അറിയാതെൻ ജീവനിൽ: ഭാഗം 20

അറിയാതെൻ ജീവനിൽ: ഭാഗം 20

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

ആരവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പെണ്ണ് വാവിട്ടു കരഞ്ഞു.. എന്ത് പറഞ്ഞാണ് തന്റെ മാറിൽ കിടന്നു കരയുന്ന പെണ്ണിനെ ആശ്വസിപ്പിക്കുകയെന്നറിയാതെ ആരവ് അവളെ ചേർത്ത് പിടിച്ചു.. “ജുവലേ.. നമ്മളിനി ഇവിടെ നിക്കുന്നതിൽ ഒരർത്ഥവുമില്ല..” ആരവ് പറഞ്ഞപ്പോഴാണ് പെണ്ണ് അവനിൽ നിന്നും അടർന്നു മാറി നിന്നത്.. “ന.. നമുക്ക് തിരിച്ചും പോകാം..” കണ്ണീര് തുടച്ചു വിക്കി വിക്കി പറഞ്ഞുകൊണ്ട് പെണ്ണ് കാറിനു നേരെ നടന്നടുത്തു.. പിന്നാലെ ആരവും.. കാറിൽ കയറുന്നതിന് തൊട്ട് മുൻപ് ഒരിക്കൽ കൂടി ആ തറവാട്ടു വീടിനെ നോക്കി.. കണ്ണ് പിന്നെയും നിറഞ്ഞു.. “ഒരിക്കൽ പോലും നിക്കൊന്നു കാണാൻ പറ്റീലാല്ലോ ജീവേട്ടാ..”

കണ്ണു പൊത്തി കരഞ്ഞു തുടങ്ങിയപ്പോൾ കാറിൽ കയറിയിരുന്ന ആരവാണ് പുറത്തിറങ്ങി വന്ന് അവളെ കാറിൽ കയറ്റിയിരുത്തിയത്. പെണ്ണൊന്നും മിണ്ടിയില്ല.. കണ്ണുകൾ നിർജീവമായി തോന്നി.. മരണപ്പെട്ടയൊരു ശരീരത്തെയാണ് താൻ കാറിൽ കൊണ്ടുപോകുന്നതെന്ന് ആരവിന് തോന്നി.. വീട്ടിലേക്ക് തിരിച്ചു പോകുന്ന യാത്രയിൽ പെണ്ണിന്റെ കണ്ണ് നിറഞ്ഞൊഴുകിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല.. “ജുവലേ…” ഏറെ നേരം മിണ്ടാതിരുന്ന് ഡ്രൈവ് ചെയ്യുന്നത് വളരെ അരോചകമായി തോന്നിയപ്പോഴാണ് യാത്രക്കിടക്ക് വച്ചു കാർ ഒതുക്കി നിർത്തിയത്. വിളിച്ചപ്പോ പതിയെ മുഖത്തേക്ക് നോക്കി.. പെണ്ണിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു..

“കഴിഞ്ഞത് കഴിഞ്ഞു.. ഇനിയും അതോർത്തിരുന്നിട്ട് ഒരു പ്രജോയജനവുമില്ല..” ആരവ് പെണ്ണിന്റെ തോളിൽ കൈവച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചു.. “നിക്ക് ഒന്നും മറക്കാൻ പറ്റില്ല ഡോക്ടറെ.. ഒരിക്കലും പറ്റില്ല.. ന്നെ ഒന്ന് കൊല്ലാവോ ഡോക്ടറെ.. നിക്കിനി ജീവിക്കണമെന്നില്ല…” കരഞ്ഞുകൊണ്ട് പറഞ്ഞയുടനെ ആരവിന്റെ കണ്ണുകളും നിറഞ്ഞു.. “ഇങ്ങോട്ട് നോക്ക്.. എന്റെ മുഖത്തേക്ക് നോക്ക്..” ആരവ് പറഞ്ഞു നിർത്തിയ ശേഷം കരഞ്ഞുകൊണ്ടിരുന്നവളുടെ മുഖം കയ്യിലെടുത്ത് തനിക്ക് നേരെ നിർത്തി.. “പ്രണയിച്ചവരിൽ ഒരാൾ ഈ ലോകം വിട്ടു പോയാൽ മറ്റെയാൾ ആ പോയവനെ ഓർത്ത് ജീവിതകാലം മുഴുവൻ ജീവിക്കുന്നുവെന്ന് നമ്മൾ വായിക്കുന്ന കഥകളിലും കാണുന്ന സിനിമകളിലുമെല്ലാം ചിത്രീകരിക്കുന്നതുകൊണ്ടാണ് നിനക്കിപ്പോ ഇങ്ങനെ തോന്നുന്നത്..

