വാക…🍁🍁 : ഭാഗം 9

വാക…🍁🍁 : ഭാഗം 9

എഴുത്തുകാരി: നിരഞ്ജന R.N

നാല് ദിവസം വേണ്ടി വന്നു, അപകടനില തരണം ചെയ്ത് ബോധത്തിലേക്ക് തിരികെവരാൻ വാകയ്ക്ക്…………. കണ്ണീരോടെ തന്റെ കൈകൾ കൈകൾക്കുള്ളിലാക്കിയ അമ്മച്ചിയെ കണ്ണിറുക്കി കാണിച്ച് പുറമെ ചിരിച്ച് അകമേ കരയുന്ന അച്ഛനെ പുരികംപോക്കി നോക്കി അവൾ…. അധികം സംസാരിക്കണ്ടാ.. റസ്റ്റ്‌ എടുക്കണം…. സിസ്റ്റർ പറഞ്ഞതുകൊണ്ട്, അവളുടെ നെറുകയിൽ തലോടി വാത്സല്യതാൽ പൊതിഞ്ഞ മുത്തം നൽകി, ആനിയും ശ്രീദേവും റൂമിൽ നിന്ന് പുറത്തേക്കിറങ്ങി…….. ശരീരമാസകലം വേദനിക്കുന്നുണ്ടെങ്കിലും അതിലേറെ അവളുടെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു…… മനസ്സിൽ മായാത്ത ചിത്രമായി ആ കാഴ്ചകൾ മിന്നിമാഞ്ഞുകൊണ്ടേയിരുന്നു…. എന്തിനായിരുന്നു എല്ലാം……… ഇത്രമേൽ എന്നെ വേദനിപ്പിക്കണമായിരുന്നോ…..??? ആരോടെന്നില്ലാതെ ഉയർന്നുവന്ന ചോദ്യം, അവളുടെ തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞുനിന്നു……. കണ്ണിനിരുവശവും ചാലുകളായി ഒഴുകിയിറങ്ങിയ കണ്ണുനീർ ചെവിയ്ക്കിടയിലൂടെ തലയിണകളെ സ്പർശിച്ചു………………….. ബോധം വീണു എന്നറിഞ്ഞതും ഓടിപ്പാഞ്ഞെത്തുകയായിരുന്നു കിച്ചു…… ശ്രീദേവിനെയും ആനിയെയും നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു അവൾ, ശേഷം വാകയെ കാണാനായി റൂമിലേക്ക് കയറി…. ഇതിനോടകം തന്നെ വാകയെപ്പോലെ വീട്ടിലും അവരുടെയൊക്കെ മനസ്സിലും കിച്ചുവും ഇടംനേടി…

തങ്ങളെപ്പോലെ തന്നെ അവൾ വാകയെ ശ്രദ്ധിച്ചോളും എന്ന കരുതലിൽ ആ ദമ്പതിമാർ തിരികെ വീട്ടിലേക്ക് തിരിച്ചു…. ഡീ കുരുപ്പേ…… ഉറക്കമല്ലായിരുന്നുവെങ്കിലും കണ്ണടച്ച് കിടന്നിരുന്ന വാക പെട്ടെന്ന് ആ ശബ്ദം കേട്ട് ഞെട്ടിയുണർന്നു…. കണ്മുന്നിൽ മുഖം വീർപ്പിച്ച് ഇടുപ്പിൽ രണ്ട് കൈയും ചേർത്ത് തന്നെ തന്നെ ഉറ്റുനോക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അറിയാതെ ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…… എവിടെ നിനക്ക് കിട്ടിയ സാധനം???? എന്ത് സാധനം? എന്ത് കിട്ടീന്നാ പെണ്ണെ നീ ഈ പറയുന്നത്? കിച്ചുവിന്റെ ചോദ്യം കേട്ട് ആകെ കിളിപോയി ഇരിക്കുവായിരുന്നു വാകയ്ക്ക്….. അല്ല, മാനത്തൂന്ന് എന്തോ കിട്ടുമെന്ന് വിചാരിച്ചല്ലേ മാനം നോക്കി നടന്നത്…. ആ സാധനം കിട്ടിയോ ന്ന്…… മുഖം കൂർപ്പിച്ചുള്ള ആ ചോദ്യം കേട്ടപ്പോൾ ചിരിയ്ക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായി പോയി അവൾ………… എവിടെ പോയാലും എന്നെ കൂട്ടിയല്ലെടി കോപ്പേ നീ പോയിരുന്നെ, പുറത്തെക്ക് പോകണമെങ്കിലും എന്നെ വിളിച്ചൂടായിരുന്നോ.? നിറഞ്ഞുവന്ന കണ്ണുനീരിനെ തുടച്ചുമാറ്റികൊണ്ട് അവൾ ഒരു ചെയർ ബെഡിന്റെ അടുത്തേക്ക് വലിച്ചിട്ടു……. അവൾക്ക് നൽകാനായി ഉത്തരങ്ങൾ ഇല്ലാത്തതോ, എന്ത് പറയണം എന്ന ആകുലതയോ വാകയിൽ നിശബ്ദതയായി ഒതുങ്ങികൂടിയത്….. കണ്ണുകളുടെ നോട്ടം എതിർവശത്തിലേക്കാക്കി അവൾ കിടന്നു………..

