സമാഗമം: ഭാഗം 3

സമാഗമം: ഭാഗം 3

എഴുത്തുകാരി: അനില സനൽ അനുരാധ

ഹേമന്ദ് മുറിയിലേക്ക് വരുന്നതും കിടന്നതും ലൈറ്റ് ഓഫ് ചെയ്യുന്നതും എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു… രാത്രിയിൽ എപ്പോഴോ അവൻ വലതു കയ്യാൽ അവളെ ചുറ്റിപ്പിടിച്ച് അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തു വെച്ചു കിടന്നു… അവന്റെ നിശ്വാസത്തിന്റെ കാറ്റേറ്റ് നിദ്രാദേവി കടാക്ഷിക്കുന്നതും കാത്ത് മീര കിടന്നു. ഹേമന്ദ് ഉണരുമ്പോൾ മീര നല്ല ഉറക്കത്തിൽ ആയിരുന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച ശേഷം അവൻ എഴുന്നേറ്റു പോയി… മീര പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടന്നു… മുഖത്ത് വെള്ളം വീണപ്പോഴാണ് അവൾ മിഴികൾ ചിമ്മി ഞെട്ടലോടെ ഉണർന്നത്. അവൾ ഒരു പിടച്ചിലോടെ എഴുന്നേറ്റിരുന്നു…..

അവളെ നോക്കി പുഞ്ചിരിയോടെ ഹേമന്ദ് നിൽക്കുന്നുണ്ടായിരുന്നു… “എന്തു ഉറക്കം ആണെടോ? ” “ഞാൻ അറിഞ്ഞില്ല… ” എന്നു പറഞ്ഞ് തെറ്റു ചെയ്ത ഒരു കുട്ടിയെ പോലെ മുഖം കുനിച്ച് എഴുന്നേറ്റു നിന്നു… അവൻ ചൂണ്ടു വിരലാൽ അവളുടെ മുഖം ഉയർത്തി… “പോയി ഫ്രഷ്‌ ആയിട്ട് വാ… എന്നിട്ട് നമുക്ക് ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കാം… ” എന്നും പറഞ്ഞ് അവൻ ഫോണും എടുത്ത് ബെഡിലേക്ക് ചാഞ്ഞു… അവൾ ഫ്രഷ്‌ ആയി വരുമ്പോഴും അവൻ ബെഡിൽ കിടന്ന് ഫോണിൽ എന്തോ നോക്കുന്നുണ്ടായിരുന്നു. മീര മുടിയിലെ വെള്ളം തോർത്തിയ ശേഷം മുടി കുളിപിന്നൽ ഇട്ടു… നെറ്റിയിൽ സിന്ദൂരം ചാർത്തുമ്പോൾ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച കൈകളിലേക്ക് അവൾ ഞെട്ടലോടെ നോക്കി…

അവളുടെ തോളിൽ മുഖം ഉരസിയ ശേഷം അവളെ പിടിച്ചു അവനു അഭിമുഖമായി നിർത്തി. അവളുടെ ഇടതു കയ്യിൽ ഇരുന്ന സിന്ദൂരച്ചെപ്പ് വാങ്ങി അവളുടെ നെറ്റിയിൽ ഒരു വട്ടപ്പൊട്ട് തൊട്ടു കൊടുത്തു… “സുന്ദരി ആയല്ലോ പെണ്ണേ? ” അവൻ കുസൃതിയോടെ പറഞ്ഞതും അവൾ മിഴികൾ താഴ്ത്തി. നെറ്റിയിൽ അവന്റെ അധരങ്ങൾ പതിഞ്ഞതും ഒരടി പിന്നിലേക്ക് മാറി… അവൻ അവളെ പിടിച്ചു കരവലയത്തിലാക്കി. “മീരാ…. ” അവന്റെ പതിഞ്ഞ സ്വരം കാതിൽ പതിഞ്ഞതും അവളുടെ തൊണ്ട വരണ്ടു പോയി… അവന്റെ മുഖം കുനിഞ്ഞു വന്നു… ഇരുവരുടെയും നിശ്വാസം ഒന്നായി കൊണ്ടിരുന്നു…

അവൻ മുഖം ഉയർത്തുമ്പോൾ അവളുടെ സിന്ദൂരം അവന്റെ മുഖത്ത് പടർന്നിരുന്നു… അവനിൽ നിന്നും അടർന്നു മാറാൻ ശ്രമിക്കുമ്പോൾ അവൻ അവളെ കൂടുതൽ ശക്തിയോടെ ചേർത്തു പിടിച്ചു… അവന്റെ അധരങ്ങൾ അവളുടെ മുഖത്തും കഴുത്തിലും ഒഴുകി നടന്നു… മീരയ്ക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി… അവൻ അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് ചാഞ്ഞു… ശാന്തമായ് ഒഴുകുന്ന പുഴയായും ആഞ്ഞടിക്കുന്ന തിരമാല പോലെയും അവൻ അവളെ സ്വന്തമാക്കി… അവളുടെ നഗ്നമായ മാറിൽ തല ചായ്ച്ചു കിടക്കുമ്പോൾ ആശിച്ചതെന്തോ സ്വന്തമാക്കിയ നിർവൃതിയിൽ ആയിരുന്നു ഹേമന്ദ്…

