ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 3

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അച്ഛൻറെ നോട്ടം കണ്ടപ്പോൾ തന്നെ., ആ നിൽപ്പും സംസാരവും ഒന്നും ഇഷ്ടമായിട്ടില്ല എന്നു തോന്നിയിരുന്നു…. തൻറെ ഭാഗ്യത്തിന് അപ്പോഴേക്കും ബസ്സ് വന്നിരുന്നു… എങ്കിൽ ഞാൻ പോകട്ടെ… രണ്ടുപേരോടും യാത്രപറഞ്ഞ് ഹർഷൻ ബസ്സിന് അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ ആശ്വാസമായിരുന്നു…. ചായക്കടയിൽ തന്നെ നോക്കി നിൽക്കുന്ന കണ്ണുകളെ അവഗണിച്ച് ശാലുവിനോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു അച്ഛന്റെ പലചരക്ക് കടയിലേക്ക് നടന്നു… തന്നെ കണ്ടതും അച്ഛൻ ഒന്നും സംസാരിച്ചില്ല… അല്ലെങ്കിലും അച്ഛൻ ഒന്നും പറയില്ല…. എല്ലാം ഉള്ളിലാണ് ചിലപ്പോൾ വീട്ടിൽ വന്നതിനുശേഷം ചോദിക്കുകയും ഉള്ളൂ….

അങ്ങനെയൊരു രംഗം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് അച്ഛനെ കാണാൻ ചെന്നത്…. അച്ഛനോട്‌ അപ്പോൾ എന്തു പറയണമെന്ന് അറിയില്ലായിരുന്നു…… ബസ് താമസിച്ചു പോയി അതാണ് ലേറ്റ് ആയത് അച്ഛാ… ഉം… ഇരുത്തി ഒരു മൂളൽ മാത്രമായിരുന്നു അതിനു ലഭിച്ച മറുപടി….. എൻറെ കൂടെ കോളേജിൽ പഠിച്ചതാണ്… സീനിയറാണ്…. ഇപ്പോൾ ഇവിടെ വിന്നേഴ്സ് ട്യൂഷൻ സെൻറിൽ ആണ് പഠിപ്പിക്കുന്നത് എന്ന് പറഞ്ഞിരുന്നു…. നമ്മുടെ അമ്മു അവിടെ ആണെന്ന് ഞാൻ പറയുകയായിരുന്നു…, അവളെ ശ്രേദ്ധിച്ചോണം എന്നും… ഇവിടെ അടുത്താണോ വീട് എന്ന് ചോദിച്ചു… അതായിരുന്നു സംസാരിച്ചത്…. അച്ഛൻറെ മുഖത്തെ ആശങ്കകൾ തെല്ലകലുന്നതായി കണ്ടിരുന്നു… എങ്കിലും ആ മുഖത്ത് ഒരു സമാധാനം പൂർണമായി വന്നു എന്ന് തോന്നിയില്ല… ബസ് ഇറങ്ങിയാൽ പെട്ടെന്ന് വീട്ടിൽ ചെല്ലാൻ നോക്കണം…

സമയം കടന്നു പോവുകയല്ലേ…. പിന്നെ ആളുകൾ എന്തുണ്ട് എന്ന് നോക്കി ഇരിക്കുവാണ്…, അമ്മുവിനെ പഠിപ്പിക്കുന്ന മാഷാണ് നിന്റെ സീനിയർ ആണ് എന്നൊന്നും അവർക്ക് അറിയില്ല…ആളുകൾക്ക് കഥകൾ മെനയാൻ അധികം സമയം വേണ്ട… എന്റെ മക്കൾ മറ്റുള്ളവരുടെ സംസാരവിഷയം ആകുന്നത് എനിക്ക് ഇഷ്ട്ടം അല്ല… പറഞ്ഞത് മനസ്സിലായോ…. അത്രമാത്രം പറഞ്ഞു… തലയാട്ടി സമ്മതിച്ചു…. എങ്കിലും ആശ്വാസമായിരുന്നു തോന്നിയത്… അച്ഛൻ വഴക്ക് ഒന്നും പറഞ്ഞില്ലല്ലോ…. സമാധാനപൂർവ്വം തിരികെ ശാലുവിനൊപ്പം നടക്കുമ്പോൾ വീണ്ടും പുറകിൽ ആളനക്കം അറിഞ്ഞിരുന്നു…. പക്ഷേ തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല….. ഭയമായിരുന്നു….

