സമാഗമം: ഭാഗം 8

സമാഗമം: ഭാഗം 8

എഴുത്തുകാരി: അനില സനൽ അനുരാധ

ചുവരിൽ ചാരി നിന്ന് മിഴിനീർ വാർക്കുന്ന മീരയെ കണ്ടപ്പോൾ നന്ദു അവളുടെ അരികിലേക്ക് നടന്നു… “കരയാൻ ഇപ്പോൾ എന്തുണ്ടായി? ” അവൻ തിരക്കിയപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി… “നീ കാണിച്ച ധൈര്യം എന്റെ അമ്മ അന്നു കാണിച്ചിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു പോവുകയാണ്… ” എന്നു വേദനയോടെ പറഞ്ഞ് അകന്നു പോകുന്ന നന്ദുവിനെ നോക്കി മീര നിന്നു. “മീരാ…” സന്ദീപിന്റെ വിളി കേട്ടതും അവൾ കണ്ണുകൾ തുടച്ച് അവന്റെ അടുത്തേക്ക് നടന്നു… അവളുടെ കയ്യിൽ ഇരിക്കുന്ന കടലാസുകൾ വിറകൊള്ളുന്നുണ്ടായിരുന്നു. അവൾ നീട്ടും മുൻപേ സന്ദീപ് കടലാസുകൾ വലിച്ചെടുത്ത് കഴിഞ്ഞിരുന്നു. “അവകാശം പറഞ്ഞു വരാൻ ഇനി അവൾക്ക് ആകെയൊരു വെല്ല്യച്ഛൻ മാത്രമേയുള്ളൂ…

ഇനി മീര അവിടെ പോയി നിന്നാൽ സൂരജ് സ്വസ്ഥത കൊടുക്കില്ല. അവളുടെ ഭർത്താവിന് അവളെ വേണ്ട…. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെയും… ഇതു കണ്ടില്ലേ?” എന്നു ചോദിച്ചു കൊണ്ട് അവൻ കയ്യിലെ കടലാസുകൾ അച്ഛനു നേർക്ക് നീട്ടി. അച്ഛൻ അതു വാങ്ങി ദീപയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.. “ഇവൻ പറയുന്നതെല്ലാം സത്യമാണോ മോളെ.. ” ദീപ അതു വാങ്ങി വായിച്ചു നോക്കി.. പിന്നെ തലയാട്ടി… “മോനെ ഇതുമായി ആ ലക്ഷ്മണൻ വക്കീലിനെ പോയി കാണണം… എന്നിട്ട് എന്താ ഇനി ചെയ്യേണ്ടത് എന്ന് തിരക്കുകയും വേണം…” “അങ്ങനെ ചെയ്യാം അച്ഛാ…” “ഇനി ആരെങ്കിലും മീരയെ കാണുമ്പോൾ ആരാണെന്നോ എന്താണെന്നോ ഒക്കെ ചോദിച്ചു തിരക്കി വരും… അപ്പോൾ എന്തു പറയും? ” “അച്ഛൻ പറയുന്നതു പോലെ … ” “കാർത്തുവിന്റെ ബന്ധത്തിലുള്ള കുട്ടി…

കുറച്ചു നാൾ ഇവിടെ ഉണ്ടാകും… ” തല്ക്കാലത്തേക്ക് അത്രയും പറഞ്ഞാൽ മതി… കേട്ടല്ലോ എല്ലാവരും.. ” എല്ലാവരും തലയാട്ടി… “ഇനി ഇതു മോളുടെ കൂടെ വീടായി കണ്ടോളൂ… തെറ്റു കണ്ടാൽ അച്ഛനും അമ്മയും വഴക്കു പറയും… ചിലപ്പോൾ ചെവിയിൽ നല്ല നുള്ള് കിട്ടിയെന്നും വരും… അതിന് ആലോചിച്ചു കൂട്ടി മറ്റു വ്യാഖ്യാനങ്ങൾ ഒന്നും നൽകാൻ നിൽക്കരുത്…” അവൾ ഒന്നും പറയാതെ അച്ഛനെ നോക്കി… അച്ഛൻ കൈ നീട്ടി അടുത്തേക്ക് വിളിച്ചു… അവൾ സന്ദീപിനെ നോക്കി… അവൻ കണ്ണു കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു… അടുത്ത് എത്തിയതും അച്ഛൻ അവളുടെ ചെവിയിൽ പതിയെ പിടിച്ചു .. അവൾ ചെവിയ്ക്ക് മീതെ കൈ കൊണ്ട് വന്നു വെച്ചു. “ഇതെന്തിനാണെന്ന് മനസ്സിലായോ?”