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. ജീവിതത്തിന്റെ വർണ്ണക്കാഴ്ചകൾ മീരയ്ക്ക് മുൻപിൽ തെളിഞ്ഞു നിന്നു… തനിക്കു നിഷേധിക്കപ്പെട്ട സൗഭാഗ്യങ്ങൾ ഹേമന്ദിലൂടെ മീരയ്ക്ക് ലഭിച്ചു കൊണ്ടിരുന്നു… തന്നെ നെഞ്ചോടു ചേർത്തു പിടിച്ചു സ്നേഹിക്കുന്ന, പരിപാലിക്കുന്ന എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റി തരുന്ന ഭർത്താവ്.. ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ഒറ്റപ്പെടലിനും വേദനയ്ക്കും പകരമായി ദൈവം തന്ന അമൂല്യ നിധിയാണ് തന്റെ ഭർത്താവെന്ന് അവൾ വിശ്വസിച്ചു. ഹേമന്ദിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോഴെല്ലാം അവന്റെ സ്നേഹത്തിന്റെ ചൂടും സുരക്ഷിതത്വവും അവൾ അനുഭവിച്ചു കൊണ്ടിരുന്നു.

രണ്ടു മാസത്തിനുള്ളിൽ മീരയുടെ ലോകം പൂർണ്ണമായും ഹേമന്ദ് മാത്രമായി മാറി. അവനു ചുറ്റും അവൾ ഭ്രമണം ചെയ്തു കൊണ്ടിരുന്നു. മൂന്നുമാസത്തെ ലീവ് കഴിഞ്ഞാൽ അവൻ തിരിച്ചു പോകും എന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ മാത്രം അവളുടെ മനസ്സ് മടിച്ചു കൊണ്ടിരുന്നു… ഓരോ ദിവസങ്ങൾ കഴിയും തോറും അവൾ അവനു മടങ്ങി പോകേണ്ട ദിവസവും എണ്ണി തുടങ്ങി…. എല്ലാ സന്തോഷങ്ങൾക്കിടയിലും അവളുടെ ഉള്ളം നിശബ്ദമായി തേങ്ങിക്കൊണ്ടിരുന്നു. *** കാളിങ് ബെൽ ശബ്ദിക്കുന്നത് കേട്ടപ്പോൾ മീര ചെന്ന് വാതിൽ തുറന്നു… മുൻപിൽ പുഞ്ചിരിയോടെ സൂരജ് നിൽക്കുന്നുണ്ടായിരുന്നു.

“ഹേമന്ദ് ഇല്ലേ ഇവിടെ? ” അവൾ തലയാട്ടി… അവൻ അകത്തേക്ക് കടന്നു… “എന്താ യമുനയെ കൊണ്ടു വരാഞ്ഞത്? ” “ഞാൻ ഇങ്ങോട്ട് വരണം എന്നു വിചാരിച്ചതല്ല… ഈ വഴി പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. അപ്പോൾ ഹേമന്ദിനെ ഒന്നു കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു.” “ഞാൻ ഏട്ടനെ വിളിക്കാം… ” എന്നു പറഞ്ഞ് മീരാ മുറിയിലേക്ക് നടക്കുമ്പോൾ സൂരജിന്റെ മിഴികൾ അവളുടെ ശരീരത്തിൽ ആകെയൊന്ന് ഒഴിഞ്ഞു … “ഏട്ടാ.. അപ്പുവേട്ടാ… ” മീര ഹേമന്ദിന്റെ തോളിൽ പതിയെ തട്ടിക്കൊണ്ടു വിളിച്ചു. ഉച്ച മയക്കത്തിൽ ആയിരുന്ന ഹേമന്ദ് മിഴികൾ ചിമ്മി തുറന്നു…

പുഞ്ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു… “എഴുന്നേൽക്ക്… സൂരജേട്ടൻ വന്നിട്ടുണ്ട്.” അവൻ പെട്ടെന്ന് എഴുന്നേറ്റു. മുഖം കഴുകി വന്നു. ഇരുവരും കൂടി സൂരജിന്റെ അരികിലേക്ക് നടന്നു. സൂരജ് എഴുന്നേറ്റു ചെന്ന് ഹേമന്ദിനെ പുണർന്നു… “തടിച്ചു സുന്ദരൻ ആയല്ലോ… ” എന്നു പറഞ്ഞ് ഹേമന്ദിന്റെ വയറ്റിലേക്ക് മുഷ്ടി ചുരുട്ടി ഇടിക്കുമ്പോൾ ഒരു നിമിഷം സൂരജിന്റെ മിഴികൾ മീരയിൽ തങ്ങി നിന്നു… “നീയും ആളാകെ മാറിയല്ലോ പെണ്ണേ.. തടിച്ചു സുന്ദരിയായല്ലോ… ” മീരയെ നോക്കി പറയുമ്പോൾ സൂരജിന്റെ മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു. “മീര… ഇവനു കഴിക്കാൻ ഭക്ഷണം എടുത്തു വെയ്ക്ക്… ” ഹേമന്ദ് പറഞ്ഞു. “ഞാൻ കഴിച്ചതാ.

