സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 46

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 46

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പക്ഷെ തൊട്ടുമുന്പിൽ കണ്ണുനീരോടെ വേദനയോടെ നിൽക്കുന്നവനെ കണ്ട് ഞെട്ടലോടെ അവർ തറഞ്ഞു നിന്നു.. കിച്ചൂ.. അറിയാതെ അവരുടെ നാവിൽ നിന്നും വീണ ആ പേര് കേട്ട് ഞെട്ടലോടെ വിമൽ പുറത്തേയ്ക്ക് നോക്കി.. കിച്ചുവിനെ കണ്ടതും അവൻ പോലുമറിയാതെ അവൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.. പുറത്തേയ്ക്ക് നടന്നു.. കിച്ചു ഞാൻ.. കിച്ചു കയ്യുയർത്തി തടഞ്ഞു.. രാധികയെയും അവനെയും ഒരിക്കൽ കൂടി നോക്കി അവൻ പുറത്തേയ്ക്ക് പാഞ്ഞു.. പുറകെ രാധികയും വിമലും ഓടിയെത്തും മുൻപേ കിച്ചു വണ്ടിയുമെടുത്തു പോയിരുന്നു.. തളർച്ചയോടെ അതിലുപരി ഹൃദയ വേദനയോടെ വിമൽ നിലത്തേയ്ക്കിരുന്നു.. അപ്പോഴും കിച്ചുവിന് ആപത്തൊന്നും വരാതിരിക്കാനും അവന്റെ മനസ്സ് ശാന്തമാകാനും പ്രാര്ഥിക്കുകയായിരുന്നു രാധിക.. ************

വീട്ടിലൊന്നും പോകുന്നില്ലേ മാഷേ.. ഭദ്രയുടെ ചോദ്യം കേട്ടാണ് കിച്ചു കണ്ണു തുറന്നത്.. അപ്പൂപ്പൻ കാവിനരികിലെ അരുവിക്കരയിൽ വെറുതെ നിലത്തു കിടക്കുകയായിരുന്നു കിച്ചു.. കേട്ട കാര്യങ്ങളുടെ ഷോക്കിൽ നിന്നും അപ്പോഴും അവൻ മുക്തനായിട്ടുണ്ടായിരുന്നില്ല.. മാഷേ.. ഭദ്രയുടെ ആ വിളി അൽപ്പം കൂടെ സൗമ്യതയാർന്നതായിരുന്നു.. അവൻ അവളെ നോക്കി.. അവൾ അവനരികിലായി ഇരുന്നു.. കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ നോക്കി അനുതാപതോടെ അവളൊന്നു പുഞ്ചിരിച്ചു.. എന്തുപറ്റി.. അവൾ ചോദിച്ചു.. അവനൊന്നും മിണ്ടിയില്ല.. അവൾ തലകുനിച്ചു കുറച്ചുനേരം ഇരുന്നു.. പറ്റിക്കുകയായിരുന്നു… ചുറ്റും കൂടി എല്ലാവരും എല്ലാവരും.. അവന്റെ കണ്ണുകൾ നിർത്താതെ പെയ്യുന്നത് ആ പെണ്ണ് ആകാംഷയോടെ നോക്കി ഇരുന്നു.. കൂടെപിറപ്പിനെ പോലെ ഞാൻ കണ്ടതാ വിമലിനെ..

