പാദസരം : ഭാഗം 19 – അവസാനിച്ചു

പാദസരം : ഭാഗം 19 – അവസാനിച്ചു

എഴുത്തുകാരി: അനില സനൽ അനുരാധ

സമയം കടന്നു പോകും തോറും അവന്റെ ഹൃദയമിടിപ്പ് കൂടി വന്നു. ഇടയ്ക്കു നോട്ടം ലേബർ റൂമിന്റെ ഡോറിനു നേരെ പായും. കുറച്ച് കഴിഞ്ഞപ്പോൾ സുജാതയും ഗിരിയും എത്തി. സുജാത അമ്മയുടെ അരികിൽ പോയി ഇരുന്നു. ഗിരി ഹരിയുടെ അടുത്ത് ചെന്ന് നിന്നു. ഹരിയുടെ ടെൻഷൻ അവന്റെ മുഖത്തു പ്രകടമായിരുന്നു. ഗിരി അവന്റെ കയ്യിൽ മുറുകെ പിടിച്ചു നിന്നു. ലേബർ റൂമിന്റെ ഡോർ തുറന്ന് സിസ്റ്റർ പുറത്തേക്ക് വന്നു… “ദേവിക… ” എന്ന വിളികേട്ടതും ഹരി വേഗം ചെന്നു. “ദേവിക പ്രസവിച്ചു പെണ്‍കുഞ്ഞാണ്.” ഹരിയുടെ കാതിൽ കുളിർമഴയായി ആ വാക്കുകൾ പെയ്തിറങ്ങി.

പാറുക്കുട്ടി… അവന്റെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു. സിസ്റ്ററിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. “സിസ്റ്റർ… ദേവൂ… ദേവിക…” ഹരി തിരക്കി. “കുഴപ്പമൊന്നുമില്ല. ഓക്കെ ആണ്…” ഹരി നന്ദിയോടെ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു. അവൻ പാറുക്കുട്ടിയുടെ നെറ്റിയിലും കവിളിലും മൃദുവായി ചുംബിച്ചു. പിന്നെ പാറുക്കുട്ടിയെ അമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു. ദേവുവിനെ റൂമിലേക്ക് മാറ്റി… ഹരി അടുത്തേക്ക് വരുന്നതു കണ്ടപ്പോൾ ദേവു പുഞ്ചിരിച്ചു… അവളുടെ ക്ഷീണം നിറഞ്ഞ മുഖത്തു നോക്കി ഹരി അവൾ കിടക്കുന്ന ബെഡിൽ വന്നിരുന്നു…

“ഹരിയേട്ടാ… നമ്മുടെ പാറുക്കുട്ടി..” ഹരി മോളെ നോക്കി അവളുടെ കവിളിൽ മെല്ലെ തലോടി… “ഉറങ്ങിയല്ലേ? ” “ഉം.. നേരത്തെ കരയാരുന്നു.. ഇപ്പോൾ പാലു കുടിച്ചു ഉറങ്ങിയേയുള്ളു…” “ഒരുപാട് വേദനിച്ചോടീ ഉണ്ടക്കണ്ണി…” അവളുടെ നെറ്റിയിൽ തലോടി കൊണ്ട് അവൻ തിരക്കി… അവൾ പുഞ്ചിരിയോടെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. അവൻ അവളുടെ നെറ്റിയിൽ അധരങ്ങൾ ചേർത്തു വെച്ചു. *** നാല് വർഷങ്ങൾക്ക് ശേഷം… കടൽ തീരത്ത് ഹരിയോട് ചേർന്ന് ഇരിക്കുകയായിരുന്നു ദേവു. അവളുടെ ശ്രദ്ധ മുഴുവൻ മണലിൽ വീട് ഉണ്ടാക്കി കളിക്കുന്ന പാർവതി എന്ന പാറുക്കുട്ടിയിലും ഗിരിയുടെയും ദിവ്യയുടെയും മോനായ അച്ചു എന്ന് വിളിക്കുന്ന അക്ഷയിലും ആയിരുന്നു…

