സമാഗമം: ഭാഗം 7

Share with your friends

എഴുത്തുകാരി: അനില സനൽ അനുരാധ

ഇനി എവിടേക്ക് പോകും എന്ന ചിന്തയിൽ മുന്നോട്ട് നടക്കുമ്പോൾ പെട്ടെന്നൊരു പിൻവിളി… “മീരാ… ” അവൾ തിരിഞ്ഞു നോക്കി… കണ്ണുകൾ വിടർന്നു… അവൻ അരികിലേക്ക് നടന്നടുക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾക്കു ചുറ്റും വീണ്ടും സുരക്ഷിതമായ ഒരു വലയം തീർത്തു കൊണ്ട് അവൻ അരികിൽ വന്നു നിന്നു… അവൾക്ക് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല… അവന്റെ മുഖത്തേക്ക് നോക്കിയ മിഴികൾ മാത്രം ഒഴുകി കൊണ്ടിരുന്നു… അവൻ കൈ നീട്ടി അവളുടെ മിഴിനീർ തുടച്ചു കൊടുത്ത് പുഞ്ചിരിച്ചു… “നിന്നെ തനിച്ചു വിടാൻ മനസ്സ് അനുവദിച്ചില്ല… ” അവൻ ആർദ്രമായി പറഞ്ഞു.

അവൾ അറിയാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… നെഞ്ചിലെ കണ്ണുനീരിന്റെ നനവ് അറിഞ്ഞപ്പോൾ അവൻ അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ടിരുന്നു…. അവൾക്ക് അപ്പോഴാണ് താൻ എന്താണ് ചെയ്തതെന്ന് ബോധ്യമായത്… വേഗം അവനിൽ നിന്നും അടർന്നു മാറി. മുഖത്തേക്ക് ഉറ്റു നോക്കിയപ്പോൾ അവൻ കണ്ണു ചിമ്മി കാണിച്ചു… “പോയാലോ? ” അവൻ തിരക്കി. “എങ്ങോട്ട്? ” “എങ്ങോട്ടായാലും എന്നെ വിശ്വാസം ഉണ്ടെങ്കിൽ കൂടെ പോന്നോളൂ…” അവൻ മുൻപോട്ടു നടന്നതും അവൾ കൂടെ ചെന്നു… നടക്കുമ്പോൾ അവൻ ഫോണിൽ ആരെയോ വിളിക്കുന്നുണ്ടായിരുന്നു.. “എന്റെ കൂട്ടുകാരൻ വരാം എന്നു പറഞ്ഞിരുന്നു… ” തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞപ്പോൾ അവൾ തലയാട്ടി…

പെട്ടെന്ന് ദീപു എന്നൊരു വിളി കേട്ടു… ഒരു യുവാവ് ഓടി വന്ന് അവനെ പുണർന്നു… പിന്നെ വയറ്റിൽ ചെറുതായി ഇടിച്ചു… “എടാ ഇതാരാ കൂടെ… ഇനി ഒരു വർഷം കഴിയാതെ തിരിച്ചു വരില്ലെന്ന് പറഞ്ഞു പോയിട്ട്… ഒരു മാസം തികച്ചില്ലല്ലോ…” “കഥയൊക്കെ പിന്നെ പറയാം… എവിടെ നിന്റെ കാർ… ” “ദോ അവിടെ…” അവൻ പാർക്കിംഗിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു… പിന്നെ സന്ദീപിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി… “മീരാ…. ഇത് മനു…” മീര അവനെ നോക്കി പുഞ്ചിരിച്ചു… മനു തിരികെ പുഞ്ചിരിച്ചു… അവന്റെ കണ്ണുകൾ പുറത്തേക്ക് ഉന്തി നിൽക്കുന്ന അവളുടെ വയറ്റിലേക്കും പിന്നെ സന്ദീപിന്റെ മുഖത്തേക്കും നീണ്ടു… സന്ദീപ് അവനെ നോക്കി കണ്ണുരുട്ടി… “അപ്പോൾ വെറുതെയല്ല മാതുവിനെ നീ അടുപ്പിക്കാത്തത് അല്ലേ?

