അറിയാതെൻ ജീവനിൽ: ഭാഗം 18

അറിയാതെൻ ജീവനിൽ: ഭാഗം 18

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

തന്റെ മാറിൽ തളർന്നു കിടക്കുന്ന പെണ്ണിനെ ചേർത്തുപിടിച്ച് ആരവ് താനിരുന്നിരുന്ന സോഫയിൽ കൊണ്ടിരുത്തി. അപ്പോഴേക്കും അലീനേച്ചിയും അമ്മച്ചിയും ഓടിവന്നിരുന്നു. ആരവ് താഴെ വീണ ജുവലിന്റെ ഫോണെടുത്തു ചെവിയിൽ വച്ചു.. “ഹെലോ? ഇതാരാണ്..” മറുവശത്തു നിന്ന് കട്ടാക്കിയിരുന്നില്ല.. “ഞാൻ ജീവന്റെ ചേട്ടനാണ്.. ജീവൻ മരിച്ചുപോയിട്ടുണ്ട്.. ആ കുട്ടിയോട് പറയാൻ വേണ്ടി വിളിച്ചതാണ്..” ആ വാക്കുകളൊരു മിന്നൽ പോലെ ആരവിന്റെ ചെവിക്കുള്ളിലേക്ക് തുളച്ചു കയറി.. “വൈകുന്നേരമാണ് സംസ്കാരം..” “ഉം…” എന്തു പറയണമെന്നറിയാതെ ആരവ് കുഴങ്ങിപ്പോയി.

“ഇന്നലെ രാത്രി വിഷം കഴിച്ചതായിരുന്നു.. ഹോസ്പിറ്റലിൽ ഐസീയൂവിലായിരുന്നു.. കുറച്ചു മുൻപാണ് മരിച്ചത്.. ഞാൻ വിളിച്ചു പറഞ്ഞെന്നെ ഉള്ളു..” ഹർഷേട്ടന്റെ വാക്കുകൾ പിടയുന്നുണ്ടെന്ന് ആരവിനു തോന്നി.. “ഉം..” എന്തു പറയണമെന്നറിയില്ലായിരുന്നു.. ഫോൺ കോളിലെ കുറച്ചു നേരത്തെ നിശബ്ദത വല്ലാതെ അരോചകമായി തോന്നിയതുകൊണ്ടാണ് താൻ തന്നെ കോൾ കട്ടാക്കിയത്. മനസ്സിൽ മുഴുവൻ ജുവലിനെ എങ്ങനെ സമാധാനിപ്പിക്കുമെന്ന ചിന്തയായിരുന്നു.. ജീവന് തുല്യം സ്നേഹിച്ച പെണ്ണാണ്.. ആ പെണ്ണിനെ ഈ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല.. ആരവ് ജുവലിന്റെ അടുത്തേക്കെത്തിയപ്പോൾ അലീനേച്ചിയും അമ്മച്ചിയും മാറി നിന്നു..

“ആരവേ ഇവളെന്നതാ തലചുറ്റി വീണതാന്നോ?” അലീന ചേച്ചി ചോദിച്ചു.. “ജീവന്റെ ഏട്ടനാണ് വിളിച്ചത്.. അവൻ പോയ്സൺ കഴിച്ച് മരിച്ചുപോയെന്ന്..” പറഞ്ഞപ്പോൾ അലീനേച്ചി വിശ്വസിക്കാനാവാതെ വായ്പൊത്തി. ബോധം മറഞ്ഞു കിടന്ന പെണ്ണിനെ ചേർത്തുപിടിച്ചു.. അവളുടെ കവിളിൽ തട്ടിയുണർത്തി.. ഒന്ന് രണ്ട് വിളിക്ക് ശേഷം പെണ്ണുണർന്നു.. ചുവന്ന കണ്ണുകളിലൂടെ ഇറ്റിവീണ കണ്ണീര് ചോരയാണെന്ന് തോന്നിപ്പോയി.. പെണ്ണിന്റെ അപ്പോഴത്തെ ഭാവം കണ്ട് എന്ത് പറയണമെന്നറിയാതെ മൂന്നുപേരും പകച്ചു നിന്നു.. പെട്ടന്ന് ആരവിന്റെ കൈകളിൽ മുഖം പൂഴ്ത്തിക്കൊണ്ട് പെണ്ണ് തേങ്ങിക്കരയാൻ തുടങ്ങിയപ്പോൾ ആരവിന്റെ കണ്ണും നിറഞ്ഞുപോയി..