ഹരി പിന്നിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചപ്പോൾ അവൾ ഹരിയെ നോക്കി… ആളുടെ നോട്ടം ഇവിടെ ഇങ്ങുമല്ല… അവൻ നോക്കുന്നിടത്തേക്കു അവളും നോക്കി… ഗിരിയും ദിവ്യയും പതിയെ നടന്നു വരുന്നുണ്ട്. തിരകൾ കാലുകളെ പുണർന്നു കടന്നു പോകുമ്പോൾ അവൾ വീഴാതിരിക്കാൻ എന്നോണം അവൻ ചേർത്ത് പിടിച്ചിട്ടുണ്ട്. ദിവ്യയും ഗിരിയും രണ്ടാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ്. ഇപ്പോൾ അവൾക്കു ആറു മാസം കഴിഞ്ഞു. അവരെ കണ്ടപ്പോൾ ദേവു പുഞ്ചിരിച്ചു കൊണ്ട് ഹരിയുടെ തോളിൽ മുഖം ചേർത്തു… “ദേവൂ… നമുക്കും അങ്ങനെ നടക്കണ്ടേ? ” “എന്നാൽ വാ ഹരിയേട്ടാ നമുക്കും നടക്കാം… ” “അങ്ങനെ വെറുതെ നടക്കാൻ അല്ലെടി ഉണ്ടക്കണ്ണി…

നിന്റെ ഉദരത്തിൽ നമ്മുടെ പാറുക്കുട്ടിയുടെ അനിയത്തിയോ അനിയനോ കൂടി വേണം.” അവൾ അവന്റെ കയ്യിൽ വിരൽ കോർത്തു പിടിച്ചു. പെട്ടെന്ന് പാറു ഓടി വന്നു ഹരിയുടെ മടിയിൽ ഇരുന്നു. ദേവു അച്ചുവിനെ നോക്കി അവൻ വീട് ഉണ്ടാക്കുന്ന തിരക്കിലാണ്. ഗിരിയും ദിവ്യയും അവന്റെ അരികിലേക്ക് നടന്നു വരുന്നുണ്ട്… പാറുവിന്റെ മുഖം വാടി ഇരിക്കുന്നുണ്ടായിരുന്നു… “എന്താ പാറുക്കുട്ടി ഏട്ടനോട് പിണങ്ങിയോ? ” ഹരി തിരക്കി. “ഇല്ല… ” “പിന്നെ എന്താ… വീട് ഉണ്ടാക്കി കഴിഞ്ഞോ? ” “ഇല്ല… അച്ചുട്ടൻ പറയാ ആ ഉണ്ടാക്കുന്ന വീട് അച്ചുട്ടനും അച്ഛനും അമ്മയ്ക്കും കുഞ്ഞുവാവയ്ക്കും ആണെന്ന്… ” അച്ചു ഉണ്ടാക്കുന്ന കളിവീട് ചൂണ്ടി കാട്ടി അവൾ പറഞ്ഞു…

“അതിനാണോ ഇങ്ങോട്ട് എഴുന്നേറ്റു പോന്നത്? ” “നിക്കും വേണം കുഞ്ഞുവാവ… ന്റെ വീട്ടിലും ഞാനും കുഞ്ഞുവാവയും അച്ഛനും അമ്മയും വേണം… ” അവൾ സങ്കടത്തോടെ പറഞ്ഞു… “അച്ഛന്റെ പാറുക്കുട്ടി ഇതിനാണോ സങ്കടപ്പെടുന്നേ… വേഗം കുഞ്ഞുവാവയെ തരാൻ നമുക്ക് അമ്മയോട് പറയാട്ടോ… ” അതു കേട്ടതും പാറു ദേവുവിന്റെ മടിയിൽ കയറി ഇരുന്നു… “വാവ വേഗം വരുവോ അമ്മേ? ” അവൾ ദേവുവിന്റെ മാറിൽ ചേർന്നു കിടന്നു ചോദിച്ചു… “പാറുക്കുട്ടി വേഗം കുഞ്ഞുവാവയെ കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചോട്ടാ. അപ്പോൾ വേഗം വരും… ” “അതെയോ അമ്മേ… ” “ഉം… ” “എന്നാലെ ഞാനും വീട് ഉണ്ടാക്കട്ടെ…” എന്ന് പറഞ്ഞ് നിറയെ മണികളുള്ള പാദസരം കിലുക്കി അവൾ ഓടി…

അവളെ നോക്കി പുഞ്ചിരിയോടെ ഹരിയും ദേവുവും ഇരുന്നു… □□□ പുതിയ വസന്തങ്ങൾ ഹരിയേയും അവന്റെ ഉണ്ടക്കണ്ണിയേയും തേടി വരട്ടെ…. ** ഇനി അവരു സന്തോഷമായി ജീവിക്കട്ടെ. പാദസരം ഇവിടെ നിർത്താട്ടോ…  വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും സ്നേഹത്തോടെ ഒരുപാട് നന്ദി…അവസാനിച്ചു…

പാദസരം : ഭാഗം 18

Share this story