ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 33

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“നവി… മതിയാക്കൂ ഇത് കണ്ടു നിൽക്കാൻ എനിക്ക് പറ്റുന്നില്ല… ഇങ്ങനെ ഒരാൾക്ക് ഒരാളെ പ്രണയിക്കാനാകുമോ… ഇത് പ്രണയമല്ല നവി… ഇതൊരു തരം ഭ്രാന്താണ്…”നിരഞ്ജന അസഹിഷ്ണുതയോടെ പറഞ്ഞു… “അതേ.. എനിക്കറിയാം.. എനിക്ക് ഭ്രാന്താണ് ഇവളോട്…അതോണ്ടാണല്ലോ ഇത്രയും വർഷങ്ങൾ ഞാൻ മരിച്ചു ജീവിച്ചത്… ഇത് വല്ലതും ഇവൾക്കറിയണോ…ഉരുകുകയായിരുന്നു ഞാൻ… ഒറ്റക്കിരുന്നു ഞാൻ ഇവളോട് സംസാരിക്കുമായിരുന്നു… ഒരു ഭ്രാന്തനെ പോലെ ഫോണിലുള്ള ഇവളുടെ ഫോട്ടോ നോക്കി അലറികരഞ്ഞിട്ടുണ്ട് ഞാൻ..” നവി വീണ്ടും കണ്ണ് തുടച്ചു…

“നവി.. അവളെ കുറ്റം പറയല്ലേ… അവൾക്ക് അവളുടേതായ ന്യായമുണ്ട്.. അത് കേട്ടാൽ അവളാണ് ശരി എന്ന് നിനക്ക് തോന്നും..” നവി സംശയത്തോടെ നിരഞ്ജനയെ നോക്കി.. “എന്ത്.. എന്ത് ന്യായം…”?? നിരഞ്ജന നവിയെ ഒന്ന് നോക്കിയിട്ട് കൈകെട്ടി നിന്ന് കൊണ്ട് മുന്നിലെ മൊട്ട കുന്നുകളിലേക്ക് നോക്കി… എവിടെ നിന്ന് തുടങ്ങണം എന്ന് മനസ്സിൽ ഒന്ന് അടുക്കിപ്പെറുക്കി വെച്ചു… പിന്നീട് മെല്ലെ പറഞ്ഞു തുടങ്ങി.. അവൾ പറഞ്ഞുകൊണ്ടിരുന്നത് ഓരോന്നും നവി ശ്രെദ്ധയോടെ കേൾക്കുകയായിരുന്നു… വിവിധ ഭാവങ്ങൾ അവന്റെ മുഖത്ത് മിന്നിമറഞ്ഞു കൊണ്ടിരുന്നു… ശക്തമായൊരു ഞെട്ടലിൽ തുടങ്ങി ഒരു മരവിപ്പിലേക്ക് അത് തെന്നി നീങ്ങിക്കൊണ്ടിരുന്നു…

ഏറ്റവുമൊടുവിൽ ഒരു തളർച്ചയോടെ അവൻ സമീപത്തെ ഒരു മരത്തിലേക്ക് ചാരി നിന്ന് പോയി… ഏതോ ചില ഓർമ്മകളിൽ മനം നൊന്ത് നവി തിരിഞ്ഞു ഗൗരിയെ നോക്കി…. പാവം… കൂനിക്കൂടി ആ കാറിന്റെ ചുവട്ടിൽ ഇരിപ്പുണ്ട്… ഒരു കൈ കവിളിൽ ചേർത്തു വെച്ചിട്ടുണ്ട്… നന്നായി വേദനിച്ചിട്ടുണ്ടാവും.. വേണ്ടിയിരുന്നില്ല… അടിക്കണ്ടായിരുന്നു… നവി ഓർത്തു… ….അല്ലെങ്കിൽ കുഴപ്പമില്ല.. ഒരെണ്ണം കിട്ടിയത് നന്നായി… നവിയുടെ മുഖം പെട്ടെന്ന് വലിഞ്ഞു മുറുകി… നവിയുടെ ആ ഭാവവ്യത്യാസം നോക്കിക്കണ്ട നിരഞ്ജന അടുത്തേക്ക് വന്നു അവന്റെ കൈകളിൽ പിടിച്ചു… “എന്താ നവി… എന്ത് പറ്റി…”??? “ഒന്നൂല്ല…വാ പോകാം…” നിരഞ്ജന ചെന്നു ഗൗരിയെ പിടിച്ചെഴുന്നേൽപ്പിച്ചു…