ഇല്ലെന്ന് അവൾ ചുമൽ കൂച്ചി കാണിച്ചു. “അച്ഛൻ വിളിച്ചാൽ അച്ഛന്റെ അടുത്തേക്ക് വരണം. അതിന് അവന്റെ അനുവാദം തിരക്കണോ? ” അവൾ ഒന്നും പറയാതെ സന്ദീപിനെ നോക്കി. “ദേ വീണ്ടും അവനെ നോക്കുന്നു…” അച്ഛൻ ചിരിയോടെയാണ് പറഞ്ഞതെങ്കിലും മീരയുടെ കണ്ണുകൾ നിറയുകയാണ് ചെയ്തത്.. “അതിനെ വെറുതെ പേടിപ്പിക്കല്ലേ അച്ഛാ… ” “അങ്ങനെ അങ്ങു പേടിക്കാൻ പാടുമോ… മോളെ ദീപേ മീരയുടെ ബാഗ് എടുത്ത് മുറിയിൽ കൊണ്ടു വെയ്ക്ക്…” “ഞാൻ കൊണ്ടു വന്നു വെച്ചോളാം… ” മീര പറഞ്ഞു. “അതു ദീപ എടുത്തു കൊണ്ടു വന്നോളും.” എന്നു പറഞ്ഞ് അച്ഛൻ ദീപയെ നോക്കി… ദീപ വേഗം മീരയുടെ ബാഗ് വെച്ചിരുന്ന മുറിയിലേക്ക് നടന്നു.. “പിന്നെ മോളെ ആനന്ദ്… നന്ദു… എന്റെ അനിയന്റെ മോനാ… ഒരു പാവമാ… പക്ഷേ അവനു കുറച്ച് ദുശീലങ്ങളൊക്കെയുണ്ട്..

ചിലപ്പോൾ രാത്രിയിൽ മദ്യപിച്ചു വരും… ആ സമയത്തു കുറച്ചു ദേഷ്യം കൂടുതലാണ്… ആരും ഉപദേശിക്കാൻ ചെല്ലുന്നതൊന്നും ഇഷ്ടമില്ല. ഇടയ്ക്ക് പിണങ്ങി ഒരു പോക്കാണ്. പിന്നെ വരാൻ മാസങ്ങൾ കഴിയും.. അങ്ങനെ ഒരു പോക്ക് പോയിട്ട് ഇങ്ങോട്ട് തിരിച്ചു വന്നത് രണ്ടു ദിവസം മുൻപാണ്. പിന്നെ ചിലപ്പോൾ അവൻ ചിരിക്കുകയോ അധികം സംസാരിക്കുകയോ എന്നൊന്നും ചെയ്യില്ല. അതൊന്നും മോളോടുള്ള ഇഷ്ടക്കേട്‌ കൊണ്ടാണ് എന്നൊന്നും വിചാരിക്കരുത്. അവന്റെ സ്വഭാവം അങ്ങനെയായിപ്പോയി. അങ്ങനെയാക്കി എന്നു വേണമെങ്കിലും പറയാം… ” ഏതോ ഓർമ്മയിൽ എന്ന പോൽ അച്ഛൻ ഒന്നു നിശ്വസിച്ചു… മീരയുടെ മിഴികൾ ചുറ്റുമൊന്നു പരതി നോക്കി. പ്രതീക്ഷിച്ച ആളെ കണ്ടില്ല… നന്ദു അതൊന്നും കേൾക്കാഞ്ഞത് ഭാഗ്യമായിപ്പോയെന്ന് അവൾക്ക് തോന്നി… ***

ബെഡിൽ ഇരിക്കുന്ന സന്ദീപിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് അവൻ ഇളകുന്നതിനൊപ്പം ഊഞ്ഞാലിൽ എന്ന പോലെ ആടി കളിക്കുകയായിരുന്നു ശിവാനി… ഇടയ്ക്ക് സന്ദീപിന്റെ മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു… “ഇതു തന്നെയാ ഏട്ടാ ഇവളുടെ പണി… രാത്രിയിൽ എന്റെ മുടിയിൽ പിടിച്ചു വലിച്ചു പൊട്ടിച്ചു കൊണ്ടിരിക്കും… ” ദീപ പരിഭവം പറഞ്ഞു… പെട്ടെന്ന് സന്ദീപ് ശിവമോളെ പിന്നിൽ നിന്നും പൊക്കിയെടുത്ത് മടിയിലേക്കു കിടത്തി… “ആണോടീ കള്ളിപ്പെണ്ണേ… എന്റെ കൊച്ചിന്റെ മുടിയൊക്കെ പൊട്ടിച്ചു കളഞ്ഞോ?” അവളുടെ മൂക്കിൽ പതിയെ പിടിച്ചു കൊണ്ടു അവൻ തിരക്കിയതും അവൾ കുലുങ്ങിച്ചിരിച്ചു… “അച്ചോടാ… ചിരിക്കുന്നോ?” എന്നു ചോദിച്ചു കൊണ്ട് ശിവമോളുടെ വയറ്റിൽ മൂക്ക് കൊണ്ട് ഉരസിയതും അവൾ ഒന്നു കൂടെ ഉറക്കെച്ചിരിച്ചു…

