ഋതുസംക്രമം : ഭാഗം 26

ഋതുസംക്രമം : ഭാഗം 26

എഴുത്തുകാരി: അമൃത അജയൻ

ഉച്ചവെയിലിൻ്റെ കാഠിന്യം കണ്ണിനെ അലോസരപ്പെടുത്തി തുടങ്ങിയപ്പോഴേക്കും നിരഞ്ജൻ്റെ ബൈക്ക് വന്നു നിന്നു . മൂന്നു പെൺകുട്ടികളുടെയും മുഖം വിടർന്നു . ഇനിയവൻ വരില്ലേയെന്ന് സംശയിച്ചു തുടങ്ങിയിരുന്നു ഗാഥയും വിന്നിയും . മൈത്രിയ്ക്ക് പക്ഷെ വരുമെന്ന് തീർച്ചയായിരുന്നു . ഹെൽമറ്റ് ഹാൻ്റിലിൽ തൂക്കിയിട്ട് നിരഞ്ജൻ അവർക്കടുത്തേക്ക് നടന്നു വന്നു . ” സോറി , അൽപ്പം ലേറ്റായിപ്പോയി ” ” ഇറ്റ്സ് ഓക്കെ ഡോക്ടർ .. ബൈ ദി വേ ആം വിന്നി .. ദിസ് ഈസ് ഗാഥ .. ” വിന്നി അവന് ഷേക്കാൻ്റ് കൊടുത്തു . മുൻപ് കണ്ടിട്ടുണ്ടെങ്കിലും അന്നാണ് അവർ പരസ്പരം പരിചയപ്പെട്ടത് .

” തിരിച്ചു പോകുമ്പോ ഇവളെയാ ഗേറ്റിനടുത്ത് വിട്ടേക്കണേ ഡോക്ടർ .. പേടിത്തൊണ്ടിയാ …” പരിചയപ്പെടലുകൾക്ക് ശേഷം വിന്നിയും ഗാഥയും ക്ലാസിൽ കയറുകയാണെന്ന് പറഞ്ഞ് കോളേജിലേക്ക് നടന്നു .. പഠിക്കാനുള്ള ത്വര കൊണ്ടൊന്നുമല്ല , മറിച്ച് തങ്ങളെ സ്വകാര്യമായി വിട്ടതാണ് നിരഞ്ജന് മനസിലായി . . ” നമുക്ക് കൂളായിട്ടെന്തെങ്കിലും കുടിച്ചാലോ ?” ” അത് വേണോ ” അവൾക്ക് ആരെങ്കിലും കണ്ട് അമ്മയറിഞ്ഞാലോ എന്ന ഭയമാണ് .. ” ഇങ്ങനെ പേടിച്ചാലോ . ഇനിയെന്തൊക്കെ സാഹസങ്ങൾ കാട്ടേണ്ടിയിരിക്കുന്നു .. ” എതിർക്കാൻ തോന്നിയില്ല .

നിരഞ്ജനൊപ്പമുള്ള നിമിഷങ്ങൾ മനസിൻ്റെ പൂതിയാണെന്ന സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് ദിനങ്ങളേറെയായി . കോളേജിനടുത്തുള്ള ബേക്കറിയിലേക്ക് കയറിയപ്പോൾ തന്നെ അങ്ങിങ്ങ് തലകളോരോന്നും പൊന്തി .. സ്റ്റുഡൻസ് തന്നെയാണ് അവിടുത്തെ കസ്റ്റമേർസ് .. ചുറ്റിനും നോക്കിയാൽ ഉള്ള ധൈര്യം പോകുമെന്നുള്ളത് കൊണ്ട് ആരെയും ഗൗനിക്കാതെ നിരഞ്ജൻ്റെ പിന്നാലെ പോയിരുന്നു .. സർബത്ത് ഇവിടുത്തെയൊരു സ്പെഷ്യലൈറ്റമാണെന്ന് മൈത്രി പറഞ്ഞത് കൊണ്ട് നിരഞ്ജൻ അതു തന്നെ ഓർഡർ ചെയ്തു .. മൈത്രിയുടെ മുഖത്തേക്ക് നിർനിമേഷനായി നോക്കിയിരുന്നു .