അവനിൽ നിന്നും ഇന്നുവരെ ഒന്നും. ഒന്നും ഞാൻ മറച്ചു വെച്ചിട്ടില്ല.. എന്നിട്ടും.. എന്റെ ദേവുവിനെ അവൻ പ്രണയിച്ചത് ഞാൻ അറിഞ്ഞില്ല.. ഒന്നും.. ഒന്നും അറിഞ്ഞില്ല.. വിഡ്ഢിയാ ഞാൻ.. കിച്ചു വീണ്ടും കരഞ്ഞു.. ഒന്നൊന്നായി എണ്ണിയെണ്ണിപ്പറഞ്ഞു കരയുന്ന കിച്ചുവിനെ അവൾ നോക്കിയിരുന്നു . അൽപ്പനേരം അവനായി അവന്റെ മനസ്സിലെ വേദനകൾക്കായി അവൾ സമയം നൽകി.. അവയെ ശ്രദ്ധയോടെ കേട്ടു.. ചിലതിന് മൂളി.. മറ്റു ചിലതിന് ആകാംഷയോടെ മറുചോദ്യം ചോദിച്ചു.. കിച്ചു കുറെ സംസാരിച്ചു.. ഭദ്ര അവനെ കേട്ടു..വെറുതെ കേട്ടിരുന്നു.. എല്ലാം പറഞ്ഞു കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ അവനൽപ്പം ആശ്വാസം തോന്നി.. അവൻ കുറച്ചുനേരം ഒന്നും മിണ്ടാതെ ഇരുന്നു.. ഇനിയെന്താ തീരുമാനം.. അവൾ ചോദിച്ചു.. അവനൊന്നും മിണ്ടിയില്ല..

വിമലിനെ എന്നെന്നേക്കുമായി ജീവിതത്തിൽ നിന്നും പടിയിറക്കി വിട്ടേക്ക്.. ചതി ചെയ്ത ഒരാളെ എന്തിനാ കൂടെ കൂട്ടുന്നത്.. ഹി ഈസ് ആ ചീറ്റ്.. ഭദ്ര പറഞ്ഞു. നോ.. കിച്ചു പെട്ടെന്ന് പ്രതികരിച്ചതും ഭദ്ര ഒന്നു ചിരിച്ചു.. കഴിയില്ലല്ലേ അവൾ ചോദിച്ചു.. പിന്നെ എന്തിനാണീ സങ്കടം.. അവൾ വീണ്ടും ചോദിച്ചു.. ഞാൻ.. ഞാൻ.. അവന് ഒരിക്കലെങ്കിലും തുറന്നു പറയാമായിരുന്നു.. കിച്ചു പറഞ്ഞു.. അതിനു നിങ്ങൾ എപ്പോഴെങ്കിലും അയാൾക്ക് സാഹചര്യം നൽകിയിട്ടുണ്ടോ.. കേൾക്കാൻ. മനസ്സിലാക്കാൻ. ഭദ്ര ചോദിച്ചു.. അന്ന് കല്യാണ പന്തലിൽ വെച്ചു പറയാമായിരുന്നുവല്ലോ.. കിച്ചു പറഞ്ഞു.. അതിനുള്ള അവസരമായിരുന്നുവോ അത്.. ഭദ്ര ചോദിച്ചു.. അന്ന് നിങ്ങൾക്ക് എന്ത് പ്രായമുണ്ടായിരുന്നു..കൂടിയാൽ 22 വയസ്സ് അല്ലെ.. ഭദ്ര ചോദിച്ചു.. അത്രയും പ്രായം മാത്രമുള്ള ഒരു പയ്യൻ..

ജോലിയില്ല.. സ്വന്തമായി വരുമാനമില്ല.. അങ്ങനെയൊരാൾ നിന്ന നിൽപ്പിൽ വന്നു കല്യാണം മുടങ്ങി നിൽക്കുന്ന കൂട്ടുകാരന്റെ പെങ്ങളെ ഞാൻ കെട്ടിക്കൊള്ളാം എന്നു പറഞ്ഞാൽ കൂടി നിൽക്കുന്നവർ എന്ത് വിചാരിക്കും.. അതും നിങ്ങളോട് പോലും അയാൾ അങ്ങനെ ഒരു കാര്യം സൂചിപ്പിച്ചിട്ടില്ല.. അയാളുടെ വീട്ടുകാർ.. അയാളെ വിശ്വസിച്ച നിങ്ങളുടെ വീട്ടുകാർ.. അങ്ങനെ ആരൊക്കെ.. ആരെയൊക്കെ അയാൾ ഓർത്തിട്ടുണ്ടാകും.. ഭദ്ര ചോദിച്ചു.. കിച്ചുവും അപ്പോൾ അതേപ്പറ്റി ഓർത്തു.. അവൾ പറയുന്ന ഓരോന്നിലും ഒരുപാട് വ്യാപ്തിയുണ്ടെന്നു അവനു തോന്നി.. വിശ്വസിക്കാൻ കഴിയുന്ന.. ഏത് ആപത്തിലും ചേർത്തു പിടിക്കാൻ കെൽപ്പുള്ള മനസ്സുള്ള ഒരു സുഹൃത്ത്.. അങ്ങനെ ഒരാളെ കിട്ടാൻ വലിയ പാടാണ് മാഷേ.. ഭദ്ര പറഞ്ഞു.. അങ്ങനെ ഒരാളെ നഷ്ടപ്പെടുത്തി കളയരുത്.