സന്ദീപ് വേഗം അവളെ മടിയിലേക്ക് ഇരുത്തി… “നന്ദു… അവൻ എന്നാ വന്നത്? ” “മിനിഞ്ഞാന്ന് രാത്രിയിൽ കയറി വന്നതാ… പാവം.” “ചെറ്യച്ഛന്‍ ഇല്ലേ അവിടെ? ” “അവിടെയുണ്ട്… ഏട്ടൻ പോകുന്നുണ്ടോ അങ്ങോട്ട്… ” “ഇല്ല.. ആ സ്ത്രീ ഓരോന്നു ചോദിച്ചു ചൊറിയാൻ വരും…” “അപ്പോൾ ഏട്ടൻ അങ്ങു മാന്തിക്കൊടുത്തോ… “ദീപ ചിരിയോടെ പറഞ്ഞു… അവളുടെ പുഞ്ചിരി കാണെ സന്ദീപിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. അവളിൽ പഴയ പ്രസരിപ്പ് വന്നു കൊണ്ടിരിക്കുകയാണെന്ന് അവനു തോന്നി… മുൻപ് അവൾ ഇതിലും കുസൃതിയായിരുന്നു… വീട്ടിലെ എല്ലാവരുടെയും പൊന്നോമന. ചെന്നു കയറിയ വീട്ടിലും അങ്ങനെത്തന്നെയായിരുന്നു…

അവളുടെ എല്ലാ കുറുമ്പുകളും ഗണേഷിനു ഇഷ്ടമായിരുന്നു… പക്ഷേ ആ സ്നേഹം അധികം അനുഭവിക്കാനുള്ള ഭാഗ്യം അവൾക്ക് ഉണ്ടായില്ല… സന്ദീപ് ഒന്നു നിശ്വസിച്ചു. “മാതു ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്…” ദീപ പറഞ്ഞപ്പോൾ അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. “അവൾ എന്തിനാ ഇങ്ങോട്ട് വരുന്നത്?” “എന്നായാലും ഇങ്ങോട്ട് തന്നെയല്ലേ നിലവിളക്കുമെടുത്ത് അവൾ വന്നു കയറുക? ” “നിനക്കു അകത്ത് വേറെ പണിയൊന്നും ഇല്ലേ? ” “ഇല്ല… ” “ആഹ് ! അതിന്റെ കുഴപ്പമാണ്… ” എന്നു പറഞ്ഞ് ശിവമോളെയും എടുത്ത് അവൻ അകത്തേക്ക് പോയി… അപ്പോഴാണ് നന്ദു പുറത്തു നിന്നും കയറി വന്നത്… “വെല്ല്യമ്മേ വെള്ളം…” അകത്തേക്ക് കയറിയതും അവൻ വിളിച്ചു പറഞ്ഞു.

“ഇതെവിടെ പോയതാടാ? ” സന്ദീപ് തിരക്കി. “ഞാൻ വെറുതെ കവല വരെ ഒന്നു പോയി. പിന്നെ നീ ആ മനുവിന്റെ കാറിലാണോ ഇങ്ങോട്ട് വന്നത്… ” “അതേ… ” അപ്പോഴേക്കും വെള്ളവും എടുത്ത് അമ്മ വന്നു. “വെള്ളം എടുക്കാൻ ഇത്രയും സമയം വേണോ വെല്ല്യമ്മേ? ” അവൻ വെള്ളം വാങ്ങിക്കുമ്പോൾ തിരക്കി. “മീൻ നന്നാക്കുകയായിരുന്നു… കൈ നന്നായി കഴുകണ്ടേ? ” നന്ദു പിന്നെ ഒന്നും ചോദിക്കാതെ വേഗം വെള്ളം കുടിച്ചു. “മീര എവിടെ അമ്മേ?” സന്ദീപ് തിരക്കി. “അവൾ അവിടെ മീൻ നന്നാക്കുന്നുണ്ട്.” “എന്തിനാ അമ്മേ അവളെ കൊണ്ട് ഓരോന്നു ചെയ്യിക്കുന്നത്? ” “ഞാൻ ചെയ്യാൻ പറഞ്ഞിട്ടൊന്നും അല്ല… ആ കുട്ടി നിങ്ങളെ പോലെയല്ല. അതിന് വെറുതെ ഇരിക്കാൻ ഇഷ്ടമില്ല. മാധവേട്ടന്റെ കൂടെ മില്ലിൽ പോയി സഹായിച്ചൂടെ രണ്ടിനും…” “ദീപു നാളെ തൊട്ട് പൊയ്ക്കോളും വെല്ല്യമ്മേ… ”

“നന്ദു എന്റെ കൂടെ വന്നോളും. അമ്മ അതോർത്തു വിഷമിക്കാതെ പോയി ബാക്കി മീൻ കൂടെ നന്നാക്കിക്കോ…” നന്ദുവിന്റെ കയ്യിൽ നിന്നും വെള്ളത്തിന്റെ കപ്പും വാങ്ങി അമ്മ അടുക്കളയിലേക്ക് നടന്നു. സന്ദീപിന്റെ കയ്യിൽ നിന്നും കുതറി ഇറങ്ങി ശിവാനിയും അമ്മമ്മയുടെ പുറകെ പോയി… “അമ്മേ ശിവ അങ്ങോട്ട് വരുന്നുണ്ട്…” സന്ദീപ് ഉറക്കെ വിളിച്ചു പറഞ്ഞു. “ആഹ് !” “നീ എന്താ നന്ദു നേരത്തെ മനുവിന്റെ കാര്യം തിരക്കിയത്? ” “ആ തെണ്ടിയുടെ വണ്ടിയല്ലാതെ വേറെ കിണ്ടിയൊന്നും കിട്ടിയില്ലേ അവളെ കൂട്ടിക്കൊണ്ടു വരാൻ?” “എന്താ പ്രശ്നം?” “നിന്റെ കല്യാണം കഴിഞ്ഞു.. ഭാര്യയുമായിട്ടാണ് വന്നിരിക്കുന്നത് എന്ന് നാട്ടിൽ പാട്ടായിട്ടുണ്ട്.” “ഭാര്യയോ?”

