മഹാദേവൻ: ഭാഗം 6

മഹാദേവൻ: ഭാഗം 6

എഴുത്തുകാരി: നിഹാരിക

ജെയ്ൻ ” ആ പേര് മന്ത്രിക്കുന്നതിനോടൊപ്പം കഴുത്തിലെ താലി അവൾ തപ്പി നോക്കി…. അതവിടെ തന്നെ ഉണ്ട്, നെഞ്ചോട് ചേർന്ന്, ചുട്ടുപൊള്ളിക്കാൻ പാകത്തിന്, ഭീതിയോടെ അവളാ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു, മുടി രണ്ട് കൈകൊണ്ടും പിച്ചി വലിച്ചു…. അലറി അലറി കരഞ്ഞു ഒരു ഭ്രാന്തിയെ പോലെ…… കരുത്തുറ്റ രണ്ട് കൈകൾ അവളുടെ തോളിൽ അമർന്നു, ഞെട്ടിപ്പിടഞ്ഞ് അവൾ തിരിഞു നോക്കി….. മഹി””” കൈ തട്ടി തെറുപ്പിച്ച് അവൾ അലറിക്കരഞ്ഞു, അപ്പഴേക്കും മീരയും മഹിയുടെ അമ്മ ദേവകി അമ്മായിയും അങ്ങോട്ടെത്തിയിരുന്നു …..

ദ്യുതിയെ സമാധാനിപ്പിക്കാൻ അവർ പാടുപെട്ടു…. മഹി എല്ലാം കണ്ട് നിസ്സഹായനായി നിന്നു, അവരുടെ സാമീപ്യം അവൾക്ക് അസ്വസ്ഥതയാണെന്ന തിരിച്ചറിവ് ദേവകിയെയും മീരയെയും മുറി വിട്ട് പോകാൻ പ്രേരിപ്പിച്ചു, അവർ അവളുടെ സ്വസ്ഥതക്ക് വേണ്ടി അവളെ അവിടെ തനിയെ വിട്ട് താഴേക്ക് പോയി… എങ്കിലും ഒരു വിളിപ്പാടകലെ അവളുടെ ഓരോ ചലനങ്ങളും വീക്ഷിച്ച് അവനുണ്ടായിരുന്നു, മഹാദേവൻ””” ❤❤❤

പതിനഞ്ച് ദിവസം കഴിഞ്ഞ് പോയി.. ഇതിനിടയിൽ ഒരിക്കൽ പോലും ദ്യുതി ഒന്നിനായും മഹിയെ സമീപിച്ചില്ല…. അവൻ അവളെയും ബുദ്ധിമുട്ടിക്കാൻ പോയില്ല.. ഇന്ന് പതിനാറ്… പുലർച്ചെ തന്നെ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലേക്ക് തിരിച്ചു, പുഴയിലേക്കിറങ്ങുന്ന അനവദി പടികൾ, കർമ്മിയുടെ നിർദേശപ്രകാരം അതിൽ ഒന്നിൽ ഇരുന്നു, നേരേ മുകളിൽ മഹിയും പിന്നെയും ആരൊക്കെയോ ….. കറുക കൂട്ടം പറഞ്ഞ പ്രകാരം നെടുങ്ങനെ വച്ചു…..

പരേതൻ്റെ പേര്, രവീന്ദ്രനാഥ്, എന്ന് മഹി പറഞ്ഞതും പിടയുന്ന മിഴിയാലവൾ അവനെ നോക്കി, കരുണയോടെ അവളെ നോക്കി, മഹി കർമ്മിയുടെ നാള്, എന്ന ചോദ്യത്തിന് മകയിരം എന്ന് ഉത്തരം നൽകി, പരേതനുള്ള വസ്ത്രമായി സങ്കൽപിച്ച് വെളുത്ത ഒരു നൂൽ കറുകയുടെ മദ്ധ്യഭാഗത്ത് വച്ചു, കരച്ചിലടക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ പതിയെ ഒരു ഏങ്ങലോടെ അവളെല്ലാം ചെയ്തു കൊണ്ടിരുന്നു, അവസാനം ഉണങ്ങല്ലരിയുടെ ബലിച്ചോർ എള്ളും പൂവും കൂട്ടി ഉരുട്ടി കറുകയുടെ മദ്ധ്യത്തിൽ വക്കാൻ പറഞ്ഞു,