ആരൊക്കെയോ കാണാൻ വന്നു, ഒരു പുഞ്ചിരി നൽകി അവരെയെല്ലാം അവൾ സ്വീകരിച്ചു….. അപ്പോഴും കൂടെ തന്നെയുണ്ടായിരുന്നു കിച്ചു……… ബാത്റൂമിൽ കൊണ്ട് പോയിരുന്നതും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിരുന്നതും കഞ്ഞി വാരികൊടുത്തതുംഎല്ലാം കിച്ചുതന്നെ ആയിരുന്നു… വീട്ടിൽ നിന്ന് തിരിക്കാൻ ഇരുന്ന ആനിയെ താൻ വാകയെ നോക്കിക്കോളാം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമ്പോൾ അവിടെ അവൾ വാകയ്ക്ക് കൂട്ടുകാരി എന്നതിലുപരി മറ്റെന്തൊക്കെയോ ആകുകയായിരുന്നു………. നേരം വൈകിട്ട് അഞ്ചോട് അടുക്കാറായി…….. വാകേ… നീ വേണേൽ ഒന്ന് മയങ്ങിക്കോ………….. ചാരിഇരുന്നിരുന്നവളെ പിടിച്ച് തലയിണ നേരെയിട്ട് കട്ടിലിലേക്ക് കിടത്തി അവൾ………… ഞാൻ റിസപ്ഷനിൽ പോയി ഫോണോന്ന് ചാർജിനു വെച്ചിട്ട് വരാമേ, പെട്ടെന്ന് വന്നപ്പോൾ ചാർജർ എടുക്കാൻ മറന്നു……….. ഒരു മൂളൽ മറുപടി യായി നൽകികൊണ്ട് വാക കണ്ണുകൾ അടച്ചു…… ഡോർ അടച്ച് കിച്ചു പുറത്തേക്ക് പോയ ശബ്ദം കേട്ടിട്ടും അടച്ച കണ്ണുകൾ തുറക്കാൻ അവൾ ശ്രമിച്ചില്ല…………. ഉറക്കം,,, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ ശ്രമിച്ചാലും തന്നെ തേടിയെത്താതെ പിണങ്ങിയിരിക്കുവാണെന്ന് വരെ തോന്നിപോയി അവൾക്ക്…. പിന്നീടെപ്പോഴോ മരുന്നുകൾ ശരീരത്തെ കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോൾ നിദ്രയും മിഴികളെ തളർത്താൻ തുടങ്ങി…………. വേണമെന്ന് വെച്ചല്ല, അവിടെയും തോല്പിക്കുകയാണ് തന്നെ……. ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ, ഇവൾ ഇത്ര പെട്ടെന്ന് വന്നോ എന്നറിയാനായിരുന്നു മിഴികൾ തുറന്നത്…

