സമാഗമം: ഭാഗം 12

സമാഗമം: ഭാഗം 12

എഴുത്തുകാരി: അനില സനൽ അനുരാധ

“ഒരു കഥ പറഞ്ഞു തരട്ടെ നിനക്ക്… ഹ്മ്മ്? ” എന്നു ചോദിച്ച് മീരയുടെ മറുപടിക്ക് കാതോർത്ത് നന്ദു നിന്നു. അവൾ അവനെ നോക്കി… നെറ്റിയിലെ മുറിവ് കരിഞ്ഞു തുടങ്ങിയിരുന്നു… കണ്ണുകളിലെ ഭാവം എന്താണ്… എന്തോ അവനെ മനസ്സിലാക്കിയെടുക്കാൻ താൻ അപര്യാപ്തയാണെന്ന് അവൾക്ക് തോന്നി. “കഥ കേൾക്കാൻ ഇഷ്ടമില്ലേ നിനക്ക്… ” “ഇഷ്ടമായിരുന്നു…” “ഇപ്പോൾ ഇഷ്ടമല്ലല്ലേ?” “പതിനൊന്നു വയസ്സിനു ശേഷം എന്റെ ഇഷ്ടങ്ങൾ എന്താണെന്ന് ഞാൻ തന്നെ മറന്നു പോയി.” “പത്തു വയസ്സിനു ശേഷം ഞാനും… ” എന്നു പറഞ്ഞ് അവൻ തിരിഞ്ഞു നടന്നപ്പോൾ അവളും അവന്റെ പുറകെ ചെന്നു…. “കാപ്പി തണുത്തു കാണും… ” അവൻ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു… “പൊള്ളുന്ന ജീവിതത്തിൽ അതെങ്കിലും തണുത്തത് ആയിക്കോട്ടെ…” അവന്റെ എതിർ വശത്തായി ഇരുന്നു കൊണ്ട് അവൾ പറഞ്ഞു.

“നിനക്ക് പേടിയുണ്ടോ.. എന്റെ കൂടെ ഇവിടെ? ” “ഞാൻ എന്തിനു പേടിക്കണം… ഉറക്കെ ഒന്നു വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്ത് ദീപുവേട്ടനും വീട്ടുകാരും ഇല്ലേ… പേടിക്കേണ്ടത് നന്ദേട്ടനാണ്…” “എന്തിന്? ” “അവിവാഹിതനാണ്… ” “അങ്ങനെ ഞാൻ പറഞ്ഞോ? ” “ഇല്ല… പക്ഷേ? ” “എല്ലാം എല്ലാവർക്കും അറിയാൻ പറ്റുമോ… അങ്ങു ദൂരെ ഒരു വീടുണ്ട്… അവിടെ എനിക്ക് ഒരു ഭാര്യയും മൂന്നു കുട്ടികളും ഉണ്ട്. അവരെ കാണാൻ അല്ലേ ഞാൻ ഇവിടെ നിന്നും മുങ്ങുന്നത്…” “അപ്പോൾ അവർ ഇങ്ങോട്ട് വരുമ്പോൾ… അവർക്ക് ഇഷ്ട്ടമാകില്ല… തമാശയ്ക്ക് പോലും സ്വന്തം ഭർത്താവിന്റെ പേരു ചേർത്ത് വേറൊരു സ്ത്രീയുടെ കൂടെ ചേർത്തു പറയുന്നത് സഹിക്കില്ല… ” “എന്നിട്ട് നീ സഹിച്ചില്ലേ?” “സഹിച്ചോ ഞാൻ? ” അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി… ഉള്ളിലെ സമ്മർദ്ദം കാരണമാകാം അവളുടെ അധരങ്ങൾ ചെറുതായി വിറ കൊള്ളുന്നുണ്ടായിരുന്നു.

അവൾ പതിയെ കാപ്പി എടുത്തു കുടിക്കാൻ തുടങ്ങി… “ഒരു വിവാഹമൊന്നും എന്റെ മനസ്സിൽ ഇല്ല… ഒരു കൂട്ടു വേണമെന്ന് ഇതുവരെ ആഗ്രഹം തോന്നിയിട്ടുമില്ല. പിന്നെയും ഞാൻ ഭയപ്പെടേണ്ടതുണ്ടോ? ” നന്ദു തിരക്കി. അവൾ മറുപടി പറഞ്ഞില്ല… “നീ ഇപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടോ… തെറ്റുകൾ തിരുത്തി മടങ്ങി വരുന്ന അയാളെ നീ പ്രതീക്ഷിക്കുന്നുണ്ടോ… എങ്കിൽ ഭയപ്പെടേണ്ടത് നീയാണ്. ഞാനല്ല.” അവളുടെ മുഖം കൂടുതൽ ചുവന്നു… “അയാൾ ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു കളഞ്ഞ ഒന്നു മാത്രമാണ് ഞാൻ… സ്നേഹിക്കാനും പ്രണയിക്കാനും തലോലിക്കാനും സുന്ദരിയും കോടീശ്വരിയുമായ ഒരുവൾ ഉള്ളപ്പോൾ അയാൾ എന്നെ ഓർക്കുമോ… എന്റെ കയ്യിൽ ഒന്നുമില്ല നന്ദേട്ടാ… അയാൾ തേടി വരാൻ മാത്രം വില പിടിപ്പുള്ള ഒന്നുമില്ല.

