മഹാദേവൻ: ഭാഗം 11

മഹാദേവൻ: ഭാഗം 11

എഴുത്തുകാരി: നിഹാരിക

കണ്ണടച്ച് തൊഴുത് നിൽക്കുകയായിരുന്ന ദ്യുതി തന്റെ നെറുകയിൽ എന്തോ തണ്ണുപ്പ് പടർന്നപ്പോൾ മിഴികൾ തുറന്നു, കുങ്കുമം അണിയിച്ച് കൈയെടുക്കുന്ന മഹിയെയാണ് കണ്ടത്…… ഞെട്ടിത്തരിച്ച് നോക്കുന്നവളെ നോക്കി, “കല്യാണം കഴിഞ്ഞവർ ഇങ്ങനാ ” എന്ന് നേർമയോടെ പറഞ്ഞു നടന്നു നീങ്ങി… ഏറെ അത്ഭുതത്തോടെ…. ശ്വാസം പിടിച്ച് അവൾ അവനെ തന്നെ നോക്കി, കൈകൾ അറിയാതെ സീമന്തരേഖയിലേക്ക് നീണ്ടു …… ചുണ്ടിലൊരു നേർത്ത ചിരി മെല്ലെ പടർന്നു,…. പിന്നെ എന്തോ ഓർത്തെന്ന പോലെ അവൻ്റെ പുറകേ മെല്ലെ നടന്നു,… ❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇപ്പഴും അത്ഭുതം വിട്ടുമാറിയിട്ടില്ല ….. മെല്ലെ മുറിയിൽ ജനലിലൂടെ നോക്കി നിൽക്കുമ്പോൾ കണ്ടു അങ്ങ് ദൂരെ ഒരു മാടത്ത അതിൻ്റെ കുഞ്ഞിന് കൊക്കുകൾ കൊണ്ട് ഊട്ടുന്നത്, തനിക്ക് നിഷേധിക്കപ്പെട്ട ഭാഗ്യം””” എങ്കിലും പണ്ടത്തെ വീർപ്പുമുട്ടൽ ഒന്ന് കുറഞ്ഞ പോലെ, വ്യക്തമാകുന്നില്ല എങ്കിലും ആരൊക്കെയോ എവിടെയൊക്കെയോ ഉള്ള പോലെ….. “”നിനക്ക് ഫോൺ ……” എന്നു പറഞ്ഞ് ഫോൺ നീട്ടിയ കൈയ്യിലേക്ക് മാത്രം നോക്കി അത് മേടിച്ചു…. ആരാണ് എന്ന് ഒരു ഊഹമുണ്ടായിരുന്നില്ല, ചോദിച്ചതും ഇല്ല! ചെവിയോട് ചേർത്ത് പിടിച്ചപ്പോൾ കേട്ടു കനിവോടെ കൃപ തൻ്റെ പേര് വിളിക്കുന്നത് ….. “ദ്യുതീ ” മറുപടി വെറുമൊരു മൂളലിൽ ഒതുക്കി …. ” ദേഷ്യാ? “എന്തിന്? ആരോട്? അതിനെനിക്കെന്തവകാശം ….” ദ്യുതിയുടെ ചിലമ്പിച്ച വാക്കുകൾ കൃപയിലും വേദന നിറച്ചു …..