ഒരു ഗ്ലാസ്സ് വെള്ളം എടുത്താൽ മതി…” മീര അടുക്കളയിലേക്ക് നടക്കുമ്പോൾ പെണ്ണിനു ഇതെന്തൊരു മാറ്റമാണ് വന്നത് എന്ന ചിന്തയിൽ അവൾ പോയ വഴിയെ നോക്കി ചിന്താധീനനായി സൂരജ് ഇരുന്നു. “സൂരജ്… ” ഹേമന്ദ് കർക്കശ്ശ സ്വരത്തിൽ വിളിച്ചതും സൂരജ് പെട്ടെന്നൊന്നു ഞെട്ടി. പിന്നെ പുഞ്ചിരിച്ചു. “നമുക്ക് പുറത്തേക്കൊന്നു പോകണം… എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്… ” സൂരജ് പറഞ്ഞു . മീര വെള്ളവുമായി വന്നപ്പോൾ ഇരുവരും നിശബ്ദരായി ഇരുന്നു. മീര സൂരജിനു വെള്ളം കൊടുത്തു. “കാറിന്റെ കീ ഒന്നെടുത്തു താ മീര… ഞങ്ങൾക്കൊന്നു പുറത്തേക്ക് പോകണം… ”

അവൾ കീ എടുത്തു കൊടുത്തു… “വാതിൽ ലോക്ക് ചെയ്തേക്ക്… ” ഹേമന്ദ് ഇറങ്ങാൻ നേരം സൂചിപ്പിച്ചു. വാതിൽ അടച്ച് അകത്തു വന്നിരിക്കുമ്പോൾ എന്തിനെന്ന് അറിയാതെ അവളുടെ മനസ്സ് അസ്വസ്ഥമായി. രാത്രി ഏറെ നേരമായിട്ടും അവർ തിരിച്ചെത്തിയില്ല. ആദ്യമായാണ് പുറത്തേക്ക് പോയിട്ട് ഇങ്ങനെ വരാൻ വൈകുന്നത്. ഫോണിൽ വിളിച്ചു നോക്കുമ്പോൾ എല്ലാം സ്വിച്ച് ഓഫ്‌ എന്നു ലഭിച്ചു കൊണ്ടിരിക്കുന്ന മറുപടി അവളെ ഭയപ്പെടുത്തി കൊണ്ടിരുന്നു. പതിനൊന്നര കഴിഞ്ഞപ്പോൾ കാളിങ് ബെൽ അടിഞ്ഞു… സോഫയിൽ ഇരുന്നിരുന്ന മീര വേഗം ഞെട്ടി എഴുന്നേറ്റു. വാതിൽ തുറക്കുന്നതിന് മുൻപ് ജനലിന്റെ കർട്ടൻ നീക്കി നോക്കി…

സൂരജിന്റെ തോളിൽ ചാരി പാതി ബോധത്തോടെ കിടക്കുന്ന ഹേമന്ദിനെ കണ്ടതും അവൾ വേഗം വാതിൽ തുറന്നു .. “എന്തു പറ്റി എട്ടന്? ” എന്നു ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “പേടിക്കാനൊന്നും ഇല്ല… ഡ്രിങ്ക്സ് കഴിച്ചത് കുറച്ച് കൂടി പോയി… ഉറങ്ങി എഴുന്നേറ്റാൽ ശരിയായിക്കോളും.. ” വല്ലപ്പോഴും സിഗരറ്റ് വലിക്കുന്നതു കണ്ടിട്ടുണ്ട് എന്നല്ലാതെ അവനു ഇങ്ങനെ ഒരു ദുശീലം ഉണ്ടെന്ന് മീര അപ്പോഴാണ് അറിഞ്ഞത്. ഹേമന്ദിനെ മുറിയിൽ കിടത്തി കൊടുത്തിട്ടാണ് സൂരജ് മടങ്ങിയത്. മയക്കത്തിൽ കിടക്കുന്ന ഹേമന്ദിനെ നോക്കുമ്പോൾ മീരയുടെ നെഞ്ച് വിങ്ങി കൊണ്ടിരുന്നു.

ടവൽ നനച്ച് അവന്റെ മുഖവും കഴുത്തുമെല്ലാം തുടച്ചു കൊടുത്തു. ഷൂവിന്റെ ലേസ് അഴിക്കാൻ ആയി തുടങ്ങിയതും അവൻ കാൽ വലിച്ചു കുടഞ്ഞതും ഒരുമിച്ച് ആയിരുന്നു. ഷൂ അവളുടെ നെറ്റിയിൽ ശക്തമായി പതിഞ്ഞു. മീര പുറകിലേക്ക് മലർന്നു വീണു… അടക്കിപ്പിടിച്ച കരച്ചിൽ പുറത്തേക്ക് വന്നു. എന്താണ് തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്നറിയാതെ ഉഴറി…. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് അവന്റെ ഷൂ അഴിച്ചു വെച്ചു… അതിന് ശേഷം അവനിൽ നിന്നും അകലം പാലിച്ച് അവൾ കിടന്നു… സൂരജ് ഇങ്ങോട്ട് കയറി വന്ന നിമിഷത്തെ അവൾ ശപിച്ചു. നേരം കടന്നു പോയി കൊണ്ടിരുന്നു…

