അറിയാതെൻ ജീവനിൽ: ഭാഗം 19

അറിയാതെൻ ജീവനിൽ: ഭാഗം 19

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

കോലായയിൽ വെള്ള മൂടിയ മൃദദേഹത്തേ കണ്ട് തളർന്നു മുട്ട് കുത്തി വീണവളെ ആരവ് ഓടിയെത്തി എഴുന്നേൽപ്പിച്ചു താങ്ങിനിർത്തി. പെണ്ണിന്റെ കണ്ണ് നിറഞ്ഞു, കണ്ണീര് അവന്റെ കയ്യിൽ ഇറ്റിവീണു.. കോലായയിൽ മൗനം പാലിച്ചു നിശബ്ദരായി കരയുന്നവരിൽ പലരെയും തനിക്കറിയാം.. ഒരിക്കൽ ജീവേട്ടൻ എല്ലാവരെയും ഫോട്ടോ കാണിച്ചു പരിചയപ്പെടുത്തി തന്നിട്ടുണ്ട്. അമ്മമ്മ.. അച്ഛൻ.. നിലത്തിരുന്നു നെഞ്ചത്ത് കൈ വച്ചു കരയുന്ന ജീവേട്ടന്റെ അമ്മയെ കണ്ടു.. അവർക്കരികിലായി മുട്ടിൽ തലവച്ചു കരയുന്നൊരു പെൺകുട്ടിയെ കണ്ടു.. അതായിരിക്കണം ദേവൂട്ടി..

വരാന്തയിലെ തൂണിൽ ചാരിയിരുന്ന ഹർഷേട്ടനെ നോക്കി.. തന്നെ കണ്ടതും അത്ഭുതത്തോടെ ഹർഷേട്ടൻ പുറത്തോട്ടിറങ്ങി വന്നു. “വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.. ഇത്ര ദൂരത്തേക്ക് ഇവന് വേണ്ടി മാത്രം ഇവിടെയെത്താൻ നീ തയാറായെങ്കിൽ നീയും ജീവനും തമ്മിലുള്ള അടുപ്പം എത്രത്തോളമുണ്ടെന്നു എനിക്ക് മനസ്സിലാവുന്നുണ്ട് ജുവലേ.. ചെല്ല്.. ചെന്ന് കാണ്.. നിന്റെ ജീവേട്ടനെ..” തല താഴ്ത്തിക്കൊണ്ട് ഹർഷേട്ടൻ പറഞ്ഞു, അകത്തേക്ക് കയറാനായി വഴി മാറിത്തന്നപ്പോൾ ആദ്യം നോക്കിയത് ദേവൂട്ടിയെ ആയിരുന്നു.. ദേവൂട്ടിയുടെ കണ്ണപ്പോൾ തന്റെ നേർക്കായിരുന്നു. ആ കണ്ണുകളപ്പോൾ നിർജീവമാണെന്ന് തോന്നി..

“ന്നെ പറ്റിക്കാനല്ലേ ഹർഷേട്ടാ.. ജീവേട്ടന് ഒന്നും പറ്റീട്ടില്ലല്ലോ.. പറ.. പറ ഹർഷേട്ടാ.. ഈ പൊട്ടിപ്പെണ്ണിനു വല്ലാണ്ടെ നോവുന്നു.. പറ്റിക്കാനാന്നു പറ ഹർഷേട്ടാ.. ഹർഷേ….” ഹർഷേട്ടന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് കരഞ്ഞു ചോദിച്ചപ്പോൾ ഹർഷേട്ടൻ കൈകളെ തടഞ്ഞു പിടിച്ചു.. പറ്റിക്കാനല്ലെന്ന് ഹർഷേട്ടൻ തലയാട്ടി.. അവിടെയുണ്ടായിരുന്നവരെല്ലാം ആ നാടകീയ രംഗങ്ങൾ നോക്കിനിന്നു. “അതെന്റെ ജീവേട്ടനാവില്ല.. എനിക്കുറപ്പാ.. ഞാനാ മുഖമൊന്നു കണ്ടോട്ടെ..” ഉള്ളുരുകി പ്രാർഥിച്ചുകൊണ്ടാണ് ആ വീടിന്റെ പടി കടക്കാൻ കാലെടുത്തു മുന്നോട്ട് വച്ചത്.. “നിക്കെടീ അവിടെ..”