പക്ഷെ, കണ്മുന്നിൽ നിൽകുന്ന ആളെ കണ്ടതും കണ്ണുകൾ കുറുകി…. ദേഷ്യമോ വാശിയോ വേദനയോ എന്തെന്ന് അറിയാത്ത ഭാവമായിരുന്നു മനസ്സിൽ…… സഖാവ്…… ഉച്ഛരിക്കാൻ നാവ് വെമ്പൽ പൂണ്ട വാക്ക്….. തന്റെ ഹൃദയത്തിലേക്ക് ആഴിന്നിറങ്ങുന്ന ആ കാപ്പിക്കണ്ണുകളിലേക്ക് നോക്കാൻ എന്തോ ഇത്തവണ അവൾക്ക് കഴിഞ്ഞില്ല……… ദിശതെറ്റിയുള്ള ജീവനറ്റപുഞ്ചിരി അവനേകികൊണ്ട് അവൾ കട്ടിലിൽ നിന്ന് എണീക്കാൻ ഭാവിച്ചു…….. ആഹ്ഹ്ഹ്…. ബാലൻസ് തെറ്റി വീഴാൻ ഭാവിച്ചതും സംരക്ഷണകവചമായി അവന്റെ കരങ്ങൾ അവളിലേക്ക് നീണ്ടു……. വേണ്ടാ.. ബുദ്ധിമുട്ടണ്ടാ, എനിക്ക് കുഴപ്പമില്ല……. എന്ന് കടുപ്പിച്ചു തന്നെ പറഞ്ഞപ്പോഴും ആ ചുണ്ടുകളിൽ പുഞ്ചിരി തന്നെയായിരുന്നുവെന്നത് അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു…. ഇതൊക്കെ എന്ത് ബുദ്ധിമുട്ടാടോ??? അതും പറഞ്ഞവൻ അവളെ ചാരിയിരുത്തി, സപ്പോർട്ടിനായി ഒരു തലയിണയും വെച്ചു……… അപ്പോഴേക്കും താഴെ പോയ കിച്ചു അകത്തേക്ക് വന്നിരുന്നു…….. ഡി, സഖാവ് മാത്രമല്ലാട്ടോ വേറൊരാൾ കൂടിയുണ്ട്…… അതും പറഞ്ഞവൾ ഡോർ തുറന്നതും അകത്തേക്ക് വന്നയാളെ കണ്ട് വാകയുടെ നെഞ്ചിടിപ്പ് കൂടി… ദേവകൃപ.  അകത്തേക്ക് കയറിയ ദേവ ആയുഷിന്റെ അടുത്ത് വന്ന് നിന്നു…… വീണ്ടും വീണ്ടും തന്നെ പരീക്ഷിക്കുന്ന വിധിയോട് വെറുപ്പ് തോന്നിപോയി വാകയ്ക്ക്……..

ആയിരം മുള്ളുകൾ ചങ്കിൽ തറച്ച നീറ്റലോടെ അവൾ അവരെ നോക്കി നിന്നു… അപ്പോഴൊക്കെ അനുവാദം കൂടാതെ ഒഴുകിയിറങ്ങിയ കണ്ണുനീർ മറ്റുള്ളവർ ശരീരത്തിലെ മുറിവിന്റെ വേദനയാൽ ഉണ്ടായതെന്ന് കരുതി…. ഇപ്പോ എങ്ങെനെയുണ്ട് വാക? ആർ യൂ ഓക്കേ???? അവളോട് ചേർന്നുനിന്നുകൊണ്ട് ദേവ ചോദിച്ചതിന് മെല്ലെ തലയാട്ടുക മാത്രമാണ് അവൾ ചെയ്തത്…. സത്യത്തിൽ എന്താ കൃഷ്ണ സംഭവിച്ചത്???? നിങ്ങൾ രണ്ടും എവിടെയും ഒന്നിച്ചായിരിന്നില്ലേ? പിന്നെ ഇതിപ്പോൾ എന്താ ഉണ്ടായേ??? കിച്ചുവിനോടായി ആയുഷ് ചോദിച്ചതും വാകയുടെ മുഖം വരിഞ്ഞുമുറുകി….