മുറിയിലെ ഇരുട്ട് മീരയുടെ മനസ്സിലേക്കും പ്രവഹിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് ഹേമന്ദ് അവളുടെ മുടിയിൽ പിടിച്ച് അവന്റെ അരികിലേക്ക് വലിച്ച് അടുപ്പിച്ചത്. “എനിക്ക് വേദനിക്കുന്നു ഏട്ടാ…” എന്ന അവളുടെ നിലവിളി കേൾക്കാതെ ഇരയെ പിടിച്ച വേട്ടമൃഗത്തെ പോലെ അവൻ അവളിൽ പടർന്നു തുടങ്ങിയിരുന്നു… മീരയുടെ മനസ്സും ശരീരവും ഒരുപോലെ വേദനിച്ചു കൊണ്ടിരുന്നു… നേരം പുലർന്നു… ഹേമന്ദ് മിഴികൾ വലിച്ചു തുറന്നു… തലയ്ക്കും കൺപോളകൾക്കുമെല്ലാം വല്ലാത്ത ഭാരം തോന്നി… അവൻ തല ചെരിച്ച് മീരയെ നോക്കി… ചുമരോരം അവൾ കിടക്കുന്നുണ്ടായിരുന്നു…

ഇന്നലെ എന്താണ് ഉണ്ടായത് എന്നവൻ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… അതിന്റെ അകമ്പടി എന്നോണം മനസ്സിന്റെ കോണിൽ മീരയുടെ നിലവിളി ഉയർന്നു കേട്ടു. മദ്യം പലപ്പോഴും തന്നെ ഒരു മൃഗമാക്കി തീർത്തിട്ടേയുള്ളൂ എന്ന് ഹേമന്ദിന് അറിയാമായിരുന്നു… “മീരാ….” അവൻ ആർദ്രമായി വിളിച്ചു… അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അവൻ അവളുടെ അരികിലേക്ക് നീങ്ങിക്കിടന്നു… അവളുടെ ചുമലിൽ പിടിച്ചു തിരിച്ചു കിടത്താൻ ശ്രമിച്ചതും അവൾ പിടഞ്ഞു പേടിയോടെ എഴുന്നേറ്റിരുന്നു… “എന്നെ ഇനി ഒന്നും ചെയ്യല്ലേ ഏട്ടാ… ” എന്നു കൈകൂപ്പി നിറ കണ്ണുകളാൽ പറയുമ്പോൾ അവളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നത് കണ്ണുനീരല്ല രക്തമാണെന്ന് അവനു തോന്നി…

അവളുടെ നെറ്റിയിലെയും ചുണ്ടിലെയും പാടുകൾ കാൺകെ അവന്റെ ഉള്ളം പിടഞ്ഞു… “സോറി മീരാ… ” എന്നു പറഞ്ഞ് അവൻ പുണരുമ്പോൾ തിരികെ പുണരാൻ സാധിക്കാത്ത വിധം അവളുടെ മനസ്സ് തകർന്നിരുന്നു… അവന്റെ നഖവും പല്ലും ഏൽപ്പിച്ച മുറിവുകൾ അപ്പോഴും പുകഞ്ഞു കൊണ്ടിരുന്നു…. ** ഒറ്റ രാത്രി കൊണ്ട് തങ്ങളുടെ ജീവിതം ആകെ മാറിയെന്നു മീരയ്ക്ക് തോന്നി… ഹേമന്ദ് പലപ്പോഴും ഈ ലോകത്തൊന്നും അല്ലാത്ത മട്ടിൽ ചിന്തകളിൽ മുഴുകും…. ഏട്ടന്റെ മനസ്സ് മറ്റെവിടെയോ ആണെന്നും തന്നെ സ്നേഹിക്കാൻ, സ്നേഹിക്കുന്നു എന്ന് വിശ്വസിപ്പിക്കാൻ വല്ലാതെ പരിശ്രമിക്കുന്നതായും അവൾക്ക് തോന്നി തുടങ്ങിയിരുന്നു. മനസ്സിന് കുറച്ച് ആശ്വാസം ലഭിക്കുക വെല്ല്യച്ഛനോടു സംസാരിക്കുമ്പോൾ ആയിരുന്നു…

ഒരു ദിവസം ഫോൺ റിങ്ങ് ചെയ്യുന്നതു കേട്ടാണ് മീര ഉണർന്നത്. ഹേമന്ദ് കാൾ എടുത്ത ശേഷം വേഗം മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. തന്റെ അടുത്ത് ഇരുന്നും മടിയിൽ തല ചായ്ച്ച് കിടന്നും എല്ലാം ഫോണിൽ സംസാരിക്കാറുണ്ടായിരുന്ന ഏട്ടൻ ആകെ മാറുകയാണോ എന്ന സന്ദേഹം അവളിൽ നിറഞ്ഞു. മീര എഴുന്നേറ്റു ഫ്രഷ്‌ ആയി ഇറങ്ങുമ്പോൾ ആയിരുന്നു ഹേമന്ദ് മുറിയിലേക്ക് വന്നത്… “മീരാ… ” എന്ന വിളി കേട്ടതും അവൾ മുഖം ഉയർത്തി അവന്റെ ചെമ്പൻ മിഴികളിലേക്ക് നോക്കി…. “നാളത്തെ ഫ്ലൈറ്റിനു ഞാൻ തിരിച്ചു പോകുംp. എന്റെ ടിക്കറ്റ് അയച്ചിട്ടുണ്ടെന്ന്…” “നാളെയോ? ” ഞെട്ടലോടെ അവൾ തിരക്കി…