“ആളുകൾക്ക് കഥകൾ മെനയാൻ അധികം സമയം വേണ്ട…” അച്ഛന്റെ ആ വാക്കുകൾ ആയിരുന്നു മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത്… അയാൾ ഒന്നും സംസാരിക്കരുത് എന്നായിരുന്നു പ്രാർത്ഥന മുഴുവൻ… എടി അയാളെ പുറകെ തന്നെ ഉണ്ടല്ലോ…. ഇത് രണ്ടും കൽപ്പിച്ച് വരുവാണെന്ന് തോന്നുന്നു…. പിന്നിലേക്ക് നോക്കി പറയുമ്പോൾ… ” നോക്കാതിരിക്കടി ” എന്ന് പറഞ്ഞ് അവളെ വഴക്ക് പറയുന്നുണ്ടായിരുന്നു…. ചെമ്മൺ റോഡ് കഴിഞ്ഞാൽ ഞാൻ പോകും പിന്നെ നീ ഒറ്റയ്ക്ക് ഉള്ളൂ…. അത് ഓർമ്മവേണം.. ഏതാണെങ്കിലും ഇന്നത്തെ പെർഫോമൻസ് ഒക്കെ അടിപൊളിയായിരുന്നു….. അതുകൊണ്ട് ഒരു പ്രെപ്പോസൽ സീനിനുള്ള സ്കോപ്പ് ഒക്കെ ഉണ്ട്…. ശാലു അങ്ങനെ പറഞ്ഞതും അവളെ തുറിച്ചു നോക്കി…

എനിക്കും ഇന്ന് സന്തോഷമുള്ള ദിവസമാണ്…. എനിക്കറിയാം നിൻറെ സന്തോഷത്തിന് കാരണം… ഞാനും നാളെ മുതൽ ട്യൂഷന് പോയാലോ എന്ന് ആലോചിക്കുകയാണ്… കൊച്ചു കുട്ടികൾ പഠിക്കുന്നടത്ത് നീ എന്തിനാടി ട്യൂഷന് പോകുന്നത്….ഇനി ആ ഒരു കുറവും കൂടിയേ ഉള്ളൂ…….. ആൾ അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം…. സത്യത്തിൽ ഈ പ്രേമം എന്ന് പറയുന്നത് നല്ല ഒരു ഏർപ്പാട് തന്നെ ആണ്… പിന്നീട് സ്വപ്നത്തിൽ അല്ലേ ജീവിതം….. ഒന്ന് നിർത്തു എന്റെ ശാലു… ചെമ്മൺ റോഡിൽ എത്തിയപ്പോൾ ശാലുവിനെ നോക്കി.. ആൾ പിറകെ തന്നെ ഉണ്ട്…. നീ കൂടെ വീട്ടിലേക്ക് വരുമോ…. ഇപ്പോ തന്നെ സമയം ഒരുപാടായി… അച്ഛൻ വന്നിട്ടുണ്ട്…. ഒരുപാട് താമസിച്ചാൽ വഴക്കുപറയും….

അവളുടെ അവസ്ഥയും മറിച്ചല്ലതുകൊണ്ട് ഒന്നും പറയാൻ നിന്നില്ല…. അവളോട് യാത്ര പറഞ്ഞു പെട്ടെന്നാണ് നടന്നത്….. നടപ്പിനു വേഗം കൂടി വന്നു…. തിരിഞ്ഞു നോക്കി അയാൾ പുറകിൽ തന്നെയുണ്ട്…. ശരീരത്തിലെ വിറയൽ അതുപോലെ തന്നെ ഉണ്ടായിരുന്നു… ഒരു വിധത്തിലാണ് പാലം കടന്നത്… പാലം കഴിഞ്ഞ് നടപ്പാതയിലെ ഇറങ്ങുമ്പോഴേക്കും ആളും അടുത്തേക്ക് എത്തിയിരുന്നു…. വീണ്ടും ശരീരത്തിന് ഒരു വിറയൽ അനുഭവപ്പെടുന്നത് താൻ അറിയുന്നുണ്ടായിരുന്നു… എന്നെ കണ്ടിട്ടാണ് ഓട്ടം എങ്കിൽ പതുക്കെ നടന്നാൽ മതി…. ഞാൻ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല…. ചുണ്ടിൽ ഒരു പുഞ്ചിരി ഇല്ലാതെ പറഞ്ഞു… ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുത് ഇങ്ങനെ പിന്നാലെ നടന്ന്….