“വെറും ഭാര്യയല്ല ഗർഭിണിയായ ഭാര്യ. ” സന്ദീപ് സോഫയിലേക്ക് ഇരുന്നു. “അച്ഛൻ അറിഞ്ഞു കാണുമോ?” “അറിയാതെ പിന്നെ? ” “ആഹ്! ആൾക്കാർ അവർക്ക് തോന്നുന്നത് പറഞ്ഞോട്ടെ. സത്യം നിങ്ങൾക്ക് അറിയാലോ അതുമതി… ” “ഞങ്ങൾ മാത്രം അറിഞ്ഞിട്ട് എന്തു കാര്യം? ” “എല്ലാവരുടെയും മുൻപിൽ നല്ലപിള്ള ചമഞ്ഞു നടക്കാൻ എനിക്ക് യാതൊരു ആഗ്രഹവും ഇല്ല.” “അരവിന്ദേട്ടൻ വരും… ” “വന്നോട്ടെ… അങ്ങനെയെങ്കിലും ആ കല്യാണാലോചന മുടങ്ങിപ്പോയാൽ അത്രയും സന്തോഷം…” “നിനക്കെന്താടാ അവളെ സ്നേഹിച്ചാൽ അവൾ നല്ല കുട്ടിയല്ലേ? ” “നല്ലതോ ചീത്തയോ എന്നതല്ല.. എനിക്ക് അവളെ വേണ്ട. അവളെ എന്നല്ല ഒരുത്തിയേയും എനിക്ക് വേണ്ട… ”

“അവൾ വരുന്ന ആലോചനകൾ എല്ലാം മുടക്കി കാത്തിരിക്കുന്നതു നിനക്കു വേണ്ടിയാണ്… ” “ഞാൻ പറഞ്ഞിട്ടില്ല ആരോടും കാത്തിരിക്കാൻ… എന്റെ ദീപയും മോളും… അവർക്ക് അപ്പുറത്തേക്ക് എനിക്ക് മാത്രമായി ഒരു ജീവിതം വേണ്ട… ഇപ്പോൾ വിധി മീരയെ കൂടെ എന്റെ അരികിലേക്ക് കൊണ്ട് എത്തിച്ചിരിക്കുകയാ… അവളെ പോലെ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാണാൻ ഞാനും കൊതിക്കുന്നുണ്ട്… അതു കഴിഞ്ഞു അവൾക്ക് ഒരു ജീവിതമാർഗ്ഗം കൂടി ഉണ്ടാക്കി കൊടുക്കണം. പിന്നെ അവൾക്ക് അവളുടെ ഇഷ്ടത്തിന് എവിടെ പോയി വേണമെങ്കിലും ജീവിക്കാം…” “ദീപയേയും മോളെയും ഓർത്താണ് നീ ഒരു ജീവിതം വേണ്ടെന്നു വെക്കുന്നതെങ്കിൽ അതു വേണ്ട. അവർക്ക് ഞാൻ ഉണ്ടാകും.”

“ഒന്നു പോടാ തമാശ പറയാതെ. ഒരു പോക്ക് പോയാൽ പിന്നെ അഞ്ചാറു മാസം കഴിഞ്ഞു മടങ്ങി വരുന്ന നീ അവർക്ക് കൂട്ടിന് ഉണ്ടാകും എന്നു ഞാൻ വിശ്വസിക്കണം അല്ലേ? ” “ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല.. ” “എന്നാൽ നീ ഒരു പെണ്ണ് കെട്ടി നിനക്ക് ഒരു ജീവിതം ഉണ്ടാക്കാൻ നോക്ക്…” അതു കേട്ടതും നന്ദു ഒന്നും പറയാതെ മുറിയിലേക്ക് പോയി… സന്ദീപ് അവൻ പോകുന്നത് പുഞ്ചിരിയോടെ നോക്കി നിന്നു.. “ദീപുവേട്ടാ… ” കരച്ചിലിന്റെ അകമ്പടിയോടു കൂടെയുള്ള വിളി കേട്ടതും സന്ദീപിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. തിരിഞ്ഞു നോക്കാതെ തന്നെ അതാരാണെന്ന് അവൻ തിരിച്ചറിഞ്ഞു… അവനിൽ ഗൗരവം നിറഞ്ഞു.. അവനിൽ ഗൗരവം നിറഞ്ഞു.. ഓടി വന്ന് സന്ദീപിന്റെ വലതു കയ്യിൽ മുറുകെ പിടിക്കുമ്പോൾ മാതുവിന്റെ തേങ്ങൽ ഉയരുന്നുണ്ടായിരുന്നു… “ദീപുവേട്ടാ… ”