കാണുന്ന ഓരോ സിനിമകളിലും വായിക്കുന്ന ഓരോ പ്രണയകഥകളിലും നായകനോ നായികയോ മരിച്ചാൽ കഥയവിടെ അവസാനിക്കുന്നു.. ജീവിച്ചിരിക്കുന്നയാൾ എങ്ങനെ ജീവിച്ചു എന്ന് ആരും പറയുന്നില്ല.. പക്ഷെ അതല്ല യാഥാർഥ്യം.. പ്രണയിച്ചയാൾ മരണപ്പെട്ടാൽ മറ്റേയാൾക്കും ഒരു ജീവിതമുണ്ട്.. പറയാനാനൊരു കഥയുണ്ട്.. ആ കഥയിൽ ഇനിയുമൊരുപാട് പ്രണയവും ഉണ്ടായെന്നു വരാം.. ജീവൻ മരിച്ചുവെന്ന് കരുതി നിന്റെ കഥ ഇവിടെ തീരുന്നില്ല.. നിനക്കിനിയും ജീവിതമുണ്ട്.. ഏതൊരു മുറിവും ഒരിക്കൽ ഉണങ്ങുക തന്നെ ചെയ്യും.. അതുണങ്ങിയാൽ നിന്നെ കാത്ത് സുന്ദരമായൊരു ലോകമുണ്ട്.. നാളെ നിന്റെ കഥ നീ മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്കും ഇതൊരു പ്രചോദനമാകും..

ലവ് ആൻഡ് ലൈഫ് ഈസ്‌ ദേർ ആഫ്റ്റർ ലവ് ഫെയ്‌ല്യർ.. ഒന്നാലോചിച്ചു നോക്ക്.. നിന്റെ കഥ തുടങ്ങുന്നത് ഇവിടെയാണെങ്കിലോ?..’ ആരവ് ഡോക്ടർ പെണ്ണിന്റെ കണ്ണുകൾ തുടച്ചു.. അനുസരണയോടെയവൾ ഡോക്ടറെ നോക്കി നിന്നു.. “പക്ഷെ.. നിക്ക് മറക്കാൻ പറ്റണില്ല.. നെഞ്ചിന്റെ നോവ് സഹിക്കാൻ പറ്റാണ്ടേ മരിക്കാൻ തോന്നുന്നു ഡോക്ടറെ..” പെണ്ണ് തലതാഴ്ത്തി.. അവന്റെ മുട്ടുകയ്യിലേക്ക് പെണ്ണിന്റെ കണ്ണീരിറ്റി.. “ഈ നിമിഷവും കടന്നു പോകും പെണ്ണേ.. ഒരുപാട് സമയമെടുക്കുമായിരിക്കും.. പക്ഷെ.. പക്ഷെ ഒരിക്കൽ നീയിതു തരണം ചെയ്യുക തന്നെ ചെയ്യും.. ഈയൊരവസ്ഥയെ മറികടക്കാൻ നിന്നെക്കൊണ്ടായാൽ പിന്നേ നീയൊരിക്കലും തോറ്റു പോവില്ല..” ആരവ് അവളുടെ മെല്ലെ തലയിൽ തട്ടിയിട്ട് പറഞ്ഞു.. “നിക്ക്..