അത്രമാത്രം മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്…. കോളേജ് കഴിഞ്ഞാൽ പെട്ടെന്ന് വീട്ടിൽ പോകാൻ നോക്കണം…. അല്ലാതെ റോഡിൽനിന്ന് കണ്ടവരോടൊക്കെ ചിരിച്ചു തമാശ പറഞ്ഞു നിൽക്കുകയല്ല വേണ്ടത്…. അത്രയും പറഞ്ഞ് എന്നെ മറികടന്ന് ആൾ നടന്നു പോകുന്നുണ്ടായിരുന്നു…. അതിന് എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു…. എന്താണ് മറുപടി പറയുന്നത്… അത് എന്റെ ഇഷ്ട്ടം ആണെന്ന് പറയാം വേണമെങ്കിൽ…, അല്ലെങ്കിൽ അതിൽ താൻ ഇടപെടേണ്ട കാര്യമില്ലെന്നും പറയാം…., പക്ഷേ എന്തുകൊണ്ടോ വാക്കുകൾ മനസ്സിൽ കിടന്ന് മുറവിളി കൂട്ടിയത് അല്ലാതെ പുറത്തേക്ക് വന്നിരുന്നില്ല….

ഒരുപക്ഷേ ശ്രീകാന്തിന്റെ സംഭവത്തിൽ അയാൾ ചെയ്തതിന്റെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല…. വീണ്ടും മനസ്സിലിട്ട് പലതും കൂട്ടിക്കിഴിച്ചു നോക്കാൻ നിൽക്കാതെ വേഗത്തിൽ വീട്ടിലേക്ക് നടന്നു…. വീട്ടിൽ ചെന്നപ്പോൾ തന്നെ കണ്ടിരുന്നു കുമ്പിൾഅടക്ക് വേണ്ടി കടിപിടി കൂടുന്ന ശ്രീയേട്ടനെയും അമ്മുവിനെയും…. തന്നെ കണ്ടതും രണ്ടുപേരുടെയും മുഖം പ്രകാശിച്ചിരുന്നു…. നീ എന്താ താമസിച്ചത്….? ചോദ്യം ശ്രീയേട്ടന്റെ വകയായിരുന്നു…. എക്സാം കഴിഞ്ഞതും ബസ് കിട്ടാൻ ലേറ്റ് ആയി…. ശ്രീയേട്ടൻ എപ്പോൾ വന്നു…. ഇപ്പോൾ വന്നതേയുള്ളൂ…. കുറച്ചുനേരം കൂടി ഇരുന്നു നിന്നെ കണ്ടിട്ട് പോകാമെന്ന് കരുതി…. നീ വന്നോ അപ്പോഴേക്കും ശ്രീയേട്ടന് ചായയുമായി വന്ന അമ്മ ചോദിച്ചിരുന്നു…..

എന്താ അമ്മു ഇത്…. നിനക്ക് അകത്ത് പോയിരുന്നു കഴിച്ചുകൂടെ…. ഇത് ശ്രീകുട്ടന് കൊണ്ട്വന്നതല്ലേ അമ്മ അവളെ ശാസനയോടെ നോക്കിയപ്പോൾ ശ്രീയേട്ടൻ നിഷ്കളങ്കമായി ചിരിക്കുന്നത് കാണാമായിരുന്നു….. സാരമില്ല അമ്മായി…. അവൾ ഇതിൽനിന്നും കഴിച്ചോട്ടെ…. ചിരിയോടെ ശ്രീയേട്ടൻ അത് പറയുമ്പോൾ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് കാണാമായിരുന്നു… ചായ കുടിച്ചതിനുശേഷം പോകാനായി ശ്രീയേട്ടൻ എഴുന്നേറ്റു….. എങ്കിൽ ഞാൻ പോവുകയാണ്…. നിന്നെ കാണാം എന്ന് കരുതി നിന്നതാണ്….. ശ്രീയേട്ടൻ വെറുതെ വന്നതാണോ….? വെറുതെ വന്നതൊന്നുമല്ല….. എനിക്ക് ഒരു ചെറിയ ജോലി കിട്ടി… അത് പറയാൻ വേണ്ടി വന്നതാണ്…. എന്ത് ജോലിയാ ശ്രീയേട്ടാ ….