എല്ലാത്തിനും കാരണക്കാരൻ താനാ….. കോളേജ് ആണെന്ന് പോലും നോക്കാതെ ഒരുത്തിയുമായി ഓരോന്ന് ചെയ്തിട്ട് ഇപ്പോ ഒന്നും അറിയാത്ത പാവം കളിക്കുന്നത് കണ്ടില്ലേ….. എന്ന് ഉച്ചത്തിൽ ആ മുഖത്ത് നോക്കിപറയണം എന്നുണ്ടായിരിന്നു അവൾക്ക്… പക്ഷെ എന്തുകൊണ്ടോ അതിനവൾക്ക് ആകുന്നില്ല……. നുരഞ്ഞുപോന്തുന്ന ദേഷ്യത്തെ അവന്റെ കാപ്പി കണ്ണുകൾ അലിയിച്ചില്ലാതാകുന്നത് അറിഞ്ഞുകൊണ്ട് തന്നെ അവൾ മൗനം പാലിച്ചു.. എനിക്കറിയില്ല ഏട്ടാ…. ഞാൻ ക്യാന്റീനിൽ ആയിരുന്നു.. പെട്ടെന്ന് ആരൊക്കെയോ വന്ന് പറഞ്ഞു, ഇവൾക്ക് ആക്‌സിഡന്റ് ആയി എന്ന്.. ഓടി ഗേറ്റിനു മുന്നിലെത്തിയപ്പോഴേക്കും ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു…

അവിടെ നിന്നവർ പറഞ്ഞത് ശ്രദ്ധയില്ലാതെ അങ്ങട് കേറി കൊടുത്തെയാ ന്നാ……… വാകയെ ദേഷ്യത്തോടെ നോക്കികൊണ്ട് കിച്ചു പറഞ്ഞുനിർത്തി……… ഞാനും അത് കേട്ടു,, എന്താടോ താൻ ചാകാൻ ഇറങ്ങിയതാണോ? ആ വാക്കുകളിൽ നിഴലിച്ച ഭാവമാറ്റം ശ്രദ്ധിക്കാതെ തന്നെ വാക ചുണ്ട് അവരിൽ നിന്ന് നോട്ടം മാറ്റി….. പെട്ടെന്ന് എന്തോ ഒരു തളർച്ച തോന്നി അതാ….. കാപ്പിക്കണ്ണുകളിൽ നോക്കാതെ തന്നെ അവൾ കള്ളം പറഞ്ഞു….. അതിന് താൻ എന്തിനാടോ കോളേജിനു പുറത്തേക്ക് പോയത്? ദേവയുടെ ചോദ്യം കേട്ടതും തന്റെ സർവ്വ ക്ഷമയും നശിച്ചിച്ചിരുന്നു വാകയ്ക്ക്……

ഞാൻ എന്തിന് വേണ്ടിയായാലും പുറത്തേക്ക് പോകട്ടെ.. അതിന് നിങ്ങൾക്ക് എന്താ??? നിങ്ങൾ കോളേജിൽ വരുന്നതിന്റെ കാര്യങ്ങൾ നടക്കുന്നില്ലേ??? അടിച്ചുപൊളിക്കുന്നുണ്ടല്ലോ ലൈഫ്………… അതുമതി,, മറ്റുള്ളവരുടെ വിഷയത്തിൽ വെറുതെ വന്ന് ഇടപെടരുത്…… ദേഷ്യത്തോടെ അത്രയും പറഞ്ഞുകൊണ്ടവൾ തിരിഞ്ഞുകിടന്നു……. ഇരച്ചുവന്ന ദേഷ്യത്തിലെ ശരീരത്തിലെ മുറിവുകളെ അവൾ ഗൗനിച്ചില്ല…………… ആ വേദനകൾ പിന്നീട് ഒന്നൊന്നായി അവളുടെ നാഡീഞരമ്പുകളെ പിടിമുറുക്കിയപ്പോൾ വേദനയാൽ കണ്ണ് നിറഞ്ഞു…. ഞരങ്ങലോടെ കിടക്കയിലേക്ക് മുഖം പൂഴ്ത്തി….. വാകയുടെ ഭാവമാറ്റം ശെരിക്കും മൂന്നുപേരെയും ഞെട്ടിച്ചിരുന്നു….