” മനു തിരക്കി. സന്ദീപ് കുസൃതിയോടെ തലയാട്ടി… “എന്നാലും? ” “ഒരു എന്നാലും ഇല്ല… നീ നേരെ നോക്കി നടന്നേ… ” സന്ദീപ് ഗൗരവത്തിൽ പറഞ്ഞു… കാറിൽ കയറിയിരുന്നിട്ടും മനുവിന്റെ സംശയം വിട്ടുമാറിയിരുന്നില്ല… ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഇടയ്ക്ക് അവന്റെ കണ്ണുകൾ റിയർവ്യൂ മിററിലൂടെ മീരയെ തേടി പോകും… “മനൂ…” സന്ദീപിന്റെ ദേഷ്യത്തോടെയുള്ള വിളി കേട്ടതും അവൻ ഞെട്ടലോടെ നോക്കി… “നീ ഇങ്ങോട്ട് ഇരുന്ന് അവളെ മതിവരുവോളം നോക്കിക്കോ… ഞാൻ ഡ്രൈവ് ചെയ്തോളാം.” സന്ദീപ് പറഞ്ഞു… അപ്പോഴാണ് മനു തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് മീരയ്ക്ക് മനസ്സിലായത്… “പെങ്ങളെ… ഇവൻ പറയുന്നത് കേട്ട് ഞാനൊരു വായിനോക്കിയാണെന്നൊന്നും വിചാരിക്കരുതേ…

ഇവനെയും കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുണ്ട്… അവളുമായുള്ള കല്യാണം എത്രയും വേഗം നടത്തണം എന്നാണ് ഇരു വീട്ടുകാരുടെയും ആഗ്രഹം.. പക്ഷേ ഇവൻ സമ്മതിക്കുന്നില്ല… അന്നേ മനസ്സിൽ തോന്നിയിരുന്നു ഇവൻ ഏതോ പ്രേമക്കുഴിയിൽ വീണെന്ന്. അതു പക്ഷേ ഇത്രത്തോളം ആയിട്ടുണ്ടാകും എന്നു കരുതിയില്ല.” മനു പറഞ്ഞു. “എത്രത്തോളം? ” സന്ദീപ് തിരക്കി… “ഗർഭം… ” “ഇനി നീ വായ തുറന്നാൽ ചവിട്ടി പുറത്തേക്കിടും ഞാൻ .. ” അവൻ ചിലപ്പോൾ പറഞ്ഞതു പോലെ ചെയ്തു കളയും എന്ന് അറിയാവുന്നതു കൊണ്ട് സംസാരം കുറച്ച് മനു ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ റെസ്റ്റോറന്റിൽ കയറി ഫുഡ്‌ കഴിച്ചു…

പുറത്ത് ആകെ ഇരുട്ട് വീണു കഴിഞ്ഞിരുന്നു… ഭക്ഷണശേഷം വീണ്ടും യാത്ര തുടർന്നു… യാത്രാ ക്ഷീണം മീരയെ കീഴടക്കാൻ തുടങ്ങിയിരുന്നു… ഇടയ്ക്ക് മിഴികൾ അടഞ്ഞു പോകും…. പിന്നെ അവൾ മിഴികൾ വലിച്ചു തുറക്കും… മീര സീറ്റിലേക്ക് ചാഞ്ഞു കിടക്കുകയായിരുന്നു… “എടാ… നീ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലേ ? ” മനു തിരക്കി. “ഇല്ല…” “പറയണ്ടേ?” “എന്തിന്? ” “അല്ല… ഈ വിളക്ക് ഒക്കെപ്പിടിച്ചു…” പറഞ്ഞു പൂർത്തിയാകും മുൻപേ ഇടതു കൈത്തണ്ടയിൽ അടി വീണിരുന്നു .. ” “അമ്മേ…” എന്ന വിളി കേട്ടതും മീര നേരെ ഇരുന്നു… കാറിൽ നിശബ്ദത നിറഞ്ഞു. “വീട്ടിലേക്ക് എത്താൻ ഇനിയും ദൂരമുണ്ട്… ക്ഷീണം തോന്നുന്നുണ്ടേൽ ഉറങ്ങിക്കോ… ” സന്ദീപ് തിരിഞ്ഞു നോക്കി മീരയോടു പറഞ്ഞു…

അവൾ തലയാട്ടി… പിന്നെ വീണ്ടും സീറ്റിലേക്ക് ചാഞ്ഞു… തോളിൽ തട്ടി വിളിച്ചപ്പോഴാണ് അവൾ കണ്ണുകൾ ചിമ്മി തുറന്നത്… ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ അവൾ മുഖം പൊത്തിപ്പിടിച്ച് കോട്ടുവായിട്ടു… “ഇറങ്ങിവാ വീടെത്തി… ” അതു കേട്ടപ്പോൾ അറിയാതെ ഉള്ളിലൂടെ ഒരു ആന്തൽ കടന്നു പോയി… രാത്രിയിൽ ഗർഭിണിയായ ഒരു പെണ്ണിനെയും കൊണ്ട് വീട്ടിൽ വന്നു കയറിയാൽ വീട്ടുകാർ എന്തു കരുതും… അവൾ നിസ്സഹായതയോടെ അവനെ നോക്കി… “ഇറങ്ങി വാടോ… ” എന്നു പറഞ്ഞ് സന്ദീപ് ഡോറിനു അരികിൽ നിന്നും നീങ്ങി നിന്നു… അവൾ പതിയെ ഇറങ്ങി… അപ്പോഴാണ് ഗേറ്റിനു പുറത്ത് കാർ നിർത്തിയിട്ടിരിക്കുകയാണെന്ന് മനസ്സിലായത്… സന്ദീപ് രണ്ടു പേരുടെയും ബാഗ് എടുത്ത് കയ്യിൽപ്പിടിച്ചു …