“ഞാൻ വിശ്വസിക്കില്ല… ന്റെ ജീവേട്ടൻ അങ്ങനെ ചെയ്യത്തില്ല..” പെണ്ണ് കരഞ്ഞുകൊണ്ട് പറയുമ്പോഴും വാക്കുകൾ മുറിഞ്ഞു പോയിരുന്നു.. “ന്നെ വിട്ട് എങ്ങും പോവത്തില്ലാന്ന് പറഞ്ഞതാണ്.. എപ്പഴും ന്റെ കൂടെ ഉണ്ടാവുംന്ന് വാക്ക് തന്നതാ.. എന്നിട്ട് എന്നേ കൂട്ടാതെ പോയീന്നോ.. ഞാൻ വിശ്വസിക്കത്തില്ല..” പെണ്ണിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നു മൂവർക്കും അറിയില്ലായിരുന്നു.. ആരവിന്റെ കയ്യിൽ നിന്നും തന്റെ ഫോൺ തട്ടിപ്പറിച്ചുകൊണ്ട് വാട്സാപ്പിൽ കയറി.. ജീവേട്ടന്റെ ചാറ്റിൽ ചെന്നുകൊണ്ട് മെസേജ് അയച്ചു.. ‘ജീവേട്ടാ.. ഏട്ടനെവിടെയാ.. വേം വന്നേ.. സോറി.. കുറേ സോറി..

ഒരായിരം സോറി… ഞാൻ അറിഞ്ഞോണ്ട് ചെയ്തതാ എല്ലാം… ജീവേട്ടന്റെ അമ്മ പറഞ്ഞോണ്ട് മാത്രം.. ജീവേട്ടന്റെ നല്ലതിന് വേണ്ടി മാത്രം.. ജീവേട്ടന്റെ ഏട്ടൻ വിളിച്ചു പറയാ ജീവേട്ടൻ മരിച്ചൂന്ന്.. ഇടി വച്ചു കൊടുക്കണം ഹർഷേട്ടന്.. ന്നെ പറ്റിക്കാനല്ലേ? ജീവേട്ടാ.. ന്തേലുമൊന്ന് പറ ജീവേട്ടാ.. പിണക്കാണോ എന്നോട്.? മിണ്ടത്തില്ലെ? പിണക്കം മാറ്റാൻ ഞാനൊരു ഉമ്മ തരട്ടെ? ന്തേലുമൊന്ന് പറയോ ജീവേട്ടാ.. ഇങ്ങനെ മിണ്ടാണ്ടിരിക്കല്ലേ.. പെണ്ണിന് വല്ലാണ്ടെ നോവുന്നു..’ മെസേജുകൾ അയച്ചുകൊണ്ടിരിക്കും തോറും കണ്ണിൽ നിന്നും കണ്ണുനീര് സ്ക്രീനിലേക്ക് ഇറ്റി വീണുകൊണ്ടിരുന്നു.. അലീനേച്ചി പെണ്ണിന്റെ കയ്യിൽ നിന്നും മൊബൈൽ വാരി.. “ജുവലേ.. എന്താ ഇത്?” അലീനേച്ചിയുടെ കണ്ണ് നിറഞ്ഞിരുന്നു..

“ഫോൺ താ ചേച്ചി.. നിക്കെല്ലാം ജീവേട്ടനോട് പറയണം.. ന്റെ അവസ്ഥകൊണ്ട് അടർത്തി മാറ്റാൻ നോക്കിയതാന്ന് പറയണം.. ഇപ്പോഴും കാത്തിരിക്കുന്നുണ്ടെന്ന് പറയണം.. ഫോൺ താ..” പെണ്ണ് അലീനേച്ചിയുടെ കൈകളിൽ നിന്നും ഫോൺ വാങ്ങിക്കുവാൻ ശ്രമങ്ങൾ നടത്തി.. “ഒരു തവണ ന്നെ കാണാൻ സമ്മതിക്കാഞ്ഞതല്ലേ.. ഇതിലും ന്നെ തടയരുത്.. നിക്ക് ശ്വാസം കിട്ടണില്ല.. ഞാൻ മരിച്ചു പോവും ചേച്ചി.. പ്ലീസ്..” പെണ്ണ് കൈ കൂപ്പി മുട്ട് കുത്തി.. അലീനേച്ചി അപ്പോഴും കരഞ്ഞുകൊണ്ട് ഇല്ലെന്ന് തലയാട്ടി.. “നിക്ക് ജീവേട്ടനെ കാണണം…” പെണ്ണ് പറഞ്ഞു.. “ജീവേട്ടന് ഒന്നും പറ്റീട്ടില്ല… ഞാൻ കാണാൻ പോവാ… ചാലക്കുടിക്ക്… ന്നെ കാണുമ്പോ ഒത്തിരി സന്തോഷാവും..

