ് പോലെ ഭദ്ര പാഞ്ഞു വന്നത്.. എന്താ.. ഭദ്ര അവരോടായി ചോദിച്ചു.. മോളെ.. എനിക്ക് വിച്ചൂനെ ഒന്ന് കാണണം.. അവർ പറഞ്ഞു.. പറ്റില്ല.. അങ്ങനെ കാണാൻ നിങ്ങൾ അവളുടെ ആരാ..

ഭദ്ര ചോദിച്ചു.. മോളെ..എനിക്ക്… നിർത്തു.. അവർ പറഞ്ഞു തുടങ്ങിയതും ഭദ്ര കയ്യുയർത്തി തടഞ്ഞു.. ആരുടെ മോള്.. നിങ്ങളുടെയോ.. പുച്ഛത്തോടെ അവൾ ചോദിച്ചു.. എന്നെ പ്രസവിച്ച എന്റെ അമ്മ ചത്തു.. അറപ്പോടെ വേദനയോടെ അവൾ പറയുന്നത് കേട്ടാണ് കിച്ചുവും വിമലും ഓടി വന്നത്.. വനജ സങ്കടത്തോടെ അവളെ നോക്കി.. എനിക്ക് വിച്ചൂനെ ഒന്നു കണ്ടാൽ മതി. ഞാൻ ഞാൻ പ്രസവിച്ച മോളല്ലേ.. വനജ പറഞ്ഞു.. മ്മ്.. നല്ല അഭിനയം.. നിങ്ങൾ പ്രസവിച്ച മകൾ.. ആ മകളെ കാമുകന്റെ കിടപ്പറയിലേയ്ക്ക് തള്ളിയിട്ട് കാവൽ നിന്ന നിങ്ങളെ വെട്ടി ജയിലിൽ പോയ എന്റെ മുൻപിൽ നിന്നുതന്നെ നിങ്ങളിത് പറയണം..

ഭദ്ര പുച്ഛത്തോടെ പറഞ്ഞതും അവരുടെ മുഖം താഴ്ന്നു.. കിച്ചുവും വിമലും ഭദ്രയ്ക്ക് പിന്നിലായി വന്നു നിന്നു.. മോളെ.. തെറ്റുകളൊക്കെ ഞാൻ ഏറ്റുപറഞ്ഞോളാം.. ഒരമ്മയുടെ ഏറ്റവും വലിയ സന്തോഷമാണ് മക്കളെ വിവാഹ വേഷത്തിൽ കാണുന്നത്.. ഞാൻ.. ഞാനവളെ ഒന്നു കണ്ടോട്ടെ.. ഒരിക്കൽ.. ഒരിക്കൽ കൂടി.. ആ സ്ത്രീ കെഞ്ചുന്നത് കണ്ടതും കിച്ചുവിന്റെ മനസ്സൊന്ന് പിടഞ്ഞു.. സത്യമാണ്.. അവർ പെറ്റമ്മയാണ്. അവൻ അവരെ നോക്കി.. അന്ന് ഭദ്രയുടെ വീട്ടുമുറ്റത്തു കണ്ട അവസ്ഥയിലല്ല അവരിപ്പോൾ.. ആകെ തകർന്ന് അവശയായിട്ടുണ്ട്.. മുടിയിൽ ബാധിച്ച നര അവരുടെ മനസ്സിലും ബാധിച്ചിട്ടുണ്ടെന്നു തോന്നി..

ഭദ്രയോട് അവർക്കായി ഒന്നു സംസാരിക്കാൻ തോന്നി.. അവൻ സംസാരിക്കാൻ തുടങ്ങിയതും വിമൽ അവന്റെ കയ്യിൽ ബലമായി പിടിച്ചു.. കണ്ണുകൾ കൊണ്ട് അരുതെന്ന് വിലക്കി.. അവൻ ദയനീയമായി വിമലിനെ നോക്കി.. വേണ്ടാ.. ഭദ്രയുടെ ക്രോധം നിറഞ്ഞ വാക്കുകൾ കേട്ട് കിച്ചു അവളെ നോക്കി.. മുഖത്തുനിന്നും ചോര തൊട്ടടുക്കാം.. അത്രത്തോളം അവൾ ദേഷ്യത്തിലാണെന്നു അവളുടെ ഭാവം കണ്ടതും അവനു മനസ്സിലായി…. ഭദ്രാ.. വിമൽ ശാസനയോടെ അവസ്ഥ ഓര്മിപ്പിക്കുവാനെന്നോണം അവളെ വിളിച്ചു.. നിങ്ങളുടെ അഭിനയം അതെന്റെ മുൻപിൽ വേണ്ട.. വിലപ്പോകില്ല ഒന്നും..

ഭദ്ര കിതപ്പോടെ പറഞ്ഞു.. നിങ്ങൾ ദയവായി ഇവിടുന്നു പോണം.. ഇതൊരു കല്യാണ സ്ഥലമാണ്.. നിങ്ങളായിട്ട് ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കരുത്.. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ആത്മാര്ഥമായിട്ടാണെങ്കിൽ നിങ്ങളുടെ മകളുടെ ജീവിതത്തിലെ ഈ പ്രധാന ദിവസം ഒരു പ്രശ്നം ഉണ്ടാക്കാതിരിക്കേണ്ടത് നിങ്ങളുടെ കടമയല്ലേ.. പിറകിൽ നിന്നും മുൻപോട്ട് വന്നു രാധിക പറഞ്ഞതു കേട്ടതും വനജ അവരെ നോക്കി. ഐശ്വര്യം തുളുമ്പുന്ന ആ മുഖത്തേയ്ക്ക് അവർ ദയനീയമായി നോക്കി.. വേറെ ഒന്നും വേണ്ട.. കല്യാണ പെണ്ണായി ഒരുങ്ങിയ അവളെ ഒരു നോക്ക് കാണാൻ.. അതിനാ ഞാൻ..