ശബ്‌ദം കേട്ടിടത്തേക്ക് ഞെട്ടലോടെ നോക്കി.. ഇരുന്നിടത്ത് നിന്നും കോപത്തോടെ ചാടിയെഴുന്നേറ്റ് ജീവേട്ടന്റെ അമ്മ കോലായയുടെ പുറത്തേക്കെത്തി. “എങ്ങോട്ടാടീ നഷൂലമേ കേറി വരുന്നത്? എന്റെ മോന്റെ ശവം തിന്നാൻ വന്നതാണോ? കയ്യും കാലും കാണിച്ച് എന്റെ മോനെ വശത്താക്കി അവനെ കൊന്നിട്ട് ഇപ്പോ കാണാൻ വന്നേക്കുന്നു അസത്ത്.. ഇവിടേക്ക് കാലെടുത്തു വച്ചാൽ എന്റെ മോന്റെ ശവം നിന്നെക്കൊണ്ട് ഞാൻ തീറ്റിപ്പിക്കുമെടീ..” അമ്മയുടെ സംസാരം കേട്ട് മനസ്സ് മരവിച്ചു പോയി.. കണ്ണ് നിറഞ്ഞ് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല.. “അമ്മേ..” ഹർഷേട്ടൻ പ്രതികരിക്കുവാനായി പറഞ്ഞതും അവര് കോപത്തോടെ ഹർഷേട്ടനെ നോക്കി.

“നാണമില്ലേടാ സ്വന്തം അനിയനെ കൊന്ന ഇവളെ ശവം കാണാൻ വിളിക്കാൻ.. അവന്റെ ശവം കാണാൻ ഞാൻ സമ്മതിക്കത്തില്ല ഇവളെ.. വേഗം വിളിച്ചോണ്ട് പോകാൻ പറ.. ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കും ഞാനിപ്പോ..” അമ്മ ഹർഷേട്ടനിൽ നിന്നും കണ്ണെടുത്ത് അവളെ നോക്കി.. “എന്ത് കാണാൻ നിക്കുവാടീ.. അവനെ കൊന്നപ്പോ സമാധാനമായില്ലേ? പൊക്കോണം ഇവിടുന്ന്..” അവരുടെ സംസാരം കേട്ട് ആരവിനു കോപം ജ്വലിച്ചു.. ജുവലിന്റെ അവസ്ഥയോർത്താണ് മൗനം പാലിച്ചു നിന്നത്. പെണ്ണുറക്കേ കരഞ്ഞു തുടങ്ങി. ആരവിന്റെ കൈക്കുള്ളിൽ നിന്നും ഊർന്നു താഴേക്ക് വീണു. കൈകൾ കൂപ്പി കെഞ്ചി.. “ന്നേ ഒന്ന് കാണാൻ സമ്മതിക്കോ അമ്മേ.. ഒറ്റ തവണ ഞാൻ കണ്ടിട്ട് പൊയ്ക്കോളാം..”

ആ അമ്മയുടെ മനസ്സലിഞ്ഞില്ല.. അവര് കോപത്തോടെ മുഖം തിരിച്ചു.. ദേവൂട്ടിക്ക് സഹതാപം തോന്നിയിരുന്നു.. അവൾ ജീവന്റെ മുഖത്തേക്കും അവനെ ഒരു നോക്ക് കാണാനായി കേഴുന്ന പെണ്ണിന്റെ മുഖത്തേക്കും മാറി മാറി നോക്കി.. “ഒറ്റതവണ.. ഒരൊറ്റ തവണ.. ആ മുഖമൊന്നു കണ്ടോട്ടെ ഞാൻ? ഇതുവരെ ഈ പെണ്ണ് നേരിൽ കണ്ടിട്ടില്ല.. ആദ്യമായും അവസാനമായും ഒരു നോക്ക് കാണാൻ ന്നെ സമ്മതിക്കണം…” കൈ കൂപ്പിക്കൊണ്ട് കരഞ്ഞപേക്ഷിക്കുന്ന പെണ്ണിനെ ആരവ് എഴുന്നേൽപ്പിച്ചു നിർത്തി. അവളുടെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു.. അവന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങി.. “ആരവ് ഡോക്ടറെ.. ഒന്ന് പറയോ..

നിക്കൊന്ന് ന്റെ ജീവേട്ടനെ ഒന്ന് കാണിച്ചു തരാൻ പറയോ.. ഈ പെണ്ണിന്റെ നെഞ്ച് വല്ലാതെ നോവുന്നു.. നിക്ക് സഹിക്കാൻ പറ്റുന്നില്ല.. ഒറ്റ തവണ ന്നെയൊന്നു ന്റെ ജീവേട്ടന്റെ മുഖം കാണിച്ചു തരാൻ പറയുമോ?” പെണ്ണ് കെഞ്ചി.. ആരവ് ആ സ്ത്രീയെ നോക്കാതെ അവളുടെ കൈ പിടിച്ചു അകത്തേക്ക് കയറാൻ തുടങ്ങവേ ആ അമ്മ ആഞ്ഞു നെഞ്ചത്തടിക്കാൻ തുടങ്ങി.. അടിയുടെ ശബ്‌ദം കേട്ടവർ ഞെട്ടിപ്പോയി.. ദേവൂട്ടി എഴുന്നേറ്റോടി വന്ന് അവരെ തടയാൻ ശ്രമിച്ചു. “ആദ്യം എന്നേ കൊല്ല്.. എന്നിട്ട് എന്റെ നെഞ്ചത്ത് ചവിട്ടീട്ട് അവന്റെ ശവം കാണാൻ പോ…” പറഞ്ഞുകൊണ്ട് അമ്മ പിന്നെയും തന്റെ മാറിൽ ശക്തിയായി പ്രഹരിക്കുവാൻ തുടങ്ങി.. പെണ്ണൊന്നു നടുങ്ങി..

