❤️കലിപ്പന്റെ വായാടി❤️ : ഭാഗം 5

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 5

എഴുത്തുകാരി: ശിവ നന്ദ

എന്റെ തീരുമാനം ആദ്യമൊന്നും ഏട്ടന് അംഗീകരിക്കാൻ പറ്റിയില്ല. ഒടുവിൽ ആ കുടുംബത്തിലെ മറ്റ് അംഗങ്ങളിലുള്ള വിശ്വാസത്തിന്റെ പേരിൽ മനസ്സില്ലാമനസ്സോടെ ഏട്ടൻ സമ്മതിച്ചു.അപ്പോഴും ശിവയും ഒത്തുള്ള എന്റെ ജീവിതത്തെ കുറിച്ച് ഏട്ടന് നല്ല പേടിയുണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.ഒരാഴ്ചയും കൂടി കഴിഞ്ഞാൽ എനിക്ക് പരീക്ഷ തുടങ്ങും. അതിന് മുൻപ് നിശ്ചയം നടത്താൻ തീരുമാനിച്ചു.പെണ്ണുകാണലിനു ശേഷം ഞാൻ ഒരുപാട് മാറി പോയെന്ന കുട്ടികൂട്ടത്തിന്റെ പരാതി.മനഃപൂർവം അങ്ങനെ ആയതാണ് ഞാൻ.അല്ല..എല്ലാവരും കൂടി എന്നെ അങ്ങനെ ആക്കിയെന്ന് പറയുന്നതാകും ശരി. അവസാനം കാത്തിരുന്ന ദിവസം വന്നെത്തി.

ഇന്നാണ് വിവാഹ നിശ്ചയം.വീട്ടിൽ എനിക്കറിയാവുന്നതും അല്ലാത്തതും ആയിട്ടുള്ള ഒരുപാട് ആൾകാർ എത്തിയിട്ടുണ്ട്.എല്ലാവർക്കും അറിയേണ്ടത് ചെക്കനെ കുറിച്ചാണ്.കാണാൻ എങ്ങനെ ആണ്.പഠിപ്പ് എത്രയുണ്ട്.എന്താണ് ജോലി.വീട്ടിൽ ആരൊക്കെയുണ്ട്…അങ്ങനെ കുറേ..സത്യം പറഞ്ഞാൽ ഇവരൊക്കെ ചോദിക്കുമ്പോൾ ആണ് ഞാനും ആ കാര്യം ആലോചിക്കുന്നത്.സത്യത്തിൽ അങ്ങേർക്ക് എന്താ ജോലി???ഹ്മ്മ്…ജോലി എന്താണെങ്കിലും നമുക്ക് എന്താ…പിന്നെ കാണാൻ…..മ്മ്മ്…തരക്കേടില്ല..അത്യാവശ്യം ലുക്ക്‌ ഒക്കെ ഉണ്ട്.പിന്നെ ലുക്കിൽ ഒന്നും ഒരു കാര്യവും ഇല്ലെന്ന് അങ്ങേരു തന്നെ തെളിയിച്ചിട്ടുണ്ടല്ലോ.. “ഗൗരിയേച്ചി….” “ആഹാ…വന്നോ എന്റെ പീക്കിരീസ്..” “വരണ്ടെന്ന് കരുതിയതാ.പിന്നെ ഒരു സദ്യ വേസ്റ്റ് ആകുമല്ലോന്ന് ഓർത്തിട്ട” “ഓഹോ.

