മഹാദേവൻ: ഭാഗം 7

മഹാദേവൻ: ഭാഗം 7

എഴുത്തുകാരി: നിഹാരിക

“”ഇന്ന് മുതൽ മോള് മഹീടെ മുറിയിൽ കിടക്കണം…. പിന്നെ ഈ അടുത്തുള്ളോരെ ഒക്കെ വിളിച്ച് കൂട്ടി ഒരു സദ്യ കൊടുക്കണം… ഈ വൃദ്ധയെ കരുതി, ഉള്ളിൽ നിന്നെ മാത്രം ഓർത്ത് പൊലിഞ്ഞ രണ്ട് ജീവനെ കരുതി ൻ്റെ കുട്ടി സമ്മതിക്കില്ലേ?” ഒരു ഞെട്ടലോടെ എല്ലാം ദ്യുതി കേട്ടിരുന്നു….. എന്തു പറയണം എന്നറിയില്ലായിരുന്നു …. മനസിൻ്റെ മരവിപ്പ് ശരീരത്തിലും പരക്കുന്നത് പോലെ ദയനീയമായി അവൾ അമ്മൂമ്മയെ നോക്കി……. “എനിക്ക്, എനിക്കയാളെ, അങ്ങനെ കാണാൻ വയ്യ ” പെട്ടെന്ന് അമ്മൂമ്മ അവളുടെ കൈയ്യും പിടിച്ച് തെക്കേ തൊടിയിലേക്ക് നടന്നു, തൃസന്ധ്യക്ക് വച്ച തിരി അണയാതെ ആടിയുലഞ്ഞ് കത്തുന്നുണ്ടായിരുന്നു,

അച്ഛൻ്റെ അസ്ഥിത്തറയുടെ അടുത്തേക്ക് അവളെ പിടിച്ച് തള്ളി അമ്മുമ്മ , “ജീവിച്ച് കൊതിതീരാണ്ടാ ൻ്റെ മോള് പോയേ..ഇക്ക് ബലിയിടേണ്ടവളാ, അവൾടെ ചിത കത്തുന്നത് കാണാനാ ദൈവങ്ങൾ വിധിച്ചേ… അപ്പഴും ചിന്തിച്ചു നീയുണ്ടല്ലോ? നിന്നെ തന്നിട്ടല്ലേ അവള് പോയേന്ന്, പതിനാറിൻ്റെ അന്ന് നിന്നെയും കൂട്ടി പോയി രവി, ഉള്ള് പിടഞിട്ടാണെങ്കിലും സമ്മതിച്ചു… മരിച്ച് തലക്ക് മുകളിൽ നിൽക്കുന്നുണ്ട്. അവൻ… ഇനി നീ പറ അവസാനമായി അവൻ ആഗ്രഹിച്ചത് നടക്കില്ലേ??”

വല്ലാത്ത അവസ്ഥയിലായി ദ്യുതി, ഉലഞ്ഞ് കത്തുന്ന വിളക്ക് പോലും അമ്മൂമ്മയോടൊപ്പം അവളുടെ മറുപടി കേൾക്കാൻ കാതോർക്കുന്നത് പോലെ തോന്നി, “നിക്ക് ….. നിക്ക് സമ്മതാ.. !” ആർത്ത് വന്ന കരച്ചിലിനെ തൊണ്ടക്കുഴിയിൽ നിർത്തി, ജെയിനിൻ്റെ ഓർമ്മകളെ മനപ്പൂർവ്വം മാറ്റി നിർത്തി അവൾ പറഞ്ഞു, ശാന്തയായി അമ്മൂമ്മ അവളെ ചേർത്ത് നിർത്തി, കരച്ചിലോടെ മുടിയിൽ തഴുകി പറഞ്ഞു, ഭാഗ്യം കെട്ടവളാ ഈ വൃദ്ധ മൂന്നെണ്ണത്തിനെ പെറ്റു… ഒരുത്തി നേരത്തെ പോയി, പിന്നെ വായ്ക്കരി ഇടേണ്ട മോനും പോയി, ൻ്റ മാധവൻ,….. മഹിയെയുo മീര മോളെയും തന്നിട്ട്…. ഇനി ആകെ ള്ളത് ബാലനാ…