പ്രത്യേകിച്ചു ഇങ്ങനെ ഒരു അവസരത്തിൽ.. അയാൾ ഇപ്പോൾ മനസ്സുകൊണ്ട് ആകെ തകർന്നു നിൽക്കുവായിരിക്കും.. ഇവിടെ ഇങ്ങനെ ഇരിക്കാതെ മനസ്സിലുള്ളത് പരസ്പരം പറഞ്ഞു തീർക്കൂ… ഉള്ളിലൊതുക്കി നിന്നാൽ ആ ബന്ധത്തിന്റെ വ്യാപ്തി നഷ്ടപ്പെടും.. ക്രൂരമായി അകലേണ്ടി വന്നേക്കും.. ചെല്ലു മാഷേ.. അവൾ അവനോട് പറഞ്ഞതും അവൻ എഴുന്നേറ്റ് പോയി മുഖമൊന്ന് കഴുകി.. തിരിഞ്ഞു അവളെയൊന്ന് നോക്കി.. എനിക്കിഷ്ടമാണ് ഭദ്രാ തന്നെ.. അവൾ ഞെട്ടലോടെ അവനെ നോക്കി.. സത്യമാണ്.. ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ട് കാര്യമില്ല.. താൻ എന്നെ പ്രണയിക്കണം എന്നല്ല ഞാൻ പറഞ്ഞത്.. എനിക്ക് തന്നോട് പ്രണയമാണ്.. എന്നാണ്.. കിച്ചു വീണ്ടും പറഞ്ഞു.. അവളുടെ മുഖം മങ്ങിയത് അവസൽ ശ്രദ്ധിച്ചിരുന്നു.. അതോർത്ത് താൻ മൂഡ് ഓഫ് ആകേണ്ട.. ഈ ഇഷ്ടം മനസ്സിൽ കൂടിയിട്ട് കുറച്ചായി..

ആദ്യം ദേഷ്യം.. പിന്നെ അത് പയ്യെ പയ്യെ ഒരിഷ്ടമായി മാറി.. അതിനെന്ത് പേരിടണം എന്ന് കുറെ ആലോചിച്ചു.. ഇതാണ് ശെരി എന്നു ബോധ്യപ്പെട്ടപ്പോൾ തന്നോട് എങ്ങനെ പറയും എന്നായി.. അവൻ പറഞ്ഞു.. അവളിൽ നിന്നൊരു മറുപടി ഉണ്ടായില്ല.. ചോദ്യങ്ങളില്ലാതെ എന്തിന് മറുപടി.. ഇപ്പൊ.. ഇപ്പൊ ഈ മുഖത്ത് നോക്കി എനിക്കത് പറയാനാകും.. ഞാൻ പ്രണയിക്കുന്നു ഭദ്രയെ.. ഭദ്ര കിക്Hവിനെ പ്രണയിക്കാം വെറുക്കാം.. അതൊക്കെ തന്റെ ഇഷ്ടം.. പക്ഷെ കിച്ചുവിന്റെ ഇഷ്ടം അതവിടെ ഉണ്ടാകും.. ഇത്രമേൽ ആഴത്തിൽ കിച്ചുവിൽ ഒരു മുഖവും ഇന്നേ വരെ പതിഞ്ഞിട്ടില്ല.. ഇനി പതിയുകയുമില്ല….പോട്ടെ.. അത്രയും പറഞ്ഞു കിച്ചു തിരിഞ്ഞു നടന്നു.. ഭദ്ര അപ്പോഴും മൗനമായി നിന്നു.. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ മൗനത്തെയും അവൻ പ്രണയതോടെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.. ശേഷം തിരിഞ്ഞു നടന്നു. ***