ഇടർച്ചയോടെ അവൾ വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി… അവളുടെ മിഴികൾ ആകെ കലങ്ങിയിരുന്നു.. കരഞ്ഞു മുഖമാകെ ചുവപ്പുരാശി പടർന്നിരുന്നു. “എല്ലാവരും ഓരോന്ന് വെറുതെ പറയുന്നതല്ലേ?” അവൻ ഒന്നും പറയാതെ അവളെ രൂക്ഷമായി നോക്കി. “എന്നെ ഇഷ്ടപ്പെടുന്നതു വരെ ഞാൻ കാത്തിരുന്നോളാം… സത്യമല്ലെന്ന് ഒന്നു പറഞ്ഞൂടെ ദീപുവേട്ടാ…” “ഞാൻ നിന്നോട് കാത്തിരിക്കാൻ പറഞ്ഞിട്ടുണ്ടോ.. ഉണ്ടോന്ന്? ” അവന്റെ ശബ്ദം ഉയർന്നതും അവൾ അവന്റെ കയ്യിലെ പിടി വിട്ടു… അമ്മ അപ്പോഴാണ് അകത്തേക്ക് വന്നത്. പുറകിലായി മീരയും അവളുടെ കയ്യിൽ തൂങ്ങി ശിവാനിയും ഉണ്ടായിരുന്നു. “മാതു… നീ എപ്പോഴാ മോളെ വന്നത്? ” “ഇപ്പോൾ വന്നേയുള്ളു അമ്മേ…” കണ്ണുകൾ തുടച്ച് ഇടർച്ചയോടെ പറയമ്പോൾ അമ്മയുടെ അടുത്തു നിൽക്കുന്ന മീരയുടെ നേർക്ക് നോട്ടം പാളി വീണു…

കേട്ടത് സത്യമാകല്ലേ എന്നോർത്ത് ഓടി വന്നിട്ട്… മനസ്സിൽ ആകെ കൊളുത്തിപ്പിടുത്തം നിറയാൻ വെമ്പുന്ന മിഴികൾ മാതു ഷാളുകൊണ്ട് തുടച്ചു കളഞ്ഞു… പിന്നെ പ്രയാസപ്പെട്ടു കൊണ്ട് പുഞ്ചിരിച്ചു… “ഇതാരാ അമ്മേ? ” “എന്റെ ബന്ധത്തിലുള്ള കുട്ടിയാ മോളെ. കുറച്ചു ദിവസം ഇവിടെ ഉണ്ടാകും.. ” “ഹ്മ്മ്… ” “മോൾ എന്താ തനിച്ച് ഇങ്ങോട്ട് പോന്നത്. അമ്മ എവിടെ? ” “ഞാൻ കവല വരെ ഒന്നു വന്നതാ അമ്മേ. എന്റെ ഒരു ബ്ലൗസ് തയ്‌ക്കാൻ കൊടുത്തിരുന്നു… അപ്പോൾ മനുവേട്ടനാ പറഞ്ഞത് ദീപുവേട്ടൻ വന്നിട്ടുണ്ടെന്ന്.” “അവൻ പറയാതെ ഒരു വരവായിരുന്നു മോളെ. അതാ അറിയിക്കാഞ്ഞത്… ” ദീപയും അങ്ങോട്ട് വന്നു… “ഇന്നും രണ്ടും പിണങ്ങിയോ… കണ്ണെല്ലാം നിറഞ്ഞ് ഇരിപ്പുണ്ടല്ലോ.” ദീപ തിരക്കി.

“പിണക്കമൊന്നും ഇല്ല ചേച്ചി… പെട്ടെന്ന് കണ്ടതിന്റെ സന്തോഷം…” “സന്തോഷം വന്നാലും ഇങ്ങനെ കരയുമോ?” അവൾ ഒന്നും പറയാതെ സന്ദീപിനെ നോക്കി. “ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്… അരവിന്ദേട്ടനെ ഒന്നു കാണണം. എന്റെ സമ്മതം ഇല്ലാതെ അച്ഛന്റെ കൂടെച്ചേർന്നു ഓരോ തമാശ പറയുക. അതിന്റെ പേരിൽ ഇവളെ ഇങ്ങനെ വിഷമിപ്പിക്കുക… കുറച്ച് കഷ്ടമുണ്ട്.” “തമാശയല്ല ദീപുവേട്ടാ… എന്റെ ജീവിതമാണ്… ഇന്നോ ഇന്നലെയോ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയതല്ല… നാലഞ്ചു വർഷം കഴിഞ്ഞില്ലേ… ഒന്നും വേണ്ട പഴയ പോലെ എന്നോടൊന്നു സംസാരിക്കുകയെങ്കിലും ചെയ്തൂടെ…” “ഭ്രാന്തു പറയാതെ നീ വീട്ടിലേക്ക് പോകാൻ നോക്ക്…” എന്നു പറഞ്ഞ് സന്ദീപ് മുറിയിലേക്ക് പോയി… “ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ അമ്മേ? ” “മോൾ അതൊന്നും കാര്യമാക്കണ്ട…”