ആവേശത്തോടെയാണ് ചോദിച്ചത്… ആ ബാങ്ക് ടെസ്റ്റ് പാസായി…. അടുത്ത തിങ്കളാഴ്ച മുതൽ എസ് ബി ടി യിൽ ജോലിക്ക് കയറാം…. സന്തോഷത്തോടെ ദേവേട്ടൻ അത് പറയുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മുഖങ്ങളിൽ സന്തോഷം തന്നെയായിരുന്നു തെളിഞ്ഞു കണ്ടിരുന്നത്….. അമ്മുവിൻറെ മുഖം നിറയെ സന്തോഷമായിരുന്നു…. താനത് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു…. അമ്മാവനോട് ഞാൻ കടയിൽ കയറി പറയുന്നുണ്ട്…. എങ്കിലും ഞാൻ വന്നിരുന്നു എന്ന് പറഞ്ഞേക്കണം….. അത്രയും പറഞ്ഞ് ശ്രീയേട്ടൻ യാത്ര ചോദിച്ചു ഇറങ്ങിയപ്പോൾ അമ്മുവിൻറെ മുഖത്തേക്ക് പ്രത്യേകമായി ഒന്ന് നോക്കിയതുപോലെ തനിക്ക് തോന്നി…. ഒരു പക്ഷെ തോന്നലായിരിക്കും…. എങ്കിലും ഈ അടുത്തകാലത്തായി രണ്ടു പേരും പരസ്പരം നോക്കുന്നതിനും കാണുന്നതിനും തനിക്ക് എന്തോ പന്തികേട് തോന്നാറുണ്ട്…..

ശ്രീയേട്ടൻ പോകുന്നത് വരെ അമ്മു വരാന്തയിൽ തന്നെ നിന്നു… ശ്രീയേട്ടൻ പോയി കഴിഞ്ഞതും ഞാൻ അടുക്കളയിൽ പോയി ചായ കുടിച്ച് ഒരു കുമ്പിൾ അപ്പം എടുത്തു കഴിച്ചു…. അതിനുശേഷം കുളിക്കാനായി പോയി…. കുളി കഴിഞ്ഞ് മുടി വിടർത്തിയിട്ട് കൊതുന്നതിനു ഇടയിൽ ആണ് അമ്മു മുറിയിലേക്ക് വന്നത്…. നീന്റെ ട്യൂഷൻ സെൻററിൽ ഹർഷൻ എന്ന് ഒരാൾ പഠിപ്പിക്കുന്നുണ്ടോ….? പെട്ടെന്ന് അവളോട് ചോദിച്ചു… ഉണ്ട്…. കുറച്ചു നാളെ ആയിട്ടുള്ളു വന്നിട്ട്…. മാത്‍സ് ആണ് എടുക്കുന്നത്…. എൻറെ സീനിയറായിരുന്നു കോളേജിൽ…. ഇന്ന് ഞാൻ ആളിനെ കണ്ടു…. അപ്പോഴാണ് പറഞ്ഞത് അവിടെ പഠിപ്പിക്കുന്ന കാര്യം… മിടുക്കൻ ആണ് ചേച്ചി… ഭയങ്കര പ്രോബ്ലെംസ് ഒക്കെ ഒരു മിനിറ്റ് കൊണ്ട് സോൾവ് ചെയ്യുന്നത്… അറിയാം…. നന്നായി പഠിക്കുമായിരുന്നു….

ഇനിയിപ്പോ എനിക്ക് കൂട്ടുകാരോടെ ഒക്കെ പറഞ്ഞു ഷൈൻ ചെയ്യാലോ സാർ എൻറെ ചേച്ചിയുടെ ഫ്രണ്ട് ആണെന്ന്…. നീ അങ്ങനെ ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ…. അതൊക്കെ ഞാൻ ആലോചിചോളാം… അവൾ അതും പറഞ്ഞു ബുക്കും എടുത്ത് പുറത്തേക്കിറങ്ങി പോയി…. ചിരിയോടെ അവളെ നോക്കി അടുക്കളയിലേക്ക് നടന്നു…. അമ്മ വൈകിട്ടതേക്ക് ഭക്ഷണം വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്…. എന്തൊക്കെയോ അരിഞ്ഞു പെറുക്കി അമ്മയെ കുറച്ചുനേരം സഹായിച്ചു അവിടെ കൂടി…. അപ്പോഴേക്കും അക്കു കാരംസ് കളി ഒക്കെ കഴിഞ്ഞു വന്നിരുന്നു…. പിന്നീട് അവനൊപ്പം കൂടുകയായിരുന്നു…. ശ്രീയേട്ടന് ജോലി കിട്ടിയതിനു സന്തോഷത്തിലാണ് കക്ഷി…. ശ്രീയേട്ടൻ കാര്യമായിട്ട് എന്തോ ചെലവ് ചെയ്ത ലക്ഷണമുണ്ട്….