സമയമേറെ വൈകിയിട്ടും കിച്ചുവിന്റെ വിവരം ഒന്നും കിട്ടാതെ വന്നപ്പോൾ രാധികയ്ക്കും വിമലിനും പരിഭ്രാന്തിയായി.. വിമൽ ഒരുപാട് തവണ കിച്ചുവിനെ വിളിച്ചു നോക്കി.. ഭദ്ര വീട്ടിൽ വന്നപ്പോൾ കിച്ചുവിന്റെ വീട്ടിലേയ്ക്ക് അറിയാതെ അവളുടെ നോട്ടം പാറി വീണു.. അടുത്ത നിമിഷം അവൻ പറഞ്ഞ വാചകങ്ങൾ മനസ്സിലേക്ക് അലയടിച്ചു വന്നു.. അപ്പോഴാണ് വെപ്രാളത്തോടെ രാധിക വന്ന് വാതിൽ തുറന്നത്… മോളെ.. അകത്തേയ്ക്ക് കയറുവാൻ തുടങ്ങിയ ഭദ്ര രാധികയുടെ വിളിയിൽ തിരിഞ്ഞു നോക്കി.. അവരുടെ മുഖത്തെ വെപ്രാളം കണ്ടതും അവൾ സംശയത്തോടെ ആ മതിൽ കെട്ടിനരികിലേയ്ക്ക് നീങ്ങി നിന്നു.. എന്താ.. അവൾ ചോദിച്ചു.. അത്.. കിച്ചുവിനെ എവിടെയെങ്കിലും കണ്ടിരുന്നോ..

രാധികയുടെ ചോദ്യം കേട്ടതും അതെയെന്നവൾ തലയാട്ടി.. ഇങ്ങോട്ട് വരുന്നു എന്നും പറഞ്ഞു പോരുന്നല്ലോ.. അവൾ പറഞ്ഞു.. മോള് എവിടെ വെച്ചിട്ടാ അവനെ കണ്ടത്.. രാധിക വെപ്രാളത്തോടെ ചോദിച്ചു.. അപ്പൂപ്പൻ കാവിൽ.. ഭദ്ര പറഞ്ഞു.. ഒത്തിരി നേരമായോ അവിടുന്നു ഇങ്ങോട്ട് വന്നിട്ട്.. രാധിക കണ്ണുനീർ ഒപ്പിക്കൊണ്ട ചോദിച്ചു.. കുറച്ചുനേരമായി.. വൈകുന്നേരം കണ്ടതാ. ഇതിപ്പോ സന്ധ്യ ആകാറായില്ലേ.. എന്താ ഭദ്രേ.. ഭദ്ര മറുപടി പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ വിച്ചു ഇറങ്ങിവന്നു ചോദിച്ചു.. ഭദ്ര ലകളൊക്കെ പുറത്തു പോകുന്നതിനാൽ വിച്ചു മിക്കപ്പോഴും വീട്ടിൽ തന്നെയാണ്.. രാത്രി മാഷോ ജിഷ്ണുവോ വന്ന് കൂട്ടികൊണ്ട് പോകുംവരെ.. ചില ദിവസങ്ങളിൽ അവർക്കൊപ്പം മാഷോ സുമയോ കാണുകയും ചെയ്യും.. കിച്ചു.. അവനിങ്ങോട്ട് വന്നേയില്ല.. രാധിക പറഞ്ഞു..