അപ്പോൾ സദ്യ കഴിക്കാൻ വേണ്ടി മാത്രം വന്നതാണല്ലേ” “അതിന് മാത്രമല്ല.ഞങ്ങളുടെ ചേച്ചിക്കുട്ടിയെ ഞങ്ങളിൽ നിന്നും അകറ്റുന്ന ആ മൊതലിനെ ഒന്ന് കാണാനും കൂടിയ” “കണ്ടിട്ട്???” “ഒന്ന് വിരട്ടാൻ…” “അഹ്..ബെസ്റ്റ്. എന്റെ പൊന്ന് മക്കളെ നീയൊന്നും കരുതുന്ന ടൈപ്പ് അല്ല അത്” “ഏത്‌ ടൈപ്പ് ആണെങ്കിലും ഞങ്ങൾ ഒന്ന് കാണുന്നുണ്ട്” അപ്പോഴേക്കും ചെറുക്കനും കൂട്ടരും എത്തിയെന്നും പറഞ്ഞ് അമ്മ വന്ന് വിളിച്ചു.ഏട്ടൻ എവിടെയെന്ന് അന്വേഷിച്ചപ്പോൾ പുറത്തുണ്ടെന്ന പറഞ്ഞത്.പക്ഷെ ഞാൻ അവിടെയെങ്ങും കണ്ടില്ല.ആകെ വിഷമിച്ച് നിൽകുമ്പോൾ ആണ് മുത്തശ്ശി വന്നെന്റെ കയ്യിൽ പിടിച്ചത്. “കുറുമ്പി സുന്ദരി ആയിട്ടുണ്ടല്ലോ.എന്റെ കുട്ടിയെ ആരും കണ്ണ് തട്ടാതിരിക്കട്ടെ” “ഒന്ന് പോ മുത്തശ്ശി.മുത്തശ്ശിയുടെ അത്രയും സൗന്ദര്യം ഇവിടെ ആർക്കും ഇല്ല.

ദേ നോക്കിക്കേ…കാരണവർ ചമഞ്ഞിരിക്കുന്ന അപ്പൂപ്പൻമാരുടെ ഒക്കെ നോട്ടം ഇങ്ങോട്ട” “പോടീ കാന്താരി” അത് പറഞ്ഞിട്ടുള്ള മുത്തശ്ശിയുടെ ചിരി ഒന്ന് കാണണമായിരുന്നു.എന്താ ചൈതന്യം.ആ മുഖം നോക്കിയിട്ട് വെറുതെ ഒന്ന് തല ഉയർത്തിയത..ദേ നിൽക്കുന്ന ആരോ നിർബന്ധിച്ച് കൊണ്ട് നിർത്തിയേക്കുന്നത് പോലെ ശിവ.അത് വരെയുണ്ടായിരുന്ന സമാധാനം ആ ഒരൊറ്റ നോട്ടത്തോടെ പോയി.മുഹൂർത്തം ആയെന്നും പറഞ്ഞ് അച്ഛൻ എന്റെ കൈ പിടിച് ശിവയുടെ അടുത്ത് കൊണ്ട് നിർത്തി.സാത്താന്റെ അടുത്ത് നിൽക്കുന്ന മാലാഖയുടെ അവസ്ഥ ആയിരുന്നു എനിക്കപ്പോൾ.ആ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം പോലും എനിക്കില്ല.ഒരു ആശ്വാസത്തിന് ഞാൻ ചുറ്റും നോക്കി.

ആൾക്കൂട്ടത്തിനിടയിൽ ഏട്ടനെ കണ്ടപ്പോൾ മനസൊന്ന് വിങ്ങി.എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് ഏട്ടൻ.ശെരിക്കും പറഞ്ഞാൽ എന്നെ വളർത്തിയത് തന്നെ എന്റെ ഏട്ടനാണെന്ന് പറയാം.ആ ആളാണ് ഇപ്പോൾ ഇതിലൊന്നും ഇടപെടാതെ മാറി നില്കുന്നത്.ഇതിനെല്ലാം കാരണക്കാരൻ ആയ ശിവയോട് വല്ലാത്ത ദേഷ്യം തോന്നി.അല്ല ശിവയെ പറഞ്ഞിട്ട് കാര്യമില്ല.ഇതിന്റെയെല്ലാം തുടക്കം എന്നിലൂടെ ആയിരുന്നല്ലോ…അടുത്ത് വന്ന് നിക്കെന്ന് ഏട്ടനോട് മൗനമായി പറഞ്ഞെങ്കിലും ഏട്ടൻ വന്നില്ല.ഒടുവിൽ കരച്ചിലിന്റെ വക്ക് വരെയെത്തിയപ്പോൾ ആണ് ഏട്ടൻ വന്നത്.ഏട്ടൻ അടുത്തെത്തിയതും ഒരു പരിഹാസചിരിയോടെ ശിവ എന്റെ അടുത്തേക്ക് നീങ്ങി നിന്നു.അത് കണ്ടതും പോകാനൊരുങ്ങിയ ഏട്ടന്റെ കയ്യിൽ പിടിച്ച് ഞാൻ നിർത്തി.