വേണ്ടെന്ന് തലയാട്ടി അവള് വെപ്രാളത്തോടെ ആരവിന്റെ കൈ വിട്ടു പടികൾ ഓടിയിറങ്ങി. “വേണ്ടമ്മേ.. നിക്ക് കാണണ്ടാ.. ഞാൻ കാണുന്നില്ല.. ജീവേട്ടന്റെ അമ്മ ദയവായി ഇങ്ങനെയൊന്നും ചെയ്യല്ലേ.. ഞാൻ പൊയ്ക്കോളാം..” അമ്മയൊന്നു നിർത്തി.. വീട്ടുമുറ്റത്ത് അല്പമകലേക്ക് ഓടിമാറിക്കൊണ്ട് പെണ്ണുറക്കേ കരഞ്ഞു പറഞ്ഞു.. അതുകണ്ട് ആരവിന്റെയും കണ്ടു നിന്ന മറ്റു പലരുടെയും കണ്ണലിഞ്ഞു.. പക്ഷെ ആ സ്ത്രീയുടെ മനസ്സ് മാത്രമലിഞ്ഞില്ല.. അവര് പ്രഹരിക്കുന്നത് നിർത്തിയിട്ട് കോപത്തോടെയും വെറുപ്പോടെയും ആ പെണ്ണിനെ നോക്കി നിന്നു. ബോഡി എടുക്കാനുള്ള സമയമായെന്ന് ആരോ പറയുന്നത് കേട്ടപ്പോൾ ഉള്ളിലൊരു മിന്നൽപിണരുയർന്നിരുന്നു..

ഒരിക്കൽ റയിൽവേ സ്റ്റേഷനിൽ വച്ചും അടുത്തുണ്ടായിട്ട് തനിക്ക് ജീവേട്ടനെ കാണാൻ പറ്റിയില്ല.. ഇന്നിതാ അവസാനമായി ജീവനില്ലാത്ത ആ മുഖം കാണാനും പെണ്ണിന് വിധിയില്ല.. ആരൊക്കെയോ ചേർന്ന് ജീവേട്ടന്റെ ശരീരം ഒരു സ്ട്രക്ചറിൽ എടുത്തു പൊക്കുന്നത് കണ്ടു.. അടുത്ത് നിന്ന ആരവ് ഡോക്ടറുടെ ഷർട്ടിന് തുമ്പിലായി പ്രതീക്ഷയോടെ നുള്ളിപ്പിടിച്ചു.. “ഡോക്ടറെ.. നിക്കൊന്നു കാണണമെന്നുണ്ട്.. ന്റെ ജീവേട്ടനെ കൊണ്ടുപോകുന്നത് കണ്ടോ.. ആ മുഖം നിക്കൊന്നു കാണണം ഡോക്ടറെ..” ജീവന്റെ മൃദദേഹം കിടത്തിയ സ്‌ട്രക്ചർ ആറുപേർ ചേർന്ന് താങ്ങിയെടുത്ത് വീടിന്റെ തെക്കേ വശത്തേക്ക് അവർക്ക്‌ മുന്നിലൂടെ കൊണ്ടുപോകുന്നത് കണ്ട് പെണ്ണ് പറഞ്ഞിട്ടും ആരവ് നിന്നയിടത്തു നിന്നും അനങ്ങിയില്ല..