ആദ്യമായാണ് അവളുടെ അങ്ങെനെയൊരു രൂപം കിച്ചു പോലും കാണുന്നത്…….. ആ ഒരു അന്ധാളിപ്പ് ഉണ്ടെങ്കിലും അതിനേക്കാളേറെ ആയുഷും ദേവയും എന്ത് വിചാരിച്ചുകാണും എന്നുള്ള ഒരു ആവലാതി ആയിരുന്നു അവളിൽ…. സഖാവെ.. അത്…… അവൾ…. എന്തോ പറയാനായി തുടങ്ങിയതും ആയുഷ് കിച്ചുവിനെ തടഞ്ഞു…… മരുന്നിന്റെയൊക്കെ ഒരു എഫക്ട് ആയിരിക്കുമെടോ…. അവളെപ്പോലെ ചാടിത്തുള്ളി നടക്കുന്ന കൊച്ചിന് ഇവിടെ ഇങ്ങെനെ അടങ്ങി കിടക്കുന്നത് തന്നെ പ്രാന്ത് പിടിപ്പിക്കും….. അതിന്റെയൊക്കെ ഫ്രസ്റ്റേഷൻ ആകും… ഇട്സ് ഓക്കേ…….. എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങുവാ……. അതേടോ.. എനിക്ക് ഭ്രാന്താ.. താനെന്ന ഭ്രാന്ത്‌… ആ ഭ്രാന്ത്‌ മാറാനുള്ള ഷോക്ക് താൻ തന്നെ തന്നല്ലോ….. പിന്നെ ഇനിയും എന്താ????

വേദനയ്ക്കിടയിലും അവൾ പിറുപിറുത്തു…. അയ്യോ ഏട്ടാ.. ഇത്രയും പെട്ടെന്ന്…. അതൊന്നും സാരമില്ല കൃഷ്ണ.. ഞങ്ങൾ ഇറങ്ങട്ടെ,, ഒന്ന് രണ്ടിടത്ത് പോകാനുണ്ട്…. ദേവയാണ് പറഞ്ഞത്….. അതുകൂടി കേട്ടതും വാക ഇപ്പോൾ പൊട്ടും എന്നാ ബലൂണിന്റെ അവസ്ഥയിലേക്കെത്തി…… മാക്സിമം കടിച്ചുപിടിച്ചു കിടക്കുകയാണ് അവൾ തന്നിലെ നീറ്റലിനേ…….. വാകയെ ഒന്ന് നോക്കി, ഡോർ ക്ളോസ് ചെയ്ത് കിച്ചുവും അവരോടൊപ്പം അവരെ യാത്രായാക്കാനായി റൂമിൽ നിന്നിറങ്ങി….. എല്ലാരും പോയതറിഞ്ഞിട്ടും മിഴികൾ തുറക്കാൻ അവൾക്ക് തോന്നിയില്ല……… നിദ്രയെപ്പോഴെങ്കിലും പുൽകിയാലോ എന്ന പ്രതീക്ഷയോടെ അവൾ കിടന്നു…

ഓർമകളുടെ വേലിയേറ്റത്തിനിടയിൽ എപ്പോഴോ വാക മയങ്ങിയിരുന്നു…….. അടുക്കളയിൽ നിന്നുയർന്ന അച്ചൂട്ടന്റെ ശബ്ദമാണ് അവളെ ഉണർത്തിയത്…… മുടി മാടിക്കെട്ടി, ക്ലോക്കിലേക്ക് നോക്കിയതും കണ്ടു മണി നാല് കഴിഞ്ഞിരിക്കുന്നു……… ആയുഷ് വരും മുൻപേ അവനിൽ നിന്നോടിയോളിക്കേണ്ടതുണ്ടല്ലോ, വേഗം ബെഡ്ഷീറ്റൊക്കെ നേരെ വിരിച്ച്, ബാത്‌റൂമിൽ ചെന്ന് മുഖം കഴുകി, അവൾ താഴെക്കിറങ്ങി…… ചെറിയ ക്ഷീണം ഇപ്പോഴും കണ്ണുകളിൽ തളംകെട്ടുന്നതറിഞ്ഞുകൊണ്ട്…. അടുക്കള സ്ലാബിൽ അമ്മയുണ്ടാക്കി വെച്ചിരിക്കുന്ന ചൂട് ഉണ്ണിയപ്പം ഊതി ഊതി വായിലേക്ക് വെക്കുകയായിരുന്നു അച്ചൂട്ടൻ….