കുട്ടിത്തം വിട്ടുമാറാത്ത മുഖം , വിടർന്ന കണ്ണുകൾ , നീണ്ട നാസിക ചിരിക്കുമ്പോൾ തെളിയുന്ന മുല്ലമൊട്ടിനു സമാനമായ ദന്തനിര ,നുണക്കുഴി. ആദ്യമായാണ് അവളെയിങ്ങനെ നോക്കിയിരിക്കുന്നത് . മുൻപ് തമ്മിൽ കണ്ട നിമിഷങ്ങളോരോന്നും ഛായ ചിത്രങ്ങളെന്ന പോലെ ഓർമയിൽ വന്നു . പ്രഭാതത്തിൽ ബൊഗെയിൻവില്ലകൾക്കിടയിലൂടെ വീടിൻ്റെ ബാൽക്കണിയിൽ ഏതോ സ്വപ്നങ്ങളിൽ മുഴുകി നിൽക്കുന്ന പോലെ, സൂര്യൻ്റെ ഇല്ലത്ത് പേടിച്ചരണ്ട കണ്ണുകളുമായി , പിന്നെയൊരു പകലിൽ അവിചാരിതമായി വീണ്ടും , കോളേജ് ഗേറ്റിൽ , പാർക്കിലെ ഉറക്കം തൂങ്ങി മരത്തിൻ്റെ തണലിൽ ,

ആശുപത്രിയിൽ , ഇപ്പോഴി കോഫി ഷോപ്പിൽ മുഖാമുഖം .. ” ഞാനെന്താ ഓർത്തേന്നറിയോ ” ” നമ്മൾ തമ്മിൽ കണ്ടുമുട്ടിയതല്ലേ ..?” ഒരു സങ്കോചവുമില്ലാതെ അവൾ പറഞ്ഞപ്പോൾ നിരഞ്ജൻ അതിശയിച്ചു . ” എങ്ങനെ മനസിലായി .. ” ” ഞാനതോർത്തു .. ” പതിഞ്ഞ സ്വരത്തിലവൾ മൊഴിഞ്ഞു . ആ ചുണ്ടുകൾക്കിടയിലെ വാക്കുകളോടു പോലും അസൂയ തോന്നിപ്പോയ നിമിഷം . കണ്ടു മതിവരാത്ത കണ്ണുകൾക്കിടയിൽ വചനങ്ങളപ്രസക്തമാകുന്നു . മൗനം വാചാലമാകുന്ന പ്രണയത്തിൻ്റെ അസുലഭ നിമിഷങ്ങൾ .

എപ്പോഴോ കോർത്തു പിടിച്ച കൈകൾ . . പ്രണയം .. അവിചാരിതമായതു നമുക്കിടയിൽ പിറന്നിരിക്കുന്നു .. ഇനി നമുക്കതിനെ പാലുട്ടി വളർത്താം .. കൈപിടിച്ചു പിച്ച നടത്താം .. വീഴാതെ താങ്ങി നിർത്താം .. കരയുമ്പോൾ ചുംബനം കൊണ്ടുമൂടാം .. ബാല്യവും കൗമാരവും യൗവ്വനവും കടന്ന് വാർദ്ധക്യത്തിലെത്തുമ്പോൾ അവനെയീ മണ്ണിൽ വിട്ട് .. സഖീ നമുക്ക് പറന്നകലാം … ദൂരങ്ങളിലേയ്ക്ക് .. വീണ്ടുമൊരായുഷ്കാലം തേടി .. തിരികെ പാർക്കിലേക്ക് നടക്കുമ്പോഴും നിരഞ്ജൻ്റെ കൈയിൽ കോർത്തു പിടിച്ചിരുന്നു . ഉറക്കം തൂങ്ങിയുടെ തണലിൽ സിമൻ്റ് ബഞ്ചിൽ അവനോട് ചേർന്നിരുന്നു .