ഉരുളയുരുട്ടുമ്പോൾ മുഴുവൻ കാതിൽ അച്ഛൻ്റെ കുഞ്ഞീ”” ന്നുള്ള വിളിയായിരുന്നു, ഇഷ്ടല്ലാത്ത കൂട്ടാൻ വക്കുമ്പോ പിണങ്ങി മാറി കറുമ്പോടെ ഇരിക്കുന്ന കുഞ്ഞിയെ, അച്ഛൻ്റെ കുഞ്ഞി വാടാ…. ന്നും പറഞ് ഉരുളയുരുട്ടി നീട്ടുന്നത്…. “ക്ക് വേണ്ട” എന്ന് പറഞ്ഞു മുഖം തിരിക്കുമ്പോൾ ഒത്തിരി വാത്സല്യത്തോടെ സ്നേഹത്തോടെ വീണ്ടും നീണ്ട ഉരുളയെയും… പ്രതീക്ഷയോടെ നോക്കുന്ന അച്ഛനേയും കാൺകെ അറിയാതെ തുറന്നിരുന്നു കുഞ്ഞിയുടെ വാ….., അടുത്ത ഉരുള അച്ഛന് എന്ന് പറഞ്ഞ് ആവേശത്തോടെ എടുത്ത് കുഞ്ഞി കൊടുക്കുമ്പോൾ മഴ നിറഞ്ഞ് വാങ്ങുന്ന അവളുടെ അച്ഛൻ ….. അച്ഛന് ഇപ്പോ…..

കുഞ്ഞീടെ കൈ കൊണ്ട് …… തൊണ്ട വരെയെത്തിയ അലറി കരച്ചിൽ നിയന്ത്രിക്കാൻ പറ്റാതെ അവൾ ഇരുന്നു ….. തർപ്പണം ചെയ്യാനുള്ള ഉരുളയുമായി ഏങ്ങലടിക്കുന്നവളെ, അലിവോടെ നോക്കി മഹി… മെല്ലെ തോളിൽ തട്ടി… ഞെട്ടി ദ്യുതി അവളുടെ കൈ കൊണ്ട് അച്ഛനവസാനമായുള്ള ഉരുള ഇലയിൽ വച്ചു, പുഴയിൽ അതെല്ലാം ഒഴുക്കി മുങ്ങി നിവരാൻ ഇറങ്ങിയവൾ ആത്മാർത്ഥമായി ആശിച്ച് പോയി മുങ്ങി താഴാൻ, പുഴയുടെ നിലമില്ലാ കയത്തിൽ ചെന്നടിയാൻ… അങ്ങനെ അച്ഛൻ്റെയും അമ്മയുടെയും അടുത്തേക്കെത്താൻ …… ❤❤❤

പതിനാറു ദിവസവും അവൾ കഴിഞ്ഞത് മുകളിൽ അവൾ സാധാരണ വരുമ്പോൾ നിൽക്കുന്നിടത്തായിരുന്നു …. അടുത്ത ദിവസം ഉറക്കമെഴുന്നേറ്റപ്പോൾ കണ്ടു വാതിൽക്കൽ തന്നെ നോക്കി ചിരിക്കുന്ന മീരയെ, തിരിച്ച് ചിരിക്കാനോ അങ്ങനെ ഒരാൾ അവിടെ നിൽക്കുന്നതായി പരിഗണിക്കാനോ ദ്യുതിക്ക് തോന്നിയില്ല.. അവൾ വേഗം ഡ്രസ്സെടുത്ത് മീരയെ നോക്കാതെ കുളിക്കാനായി കയറാൻ ഭാവിച്ചു, “ദ്യുതീ… ” മീര വിളിച്ചത് കേട്ട് ദ്യുതി നിന്നു… ഒന്നു തിരിഞു പോലും നോക്കാതെ…. മീര അത് കണ്ട് അവളുടെ അടുത്തേക്ക് വന്നു, “ഇനി മുതൽ മോള് ഏട്ടൻ്റെ മുറിയിലേക്ക് മാറണം ട്ടോ…. ഇനി അതാ കുട്ടീടെ മുറി ” കനപ്പിച്ചൊന്ന് നോക്കി ദ്യുതി കുളിക്കാനായി കയറി….

