സമാഗമം: ഭാഗം 10

സമാഗമം: ഭാഗം 10

എഴുത്തുകാരി: അനില സനൽ അനുരാധ

മുറ്റത്ത് നിന്നും ബഹളം കേട്ടപ്പോൾ എന്താ കാര്യമെന്ന് മീരയ്ക്ക് പെട്ടെന്ന് മനസിലായില്ല… കാലുകൾ ധൃതിയിൽ ഉമ്മറത്തേക്ക് കുതിച്ചു… “എന്നെ കുറ്റം പറഞ്ഞു നടന്നിട്ട് എന്തായെടോ… ഒരു പെണ്ണിനെ കെട്ടാം എന്നു വാക്കു കൊടുത്തിട്ട് മറ്റൊരു പെണ്ണിന് വയറ്റിൽ ഉണ്ടാക്കിയിട്ട് ഇങ്ങോട്ട് കൊണ്ട് വന്നില്ലേ തന്റെ മോൻ… ” മുറ്റത്തു നിൽക്കുന്നയാൾ അച്ഛനോട് തട്ടിക്കയറുന്നത് കേട്ട് മീര തറഞ്ഞു നിന്നു. ഉമ്മറത്ത് അമ്മയും മോളെ എടുത്ത് ദീപയും നിൽക്കുന്നുണ്ടായിരുന്നു… തിണ്ണയിൽ ചാരി മുറ്റത്തായി നന്ദുവും സന്ദീപും നിൽക്കുന്നുണ്ട്. “മുരളി നീ അനാവശ്യം പറയാൻ നിൽക്കാതെ ഇറങ്ങിപ്പോകാൻ നോക്ക്… ” മാധവൻ ദേഷ്യത്തോടെ പറഞ്ഞു… “ഞാൻ ചെയ്യുന്നതും പറയുന്നതും മാത്രമാണോടോ അനാവശ്യം.

തന്റെ മോൻ ചെയ്താൽ അത് സൽപ്രവർത്തിയാണല്ലോ.. ഈ നിൽക്കുന്ന അരവിന്ദന്റെ മോളെ ചതിച്ചവൻ അല്ലെടോ ഇവൻ… എന്നിട്ട് അത് ന്യായീകരിക്കാൻ നിൽക്കുന്ന ഉണക്ക തന്തയും… ” “അരവിന്ദാ ഇവൻ പറയുന്നത് നീയും വിശ്വസിക്കുന്നുണ്ടോ? ” മാധവൻ തിരക്കി… “ഞാൻ വിശ്വസിക്കുന്നോ ഇല്ലയോ എന്നല്ല മാധവാ… നാട്ടിൽ മൊത്തം ഇതു പാട്ടാണ്…” നന്ദുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു… അവൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും സന്ദീപ് അവന്റെ കയ്യിൽ മുറുകെ പിടിച്ചു… “വിട് ദീപു…” നന്ദു മുരണ്ടു… “മിണ്ടാതെ നിൽക്ക് നന്ദു… ” സന്ദീപ് ശബ്ദം അടക്കി പറഞ്ഞു… “നാട്ടിലെ പാട്ട് നീ വിശ്വസിക്കുന്നുണ്ടോ എന്നു മാത്രമേ ഞാൻ തിരക്കിയുള്ളൂ… നാട്ടുകാരെ മൊത്തം നോക്കി എനിക്കും കുടുംബത്തിനും ജീവിക്കാൻ പറ്റില്ല.”

മാധവൻ പറഞ്ഞു… “ഇവനെ മാത്രം മനസ്സിൽ ധ്യാനിച്ചു കഴിയുന്ന ഒരു മോളുണ്ട് എനിക്ക്. അവൾക്ക് ഇതൊന്നും കേട്ടാൽ സഹിക്കില്ല… ” “ആഹ് ഇനി മനസ്സിൽ ധ്യാനിച്ച് അങ്ങനെ ഇരുന്നോളാൻ പറഞ്ഞോ മോളോട്… അല്ലേൽ കെട്ടിച്ചു കൊടുക്കെടോ വേറെ വല്ലവനും… അല്ലേൽ അവന്റെ കൊച്ചിനെ നോക്കാൻ ഇവിടെ കൊണ്ട് വന്നു നിർത്തിക്കോ…” മുരളി പുച്ഛത്തോടെ പറഞ്ഞു… “സ്വന്തം മോന്റെ കാര്യത്തിൽ ചിന്തയില്ലാത്ത നീ ആണോടാ ഇവന്റെ മോളെ ഓർത്ത് സങ്കടപ്പെടുന്നത്…” “അവന്റെ കാര്യം നോക്കാൻ നിങ്ങൾ ഒക്കെയുണ്ടല്ലോ… തന്തയെ അവനു പുച്ഛം… ഇവിടെ പറ്റി കൂടിയിട്ട് എന്തായി… അവന്റെ സ്വഭാവം മോനും കിട്ടിയില്ലേ… കല്യാണം കഴിക്കാതെ പെണ്ണിനു ഗർഭം ഉണ്ടാക്കിയ മോനും അവരെ വീട്ടിൽ കയറ്റി താമസിപ്പിക്കുന്ന വീട്ടുകാരും… ”