ഓടി വന്നു കെട്ടിപ്പിടിക്കും.. ഇവിടെ വന്നപ്പോ കാണാൻ പറ്റീല.. അതോണ്ട് ഞാൻ ചാലക്കുടിക്ക് പോവാണ്.. ന്റെ ജീവേട്ടനെ എനിക്ക് തന്നെ വേണം.. ഇപ്പൊ വരുന്നുണ്ടെന്നു പറഞ്ഞാൽ അവിടെ കാത്തിരിക്കും… ന്നെ കൊണ്ടുപോവോ ആരവ് ഡോക്ടറെ..?” ആരവിന്റെ നേരെ തിരിഞ്ഞുകൊണ്ട് പെണ്ണ് ചോദിച്ചപ്പോൾ മറുപടി പറഞ്ഞില്ല.. പെണ്ണിന്റെ അവസ്ഥ കണ്ട് മനസ്സലിഞ്ഞു പോയിരുന്നു.. “ന്നെ കൊണ്ടുപോവോ?” പിന്നെയും ചോദിച്ചു.. അപ്പോഴും മറുപടി കിട്ടിയില്ല.. തല താഴ്ത്തി നിന്നു പോയി.. “ഇല്ലേൽ വേണ്ടാ.. ഞാനൊറ്റക്ക് പൊക്കോളാം.. ഇത്തവണ ആര് തടഞ്ഞാലും ഞാൻ പോവും.. ന്നെ തടയാൻ നോക്കിയാ പിന്നേ.. ന്റെ ശവമാകും നിങ്ങളൊക്കെ കാണാ..” പെണ്ണലറി.

ആരവൊന്നു പകച്ചു. “ജീവേട്ടന് മെസേജ് അയക്കട്ടെ.. ചാലക്കുടിക്ക് വരുന്നുണ്ടെന്നു പറയാൻ..” പെണ്ണ് മൊബൈലിൽ ജീവേട്ടന് മെസേജ് അയച്ചു.. ‘ജീവേട്ടാ.. ഞാൻ ചാലക്കുടിക്ക് വരുവാ.. ജീവേട്ടനെ കാണാൻ.. ഇനി ഞാൻ ജീവേട്ടനെ വിട്ട് എങ്ങോട്ടും പോവത്തില്ല.. സത്യം.. നമ്മൾ കിനാവ് കണ്ട പോലെ, ആദ്യായിട്ട് കാണുമ്പോ ഓടി വന്ന് കെട്ടിപ്പിടിക്കും ഞാൻ.. കുറേ കുറേ ഉമ്മ തരും.. ചോദിക്കുമ്പോഴൊക്കെ ഉമ്മ തരും.. ഞാൻ വരാൻ വേണ്ടി ജീവേട്ടൻ കാത്തിരിക്കില്ലേ? വേം വരാട്ടോ.. ഇനി ഞാൻ ജീവേട്ടന്റെ മാത്രം ആയിരിക്കും.. ഒരിക്കലും ഇട്ടിട്ട് പോവില്ല….’ മെസേജ് അയക്കുന്നതിന്റെ പകുതിക്ക് വച്ചാണ് അലീന ചേച്ചി പിന്നെയും ഫോൺ വരുന്നത്.. “നിനക്കെന്താ വട്ടായോ ജുവലേ?

അവൻ മരിച്ചുപോയി…” അലീന ചേച്ചി പെണ്ണിന്റെ നേർക്ക് ദേഷ്യത്തോടെ പറഞ്ഞപ്പോൾ അതിലിരട്ടി കോപത്തോടെ ചുവന്ന കണ്ണുകളിൽ തീയൊളിപ്പിച്ചുകൊണ്ട് പെണ്ണ് അലീനേച്ചിയുടെ വായ പൊത്തി.. “ഇനിയും അത് പറഞ്ഞാൽ ചേച്ചിയാണെന്ന് ഞാൻ മറന്നെന്നിരിക്കും…” പറഞ്ഞപ്പോ അലീനേച്ചി ഞെട്ടിപ്പോയിരുന്നു. ആദ്യമായിട്ടാണ് പെണ്ണിന്റെ വായിൽ നിന്നും അങ്ങനെയൊരു സംസാരം വന്നത്.. “ന്റെ ജീവേട്ടന് ഒന്നും പറ്റീട്ടില്ല… ഹർഷേട്ടൻ ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നതാണ്… നോക്കിക്കേ ഞാൻ വിളിച്ചു കാണിച്ചു തരാം…”