മീരയുടെ മുഖത്ത് അപ്പോ അവളോട് ഉള്ള വാത്സല്യമായിരുന്നു ….. പണ്ടേ അവളങ്ങനാ, ആരുമായും കൂടാതെ…. പക്ഷെ എങ്ങനെയാണെന്നറിയില്ല എല്ലാർക്കും അവൾ പ്രിയപ്പെട്ടവളായി… പ്രത്യേകിച്ച് ഏട്ടന്…. ഫേസ്ബുക്കിൽ ദ്യുതി പോസ്റ്റ് ചെയ്യുന്ന അവളുടെ ഫോട്ടോകൾ ഏട്ടൻ്റെ ഫോണിൻ്റെ ഡിസ്പ്ലേയിൽ തെളിയാൻ തുടങ്ങിയത് മുതലാണ് താനും അത് ശ്രദ്ധിക്കാൻ തുടങ്ങിയത്…. ദ്യുതിയുടെ കാര്യം പറയുമ്പോൾ ആ മുഖത്തുള്ള തെളിച്ചം… ദ്യുതി പക്ഷെ ഏട്ടനെ ഒരിക്കൽ പോലും പരിഗണിച്ചിരുന്നില്ല ….. ഇപ്പോ നിയോഗം പോലെ ഏട്ടൻ്റെ കയ്യിലേക്ക് തന്നെ എത്തിപ്പെട്ടു….. ❤❤❤

ഒന്നിലും ഒരു ശ്രദ്ധ കൊടുക്കാതെ, ഒന്നിലും ഒരു താൽപര്യവും കാണിക്കാതെ വെറുതേ ഇരുന്നും തൊടിയിൽ നടന്നും… അച്ഛനോടും അമ്മയോടും പരാതി പറഞ്ഞുo.. ആരും കാണാതെ കരഞ്ഞുo ദ്യുതി ദിവസങ്ങൾ തളളി നീക്കി, മീര മഹിയുടെ റൂമിലേക്ക് മാറാൻ പറഞ്ഞത് ദ്യുതിക്ക് ഇഷ്ടമായില്ല എന്ന് കണ്ട് ആരും പിന്നെ ഒരാഴ്ചത്തോളം നിർബ്ബന്ധിച്ചില്ല… മഹിയും അവളുടെ കാര്യത്തിൽ നേരിട്ടൊരു ഇടപെടൽ നടത്തിയില്ല….. എങ്കിലും ദേവകിക്കും മീരക്കുമെല്ലാം ദ്യുതിക്ക് മുരടൻ സ്വഭാവക്കാരനായ മഹിയെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. ❤❤❤

രാത്രി ഊണ് കഴിഞ്ഞ് ബാൽക്കണിയിൽ ചെന്നിരിക്കുകയായിരുന്നു ദ്യുതി… ആകാശത്ത് ആ രോ വീശിയെറിഞ്ഞിട്ട പോലത്തെ നക്ഷത്രക്കൂട്ടത്തെ ഇമ ചിമ്മാതെ കാണുകയായിരുന്നു അവൾ….. “മോളെ ” അമ്മൂമ്മയാണ് വയ്യാത്ത കാലും വച്ച് ഗോവണി കയറി വന്നിരിക്കുന്നു, അവൾ എണീറ്റ് അമ്മൂമ്മയുടെ കൈ പിടിച്ച് അടുത്തിരുത്തി…. വാത്സല്യപൂർവ്വം അവരവളെ നോക്കി, മുടിയിൽ തഴുകി മടിയിൽ അടിച്ച് കാണിച്ച് അവിടെ കിടക്കാൻ പറഞ്ഞു….. അവൾ അനുസരണയുള്ള കുഞ്ഞിനെ പോലെ അമ്മൂമ്മയുടെ മടിയിൽ കിടന്നു.,