“അരവിന്ദേട്ടാ… കൂടെ വന്നയാളെ വിളിച്ചോണ്ട് പോവാൻ നോക്ക്… പിന്നെ ഞങ്ങൾ അത്ര നല്ല ആളുകൾ അല്ല.. മോളെ നല്ലൊരാളെ കണ്ടു പിടിച്ച് കെട്ടിച്ചു കൊടുത്താലും ഇവിടെ ആർക്കും ഒരു കുഴപ്പവും ഇല്ല…” സന്ദീപ് ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു. മീര ചുമരിൽ ചാരി നിന്നു… ഹൃദയം തകരുന്ന വേദന… താൻ കാരണം ദീപുവേട്ടനു ഉണ്ടായ ചീത്തപ്പേര് അവളെ പൊള്ളിച്ചു കൊണ്ടിരുന്നു. “നിനക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല… ” എന്നു പറഞ്ഞ് മുരളി നേരെ നോക്കിയത് മീരയെ ആയിരുന്നു… “കണ്ടില്ലേ അരവിന്ദാ… ഇവിടുത്തെ പുതിയ മരുമകള്…” മുരളി പുച്ഛിച്ചു കൊണ്ട് പറഞ്ഞു. എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ ചുമരിൽ ചാരി നിൽക്കുന്ന മീരയെയാണ് കണ്ടത്… “ഇനി നീ എന്തെങ്കിലും പറഞ്ഞാൽ…

മുഖമടച്ച് ഒന്നു തരും ഞാൻ… ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്ന്… ” മാധവൻ അലറി… “പോവാൻ തന്നെയാടോ വന്നത്…” “പോകാൻ വരട്ടെ… എന്തായാലും ഇതുവരെ വന്നതല്ലേ… കഴിഞ്ഞ തവണ നിങ്ങൾ വന്നത് ആ കാണുന്ന വീടിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ ആയിരുന്നില്ലേ? ഇന്ന് ഞാൻ ഒരു തീരുമാനം ഉണ്ടാക്കിത്തരാം .പിന്നെ അതും പറഞ്ഞ് ഈ വഴി വന്നു പോകരുത് …”” നന്ദു പറഞ്ഞു … “മോനെ… ഇവർ നിന്നെ ഇവിടെ പിടിച്ചു നിർത്തുന്നുത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല… കാണിക്കുന്ന സ്നേഹമൊക്കെ കള്ള സ്നേഹമാ മോനെ… ഇനിയെങ്കിലും ഒന്ന് മനസ്സിലാക്ക്… നമ്മുടെ വീട് നിന്റെ കയ്യിൽ നിന്നും തട്ടിയെടുക്കാനാ ഈ കാണിക്കുന്ന കള്ള സ്നേഹം…. അച്ഛന്റെ കൂടെ വാ.” അയാൾ മുഖത്ത് പരമാവധി സങ്കടം നിറച്ചു കൊണ്ട് പറഞ്ഞു…

സന്ദീപ് നന്ദുവിന്റെ കൈ പിടിച്ച് മുരളിയുടെ തൊട്ട് മുൻപിൽ വന്നു നിന്നു. ” ചെറ്യച്ഛാ…. നിങ്ങളെ ചെറ്യച്ഛന്‍ എന്നു വിളിക്കുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് എന്നൊന്നും കരുതിയേക്കരുത്… നിങ്ങൾ എന്റെ അച്ഛന്റെ അനിയനും നന്ദുവിന്റെ അച്ഛനും ആയിപ്പോയി…. അല്ലെങ്കിൽ ഉണ്ടല്ലോ നാക്കിനു എല്ല് ഇല്ലെന്നു കരുതി നിങ്ങൾ വിളിച്ചു പറയുന്നത് കേട്ടോണ്ട് നിൽക്കില്ല… ഇവനെ നിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ… ഒരു മിഠായിയെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ… അവന്റെ പേരിലുള്ള വീട് മോഹിച്ചു വീണ്ടും നാണം ഇല്ലാതെ വന്നേക്കുന്നു… ഞാൻ നാടു നീളെ പെണ്ണ് കെട്ടി നടക്കുകയോ എന്തു വേണേൽ ചെയ്യും… ഉപദേശിച്ചു നന്നാക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാ ഉള്ളത്…

ഇനി അധികം നിന്നു ചിലച്ചാൽ സ്ഥാനം മറന്നു ഞാൻ എന്തെങ്കിലും ചെയ്തു പോകും. അതു കൊണ്ട് നേരം വൈകിക്കാതെ പോകാൻ നോക്ക്…” സന്ദീപ് പറഞ്ഞു… “അപ്പോൾ നിന്റെ കൊച്ചു തന്നെയാണല്ലേ അവളുടെ വയറ്റിൽ?” ചോദ്യം കേട്ടതും സന്ദീപ് ദേഷ്യത്തോടെ വിറച്ചു… മുരളിയുടെ കഴുത്തിനു നേരെ കൈ നീട്ടിയതും നന്ദു ആ കയ്യിൽ ബലമായി പിടിച്ചു… മീരയ്ക്ക് അവിടെ നിന്നും ഓടി ഒളിക്കാൻ തോന്നി… പക്ഷേ ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ലായിരുന്നു. “അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ദീപുവിന്റെ അല്ല…” നന്ദു ഉറക്കെ ഉറച്ച സ്വരത്തിൽ പറഞ്ഞു. “പിന്നെ? ” മുരളി തിരക്കി.