അതിനെന്തിനാ രാധികാമ്മ പേടിക്കുന്നത്.. കിച്ചുവേട്ടൻ ഇവിടെ അടുത്തോട്ട് എങ്ങോട്ടേയ്ക്കെങ്കിലും ഇറങ്ങിക്കാണും.. വിച്ചു പറഞ്ഞു.. ഇത് അങ്ങനെയല്ല മോളെ. എനിക്കെന്തോ പേടിയാകുന്നു.. രാധിക പറഞ്ഞു.. വിമൽ.. ആളെന്തിയെ.. ഭദ്ര ചോദിച്ചു.. പുറത്തേക്കിറങ്ങി..അവനെ നോക്കാൻ.. രാധിക പറഞ്ഞു.. ഞാനും ഒന്നു നോക്കട്ടെ.. ഭദ്ര പറഞ്ഞു.. വിച്ചൂ.. നീയിവിടെ കാണില്ലേ.. ഭദ്ര ചോദിച്ചു. നീ പോയി വാ.. വിചു പറഞ്ഞതും അവൾ തിരിച്ചുപോയി കാർ എടുത്തുകൊണ്ട് പുറത്തേയ്ക്ക് പോയി.. അവൾ പോകുന്ന വഴിയേ അവളെ നോക്കി രാധിക നിന്നു.. ****

വിമൽ ആകെ തകർന്നാണ് വീട്ടിൽ വന്നു കയറിയത്.. വാതിൽക്കൽ തന്നെ അവനെയും പ്രതീക്ഷിച്ചു നിന്ന രാധികയുടെ മുഖം അവനേ ഒറ്റയ്ക്ക് കണ്ടതോടെ ഭയത്താൽ നിറഞ്ഞു.. കിച്ചു.. അകത്തേയ്ക്ക് കയറിയ അവനോടായി ചോദിച്ചതും അവൻ പൊട്ടിക്കരഞ്ഞു.. ഞാൻ കണ്ടില്ല ആന്റി.. അവനെന്നോട് പിണങ്ങി പോയതാകും.. അത്ര മാത്രം.പറഞ്ഞുകൊണ്ട് അവൻ അകത്തേയ്ക്ക് പോയതും രാധിക കരഞ്ഞുകൊണ്ട് പുറത്തെ ഇടത്തിണ്ണയിൽ ഇരുന്നു.. എവിടെപ്പോയി കണ്ടെത്തും ഈശ്വരാ ഞാനെന്റെ കുഞ്ഞിനെ.. രാധിക ഉള്ളുരുകി ഈശ്വരനെ വിളിച്ചതും അടുത്ത വീട്ടിലേയ്ക്ക് ഭദ്രയുടെ കാർ വന്നു നിന്നു.. രാധിക പ്രതീക്ഷയോടെ അതിലേയ്ക്ക് നോക്കിയതും തൊട്ട് പിന്നാലെ കിച്ചുവിന്റെ ബൈക്ക് ഗേറ്റ് കടന്നു വന്നതും ഒരുമിച്ചായിരുന്നു.. രാധിക പെട്ടെന്നു അവിടേയ്ക്ക് നോക്കി..

ബൈക്ക് ഒതുക്കിവെച്ചു കിച്ചു ഇറങ്ങിയതും രാധിക ദേഷ്യത്തോടെ അവനരികിൽ ചെന്നു.. എവിടെയായിരുന്നു കിച്ചൂ നീ.. ഞങ്ങളൊക്കെ എത്ര പേടിച്ചൂന്നോ.. രാധിക ചോദിച്ചു.. എന്തിന്.. എന്റെ അമ്മേ ഞാനേതായാലും കുഞ്ഞു വവയൊന്നും അല്ലല്ലോ.. അവൻ ചോദിച്ചു.. ഇതിലും ഭേദം കുഞ്ഞാ..അന്നീ വാശികൾ ഒന്നും ഇല്ലായിരുന്നു ആർക്കും.. ദേ.. അകത്തൊരെണ്ണം.. നീ പോയപ്പോ മുതൽ പച്ചവെള്ളം കുടിച്ചിട്ടില്ല.. കുറെ നേരം നിന്നെയും നോക്കി പുറത്തെല്ലാം അലഞ്ഞിട്ട് വന്നു കേറിയതെയുള്ളൂ.. രാധിക പറഞ്ഞു.. അമ്മ കഴിച്ചോ.. അവൻ ചോദിച്ചപ്പോഴേയ്ക്കും നോട്ടം കാറിനരികിൽ നിൽക്കുന്ന ഭദ്രയിൽ എത്തിയിരുന്നു.. അവൾ അവനെ ഒന്നു രൂക്ഷമായി നോക്കി അകത്തേയ്ക്ക് കയറി പോയി..