“ഞാൻ രാവിലെ വീട്ടിലേക്ക് വരാം മനൂ… രാത്രി യാത്ര പറയുന്നില്ല…” സന്ദീപ് പറഞ്ഞു… അതു കേട്ടിട്ടും ഒന്നു തലയാട്ടിയ ശേഷം മനു കാറിൽ ചാരി നിന്നു… “നീ ഈ രാത്രി റോഡിൽ താമസിക്കാൻ പോകാണോ?” “അല്ല … ” “പിന്നെ എന്തു കാണാൻ നില്ക്കാ… വീട്ടിൽ ആ പെണ്ണ് കാത്തിരിക്കുന്നുണ്ടാകും…” “നിങ്ങൾ അങ്ങോട്ട് കയറിയിട്ട്… ” മനു തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു… “എന്റെ വായിൽ നിന്നും വേറെ വല്ലതും വരും മുൻപേ…. ” സന്ദീപ് പറഞ്ഞു പൂർത്തിയാക്കും മുമ്പേ മനു വേഗം കാറിൽ കയറി… കാർ സ്റ്റാർട്ട്‌ ആയ ശബ്ദം കേട്ടതും ഉമ്മറത്തെ ലൈറ്റ് തെളിഞ്ഞു… മനുവിന്റെ കാർ മുന്നോട്ട് നീങ്ങിയപ്പോൾ സന്ദീപ് ഗേറ്റ് തുറന്നു… “അമ്മ എഴുന്നേറ്റു കാണും… ” സന്ദീപ് പറഞ്ഞു…

“എന്നെ കണ്ടാൽ പ്രശ്നമാകുമോ? ” “എന്തു വന്നാലും ഞാൻ കൂടെയുണ്ടാകും… ” മുന്നോട്ട് നടക്കും തോറും മീരയുടെ ഹൃദയം ശക്തമായി മിടിച്ചു. വാതിൽ തുറന്ന് ഒരു രൂപം മുറ്റത്തേക്ക് നോക്കി… “അമ്മ… ” സന്ദീപിന്റെ അധരങ്ങൾ മന്ത്രിച്ചു… “മോനെ… ” എന്നു വിളിച്ച് മുറ്റത്തേക്ക് അമ്മ ഓടി വന്നു… ബാഗ് താഴെയിട്ട് അവൻ അമ്മയെ പുണർന്നു… അമ്മ അവന്റെ മുടിയിൽ തലോടി… പിന്നെ വേഗം അവനിൽ നിന്നും മാറി മീരയെ നോക്കി… “ഇതാരാ മോനെ?” “എല്ലാം ഞാൻ പറയാം അമ്മേ… ആദ്യ ഞങ്ങൾ വീട്ടിലേക്കൊന്നു കയറട്ടെ… ” “വാ മീരാ.. ” എന്നു പറഞ്ഞ് ഒരു കയ്യിൽ ബാഗും മറു കയ്യിൽ അമ്മയെയും ചേർത്തു പിടിച്ച് അവൻ ഉമ്മറത്തേക്ക് കയറി… അപ്പോൾ തന്നെയാണ് അച്ഛൻ ഉമ്മറത്തേക്ക് വന്നത്…

അച്ഛൻ സന്ദീപിനെയും മീരയേയും നോക്കി.. അതിന് ശേഷം അമ്മയെയും… ഇതേതാ കാർത്തൂ ഇവന്റെ കൂടെയുള്ള കുട്ടി എന്നാണ് അച്ഛന്റെ നോട്ടത്തിന്റെ അർത്ഥം… എനിക്ക് അറിയില്ല മാധവേട്ടാ എന്നാണ് അമ്മ കൈ മലർത്തി കാണിക്കുന്നത്.. അച്ഛനെയും അമ്മയെയും അവൻ പുഞ്ചിരിയോടെ നോക്കി… “കഥകളി കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് അകത്തേക്ക് കയറാലോ?” അവൻ തിരക്കി… “കയറുന്നതിനു കുഴപ്പമൊന്നും ഇല്ല… പക്ഷേ ഈ കൂടെയുള്ള പെൺകുട്ടി ആരാണെന്നു പറഞ്ഞതിന് ശേഷം മാത്രം… ” “അവൾക്ക് ആരും ഇല്ല അച്ഛാ… തനിച്ചാക്കാൻ മനസ്സ് അനുവദിച്ചില്ല… അവളെ കുറിച്ച് അറിയുമ്പോൾ അച്ഛനും അമ്മയും ദീപയും ഞാൻ ചിന്തിക്കുന്നതു പോലെ ചിന്തിക്കും എന്ന വിശ്വാസത്തിൽ കൂടെ കൂട്ടിയതാ…” മീര എല്ലാം കേട്ട് തല കുനിച്ച് നിൽക്കുകയായിരുന്നു … “കാർത്തൂ…”