വൈകുന്നേരം ഭക്ഷണം വേണ്ടന്ന് പറഞ്ഞു അമ്മയോട്… സന്തോഷം അവൻറെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു…. അവൻറെ സംശയങ്ങളൊക്കെ അവൻ തന്നോട് ആണ് കുട്ടിക്കാലം മുതലേ ചോദിക്കുന്നത്…. അച്ചുവിനെയും അക്കുവിനെയും താൻ ആണ് പഠിപ്പിക്കുന്നത്…. അമ്മു തന്റെ ഒപ്പം പഠിക്കാൻ ഇരിക്കില്ല….. അക്കുവിനെയും അമ്മുവിനെയും പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ വരുന്ന ഒച്ച കേട്ടത്….. അച്ഛൻ വന്നതും കുറെ സാധനങ്ങൾ അമ്മയുടെ കയ്യിൽ കൊടുത്തതിനു ശേഷം പോയി കുളിച്ചു വന്നു…. അച്ഛൻ അങ്ങനെ ആണ് എന്നും എന്തേലും കൊണ്ടുവരും…. ചിലപ്പോൾ പച്ചക്കറി… ചിലപ്പോൾ പലവ്യഞ്ചനം, ചിലപ്പോൾ മീൻ, ഞായറാഴ്ചകളിൽ ചിക്കൻ, പക്ഷെ എന്നും ഒരു പൊതി മറക്കാതെ അച്ഛന്റെ കൈയ്യിൽ കാണും…

രാമേട്ടന്റെ കടയിൽ ഉണ്ടാകുന്ന എന്തേലും എണ്ണപലഹാരങ്ങൾ ഞങ്ങൾക്ക്…. കുഞ്ഞിലേ മുതലേ അച്ഛൻ അത്‌ മുടക്കില്ല…. പണ്ടൊക്കെ അതിനായി ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു…. പിറകു വശത്തെ കിണറിന്റെ കുറച്ച് അപ്പുറം മാറി നിന്നാണ് അച്ഛൻ കുളിക്കുന്നത്…. അപ്പോൾ കോരുന്ന ഫ്രഷ് വെള്ളത്തിൽ കുളിച്ചില്ല എങ്കിൽ അച്ഛന് ഒരു സമാധാനം ഇല്ല…. കുളികഴിഞ്ഞു വന്നു പതിവുപോലെ അച്ഛൻ ന്യൂസ് ചാനൽ കാണാൻ ആയി ഇരുന്നു…. ഞാൻ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്ന സമയത്താണ് അമ്മുവിന്റെ ചില ബുക്സുകൾ കണ്ണിൽപ്പെട്ടത്…. അത് എടുത്ത് വായിക്കുന്നതിനിടയിൽ ആണ് ഏതോ ഒരു ബുക്കിന് പുറകുവശത്ത് വടിവൊത്ത അക്ഷരത്തിൽ എഴുതി ഇട്ടിരിക്കുന്ന പേര് കണ്ണിൽ തെളിഞ്ഞത്…. “« ശ്രീയേട്ടൻ »”

അതിന് ഒപ്പം ഒരു ലൗ ചിഹ്നവും…. അപ്പോൾ തന്റെ സംശയം ശരിയായിരുന്നു എന്ന് ആ വാക്കുകളുടെ ഉറപ്പിക്കുകയായിരുന്നു…. ഒരുപക്ഷേ അച്ഛൻ അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുന്നെ…. ആ മനുഷ്യന് അച്ഛൻ ഈ വീട്ടിൽ കൊടുത്തിരിക്കുന്ന സ്ഥാനം വളരെ വലുതാണ്…. മറ്റാർക്കും നൽകാത്ത ഒരു പ്രത്യേക സ്ഥാനമാണ് ശ്രീയേട്ടന് അച്ഛൻറെ മനസ്സിൽ…. അച്ഛന് വിശ്വാസമാണ് അയാളെ…. അതുകൊണ്ടാണ് ഇവിടെ ഏതു രാത്രിയിലും കയറാനുള്ള അധികാരം ശ്രീയേട്ടന് ഉള്ളത്…. സഹോദരിയുടെ മകൻ ആണെങ്കിൽ പോലും ഒരുപക്ഷേ അച്ഛൻ ഇത് അറിയുമ്പോൾ വേദനിച്ചാൽ എന്ത് ചെയ്യും….