അമ്മ മാതുവിന്റെ കൈപ്പിടിച്ച് സോഫയിൽ കൊണ്ടു വന്നിരുത്തി. ശിവാനിമോൾ ഓടി വന്ന് മാതുവിന്റെ മടിയിൽ കയറി ഇരുന്നു… അമ്മ മാതുവിന്റെ അരികിൽ ഇരുന്നു കൊണ്ട് അവളുടെ പുറത്ത് തലോടി. ദീപ കസേരയിൽ ഇരുന്നു. കൂടെ മീരയേയും വിളിച്ച് അരികിൽ ഇരുത്തി. “മീരാ… ഇതാണ് എന്റെ ഭാവി ഏട്ടത്തിയമ്മ… ” സന്ദീപ് കേട്ടോണ്ട് വരാതെയിരിക്കാൻ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്… മീര പുഞ്ചിരിയോടെ മാതുവിനെ നോക്കി… മാതുവും മീരയെ നോക്കി ഇരിക്കുകയായിരുന്നു. മാതു അവളെ നോക്കി വേദനയോടെ പുഞ്ചിരിച്ചു. “ഇന്നു ഓഫ് ആണോ? ” ദീപ തിരക്കി. “അതെ. ” “മീരാ.. മാതു ഇവിടെ താലൂക് ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ആണു കേട്ടോ…” ദീപ പറഞ്ഞു.

മീര തലയാട്ടി. “മാതു… ലത ഡോക്ടർ ഇപ്പോഴും അവിടെ വർക്ക്‌ ചെയ്യുന്നില്ലേ? ” “ഉണ്ട് അമ്മേ.” “മീരയെ അവിടെ കാണിക്കണം. മുൻപ് കാണിച്ചിരുന്ന ഹോസ്പിറ്റലിലേക്ക് വീട്ടിൽ നിന്നും പോയി വരാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇനി പ്രസവം കഴിയുന്നതു വരെ മീര ഇവിടെത്തന്നെയുണ്ടാകും.” “ലത ഡോക്ടർ നല്ല ഡോക്ടറാ അമ്മേ. എന്നാ പോകുന്നത്? ” “നാളെ പോകാമെന്നാ വിചാരിക്കുന്നത്… ” “ഹ്മ്മ്.. എന്നാൽ ഞാൻ പൊയ്ക്കോട്ടെ?” അവൾ തിരക്കി… “എന്നാൽ നാളെ കാണാം മോളെ. ഹോസ്പിറ്റലിൽ വരുമ്പോൾ ഞങ്ങൾ അങ്ങോട്ട് വരാം… ” മാതു എഴുന്നേറ്റു. അപ്പോഴാണ് നന്ദു അകത്തേക്ക് വന്നത്… കവലയിൽ നിന്നും എന്തൊക്കെയോ കേട്ടിട്ടാണ് അവൾ വന്നിരിക്കുന്നതെന്ന് മുഖം കണ്ട മാത്രയിൽ അവനു മനസ്സിലായി… “ഇനി കുറച്ചു മാസം ഇവിടെ ഉണ്ടാകുമോ നന്ദേട്ടാ?” “ഉണ്ടാകാതെ പിന്നെ… ”

“ഞാൻ പോവാ നന്ദേട്ടാ… ഇങ്ങോട്ട് വരുന്നത് വീട്ടിൽ പറഞ്ഞിട്ടില്ല. വൈകിയാൽ അമ്മ പേടിക്കും. ” അവൻ തലയാട്ടി… “ദീപുവേട്ടനോട്‌ പറഞ്ഞാൽ മതി അമ്മേ…” “മോളു പറഞ്ഞിട്ട് പൊയ്ക്കോ… ” ദേഷ്യപ്പെടുമെന്ന് അറിയാമെങ്കിലും അവന്റെ അരികിലേക്ക് എത്തിച്ചേരാൻ അവളുടെ കാലുകൾക്ക് വേഗത കൂടി… അവന്റെ മുറിയിലേക്ക് നടന്നു… ചാരിയിട്ട വാതിൽ തുറന്നപ്പോൾ ബെഡിൽ കമിഴ്ന്നു കിടക്കുന്ന സന്ദീപിനെ കണ്ടു. അവൾ അരികിൽ ചെന്നിരുന്നു… അവളുടെ സാമിപ്യം അവൻ അറിഞ്ഞിരുന്നു… “ദീപുവേട്ടാ… എന്നെ കാണുന്നതേ ഇഷ്ടമല്ലെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ ഓടി എത്താൻ പറ്റുന്ന ദൂരത്ത് ഉണ്ടേൽ കാണാതിരിക്കാൻ എനിക്ക് പറ്റില്ല… അറിയാതെ വന്നു പോകും. ഞാൻ അല്ലാതെ മറ്റൊരു പെണ്ണ് ദീപുവേട്ടന്റെ ജീവിതത്തിൽ ഉണ്ടായാൽ സഹിക്കില്ല… എത്ര പേടിച്ചിട്ടാണ് ഇങ്ങോട്ട് ഓടി വന്നതെന്ന് അറിയോ? ”