വനജ കരച്ചിലോടെ പറഞ്ഞതും ഭദ്ര കൈ ദേഷ്യത്തോടെ ചുരുട്ടി പിടിക്കുന്നത് കിച്ചു കണ്ടു.. ദേ സ്ത്രീയെ.. നിങ്ങൾ പോകുന്നോ അതോ ഈ ദിവസം ഞാൻ തന്നെ ആട്ടി ഇറക്കണോ നിങ്ങളെ.. ഭദ്ര സഹികെട്ട് നിൽക്കുകയാണെന്ന് മനസ്സിലായതും കിച്ചു മുൻപോട്ട് നീങ്ങി നിന്നു.. നിങ്ങളോട് കാര്യം പറഞ്ഞില്ലേ..നിങ്ങൾ വന്നത് വിച്ചു അറിഞ്ഞതാ.. എന്നിട്ടും അവൾ ഇറങ്ങി വന്നിട്ടില്ല എങ്കിൽ അവൾക്ക് നിങ്ങളെ കാണേണ്ട എന്നാണ് അർത്ഥം.. നിങ്ങൾ പോ.. കിച്ചു പറഞ്ഞു.. ഇല്ല.. എനിക്ക്.. എനിക്കവളെ കാണണം. വനജ അകത്തേയ്ക്ക് പോകാൻ തുണിഞ്ഞതും ഭദ്ര അവരുടെ കയ്യിൽ കയറി പിടിച്ചു പുറകിലേക്ക് തള്ളി.. ഇറങ്ങി പോ.. പോകാൻ.. അലറും പോലെയാണ് അവളത് പറഞ്ഞത്..

കണ്ണുകൾ ചുവന്നു മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി കിതപ്പോടെ അവൾ പറഞ്ഞു.. ഭദ്രേ.. വിച്ചുവിന്റെ ദേഷ്യത്തോടെയുള്ള വിളി കേട്ടതും എല്ലാവരും പുറകിലേക്ക് നോക്കി.. വിച്ചുവിനൊപ്പം വീൽ ചെയറിൽ മാഷിനെ കൂടെ കണ്ടതും ഭദ്ര അവർക്ക് അരികിലേക്ക് ചെന്നു.. അച്ഛാ.. അച്ഛനെന്തിനാ ഇങ്ങോട്ട് വന്നത്.. ഞങ്ങൾക്ക് അവരെ കാണണം ഭദ്രേ.. ഉറപ്പോടെ മറുപടി കൊടുത്തത് വിച്ചുവായിരുന്നു.. കിച്ചു അത്ഭുതത്തോടെ അവളെ നോക്കി.. അവൾക്ക് പിന്നാലെ വന്ന ജിഷ്ണുവും സുമയും ശ്രീധരൻ മാഷും ഒക്കെ അത്ഭുതത്തിൽ തന്നെയായിരുന്നു.. കിച്ചു ഭദ്രയെ നോക്കി.. അവിടെ പ്രത്യേകിച്ചു ഭാവമാറ്റമൊന്നും അവൻ കണ്ടില്ല..അവൾ ദേഷ്യത്തിൽ മറ്റെങ്ങോ നോക്കി നിൽക്കുകയായിരുന്നു..

മോളെ.. വനജ ഓടി വന്ന് അവളെ കെട്ടിപ്പിടിക്കുവാൻ തുനിഞ്ഞതും വിച്ചു കൈകൊണ്ടവരെ തടഞ്ഞു.. എന്താ നിങ്ങൾക്ക് വേണ്ടത്.. അവൾ ചോദിച്ചു.. മോളെ.. അമ്മയ്ക്ക് അമ്മയ്ക്ക് നിന്നോട് മാപ്പ് പറയണം എന്ന് തോന്നി.. എല്ലാത്തിനും.. വനജ കരഞ്ഞുകൊണ്ട് പറഞ്ഞതും വിച്ചു വെറുപ്പോടെ അവരെ നോക്കി.. എന്ത് തെറ്റിനാ ഞാൻ നിങ്ങൾക്ക് മാപ്പ് തരേണ്ടത്.. നൊന്ത് പ്രസവിച്ച ഞങ്ങളെയും ഒരു നോട്ടം കൊണ്ടുപോലും നിങ്ങളെ നോവിക്കാതെ സ്നേഹിച്ച എന്റെയീ അച്ഛനെയും പച്ചയ്ക്ക് വഞ്ചിച്ചു കാമുകനൊപ്പം എന്റെ അച്ഛന്റെ കിടപ്പറയിൽ നിങ്ങളുടെ അഴിഞ്ഞാട്ടം ആടി തീർത്തിനോ…