മൂവരും കൂടി കാറിലേക്ക് കയറി.. ഗൗരി പിൻസീറ്റിൽ നിരഞ്ജനയോടൊപ്പമാണ് ഇരുന്നത്…അവൾ നിരഞ്ജനയുടേ തോളിലേക്ക് തല ചായ്ച്ചു വെച്ചു കണ്ണുകളടച്ചിരുന്നു… ഇടക്കിടക്ക് അത് അണ പൊട്ടി ഒഴുകുന്നുണ്ടായിരുന്നു… നവി കാണുന്നുണ്ടായിരുന്നു ആ സങ്കടം… ടൗണിലെ മുന്തിയ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ നവി കാർ ഒതുക്കി… “നിരഞ്ജന.. ഇവളെയും കൂട്ടി ചെന്നു ഇവൾക്കിടാനുള്ള കുറച്ച് ഡ്രസ്സ്‌ എടുക്ക്… വീട്ടിലും ഹോസ്പിറ്റലിലും ഇടാനുള്ളത്… “അവൻ ക്രെഡിറ്റ്‌ കാർഡ് നിരഞ്ജനയുടെ നേർക്ക് നീട്ടി… “മ്മ്..”നിരഞ്ജന ഗൗരിയുമായി പുറത്തേക്കിറങ്ങി..

“ഡീ.. ദാ മുഖം കഴുകിയിട്ടു പോ…”നവി കാറിൽ കണ്ട ബോട്ടിലെടുത്ത് അവളുടെ നേരെ നീട്ടി… അവളത് വാങ്ങി മുഖം കഴുകി…ആ വലത്തേ കവിൾ ചുവന്നു കിടക്കുന്നത് നവി കണ്ടു… ബോട്ടിൽ അവന്റെ കയ്യിലേക്ക് തിരിച്ചു നൽകിയിട്ട് അവൾ നിരഞ്ജനയ്ക്കൊപ്പം ടെക്സ്റ്റയിലിനുള്ളിലേക്ക് പോകുന്നത് നവി നോക്കിയിരുന്നു… ………………………………………..🌷

അവിടുന്നിറങ്ങി കാർ നേരെ ചെന്നു നിന്നത് ഹോസ്പിറ്റലിലാണ്… നവിയുടെ കാർ അവിടെ കിടക്കുകയായിരുന്നു… അവൻ നിരഞ്ജനയുടെ കാറിൽ നിന്നിറങ്ങി അവന്റെ കാറെടുക്കാൻ പോയി… കാറെടുത്തു കൊണ്ട് വന്നു നിരഞ്ജനയുടേ അടുത്തു വന്നിട്ട് “എന്റെ കാറിനെ ഫോളോ ചെയ്തു വാ..”എന്നും പറഞ്ഞു ഹോസ്പിറ്റലിന്റെ മെയിൻ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി… നിരഞ്ജന നവിയുടെ കാറിനെ ഫോളോ ചെയ്തു….. ചിങ്ങവനം ഭാഗത്തേക്ക് കാർ നീങ്ങുന്നത് കണ്ടപ്പോൾ നവിയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് നിരഞ്ജനയ്ക്ക് മനസിലായി… അവൾ ഗൗരിയെ ഒന്ന് പാളി നോക്കി…