” എന്നേക്കുറിച്ച് ഒന്നുമറിയണ്ടേ …? ” ” ഉണ്ണിമായ പറഞ്ഞറിയാം .. ” ” അവളെന്താ പറഞ്ഞത് .. ” മൈത്രി മുഖമുയർത്തി നോക്കി . അവൻ്റെ മുഖത്തു നോക്കി അത് പറയാൻ അവളുടെ മനസനുവദിച്ചില്ല .. ” ഓർഫനാണെന്നാണോ ..” ചിരിവിടാതെയുള്ള ചോദ്യം . അവൾ മിണ്ടാതിരുന്നു . ” സത്യത്തിൽ അതെൻ്റെ ഐഡൻറിറ്റി മാത്രമാണ് .. സ്വന്തമെന്ന് പറയാനാരുമില്ലാത്തവന് കിട്ടിയ വിശേഷണം . അവിടെയെനിക്കൊരുപാടു പേരുണ്ട് .. ഫ്രാൻസിസച്ചൻ , അമ്മയെപ്പോലെ വളർത്തിയ ജാൻസി സിസ്റ്റർ , ലിൻ്റ , പിന്നെക്കുറേ സഹോദരങ്ങൾ ..

ആരുമെൻ്റെ സ്വന്തമല്ലെന്ന് മാത്രം … ” ” ഇനിയാ ഐഡൻ്റിറ്റി വേണ്ട .. സ്വന്തമായിട്ട് ഞാനില്ലേ ..” നിഷ്കളങ്കമായിരുന്നു അവളുടെ വാക്കുകൾ .. നിരഞ്ജൻ്റെ ഹൃദയത്തിൽ മഞ്ഞുരുകി വീണു . അറിയാതെ കണ്ണുനിറയുന്നു . തനിക്കൊരാൾ സ്വന്തമാകുന്നു . അവൻ്റെ കരങ്ങൾ തൻ്റെ വലതുകരത്തിൽ മുറുകുന്നത് അവളറിഞ്ഞു . ” എൻ്റെയമ്മയീ ലോകത്ത് എവിടെയോ ജീവിച്ചിരിപ്പുണ്ട് .. ” മൈത്രി മുഖമുയർത്തി നോക്കി .. വിദൂരതയിലെവിടെയോ ആയിരുന്നു അവൻ്റെ നോട്ടം .

ജാൻസി സിസ്റ്റർ പറഞ്ഞുള്ളതാണ് അവൻ്റെയറിവുകൾ .. ഏതോ സമ്പത്തുള്ള തറവാട്ടിലെ അന്യമതക്കാരി പെൺകുട്ടിയെ സ്നേഹിച്ച് കൂടെ കൂട്ടിക്കൊണ്ടു വന്ന അപ്പൻ , മൂന്നു വർഷത്തെ ഒരുമിച്ചുള്ള ജീവിതം , അപ്പൻ്റെ മരണം , ഒരു മഴക്കാലത്ത് രാത്രിയിൽ തന്നെയും ആകെയുള്ള അഞ്ചുസെൻ്റിലെ രണ്ടുമുറി വീടിൻ്റെ ആധാരവും സിസ്റ്ററിനെയേൽപ്പിച്ച് മകനെ പോറ്റാനുള്ള സ്ഥിതിയായാൽ തിരിച്ചുവരുമെന്ന് പറഞ്ഞ് പേമാരിയിൽ മാഞ്ഞു പോയ അമ്മ , തുച്ഛമായ തുകയുമായി മുടങ്ങാതെ തേടി വന്ന മണിയോർഡറുകൾ , ഓരോ മാസവും തൻ്റെ പേരിൽ വരുന്ന മണിയോഡറിനു പകരം അമ്മ വന്നിരുന്നെങ്കിലെന്നാശിച്ചു . കാത്തിരുന്നു .

പിന്നീടാ പ്രതീക്ഷയസ്ഥമിച്ചു . ആറു കൊല്ലം മുൻപ് വരെ ആ മണിയോർഡർ വന്നു .. പിന്നീട് വന്നത് രണ്ട് കൊല്ലം മുൻപുള്ള ഒരു കൃസ്തുമസ് നാളിൽ .. ഒക്കെ കേട്ടു കഴിയുമ്പോൾ മൈത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .. ” അയ്യേ .. കരയുന്നോ ” അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ചു കൊടുത്തു .. മൈത്രിയവൻ്റെ കൈപിടിച്ച് നെറ്റിമുട്ടിച്ചിരുന്നു .. അവൻ വാത്സല്യത്തോടെ ആ ശിരസിൽ തഴുകി .. ” എൻ്റെ ലൈഫിലെ ഏറ്റവും വലിയ ലക്ഷ്യമെന്താണെന്നറിയോ ?” അവൾ മറുപടി പറയാതെ അവനെ നോക്കിയിരുന്നു .. ” എൻ്റെ അമ്മയെ കണ്ടെത്തണം ….”