വിച്ചു വെറുപ്പോടെ അവരെ നോക്കി.. അതോ ആ രംഗം കണ്ടുവന്ന എന്നെ ക്രൂരമായി ഉപദ്രവിച്ചതിനോ.. അതോ ആ ക്രൂരതയ്ക്കും അപ്പുറം കണ്ടതൊന്നും ഞാൻ പുറത്തു പറയാതിരിക്കാൻ വേണ്ടി കാമുകന്റെ കിടപ്പറയിലേയ്ക്ക് എറിഞ്ഞു കൊടുത്തു കാവൽ നിന്നതിനോ.. അവൾ പകയോടെ അവരെ നോക്കി.. മോളെ.. ശ്ശ്.. വിച്ചു ചുണ്ടിനു കുറുകെ വിരൽ വെച്ചു അവരോട് മിണ്ടരുത് എന്നു കാണിച്ചു.. പറയാനുള്ളത് മുഴുവൻ ഞാൻ പറഞ്ഞു തീർത്തില്ല.. വിച്ചു പറഞ്ഞു.. ഈ പറഞ്ഞത് കൂടാതെയും ചെയ്ത് കൂട്ടിയിട്ടുണ്ടല്ലോ കുറെയേറെ തെറ്റുകൾ.. ഇനി മാപ്പ്.. ആ വാക്ക് ഉച്ചരിക്കുവാൻ പോലും നിങ്ങൾക്ക് യോഗ്യതയില്ല..

മാപ്പ് തരാനും എനിക്ക് കഴിയില്ല.. അവൾ പറഞ്ഞു.. ആ വാക്കുകളിൽ നിന്നു കേൾക്കുന്ന ആർക്കും അവൾക്ക് അവരോടുള്ള അറപ്പ് വ്യക്തമായി മനസ്സിലാക്കാൻ കഴിയുമായിരുന്നു.. രാഘവേട്ടാ.. വനജ അവസാന ശ്രമമെന്നോണം രാഘവൻ മാഷിന് നേരെ നീങ്ങിയതും ആദ്യ പ്രഹരം അവരുടെ കരണത് പതിഞ്ഞിരുന്നു.. കിച്ചുവും വിമലും അടക്കം എല്ലാവരും ഞെട്ടലോടെ ശ്രീധരൻ മാഷിനെ നോക്കി.. ശ്രീധരേട്ടാ.. സുമ ശാസനയോടെ വിളിച്ചു.. മാറി നിന്നോണം… ശ്രീധരൻ മാഷ് ദേഷ്യത്താൽ തിളയ്ക്കുകയായിരുന്നു.. വനജ ഭയത്തോടെ പുറകിലേക്ക് നീങ്ങി.. വിച്ചുവും ഭദ്രയും ജിഷ്ണുവും അയാളെ നോക്കി..

അങ്ങനെ ഒരവസ്ഥയിൽ അത്രത്തോളം ദേഷ്യത്തിൽ അദ്ദേഹത്തെ ആദ്യമായി കാണുകയായിരുന്നു അവർ പോലും.. മിണ്ടരുത് നീ.. രാഘവേട്ടാ എന്ന്.. ആ പേര് വിളിക്കാൻ എന്ത് യോഗ്യതയാടി നിന്റെയീ പുഴുത്ത നാക്കിനുള്ളത്.. ഹേ.. ശ്രീധരൻ മാഷ് ചോദിച്ചു.. ആദ്യാക്ഷരം കുറിച്ച നാൾ മുതൽ ഒന്നിച്ചുണ്ടായിരുന്നതാടി ഞാനും ഈ മനുഷ്യനും. നീ വഴിപിഴച്ച തുടങ്ങി എന്നറിഞ്ഞ നിമിഷം മുതൽ അറപ്പോടെയാ ഞാൻ നിന്നെ കണ്ടിരുന്നത്. പക്ഷെ അന്നും നീ എന്നെങ്കിലും നന്നാകും എന്നൊരു പ്രതീക്ഷ ഇയാൾക്ക് ഉണ്ടായിരുന്നു.. എന്തൊക്കെപറഞ്ഞാലും ഈ പൊന്നുമക്കളെ അയാൾക്കായി നൽകിയ നിന്നോട് ഈ മനുഷ്യൻ കാണിച്ച ദയയ്ക്കാടി സ്വന്തം മോളെ കാമഭ്രാന്ത് മൂത്ത് നീ കാമുകന് എറിഞ്ഞുകൊടുത്തത്..

ശ്രീധരൻ മാഷ് ചീറി.. കിച്ചു രാഘവൻ മാഷിനെ നോക്കി.. ആ മനുഷ്യൻ തല കുമ്പിട്ട് ഇരിക്കുകയാണ്.. മറുപടിയെത്തുമില്ലാതെ.. ശാപവാക്കുകളില്ലാതെ..പക നിറഞ്ഞ നോട്ടമോ ഉപദ്രവമോ ഇല്ലാതെ.. പക്ഷെ മൗനമായി ഇരിക്കുന്ന ആ മനുഷ്യന്റെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീരിന് അവരുടെ സർവ്വ സൗഭാഗ്യങ്ങളും ഉരുക്കി കളയുവാനുള്ള ശേഷിയുണ്ടെന്ന് അവനു തോന്നി. വനജ പൊട്ടിക്കരഞ്ഞു.. മോളെ.. ദയനീയമാണ് എന്റെ അവസ്ഥ.. ഭദ്രയേക്കാൾ നിനക്ക് എന്നെ മനസ്സിലാകും എന്നാ തോന്നുന്നത്. മോളെ.. നിങ്ങളോട് ഞാൻ ഇനി ഒന്നും ആവശ്യപ്പെടില്ല.. ആ കേസ്.. അതൊന്ന്.. അവർ പറഞ്ഞു തീരും മുൻപേ അവിടെ കയ്യടി ശബ്ദം മുഴങ്ങി.. എല്ലാവരും ഞെട്ടലോടെ ഭദ്രയെ നോക്കി..