ഇവിടെ ആരും കഴിച്ചില്ല.. ഉച്ചയ്ക്കത്തെ ഒരു പ്രശ്നവും അറിയാത്ത ഭാവത്തിലുള്ള അവന്റെ പെരുമാറ്റം അവരിൽ ചെറിയ സംശയം ഉണ്ടാക്കിയെങ്കിലും അവരത് മറച്ചു വെച്ചു പറഞ്ഞു.. നല്ല വിശപ്പ്.. അമ്മ കഴിക്കാൻ എന്തെങ്കിലും എടുക്കു… ഞാൻ ഒന്ന് ഫ്രഷായി വരാം.. അവൻ അതും പറഞ്ഞു അകത്തേയ്ക്ക് നടന്നു.. എന്തോ പറയാൻ വന്നത് പറയാതെ രാധികയും അവന്റെ പോക്ക് നോക്കി നിന്നു.. എങ്കിലും ഉള്ളിന്റെയുള്ളിൽ അവർക്ക് വലിയ ആശ്വാസം തോന്നി.. അവർ ആ ആശ്വാസത്തോടെ അകത്തേയ്ക്ക് നടന്നു.. *********** വിമൽ കട്ടിലിന്റെ താഴെ കട്ടിലിലേക്ക് തല വെച്ചു കിടക്കുകയായിരുന്നു.. അവന്റെ മുഖത്തുകൂടി കണ്ണുനീർ അപ്പോഴും ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.. വേദനയോടെ അവൻ എവിടേക്കോ നോക്കി കിടക്കുകയായിരുന്നു..

ഉച്ച മുതൽ കരഞ്ഞതിന്റെയും അനുഭവിച്ച വേദനയുടെയും അവശേഷിപ്പെന്നോണം അവന്റെ മുഖം ചുവന്നു വീർത്തിരുന്നു.. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും വിമൽ തലയുയർത്തി വാതിൽക്കലേയ്ക്ക് നോക്കി.. കിച്ചുവിനെ അവിടെ കണ്ടതും അവൻ ഞെട്ടലോടെ എഴുന്നേറ്റിരുന്നു.. അവനിൽ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെന്നോണം ഇരുന്ന വിമലിനരികിലേയ്ക്ക് കിച്ചു വന്നിരുന്നു.. അവന്റെ മുഖം ചുവന്നിരിക്കുന്നതും കണ്ണുകൾ കലങ്ങിയിരിക്കുന്നതും കാണ്കെ അവനു വല്ലാത്ത വേദന തോന്നി.. എന്തും സ്വീകരിക്കാൻ തയാറായിയെന്നോണം ഇരിക്കുന്ന അവനരികിലേയ്ക്ക് നിലത്തേയ്ക്ക് തന്നെ കിച്ചുവും ഇരുന്നു..

അവന്റെ ശാന്തമായ മുഖഭാവം കണ്ടതും വിമൽ അവനെ അത്ഭുതത്തോടെ നോക്കി.. ഒരക്ഷരം പറയാതെ അവനെ തന്റെ കൈകൾകൊണ്ട് തന്നിലേക്ക് ചേർത്തുപിടിച്ചതും ഒരു ഏങ്ങലോടെ വിമൽ അവനിലേക്ക് ചേർന്നിരുന്നു.. ആ സങ്കടങ്ങളെ തന്റെ ഹൃദയത്തിലേക്ക് ആവാഹിച്ചു കിച്ചു ഇരിക്കുമ്പോഴും അശാന്തമായ മനസ്സോടെ മറ്റൊരുവൾ അവന്റെ ഹൃദയത്തിലേറ്റി കാത്തിരിക്കുകയായിരുന്നു.. അവനോടൊത്തുള്ള ഒരു ജീവിതവും കൊതിച്ചുകൊണ്ട്…..തുടരും

സഹയാത്രികയ്ക്കു സ്‌നേഹ പൂർവം: ഭാഗം 45

Share this story