മിഴികൾ നിറയാൻ തുടങ്ങിയിരുന്നു അപ്പഴേക്ക്…. അച്ഛനും അമ്മയും ഓർമ്മകളിൽ ഓടിയെത്തി…. ചെറിയ തേങ്ങലോടെ അവളുടെ കരച്ചിലിന് ശക്തി കൂടി ….. ” കരയാ….. അമ്മൂമ്മേടെ കുട്ടി….. അയ്യേ…… പെൺകുട്ട്യോളായാൽ ചൊടിയും ചുണയും വേണ്ടേ? ആരെടാ ന്ന് ചോദിച്ചാ ഞാനെടാ ന്ന് ഉത്തരം കിട്ടണം….. അങ്ങനാ….. അല്ലാണ്ടിങ്ങനെ കരയാ’…. “” അത് കേട്ട് കരച്ചിലിന് ഇത്തിരി ശമനം വന്നു, “നിന്നെ ഒറ്റക്കാക്കീട്ടല്ല രവി പോയത്… കരുത്തുള്ള ഒരുത്തനെ ഏൽപ്പിച്ചിട്ടാ …. ആ സമാധാനത്തിലാ…… ”

അത് കേട്ടതും ദ്യുതിയുടെ മനസ് വീണ്ടും അസ്വസ്ഥമായി…. “നിങ്ങളിങ്ങനെ അപരിചിതരെ പോലെ കഴിയാണോ വേണ്ടേ…? അതാ ആത്മാവിന് സമാധാനം കൊടുക്കും ന്ന് തോന്നണുണ്ടോ?” അമ്മൂമ്മ എന്താ പറഞ്ഞ് വരുന്നതെന്ന് മനസിലാവാതെ അവൾ മടിയിൽ നിന്നും എണീറ്റിരുന്നു…… അത്രയും വാത്സല്യത്തോടെ പ്രതീക്ഷയോടെ അവർ അവളുടെ മുഖത്ത് നോക്കി പറഞ്ഞു, “… മുഹൂർത്തം നോക്കാതെ പൊരുത്തം നോക്കാതെ താലി വീണു.. കുട്ടിടെ കഴുത്തിൽ ….. ഒക്കെ നിയോഗങ്ങളാ കുട്ടി….

“”””ഇന്ന് മുതൽ മോള് മഹീടെ മുറിയിൽ കിടക്കണം…. പിന്നെ ഈ അടുത്തുള്ളോരെ ഒക്കെ വിളിച്ച് കൂട്ടി ഒരു സദ്യ കൊടുക്കണം… ഈ വൃദ്ധയെ കരുതി, ഉള്ളിൽ നിന്നെ മാത്രം ഓർത്ത് പൊലിഞ്ഞ രണ്ട് ജീവനെ കരുതി ൻ്റെ കുട്ടി സമ്മതിക്കില്ലേ?” ഒരു ഞെട്ടലോടെ എല്ലാം ദ്യുതി കേട്ടിരുന്നു….. എന്തു പറയണം എന്നറിയില്ലായിരുന്നു …. മനസിൻ്റെ മരവിപ്പ് ശരീരത്തിലും പരക്കുന്നത് പോലെ ദയനീയമായി അവൾ അമ്മൂമ്മയെ നോക്കി…… (തുടരും)

മഹാദേവൻ: ഭാഗം 5

Share this story