അഭിനയം കലക്കി.. അവൾ പുച്ഛത്തോടെ പറഞ്ഞു.. അവരുടെ തല താഴ്ന്നു.. മക്കളെ.. പ്ലീസ്.. വനജ കേണു.. എനിക്ക് ജീവിക്കാൻ വേറെ വഴിയില്ല.. അവർ കരഞ്ഞു.. ജീവിക്കാൻ ഒരു വഴിയുമില്ലാതെ നിങ്ങളുണ്ടാക്കിയ നാണക്കേട് കാരണം തലകുനിച്ചും ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെയും ഞങ്ങളും കഴിഞ്ഞിട്ടുണ്ട് ഒരു കാലത്ത്.. പക്ഷെ അന്നും ഇന്നും ഞങ്ങൾ ഞങ്ങളുടെ അച്ചന്റെ കൂടെ അഭിമാനം പണയം വെയ്ക്കാതെയാണ് കഴിഞ്ഞത്.. ഭദ്ര പറഞ്ഞു.. മോളെ.. വനജ വിളിച്ചു.. എന്തിനാ തള്ളേ.. ഇനിയുമീ അഭിനയം.. ഭദ്ര ചോദിച്ചു.. എന്നെ വേണ്ടത്തവർക്ക് എന്തിനാ എന്റെ സ്വത്ത്..

വനജ ചോദിച്ചു.. കിച്ചുവും വിമലും രാധികയും വിനയനും ശ്യാമയും അടക്കം നോക്കിക്കണുകയായിരുന്നു അവരുടെ ഭാവമാറ്റത്തെ.. അത് പതിവുള്ള കാഴ്ച ആയതിനാൽ ആകണം മറ്റുള്ളവരെയൊന്നും ആ പെരുമാറ്റം ബാധിച്ചിട്ടില്ല എന്നു തോന്നി.. വിച്ചു വെറുപ്പോടെ മുഖം തിരിച്ചു.. കിച്ചുവിന് അവരോട് വല്ലാത്ത വെറുപ്പ് തോന്നി. സ്വന്തം കാര്യത്തിനായി ഏത് വേഷവും കെട്ടിയാടാൻ മടിക്കാത്ത അവരോട് തീർത്താൽ തീരാത്ത വെറുപ്പ് തോന്നിപ്പോയി. എന്നെ വേണ്ടാത്തവർ എന്റെ സ്വത്തുക്കൾ അനുഭവിക്കേണ്ട കാര്യമില്ലല്ലോ. വനജ പറഞ്ഞു.. അത് കൊള്ളാമല്ലോ.. അതെങ്ങനെ നിങ്ങളുടെ സ്വത്താകും.. ഭദ്ര ചോദിച്ചു.. എന്റെ അച്ഛന്റെ സ്വത്ത്.. അത് എനിക്ക് അവകാശപ്പെട്ടതാണ്..

എന്നെ അമ്മയായി അംഗീകരിക്കാത്ത നിങ്ങൾക്ക് എന്ത് അവകാശമാണ് അതിലുള്ളത്.. വനജ ചോദിച്ചു.. ഓരോ ചോദ്യത്തിലും അവരുടെ സ്വരം മാറി വരുന്നത് കൂടി നിന്നവർക്ക് ഒരു അതിശയമായിരുന്നു.. അത് മുത്തച്ഛന്റെ പാരമ്പര്യ സ്വത്തുക്കൾ ആയിരുന്നില്ല.. അങ്ങനെ ഉള്ള സാഹചര്യത്തിൽ മുത്തച്ഛൻ സമ്പാദിച്ച സ്വത്തുക്കൾ ആർക്ക് കൊടുക്കണം.എന്നത് അദ്ദേഹത്തിന് തീരുമാനിക്കുവാനുള്ള പൂർണ്ണ അവകാശം നിയമം അനുശാസിക്കുന്നുണ്ട്.. അദ്ദേഹം അത് ഞങ്ങളുടെ പേരിൽ എഴുതിയെങ്കിൽ അത് ഞങ്ങളുടേതാണ് എന്നാണ് അർത്ഥം.. അല്ലാതെ മറ്റൊരാൾക്കും അതിന്മേൽ യാതൊരുവിധ അവകാശങ്ങളും ഇല്ല.. ഭദ്ര തീർത്തും പുച്ഛത്തോടെ പറഞ്ഞു.. പെറ്റതള്ളയ്ക്ക് വിലയില്ല.. പക്ഷെ അവളുടെ പേരിലുള്ള സ്വത്തുക്കൾ വേണമല്ലേ.. വനജ പുച്ഛത്തോടെ ചോദിച്ചു..