മേഘ ഫോൺ വാങ്ങി….. “ദ്യുതീ “… മോളെ ” ആർദ്രമായിരുന്നു അവളുടെ ശബ്ദം ….. ഏറെ കാതോർത്താൽ മാത്രം കേൾക്കുന്ന പോലെ ദ്യുതി ഒന്നുകൂടി മൂളി …. ” ജെയ്ൻ …. ജെയ്ൻ വിളിച്ചോ മേഘ ” എന്തോ ഒരോർമ്മയിൽ മനസിൽ നിന്നും അറിയാതെ വീണ വാക്കുകൾ പിന്നെയാണ് അവളും തിരിച്ചറിഞ്ഞത്….. “ദ്യുതീ …… അത് ഒരടഞ്ഞ അധ്യായമല്ലേ ടി…. ഇനി…. ഇനിയെന്തിനാ ?” മറുപടിയൊന്നും കേൾക്കാതായപ്പോൾ മേഘ അവളെ ഒന്നുകൂടി വിളിച്ചു. കവിളിൽ ചാലിട്ടൊഴുകിയ കണ്ണീർ തുടച്ചവൾ മേഘയുടെ വാക്കിനായി കാതോർത്തു, “ഒന്ന് ചിന്തിച്ച് നോക്ക് ദ്യുതി…, ജെയ്നോട് നിനക്ക് പ്രണയം തന്നെ ആയിരുന്നോ എന്ന്??” “മേഘാ?” “അല്ല ദ്യുതി…. ജീവിതം നിയന്ത്രിക്കാനാളില്ലാതെ നശിപ്പിക്കുന്നവനോടുള്ള ഒരു സഹതാപം…. അത് മാത്രമായിരുന്നു പെണ്ണേ അത്…. ”

” പ്ലീസ് മേഘ ….. എനിക്ക് ഭ്രാന്ത് പിടിക്കുന്നു” “ഭ്രാന്ത് പിടിക്കാതിരിക്കാനാ മോളെ ഞാൻ….. നീ ഇല്ലെങ്കിൽ അവൻ കൂടുതൽ തകർച്ചയിലേക്ക് പോകും എന്ന് നീ ഭയപ്പെടുന്നു….. അത്രേ ഉള്ളൂ….. പക്ഷെ മോളെ ഒക്കെ നിൻ്റെ വെറും തോന്നലുകളാണ് ….. അവൻ നന്നായി ജീവിക്കാൻ അവൻ തന്നെയാണ് വിചാരിക്കേണ്ടത്….. നീ കൂടെ ഉണ്ടെങ്കിലും അവനിനി മയക്ക് മരുന്നിൻ്റേയും മദ്യത്തിൻ്റേയും ലോകത്തേക്ക് പോകില്ല എന്ന് ഉറപ്പുണ്ടോ??…. ഇല്ല!…. എന്ന് തന്നെയാണ് ഉത്തരം….” വീണ്ടും ദ്യുതിയുടെ മൗനവും ഇടതടവില്ലാതെ പെയ്യുന്ന മിഴികളും അതിനുത്തരമേകി ….. “മഹാദേവൻ…. മഹിച്ചേട്ടൻ… അതാണ് ശരി ദ്യുതി…. നിൻ്റെ അച്ഛൻ നിനക്ക് കണ്ട് പിടിച്ച് തന്ന വലിയ ശരി….. നീ മനസ് ശാന്തമാക്കി ഒന്നാലോചിക്ക് …..

ഞങ്ങൾ വരും ഒരു ദിവസം… നിന്നേം മഹിച്ചേട്ടനെയും പിന്നെ….. പിന്നെ…… നിങ്ങളുടെ ……. ആ ! എല്ലാരേം കാണാൻ :..” മറുതലക്കൽ ഫോൺ കട്ടായതും നിലത്തേക്കൂർന്നിരുന്ന് മുട്ടിൽ തലവച്ചവൾ കരഞ്ഞു …. മതിവരുവോളം…. ഉള്ളിലെ നീറ്റൽ നേർത്ത് നേർത്ത് ഇല്ലാണ്ടാവുവോളം, ഒന്നും മനസിൽ വരാത്ത പോലെ നോവ് മാത്രം അവശേഷിപ്പിച്ച് ശൂന്യമായിരുന്നു ഉള്ളം…. ❤❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലേ നേരത്തെ അടുക്കളയിലേക്ക് എത്തിയവളെ കണ്ട് ദേവകി മനസ് നിറഞ്ഞ് ചിരിച്ചു, “ദ്യുതി മോള് കുളിച്ച് സുന്ദരി ആയീ ലോ…. വാ…. ദാ കാപ്പി…” “എന്താ അമ്മായീ ഇന്ന് പലഹാരം.. ഞാനും കൂടി ഹെൽപ്പ് ചെയ്യാം..” എറെ വാത്സല്യത്തോടെ അവരവളുടെ കൈ പിടിച്ചു …. മറുകൈ കൊണ്ട് കവിളിൽ പിടിച്ച് പറഞ്ഞു, ” ഉണങ്ങല്ലരി പൊടിച്ച് അതോണ്ട് ഉള്ള പുട്ടാ….