അലീനേച്ചിയുടെ കയ്യിൽ നിന്നും ധൃതിയോടെ ഫോൺ വാങ്ങിയിട്ട് ജീവേട്ടന്റെ നമ്പർ ഡയൽ ചെയ്തു ഫോൺ പ്രതീക്ഷയോടെ ചെവിയിൽ വച്ചു. മറുപടിയുണ്ടായില്ല.. പിന്നെയും വിളിച്ചു നോക്കി.. പിന്നെയും.. പിന്നെയും.. പിന്നെയും… പെണ്ണിന്റെ കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.. തിരക്കിലായിരിക്കുമെന്നു പറഞ്ഞു സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു.. “അല്ലേലും ഇനിയെന്തിനാ വിളിക്കുന്നതല്ലേ.. ഞാൻ ചാലക്കുടിക്ക് പോകുവല്ലേ.. കോടശ്ശേരിയിലേക്ക്.. എവിടാ ജീവേട്ടന്റെ വീട്..” “നീ എവിടേക്കും പോണില്ല..” അലീനേച്ചി പറഞ്ഞപ്പോൾ ദേഷ്യത്തോടെ പെണ്ണ് ഡൈനിങ് ടേബിൾ ലക്ഷ്യമാക്കി നടന്നു.. ടേബിളിൽ വച്ചിരുന്നു ഗ്ലാസ്‌ ട്രേയിൽ നിന്നും ഒരു ഗ്ലാസെടുത്ത് പൊട്ടിച്ചു..

കാര്യം മനസ്സിലാക്കി തടയാനായി ആരവ് ഓടിയടുക്കുന്നതിന് മുൻപ് പൊട്ടിച്ച ചില്ലു ഗ്ലാസ് കൊണ്ട് ഇടത്തേ കയ്യിൽ വരഞ്ഞു.. ആരാവോടിയെത്തി പെണ്ണിന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ തട്ടിമാറ്റി. ആരവിന്റെ ദേഷ്യമിരട്ടിച്ചിരുന്നു.. അതുകൊണ്ടാവണം അറിയാതെ അവളുടെ കവിളിൽ അവന്റെ കൈ അമർത്തി പതിഞ്ഞത്.. അടി കിട്ടിയതും പെണ്ണൊന്നു ഞെട്ടിയിരുന്നു.. അലീന ചേച്ചി ഒരു തുണി കീറിവന്ന് ആരവിനു നീട്ടി. അവൻ അത് വാങ്ങിച്ചുകൊണ്ട് അവളുടെ കൈയിൽ കെട്ടി.. മുറിവ് ഒട്ടും ആഴത്തിൽ അല്ലാതിരുന്നതിനാൽ മറ്റു സഹായങ്ങൾ ഒന്നും തേടേണ്ടിയിരുന്നില്ല..

“ന്നെ കൊണ്ടുപോവോ ഡോക്ടറെ? ഇല്ലെങ്കിൽ ഞാൻ മരിച്ചു കളയും.. സത്യായിട്ടും ചാവും..” പെണ്ണ് വിതുമ്പി.. “കൊണ്ട് പോവാം…” ആരവ് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തൊരു പ്രതീക്ഷ നിഴലിട്ടു.. ആരോടും ചോദിക്കാതെയാണ് ആരവ് അങ്ങനെയൊരു തീരുമാനമെടുത്തത്.. പെണ്ണ് മുറിയിലേക്ക് ഡ്രസ്സ്‌ മാറാനായി പോയി.. “ആരവേ.. നീയവളെ കൊണ്ടുപോകാൻ പോകുവാണോ?” അലീന ചേച്ചി ചോദിച്ചു. “അങ്ങനെയെങ്കിലും ഇതൊന്ന് തീർന്നോട്ടെ…” ആരവ് പറഞ്ഞപ്പോൾ അലീനേച്ചിയും അമ്മച്ചിയും മറുപടി പറഞ്ഞില്ല.. കുറച്ചു നേരം കഴിഞ്ഞപ്പോൾ പെണ്ണ് ഡ്രസ്സ്‌ മാറി റെഡിയായി പോകാനായി വന്നു.