“നിങ്ങൾ എന്റെ കയ്യിൽ നിന്നും തട്ടിയെടുക്കാൻ മോഹിക്കുന്ന വീടിന്റെ അവകാശിയാണ് അവളുടെ വയറ്റിൽ വളരുന്നത്… ” മുരളി പകപ്പോടെ അവനെ നോക്കി… അരവിന്ദനു മനസ്സിൽ ഒരു ആശ്വാസം നിറയുന്നതു പോലെ തോന്നി. “അപ്പോൾ എല്ലാം അറിഞ്ഞു കഴിഞ്ഞല്ലോ ഇനി പോകാൻ നോക്ക്…” നന്ദു മുരളിയെ നോക്കിപ്പറഞ്ഞു. “അവനെ രക്ഷിക്കാൻ കള്ളം പറയുന്നോ?” “കള്ളമോ?” “അല്ലാതെ… അവൾ നിന്റെ പെണ്ണ് ആണെങ്കിൽ നീ അവളെയും കൂട്ടി ആ വീട്ടിൽ താമസിക്കുമായിരുന്നു. അല്ലാതെ ഇവിടെ വന്ന് കിടക്കുമോ? ” “ഇവിടെ നിന്നാൽ എന്താ കുഴപ്പം. ഞാൻ എവിടെ ഉണ്ടാകുമോ അവിടെ ഉണ്ടാകും അവൾ… ”

“എന്നാൽ മോൻ കുറച്ചു ദിവസമെങ്കിലും ആ മോളെയും കൂട്ടി അവിടെ നിന്റെ വീട്ടിൽ പോയി താമസിക്കണം. വെറുതെ മോനായിട്ട് ഒരു ദോഷം എന്റെ മോളുടെയും ദീപുവിന്റെയും ജീവിതത്തിൽ വരുത്തരുത്… ” അരവിന്ദൻ അപേക്ഷ പോലെ പറഞ്ഞു. “അവൻ എവിടെയും പോകുന്നില്ല.. അരവിന്ദേട്ടൻ അയാളുടെ കൂടെ പോകാൻ നോക്ക്… മാതുവിനെ പറഞ്ഞു മനസ്സിലാക്കി അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്ക്‌… ” “നീ അല്ലാതെ അവൾക്ക് ഒരു ജീവിതം ഇല്ല മോനെ. നീ വേണ്ടെന്നു വെച്ചാൽ ചങ്കുപൊട്ടി ചത്തു പോകും എന്റെ മോൾ… ഞാനും മാധവനും കൂടെ അവൾക്ക് അങ്ങനെ ഒരു ആശ കൊടുത്തു പോയില്ലേ… ” അരവിന്ദൻ നിറ മിഴികളാൽ പറഞ്ഞു.

താൻ കുറേ പേരുടെ ജീവിതത്തിലെ ഒരു കരടാകുകയാണ് എന്ന തോന്നൽ മീരയിൽ ശക്തമായി കൊണ്ടിരുന്നു… “ഞാൻ തന്ന വാക്ക് എന്റെ മകൻ നിറവേറ്റുക തന്നെ ചെയ്യും. എന്റെ മോൻ കാരണം അവൾക്ക് ഒരു ജീവിതം ഇല്ലാണ്ടാകില്ല… ” മാധവൻ പറഞ്ഞു. “എല്ലാവരും കൂടെ തന്നെ ചതിക്കാൻ നോക്കാണ് അരവിന്ദാ… അതു തനിക്കു ബോധ്യം വരും… തന്റെ മോൾ ഈ വീട്ടിലെ മരുമകൾ ആയി വന്നു കഴിയുമ്പോൾ… സ്വന്തം കുഞ്ഞിന്റെ അമ്മയെ തേടി ദീപു പോകുന്നത് തന്റെ മോൾ കണ്മുന്നിൽ കാണുമ്പോൾ… ” മുരളി പറഞ്ഞു അവസാനിപ്പിക്കും മുൻപ് മാധവന്റെ കൈ മുരളിയുടെ കരണത്ത് പതിഞ്ഞിരുന്നു.

മുരളി കരണം പൊത്തിപ്പിടിച്ചു… അതിനു ശേഷം മാധവനു നേരെ കൈ ഓങ്ങിയതും നന്ദു ആ കയ്യിൽ കയറിപ്പിടിച്ചു. “ഇനി നിങ്ങൾ എന്തേലും പറഞ്ഞാൽ… ആ നാവു ഞാൻ അരിയും… ” അവൻ അലറി കൊണ്ട് പറഞ്ഞു… അതിനു ശേഷം മീരയുടെ നേർക്ക് തിരിഞ്ഞു… “മീരാ…” അവൻ മുറ്റത്ത്‌ നിന്നു തന്നെ ഉറക്കെ വിളിച്ചു. അവൾ അവനെ നോക്കി… ദേഷ്യം കൊണ്ടു വിറക്കുന്ന മുഖം.. “ഇങ്ങോട്ട് ഇറങ്ങി വാ… ” എന്തു ചെയ്യണം എന്നറിയാതെ അവൾ നേര്യതിന്റെ തലപ്പിൽ മുറുകെപ്പിടിച്ചു… അവൾ ഇറങ്ങി വരുന്നില്ലെന്ന് കണ്ടതും അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു… അവളുടെ തൊട്ട് മുൻപിൽ വന്നു നിന്നു… അവൻ എന്താണ് പറയാൻ പോകുന്നത് എന്നറിയാതെ എല്ലാവരും അവരെ നോക്കി… “നീ വരില്ലേ എന്റെ കൂടെ… എന്റെ അമ്മ ഉറങ്ങുന്ന വീട്ടിലേക്ക്…”