” അമ്മ … അമ്മയെവിടെയാണെന്നറിയാതെയെങ്ങനെ ?” ” അറിയാം .. ” അവൾക്കതിശയം തോന്നി . കുട്ടിക്കാലത്ത് പോസ്റ്റ്മാൻ കൈയിൽ തരുന്ന മണിയോർഡറിൻ്റെ റസീപ്റ്റിൻ്റെ മണമായിരുന്നു അമ്മയ്ക്ക് .. അതെല്ലാം സൂക്ഷിച്ചു വച്ചു .. രാത്രിയിൽ അതു മണത്തുറങ്ങിയിട്ടുണ്ട് . മുതിർന്നപ്പോൾ അതിൽ നിന്ന് അമ്മയുണ്ടായിരുന്ന സ്ഥലങ്ങൾ മനസിലായി .. ആദ്യകാലത്ത് കോഴിക്കോടിൻ്റെ പല ഭാഗങ്ങളിൽ നിന്നായിരുന്നു .. കഴിഞ്ഞ എട്ടൊമ്പത് വർഷമായി കാസർകോഡാണ് .. കാഞ്ഞങ്ങാട് .. പെരിയ എന്ന സ്ഥലത്ത് .. രണ്ട് കൊല്ലം മുൻപ് വന്ന മണിയോഡറും സൂചിപ്പിക്കുന്നത് അവിടെ തന്നെയാണെന്നാണ് .. ” അപ്പോ അവിടെപ്പോയി അന്വേഷിച്ചാൽ പോരെ .. ”

” ങും … ” ” അമ്മയ്ക്ക് ഒരിക്കലെങ്കിലും വരാമായിരുന്നു .. ” അവൾ തന്നറിയാതെ പറഞ്ഞു .. അവനത്രയധികം അമ്മയെ ആഗ്രഹിച്ചിട്ടുണ്ടെന്ന് വാക്കുകളിൽ നിന്ന് മനസിലായപ്പോൾ പറഞ്ഞു പോയതാണ് . കാത്തിരുന്നു .. കാത്തിരുന്നു മടുത്തപ്പോൾ അമ്മയോട് വെറുപ്പായി … ഇനിയൊരിക്കലും കാണണ്ടന്നാഗ്രഹിച്ചു .. പിന്നീട് സ്ഥിരമായി വന്നിരുന്നത് നിലച്ചപ്പോൾ തന്നെ മറന്നെന്നു കരുതി .. പിന്നെയും ആ കൃസ്തുമസ് നാളിൽ വന്നപ്പോൾ .. അറിയണം .. മറവികൾക്കിടയിൽ വീണ്ടുമോർത്തതാണോ ..

അതോ മകനെ കൂട്ടി ജീവിക്കാൻ കൊതിച്ച അമ്മയ്ക്ക് ഒന്നും നേടാനാകാതെ പോയതാണോയെന്ന് . ആദ്യത്തേതാകാൻ സാത്യതയില്ലെന്ന് മനസ് പറയുന്നു . അങ്ങനെയെങ്കിൽ ആദ്യമാദ്യം മണിയോഡറുകൾക്കിടയിലെ ഇടവേളകൾ കൂടുമായിരുന്നു .. പിന്നെ നിലയ്ക്കുമായിരുന്നു .. ഇതങ്ങനെയല്ല .. മുടങ്ങാതെ വന്നിട്ട് പെട്ടന്നൊരു നാൾ ഇല്ലാതായി .. . രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം വീണ്ടുമൊരിക്കൽക്കൂടി . അതുമൊരു ഷർട്ടു വാങ്ങാൻ തികയുന്ന പണം .