. “ഞാൻ പൊയ്ക്കോട്ടെ? ” “ഹ്മ്മ്… ” “പോകുന്നത് ഇപ്പോൾ ഈ മുറിയിൽ നിന്നും മാത്രാണ്. അതും എന്റെ ശരീരം മാത്രം… മനസ്സ് ഇവിടെ തന്നെ ഉണ്ടാകും…” എന്നു പറഞ്ഞ് അവൾ എഴുന്നേറ്റു നടന്നു… വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കുമ്പോഴും അവൻ കമിഴ്ന്നു കിടക്കുകയായിരുന്നു… മുറിയിൽ നിശബ്ദത നിറഞ്ഞപ്പോൾ സന്ദീപ് മുഖം ഉയർത്തി വാതിൽക്കലേക്ക് നോക്കി… അവൾ നിന്നിടം ശൂന്യമാണെന്ന് കണ്ണുനീർ വന്നു മൂടിയ മങ്ങിയ കാഴ്ചയോടെ അവൻ കണ്ടു… ** രാത്രിയിൽ ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുകയായിരുന്നു സന്ദീപ്… അച്ഛൻ മില്ലിൽ നിന്നും വരാൻ ആകുന്നതേ ഉണ്ടായിരുന്നുള്ളു. പുറകിൽ മെല്ലെ ഒരു അടി കിട്ടിയപ്പോൾ അവൻ തിരിഞ്ഞു നോക്കി…

നന്ദു അവന്റെ അരികിൽ ഇരുന്നു. “ഇനി എന്താ നിന്റെ പരിപാടി?” “ബാലു വിളിച്ചിരുന്നു. ഇനി തിരിച്ചു പോകേണ്ടി വരുമെന്ന് തോന്നുന്നില്ല. ” “നിനക്ക് മില്ലിൽ പോയിക്കൂടെ? ” “ഹ്മ്മ്.. നാളെ തൊട്ട് നമുക്ക് പോകാടാ… ” “ഞാനില്ല… അധികം നാൾ ഇവിടെ നിന്നാൽ എനിക്ക് ശ്വാസം മുട്ടും. അതാണ് വെല്ല്യമ്മയോടോ വെല്ല്യച്ഛനോടോ പിണങ്ങി ഇറങ്ങി ഒരു പോക്ക് പോകുന്നത്.” “എന്തിനാ നീ ഇങ്ങനെ ഒളിച്ചോടുന്നത്… ” “ഈ മതിലിനപ്പുറത്തെ ആ വീട്ടിൽ എനിക്ക് പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ആ ഓർമ്മകൾ വീണ്ടും എന്നെ കാർന്നു തിന്നു തുടങ്ങുമ്പോൾ ഓടി ഒളിച്ചു പോകും ഞാൻ… ” സന്ദീപിന്റെ നോട്ടം അപ്പുറത്തെ വീട്ടിലേക്ക് നീണ്ടു… ഇരുട്ട് മൂടി കിടക്കുന്ന വീട്… “പാവമായിരുന്നില്ലേ ദീപു എന്റെ അമ്മ. സുന്ദരിയായിരുന്നില്ലേ…

എന്നിട്ടും അയാൾ മറ്റൊരുവളെ തേടി പോയി… മരിച്ചതാകില്ല എന്റെ അമ്മ… അയാൾ കൊന്നതാകും… ” പറഞ്ഞു തീരുമ്പോൾ നന്ദു വല്ലാതെ കിതക്കുന്നുണ്ടായിരുന്നു… പെട്ടെന്ന് നന്ദു തിണ്ണയിൽ നിന്നും നിലത്തേക്ക് ചാടിയിറങ്ങി… “നന്ദൂ…” സന്ദീപ് വിളിച്ചിട്ടും അവൻ തിരിഞ്ഞു നോക്കാതെ മുൻപോട്ടു നടന്നു… “അവൻ എങ്ങോട്ടാ മോനെ പോയത്?” വാതിൽക്കൽ വന്നു നിന്ന് അമ്മ തിരക്കി. “ഒന്നും പറഞ്ഞില്ല അമ്മേ… ചെറ്യച്ഛന്‍ ഇങ്ങോട്ട് വരാറുണ്ടോ?” “വന്നിരുന്നു… കഴിഞ്ഞ തവണ നന്ദു പോകുന്നതിനും മുൻപ്… ” “വീട് ചെറ്യച്ഛനു ആ വീട് എഴുതി കൊടുക്കണം എന്നു പറയാൻ വന്നതല്ലേ… അതല്ലാതെ പിന്നെ വന്നോ? ” “ഏയ്‌ ഇല്ല… അന്ന് മുത്തശ്ശൻ തറവാട് വീട് നന്ദുവിന്റെ പേരിൽ എഴുതി വെക്കുമ്പോൾ തന്നെ മുരളിയ്ക്ക് എതിർപ്പായിരുന്നു… ഇപ്പോൾ അവനു ആ വീട് വേണമെന്ന്…

ഇനി അതും കൂടി വിറ്റു തുലയ്ക്കാൻ ആകും… ഭാഗം വെക്കുമ്പോൾ കിട്ടിയ മുപ്പതിൽ ഇരുപത് സെന്റും വിറ്റു.” “ചെറ്യച്ഛന്‍ എന്താ അമ്മേ ഇങ്ങനെ ആയി പോയത്? ” “ഞാൻ എന്തു പറയാനാ മോനെ… മാധവേട്ടന്റെ അനിയനാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല… ഉഷയുടെ വിധി… ഇളയ മകന്റെ കുത്തഴിഞ്ഞ ജീവിതം കണ്ടപ്പോൾ അച്ഛനും അമ്മയ്ക്കും തോന്നിയ ഒരു തെറ്റ്… അതായിരുന്നു മുരളിയുടെയും ഉഷയുടെയും വിവാഹം… ആ തെറ്റിൽ നീറിപ്പുകഞ്ഞു തന്നെയായിരുന്നു അച്ഛന്റെയും അമ്മയുടെയും അവസാന കാലം… ” ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ സന്ദീപ് എഴുന്നേറ്റു നിന്നു. അച്ഛൻ നടന്നു വരുന്നുണ്ടായിരുന്നു. മുട്ടുവേദന കാരണം പതിയെ നടന്നു വരുന്ന അച്ഛനെ കണ്ടപ്പോൾ അവൻ വേഗം ഇറങ്ങി ചെന്നു.