വാകയെ കണ്ടതും ഏട്ടത്തി എന്ന് വിളിച്ച് അവൻ എണീറ്റു……… അച്ചൂട്ടാ…. അവന്റെ കവിളിലൂടെ തലോടി കൈയിൽ പിടിച്ചു….. ഇന്നാ ഇതെന്റെ ഏട്ടത്തിയ്ക്ക്…. കൈയിൽ ബാക്കിയിരുന്ന ഉണ്ണിയപ്പത്തിന്റെ ഒരു കഷ്ണം അവളുടെ വായിലേക്ക് വെച്ചുകൊടുത്തു അവൻ……… എന്താ മോളെ വല്ലായ്മ വല്ലതുമുണ്ടോ??? അവളെ ഒന്ന് നോക്കിയതിനു ശേഷം അമ്മ ചോദിച്ചതും അച്ചൂട്ടൻ അവളെ അടിമുടി ഒന്ന് നോക്കി……. വിഷാദചുവ നിറഞ്ഞ ആ രൂപം കാണ്കെ അവന്റെ നെഞ്ചിൽ ഒരു കൊളുത്തി വലി തോന്നിയെങ്കിലും വിദഗ്ധമായി അതെല്ലാം മറച്ചുകൊണ്ട് അവൻ അവളെ ചേർത്തുനിർത്തി… അമ്മ മഹാറാണിയ്ക്ക് ഇപ്പോൾ വന്ന് വന്ന് കാണുന്നവർക്കെല്ലാം ക്ഷീണം ആയെന്ന് തോന്നുവാണല്ലോ…

ഹാ പ്രായമായില്ലേ തിമിരത്തിന്റെയാ….. ടാ ചെക്കാ…. കണ്ണിറുക്കികൊണ്ട് അവൻ പറഞ്ഞതുകേട്ട് ചട്ടുകമുയർത്തിയ അമ്മയെ കണ്ടതും ഏട്ടത്തിയുടെ പിന്നിലേക്ക് അവൻ മാറി… ദേ ഏട്ടത്തി, ഈ അമ്മ എന്നെ കൊല്ലുന്നേ……… ടാ..ടാ…. ഹഹഹഹ………. ആയുഷ് വീട്ടിലേക്ക് വന്നുകയറിയത് അടുക്കളയിൽ നിന്നുയരുന്ന ബഹളങ്ങൾ കേട്ടുകൊണ്ടാണ്… അച്ചു വന്നതിന്റെ മാറ്റങ്ങളാണ് ഇതൊക്കെ എന്നറിയാൻ അവനേറെ ബുദ്ധിമുട്ടേണ്ടി വന്നില്ല…. പുഞ്ചിരിയോടെ മെല്ലെ റൂമിലേക്ക് ചെന്നു……. ഫ്രഷ് ആയി വന്നതും ആവിപറക്കുന്ന കാപ്പിയിലേക്കാണ് അവന്റെ നോട്ടമെത്തിയത്…..

ടവൽ ബെഡിലേക്ക് ഇട്ട് കാപ്പി കപ്പ് ചുണ്ടോട് ചേർത്തു… ഏട്ടാ…… വാതിൽക്കൽ നിന്നുള്ള അച്ചുവിന്റെ വിളി കേട്ടതും അവനെ അടുക്കലേക്ക് വിളിച്ചു ആയുഷ്…… എന്താ ഏട്ടനും ഏട്ടത്തിയ്ക്കും ഇടയിലുണ്ടായത്? അപ്രതീക്ഷിതമായിയുള്ള അച്ചുവിന്റെ ചോദ്യത്തിൽ ആയുഷ് ഒന്ന് നടുങ്ങി…. ഞങ്ങൾക്കിടയിൽ എന്ത്??? ഒന്നുമില്ലേ??? വിക്കിവിക്കിയുള്ള മറുപടിയ്ക്ക് കർകശ്യത്തോടെയായിരുന്നു അച്ചൂട്ടന്റെ ചോദ്യം… ഒന്നുമില്ലാഞ്ഞിട്ടാണോ ഏട്ടാ നിങ്ങൾ ഡിവോഴ്സ് ആകുന്നത്? അച്ചു….???? വേണ്ടെട്ടാ… ഒന്നും മറയ്‌ക്കാൻ നോക്കണ്ട..എനിക്കറിയണം എന്താ നിങ്ങൾക്കിടയിൽ പറ്റിയതെന്ന്???