“കൊണ്ട് പോവല്ലേന്ന് പറ ഡോക്ടറെ.. ഒറ്റ തവണ കണ്ടാൽ മതി നിക്ക്.. ഒന്ന് പറ ഡോക്ടറെ..” പെണ്ണ് കെഞ്ചി.. ആരവ് ഒന്നും ചെയ്യുവാനാകാതെ തല താഴ്ത്തി. ഡോക്ടറോട് പറഞ്ഞിട്ട് ഇനി കാര്യമില്ലെന്ന് കരുതിയാണ് പെണ്ണ് തെക്കേ വശത്തേക്ക് ഓടിപ്പോകാൻ തുടങ്ങിയത്.. ഏട്ടൻ… ജീവേട്ടൻ.. ചുണ്ടുകൾ വിറയലോടെ മന്ത്രിച്ചു.. പക്ഷെ അവിടേക്ക് ഓടിയടുക്കുന്നതിന് തൊട്ടു മുൻപ് ജീവേട്ടന്റെ അമ്മ തടസമായി മുന്നിൽ വന്നു നിന്നു. “അമ്മേ.. ഒറ്റ തവണ മതിയമ്മേ.. പ്ലീസ് അമ്മേ… അത്രയും ദൂരത്ത് ഇന്നും ഇവിടെ വരെ പിടഞ്ഞോടിയെത്തിയിട്ട് ന്നെ ഒന്ന് കാണാൻ സമ്മതിക്കാതിരിക്കല്ലേ..

ന്നോട് ഇത്തിരി കരുണ കാട്ടിക്കൂടെ.. ഒറ്റ തവണ.. ദൂരെ നിന്ന് ആ മുഖമൊന്ന് നിക്ക് കാണിച്ചു തന്നാൽ മതി… ഒറ്റ നോട്ടം നോക്കിയിട്ട് ഞാനിവിടെ നിന്ന് ഓടിപ്പോയ്ക്കോളാം..” പെണ്ണ് കരച്ചിലോടെ കെഞ്ചിനോക്കി.. അമ്മ മറുപടിയൊന്നും പറയാത്തത് കൊണ്ടും ഇനിയും നിന്നാൽ വൈകിപ്പോകുമെന്നും ഓർത്താണ് അമ്മയെ വകവെക്കാതെ ഓടാൻ തുടങ്ങിയത്.. പക്ഷെ ഡ്രെസ്സിന്റെ തുമ്പത്ത് അമ്മ പിടിമുറുക്കിക്കൊണ്ട് പിന്നിലേക്ക് വലിച്ചു തള്ളിയിട്ടു.. ആരവ് ഡോക്ടർ പാഞ്ഞോടിവന്ന് പെണ്ണിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തിളച്ചുവന്ന ദേഷ്യത്തോടെ മുഷ്ടി ചുരുട്ടിക്കൊണ്ട് അമ്മയെ നോക്കി..

എഴുന്നേൽപ്പിക്കാൻ രണ്ടാമതൊരാളു കൂടി വന്നപ്പോഴാണ് ആ മുഖത്തേക്ക്‌ ശ്രദ്ധിച്ചു നോക്കുന്നത്.. അത് ദേവൂട്ടിയായിരുന്നു.. എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.. ദേവൂട്ടിയുടെ കയ്യിൽ രണ്ടു കയ്കളും ചേർത്ത് വച്ചു കെഞ്ചി.. “നിക്കൊന്നു കാണിച്ചു തരാൻ പറയോ ദേവൂട്ടീ..” ദേവൂട്ടിയുടെ കണ്ണുകളും നിറഞ്ഞു പോയി.. “കണ്ടോട്ടെ അമ്മേ.. ഇവളെന്ത്‌ പിഴച്ചു.. ഒക്കെ എന്റെ തെറ്റാ.. ഞാൻ തിരിച്ചു വരരുതായിരുന്നു..” ദേവൂട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു.. അമ്മയ്ക്ക് കോപമിരട്ടിച്ചു.. അമ്മ വന്ന് താഴെയിരുന്ന പെണ്ണിനെ എഴുന്നേൽപ്പിച്ചു നിർത്തിയപ്പോൾ ജീവേട്ടനെ കാണിക്കാനാകുമെന്നു പ്രതീക്ഷിച്ചു..

പക്ഷെ അമ്മ കൈ പിടിച്ചു നടത്തി വീട്ടു മുറ്റം കടന്നു പുറത്തേക്കാക്കി.. “ഒന്ന് കണ്ടോട്ടെ അമ്മേ..” പെണ്ണ് പിന്നെയും അപേക്ഷിച്ചുകൊണ്ട് അമ്മയുടെ പിന്നാലെ കൂടിയപ്പോൾ അമ്മ നിലത്തു നിന്നും മണ്ണ് വാരിയെടുത്ത് അതിൽ തുപ്പിയിട്ട് പെണ്ണിന് നേരെയെറിഞ്ഞു. ആരവ് വേഗമവളുടെ മുന്നിലൊരു കവചം പോലെ നിന്നു. മണൽത്തരികൾ ആരവിന്റെ പുറത്തേക്ക് പതിച്ചു.. അവർക്ക്‌ മുന്നിൽ ആ വീടിന്റെ പ്രവേശന വാതിൽ കൊട്ടിയടക്കപ്പെട്ടു……തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 18

Share this story