മനസ്സിൽ ഒരു നിമിഷം അമ്മുവിനോട് അല്പം നീരസം തോന്നി തുടങ്ങിയിരുന്നു…. അച്ഛനുള്ളതുകൊണ്ടുതന്നെ ഇപ്പോൾ അവളോട് ഒന്നും ചോദിക്കാൻ കഴിയില്ല….. നാളെ ആകാം എന്ന് വിചാരിച്ച് ബുക്ക് അതുപോലെതന്നെ അടച്ചുവെച്ചു…. രാത്രി ഭക്ഷണം കഴിച്ചപ്പോൾ അച്ഛൻ അമ്മയോട് സംസാരിച്ചതിന് ശ്രീയെട്ടന് ജോലി കിട്ടിയ കാര്യമായിരുന്നു…. അതിൽ അച്ഛന് ഒരുപാട് സന്തോഷമുണ്ടെന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു…. അന്ന് രാത്രിയിലും അമ്മു അച്ചുവുമായി വഴക്കുണ്ടാക്കി തന്നെ തേടി മുറിയിലേക്ക് വന്നിരുന്നു…. ഇതാണ് സംസാരിക്കാൻ പറ്റിയ അവസരം എന്ന് ആ നിമിഷം തോന്നിയിരുന്നു…. മുടി ഉണക്കി മുകളിലേക്ക് കെട്ടിവയ്ക്കുന്നതിനിടയിലാണ് അമ്മുവിനോട് ചോദിച്ചത്…

ശ്രീയേട്ടന് ജോലി കിട്ടിയതിൽ നിനക്ക് സന്തോഷം ഉണ്ടോ…? എല്ലാവർക്കും സന്തോഷം അല്ലേ… എനിക്കും സന്തോഷമുണ്ട്… പരുങ്ങി ആണ് അവൾ മറുപടി പറഞ്ഞത്…. കള്ളം പറയുമ്പോൾ പിടിച്ചെടുക്കുന്ന ഒരു കുട്ടിയെ പോലെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു ഒരു നിമിഷം…. ചേച്ചി എന്താണ് ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്… അമ്മു ചോദിച്ചു… ഒന്നുമില്ല നീ വളർന്നു വലുതായ കാര്യം ഒന്നും ഞാൻ അറിഞ്ഞില്ല…. അതുകൊണ്ട് നോക്കിയതാണ്…. വാക്കിൻറെ അർത്ഥം പകുതി മനസിലായെങ്കിലും മനസിലാകാത്ത പോലെ അമ്മു തന്നെ തന്നെ നോക്കി…. ചേച്ചി എന്താ അങ്ങനെ പറഞ്ഞത്…. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയുമോ….? അപർണ അവളുടെ കണ്ണുകളിലേക്ക് നോക്കി ആണ് ചോദിച്ചത്…. എന്താ ചേച്ചി…. ശ്രീയേട്ടനോട് നിനക്ക് ഇഷ്ടമുണ്ടോ…?

നിങ്ങൾക്ക് എല്ലാവർക്കും ശ്രീയേട്ടനെ ഇഷ്ടമല്ലേ…. അപ്പോൾ എനിക്കും ഇഷ്ടമാ…. എന്തിനാ അമ്മു നീ കള്ളം പറയുന്നത്…. ഞാൻ ചോദിച്ചത് എന്താണെന്നും ഉദ്ദേശിച്ചത് എന്താണെന്നും നിനക്ക് നന്നായി അറിയാം…. ഞാൻ ചോദിച്ചത് ശ്രീയേട്ടനോട് നിനക്ക് എന്തെങ്കിലും പ്രത്യേക ഇഷ്ടം ഉണ്ടോ എന്നാണ്…. ഒരു നിമിഷം കള്ളം പിടിച്ച കുട്ടിയെപ്പോലെ അമ്മു തലതാഴ്ത്തി നിന്നു…. അവളുടെ ആ മൗനം തന്നെ തനിക്കുള്ള മറുപടിയായിരുന്നു…. അച്ഛൻ അറിഞ്ഞാൽ എന്തായിരിക്കും എന്ന് നീ ഓർത്തിട്ടുണ്ടോ….? എന്തോരം വിശ്വസിക്കുന്നുണ്ട് ശ്രീയേട്ടനെ എന്നറിയോ….? നമ്മളെയൊക്കെ സ്വന്തം സഹോദരിമാരെപ്പോലെ ശ്രീയേട്ടൻ കരുതും എന്നാണ് വിചാരിക്കുന്നത്….