ഏട്ടൻ പോയി കഴിഞ്ഞാൽ താൻ വീണ്ടും ഒറ്റപ്പെട്ടു പോകുമോ… അവൾക്ക് ഭയം തോന്നി തുടങ്ങിയിരുന്നു…. “മീരയെ ഞാൻ വെല്ല്യച്ഛന്റെ വീട്ടിൽ കൊണ്ടാക്കി തരട്ടെ…. അല്ലെങ്കിൽ നാളെ നിന്നെ വന്നു കൊണ്ടു പോകാൻ പറയട്ടെ? ” അവൾ നിഷേധാത്മകമായി തലയാട്ടി… “പിന്നെ? ” “ഞാൻ… ഞാൻ ഇവിടെ നിന്നോളാം… ” “നിന്നെ തനിച്ചാക്കി പോയാൽ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല.” “എന്നാൽ എന്നെ കൂടെ കൊണ്ടു പൊയ്ക്കോളൂ… ” “അതിനു പാസ്സ്പോർട്ടും വിസയും വേണ്ടേ? ” അവൾ നിശബ്ദയായി നിന്നു… മിഴികളിൽ മിഴിനീർ ഉരുണ്ടു കൂടി തുടങ്ങിയിരുന്നു. “എന്നാൽ ഞാൻ അമ്മായിയോട് ഇവിടെ വന്നു നിൽക്കാൻ പറയട്ടെ? ” അവൾ തലയാട്ടി. എന്നാൽ ഞാൻ ഫ്രഷ്‌ ആയിട്ട് വരാം.

എനിക്ക് പുറത്തേക്ക് പോകണം… ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു പുറത്തേക്ക് പോയ ഹേമന്ദ് രാത്രിയാണ് മടങ്ങി വന്നത്. കൂടെ അമ്മായിയും ഉണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മീരയ്ക്ക് ഭക്ഷണം തൊണ്ടയിൽ നിന്നും ഇറങ്ങാത്തതു പോലെ തോന്നി. “കഴിക്ക് മോളെ…” അമ്മായി പറഞ്ഞു… അപ്പോഴാണ് ഹേമന്ദ് അവളുടെ പ്ലേറ്റിലേക്ക് നോക്കിയത്… “കഴിക്ക് മീരാ…” ഹേമന്ദ് പറഞ്ഞതും അവൾ പ്ലേറ്റ് എടുത്ത് എഴുന്നേറ്റു പോയി… പിന്നെ ഹേമന്ദിനും കഴിക്കാൻ തോന്നിയില്ല. മതിയാക്കി എഴുന്നേറ്റു. മുറിയിലേക്ക് ചെല്ലുമ്പോൾ മീര ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ തലയിൽ പതിയെ തലോടി… അവൾ എഴുന്നേറ്റിരുന്ന് അവനെ ഇറുക്കി പുണർന്നു…

“എന്നോട് സ്നേഹം ഇല്ലേ ഏട്ടാ? ” അവൾ വേദനയോടെ തിരക്കി… അവൻ ഒന്നും പറയാതെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. “അന്ന് എന്തിനാ ഏട്ടാ സൂരജേട്ടന്റെ കൂടെ പോയത്… അന്നത്തെ രാത്രി തൊട്ട് മനസ്സറിഞ്ഞു സന്തോഷിക്കാൻ പറ്റിയിട്ടില്ല… ഇപ്പോൾ ലീവ് കഴിയുന്നതിന് മുൻപ് തിടുക്കപ്പെട്ടു പോകാൻ നോക്കുന്നു… എന്നെ തനിച്ചാക്കാണോ… വെല്ല്യച്ഛൻ അല്ലാതെ എനിക്ക് ആരും ഇല്ലെന്ന് അറിഞ്ഞൂടെ… ഇങ്ങനെ തനിച്ചാക്കാൻ ആയിരുന്നേൽ എന്തിനാ കൂടെ കൂട്ടിയത്? ” “ഒന്നും മനഃപൂർവം അല്ല… നീ വിഷമിക്കാതെ… ആറുമാസം കഴിഞ്ഞാൽ ഞാൻ ഇങ്ങു വരാം. തിരികെ പോകുമ്പോൾ കൂടെ നീയും ഉണ്ടാകും…” “സത്യമാണോ? ” “നിനക്ക് എന്നെ വിശ്വാസം ഇല്ലേ? ”