ആർക്ക് വേണം നിങ്ങളുടെ സ്വത്തുക്കൾ.. വിച്ചു പുച്ഛത്തോടെ മുഖം കോട്ടി.. പിന്നെ എന്തിനാടി അതും കെട്ടിപ്പിടിച്ചു കിടക്കുന്നത്.. വനജ ചോദിച്ചു.. ആദ്യത്തെ സങ്കട ഭാവമൊക്കെ മാറി അവർ ചീറി തുടങ്ങിയിരുന്നു.. ആര് കെട്ടിപ്പിടിച്ചു കിടക്കുന്നു എന്നാ. എനിക്കും എന്റെ അച്ഛനും എന്റെ ഭദ്രയ്ക്കും നിങ്ങളുടെ സ്വത്തിന്റെ ഒരംശം പോലും ആവശ്യമില്ല.. പിന്നെ മുത്തച്ഛൻ ഞങ്ങളുടെ പേരിൽ എഴുതിവെച്ച സ്വത്തുക്കൾ കണ്ട് നിങ്ങൾ വെള്ളമിറക്കേണ്ട.. അത്കൊണ്ട് നിങ്ങളുടെ കൂടെ നടക്കുന്നവനെ സന്തോഷിപ്പിക്കാമെന്നും കരുതേണ്ട.. വിച്ചു പറഞ്ഞു.. ആ സ്വത്തുക്കൾ ഇപ്പോൾ ഞങ്ങളുടെ പേരിൽ അല്ല.. അതിപ്പോൾ പണയത്തിലാണ്.. ഭദ്രയുടെ വാക്കുകൾ കേട്ടതും വനജ ഞെട്ടലോടെ അവളെ നോക്കി..

എന്താ.. എന്താ നീ പറഞ്ഞത്.. വനജ ഭ്രാന്തിയെ പോലെ ചീറി.. സത്യമാണ്.. ആ സ്വത്തുക്കൾ പണയപ്പെടുത്തി ക്യാഷ് ഇവരുടെ കമ്പനിയിൽ ഡിപ്പോസിറ്റ് ചെയ്തു ഞങ്ങൾ.. ഭദ്ര ഉറപ്പോടെ കിച്ചുവിനെ ചൂണ്ടി പറഞ്ഞതും എല്ലാവരും അവനെ നോക്കി.. ഓഹോ.. അപ്പൊ എല്ലാം കണ്ടവന്മാർക്കൊക്കെ തീറെഴുതി കൊടുത്തു അല്ലെ. കൊള്ളാം.. നീയും കേട്ടല്ലോ പുന്നാര അനിയത്തി പറഞ്ഞത്.. നിനക്ക് കൂടെ എഴുതി വെച്ചത് അവൾ പണയപ്പെടുത്തി അവളുടെ മറ്റവന് കൊടുത്തൂന്ന്.. വനജ പറഞ്ഞു.. ദേ.. എന്നെ പ്രസവിച്ച സ്ത്രീയായി പോയി.. അല്ലായിരുന്നെങ്കിൽ മുഖമടച്ചു ഒന്നു തന്നെനേം ഞാൻ..

വിച്ചു അവർക്ക് നേരെ കൈ ചൂണ്ടി പറഞ്ഞതും അവരൊന്ന് പതറി.. അവൾ ആ സ്വത്ത് എന്ത് ചെയ്താലും എനിക്ക് ഒന്നുമില്ല.. പിന്നെ അവൾ അത് ചെയ്തത് ആരോടും ആലോചിക്കാതെയുമല്ല.. എന്നോടും ഈ മനുഷ്യനോടും വീട്ടുകാരോടും അച്ഛനോടും അലോചിച്ചിട്ടു തന്നെയാണ്.. അതിൽ ഞങ്ങൾക്ക് ആർക്കും ഒരു എതിർപ്പും ഇല്ല താനും.. പിന്നെ ആ സ്വത്ത് പണയം എടുത്തു കഴിഞ്ഞാലും നിങ്ങൾക്ക് കിട്ടില്ല..അതിനുള്ള വഴിയും ഞങ്ങൾ ചെയ്തിട്ടുണ്ട്.. കേസ് തീരട്ടെ.. വിച്ചു പറഞ്ഞത് കേട്ടതും കിച്ചു ഭദ്രയെ നോക്കി.. അവൾ ദേഷ്യത്തിലാണ്.. പക്ഷെ ആ ദേഷ്യത്തിനും അപ്പുറം അവൾക്ക് മറ്റൊരു മുഖമുണ്ടെന്നു അവസന് തോന്നി..

എന്ത് തീരുമാനത്തിനു പിന്നിലും ഒരുപാട് ആലോചിക്കുന്ന ഒരു മനസ്സുള്ള ജീവിതത്തിന്റെ അഗ്നിപരീക്ഷകളെ നെഞ്ചും വിരിച്ചു നേരിട്ട പെണ്ണൊരുത്തിയുടെ ഉറപ്പ് അവളിലുണ്ടായിരുന്നു.. ഇനി പൊയ്ക്കൂടെ.. ഭദ്ര ചോദിച്ചു.. ഇപ്പൊ ഞാൻ പോകുവാ.പക്ഷെ ഒന്നോർത്തോ.. കേസിൽ പെട്ട വസ്തു പണയം വെച്ചതിനുള്ള വകുപ്പ് ഞാൻ നോക്കിക്കോളാം.. വനജ പറഞ്ഞു.. ആയിക്കോട്ടെ.. ഭദ്ര പറഞ്ഞു.. വീണ്ടും എന്തൊക്കെയോ പറഞ്ഞു കുറെ നേരം നിന്നിട്ടാണ് അവർ പോയത്.. അവർ പോയതും കിച്ചു ഭദ്രയെ നോക്കി.. ഇത്രയൊക്കെ പുറമെ ഇല്ല എന്നു കാണിച്ചാലും പെറ്റമ്മയുടെ നെഞ്ചിലെ ഒരിറ്റ് സ്നേഹം അവളും ആഗ്രഹിക്കുന്നുണ്ടാകില്ലേ.. അവനോർത്തു.. പക്ഷെ അവനെ പോലും ഞെട്ടിച്ചുകൊണ്ട് അടുത്ത നിമിഷം തന്നെ ഭദ്ര അകത്തേയ്ക്കു പോയി .