അവൻ്റെ അടുത്തേക്ക് പോവാ ഞാൻ…. അവനെ എങ്കിലും കണ്ട് കൊണ്ട് ജീവിക്കണം എനിക്ക്, ദൈവത്തിന് കനിവ് തോന്നുന്നിടം വരെ എങ്കിലും…. അമ്മൂമ്മ നേര്യേതീൻ തുമ്പാലെ കണ്ണ് തുടച്ച് അവിടെ നിന്ന്‌ വേച്ച് വേച്ച് പോയി, എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു, ജീവിതം തന്റെ കൈപ്പിടിയിൽ നിന്നും ചോർന്നൊഴുകി പോയിരിക്കുന്നു ഒരു പാട് ദൂരേക്ക്….. ബാൽക്കണിയിൽ, അരമതിലിൽ കയ്യൂന്നി, ഒരാൾ എല്ലാം കണ്ട് നിന്നിരുന്നു അപ്പോഴെല്ലാം, അസ്വസ്ഥനായി ””” ❤❤

ഊണ് കഴിക്കാൻ വിളിച്ചെങ്കിലും പോവാതെ റൂമിൽ തന്നെ ഒതുങ്ങി ദ്യുതി, നേരം ഒൻപതോടടുത്തിരിക്കുന്നു…. നേരം പോകുന്തോറും ഉള്ളിലെ ആധിയും കൂടി വന്നു…. കാരണം ഒന്നു മാത്രമായിരുന്നു, “”” മഹാദേവൻ പണ്ട് തൊട്ടേ തന്നെ പൂർണ്ണമായും അവഗണിച്ചവൻ … അവർ ക്രിക്കറ്റ് കളിക്കുമ്പോൾ കൊതിയോടെ നോക്കി നിന്നു പണ്ടൊരു കുഞ്ഞിപ്പെണ്ണ്’… “കളിക്കാണ്ടോ?” എന്ന അവൻ്റെ ചോദ്യത്തിന് ചിരിച്ച് തലയാട്ടി, “ഫീൽഡ് ചെയ്തോ!” എന്ന നിർദേശത്തിന് ചോദ്യഭാവത്തിൽ അവൻ്റെ മുഖത്തേക്ക് നോക്കി,

“അതേ ബാറ്റ് ചെയ്യുമ്പോ ഇങ്ങോട്ടൊക്കെ ബോൾ വരും അത് എടുത്ത് തരുന്ന ആള് ” മഹിയേട്ടൻ അത് പറഞ്ഞപ്പോൾ കുഞ്ഞിപ്പെണ്ണ് സന്തോഷത്തോടെ തലയാട്ടി.. കളിക്കാൻ കൂട്ടിയതിനേക്കാൾ അവരുടെ കൂട്ടത്തിലേക്ക് തന്നെയും പരിഗണിച്ചതിൻ്റെ സന്തോഷമായിരുന്നു അവൾക്ക്… കൂടപ്പിറപ്പില്ലാതെ, കൂട്ടില്ലാതെ ഒറ്റപ്പെട്ട് മടുത്തവളുടെ സന്തോഷം, വേഗത്തിൽ നെഞ്ചിൽ വന്ന് തട്ടിയ പന്തിനെ വേഗം എടുത്ത് എറിഞ്ഞു കൊടുത്തു അവൾ, മിഴി നിറച്ച തന്റെ വേദനയെ ആരും കാണാതെ അമർത്തി തുടച്ച്…. ഒടുവിൽ അവളുടെ ഊഴം വന്നപ്പോൾ ചിരിച്ച് ഓടിച്ചെന്നു മഹിയേട്ടൻ്റെ അടുത്തേക്ക്….

ബാറ്റിനായി കൈ നീട്ടി, ” ആ കളി കഴിഞ്ഞു നീ പൊക്കോ! എന്നും പറഞ്ഞ് മീരയേയും കൂട്ടിപ്പിടിച്ച് പോകുന്നവനെ മിഴി നിറച്ച് കാഴ്ച മങ്ങി നോക്കി…. നിസഹായ ആണെന്ന ബോധ്യത്തിൽ ദേഷ്യമായി അവൾക്ക്…. ഇപ്പഴുമുണ്ട് ആ ദേഷ്യങ്ങളൊക്കെ പലപ്പോഴായി തന്നെ വേദനിപ്പിച്ച തൊക്കെ ഓർത്ത്, കൂട്ടി വച്ചിരുന്നു, എല്ലാം കൂടി കാണുന്ന തേ വെറുപ്പാണ് അയാളെ ….. എന്തിനാ എൻ്റെ മനസറിയാതെ അച്ഛനെന്താ ഇങ്ങനെ ഒരു തീരുമാനം എടുത്തേ..? അയാൾക്ക് എന്നെയുo എനിക്കയാളെയും അംഗീകരിക്കാനാവില്ല…. “ദ്യുതി മോളെ ” പെട്ടെന്ന് ഓർമ്മയിൽ നിന്നുണർന്ന് തിരിഞ്ഞ് നോക്കി, മീരയാണ്….