ആ കുട്ടിയേയും അകത്തേക്ക് കൂട്ടിക്കോളൂ… നേരം ഒരുപാടായി… ഒന്നു പോയി കുളിച്ചിട്ട് കിടന്ന് ഉറങ്ങിക്കോട്ടെ… കഥ പറച്ചിലും വിസ്താരവും എല്ലാം നാളെ…” എന്നു പറഞ്ഞ് അച്ഛൻ അകത്തേക്ക് കയറിപ്പോയി… അമ്മ തിരിഞ്ഞു നോക്കിയപ്പോൾ നിറമിഴികളാൽ നിൽക്കുന്ന മീരയേയാണ് കണ്ടത്… “വാ മോളെ… ” എന്നു പറഞ്ഞ് അടുത്തേക്ക് വിളിച്ചപ്പോഴാണ് അമ്മ മീരയെ ശ്രദ്ധിച്ചു നോക്കിയത്…” ആ നോട്ടം സന്ദീപിനു നേർക്ക് നീണ്ടു… “അമ്മേ എല്ലാം നാളെ ഞാൻ പറഞ്ഞു തരാം… ഈ രാത്രി ഒന്നും ചോദിച്ച് അവളെ വിഷമിപ്പിക്കല്ലേട്ടോ… ” എന്നു പറഞ്ഞ് അമ്മയുടെ കവിളിൽ അമർത്തി ചുംബിച്ച് അകത്തേക്ക് നടന്നു.. “മോൻ ഒന്നു നിന്നേ… മോള് വാ… ” എന്നു പറഞ്ഞ് മീരയുടെ കയ്യിൽ പിടിച്ച് നടന്നു വരുന്ന അമ്മയെ അവൻ മിഴിച്ചു നോക്കി…

“നീ അകത്തു കിടന്നോ? ” “അപ്പോൾ എന്റെ റൂമോ? ” “അവിടെ മോള് കിടന്നോട്ടെ? ” “അവൾക്ക് കിടക്കാൻ വേറെ മുറിയില്ലേ ഇവിടെ?” “ഇല്ല… ” “ഏഹ്? ” “ഇല്ലെന്ന്… നന്ദു വന്നിട്ടുണ്ട്…” എന്നു പറഞ്ഞ് മുൻപോട്ടു നടക്കുന്ന അമ്മയെ നോക്കി സന്ദീപ് നിന്നു. “ഞാൻ അകത്തു കിടന്നോളാം അമ്മേ… സാറിനെ ബുദ്ധിമുട്ടിക്കണ്ട… ” മീര അമ്മയുടെ കൂടെ നടക്കുമ്പോൾ പറഞ്ഞു. “അപ്പോൾ മോൾ അവന്റെ കൂടെ ജോലി ചെയ്യുന്നതാണോ? ” വാതിൽ തുറന്നു കൊടുക്കുമ്പോൾ അമ്മ തിരക്കി. “അല്ല… ” “പിന്നെ? ” “എയർപോർട്ടിൽ വെച്ച് പരിചയപ്പെട്ടതാ… ” “ഇന്നോ? ” “അല്ല… നാട്ടിൽ നിന്നും ബഹ്റൈനിലേക്ക് പോയ അന്ന്… ഞാൻ സ്വപ്നേച്ചിയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ”

“നമ്മുടെ ബാലുവിന്റെ ഭാര്യയോ?” “ഹ്മ്മ്…” “എന്നാൽ മോള് വാതിൽ അടച്ചോ… തനിച്ചു കിടക്കാൻ പേടിയുണ്ടോ? ” “ഇല്ല അമ്മേ…” “എന്നാൽ കിടന്നോ… എന്തേലും ആവശ്യം വന്നാൽ അമ്മയെ വിളിക്കാൻ മടിക്കരുത്…” അവൾ തലയാട്ടി… സന്ദീപ് പുറത്തുള്ള ബാത്‌റൂമിൽ പോയി കുളിച്ചു വന്നു… അകത്തേക്ക് വന്നപ്പോൾ അമ്മ നിലത്ത് പായ വിരിച്ച് കാൽ നീട്ടി വെച്ച് ഇരിക്കുന്നുണ്ടായിരുന്നു… വേഗം പാഞ്ഞു വന്ന് അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു… അതിന് ശേഷം അമ്മയുടെ രണ്ടു കയ്യും എടുത്ത് അവന്റെ തലയിലേക്ക് വെച്ചു. അമ്മയുടെ വിരലുകൾ പതിയെ അവന്റെ തലയിലൂടെ എന്തോ പരതി കൊണ്ടിരുന്നു… “നീ ആ കുട്ടിയുടെ സാർ ആണോ? ” “സാറോ?” “സാറ് തന്നെ ..