എല്ലാവരെയും വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിക്കാനും മറ്റും ഓടി നടക്കുന്നവളെ കാണ്കെ അവൻ അത്ഭുതപ്പെട്ടു നിന്നു.. രാഘവൻ മാഷ് ശ്രീധരൻ മാഷിന്റെ കൈപിടിച്ചുവെച്ചു കുറച്ചു നിമിഷം ഇരുന്നു.. അദ്ദേഹം തന്നെയാണ് മാഷിനെ ആശ്വസിപ്പിക്കുവാൻ ഏറ്റവും നല്ല ആളെന്നു തോന്നിയതിനാൽ കിച്ചു അവിടേയ്ക്ക് പോയില്ല.. അതിനും മുകളിൽ അവസ്‌നേ അത്ഭുതപ്പെടുത്തിയത് ജിഷ്ണുവും വീട്ടുകാരും ആയിരുന്നു.. കോവിളിന് പുറത്ത് നടന്നതൊന്നും അവരെ തെല്ലും ബാധിച്ചിട്ടില്ല എന്നതുപോലെ ആയിരുന്നു അവരുടെ ഓരോരുത്തരുടെയും പെരുമാറ്റം..

ആ പ്രശ്‌നത്തിന്റെ പേരിൽ ഒരു ചർച്ചയോ അതിന്റെ പേരിൽ ഒരു മാപ്പ് പറച്ചിലോ അവിടെ നടന്നില്ല.. മറിച്ച് എല്ലാവരും ചേർന്ന് ആ സാഹചര്യത്തെ മനപൂർവം മറന്നുകളഞ്ഞു.. കിച്ചുവിന് ഒരേസമയം അത്ഭുതവും ബഹുമാനവും തോന്നി അവരോട്.. വിമലിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. ജീവിതത്തെ തീർത്തും വ്യത്യസ്തമായ രീതിയിൽ കാണുന്ന ഒരുപറ്റം ആളുകളെ നോക്കികാണുകയായിരുന്നു അവർ അപ്പോൾ.. ജീവിതം മുഴുവൻ മറ്റുള്ളവരെ കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും ജീവിച്ചു തീർക്കുന്നവർക്കിടയിൽ സ്നേഹം കൊണ്ട് അത്ഭുതമാകുന്ന മനുഷ്യർ.. ആ മനുഷ്യർക്കിടയിൽ ജീവിക്കുവാൻ ഒരവസരം കിട്ടിയതിനു നന്ദി പറയുവാൻ തോന്നിപ്പോയി കിച്ചുവിന്..

അല്ലെങ്കിലും ജീവിതം അങ്ങനെയാണല്ലോ.. ഒരു വഴിക്ക് കൂടി എല്ലാം തകർത്തു കളയും.. മറ്റൊരു വഴിയേ ഒന്നൊന്നായി കൂട്ടിച്ചേർക്കുകയും ചെയ്യും.. ************ വലതുകാൽ വെച്ചു സുമ നിറഞ്ഞ മനസ്സോടെ നൽകിയ നിലവിളക്കുമേന്തി ജിഷ്ണുവിന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു വിച്ചു കയറുന്നത് നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും നോക്കിക്കണ്ടു.. കല്യാണത്തിൽ പങ്കെടുത്തവർക്ക് എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യ തന്നെ ഭദ്ര ഒരുക്കിയിരുന്നു.. അത് കഴിച്ച ശേഷമാണ് ജിഷ്ണുവിന്റെ വീട്ടിലേയ്ക്ക് എല്ലാവരും ചെന്നത്.. വിവാഹത്തിന് നാട്ടുകാരെ ഒഴിവാക്കിയതിനാൽ തന്നെ റിസപ്ഷനായി അവർക്കുള്ള വിരുന്നൊരുക്കിയിരുന്നു..