പരസ്പരം അത്രമേൽ ഇഷ്ടപ്പെട്ടിട്ടും തമ്മിൽ വേർപിരിയാനായിട്ട് എന്ത് കാര്യമാ നിങ്ങൾക്ക് ഇടയിൽ ഉണ്ടായത്? അച്ചുവിന്റെ ചോദ്യങ്ങൾക്ക് ന്ത്‌ ഉത്തരം പറയണമെന്നറിയാതെ തറഞ്ഞു നിന്നുപോയി ആയുഷ്……. ആരെയും അറിയിക്കാതെ കാലം കുറച്ചായി നെഞ്ചിലൊളിപ്പിച്ച രഹസ്യങ്ങളുടെ കൂട ആദ്യമായി തന്റെ അനിയന് മുന്നിൽ തുറക്കാൻ ഒടുവിൽ അവൻ തീരുമാനിച്ചു.. ബാൽക്കണിയിലേക്ക് നടന്നുനീങ്ങുമ്പോൾ അവനെ പിന്തുടർന്ന് അച്ചുവും ഉണ്ടായിരുന്നു…… പറഞ്ഞുതുടങ്ങും മുൻപ് അച്ചുവിനെ അവൻ ഓർമിപ്പിച്ചു, നാളുകൾക്ക് മുൻപേ തനിക്ക് പറ്റിയ ഒരു അപകടത്തെപറ്റി…….

ശേഷം ആർത്തിരമ്പുന്ന അലകളായി ഇടം നെഞ്ചിൽ തറഞ്ഞ ഓരോന്നും അവൻ അച്ചുവിനോടായി പങ്കുവെച്ചു……… ഒന്നൊഴിച്ച്…….. തനിക്കായി വരുന്ന ആ ഇമെയിൽ വിവരങ്ങൾ മാത്രം അവൻ അച്ചുവിനോട് പറഞ്ഞില്ല….. എല്ലാം പറഞ്ഞുകഴിഞ്ഞ് ഒഴിഞ്ഞ മനസ്സുമായി ചുമരിലേക്ക് ചാരിനിന്ന ആയുഷിനോട് സഹതാപത്തിലൂന്നിയ എന്തോ വികാരമാണ് അച്ചുവിന് തോന്നിയത്….. ആദ്യമായി തന്റെ ഏട്ടനെ സഹതാപത്തോടെ അവൻ നോക്കി….. ഇനി നീ പറയ് അച്ചു, ഞാൻ ഈ ചെയ്യുന്നതൊക്കെ തെറ്റാണോ???? എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി എന്റെ വാകയെ ഞാൻ ബലിയാടാക്കാണോ? ഇല്ലെടാ എനിക്കതിന് കഴിയില്ല…….. എന്നോടോപ്പമുള്ള ജീവിതം നാശം മാത്രമേ അവൾക്ക് ഏകൂ……..