അതിനു പിന്നിൽ യാതനകളുണ്ടെന്നു തോന്നി . അന്നതേറ്റു വാങ്ങിയ നിരഞ്ജൻ ചെറിയ കുട്ടിയായിരുന്നില്ലല്ലോ . മെഡിക്കൽ സ്റ്റുഡൻ്റായിരുന്നു . മനുഷ്യരെ അടുത്തറിഞ്ഞു തുടങ്ങിയിരുന്നു . ഹൗസ് സർജൻസി കഴിഞ്ഞാൽ പോകാനിരിക്കുകയാണ് . അമ്മയെത്തേടി .. ” എൻ്റെയൊരു ഫ്രണ്ടിൻ്റെ സിസ്റ്റർ കൽക്കത്തയിലുണ്ട് . ഫിലിം ഫീൽഡുമായി വർക്ക് ചെയ്യുന്ന ആളാണ് . പുള്ളിക്കാരി വഴി അവിടെയന്വേഷിച്ചിരുന്നു ആൻ്റിയെ . പക്ഷെ വിവരമൊന്നും കിട്ടിയില്ല . അവരുടെ മുംബെ കണക്ഷൻസ് വച്ച് അവിടെക്കൂടി അന്വേഷിച്ചു നോക്കാമെന്ന് പറഞ്ഞു .

കിട്ടിയില്ലെങ്കിൽ കൂടുതലെന്തെങ്കിലും ഡീറ്റെയ്ൽസ് വേണ്ടി വരും .. ” മൈത്രി കേട്ടിരുന്നു . തനിക്കറിയാവുന്നതെല്ലാം പറയണം . നിരഞ്ജന്നോടൊന്നും മറയ്ക്കേണ്ടതില്ല .. ” ആൻ്റിയുടെ കല്യാണം കഴിഞ്ഞതായിരുന്നു . കല്യാണം കഴിച്ചത് എൻ്റമ്മേടെ അത്തേടെ മകനാ . സുധീപൻ . അത്തേടെ മകനാന്ന് എല്ലാർക്കും അറിയൊന്നൂല്ല . അവര് വിവാഹം കഴിച്ച ആളല്ല .. ” നിരഞ്ജൻ അവളെ നോക്കി . കണ്ടും കേട്ടും മനസിലാക്കിയ ചിലതൊക്കെയേ മൈത്രിയ്ക്കറിയൂ . സുഭദ്ര പുറത്തെവിടെയോ ആണ് പഠിച്ചത് . അവിടെ വച്ച് പ്രസവിച്ചതാണ് സുധീപനെ . കുഞ്ഞിൻ്റെയച്ഛൻ ഒരു തെലുങ്കൻ . അയാൾ അന്നേ മുങ്ങി .

സുഭദ്രയെ നാട്ടിൽ കൊണ്ടുവന്നു . ട്രയിനിൽ വച്ച് ആരോ ഏൽപ്പിച്ചു മുങ്ങിയ കുട്ടിയാണ് സുധീപൻ എന്നാ നാട്ടുകാരോട് പറഞ്ഞിട്ടുള്ളത് . അച്ഛയുടെയും പപ്പിയാൻ്റിയുടേയും ഒരു മാറ്റ കല്ല്യാണമായിരുന്നു . അമ്മയെ അച്ഛ വിവാഹം ചെയ്തപ്പോൾ പപ്പിയാൻ്റിയെ സുധീപനങ്കിൾ വിവാഹം ചെയ്തു . വിവാഹം കഴിഞ്ഞ് ഒരു മാസമേ പപ്പിയാൻ്റി സുധീപനങ്കിളിനൊപ്പം ജീവിച്ചുള്ളു . ബിസിനസ് ആവശ്യത്തിന് സിംഗപ്പൂര് പോയ സുധീപനങ്കിൾ പിന്നീട് മടങ്ങി വന്നില്ല . അന്വേഷിച്ചിട്ട് വിവരമൊന്നും കിട്ടിയുമില്ല .