രാത്രി ഏറെ വൈകിയ റിസപ്ഷനും കഴിഞ്ഞു ജിഷ്ണുവിനെയും വിച്ചുവിനെയും അവരുടെ ജീവിതത്തിലേക്ക് ആദ്യരാത്രിയിലേയ്ക്ക് പറഞ്ഞയയ്ച്ച ശേഷമാണ് കിച്ചുവും വിമലും വീട്ടിലേയ്ക്ക് വന്നത്… സർവ്വ ഇടത്തും സ്വാതന്ത്ര്യത്തോടെ ഓടിനടക്കുവാൻ കിട്ടിയ ഒരവസരം നന്നായി ഉപയോഗിച്ചതിനാലാകാം ദേവു വല്ലാതെ ക്ഷീണിച്ചിരുന്നു.. രാധികയും ദേവുവും വിനയനും ശ്യാമയും കിടന്നു എന്നുറപ്പ് വരുത്തിയിട്ടാണ് കിച്ചുവും വിമലും മുറിയിലേയ്ക്ക് വന്നത്.. ദിവസങ്ങളായുള്ള അലച്ചിൽ അവരിലും വല്ലാത്ത ക്ഷീണം നിറച്ചിരുന്നു.. ഒന്നു കുളിച്ചിറങ്ങി കിച്ചു വന്നപ്പോഴേയ്ക്കും വിമൽ പാതി ഉറക്കത്തിലായിരുന്നു..അവനെ വിളിച്ചുണർത്തി കുളിക്കാൻ പറഞ്ഞു വിട്ട ശേഷം കിച്ചു ജനാലയ്ക്കരികിൽ ചെന്ന് പുറത്തേയ്ക്ക് നോക്കി..

അപ്പോഴും എല്ലാ ക്ഷീണവും മറന്ന് പന്തലുകാർക്കും പാചകക്കാർക്കും കണക്ക് തീർത്ത് കാശ് എണ്ണികൊടുക്കുന്നവളെ അവൻ പ്രണയത്തോടെ നോക്കി.. എന്നെങ്കിലും ഒരു നാൾ ഇതുപോലെ ഒരു താലി കിച്ചുവിന്റെ കൈകൾകൊണ്ട് നിന്റെ കഴുത്തിലും ഞാൻ അണിയിക്കും പെണ്ണേ.. എന്റെ ആത്മാവിന്റെ പാതിയായി നീയില്ലെങ്കിൽ അപൂര്ണനാണെന്നു തോന്നിപ്പോകുന്നു എനിക്ക്.. അവൻ മനസ്സിൽ പറഞ്ഞു.. അവന്റെ മൗനാനുരാഗത്തിന്റെ വാഗ്ദാനത്തിന്റെ മാറ്റൊലി ആ രാത്രിയിൽ അലയടിച്ചുനിന്നു.. അപ്പോഴും മറ്റേതോ കണക്കുകൾക്ക് പിന്നിലായിരുന്നു അവളുടെ മനസ്സ്.. ***

വിമൽ.. കമ്പനി മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ രാധികയുടെ വിളി കേട്ടതും വിമൽ തലയുയർത്തി നോക്കി.. അവരെ കണ്ടതും സ്നേഹത്തോടെ പുഞ്ചിരിച്ചു ലാപ്ടോപ്പ് മാറ്റി വെച്ചവൻ എഴുന്നേറ്റു.. എന്താ ആന്റി.. അവൻ ആകാംഷയോടെ ചോദിച്ചു.. എനിക്ക്.. എനിക്ക് നിന്നോടൽപ്പം സംസാരിക്കാനുണ്ട്.. രാധിക പറഞ്ഞതും വിമൽ അവരെ നോക്കി.. പതിവില്ലാത്ത ഗൗരവവും വെപ്രാളവും അവരിൽ കണ്ടതും പറയുവാൻ പോകുന്നത് അത്ര നിസ്സാരമായ ഒന്നല്ല എന്നവന് ബോധ്യപ്പെട്ടിരുന്നു.. എന്താ ആന്റി.. എന്തായാലും പറഞ്ഞോളൂ.. നിനക്ക് ദേവൂനെ ഇഷ്ടമാണോ.. എടുത്തടിച്ചതുപോലെയുള്ള രാധികയുടെ ചോദ്യം കേട്ടതും അവനൊന്ന് വിളറി.. പെട്ടെന്ന് അത് മറച്ചുകൊണ്ട് അവൻ ചിരിച്ചു..

ദേവൂനെ ആർക്കാ ഇഷ്ടപെടാത്തത്.. അവൻ പെട്ടെന്ന് ചോദിച്ചു.. വിമൽ.. നിനക്ക് അവളോട് മറ്റൊരു തരത്തിലുള്ള ഇഷ്ടമുണ്ടോ ഇല്ലയോ.. അത്രയും എന്റെ മുഖത്തുനോക്കി നീ പറഞ്ഞാൽ മതി.. രാധിക പറഞ്ഞു.. അവൻ മുഖം കുനിച്ചു.. വിമൽ. രാധികയുടെ ആ വിളി അൽപ്പം മയപ്പെട്ടിരുന്നു.. ഇഷ്ടമാണ് ആന്റി.. എന്നെക്കാൾ ഇഷ്ടമാണ്.. അവന്റെ വാക്കുകൾ ഇടറിയിരുന്നു.. രാധികയുടെ കണ്ണു നിറഞ്ഞു.. എന്തൊക്കെയാ മോനെ നീ ഈ പറയുന്നത്.. നീ.. നീ നിന്റെ ചുറ്റും ഉള്ളവരെപ്പറ്റി ഓർത്തോ… ദേവു . അവളെപ്പറ്റി എല്ലാം അറിയുന്നവനല്ലേ നീ.. അവളുടെയും ഞങ്ങളുടെയും എല്ലാ സാഹചര്യവും നിനക്കറിയാം..എന്നിട്ടും..