കറുപ്പ് കരയുള്ള ഒരു സെറ്റ് മുണ്ട് കയ്യിൽ ഉണ്ട് അതിനു മുകളിലായി അമ്മൂമ്മയുടെ ആമാടപ്പെട്ടിയും…. “ഗോവണി കയറി വരാൻ പറ്റാത്ത തോണ്ട് എൻ്റെ കയ്യിൽ തന്ന് വിട്ടതാ അച്ഛമ്മ! ഇതൊക്കെ ഒന്നണിഞ് നിൽക്കാൻ പറഞ്ഞു മോളോട് ….. ” ദേഷ്യത്തോടെ തല തിരിച്ചു ദ്യുതി….. ” ഞാ… ഞാൻ ചുറ്റിത്തരട്ടെ ” കൈ പിടിച്ച് പ്രതീക്ഷയോടെ ചോദിച്ച മീരയെ നോക്കി ദ്യുതി പൊട്ടിത്തെറിച്ചു ,… “ഹാ! വേഷം കെട്ടിക്ക്! എന്തിനും തയ്യാറായാ ദ്യുതി നിക്കണേ….. എന്ത് വേഷോം കെട്ടിക്കോളാം പറഞ്ഞാ മതി.” ചിരിയോടെ അടുത്തേക്ക് വന്ന് ബ്ലൗസ് കയ്യിൽ വച്ച് കൊടുത്ത് മാറ്റാൻ വേണ്ടി പറഞ്ഞു,

ഒരു പാവ കണക്കെ ദ്യുതി അനുസരിച്ചു, സെറ്റുമുണ്ട് ചുറ്റിച്ച്, മുടി പിന്നിയിട്ടുകൊടുത്തു…. ദേവിയുടെ മുടി ദ്യുതിമോൾക്ക് അങ്ങനെ കിട്ടീട്ട്ണ്ട് എന്ന് അച്ഛമ്മ പറയുന്നത് ശരിയാണെന്ന് മീരക്ക് തോന്നി, എത്ര മോഡേൺ ആയിട്ടും വെട്ടാതെ നിർത്തിയിട്ടുള്ള ഇടതൂർന്ന മുടി, മുട്ടിനൊപ്പം ഉണ്ട്, അതിൻ്റെ മുകളിൽ മുല്ലപ്പൂ ചൂടിക്കുമ്പോഴും മീര മുന്നിലെ കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിബിംബത്തിലേക്ക് നോക്കി…. കണ്ണുകൾ ഇറുക്കി അടച്ച് നിൽക്കുകയായിരുന്നു അവൾ…..

രണ്ടു കവിളിനേയും നനയിച്ച് കണ്ണുനീർ ചാലിട്ടിരിക്കുന്നു, ആ മാടപ്പെട്ടിയിലെ പച്ച പാലക്കാ മാല അവളുടെ കഴുത്തിൽ ഇട്ടു കൊടുക്കുമ്പോൾ, കഴുത്തിൽ വസ്ത്രത്തിനുളളിലായി കിടന്ന താലിയും അതിനോടൊപ്പം തന്നെ വെളിയിലേക്ക് എല്ലാവർക്കും കാണാവുന്ന രീതിയിൽ ഇട്ടു കൊടുത്തു മീര… ഒന്നും നോക്കാതെ ഇപ്പഴും പാവ കണക്കെ നിൽക്കുന്നവൾക്ക് ഒരു പൊട്ടും തൊട്ട് കൊടുത്തു, “അച്ഛമ്മ താഴേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ….” അത് കേട്ട് തലയാട്ടുന്നവളെ ഒന്ന് നോക്കി മീര താഴേക്ക് പോയി….. ❤❤❤