അതാ ദേവന് ഏറെ ഇഷ്ടള്ളത്…. പപ്പടം കൂടി വേണ്ട അവനപ്പഴേ….. പക്ഷെ അമ്മായി ണ്ടാക്കിക്കോളാ ട്ടോ…. അമ്മായീടെ മോള് പോയി കാപ്പി കുടിക്കൂ ” ആവോളം ആസ്വദിക്കണേന് മുമ്പ് സ്നേഹവും കൊണ്ട് പോയതാണ് അമ്മ , അതിന് ശേഷം വല്ലാത്ത ഇഷ്ടമാണവൾക്ക് അമ്മ സ്നേഹത്തോട് …. വാത്സല്യത്തോട്, “ബെസ്റ്റ്… അപ്പോ അരേയും നന്നാവാനും സമ്മതിക്കില്ലേ അമ്മ!! ” രണ്ടു പേരും തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു തലയിൽ കെട്ടിയ തോർത്ത് അഴിച്ചൊന്ന് കുടഞ്ഞ് കഴുത്തിന് പുറകിലിട്ട് അതും പിടിച്ച് കുസൃതിച്ചിരിയാലെ നിൽക്കുന്നവനെ…. “നീ പോടാ…. ൻ്റെ മോള് പൊയ്ക്കോ….. നീയിങ്ങട് വാ ….. ഇന്ന് നീ സഹായിച്ചാൽ മതി എന്നെ ” “എനിക്കെന്തിൻ്റെ കേടായിരുന്നു…. എന്താ ചെയ്യണ്ടേ?” അതും പറഞ്ഞ് ദേഹത്ത് തട്ടി പോകുന്നവനെ ചിരിയോടെ മെല്ലെ ഒന്ന് നോക്കി വേഗം ദൃഷ്ടി മാറ്റി….. ”

മീരച്ചേച്ചി ??” “വയറു വേദനിച്ചിട്ട് കിടക്കാ….. ഇന്നിനി നോക്കണ്ട….. മോള് കാപ്പി എടുത്തില്ലേ …..” മഹി നിക്കുന്നിടത്ത് നിൽക്കാൻ എന്തോ ഒരു സങ്കോചം, കാപ്പി ഗ്ലാസുമെടുത്ത് മെല്ലെ പുറത്തേക്കിറങ്ങി ….. അമ്മൂമ്മ നല്ല ഉറക്കത്തിലാണ്, വാതിൽ വരെ എത്തി നോക്കി നേരെ മീരയുടെ മുറിയിലെത്തി, നിലത്ത് പായ വിരിച്ച് കിടക്കുന്നുണ്ട്….. എന്തോ ഒന്ന് കയ്യിൽ പിടിച്ച് അതിലേയ്ക്ക് മിഴിനട്ടിട്ടുണ്ട് ….. മെല്ലെ ചെന്ന് ചെരിഞ്ഞ് നോക്കി….. ഒരു സുന്ദരൻ ചെക്കൻ്റെ പടം…. “””” ഠോ “”” എന്ന് പറഞ്ഞ് പേടിപ്പിച്ചപ്പോൾ ചാടിയെണീറ്റു പെണ്ണ് പിന്നെ ബോധം വച്ചപ്പോൾ ഫോട്ടോ പുറകിലേക്ക് ഒളിപ്പിച്ചു, ” വേണ്ട! ഒളിപ്പിക്കണ്ട…. ഞാൻ കണ്ടു… നല്ല സുന്ദരൻ ചെക്കൻ !! ആരാ?? ” മീരയുടെ മുഖത്ത് നാണം വിരിയുന്നതും കവിൾ ചുമക്കുന്നതും ദ്യുതി ശ്രദ്ധിച്ച് നോക്കി….. “ഹാ പറയടോ മീരച്ചേച്ചി… ആരാ കക്ഷി” ” രാഹുൽ! ഇവിടെ ഹയർ സെക്കൻ്ററി അധ്യാപകനാ…. ”