അവർ ബാക്കി പറയാതെ നിർത്തി.. ഈള്ളാം അറിഞ്ഞിട്ട് തന്നെയാണ് ആന്റി.. ഇഷ്ടമായിരുന്നു അവളെ.. കണ്ട നാൾ മുതൽ തോന്നിയ ഇഷ്ടം.. പിന്നീട് അങ്ങോട്ട് ഓരോ നിമിഷവും കൂടിയിട്ടേയുള്ളൂ.. അവളോട് പറഞ്ഞില്ല ഒന്നും.. അവൾക്ക് പിന്നാലെ നടന്ന് പ്രണയിച്ചു കറങ്ങി നടന്നു പഠിത്തം ഉഴപ്പൻ ഒന്നും എനിക്ക് താല്പര്യം ഇല്ലായിരുന്നു.. സമയം ആകുമ്പോൾ രണ്ടു വീട്ടുകാരോടും പറയാം എന്നു കരുതി.. പക്ഷെ എല്ലാം കൈവിട്ട് പോയത് അങ്കിൾ അവൾക്ക് വേണ്ടി കണ്ടുപിടിച്ച ചെറുക്കന്റെ ഫോട്ടോ കയ്യിൽ വെച്ചു തന്നപ്പോഴായിരുന്നു.. അന്ന് ഞാൻ കരഞ്ഞു.. ആന്റിക്കറിയോ സ്വബോധം നഷ്ടപ്പെട്ട് കുടിച്ചു..

എന്നിട്ടും ഉള്ളിലെ നീറ്റൽ മാറിയില്ല..വിവാഹത്തിന് കിച്ചുവിന്റെ കൂടെ ഓടി നടക്കുമ്പോഴും നീറി പുകയുകയായിരുന്നു ഉള്ളിന്റെ ഉള്ളിൽ ഞാൻ.. ആ വിവാഹം വേദിയിൽ വെച്ചു മുടങ്ങിയപ്പോഴും വിളിച്ചു പറയാനുള്ള ധൈര്യം കിട്ടിയില്ല ആന്റി.. മനസ്സുകൊണ്ട് ഞാൻ സന്തോഷിച്ചു പോയ നിമിഷം.. ആ ഇൻസിഡന്റിൽ നിന്നും എല്ലാവരും ഒന്നു റീലീവ് ആയിട്ട് എല്ലാം തുറന്ന് പറയാം എന്ന് കരുതിയാ വെയിറ്റ് ചെയ്തത്.. പക്ഷെ അങ്കിൾ.. വിമൽ കരഞ്ഞുപോയിരുന്നു.. ഞാൻ കാരണമാ ആന്റി അങ്കിൾ.. ഞാനൊരു വാക്ക് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ..

ചിലപ്പോ അന്ന് ദേവു എന്റേത് ആകുമായിരുന്നു.. അന്നൊരിത്തിരി ധൈര്യം കാണിച്ചിരുന്നെങ്കിൽ മകളുടെ വിവാഹം മുടങ്ങിയ വേദനയിൽ അങ്കിൾ സൂയിസൈഡ് ചെയ്യില്ലായിരുന്നു.. എന്റെ ദേവു.. ഈ അവസ്ഥയിൽ ആകില്ലായിരുന്നു.. നിങ്ങളുടെ ജീവിതം ഇത്രയും വേദന നിറഞ്ഞതാകില്ലായിരുന്നു.. വിമൽ പൊട്ടിക്കാരയുകയായിരുന്നു.. ഞാനാ എല്ലാത്തിനും കാരണം.. എനിക്കറിയാം ആന്റിയും കിച്ചുവും എന്നെ വെറുക്കുമെന്ന്.. അറിഞ്ഞോണ്ട് തന്നെയാ കൂടെ നിന്നതും.. പക്ഷെ.. പൊറുക്കാൻ പറ്റുമോ ആന്റി എന്നോട്.. സോറി ആന്റി..

വിമൽ പൊട്ടിക്കരയുന്നത് കണ്ടതും എന്ത് മറുപടി നൽകണം എന്നറിയാതെ രാധിക നിന്നുപോയി.. മോനെ.. രാധിക അവനെ തഴുകി.. ക്ഷമിക്കുമോ ആന്റി എന്നോട് . ക്ഷമിക്കുമോ കിച്ചു..അവനോട് എല്ലാം മറച്ചു വെച്ചില്ലേ ഞാൻ.. പൊറുക്കുമോ അവൻ. വിമൽ വേദനയോടെ ചോദിച്ചു.. രാധികയ്ക്കും മറുപടി ഉണ്ടായിരുന്നില്ല.. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.. ഇപ്പൊ കിച്ചു ഒന്നും അറിയേണ്ട.. എപ്പോഴോ സ്ഥലകാല ബോധം വന്നതും അത്രയും പറഞ്ഞു രാധിക പുറത്തേക്കിറങ്ങി.. പക്ഷെ തൊട്ടുമുന്പിൽ കണ്ണുനീരോടെ വേദനയോടെ നിൽക്കുന്നവനെ കണ്ട് ഞെട്ടലോടെ അവർ തറഞ്ഞു നിന്നു.. കിച്ചൂ.. അറിയാതെ അവരുടെ നാവിൽ നിന്നും വീണ ആ പേര് കേട്ട് ഞെട്ടലോടെ വിമൽ പുറത്തേയ്ക്ക് നോക്കി…..തുടരും

സഹയാത്രികയ്ക്കു സ്‌നേഹ പൂർവം: ഭാഗം 44

Share this story