സാറിനെ ബുദ്ധിമുട്ടിക്കണ്ട എന്നവൾ പറഞ്ഞല്ലോ? ” “ഞാൻ പറഞ്ഞതായിരുന്നല്ലോ അവളോട്‌ എന്നെ അങ്ങനെ വിളിക്കരുതെന്ന്…” “പിന്നെ എന്തു വിളിക്കാനാ പറഞ്ഞത്?” “ഏട്ടനെന്നോ ദീപുവേട്ടനെന്നോ വിളിക്കാൻ പറഞ്ഞിരുന്നതാണല്ലോ… ” “എന്നിട്ട്? ” “പറഞ്ഞതിന് ശേഷം അങ്ങനെ വിളിക്കേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ല…” “എന്തു കരുതിയിട്ടാ മോനെ നീ അവളെ കൂടെ കൂട്ടിയത്… അവൾ പറഞ്ഞല്ലോ എയർപോർട്ടിൽ വെച്ച് കണ്ടുമുട്ടിയതാണെന്ന്. അപ്പോൾ അന്ന് കാണുമ്പോഴെ ആ കുട്ടിയ്ക്ക് വിശേഷം ഉണ്ടായിരുന്നല്ലേ? ” “ഹ്മ്മ്…” “നല്ലോണം ആലോചിച്ചാണോ കൂട്ടികൊണ്ട് വന്നത്? ” “അധികമൊന്നും ആലോചിച്ചു നോക്കിയില്ലായിരുന്നു അമ്മേ…

കാലിടറി വീണാൽ ഒന്നു ചേർത്തു പിടിക്കാൻ ആരുമില്ല അവൾക്ക്… അവൾ വല്ല അവിവേകവും കാട്ടുമോ എന്ന ചിന്ത ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോൾ കൂടെ കൂട്ടാൻ തോന്നി… പിന്നെ വേറെ ഒരു പ്രശ്നമുണ്ട്…” “എന്താ മോനെ? ” “ജോലി…” “ജോലി? ” “ചിലപ്പോൾ പോകും…” “ഭാഗ്യം… ” “ഭാഗ്യമെന്നോ? ” “അല്ലാതെ പിന്നെ… നാട്ടിൽ വന്നപ്പോഴേ ഞാനും അച്ഛനും പറഞ്ഞതല്ലേ ഇനി നാട്ടിൽ നിന്നാൽ മതിയെന്ന്… അപ്പോൾ നിനക്ക് കേൾക്കാൻ പറ്റില്ല തിരിച്ചു പോകണം.” “ഇവിടെ നിന്നിട്ട് എന്തിനാ? ” “അച്ഛന്റെ കൂടെ മരമില്ലിലെ കാര്യങ്ങൾ നോക്കി നടത്തിക്കൂടെ? ” “അവിടെ നിന്ന് എന്തു കിട്ടാനാ അമ്മേ?” “കിട്ടുന്നത് മതി… അവിടെയായാലും എത്ര കിട്ടിയാലും നിന്റെ കയ്യിൽ വലിയ സമ്പാദ്യമൊന്നും ഉണ്ടാകില്ല…

ആരെയെങ്കിലും സഹായിച്ച് കയ്യിൽ ഉള്ളത് തീർക്കും… അച്ഛനു പണ്ടത്തെ പോലെ ആരോഗ്യമൊന്നും ഇല്ല… അവിടുത്തെ പൊടി അടിക്കുമ്പോൾ ശ്വാസംമുട്ട് കൂടുകയാണ് … മോൻ ഇനി മില്ലിലെ കാര്യങ്ങൾ നോക്കി നടത്തിയാൽ മതി… ഇപ്പോൾ പണ്ടത്തെ പോലെയല്ല തിരക്കുണ്ട്.. ” “അവരു തിരിച്ചു വിളിച്ചാൽ ഞാൻ പോകും. അല്ലെങ്കിൽ അമ്മയുടെ ആഗ്രഹം പോലെ ഇവിടെ കൂടിക്കോളാം… സന്തോഷമായോ?” “അവരു വിളിക്കാതെ ഇരുന്നാൽ സന്തോഷമാകും…” “ഓഹ്! എന്റെ കാർത്തുക്കുട്ടി… ഇനി ഞാൻ മില്ലു കൊണ്ടു പോയി തുലച്ചെന്ന് പറഞ്ഞോണ്ടു വരരുത്…” “അങ്ങനെയൊന്നും ഉണ്ടാകില്ല മോനെ…