അവൾ തലയാട്ടി. “ഇപ്പോൾ പോയില്ലെങ്കിൽ എന്റെ ജോലി പോകും.” “ഇവിടെ ജോലി കിട്ടില്ലേ? ” “കിട്ടും.. പക്ഷേ ഈ വീട് വാങ്ങുമ്പോൾ സാലറി സർട്ടിഫിക്കറ്റ് വെച്ച് ഞാൻ ഒരു ലോൺ എടുത്തിരുന്നു… അതെല്ലാം താളം തെറ്റും… ” “നാളെ എപ്പോഴാ പോകുക? ” “എഴുമണിയ്ക്ക് ഇവിടെ നിന്നും ഇറങ്ങണം… ” “രാവിലെയോ? ” “ഹ്മ്മ്… ” “ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യണ്ടേ? ” “ഡ്രസ്സ്‌ എല്ലാം ഇന്ന് പുതിയത് വാങ്ങി. അതു ബാഗിൽ വെക്കുകയെ വേണ്ടൂ… ” മീര എഴുന്നേറ്റു വാഷ്റൂമിലേക്ക് പോയി… ടാപ് തുറന്നിട്ട് നിശബ്ദമായി കരഞ്ഞു… പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹേമന്ദ് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു…

മീരയെ കണ്ടപ്പോൾ അവളുടെ കവിളിൽ ഒന്നു തലോടി അവൻ പുറത്തേക്ക് നടന്നു.. മീര അവൻ വരുന്നതും നോക്കി ബെഡിൽ ഇരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ അവൻ മുറിയിലേക്ക് വന്നു… അവളുടെ അരികിൽ ഇരുന്നു.. പതിയെ മടിയിലേക്ക് ചാഞ്ഞു. “എയർപോർട്ടിലേക്ക് വരണ്ടാട്ടോ? ” കൈ എത്തിച്ച് അവളുടെ കവിളിൽ കൈ ചേർത്തു വെച്ച ശേഷം അവൻ പറഞ്ഞു…” “മ്മ്മ്… ” അവളുടെ കണ്ണിൽ നിന്നും അവന്റെ മുഖത്തേക്ക് മിഴിനീർ ഇറ്റി വീണു. “നല്ല ധൈര്യത്തോടെ ഇരിക്കണം. പെട്ടെന്ന് കരയുന്ന ഈ സ്വഭാവം ഒക്കെ മാറ്റണം. പുറത്തേക്ക് തനിച്ചു പോകുമ്പോൾ ശ്രദ്ധിക്കണം.” “മ്മ്മ്.. ”

“പിന്നെ എന്റെ എ ടി എം കാർഡ് ഇവിടെ വെക്കുന്നുണ്ട്. അതിന്റെ കവറിനുള്ളിൽ പിൻ നമ്പർ കുറിച്ച് വെച്ചിട്ടുണ്ട്… എന്തെങ്കിലും ആവശ്യം വന്നാൽ അതിൽ നിന്നും പണം എടുത്താൽ മതി.” “മ്മ്മ്…” അവൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വീണ്ടും മൂളി… അവൻ അവളുടെ വിതുമ്പുന്ന അധരങ്ങളിലേക്ക് ഉറ്റു നോക്കി… അവളെ ചേർത്തു പിടിച്ചു പുണർന്നു… അവളുടെ മുഖം ചുംബനങ്ങൾ കൊണ്ടു മൂടുമ്പോൾ അവളുടെ കണ്ണുനീർ അവന്റെ അധരങ്ങൾ സ്വന്തമാക്കി… വിയർപ്പ് കണങ്ങൾ നിറഞ്ഞ അവന്റെ നെഞ്ചിൽ തല ചായ്ച്ച് മീര കിടന്നു… ഹേമന്ദ് രാവിലെ എഴുന്നേൽക്കുമ്പോൾ അവനെ നോക്കി കിടക്കുന്ന മീരയെയാണ് കണ്ടത്…

രാത്രി അവൾ ഉറങ്ങിയിട്ടില്ല എന്ന് വീർത്ത കൺപോളകൾ കണ്ടപ്പോൾ അവനു മനസ്സിലായി… അവന്റെ നെഞ്ചിലും നോവ് പടർന്നു തുടങ്ങിയിരുന്നു… ആറര കഴിഞ്ഞപ്പോൾ സൂരജ് എത്തി… അമ്മായി അവനു ചായ കൊടുക്കുമ്പോൾ മീര മുറിയിലേക്ക് നടന്നു… ഹേമന്ദ് ഡ്രസ്സ്‌ മാറ്റാൻ തുടങ്ങുകയായിരുന്നു. ശരീരത്തിൽ നിന്നും എന്തോ മുറിച്ചു മാറ്റുന്നതു പോലെ അവൾക്ക് വേദന അനുഭവപ്പെട്ടു കൊണ്ടിരുന്നു. അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകിയ ശേഷം അവൻ ബാഗ് എടുത്ത് ഉമ്മറത്തേക്ക് നടന്നു. “ഇവിടെ ഉണ്ടാകണം…” ഹേമന്ദ് അമ്മായിയെ നോക്കി ഒരു ആജ്ഞ പോലെ പറഞ്ഞു. “ഞാൻ ഇവിടെ ഉണ്ടാകും.