രണ്ട് വർഷത്തോളം ആൻ്റി ആ വീട്ടിൽ താമസിച്ചു . അച്ഛ ആൻ്റിയെ തിരികെ കൊണ്ടുവന്ന് മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു . ആയിടയ്ക്ക് സുധീപനങ്കളിനെക്കുറിച്ച് നാട്ടിൽ വിവരം കിട്ടി . ആൾക്ക് അവിടെ വച്ച് എന്തോ ആക്സിഡൻ്റ് പറ്റിയെന്നും ദേഹമൊക്കെ പൊള്ളലേറ്റെന്നും ഒരു മെൻ്റൽ അസൈലത്തിലാണെന്നുമൊക്കെ അറിഞ്ഞു . തിരിച്ചു കൊണ്ടുവരാൻ പോയത് അപ്പൂപ്പനാ . ജീവനോടെ വരുമെന്ന് കരുതിയിരുന്നവരുടെ മുന്നിലേയ്ക്ക് കൊണ്ടുവന്നത് സുധീപനങ്കിളിൻ്റെ ജഡമായിരുന്നു .

ആർക്കും തിരിച്ചറിയാൻ പോലും പറ്റാത്ത രൂപത്തിൽ . പിന്നെ കുറേ നാൾ ആൻ്റിയാ ഷോക്കിലായിരുന്നു . ആൻ്റിയുടെ ജാതകദോഷം കൊണ്ടാന്ന് സുഭദ്രമ്മൂമയും നാട്ടുകാരുമൊക്കെ പറഞ്ഞു . ആൻ്റിയുടെ ജാതകത്തിൽ ഭർത്താവ് വാഴില്ലെന്നുണ്ടത്രേ . അച്ഛയും അപ്പൂപ്പനും തമ്മിൽ ആൻ്റിയുടെ കാര്യത്തിൽ എന്തൊക്കെയോ വഴക്കു നടന്നിട്ടുണ്ട് . അതൊക്കെ എന്തായിരുന്നെന്ന് ഓർക്കാൻ കഴിയുന്നില്ല . പപ്പിയാൻ്റിക്ക് പിന്നെ കല്ല്യാണമൊന്നും നടന്നില്ല . ജാതകദോഷത്തിൻ്റെ പേരിലാ എല്ലാം മുടങ്ങിപ്പോയത് . ആൻ്റി പിന്നെ ഡാൻസിലേയ്ക്ക് തിരിഞ്ഞു . നന്ദേമ്മായിയും പപ്പിയാൻറിയും കലാമണ്ഠലത്തിലൊന്നിച്ചു പഠിച്ചതാ .

ഡാൻസിലേക്ക് തിരിഞ്ഞു കുറേ നാൾ കഴിഞ്ഞപ്പോ ആൻ്റിയുടെ ഒരു ഫ്രണ്ട് പറഞ്ഞു സുധീപനങ്കിളിനെ പോലൊരാളെ മുംബൈയിൽ വച്ച് കണ്ടിരുന്നൂന്ന് . അതങ്കിളാന്ന് അവരൊറപ്പിച്ചു പറഞ്ഞപ്പോ , ആൻ്റി ഇവിടാരോടും പറയാണ്ട് മുംബെയിൽ പോയി . അച്ഛ ആ സമയത്ത് ഗൾഫിലായിരുന്നു . ആൻ്റി അച്ഛയെ വിളിച്ച് എന്തെങ്കിലും പറഞ്ഞിട്ടാണോന്നറിയില്ല , അച്ഛ പെട്ടന്ന് നാട്ടിലേക്ക് വരുന്നുണ്ടെന്നറിയിച്ചു . അപ്പഴായിരുന്നു അച്ഛയ്ക്ക് ആക്സിഡൻ്റായത് . അന്ന് മുംബെയിൽ കണ്ടത് സുധീപനങ്കിളിനെയാണോ അല്ലയോന്നറിയില്ല .

പക്ഷെ ഒരിക്കൽ വീട്ടിലെ സെർവൻ്റ്സ് സംസാരിക്കുന്നത് കേട്ടത് സുധീപനങ്കിൾ ജീവിച്ചിരിപ്പുണ്ടായിരുന്നൂന്നാ . എന്നെ കണ്ടപ്പോ അവർ സംഭാഷണം നിർത്തിക്കളഞ്ഞു . നിരഞ്ജന് അതൊരു സിനിമാ കഥ പോലെയാണ് തോന്നിയത് . എവിടെയോ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായൊരു കഥ . ” ഇത്രയൊക്കെയേ എനിക്കറിയുള്ളു നിരഞ്ജാ . എൻഗേജ്മെൻ്റിനു മുൻപ് ആൻ്റിയെ കണ്ടു പിടിക്കാൻ പറ്റില്ലേ ” അവളുടെ കണ്ഠമിടറി .. ” കണ്ടു പിടിക്കാം നമുക്ക് . ഇല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാം നമുക്ക് .”