അമ്മയുടെ മനസ്സിലെ പേടി അതല്ല… ” “വേറെ എന്തു പേടിയോ? ” അമ്മയുടെ വലതു കയ്യിൽ പിടിച്ചു കൊണ്ട് അവൻ തിരക്കി… “അതു പിന്നെ… ആ കുട്ടി… ആ കുട്ടി ഇനി ഇവിടെ ഉണ്ടാകില്ലേ? ” “അച്ഛനും അമ്മയും അവളെ ഇറക്കി വിടാൻ പറഞ്ഞില്ലെങ്കിൽ ഇവിടെ ഉണ്ടാകും.” “ആരാ എന്താ എന്നൊന്നും അറിയാത്ത ഒരു പെൺകുട്ടി… നിന്റെ കൂടെ രാത്രിയിൽ ഇവിടെ വന്നു കയറി എന്നറിഞ്ഞാൽ ആളുകൾ എന്തു കരുതും…” “ആളുകൾ എന്തു കരുതും എന്നു വിചാരിച്ചു അവരുടെ ഇഷ്ടത്തിനു ജീവിക്കാൻ എന്നെ കിട്ടില്ല… എന്റെ വീട്ടുകാർ എന്തു കരുതും എന്നതു മാത്രമേ എന്നെ ബാധിയ്ക്കൂ… ഇനി അവൾ ഇവിടെ നിൽക്കുന്നത് ഇഷ്ടമില്ലെങ്കിൽ പറഞ്ഞാൽ മതി.. ഞാൻ അവളെ വേറെ എവിടേക്കെങ്കിലും മാറ്റിക്കോളാം…”

“ഇഷ്ടമില്ലെന്ന് അമ്മ പറഞ്ഞില്ലല്ലോ… അച്ഛൻ സമ്മതിച്ചാൽ മാത്രം മതി…” “അമ്മ പറഞ്ഞാൽ അച്ഛൻ സമ്മതിക്കും… ” “ഹ്മ്മ്… നീ ഇവിടെ എത്തി എന്നറിഞ്ഞാൽ അരവിന്ദനും ഓമനയും വരും… കൂടെ മാതുവും ഉണ്ടാകും..” “അയ്യോ അവളുടെ കാര്യം പറയല്ലേ അമ്മേ…” “പറയാതെ പിന്നെ… മോനെ ദീപു… നീയെന്നു വെച്ചാൽ അവൾക്ക് ജീവനല്ലേ…” “അച്ഛനും അരവിന്ദേട്ടനും എന്നോ സംസാരത്തിനിടയിൽ തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം… അതു തലയിൽ ഏറ്റി നടക്കാൻ അവളും…” “അവൾ പാവമല്ലേടാ… ” “അവൾ പാവയോ പാവക്കയോ എന്തെങ്കിലും ആയിക്കോട്ടെ… എനിക്ക് ഉറക്കം വരുന്നുണ്ട്…” എന്നു പറഞ്ഞ് കണ്ണുകൾ ഇറുക്കിയടച്ച് അവൻ കിടന്നു… ** ഉറക്കം വരാതെ മീര കിടന്നു…

നാളെ ഇവിടെയുള്ളവരെല്ലാം കാണുമ്പോൾ എന്തു പറയും എന്ന ചിന്തയിൽ ഉറക്കം എവിടെയോ പോയ്‌ മറഞ്ഞിരുന്നു… നേരം വെളുത്തു തുടങ്ങിയപ്പോഴാണ് ചെറുതായി ഒന്നുറങ്ങാൻ കഴിഞ്ഞത്… പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അസ്വസ്ഥതയോടെ ഉണർന്നു… ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ ആറുമണിയോട് അടുത്തിരുന്നു… എഴുന്നേറ്റു ഫ്രഷ്‌ ആയി… വാതിൽ തുറന്ന് അകത്തേക്ക് വന്നപ്പോൾ നിലത്ത് പായയിൽ കിടന്ന് ഉറങ്ങുന്ന സന്ദീപിനെയാണ് കണ്ടത്… ഇനി എന്താണ് ചെയ്യേണ്ടത്… വിളിച്ചു നോക്കണോ എന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്… മിഴികൾ അറിയാതെ തന്നെ അങ്ങോട്ട് പാഞ്ഞു… തന്നെ കണ്ട നിമിഷം കണ്ണുകൾ തിരുമ്മി വീണ്ടും തന്റെ നേർക്കു നീണ്ടു വരുന്ന കണ്ണുകൾ… കാവിമുണ്ടായിരുന്നു അവന്റെ വേഷം…