നിക്കൊന്നുറങ്ങണം ഡോക്ടറെ.. എല്ലാം മറന്നോട്.. കുറച്ചു നേരം..” പെണ്ണ് പറഞ്ഞു.. “ആ ഉറക്കമെഴുന്നേൽക്കുമ്പോൾ ജീവൻ എന്ന അധ്യായമൊരു സ്വപ്നം മാത്രമായിരുന്നെന്നു കരുതുവാൻ പറ്റുമോ തനിക്ക്?” ഇല്ലെന്ന് പതുക്കെ തലയാട്ടി.. “നിക്ക് മറക്കാൻ ഈയൊരു ജന്മം തികയില്ല ഡോക്ടറെ.. നിക്ക് മറക്കാൻ കഴിയില്ല.. ന്റെ നെഞ്ച് വല്ലാണ്ടെ നോവുന്നു.. ഈ പെണ്ണിന് സഹിക്കാൻ പറ്റുന്നില്ല.. കുറച്ചു നേരം എല്ലാ വേദനകളുടെയും ഭാരമിറക്കിവച്ച് ഞാനൊന്നുറങ്ങിക്കോട്ടെ..?” പെണ്ണ് ചോദിച്ചു.. “ഉറങ്ങിക്കോളൂ.. വീടെത്തുമ്പോ ഞാൻ വിളിക്കാം..” ആരവ് ഡോക്ടർ പുഞ്ചിരിച്ചു കാണിച്ചു.. പെണ്ണ് ഡോക്ടറുടെ തോളിൽ തലചായ്ച്ചപ്പോൾ ആരവിന് ഏറെ വിഷമം തോന്നി.

ഒരുകൈ അവളുടെ തോളിലിട്ട് തന്നോട് ചേർത്ത് പിടിച്ചുകൊണ്ടു മറുകൈകൊണ്ടവൻ ഡ്രൈവിംഗ് തുടർന്നു.. അവന്റെ തോളിലേക്ക് പെണ്ണിന്റെ കണ്ണീര് ഉരുണ്ട് വീണൊലിക്കുന്നത് അവനു മനസ്സിലാകുന്നുണ്ടായിരുന്നു.. കരഞ്ഞു തളർന്ന് പെണ്ണ് എപ്പോഴോ ഉറങ്ങിപ്പോയി.. വീടെത്തിയപ്പോൾ രാത്രി ഏറെ വൈകിയിരുന്നു.. അവരെയിരുവരെയും കാത്ത് വരാന്തയിൽ ചാച്ചൻ ഇരിപ്പുണ്ടായിരുന്നു. വീട്ടുമുറ്റത്തു കാർ നിർത്തി ആരവ് തന്നോട് ചേർന്ന് മയങ്ങുന്ന പെണ്ണിനെ ഒരു മാത്ര നോക്കി.. നല്ല ഉറക്കത്തിലാണ്.. വീടെത്തിയത് അവളറിഞ്ഞിട്ടില്ല.. “ജുവലേ..” പതുക്കെയവളുടെ കവിളിൽ തട്ടി വിളിച്ചു.. പെണ്ണ് കണ്ണു തുറന്ന് ചുറ്റിനും കണ്ണോടിച്ചു.. പെട്ടന്നെപ്പോഴോ ജീവനെ ഓർത്താകണം തല താണുപോയത്..

കണ്ണുകളിൽ കാർമേഘങ്ങൾ തിങ്ങി നിറഞ്ഞു.. പെണ്ണിന്റെ മടിയിലേക്ക് കണ്ണുനീരിറ്റി.. “അയ്യേ.. താൻ കരയുകയാണോ? ദേ നോക്ക്യേ, എത്ര വേദനയോടെയാണ് ചാച്ചനെവിടെ നിക്കുന്നതെന്ന്.. അവരെയും കൂടെ ഇനി വിഷമിപ്പിക്കണോ? പാവമല്ലേ അവരൊക്കെ..” ആരവ് ഡോക്ടർ വരാന്തയിലിരുന്ന ചാച്ചനെയും കാറിന്റെ ശബ്‌ദം കേട്ട് പുറത്തേക്കെത്തിയ അലീനചേച്ചിയെയും ചൂണ്ടിക്കാണിച്ചു.. “ഞാൻ കരയാണ്ടിരിക്കാൻ ശ്രമിക്കാം ഡോക്ടറെ.. പക്ഷെ.. ഈ പെണ്ണിന്റെ നെഞ്ച് കീറിപ്പോയിട്ടുണ്ട്.. ആ വേദനയിൽ ഈ പെണ്ണ് പുകഞ്ഞുപിടയുന്നുണ്ട്..” ഉണർത്തിച്ചുകൊണ്ട് മുഖം തുടച്ചു.. കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ചാച്ചൻ എഴുന്നേറ്റ് നിന്നത് കണ്ടു..