മോൻ ധൈര്യമായി പൊയ്ക്കോളൂ… ” “ഞാൻ പോകട്ടെ? ” മീരയോടു ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിയുകയും ശബ്ദം ആർദ്രമാകുകയും ചെയ്തു… മനസില്ലാ മനസ്സോടെ തലയാട്ടുമ്പോൾ തന്നിൽ നിന്നും പൂർണ്ണമായി ഒഴിവാക്കാനുള്ള അനുവാദമാണ് അവൻ ചോദിക്കുന്നത് എന്നറിയാതെ മീര തലയാട്ടി. *** ഹേമന്ദ് പോയി കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത ശൂന്യത അവളിൽ നിറഞ്ഞു… അവൻ അഴിച്ചിട്ടിരുന്ന ഷർട്ട് നെഞ്ചോടു ചേർത്തു പിടിച്ച് കിടന്നു. രാത്രിയായിട്ടും അവിടെ എത്തിയെന്നു അറിയിക്കാനായി ഹേമന്ദ് വിളിച്ചില്ല. അന്നത്തെ രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…

പിറ്റേന്നു രാവിലെയും അവൻ വിളിച്ചില്ല… ഏട്ടൻ എത്തിയിട്ട് ഇതുവരെ വിളിച്ചില്ല എന്ന് വെല്ല്യച്ഛനോട് വിളിച്ചു പറയുമ്പോൾ അവൾ തേങ്ങൽ അടക്കാൻ പാടുപെട്ട് കരയുകയായിരുന്നു. സൂരജിനോട്‌ അന്വേഷിക്കാൻ പറയാമെന്നു വെല്ല്യച്ഛൻ പറഞ്ഞെങ്കിലും അതൊന്നും അവളിൽ ആശ്വാസം നിറച്ചില്ല. അമ്മായിയോട് തിരക്കിയപ്പോൾ അവൻ പോയി കഴിഞ്ഞാൽ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇനി എട്ടന് എന്തെങ്കിലും അപകടം പറ്റി കാണുമോ എന്ന ചിന്ത അവളിൽ നിറഞ്ഞു. രാത്രി സമാധാനം ഇല്ലാതെ വീണ്ടും വെല്ല്യച്ഛനെ വിളിച്ചു. “എന്തെങ്കിലും വിവരം അറിഞ്ഞോ വെല്ല്യച്ഛാ?” “ഇല്ല മോളെ. നിങ്ങൾ തമ്മിൽ വല്ല പിണക്കവും…

അതാണോ മോളെ അവൻ വിളിക്കാത്തത്. സൂരജ് മോൻ അങ്ങനെ ചോദിക്കുന്നു. “ഞങ്ങൾ തമ്മിൽ ഒരു കുഴപ്പവും ഇല്ല… സൂരജേട്ടൻ അവിടെയുണ്ടോ. ഞാൻ അങ്ങോട്ട് വരുന്നുണ്ട്.” “അവരു ഞായറാഴ്ച വരും മോളെ…” “ഞാൻ അങ്ങോട്ട് വരാം… എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്… ” *** ഞായറാഴ്ച നേരത്തെ വെല്ല്യച്ഛന്റെ വീട്ടിലേക്ക് പുറപ്പെട്ടു. പത്തുമണിയ്ക്ക് മുൻപേ അവിടെ എത്തി. അവളെയും കാത്ത് വെല്ല്യച്ഛൻ ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. “സൂരജേട്ടൻ എവിടെ? ” അവൾ കണ്ട പാടെ ചവിട്ടു പടികൾ കയറുമ്പോൾ തിരക്കി. “മോളിങ്ങു കയറി വാ ആദ്യം…” അവളുടെ മുഖം ആകെ വിങ്ങി ഇരുന്നു…

അവളുടെ കോലം കണ്ട് അദ്ദേഹത്തിന്റെ കണ്ണിൽ നനവൂറി. വെല്ല്യച്ഛൻ സൂരജിനെ ഉമ്മറത്തേക്ക് വിളിച്ചു. മീരയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി… “മീര എന്താ ഒരു അറിയിപ്പും ഇല്ലാതെ പെട്ടെന്ന്? ” “ഏട്ടൻ വിളിച്ചിരുന്നോ അവിടെ എത്തിയിട്ട്? ” “വിളിച്ചിരുന്നു… ” “വിളിച്ചിരുന്നോ? ” “വിളിച്ചിരുന്നു… അവൻ അവിടെ സുഖമായി ഇരിക്കുന്നു… എന്തേ? ” “എന്നെ വിളിച്ചില്ലല്ലോ ഇതു വരെ… അതെന്താ എന്നെ വിളിക്കാത്തത്?” അവൾ തകർന്ന ശബ്ദത്തിൽ തിരക്കി. “അതു ഞാൻ എങ്ങനെ അറിയാനാണ് മീരാ… നിങ്ങൾ ഭാര്യയും ഭർത്താവും തമ്മിൽ എന്തെങ്കിലും പ്രശ്നം കാണും… അതാകും വിളിക്കാതിരിക്കുന്നത്… ”

“അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. എനിക്ക് ഏട്ടനോട് സംസാരിക്കണം.” “ഞാൻ അവൻ വിളിക്കുമ്പോൾ പറയാം… ” “മോൻ അവന്റെ നമ്പറിലേക്ക് വിളിച്ചു നോക്ക്… ” “നെറ്റ് കാൾ ആയിരുന്നു അച്ഛാ. അവന്റെ പഴയ സിം കട്ട്‌ ആയി ഇരിക്കുകയാണ്… ” മീര സുദേവന്റെ അരികിലേക്ക് നടന്നു… “ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല വെല്ല്യച്ഛാ…. എനിക്ക് പേടിയാകുന്നുണ്ട്..” “മോൾ സങ്കടപ്പെടാതെ… നമുക്ക് അന്വേഷിക്കാം… ” യമുനയും കാവേരിയും ഉമ്മറത്തേക്ക് വന്നു. “സുഖമല്ലേ മീരാ…” അവളെ കണ്ടതും യമുന തിരക്കി… “സുഖം… ” മറുപടി പറയുമ്പോൾ സങ്കടത്താൽ അവളുടെ അധരം കോടിപ്പോയി.