വെട്ടിയൊതുക്കാത്ത മുടിയും താടിയും… രോമാവൃതമായ അവന്റെ നെഞ്ചിൽ സ്വർണ്ണത്തിന്റെ ഒരു കയറുപിരിമാലയും ആനക്കൊമ്പിന്റെ ലോക്കറ്റും. താടിയിൽ ഒന്നു തടവിയ ശേഷം അവൻ മിഴിച്ചു നോക്കി നിൽക്കുന്നതു കണ്ടതും അവൾ മിഴികൾ താഴ്ത്തി… “മോൾ എഴുന്നേറ്റോ? ” അമ്മയുടെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി നോക്കി… അതേ സമയം വാതിൽ അടയുന്ന ശബ്ദം കേട്ടു… ശബ്ദം കേട്ടപ്പോൾ അമ്മ വാതിൽക്കലേക്ക് നോക്കി… “അതു നന്ദുവാ… മാധവേട്ടന്റെ അനിയന്റെ മോനാ… ഇന്നലെ രാത്രിയിൽ മക്കൾ വന്നതൊന്നും അവൻ അറിഞ്ഞു കാണില്ല…” അമ്മയുടെ ശബ്ദത്തിൽ ദേഷ്യവും പരിഭവവും ഒന്നും ഉണ്ടായിരുന്നില്ല… അതു തന്നെ അവൾക്ക് വലിയ ആശ്വാസമായി തോന്നി… അവൾ തലയാട്ടി…

അകത്തേക്ക് കടന്നു വന്ന ദീപ മീരയെ നോക്കി… “ഇതാരാ അമ്മേ? ” “ഇത് മീര… ” “മീരയോ?” “ആഹ് ! ഇന്നലെ ഇവരെത്താൻ വൈകി…” “ഇവരോ? ” “ഹ്മ്മ്… ദേ അങ്ങോട്ട് നോക്ക്… ” അമ്മ പറഞ്ഞപ്പോഴാണ് കിടന്നുറങ്ങുന്ന സന്ദീപിനെ അവൾ ശ്രദ്ധിച്ചത്. വേഗം ഏട്ടന്റെ അരികിൽ പോയി ഇരുന്നു… സന്തോഷം കൊണ്ട് അറിയാതെ കണ്ണുകൾ നിറഞ്ഞു… “ഏട്ടാ…” ഇടർച്ചയോടെ വിളിച്ചു… സന്ദീപ് ഒരു മൂളലോടെ തിരിഞ്ഞു കിടന്നു… അപ്പോഴാണ് നന്ദു വീണ്ടും അകത്തേക്ക് വന്നത്… “നന്ദേട്ടാ… ഏട്ടൻ വന്നു…” ദീപ സന്തോഷത്തോടെ പറഞ്ഞു… നന്ദു ഉറങ്ങിക്കിടക്കുന്ന സന്ദീപിനെയും പിന്നെ മീരയേയും നോക്കിയതിന് ശേഷം പിന്നാമ്പുറത്തേക്ക് പോയി… “മോള് വാ… അമ്മ ചായയിട്ട് തരാം… ”

അല്പം മടിയോടെ ആണെങ്കിലും അവൾ അമ്മയുടെ കൂടെ അടുക്കളയിലേക്ക് നടന്നു… അടുക്കളയിൽ ചുമരിനോട്‌ ചേർന്നു കിടന്നിരുന്ന ചെറിയ മേശയും ബെഞ്ചും ഉണ്ടായിരുന്നു… അമ്മ അവിടെ ഇരുന്നോളാൻ പറഞ്ഞപ്പോൾ അവൾ അവിടെ ഇരുന്നു… “പാൽച്ചായ കുടിക്കുമോ? ” അവൾ തലയാട്ടി… അമ്മ ചായയുണ്ടാക്കുന്നതും നോക്കി അവൾ ഇരുന്നു… അവൾക്കുള്ള ചായ മേശമേൽ വെച്ച് അമ്മ തിരിഞ്ഞതും നന്ദു അങ്ങോട്ട് വന്നു… “വെല്ല്യമ്മേ … ” എന്ന് വിളിച്ചു കൊണ്ട് മീരയിരുന്ന ബെഞ്ചിന്റെ ഓരത്ത് വന്നിരുന്നു. ഒരു കട്ടൻ ചായ മുന്നിലേക്ക് എത്തിയതും അവൻ അതെടുത്തു കുടിക്കാൻ തുടങ്ങി. “മോനെ.. ഇതു മീര…. ഇന്നലെ ദീപുവിന്റെ കൂടെ വന്നതാ… ” “ഹ്മ്മ് …” അവൻ അവളെ ശ്രദ്ധിക്കാതെ മൂളി..