തല താഴ്ത്തി അകത്തേക്ക് ഒരൊറ്റ നടത്തമായിരുന്നു.. പിന്നാലെ ആരവ് ഡോക്ടർ വരുന്നുണ്ടെന്ന് തോന്നി.. വരാന്തയിൽ കയറി ആർക്കും മുഖം കൊടുക്കാതെ മുറിയിലേക്ക് കയറിപ്പോയി.. മുറിയിലെത്തി കതക് ലോക് ചെയ്തപ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നി.. തിരിഞ്ഞു നോക്കിയപ്പോൾ നാല് ചുവരുകളും ഫർണീച്ചറുകളും അലമാരിയുമെല്ലാം കോപത്തോടെ നോക്കുന്നുണ്ടെന്നു തോന്നി.. അവരിടത്തിലെ പ്രണയസാക്ഷികളായിരുന്നു അവരെല്ലാം.. അവനെ മരണത്തിന് വിട്ടു കൊടുത്തിട്ട് ജീവിച്ചിരിക്കാൻ നിനക്കെങ്ങനെ തോന്നി… അവരെല്ലാവരും ഈ ചോദ്യം തന്നോട് ആവർത്തിക്കുന്നത് പോലെ തോന്നി.. കതകിൽ ചാരി നിലത്തേക്കിരുന്നു പോയി..

കാതിലേക്ക് ആഴത്തിൽ കുത്തിയിറങ്ങുന്ന ആ ചോദ്യത്തെ പേടിച്ച് ചെവി രണ്ടും അമർത്തി പൊത്തി.. കണ്ണ് നിറഞ്ഞ് ചുറ്റുമുള്ളതിനെയെല്ലാം അവ്യക്തമാക്കി.. ചോദ്യത്തിന്റെ മൂർച്ച കൂടിവന്നു.. പൊത്തിവച്ച കായ്കൾക്കിടയിലൂടെ ഒരു തുരങ്കമുണ്ടാക്കി അവ ചെവിയിലേക്ക് കുത്തിത്തുളച്ചിറങ്ങി… കണ്ണുകളിറുക്കിയടച്ചു പെണ്ണ് തേങ്ങിക്കരയാൻ തുടങ്ങി.. “ന്നെ കൂടെ കൊണ്ടോവായിരുന്നില്ലേ ജീവേട്ടാ…” മനസ്സിന്റെ തൂവലിന് തീ പിടിച്ചു.. പിന്നെയും പിന്നെയും ആവർത്തിച്ചു.. “ന്നെ കൂടെ കൊണ്ടോവായിരുന്നില്ലേ ജീവേട്ടാ…” കരഞ്ഞുകൊണ്ടെണീറ്റ് ടേബിളിലെ ഫോൺ കയ്യിലെടുത്തു.. ജീവേട്ടനെ കാണാൻ പോയപ്പോ ഫോൺ കൂടെ കൊണ്ടുപോകാഞ്ഞത് മനപ്പൂർവ്വമാണ്..