ഗൗരിയീ ലോകത്തൊന്നുമല്ല എന്ന് നിരഞ്ജനയ്ക്ക് തോന്നി… നവിയുടെ കാർ പാലാഴി വീടിന്റെ കൂറ്റൻ ഗേറ്റ് കടന്ന് മുറ്റത്തെ വിശാലമായ ഗാർഡനിലിടയിലൂടെ വലിയ കാർ പോർച്ചിലേക്കു ചെന്നു നിന്നു..പുറകെ നിരഞ്ജനയുടെ കാറും… നവി സിറ്റൗട്ടിലേക്ക് കയറിയിട്ട് അവർ ഇറങ്ങാനായി കാത്തു നിന്നു.. നിരഞ്ചനയും അതിനു പുറകെ ഭയന്ന മുഖത്തോടെ ഗൗരിയും അവന്റടുത്തേക്ക് മെല്ലെ നടന്നു വന്നു… പുറത്ത് കാർ വന്നു നിന്ന ശബ്ദം കേട്ട് ചന്ദ്രശേഖർ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു… നിരഞ്ജനയെ കണ്ടു അദ്ദേഹം ചിരിയോടെ അടുത്തേക്ക് വന്നെങ്കിലും തൊട്ടു പുറകെ മറ്റൊരു പെൺകുട്ടിയെ കൂടി കണ്ടു ആരാണെന്ന ഭാവത്തിൽ നവിയെ നോക്കി…

“ഞങ്ങളുടെ മറ്റൊരു ഫ്രണ്ടാ അച്ഛാ.. നമ്മുടെ ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് ആയി.. ആയുർവേദിക് സെക്ഷനിൽ..ഇന്നിവിടെ ഉണ്ടാവും…” “മ്മ്.. “ചന്ദ്രശേഖർ ഇരുവരെയും നോക്കി പുഞ്ചിരിച്ചു.. “നിങ്ങളിരിക്ക്…ഞാനൊന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു…”ചന്ദ്രശേഖർ പുറത്തേക്കിറങ്ങി… “നിരഞ്ജന.. ഇന്നിനിയിപ്പോൾ പോയാൽ രാത്രിയാകും നീയെത്താൻ… ആര്യനെ വിളിച്ചു പറ… വരാൻ നാളെയാകുമെന്ന്…” “മ്മ്.. നവി.. അമ്മയും ചേച്ചിയുമെവിടെ… ഇവിടില്ലേ…”?? നിരഞ്ജന ചോദിച്ചു.. “നോ.. തിരികെ പോയിരുന്നു.. ബട്ട് വരും അധികം താമസിയാതെ…” “നിങ്ങൾ ഫ്രഷ് ആകൂ.. ദാ ആ റൂം ഉപയോഗിച്ചോളൂ…

ഞാനൊന്നു കിടക്കട്ടെ…”പറഞ്ഞു കൊണ്ട് നവി സ്റ്റെയർ കേസ് കയറി… മുകളിൽ തന്റെ റൂമിലേക്ക് കയറിയതും നവി ഷൂ പോലും ഊരാതെ ബെഡിലേക്ക് വീണു… എന്തൊക്കെയാണ് കുറച്ച് മണിക്കൂറുകൾക്കുള്ളിൽ നടന്നതെന്നു അവന് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… തലമുടിയിലൂടെ വിരലുകൾ കടത്തി അവൻ പിച്ചിപ്പറിച്ചു കൊണ്ടിരുന്നു… പെട്ടെന്നെന്തോ ഓർത്ത പോലെ അച്ഛമ്മയുടെ നമ്പർ ഡയൽ ചെയ്തു… “അമ്പാടിക്കുട്ടാ… എന്തായി സർജറി… പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നല്ലോ കുട്ടൻ.. അത് വിജയമായോ…”അച്ഛമ്മയുടെ വാത്സല്യം നിറഞ്ഞ സ്വരം തന്റെ കരളിൽ മഞ്ഞിന്റെ തണുപ്പ് വീഴ്ത്തിയതവൻ അറിഞ്ഞു… ഇന്നത്തെ സർജറിയുടേ കാര്യം അച്ഛമ്മയോട് പറഞ്ഞിരുന്നു..