അച്ഛന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി. “കുറച്ച് നേരത്തെ വന്നൂടെ അച്ഛാ.. എന്തിനാ ഇങ്ങനെ വൈകാൻ നിൽക്കുന്നത്.” അച്ഛൻ ഒന്നും പറയാതെ കിതപ്പോടെ പുഞ്ചിരിച്ചു… “നാളെ തൊട്ട് ഞാനും മില്ലിലേക്ക് വരുന്നുണ്ട്…” എന്നു പറഞ്ഞ് അവൻ അച്ഛനോടൊപ്പം പടികൾ കയറി… അച്ഛൻ കുളി കഴിഞ്ഞു വരുമ്പോൾ എല്ലാവരും അകത്ത് ഉണ്ടായിരുന്നു… ദീപ മോളെ തോളിൽ ഇട്ടു നടക്കുന്നുണ്ടായിരുന്നു… “നന്ദു എങ്ങോട്ട് പോയതാ കാർത്തു? ഞാൻ വിളിച്ചിട്ട് അവൻ ഒന്നും പറയാതെ പോയി. ” “പറഞ്ഞിട്ട് പോകുന്ന ശീലം അവൻ എന്നേ മാറ്റിയതാ. തോന്നുമ്പോൾ വരിക… പോകുക.” “അവനെ ഉപദേശിച്ചു നേരെയാക്കാൻ പറ്റില്ല… എല്ലാം വിധി പോലെ വരട്ടെ… ” “ഭക്ഷണം എടുത്തു വെക്കട്ടെ? ” “കുറച്ചു കഴിയട്ടെ… അവൻ വന്നാലോ…”

സമയം കടന്ന് പോയി കൊണ്ടിരുന്നു… പത്തുമണി കഴിഞ്ഞപ്പോൾ എല്ലാവരും കഴിക്കാൻ ഇരുന്നു… ആരുടേയും മുഖത്ത് ഒരു സന്തോഷവും ഇല്ലെന്ന് മീരയ്ക്ക് തോന്നി… അച്ഛനും സന്ദീപും കുറച്ചു കഴിച്ച ശേഷം മതിയാക്കി എഴുന്നേറ്റു പോയി… ഭക്ഷണശേഷം ദീപയും മീരയും കൂടി അടുക്കള വൃത്തിയാക്കി… ദീപയുടെ കൂടെ മുറിയിലേക്ക് നടക്കുമ്പോൾ താനും കൂടി അവിടെ കിടക്കുന്നതിൽ നീരസം തോന്നുമോ എന്ന സംശയം മീരയിൽ നിറഞ്ഞിരുന്നു… “കിടന്നാലോ?” വാതിൽ അടച്ച ശേഷം ദീപ തിരക്കി… മീര ബെഡിലേക്ക് നോക്കി… ബെഡിന്റെ നടുക്കായി ശിവ കിടന്നുറങ്ങുന്നുണ്ടായിരുന്നു… “ഞാൻ താഴെ കിടന്നോളാം.. നിലത്ത് വിരിക്കാൻ ഒരു ഷീറ്റ് തന്നാൽ മതി.” “അതൊന്നും വേണ്ട… ബെഡിൽ കയറികിടക്കാൻ നോക്ക്…”

ദീപ ഗൗരവത്തിൽ പറഞ്ഞു… മീര പിന്നെ തർക്കിക്കാൻ നിൽക്കാതെ കയറിക്കിടന്നു… തലേന്ന് രാത്രിയിലെ ഉറക്കക്കുറവു കാരണം മീര പെട്ടെന്ന് ഉറങ്ങിപ്പോയി… നേരം കടന്നു പോയി കൊണ്ടിരുന്നു… ജനലിൽ തട്ടുന്നതു കേട്ടപ്പോൾ മീര ഉറക്കത്തിൽ ഒന്നു മൂളി… പിന്നെ വീണ്ടും ശബ്ദം കേട്ടപ്പോൾ അവൾ മിഴികൾ തുറന്നു …. മുറിയിൽ നേരിയ വെളിച്ചം നിറഞ്ഞു നിന്നിരുന്നു . പതിയെ എഴുന്നേറ്റിരുന്നു…. ദീപയെ നോക്കിയപ്പോൾ മോളെ നെഞ്ചോട് ചേർത്തു പിടിച്ച് നല്ല ഉറക്കത്തിൽ ആയിരുന്നു … “ദീപേ…” ജനലിനു അരികിൽ നിന്നും കുഴഞ്ഞ ശബ്ദത്തോടെയുള്ള വിളി കേട്ടു…..തുടരും..

സമാഗമം: ഭാഗം 7

Share this story