“ചേച്ചി അകത്തേക്ക് വാ… അമ്മ കിടക്കാണ്… ” കാവേരി പറഞ്ഞു. “വെല്ല്യമ്മയ്ക്ക് എന്തു പറ്റി? ” “അമ്മ ഒന്നു വീണു. കാലിന് ഫ്രാക്ചറുണ്ട്.” യമുന പറഞ്ഞു. അവരുടെ കൂടെ വെല്ല്യമ്മ കിടക്കുന്ന മുറിയിലേക്ക് നടന്നു. “മോള് എപ്പോഴാ വന്നത്? ” മീരയെ കണ്ടതും അനിത തിരക്കി. “ഇപ്പോൾ വന്നേയുള്ളു… ” “മോൾക്ക് അവിടെ സുഖമാണോ? ” വെല്ല്യമ്മയുടെ തുടരെ തുടരെയുള്ള മോളെ വിളി അവളിൽ അവിശ്വസനീയത നിറച്ചു. “അതെനിക്ക് വിധിച്ചിട്ടില്ല. ” പറയുമ്പോൾ അവളുടെ ശബ്ദം വളരെ നേർത്തു പോയിരുന്നു. “എന്തേ… എന്തു പറ്റി? ” “എന്റെ വിധി അങ്ങനെ ആയിപ്പോയി…. ഞാൻ ഇറങ്ങട്ടെ? ” “ഞാൻ മോളെ കുറേ വിഷമിപ്പിച്ചിട്ടുണ്ട്…

ദേവേട്ടൻ ഞങ്ങളുടെ മക്കളേക്കാൾ നിന്നെ സ്നേഹിക്കുന്നു എന്ന ചിന്തയിൽ ഞാൻ സ്വാർത്ഥയായി പോയി. ” “അതെല്ലാം കഴിഞ്ഞില്ലേ.. ഇനി ഓർത്തിട്ട് വെറുതെ എന്തിനാ. ഞാൻ ഇറങ്ങട്ടെ കുറച്ച് തിരക്കുണ്ട്.” വെല്ല്യമ്മയുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ അവൾ വെല്ല്യച്ഛന്റെ അടുത്തേക്ക് നടന്നു. “വെല്ല്യച്ഛാ… ഏട്ടന്റെ ബന്ധുക്കളെ കുറിച്ച് എന്തെങ്കിലും അറിയുമോ… വീട്ടിൽ വെച്ച് കണ്ട അമ്മായിയേയും അമ്മാവനെയും അല്ലാതെ ആരെ കുറിച്ചും എന്നോട് പറഞ്ഞിട്ടില്ല… ” “എനിക്കും അറിയില്ല മോളെ… ” “സൂരജേട്ടന് അറിയില്ലേ? ” “ഞാൻ അവനോട് ചോദിക്കാം. മോളു വന്ന് എന്തെങ്കിലും കഴിക്ക്… ”

“വിശപ്പ് ചത്തു പോയി… മനസ്സ് പോലും മരവിച്ചു… ഇവിടെ അടുക്കളയിൽ ഞാൻ എന്റെ ജീവിതം ജീവിച്ചു തീർത്തേനെ. ഇങ്ങനെ ഉരുകി തീരാൻ ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു ജീവിതം എനിക്കു നേരെ വെച്ചു നീട്ടേണ്ടിയിരുന്നില്ല… ഞാൻ ഇറങ്ങട്ടെ… ” “ഇന്നു പോണോ മോളെ? ” “പോകണം… ” യമുനയോടും കാവേരിയോടും യാത്ര പറഞ്ഞതിന് ശേഷം അവൾ ഇറങ്ങി. ബസ്സ്റ്റോപ്പിൽ എത്തുന്നതിനു മുൻപ് അവൾക്ക് കുറുകെ വഴി മുടക്കി ഒരു ബൈക്ക് വന്നു നിന്നു… അവളെ ഒന്നു നോക്കി വഷളൻ ചിരിയോടെ സൂരജ് ഇറങ്ങി…

അവൻ മുൻപിൽ വന്നു നിന്നതും അവൾ പുറകിലേക്ക് നീങ്ങി നിന്നു… അവന്റെ മുഖഭാവം അവളെ അലോസരപ്പെടുത്തി… “മോളെ മീരേ… ഹേമന്ദ് ഇനി വരില്ല… അവന്റെ ശബ്ദം പോലും ഇനി നീ കേൾക്കില്ല… എന്റെ കാലടിയിൽ എരിഞ്ഞു തീരും നിന്റെ ജന്മം… ” അവളുടെ തോളിലേക്ക് കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞു… ക്ഷണനേരം കൊണ്ട് അവൾ അവന്റെ കൈ തട്ടി മാറ്റി…….തുടരും..

സമാഗമം: ഭാഗം 2

Share this story