ശാന്തതയോടെ അവൻ തിരക്കി… അവൾ ഒന്നും പറയാതെ അവന്റെ മിഴികളിലേക്ക് ഉറ്റു നോക്കി… “നമ്മൾ കാരണം ദീപുവിന്റെയും മാതുവിന്റെയും ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതാക്കണോ? ” “നീ എന്തൊക്കെയാടാ അവളോട്‌ ചോദിക്കുന്നത്? ” അവരുടെ അടുത്തേക്ക് വന്നു കൊണ്ട് സന്ദീപ് തിരക്കി… “ഇനി നിന്റെയും മാതുവിന്റെയും വിവാഹക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ടെ ഈ വീട്ടിൽ ഞാൻ താമസിക്കൂ… ഇവളും… ” “അവൾ എങ്ങോട്ടും വരില്ല.. ” ദീപു പറഞ്ഞു… “ഇപ്പോൾ മനസ്സിലായില്ലേ അരവിന്ദാ … ഇവന് ആരോടാ ഇഷ്ടമെന്ന്… നിന്റെ മോൾ വീട്ടിൽ നിന്നു പോവുകയെയുള്ളൂ… ” എന്നു മുരളി പറഞ്ഞു നിർത്തിയതും സന്ദീപ് മുറ്റത്തേക്ക് ചാടിയിറങ്ങി…

മുരളിയെ പിടിച്ചു തള്ളി… മുരളി വീഴുന്നതിന് മുൻപ് അരവിന്ദൻ താങ്ങിപ്പിടിച്ചു. “നിനക്ക് തൃപ്തിയായല്ലോ…” നന്ദു മീരയോട് തിരക്കി… പിന്നെ മുറ്റത്തേക്ക് ഇറങ്ങി മുന്നോട്ട് നടന്നു… മുരളി നേരെ നിന്ന് ഷർട്ട്‌ വലിച്ച് നേരെയാക്കിയിട്ടു… “നന്ദേട്ടാ…” മീര ഉമ്മറത്തു നിന്ന് വിളിച്ചതും നന്ദു തിരിഞ്ഞു നോക്കി… അതിനു ശേഷം വലതു കരം അവൾക്ക് നേരെ നീട്ടി. മീര ആരെയും നോക്കിയില്ല… നീട്ടിപ്പിടിച്ചിരുന്ന കൈ ഒഴികെ ഒന്നും കാണാൻ അവളുടെ മനസ്സ് ആ നിമിഷം ഒരുക്കമായിരുന്നില്ല. അവനു നേരെ നടന്നടുക്കുമ്പോൾ ഹൃദയം ശക്തമായി മിടിച്ചു കൊണ്ടിരുന്നു… കാലിടറി വീഴുമോ എന്നു പോലും അവൾ ഭയപ്പെട്ടു പോയിരുന്നു… അവൻ നീട്ടിയ കയ്യിൽ വലതു കൈ ചേർത്തു വെക്കുമ്പോൾ അവളുടെ കൈ വിറകൊള്ളുന്നുണ്ടായിരുന്നു.

അവന്റെ കൈകൾ വിറകൊള്ളുന്നത് തിരിച്ചറിഞ്ഞതും അവൾ മുഖം ഉയർത്തി നോക്കി… അവന്റെ കണ്ണുകൾ മുരളിയുടെ മുഖത്തായിരുന്നു… മീരയുടെ തോളിൽ ചേർത്തു പിടിച്ച് അവൻ മുൻപോട്ടു നടന്നു… ഗേറ്റ് കടന്നതും അവളിലെ പിടി വിട്ടു. പിന്നെ നന്ദുവിന്റെ വീടിന്റെ പടിയും കടന്ന് മുൻപോട്ടു നടന്നു. അടിച്ചു വരാത്ത മുറ്റത്തു പാരിജാത പൂക്കൾ വീണ് കിടന്നിരുന്നു… നന്ദു ഉമ്മറത്തേക്ക് കയറിയ ശേഷം തിരിഞ്ഞു നോക്കി… അവൾ മുറ്റത്തു നിൽക്കുകയായിരുന്നു.. “കയറിപ്പോന്നോളൂ… താലപ്പൊലിയും നിലവിളക്കുമായി ആരും വന്നു സ്വീകരിക്കാൻ ഒന്നും പോകുന്നില്ല. ഇടതു കാൽ വെച്ച് ഐശ്വര്യമായി കയറിപ്പോന്നോളൂ… ” എന്നു പറഞ്ഞ് അവൻ ഉമ്മറത്തെ മുറിയുടെ വാതിൽ തുറന്നു.

തിരികെ വരുമ്പോൾ കയ്യിൽ വാതിൽ തുറക്കുന്നത്തിനുള്ള താക്കോൽ ഉണ്ടായിരുന്നു… വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ വലതു കാൽ വെച്ച് ഉമ്മറത്തേക്ക് കയറി. അവൻ അകത്തേക്ക് കടന്നിട്ടും അവൾ അവിടെ ഉമ്മറത്തു നിന്നു… ഓടിട്ട പഴയ തറവാട് വീടായിരുന്നു അത്… ഉമ്മറത്തായി രണ്ടു മുറികൾ… അകത്ത് നിന്നും രണ്ടു മുറികളും മുകളിലേക്കു ള്ള ഗോവണിയും. അവിടെ നിന്നുമുള്ള ഇടനാഴിയിലൂടെ ചെന്നാൽ ഊണു മുറിയും അടുക്കളയും. അവിടെ നിന്നും മുറ്റത്തേക്ക് ഇറങ്ങിയിട്ടായിരുന്നു ബാത്ത്റൂം… വീടിന്റെ പുറകു വശത്തായി വറ്റാത്തൊരു കിണർ…