“ചിലപ്പോൾ കുറച്ചു ദിവസം ഇവിടെയുണ്ടാകും… ” “ഹ്മ്മ്… ” ചിലപ്പോൾ എന്ന വാക്കിൽ മീരയുടെ മനസ്സ് കൊളുത്തിപ്പിടിച്ചു. “ഞാൻ ഇപ്പോൾ വരാം… മാധവവേട്ടനു ചായ കൊടുക്കട്ടെ… ” എന്നു പറഞ്ഞ് ഒരു ഗ്ലാസ്സിൽ ചായ പകർത്തിയൊഴിച്ച് അമ്മ പോയി… ആലോചനയോടെ ചായ എടുത്തു കുടിച്ചതും തരിപ്പിൽ പോയി അവൾ ചെറുതായി ചുമച്ചു… പെട്ടെന്ന് തലയിൽ പതിയെ നന്ദു തട്ടിക്കൊടുത്തു… അതേ സമയം കുഞ്ഞിന്റെ അനക്കം മീര അറിയുന്നുണ്ടായിരുന്നു… അവൾ കുനിഞ്ഞു മേശമേൽ തല വെച്ചു കിടന്നു… അവളെയൊന്നു നോക്കിയ ശേഷം അവൻ എഴുന്നേറ്റു പോയി… “ഇതുവരെ ഉറക്കം കഴിഞ്ഞില്ലേ?” തലയിൽ തലോടി കൊണ്ടുള്ള സന്ദീപിന്റെ ശബ്ദം കേട്ടതും അവൾ നേരെ ഇരുന്നു… അവൻ തനിച്ചായിരുന്നില്ല…

വലതുകയ്യാൽ ദീപയെ ചേർത്തു പിടിച്ചിരുന്നു … “മീരാ… ഇത് ദീപ… എന്റെ അനിയത്തിക്കുട്ടി…. ഇനി ഒരാളെ കൂടെ കാണിച്ചു തരാം. കുറച്ചു കഴിയട്ടെ. കുറുമ്പി നല്ല ഉറക്കത്തിലാണ്.” മീര തലയാട്ടി കൊണ്ട് ദീപയെ നോക്കി… ദീപ അവൾക്ക് മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു… “വെല്ല്യച്ഛൻ വിളിക്കുന്നുണ്ട്… ” വാതിൽക്കൽ നിന്നും നന്ദുവിന്റെ ശാന്തമായ ശബ്ദം കേട്ടതും മീര സന്ദീപിനെ നോക്കി…. അവൻ ഒന്നുമില്ലെന്നു കണ്ണുചിമ്മി കാട്ടി കൊണ്ട് എഴുന്നേറ്റു.. ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ മീരയുടെ വലതു കൈ ദീപയുടെ കൈക്കുള്ളിലായിരുന്നു… തണുത്തു കൊണ്ടിരിക്കുന്ന അവളുടെ കയ്യിൽ ദീപ അമർത്തിപ്പിടിച്ചു…

അച്ഛന്റെ മുമ്പിൽ എല്ലാവരും നിരന്നു നിന്നു… “ഈ കുട്ടിയെ ഇവിടെ നിർത്തുന്നതിൽ എനിക്ക് വിരോധം ഒന്നുമില്ല… പക്ഷേ അവളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എനിക്ക് അറിയണം. നാളെ ആരെങ്കിലും വന്നു ഇതിന്റെ പേരിൽ ചോദ്യം ചെയ്യൽ ഉണ്ടായാൽ എനിക്ക് പറയാൻ മറുപടി വേണം…” “മീരാ… ആ ഡിവോഴ്സ് പേപ്പർ എടുത്തിട്ട് വാ… ” സന്ദീപ് പറഞ്ഞു. അവൾ തിരിഞ്ഞു നടന്നതും സന്ദീപ് അവളെക്കുറിച്ച് അവനു അറിയാവുന്ന കാര്യങ്ങൾ എല്ലാം തുറന്നു പറയാൻ തുടങ്ങിയിരുന്നു … താലിമാല വലിച്ചു പൊട്ടിച്ച് ഇറങ്ങി വന്ന മീരയെക്കുറിച്ച് സന്ദീപ് പറഞ്ഞു തുടങ്ങിയപ്പോൾ നന്ദു തിരിഞ്ഞു നടക്കാൻ ഒരുങ്ങി…

ചുവരിൽ ചാരി നിന്ന് മിഴിനീർ വാർക്കുന്ന അവളെ കണ്ടപ്പോൾ അവൻ അവളുടെ അരികിലേക്ക് നടന്നു… “കരയാൻ ഇപ്പോൾ എന്തുണ്ടായി? ” അലിവോടെ അവൻ തിരക്കിയപ്പോൾ അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി… “നീ കാണിച്ച ധൈര്യം എന്റെ അമ്മ അന്നു കാണിച്ചിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു പോവുകയാണ്… ” എന്നു വേദനയോടെ പറഞ്ഞ് അകന്നു പോകുന്ന നന്ദുവിനെ നോക്കി മീര നിന്നു…..തുടരും..

സമാഗമം: ഭാഗം 6

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!