മുഖത്ത് യാതൊരു ഭാവവുമില്ലായിരുന്നു.. കണ്ണീര് കണ്ണിൽ നിന്നും ചാടാനായി കാത്തിരിക്കുന്നുണ്ട്.. കുറേ കരഞ്ഞതുകൊണ്ട് മൂക്കും കവിളുകളും ചുവന്നു തുടുത്തിട്ടുണ്ട്.. ഒന്നും മിണ്ടാതെയവൾ ആരവിന്റെ കാർ ലക്ഷ്യമാക്കി നടന്നു.. പിന്നാലെയായി ആരവും.. കാറിൽ കയറിയിരുന്നപ്പോൾ ആരവ് തിരിഞ്ഞു നോക്കി അലീനയോട് തലയാട്ടി.. കാർ സ്റ്റാർട്ട്‌ ആയി.. മെല്ലെ അത് നീങ്ങിത്തുടങ്ങി.. പെണ്ണ് ജീവേട്ടന്റെ മെസേജുകൾ സീൻ ആയോ എന്ന് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.. ഓൺലൈനിൽ പോലും കാണിക്കുന്നില്ലെന്ന് കണ്ടപ്പോ കണ്ണ് നിറഞ്ഞു..

അപ്പോഴും ഹർഷേട്ടൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മനസ്സ് ഉൾക്കൊണ്ടിട്ടില്ലായിരുന്നു.. കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കി.. പക്ഷെ ഉൾക്കണ്ണിൽ ജീവേട്ടന്റെ ചിരിക്കുന്ന മുഖം… കുറേ നിശബ്ദതയേ വധിക്കാനായാണ് ആരവ് റേഡിയോ ഓൺ ചെയ്തത്.. പക്ഷെ തുറന്ന പാടെ കേട്ടത് ജീവേട്ടന് അത്രമേൽ ഇഷ്ടമുള്ള പാട്ടായിരുന്നു.. ‘കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരെ? മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരെ? അവളുടെ മിഴിയിൽ കരിമഷിയാലെ കാണാവുകളെഴുതിയതാരെ? നിനവുകളെഴുതിയതാരെ? അവളെ തരളിതയാക്കിയതാരെ?…’

ആ പാട്ട് കേട്ടതും ആരവ് റേഡിയോ ഓഫ് ചെയ്യാനാഞ്ഞു. പക്ഷെ ആരവിന്റെ കൈകളെ തടഞ്ഞുകൊണ്ട് ജുവൽ വേണ്ടെന്നു തലയാട്ടി.. അവളാ പാട്ടിൽ ലയിച്ചു തുടങ്ങി.. അവന്റെ പാട്ടിനൊത്തൊരു അനുപല്ലവിയായി മാറാൻ കൊതിച്ചുകൊണ്ട്… വൈകുന്നേരമാണ് ചാലക്കുടിയിലെത്തുന്നത്. അതിനിടക്ക് ഭക്ഷണം കഴിക്കുവാൻ ജുവലിനെ നിർബന്ധിച്ചുവെങ്കിലും പെണ്ണത് കൂട്ടാക്കിയില്ല.. അതുകൊണ്ട് തന്നെ ആരവും ഒന്നും കഴിച്ചിരുന്നില്ല.. ചാലക്കുടിയിലെത്തി വീടന്വേഷിച്ചറിഞ്ഞാണ് ഒരു വലിയ തറവാടിന്റെ തുറന്നിട്ട പ്രവേശനവാതിലിനു മുന്നിൽ കാർ ചെന്നു നിർത്തുന്നത്.. കാർ നിന്നതും വെപ്രാളത്തോടെ പെണ്ണ് പുറത്തേക്കിറങ്ങി..

ആ വീടിനു മുന്നിലായി ഒരു കറുത്ത പന്തലിട്ടിരുന്നു.. മുറ്റത്ത് അവിടവിടെയായി ആളുകളുണ്ട്.. കോലായയിൽ താഴെ വെള്ള പുതപ്പിച്ചു കിടത്തിയ മൃതദേഹത്തിനടുത്ത് നെഞ്ചുപൊട്ടി കരയുന്നൊരു സ്ത്രീയെ ദൂരെ നിന്നും കണ്ടു. പെണ്ണിന്റെ കണ്ണ് നിറഞ്ഞു.. ഹൃദയം വിറക്കാൻ തുടങ്ങി.. കേട്ടത് സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു.. ഉള്ളിലെ അവസാന പ്രതീക്ഷയും കൈവിടാതെ മുറ്റത്തേക്കിറങ്ങി ആ കോലായയിലേക്ക് നടന്നെത്തുന്നതിന് മുൻപ് പായയിൽ വെള്ളതുണി മൂടിക്കിടക്കുന്നവന്റെ മുഖം പെണ്ണിന്റെ കണ്ണിലുടക്കി.. നടത്തം നിന്നുപോയി.. കാലിടറി മുട്ടുകുത്തി വീണു……തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 17

Share this story