” അത്രേ ള്ളൂ??” കണ്ണു കൂർപ്പിച്ച് കുസൃതി ചിരിയോടെ അടുത്ത് കസേര വലിച്ചിട്ടിരിക്കുന്നവളെ നോക്കി, “അമ്പലത്തിൽ നിന്ന് വരുമ്പോ ബൈക്കിൽ സ്കൂളിൽ പോവുന്നത് കാണാം…..” “തീർന്നോ?” മീര ഇല്ലെന്ന് തലയാട്ടി, “കണ്ട് ഇഷ്ടായി എട്ടനോട് വന്ന് ചോദിച്ചു ” പിന്നേം ഏറെ നാണത്തോടെ മീര പറഞ്ഞ് നിർത്തി, ബാക്കി ദ്യുതി ഏറ്റുപിടിച്ചു, “ഏട്ടനോട് വന്ന് ചോദിച്ചു ഈ ഭക്ത മീരയെ നിക്ക് തര്യോ ന്ന്…ലേ?? ന്നട്ട് ഉറപ്പിച്ചോ? ” “ഉം …. വാക്കാലേ….. ഔദ്യോഗികമായി അടുത്ത് തന്നെ പെണ്ണ് കാണാൻ വരും ത്രെ…. ” “ആഹാ…. അപ്പൊ അതിൻ്റെ ചുവപ്പാണ് കവിളിൽ ….. എന്തിനാ വൈകിക്കണേ ഇന്ന് തന്നെ വരാൻ പറ……” “ഇല്ല ഒരനിയനും അനിയത്തിയും ഉണ്ട് പുള്ളിക്ക് ….. അനിയൻ വേറെ എവിടേയോ പഠിക്കാണ്, അവൻ വന്നിട്ട് അവർ ഒരുമിച്ച് വരാന്നാ പറഞ്ഞത് …..”

“വെരി ഗുഡ്…. വരവ് നമ്മൾക്ക് അടിച്ച് പൊളിക്കാട്ടോ…..” “ഒരു കാര്യം കൂടി ണ്ട് ദ്യുതി….. രാഹുലേട്ടൻ്റെ അനിയത്തിയില്ലേ രാഖി ….. അവൾക്ക് വേണ്ടി മഹിയേട്ടനെയും അവർ ആലോചിച്ചിരുന്നു…… ” അത് കേട്ടപ്പോൾ എന്തോ ഉള്ള് നീറിപ്പിടയും പോലെ ഒരു വേദന….. മുഖത്തെ ചിരി മാഞ്ഞതാവാം പറയേണ്ടിയിരുന്നില്ല എന്ന ഭാവത്തോടെ മീരച്ചേച്ചി ഇരിക്കുന്നത്….. പെട്ടെന്ന് തന്നെ പഴയത് പോലത്തേതായോ എന്നറിയില്ലെങ്കിലും മുഖത്ത് ഒരു ചിരി വരുത്തി….. ” അതേ ….. ൻ്റെ ഏട്ടൻ സമ്മതിച്ചില്ലാട്ടോ തൊട്ടാവാടിക്കുട്ട്യേ… ആ മനസില് വേറെ ഒരു കുറുമ്പി ഉണ്ടത്രേ…. ” “ഞാ…. ഞാൻ പോട്ടെ” എന്ന് പറഞ്ഞ് ദ്യുതി പുറത്തേക്ക് ഓടുമ്പോൾ അവൾക്കറിയുന്നില്ലായിരുന്നു എന്താണ് തന്നിൽ സംഭവിക്കുന്നതെന്ന്……… (തുടരും)

മഹാദേവൻ: ഭാഗം 10

Share this story