പ്രാർത്ഥിക്കണമെന്നും പറഞ്ഞിരുന്നു.. അതാണ്‌ അച്ഛമ്മ ചോദിച്ചതെന്നു അവന് മനസിലായി.. “മ്മ്.. സക്സെസാണ് അച്ഛമ്മേ…”അവൻ പറഞ്ഞു… “എന്താ ന്റെ കുട്ടന്റെ സ്വരത്തിനൊരു വാട്ടം.. ന്തേലും സങ്കടംണ്ടോ…”അപ്പുറത് അച്ഛമ്മയുടെ വേവലാതി പൂണ്ട വാക്കുകൾക്ക് എന്ത് മറുപടി പറയണമെന്ന് അവന് മനസിലായില്ല…. രണ്ടീസം കഴിഞ്ഞു അങ്ങോട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ വെച്ചു.. …………………………..🌷 രാത്രി…. ജോലിക്കാരി എല്ലാവർക്കുമുള്ള ഭക്ഷണം ഉണ്ടാക്കിവെച്ച ശേഷം അവരുടെ വീട്ടിലേക്കു പോയി.. ചന്ദ്രശേഖറിന് വൈകിട്ട് ഓട്സ് ആണ് പതിവ്.. അയാൾ അത് കഴിച്ചിട്ട് മുറിയിലേക്ക് പോയി.. രാത്രി എട്ടുമണിയോടെ നവി ചെന്നു ഡോറിൽ തട്ടിയപ്പോൾ നിരഞ്ജനയാണ് വന്നു വാതിൽ തുറന്നത്… അവൻ അവരെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു…

നിരഞ്ജന ഒത്തിരി നിർബന്ധിച്ചിട്ടും ഗൗരി ഭക്ഷണം വേണ്ടാ എന്നു പറഞ്ഞു റൂമിൽ തന്നെയിരുന്നു… “അവളോട്‌ അടുത്ത കൊട്ട് കിട്ടേണ്ടെങ്കിൽ വന്നു കഴിക്കാൻ പറ..”പുറത്ത് നിന്നും നവിയുടെ പറച്ചിൽ കേട്ടതും ഗൗരി പൂച്ചയെ പോലെ എഴുന്നേറ്റ് നിരഞ്ജനയുടെ പുറകെ ചെന്നു… നിരഞ്ജയ്ക്ക് അറിയാതെ ചിരി പൊട്ടി പോയി…നവി പക്ഷെ കലിപ്പ് മോഡിൽ തന്നെയായിരുന്നു… നവിക്ക് എതിർവശത്തായിട്ടാണ് അവരിരുവരും ഇരുന്നത്… ഇടക്കിടക്ക് തന്റെ മേൽ പാളി വീഴുന്ന നവിയുടെ നോട്ടം ഗൗരിയെ പൊള്ളിക്കുന്നുണ്ടായിരുന്നു…. എന്തോ കഴിച്ചെന്നു വരുത്തി അവൾ വേഗം വായ് കഴുകി റൂമിലേക്ക് പോയി… “നിരഞ്ജന.. അവളുറങ്ങി കഴിയുമ്പോൾ നീ ഒന്ന് പുറത്തേക്ക് വരണം കേട്ടോ..

എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്…”നവി നിരഞ്ജനയോടു പറഞ്ഞു.. നിരഞ്ജന സമ്മതിക്കുകയും ചെയ്തു.. ഭക്ഷണം കഴിച്ചെഴുന്നേറ്റ് നിരഞ്ജന വീണ്ടും റൂമിലേക്ക് പോയി… നവി വിസിറ്റിംഗ് റൂമിൽ ടിവിയുടെ ചാനൽ മാറ്റി വെറുതെ ഇരുന്നു… പതിനൊന്നു മണി കഴിഞ്ഞപ്പോൾ നിരഞ്ജന വന്നു നവിക്ക് എതിർവശം ഇട്ടിരുന്ന കസേരയിലേക്കിരുന്നു… “എന്താ.. നവി പറയാനുണ്ടെന്നു പറഞ്ഞത്..”?അവൾ ചോദ്യരൂപേണ അവനെ നോക്കി… “അത്… നീ നാളെ പോകുവല്ലേ… അവൾ ഇവിടെ നിൽക്കുവോ..”?? “എനിക്കറിയില്ല നവി…” ഇവിടെ ഞാനും അച്ഛനും മാത്രമല്ലേ ഉള്ളൂ.. സ്ത്രീകളാരും ഇല്ലല്ലോ… ഓഫിസ് സ്റ്റാഫിനായി ഒരു വീടെടുത്തിട്ടിട്ടുണ്ട്… അവിടെ നിർത്താൻ എന്തോ മനസ് വരുന്നില്ല…