“അപ്പോൾ മോതിരം കൈ മാറാം” അച്ഛൻ കൊണ്ട് തന്ന മോതിരം ഞാനും മുത്തശ്ശി കൊണ്ട് തന്നത് ശിവയും എടുത്തു.ആദ്യം ഞാൻ ആണല്ലോ ഇട്ടു കൊടുക്കേണ്ടത്.കയ്യിൽ പിടിക്കാതെ ഇടാൻ ശ്രമിച്ചു.പക്ഷെ സാധിച്ചില്ല.അങ്ങനെ എന്റെ പേര് കൊത്തിയ മോതിരം ശിവയുടെ വിരലിന്റെ അവകാശിയായി.അടുത്തത് ശിവയുടെ ഊഴം ആണ്.ഞാൻ കൈ നീട്ടാൻ കാത്തിരുന്നത് പോലെയാണ് അവൻ എന്റെ കയ്യിൽ പിടിച്ചത്.വെറുതെ പിടിക്കുക ആയിരുന്നില്ല.പിടിച്ച് ഞെരുക്കുകയായിരുന്നെന്ന് പറയാം.വേദന കൊണ്ട് ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാത്ത അവസ്ഥ.ആ വേദനയിലും ചിരിച്ച് കൊണ്ട് നില്കേണ്ടിവന്ന എന്റെ അവസ്ഥ ഓർത്ത് എനിക്ക് തന്നെ കഷ്ടം തോന്നി.ഒരു വിധം അവന്റെ കയ്യിൽ നിന്നും എന്റെ കൈ ഞാൻ മോചിപ്പിച്ചു.ഒരു മോതിരം ഇട്ടതിന്റെ പാടാണ് എന്റെ കയ്യിൽ കിടക്കുന്നത്.

ആകെ മൊത്തം ചുമന്ന്…ഇനി ഇത് പോലെ എന്തൊക്കെ അനുഭവിക്കണം… ചടങ്ങ് കഴിഞ്ഞുള്ള ഫോട്ടോഷൂട് ആണ് സഹിക്കാൻ പറ്റാഞ്ഞത്.മനസ്സ് കൊണ്ട് രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ഞങ്ങൾ ഒരു കയ്യകലം പോലും ഇല്ലാതെ ചേർന്ന് നിന്നു ഫോട്ടോ എടുക്കുന്നു.അതോടെ മനസ്സിലായി ശിവ നല്ലൊരു നടൻ ആണെന്ന്. “ഗൗരിയേ…സത്യം പറ എത്ര നാള് കൊണ്ടുള്ളതാ??” കസിൻസ് ആണ്..ഇവരിപ്പോൾ എന്താ ഉദ്ദേശിച്ചത്. “എന്ത്??” “പ്രണയം” “പ്രണയമോ????” “നിങ്ങളെ കണ്ടാൽ തന്നെ അറിയാം ഇതൊരു പക്കാ അറേഞ്ച്ട് മാര്യേജ് അല്ലെന്ന്” അടിപൊളി..ഈ വർഷത്തെ ഏറ്റവും വലിയ കോമഡി.ചിരി അടക്കിപ്പിടിച്ച് ഞാൻ ശിവയെ ഒന്ന് നോക്കി.അങ്ങേര് ദേ ചിരിച്ച് കൊണ്ട് നില്കുന്നു.പക്ഷെ ആ കണ്ണിലെ പുച്ഛം ഞാൻ മാത്രമേ തിരിച്ചറിഞ്ഞുള്ളു.കിട്ടിയ ഗ്യാപ്പിനു ഞാൻ ശിവയുടെ അടുത്ത് നിന്നും മാറി.

ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഒരു സുഖം.നമ്മുടെ കുട്ടികൂട്ടത്തിന്റെ കൂടെ കുറച്ച് നേരം ഇരിക്കാമെന്ന് കരുതി അവറ്റകളെ അവിടെ മുഴുവനും ഞാൻ നോക്കി..അപ്പോൾ കാണാം ശിവയുടെ അടുത്ത് നില്കുന്നു എല്ലാവരും കൂടി…ഇതെപ്പോൾ അവിടെ എത്തി എന്ന് ആലോചിച്ച് നിന്നപ്പോൾ കാണാം കൂട്ടത്തിലെ ഏറ്റവും ഇളയവൻ..എന്റെ കുക്കു…അവനെ ശിവ എടുക്കുന്നു.കണ്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ ഒന്നുംകൂടി കണ്ണ് ഇറുക്കി അടച്ച്‌ തുറന്നു..കുക്കു ആണെങ്കിൽ ഗോപുരത്തിന്റെ മുകളിൽ ഇരിക്കുന്നത് പോലെ ശിവയുടെ കഴുത്തിൽ ചുറ്റി പിടിച്ചിരിക്കുന്നു..നന്നായി..ശിവയെ ഓടിച്ച് വിടുമെന്ന് പറഞ്ഞ ടീംസ് ആണ്..അങ്ങനെ എന്റെ പിള്ളേരെ തന്റെ വരുതിക്ക് ആക്കണ്ട എന്ന് ദൃഢനിശ്ചയം എടുത്തു ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

“കുക്കു…ഇങ്ങോട്ട് ഇറങ്ങ്” “പോ ചേച്ചി…ചേട്ടന്റെ പുറത്തിരിക്കുമ്പോൾ ഈ നാട് ഫുൾ കാണാം” “പിന്നെ അമിതാഭ് ബച്ചൻ അല്ലേ” പറഞ്ഞത് അല്പം ഉച്ചത്തിൽ ആയി പോയി.. “ബച്ചൻ ഒന്നും അല്ലെങ്കിലും നിന്നെ പോലെ അടക്കാകുരുവി അല്ല…അല്ലേടാ കുക്കു” ശിവ തന്നെയാണോ ഇതെന്ന് ഞാൻ ഒന്ന് സംശയിച്ചു.ഇങ്ങനെ സംസാരിക്കാൻ ഒക്കെ അറിയുമോ ഇങ്ങേർക്ക്.. “ഈ ചേട്ടനെ കുറിച്ചാണോ ഗൗരിയേച്ചി അനാവശ്യം പറഞ്ഞത്.എന്ത്‌ നല്ല ചേട്ടന ഇത്” അപ്പു അത് പറഞ്ഞതും ശിവ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ അപ്പുവിനെ ഒന്ന് നോക്കി ഞാൻ അവിടെ നിന്നും സ്കൂട്ട് ആകാൻ ശ്രമിച്ചു.. “ഗൗരി….” ശിവയുടെ വിളിയിൽ എന്റെ കാലുകൾ വരെ സ്തംഭിച്ച് പോയി.