മെല്ലെ ഫോണെടുത്തു ദ്യുതി, ഗാലറിയിൽ നോക്കിപ്പോൾ കണ്ടു ജെയ്നിൻ്റെ ചിരിച്ചു നിൽക്കുന്ന പടം… “സോറി….. സോറി ജെയ്ൻ, തന്റെ ദ്യുതിയുടെ മരണമാണിവിടെ, ബൈ ” ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, സിം എടുത്ത് രണ്ടായി മടക്കി ഒടിച്ചു…. ഇതിലേക്ക് എനിക്കായി വിളിക്കാൻ .. എൻ്റെ കാര്യങ്ങൾ അറിയാൻ ഇനി ആരും തന്നെ ഇല്ല!….. ആരും തന്നെ !! മിഴികൾ നിറഞ്ഞില്ല… പകരം നിസ്സംഗതയായിരുന്നു….. ഒന്നിനും കഴിയാത്തവളുടെ നിസംഗത ….. അവൾ താഴേക്ക് നടന്നു, ❤❤

” ങ്ങട് വരാ കുട്ട്യേ…..!!” വിടർന്ന മിഴികളാലെ അമ്മൂമ്മ വാതിൽക്കൽ നിൽക്കുന്ന ദ്യുതിയെ കണ്ട് പറഞ്ഞു, ശരിക്കും ഐശ്വര്യം തുളുമ്പുന്ന മുഖം, താടിയിലെ മറുക് തെളിഞ്ഞ് കാണുന്നുണ്ടായിരുന്നു, ദ്യുതിയുടെ ഭംഗിയെ വർദ്ധിപ്പിച്ചു കൊണ്ട്, “ദേവിയേക്കാൾ സുന്ദരിയാ ൻ്റെ കുട്ടി, ൻ്റെ കണ്ണന്നെ തട്ട്വോ…. ഈശ്വരാ ” ഇത്തിരി കൺമഷി എടുത്ത് ചെവിക്ക് താഴെയായി ഒന്നു തൊട്ടു കൊടുത്തു അവർ, നെറുകിൽ ചുണ്ടുചേർത്തു… ” ദേവകീ ” നീട്ടി വിളിച്ചപ്പോൾ കണ്ടു കയ്യിൽ ഒരു പാൽ ഗ്ലാസുമായി അമ്മായിയെ… ” ഇത് മേടിച്ചോളൂ കുട്ട്യേ…ചടങ്ങൊന്നും തെറ്റിക്കണ്ട…. ” ഗ്ലാസ് യാന്ത്രികമായി വാങ്ങി അവൾ, മുത്തശ്ശി കണ്ണ് കൊണ്ട് കാട്ടിയതനുസരിച്ച് മീര അവളെ മഹിയുടെ മുറി വരെ അനുഗമിച്ചു,

ചാരിയിട്ടിരിക്കുകയായിരുന്നു വാതിൽ മെല്ലെ തളളി തുറന്ന് അവളെ അകത്തേക്ക് കയറ്റി, അകത്തേക്ക് കയറിയതും പുറകിൽ ശബ്ദത്തോടെ വാതിലടഞ്ഞത് കേട്ട് ഒന്ന് ഞെട്ടി നോക്കിയപ്പോൾ കണ്ടു, ബാത്ത് റൂമിൽ നിന്നും കുളി കഴിഞ്ഞ് നോർത്ത് പുതച്ച് അതിൻ്റെ ഒരറ്റം കൊണ്ട് തല തുവർത്തി പുറത്തേക്കിറങ്ങിയ മഹിയെ.. വേഗം അവൾ ദൃഷ്ടി മാറ്റി….. അവളെ കണ്ട് അതേ പോലെ ഷോക്കിൽ നിൽക്കുകയായിരുന്നു മഹിയും, സെറ്റുമുണ്ടിൽ നിൽക്കുന്നവളെ കണ്ണിമ ചിമ്മാതെ നോക്കി മഹി, ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ….. അത്രയ്ക്ക് നേർത്ത… ആർക്കും വേർതിരിച്ചെടുക്കാനാവാത്ത ഒരു പുഞ്ചിരി…. (തുടരും)

മഹാദേവൻ: ഭാഗം 6

Share this story