അതിനിടയിൽ ഇങ്ങനെ ഒരു വാർത്ത അറിഞ്ഞാൽ അച്ഛൻറെ നെഞ്ചുപൊട്ടി പോകും…. അങ്ങനെ ശ്രീയേട്ടനെ പറ്റി നീ ചിന്തിക്കുന്നതിൽ തെറ്റുണ്ടെന്ന് ഞാൻ പറയില്ല…. നമ്മുടെ മുറച്ചെറുക്കൻ ആണ്…. എങ്കിലും അച്ഛൻ അങ്ങനെ ഒരു നിറം ശ്രെയേട്ടന് കൊടുത്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല…. നമുക്കെല്ലാവർക്കും ശ്രീയേട്ടൻ ഒരു സഹോദരൻ ആയിരുന്നില്ലേ അമ്മു…. പിന്നെ എപ്പോഴാണ് നിൻറെ മനസ്സിലേക്ക് മറ്റൊരു രീതിയിലേക്ക് ശ്രീയേട്ടൻ കടന്നുവന്നത്…. എനിക്കറിയില്ല ചേച്ചി…. എപ്പോഴോ അറിയാതെ ഇഷ്ടപ്പെട്ടു പോയി…. ഇനിയിപ്പോ മറക്കാൻ കഴിയില്ല…. അവളുടെ ആ മറുപടിയായിരുന്നു അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു കളഞ്ഞത്…. ഇല്ല ചേച്ചി…. ചേച്ചി കരുതുന്നത് പോലെ ഒന്നും ഇല്ല ഞങ്ങൾ തമ്മിൽ എന്ന് വെറുതെയെങ്കിലും അമ്മു പറയും എന്നായിരുന്നു വിശ്വസിച്ചിരുന്നത്….

പക്ഷേ അവളുടെ മറുപടി തന്നെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു…. മുഖത്തുനോക്കി ശ്രീയേട്ടനെ ഇഷ്ടമാണെന്ന് അവൾ പറയും എന്നുള്ളൊരു വിശ്വാസം തനിക്ക് മുൻപിൽ ഉണ്ടായിരുന്നില്ല…. ഇഷ്ടപ്പെട്ടു പോകും പ്രായം അതാണ്…. ഈ പ്രായത്തിൽ അങ്ങനെയൊക്കെ തോന്നാം….. പക്ഷേ അതൊന്നും ഒരിക്കലും നമ്മുടെ ജീവിതത്തെ ബാധിക്കാൻ പാടില്ല…. അത് ഒരു തോന്നൽ ആയി തന്നെ നിലനിർത്താൻ പഠിക്കണം…. ഒരുപക്ഷേ ശ്രീയേട്ടൻ ഇതൊക്കെ അറിയുമ്പോൾ ചിരിച്ചുതള്ളുകയുള്ളൂ….. അല്ല ചേച്ചി ശ്രീയേട്ടന് ഒക്കെ അറിയാം…. . ആ മറുപടിയായിരുന്നു സത്യത്തിൽ തന്നെ ഞെട്ടിച്ചു കളഞ്ഞത്…. ശ്രീയേട്ടൻ അറിഞ്ഞുകൊണ്ടോ? അറിയാതെ ചോദിച്ചു പോയി…

എന്നെ ഇഷ്ടമാണ് കുറച്ചുകൂടി കഴിഞ്ഞാൽ എല്ലാവരോടും ശ്രീയേട്ടൻ തന്നെ പറയാം എന്നാണ് പറഞ്ഞത്…. ഇനി അവളോട് തനിക്ക് ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല…. ഇനി അറിയേണ്ടത് ശ്രീയേട്ടനോടാണ് …. വെറുമൊരു നേരംപോക്ക് ആയി ആണോ തന്റെ അനുജത്തിയെ കാണുന്നത് എന്ന്…. ആണുങ്ങളുടെ മനസാണ് അറിയാൻ പറ്റില്ല…. വിശ്വസിച്ചു വീട്ടിൽ കയറ്റിയ മനുഷ്യനോട് ദ്രോഹം ചെയ്യാനാണോ പുറപ്പെടുന്നത് എന്ന്…. ആ രാത്രി ചിന്തകൾ കാട് കയറുകയായിരുന്നു…. ഒരിക്കൽപോലും ശ്രീയേട്ടനെ കുറിച്ച് ഇങ്ങനെ ഒന്നും കരുതിയിരുന്നില്ല…. ഒന്നുമല്ലെങ്കിലും തന്നെക്കാൾ പ്രായം കുറവാണ് അമ്മുവിന്….