നന്ദു വാതിൽക്കൽ വന്നു എത്തിച്ചു നോക്കുമ്പോൾ മീര തിണ്ണയിൽ ഇരിക്കുന്നുണ്ടായിരുന്നു… “ഈ വീടൊക്കെ വൃത്തിയാക്കണം… ” വാതിൽക്കൽ നിന്നും നന്ദുവിന്റെ ശബ്ദം കേട്ടപ്പോൾ മീര മുഖം ഉയർത്തി അവനെ നോക്കി… “വാ .. വന്നിട്ട് എന്നെ സഹായിക്ക്… ” “അമ്മ ഇന്നു ഹോസ്പിറ്റലിൽ പോകാം എന്നു പറഞ്ഞിരുന്നു… ” “നമുക്ക് പോകാം.” “ഞാൻ അമ്മയുടെ കൂടെ പൊയ്ക്കോളാം. ” “അമ്മയുടെ കൂടെ പോകാൻ ആണേൽ അവിടെ തന്നെയങ്ങ് നിന്നാൽ പോരായിരുന്നോ… ഇവിടെ വന്ന സ്ഥിതിയ്ക്ക് ഇനി നീ വേറെ ആരുടെയെങ്കിലും കൂടെ പോകുന്നത് വരെ നിന്റെ പൂർണ്ണഉത്തരവാദിത്വം എനിക്കായിരിക്കും… ” മീരയുടെ മുഖം ദേഷ്യത്താൽ ചുവന്നു… താൻ ആരുടെയെങ്കിലും കൂടെ അങ്ങനെ പോകാൻ ഇരിക്കുന്നവൾ ആണെന്നല്ലേ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം…

അങ്ങനെ തന്നെയാണ്… ദീപുവേട്ടന്റെ കൂടെ എയർപോർട്ടിൽ നിന്നും ബാലുവേട്ടന്റെ വീട്ടിലേക്ക്… മടങ്ങി വരുമ്പോൾ വീണ്ടും എയർപോർട്ടിൽ വെച്ചുള്ള കണ്ടുമുട്ടൽ ദീപുവേട്ടന്റെ വീട്ടിൽ എത്തിച്ചു.. ഇപ്പോൾ അവിടെ നിന്നും നന്ദേട്ടന്റെ വീട്ടിലേക്ക്… ഇനി? ആ ചോദ്യ ചിഹ്നം അവളെ അലട്ടി കൊണ്ടിരുന്നു. ഇനി നീ വേറെ ആരുടെയെങ്കിലും കൂടെ പോകുന്നത് വരെ നിന്റെ പൂർണ്ണഉത്തരവാദിത്വം എനിക്കായിരിക്കും… വീണ്ടും അവന്റെ വാക്കുകൾ പ്രതിധ്വനിച്ചു കൊണ്ടിരുന്നു … അവൾ എഴുന്നേറ്റു… അവളുടെ മുഖത്തെ മാറ്റം ശ്രദ്ധിക്കുകയായിരുന്നു നന്ദു… “നിനക്ക് എന്നെ സഹായിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ” അവൾ ഇല്ലെന്ന് തലയാട്ടി…

“എന്നാ ആദ്യം എല്ലായിടവും അടിച്ചു വാരിയാലോ? ” അവൾ തലയാട്ടി… “വല്ലപ്പോഴും ഇവിടെ അടിച്ചു വൃത്തിയാക്കാറുണ്ട്. ഇവിടെ എവിടെയെങ്കിലും ചൂല് കാണും. ഞാൻ ഒന്നു നോക്കട്ടെ… ” എന്നു പറഞ്ഞ് അവൻ അകത്തേക്ക് പോയി. മീര തൂണിൽ പിടിച്ച് മുറ്റത്തേക്ക് നോക്കി നിന്നു… എയർപോർട്ടിൽ വെച്ച് ദീപുവേട്ടനെ കണ്ടില്ലായിരുന്നെങ്കിൽ താൻ എന്തു ചെയ്തേനെ… മരിക്കുമായിരുന്നോ? അവൾ സ്വയം ചോദിച്ചു… ഇല്ലായിരിക്കാം… ആത്മഹത്യ ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നെങ്കിൽ താൻ എന്നേ ഈ ജീവിതം അവസാനിപ്പിക്കുമായിരുന്നു… അവൾ മുറ്റത്തേക്കുള്ള പടികൾ ഇറങ്ങി നടന്നു… വീട്ടു പടിക്കൽ വന്നു നിന്നു… വലത്തോട്ടു പോയാൽ ദീപുവേട്ടന്റെ വീട്… ഇടത്തോട്ട്…