നാളെ വൈകിട്ടോടെ എനിക്ക് ട്രിവാൻഡ്രം പോകണം.. ഒരു മെഡിക്കൽ സെമിനാർ ഉണ്ട്.. എന്താ ചെയ്യുക… ” നിരഞ്ജന ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു… “അച്ഛനോട് പറയണ്ടേ നവി… ഇത് ഗൗരിയാണെന്ന്…”?? “മ്മ്.. നാളെ രാവിലെ പറയണം…” “മുത്തശ്ശി ഇപ്പോ അവിടെ ഒറ്റക്കാല്ലേ..”?? “ശാരദാമ്മ ഉണ്ട്.. കുഴപ്പമില്ല.. ഞാൻ പറഞ്ഞില്ലായിരുന്നോ…” “മ്മ്.. ഈ സെമിനാർ കൂടി കഴിഞ്ഞേ ഞാനൊന്ന് ഫ്രീ ആകൂ…എന്താ ഇപ്പൊ ചെയ്യാ…”നവി താടിയുഴിഞ്ഞു… “നവി.. അച്ഛമ്മയുടെ അടുത്ത് നിർത്തിക്കൂടെ…അവിടെ സെയ്ഫ് അല്ലേ…”?? പെട്ടെന്ന് നിരഞ്ജന ചോദിച്ചു.. “ആഹ്… ശരിയാണല്ലോ..”നവിയുടെ മുഖം വിടർന്നു..

“എന്നാ പിന്നെ അങ്ങനെ ചെയ്യാം…ശരിയെടാ ഗുഡ് നൈറ്റ്… താങ്ക്സ് ഫോർ എവരിതിങ്…”നവി അവളെ നോക്കി പുഞ്ചിരിച്ചു… “Goodnight “നിരഞ്ജന റൂമിലേക്ക് പോകാൻ എഴുന്നേറ്റു… അവൾ രണ്ട് ചുവടു വെച്ചതും നവി അവളെ പുറകിൽ നിന്നും വിളിച്ചു… “നിരഞ്ചനാ…” അവൾ എന്താ എന്ന് മുഖമനക്കി ചോദിച്ചു.. “ഞാൻ… ഞാൻ അവളെയൊന്നു കണ്ടോട്ടെ….”?? നവിയുടെ ആർദ്രമായ ആ ചോദ്യം കേട്ട് നിരഞ്ജന ആശ്ചര്യം പൂണ്ടു… മെല്ലെയൊന്നു തലയനക്കി സമ്മതമറിയിച്ചു കൊണ്ട് അവൾ നവിയെ സാകൂതം നോക്കി നിന്നു… പതിഞ്ഞ കാൽവെപ്പോടെ നവി ആ റൂമിന്റെ വാതിൽ സാവധാനം തുറന്നു അകത്തു കയറി.. അവൻ നിൽക്കുന്ന വശത്തേക്ക് ചരിഞ്ഞു കിടന്നുറങ്ങുകയാണ് അവൾ…

ഇന്ന് വാങ്ങിയതാണെന്ന് തോന്നുന്നു.. ഒരു പിങ്ക് ചുരിദാർ ആണ് വേഷം.. കുളി കഴിഞ്ഞ മുടി തലയണയിൽ വിതറി ഇട്ടിട്ടുണ്ട്… പൊട്ടില്ല… പഴയ ആ ഭസ്മക്കുറിയും ഇല്ല… കവിളിലെ തിണർത്തു കിടക്കുന്ന ചുവന്ന കൈവിരൽ പാടിലേക്ക് നവിയുടെ നോട്ടം ചെന്നു നിന്നു.. എന്തിനോ മനസ് വിങ്ങുന്നതവൻ അറിഞ്ഞു… “മഹാദേവൻ ന്റെ വിളി കേട്ടൂല്ലോ ഗൗരി..ന്റെ മുന്നിൽ എത്തിച്ചു തന്നുവല്ലോ ന്റെ പ്രാണനെ…”!! അവൻ മെല്ലെ കുനിഞ്ഞു ആ കവിളിലേക്ക് തന്റെ അധരങ്ങൾ ചേർത്തു….ഒരു ചുടു കണ്ണീർതുള്ളി ഇറ്റ് ആ കവിളിലേക്ക് വീണു..❣️……. കാത്തിരിക്കുവോ…. ദിവ്യ…..

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 32

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!