കുട്ടിയാണ് അവൾ…. അതു പോലും ഓർക്കാതെ ശ്രീയേട്ടൻ അവളെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ തനിക്ക് എന്തോ അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല…. പക്ഷേ ഒരിക്കലും ശ്രീയേട്ടൻ ഒരു മോശക്കാരാണെന്ന് തനിക്ക് തോന്നിയിട്ടില്ല….. ഓർമ്മകൾ എപ്പോഴോ നിദ്രയിലേക്ക് അലിഞ്ഞു ചേർന്നിരുന്നു…. പിറ്റേന്നും പരീക്ഷ ഉള്ളതിനാൽ രാവിലെ തന്നെ എഴുന്നേറ്റു പഠിച്ചു…. പഠിച്ചു റെഡിയായി കോളേജിലേക്ക് പോകാൻ ആയി ഒരുങ്ങി ഇറങ്ങി…. പാലം കഴിഞ്ഞ് നടന്നപ്പോഴേക്കും ശാലു വന്നിരുന്നു…. അവൾക്ക് ചോദിക്കാനുള്ളത് ഇന്നലത്തെ കാര്യമാണ്….. അയാൾ പിറകെ വന്നു എന്തെങ്കിലും സംസാരിച്ചോന്ന് അയാൾ പറഞ്ഞ കാര്യം അതുപോലെ അവളോട് പറഞ്ഞു…

ഞാൻ പറഞ്ഞില്ലേ ആൾ നിന്നെ വിടാനുള്ള ഉദ്ദേശമില്ലെന്ന്…. സാരമില്ല ഏതായാലും ഇനി രണ്ടു മൂന്നു ദിവസം കൂടി അല്ലെ ഉള്ളൂ…. അത് കഴിഞ്ഞാൽ പരീക്ഷ തീരുകയാണല്ലോ…. പിന്നെ ഏതായാലും ഈ ശല്യം ഉണ്ടാവില്ല…. അയാൾ എന്നെ തിരക്കി വീട്ടിൽ വരാൻ ഒന്നും പോകുന്നില്ലല്ലോ…. ബസ് സ്റ്റോപ്പിലേക്ക് ചെന്നപ്പോൾ തന്നെ ബസ് വന്നിരുന്നു…. ബസ്സിൽ കയറിയപ്പോൾ തന്നെ കണ്ടിരുന്നു പിൻഭാഗത്ത് തന്നെ നോക്കി നിൽക്കുന്ന ആ മിഴികൾ…. ഇയാൾക്ക് ഒരു പണിയുമില്ലേ….? അങ്ങനെ മനസ്സിൽ ചിന്തിച്ചു കൊണ്ടായിരുന്നു അകത്തേക്ക് കയറിയത്….. സ്റ്റോപ്പ് എത്തിയപ്പോൾ ഇറങ്ങി…. അയാൾ വീണ്ടും പതിവ് ചിരിയുമായി മുന്നിലൂടെ തന്നെ നടന്നു പോയി…. ഗൗനിക്കാതെ അകത്തേക്ക് കയറി…

അപർണ എന്ന വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്…. തിരിഞ്ഞുനോക്കുമ്പോൾ അരികിൽ ശ്രീകാന്ത്… അവനെ കണ്ടപ്പോൾ ഭയം തോന്നി…. ഇന്നലത്തെ സംഭവങ്ങളൊക്കെ വീണ്ടും മനസ്സിൽ അലയടിക്കുന്നത് പോലെ തോന്നിയിരുന്നു… ഇനി എന്തായിരിക്കും അടുത്തത്…. അവൻ അരികിലേക്ക് നടന്നു വരുന്നത് ഭയത്തോടെ നോക്കി നിന്നു…. ആ ഭയത്തിൽ ശാലുവിന്റെ കയ്യിൽ മുറുകി പിടിച്ചു…. സോറി അപർണ്ണ ഇന്നലെ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത്…. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല….

എൻറെ ഭാഗത്തുനിന്ന് ഇനി ഒരിക്കലും തനിക്കൊരു ബുദ്ധിമുട്ടുണ്ടാകില്ല…. അവൻ അങ്ങനെ പറഞ്ഞപ്പോൾ അദ്ഭുതമാണ് തോന്നിയത്…. എങ്ങനെയാണ് ഇങ്ങനെ പറയാൻ കഴിയുന്നത്…? പക്ഷേ കോളേജിന് പുറത്ത് ചിരിയോടെ നുണക്കുഴി കവിൾ കാട്ടി തന്നെ നോക്കി നിൽക്കുന്ന അയാളുടെ മുഖത്തും…, തിണർത്തു കിടക്കുന്ന ശ്രീകാന്തിന്റെ കവിളുകളും അതിനുള്ള മറുപടി പറയാതെ പറയുന്നത് പോലെ തോന്നിയിരുന്നു കാത്തിരിക്കൂ…🥀ഒത്തിരി സ്നേഹത്തോടെ ✍️ റിൻസി

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!