നിറഞ്ഞുത്തൂകിയ കണ്ണുകളോടെ അവൻ അച്ചുവിനെ നോക്കി….. അവന്റെ മറുപടിയ്ക്ക് കാത്ത് എന്നതുപോലെ………… ഇതുവരെ എനിക്കെന്റെ ഏട്ടനെക്കുറിച്ചൊർത്ത് അഭിമാനമായിരുന്നു……. എന്തും ചങ്കുറ്റത്തോടെ നേരിടുന്ന സഖാവ്……….. ആ ഏട്ടനാണോ എല്ലാം തകർന്നവനെ പോലെ ഇങ്ങെനെ…… അച്ചു….. ഞാൻ…. ഞാൻ പിന്നെ എന്ത് വേണമെടാ… എന്റെ എല്ലാം അതെന്റെ പെണ്ണ് തന്നെയാ… പക്ഷെ…… എന്ത് പക്ഷെയാ ഏട്ടാ???? ഏട്ടനെങ്ങേനേ കഴിഞ്ഞു ഇങ്ങെനെയൊക്കെ ചിന്തിക്കാൻ പോലും? സഖാവിന്റെ സാമിപ്യമില്ലാതെ വാക പൂത്തുതളിർക്കുമെന്ന് ഏട്ടൻ കരുതിയോ??? അച്ചൂട്ടാ……. അതേ ഏട്ടാ…. ഏട്ടത്തിയുടേ ജീവനും ജീവിതവും എല്ലാം എന്റെ ഈ ഏട്ടനാ… ഏട്ടനും അങ്ങേനെത്തന്നെയാ എന്ന് എനിക്കറിയാം………… പിന്നെ എന്തിനാ ഇങ്ങെനെയൊക്കെ……. ഈ സഖാവില്ലാതെ അവന്റെ സഖി ഏകയാകുമെന്ന് ഓർക്കാൻ പോലും കഴിയുന്നില്ല എനിക്ക്…… വലം കൈയിൽ ചേർത്തുപിടിച്ച പെണ്ണിനെ കൈവെടിയാൻ മാത്രം എന്റെ ഈ സഖാവിന് കഴിയുമോ???? അവന്റെ വാക്കുകൾ ഓരോന്നും കൂരമ്പുകളായി ആയുഷിന്റെ ഇടനെഞ്ചിൽ തറഞ്ഞുകൂടി…………… വാകയെ സഖാവിൽ നിന്നടർത്തെറിയാൻ ഈ ലോകത്തെ ഒരു ശക്തിയ്ക്കും കഴിയില്ല… അവളുടെ ചെഞ്ജുവപ്പ് അവനായി മാത്രം അവകാശപ്പെട്ടതല്ലേ……

എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും ആ പാവത്തിനെ ഉപേക്ഷിക്കാൻ തോന്നല്ലേ ഏട്ടാ………. എന്തിനും ഏട്ടന്റെ കൂടെ കാണും എന്റെ ഏട്ടത്തി………. ഇപ്പോൾ ആയിരിക്കില്ല, എല്ലാം ഒരിക്കൽ അറിയുമ്പോൾ ആകും ഏട്ടത്തി ഏട്ടനെ വെറുക്കുക…….ആ വെറുപ്പ് താങ്ങാൻ എന്റെ ഏട്ടന് കഴിയുമോ?????????? മോനെ……. നേർത്തുപോയിരുന്നു ആയുഷിന്റെ ശബ്ദം…………. എല്ലാം ഏട്ടത്തിയോട് പറയണം ഏട്ടാ……… അവന്റെ അഭിപ്രായത്തിന് ഒരു മൂളൽ മാത്രം ആയുഷ് മറുപടി ഏകി…….. അച്ചൂട്ടാ…… നിന്നോട് ഞാൻ പറഞ്ഞതൊന്നും മൂന്നാമതൊരാൾ അറിയരുത്…….. തിരിഞ്ഞ് നടക്കാൻ നേരം അച്ചുവിനോടായി ആയുഷ് പറഞ്ഞതിന് അവനൊന്ന് തലയാട്ടി………..

ആ മറുപടിയിൽ ഒരു ഉറപ്പില്ലാത്തത്തിനാലാകാം തന്റെ നെഞ്ചിലേക്ക് അവന്റെ കൈ വെച്ചുകൊണ്ടവൻ സത്യംചെയ്ത് വാങ്ങിപ്പിച്ചു………… പക്ഷെ, അവരാരും അറിയിഞ്ഞിരുന്നില്ല എല്ലാം കേട്ട് നിന്ന മറ്റ് രണ്ട് കാതുകളെ……… ഈറനോടെ ആ മിഴികൾ തുടച്ചുകൊണ്ട് ആ രൂപം താഴേക്ക് നടന്നു………………. അച്ചുവിന്റെ വാക്കുകൾ ആയുഷിൽ പിടിവലി തുടങ്ങി….. ഒരു തീരുമാനം എടുക്കാനാകാതെ ആകെ കുഴങ്ങിപോയ അവന്റെ ശ്രദ്ധ നേടികൊണ്ട് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് ഉയർന്നു…… Jayeshjay@123എന്ന മെയിൽ ഐഡി കണ്ടതും അവന്റെ കണ്ണുകൾ മുറുകി…………… തുടരും

വാക…🍁🍁 : ഭാഗം 8

Share this story