അങ്ങോട്ട് പോയാലോ? എന്ന ചിന്തയിൽ അവൾ നിന്നു. നന്ദു ചൂലുമായി ഉമ്മറത്തേക്ക് വരുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല… ഇവൾ ഇതെവിടെ പോയി എന്ന ചിന്തയോടെ അവൻ ഉമ്മറത്തെ മുറികളിൽ അവളെ തിരഞ്ഞു. അവിടെ കാണാതെ ആയപ്പോൾ മുറ്റത്തേക്ക് ഇറങ്ങി നോക്കി… അവിടെയും ഇല്ലായിരുന്നു… ഈ പെണ്ണ് ഇതെവിടെ പോയി എന്ന ചിന്തയിൽ ഉറക്കെ വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല… വേഗം പടിക്കലേക്ക് നടന്നു… അരവിന്ദേട്ടനും അയാളും പോയപ്പോൾ അവൾ അങ്ങോട്ട് തിരിച്ചു പോയിക്കാണുമോ? എന്ന ചിന്തയോടെ മതിലിനു അരികിൽ നിന്ന് എത്തിച്ചു നോക്കി. അവിടെ മുറ്റത്ത് ആരെയും കാണാൻ ഇല്ലായിരുന്നു…

മരം മുറിക്കാൻ പോകുന്ന സുരേഷേട്ടന്റെ സൈക്കിൾ വരുന്നത് കണ്ടപ്പോൾ അവൻ റോഡിനു അരികിലേക്ക് ഇറങ്ങി നിന്നു… അയാൾ അടുത്ത് എത്തിയതും കൈനീട്ടി. സുരേഷ് ചിരിയോടെ സൈക്കിളിൽ നിന്നും ഇറങ്ങി… “സുരേഷേട്ടാ… മുണ്ടും നേര്യതും ഉടുത്ത പരിചയം ഇല്ലാത്ത ആരെയെങ്കിലും ഈ വഴി വരുമ്പോൾ കണ്ടോ? ” “കണ്ടു… ഒരു ഗർഭിണി കൊച്ച് അല്ലേ? ” “ആഹ് ! അതേ… ” “അതു നമുടെ ദീപുവിന്റെ… ആ കുട്ടി അല്ലേ? ” “അല്ല.. ചേട്ടൻ പോകാൻ നോക്ക്… ” എന്നു പറഞ്ഞ് അവൻ വേഗം മുൻപോട്ട് നടന്നു… പണ്ടം പണയം എന്ന ബോർഡ്‌ കണ്ടപ്പോൾ മീരയുടെ കാലുകൾ അങ്ങോട്ട് ചലിച്ചു…

സ്ഥാപനത്തിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു… അവിടെ ഇരുന്ന യുവതി മീരയോട് ഇരിക്കാൻ പറഞ്ഞു… “കമ്മൽ പണയം വെക്കണമായിരുന്നു.” അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു. “എന്താണ് പേര്? ” അവർ തിരക്കി. “മീര… ” “മീരാ… വീട് ഇവിടെ അല്ലല്ലേ ? മുൻപ് കണ്ടതായി ഓർമ്മ വരുന്നില്ല ” “അല്ല. ” “ഐ ഡി പ്രൂഫ് എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ?” “ഇല്ല.. ” “അയ്യോ !എന്നാൽ പണയം എടുക്കാൻ പറ്റില്ല. സോറി… ” “എന്റെ ഐ ഡി മതിയോ? ” പുറകിൽ നിന്നും ശബ്ദം കേട്ടതും മീര തിരിഞ്ഞു നോക്കി.. “നന്ദേട്ടൻ എപ്പോൾ എത്തി… ” “കുറച്ച് ദിവസമായി സീതാ… ” എന്നു പറഞ്ഞ് അവൻ മീര ഇരിക്കുന്ന കസേരയുടെ പുറകിൽ വന്നു നിന്നു. “നന്ദേട്ടൻ അറിയുമോ മീരയെ? ”

“അറിയാതെ പിന്നെ…” “കമ്മൽ പണയം വെക്കാൻ വന്നതായിരുന്നു.” “ആഹ് ! ഞാൻ പറഞ്ഞിട്ട് തന്നെയാ അവൾ വന്നത്… ഇനിയിപ്പോൾ എന്റെ പേരിൽ വെച്ചോളൂ… ” എന്നു പറഞ്ഞ് മീര ഇരുന്ന കസേരയുടെ അടുത്തുള്ള കസേരയിൽ നന്ദു ഇരുന്നു. “കമ്മൽ തന്നോളൂ… ” എന്ന് സീത പറഞ്ഞതും മീര കാതിൽ കിടന്ന ജിംക്കി ഊരി… അതിന്റെ സ്റ്റെഡ് കാതിൽ ഇട്ടു. ബാക്കി അവർക്ക് നേരെ നീട്ടി വെച്ചു… “ഞാൻ വിചാരിച്ചത് നന്ദേട്ടൻ സ്ഥിരം പണയവസ്തു കൊണ്ടു വന്നതാകും എന്ന്..” കമ്മൽ കയ്യിൽ എടുക്കുമ്പോൾ സീത പറഞ്ഞു… “അതൊക്കെ കൈ വിട്ടു പോയില്ലേ? ” “ഏഹ് ! എങ്ങനെ?” നന്ദു മീരയുടെ കഴുത്തിലേക്ക് മിഴികൾ നീട്ടിയതും സീതയും നോക്കി.