അവൻ സമാധാനിപ്പിച്ചു . ഉള്ളിലെ ടെൻഷൻ മറച്ചു വച്ചു . ഈ വിവരങ്ങൾ വച്ച് അന്യനാട്ടിൽ ആന്വേഷിക്കാൻ കഴിയില്ലല്ലോ . എങ്കിലുമതവളോട് പറഞ്ഞില്ല . വെറുതെ അതിനെ ടെൻഷനടിപ്പിക്കണ്ട . ഉള്ള സമയമെങ്കിലും സമാധാനമായി ഇരിക്കട്ടെ .. ” പപ്പിയാൻ്റി പത്മജ ഉണ്ണിയെന്ന പേരിൽ തന്നെയാണോ പ്രോംഗ്രാംസ് ചെയ്യുന്നത് ?” അവൾ അതെയെന്ന് തല ചലിപ്പിച്ചു . പക്ഷെ അതിന് ശക്തി പോരായിരുന്നു . സംശയമാണ് . ആൻ്റിയുടെ ഒഫീഷ്യൽ നെയിം അങ്ങനെയാണ് . നോർത്തിലിനി മറ്റേതെങ്കിലും പേരിലാകുമോ അറിയപ്പെടുന്നത് . ” ഉറപ്പില്ല അല്ലേ … ?” നിരഞ്ജൻ്റെ ചോദ്യത്തിന് ഉറപ്പില്ലന്ന് മറുപടി പറഞ്ഞു .

” അതറിയാൻ കഴിയുമോന്ന് നോക്ക് . ” ” ഞാനെങ്ങനെ ..?” ” വീട്ടിൽ ആൻ്റിയുടെ സാധനങ്ങളൊക്കെയുണ്ടോ ?” ” ങും . ആൻ്റിയുടെ റൂമുണ്ട് . ” ” ഒന്ന് തിരഞ്ഞു നോക്കു . എന്തെങ്കിലും ക്ലൂ കിട്ടിയാലോ ” അതൊരു നല്ല ഐഡിയയാണെന്ന് അവൾക്കും തോന്നി . സമയം മൂന്ന് പത്ത് കഴിഞ്ഞിരുന്നു . ” മൂന്നരയ്ക്ക് മുന്നേ എന്നെ പിക്ക് ചെയ്യാൻ വണ്ടി വരും . നമുക്ക് പോയാലോ . ഈ റോഡ് വഴിയാവും കാറ് വരുക ” ” പോകാം . ആഗ്രഹമുണ്ടായിട്ടല്ല കേട്ടോ ” അവൾ പുഞ്ചിരിച്ചു . ” നിന്നോട് സംസാരിച്ചിരുന്നിട്ട് മതിയാവുന്നില്ല . കണ്ടിട്ടും ” അവൾക്കഭിമുഖം നിന്ന് മൃദുവായി പറഞ്ഞു ..

” എനിക്കും ” അവൻ പുഞ്ചിരിച്ചു . ” ഇനിയെന്നാ വരുന്നേ ?” ” നോക്കട്ടെ പറ്റുമെങ്കിൽ ഈയാഴ്ച തന്നെ ഒന്നുകൂടി വരാം . വരാതിരിക്കാൻ കഴിയില്ലല്ലോ ” അവർ കൈകൾ കോർത്തു പിടിച്ചു . പാതയിലൂടെ നടന്ന് അവളെ ഗേറ്റിനടുത്ത് കൊണ്ട് വിട്ടു . അവളെ വിട്ട് പോകാൻ ഒട്ടും മനസുണ്ടായില്ല . പകലിന് ദൈർഘ്യം കൂടിയിരുന്നെങ്കിൽ . മൈത്രി നടന്നു പോകുന്നത് നോക്കി അവനവിടെത്തന്നെ നിന്നു . ഇടയ്ക്കവൾ തിരിഞ്ഞു നോക്കി . അപ്പോഴും അവനവിടെ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു …..( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 25

Share this story