ആദ്യമായാണ് എന്റെ പേര് വിളിക്കുന്നത്.കുക്കുവിനെ നിലത്ത് നിറത്തി ശിവ എന്റെ തൊട്ടടുത്ത് വന്ന് നിന്നു.പതിയെ എന്റെ മുടിയിഴകളെ മാറ്റി ഞാൻ മാത്രം കേൾക്കാൻ പാകത്തിൽ എന്റെ ചെവിയിൽ പറഞ്ഞു.. “നിനക്ക് തരുന്ന ആദ്യത്തെ സമ്മാനം ഇതാണ്..ഈ പിള്ളേരെ പോലെ നിന്നെ സ്നേഹിക്കുന്ന ഓരോരുത്തരെയും ഞാൻ എന്റെ പക്ഷത്താകും.പിന്നെ എന്റെ വാക്കേ ഇവര് വിശ്വസിക്കു..” അതും പറഞ്ഞ് ശിവ എന്നിൽ നിന്നും മാറിയപ്പോൾ ആണ് ഈ രംഗം ക്യാമറ ചേട്ടൻ പകർത്തിയത് ഞങ്ങൾ അറിയുന്നത്.എന്നിട്ട് ഞങ്ങളെ നോക്കി ഒരു കള്ള ചിരിയും.പാവം ഞങ്ങൾ റൊമാന്റിക് ആയതാണെന്ന് കരുതി കാണും.എങ്കിലും ഈ ശിവ എന്താ ഇങ്ങനെ.

എന്നിൽ നിന്ന് എല്ലാവരെയും അകറ്റി ഇങ്ങേർക്ക് എന്ത് നേടാന..വേണ്ട വേണ്ടാന്നു വെക്കുമ്പോൾ എന്നെ കൊണ്ട് അങ്കം കുറിപ്പിച്ചേ അടങ്ങു..കാണിച്ചു തരാം ഞാൻ. അവിടെ നിന്നും ഞാൻ നേരെ പോയത് മുത്തശ്ശിയുടെ അടുത്തേക്കാണ്.ഞരമ്പുകൾ തെളിഞ്ഞ ആ കൈയിൽ പിടിച്ച് ഞാൻ ഇരുന്നു.ശിവ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതും മുത്തശ്ശിയെ കെട്ടിപിടിച്ച് ഞാനൊരു ഉമ്മ കൊടുത്തു. “ഈ കുറുമ്പിയുടെ ഒരു കാര്യം” അതും പറഞ്ഞ് മുത്തശ്ശി തിരികെ എന്റെ മൂർദ്ധാവിൽ ചുംബിച്ചു. “ന്റെ കുട്ടന്റെ ഭാഗ്യമാണ് നീ..എന്റെ കുടുംബത്തിന്റെയും” എന്റെ പ്രവർത്തിയും മുത്തശ്ശിയുടെ ഈ വാക്കുകളും ശിവയെ വല്ലാണ്ട് നോവിച്ചെന്ന് എനിക്ക് മനസിലായി.

കാരണം ഇത്രയും ദിവസത്തിനുള്ളിൽ ഞാൻ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്..മുത്തശ്ശിയാണ് ശിവയുടെ ജീവൻ.. “താൻ എനിക്ക് വേണ്ടപ്പെട്ടവരെ എന്നിൽ നിന്നും അകറ്റുമ്പോൾ ഞാൻ തന്റെ പ്രാണനും ആയിട്ട് കൂടുതൽ അടുക്കും..അതായത് മുത്തശ്ശിയും ആയിട്ട്.” “ഡീ….” “പക്ഷെ താൻ പേടിക്കണ്ട.തന്നെ പോലെ ഞാൻ അഭിനയിക്കില്ല.ആ മുത്തശ്ശിയെ ആത്മാർത്ഥമായിട്ട് തന്നെ ഞാൻ സ്നേഹിക്കും..തന്നെക്കാൾ കൂടുതൽ” ഒന്നും പറയാനില്ലാതെ നിക്കുന്ന ശിവയുടെ അടുത്തേക്ക് കുറച്ച് കൂടി ചേർന്ന നിന്നിട്ട് ഞാൻ പറഞ്ഞു.. “ഗൗരി ആരെന്ന് ശിവ അറിയാൻ പോകുന്നതേ ഉള്ളു..ഈ കലിപ്പന്റെ വായാടി ആകാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ….!!!”.!!!.. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 4

Share this story