നന്ദുവിന്റെ മാല മീരയുടെ കഴുത്തിൽ കണ്ടതും സീതയുടെ മുഖത്തെ പുഞ്ചിരിയ്ക്ക് മങ്ങൽ ഏറ്റു. “കുറച്ചു തിരക്കുണ്ട്. വേഗം ആയിക്കോട്ടെ…” എന്നു പറഞ്ഞ് നന്ദു ധൃതി കൂട്ടി… പണം വാങ്ങി നന്ദു പോക്കറ്റിൽ വെച്ചു… “പോകാം മീരാ… ” എന്നു പറഞ്ഞ് നന്ദു എഴുന്നേറ്റു… അവൾ എഴുന്നേറ്റു അവന്റെ കൂടെ പുറത്തേക്ക് നടന്നു. “സാധനങ്ങൾ വാങ്ങാൻ പൈസ ഇല്ലല്ലോ… ദീപുവിനോട് ചോദിക്കണോ എന്നു കരുതിയിരിക്കുകയായിരുന്നു… എന്തായാലും നന്നായി.” കവലയിലൂടെ നടക്കുമ്പോൾ നന്ദു പറഞ്ഞു. “മീരാ… ” പുറകിൽ നിന്നും വിളി കേട്ടതും നന്ദുവും മീരയും തിരിഞ്ഞു നോക്കി.

മനുവായിരുന്നു… “ദീപു എവിടെ? നീ എന്താ നന്ദുവിന്റെ കൂടെ? ” മനു തിരക്കി… “ഇവൾക്ക് എന്റെ കൂടെ വരാൻ പാടില്ലേ? ” നന്ദു ഗൗരവത്തിൽ തിരക്കി… “അതല്ല.. ‘ “ഏതല്ല… ” നന്ദു ഷർട്ടിന്റെ കൈകൾ ചുരുട്ടിക്കയറ്റി വെച്ചു കൊണ്ട് തിരക്കി. “ആളുകൾ ദീപുവിന്റെ ഭാര്യയാണ് എന്നൊക്കെ പറയുന്നുണ്ട്…” പറഞ്ഞു തീർന്നതും നന്ദു അവന്റെ കോളറിൽ കയറിപ്പിടിച്ചു. “മോനെ ഈ നാട്ടിലെ പരദൂഷണക്കമ്മറ്റിയുടെ ചെയർമാൻ നീയാണെന്ന് എനിക്ക് അറിയാം. നിന്റെ അഭിനയം ദീപുവിന്റെ മുൻപിൽ മതി… എന്റെ അടുത്ത് വേണ്ട… ” “ഞാൻ എന്തു പറഞ്ഞെന്നാ നീ പറയുന്നത്?”

നന്ദുവിന്റെ കൈപ്പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് ദീപു പറഞ്ഞു… “ഇവളെയും ദീപുവിനെയും ചേർത്ത് നിന്റെ നാവിൽ നിന്നും വല്ല ഇല്ലാ വചനവും വീണാൽ വെച്ചേക്കില്ല നിന്നെ ഞാൻ… ” എന്നു പറഞ്ഞ് കൈ എടുത്തു. അവരുടെ സംസാരം റോഡിലൂടെ പോകുന്ന പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു… മീരയുടെ മുൻപിൽ വെച്ച് നന്ദു അങ്ങനെ പെരുമാറിയപ്പോൾ മനുവിനു നാണക്കേട് തോന്നി… “അവനു എന്തോ തെറ്റിദ്ധാരണയാണ് പെങ്ങളെ…” എന്നു പറഞ്ഞ് മനു അവിടെ നിന്നും നടന്നകന്നു. “അവനോടൊന്നും അധികം സംസാരിക്കാൻ നിൽക്കരുത്. ” മുൻപോട്ടു നടക്കുമ്പോൾ നന്ദു പറഞ്ഞു… “ഹ്മ്മ്… ” “നീ എന്തിനാ പണയം വെക്കാൻ വന്നത്? ” “എനിക്ക് പോകാൻ…” “എവിടേക്ക്?”

“വേറെ ആരെങ്കിലും കിട്ടുമോ എന്നു നോക്കാൻ…” അവൾ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. നേരത്തെ പറഞ്ഞതിന് തന്നെയാണ് അവൾ ഇറങ്ങി പോയതെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. “എന്റെ മാലയുമായി മുങ്ങാൻ ആയിരുന്നല്ലേ പ്ലാൻ. ഒരു ചെറിയ കമ്മൽ പോയാൽ എന്ത്…” അവൾ നടത്തം നിർത്തി കൊണ്ട് അവനെ തുറിച്ചു നോക്കി. “കാര്യം പറയുമ്പോൾ കണ്ണു തുറുപ്പിക്കുന്നോ? വേഗം നടക്ക് അങ്ങോട്ട്. ” മീരയുടെ അധരങ്ങൾ പതിയെ വിറകൊള്ളുന്നുണ്ടായിരുന്നു… അവനെ നോക്കാതെ മുൻപോട്ടു നടന്നു. വീട്ടിൽ എത്തുമ്പോൾ തിണ്ണയിൽ ഇരിക്കുന്ന ദീപയെയാണ് കണ്ടത്. ദീപ അവരെ കണ്ടതും എഴുന്നേറ്റു നിന്നു… “എന്തു പണിയാ രണ്ടും കൂടെ കാണിച്ചത്?”

ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ട് ദീപ തിരക്കി… മീര ഒന്നും പറയാതെ ഉമ്മറത്തേക്ക് കയറി. പുറകിലായി നന്ദുവും.. “എന്താ ഒന്നും പറയാത്തെ? ” “ഇതിൽ ഇപ്പോൾ എന്തു പറയാനാ? ” നന്ദു തിരക്കി. “ദീപുവേട്ടൻ ദേഷ്യത്തിലാ… ” “എന്നിട്ട് അവൻ എവിടെ?” “അച്ഛന്റെ കൂടെ മില്ലിൽ പോയി. ” “ശ്ശെ… ഞാനും കൂടെ ചെല്ലാം എന്നു പറഞ്ഞതായിരുന്നു. ” “എന്ത് ഉദേശിച്ചാ നന്ദേട്ടാ മീരയെ ഇങ്ങോട്ട് കൂട്ടിയത്. കയ്യും വീശി അവിടെ നിന്നും ഇറങ്ങി പോന്നാൽ മാത്രം മതിയോ. മാറിയിടാൻ ഡ്രസ്സ്‌ ഉണ്ടോ. ഇവിടെ അടുക്കളയിൽ എന്തെങ്കിലും സാധങ്ങൾ ഉണ്ടോ.. ഗ്യാസ് വിറക് അങ്ങനെ എന്തേലും ഉണ്ടോ… കറന്റ്‌ പോലും ഇല്ല… ” “നീ ഇങ്ങനെ എല്ലാം കൂടെ പറഞ്ഞു പേടിപ്പിക്കാതെടീ… ” നന്ദു പറഞ്ഞു.

“ഇവിടെ എങ്ങനെ ജീവിക്കാനാണ് പ്ലാൻ? ” “അതൊന്നും തീരുമാനിച്ചില്ല. തല്ക്കാലത്തേക്ക് ഇന്ന് ഇവിടെ ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല.” “പിന്നെ? ” “കുമാരേട്ടന്റെ ഹോട്ടൽ ഉണ്ടല്ലോ.” “നമ്മൾ നമ്മുടെ വീട്ടിലെ പോലെ വെറുതെ കൈ കഴുകി വന്നിരുന്നാൽ മാത്രം അവിടെ നിന്നും ഭക്ഷണം കിട്ടില്ല… ” “പിന്നെ എന്തു വേണം ആവോ? ” “തുട്ടു കൊടുക്കണം മോനെ.. ” “കൊടുക്കും മോളെ… ” എന്നു പറഞ്ഞ് പോക്കറ്റിൽ നിന്നും നോട്ടുകൾ എടുത്ത് ദീപയുടെ നേർക്ക് കാണിച്ചു… “ഇതെവിടെ നിന്നാ നന്ദേട്ടാ?” “അതു നീ അറിയണ്ട… ” “എനിക്ക് അറിയാം. കഴുത്തിൽ കിടന്നിരുന്ന മാല ആ സീതയുടെ കയ്യിൽ കൊണ്ടു പോയി കൊടുത്തു കാണും…

അതിൽ ഒരു താലിയും കൂടെ ഇട്ടു നടക്കും എന്നാണ് അവളുടെ പറച്ചിൽ…” മീര കഴുത്തിൽ കിടക്കുന്ന മാലയിലേക്ക് നോക്കി … “ഒന്നു പോടീ…” നന്ദു ദീപയോട് പറഞ്ഞു . “പോകാൻ തന്നെയാ വന്നത്…” “അയ്യോ അങ്ങനെ പോകല്ലേ… ഇവിടെ ഒന്നു വൃത്തിയാക്കാൻ സഹായിക്ക് മോളെ.. പ്ലീസ്… എന്റെ പൊന്നു ദീപമോൾ അല്ലേ?” “അല്ല…” എന്നു പറഞ്ഞ് തിരിഞ്ഞപ്പോഴാണ് മീരയുടെ കഴുത്തിൽ കിടക്കുന്ന മാല ദീപ കണ്ടത്… അവൾ മീരയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… മുഖത്തിനു ഒരു മാറ്റം പോലെ… “മീരാ… നിന്റെ ജിംക്കി എവിടെ? ” “ഇനി അവളെ ചോദ്യം ചെയ്യണ്ട. അതു പണയം വെച്ചു.” നന്ദു പറഞ്ഞു. “ഈ മാല? ” “അതു ഞാൻ അവൾക്ക് ഇടാൻ കൊടുത്തതാ… “ഹ്മ്മ്… ഞാൻ പോവാ… എന്റെ മോള് എന്നെ തിരക്കും.” “അങ്ങനെയൊന്നും തിരക്കില്ല.. ”

എന്നു പറഞ്ഞ് ഉമ്മറത്ത് കിടന്നിരുന്ന ചൂൽ എടുത്ത് ദീപയുടെ കയ്യിൽ വെച്ചു കൊടുത്തു… നന്ദു അകത്തേക്ക് പോയപ്പോൾ ദീപ ചൂൽ താഴെയിട്ട് മീരയുടെ കയ്യിൽ പിടിച്ചു… “ഏട്ടന്റെ അനുവാദം ഇല്ലാതെ അവിടെ നിന്നും പോരാൻ പാടില്ലായിരുന്നു… ” “ദീപുവേട്ടനെ കുറ്റപ്പെടുത്തിയപ്പോൾ സഹിച്ചില്ല. ദീപുവേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയ്ക്കും വീട്ടുകാർക്കും ഇതൊക്ക കേട്ടാൽ സങ്കടം ആകില്ലേ.” “എന്നാലും വേണ്ടായിരുന്നു… കല്യാണക്കാര്യത്തിൽ തീരുമാനം ആയാൽ അല്ലേ ഇനി നിങ്ങൾ അങ്ങോട്ട് വരൂ… ” “എന്നാൽ അവർ അങ്ങോട്ട് വരേണ്ടി വരില്ല… ” സന്ദീപിന്റെ ശബ്ദം കേട്ടതും മീര ദീപയുടെ കയ്യിൽ മുറുകെപ്പിടിച്ചു…..തുടരും..

സമാഗമം: ഭാഗം 9

Share this story