ഇന്ന് ജീവേട്ടൻ മെസേജ് അയച്ചില്ലേയെന്ന് ആരോ കാതിൽ ഓതി തരുന്നത് പോലെ തോന്നി.. ആ ഒരു പ്രതീക്ഷയിലാണ് വാട്സ്ആപ്പ് തുറന്നു നോക്കിയത്.. പ്രതീക്ഷ പിന്നെയും മുറിഞ്ഞു പോയി.. ജീവേട്ടന് താനയച്ച മെസേജുകൾ ഇപ്പോഴും സീൻ ആവാതെ കിടക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയി.. നിന്റെ ജീവേട്ടൻ മരിച്ചുപോയി.. ല്ലേ? ആരോ കാതിൽ വന്ന് മൂളിയപ്പോൾ മനസ്സൊന്നു പിടഞ്ഞുപോയി.. കണ്ണീര് രാവിലെ മുതൽ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.. ഒരുതവണ അവനോടിത്തിരി ദയവ് നീ കാണിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ നിമിഷം വ്യത്യസ്തമായേനെ..

പിന്നെയുമാരോ കാതിൽ ചൊല്ലിയിട്ട് ഓടിമറഞ്ഞതായി തോന്നി. ഇതേസമയം ആരവ് താഴെ എല്ലാവരോടും നടന്ന കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.. കേട്ടുനിന്നവരുടെ കണ്ണ് നിറഞ്ഞുപോയി.. “എല്ലാം തകർന്നിട്ടാ അവള് കേറിപ്പോയത്.. അവളെ നമുക്ക് മാറ്റിയെടുക്കാനായില്ലെങ്കിൽ പിന്നെയവൾ കൈവിട്ടു പോകും..” ആരവ് തലതാഴ്ത്തിക്കൊണ്ട് നിരാശയോടെ പറഞ്ഞു.. പെണ്ണിന്റെ കണ്ണിലേക്ക് ജീവേട്ടന്റെ പ്രൊഫൈൽ പിക്ച്ചർ ഉടക്കി.. മരിച്ചു പോയവന്റെ പ്രൊഫൈൽ ചിത്രത്തിലേക്ക് പെണ്ണ് കലങ്ങിയ കണ്ണുകളോടെ നോക്കി നിന്നു.. “ഈ പൊട്ടിപ്പെണ്ണിനെ സ്നേഹിച്ചതോണ്ടല്ലേ…” ജീവേട്ടന്റെ കണ്ണുകളിലേക്ക് നോക്കി പറയുമ്പോൾ വാക്കുകൾ വിങ്ങിപ്പൊട്ടി..

ഏറെ നേരം ജീവേട്ടന്റെ ചിത്രത്തിലേക്ക് നോക്കി നിൽക്കുവാൻ കഴിഞ്ഞില്ല.. ഇനിയും നോക്കി നിന്നാൽ തനിക്ക് സ്വയം തന്നെ നഷ്ടപ്പെടുമെന്ന് തോന്നി… പെട്ടന്നാണ് ദിയയുടെ കോൾ വന്നത്.. ഏറെ പൊള്ളിച്ചതും പൊള്ളലിന്റെ ചൂടിൽ കയ്യിൽ നിന്നും ഫോൺ വലിച്ചെറിഞ്ഞതും ജീവേട്ടന്റെ പാട്ട് റിങ് ടോണിൽ കേട്ടപ്പോഴാണ്… ‘കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ? മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ? അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ? നിനവുകളെഴുതിയതാരേ? അവളെ തരളിതയാക്കിയതാരേ?…’

ദൂരേക്ക് വലിച്ചെറിഞ്ഞിട്ടും പാട്ട് നിന്നില്ല.. പെണ്ണ് വല്ലാതെ തളർന്നു പോയി.. ദേഷ്യത്തോടെ താഴെ കുമ്പിട്ടു ഫോണെടുത്ത് പിന്നെയും ശക്തിയായെറിഞ്ഞു.. ചില്ലുകളും മറ്റും പലയിടത്തേക്കായി തെറിച്ചു.. കാലുകൊണ്ട് ചവിട്ടി പൊളിച്ചു.. പക്ഷെ പാട്ടു മാത്രം നിന്നില്ല… “ആരെങ്കിലും വന്ന് ഇതൊന്ന് തല്ലിപ്പൊളിക്കുമോ….?” ഉറക്കെയലറി… മുടിയിഴകളിൽ കൈകൾ ഇറുക്കി ചെവികൾ മുറുക്കി പൊത്തി ഭ്രാന്തിയെ പോലെ ആർത്തു……….തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 19

Share this story