പണം കൊടുത്തു കൂടെ കൂട്ടിയ തെരുവു പെണ്ണുങ്ങളെ കാര്യം കഴിഞ്ഞു ഉപേക്ഷിക്കുകയല്ലാതെ ജീവിത കാലം മുഴുവൻ കൂടെ നിർത്തേണ്ടതില്ലല്ലോ… ” പറഞ്ഞു നിർത്തിയപ്പോൾ അവൾ ചെറുതായി കിതക്കുന്നുണ്ടായിരുന്നു… മെഴുകുതിരി തിരിനാളത്തിലേക്ക് നോക്കി നന്ദു ഇരുന്നു… “അയാൾ ഒരിക്കൽ നിന്നെ തേടി വരിക തന്നെ ചെയ്യും… ” നന്ദു പറഞ്ഞപ്പോൾ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി… അവന്റെ കണ്ണുകളിൽ അപ്പോൾ ആത്മവിശ്വാസം നിറഞ്ഞിരുന്നു… “വന്നോട്ടെ… വന്നാലും എനിക്ക് അയാളെ വേണ്ട… വെറുത്തു പോയി… എന്നോട് എങ്ങനെ എങ്ങനെ വേണമെങ്കിലും ജീവിച്ചു കൊള്ളാൻ പറഞ്ഞ ആളാണ്.” “നിന്റെ കുഞ്ഞിന്റെ അച്ഛനാണ്…” “എന്റെ കുഞ്ഞിന് അച്ഛൻ ഇല്ല…” “അച്ഛൻ ഇല്ലാതെ കുഞ്ഞു പിറക്കുമോ? ” കുസൃതിയോടെ അവൻ തിരക്കി…

“ആഹ് ! ചിലപ്പോൾ… സമൂഹത്തിൽ നിന്നും അവഗണന ഉണ്ടായേക്കാം… തന്തയില്ലാത്ത കുഞ്ഞെന്നു പറഞ്ഞു അധിക്ഷേപിച്ചേക്കാം… ” “നിങ്ങൾ നിയമപരമായി വിവാഹം കഴിച്ചവർ ആണല്ലോ… അതു കൊണ്ട് അവൾക്ക് ചൂണ്ടി കാണിച്ചു കൊടുക്കാൻ ഒരു അച്ഛനുണ്ട്…” “അവളോ? ” “അറിയാതെ നാവിൽ വന്നു പോയതാണ്… അവനോ അവളോ ആരെങ്കിലും ആകട്ടെ…” “ചൂണ്ടി കാണിച്ചു കൊടുക്കാൻ മാത്രമായി ഒരു അച്ഛൻ എന്തിനാണ്… ഞാൻ ഗർഭിണിയാണെന്ന് അറിയുമ്പോൾ എല്ലാം മറന്ന് എന്നെ വാരിപ്പുണരും എന്ന് കരുതിയിരുന്നു… എല്ലാം വെറുതെ… ഒന്നും ആഗ്രഹിക്കാറില്ലായിരുന്നു… അതൊന്നും നടത്തി തരാൻ ആരും ഇല്ലതാനും… വെല്ല്യച്ഛന്റെ വീട്ടിലെ അടുക്കളയിൽ എരിഞ്ഞു തീരേണ്ട ജീവിതമാണ്.. ഇപ്പോൾ… ഇങ്ങനെ…” “മീരാ… എപ്പോഴെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ താൻ?”

“ഉണ്ടോ എന്നോ… എത്ര തവണ.. കാരണം ഇല്ലാതെ വെല്ല്യമ്മ വഴക്കു പറയുമ്പോഴും അടിക്കുമ്പോഴും യമുനയുടെയും കാവേരിയുടെയും മുൻപിൽ വെറും ജോലിക്കാരിയുടെ സ്ഥാനം മാത്രം നൽകുമ്പോഴും എല്ലാം ഈ നശിച്ച ജീവിതം അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു തോന്നിയിരുന്നു… എന്നെ മാത്രം തനിച്ചാക്കി പോയ അമ്മയോടും അച്ഛനോടും എത്രയോ പരിഭവം പറഞ്ഞിരിക്കുന്നു… അന്ന് ഒരിറ്റു വിഷം എനിക്ക് തന്നിരുന്നെങ്കിൽ എന്ന് എത്ര ആശിച്ചിരിക്കുന്നു. അച്ഛമ്മ പോയപ്പോഴാണ് ജീവിതത്തിന്റെ കയ്പ്പുനീർ കൂടുതൽ രുചിച്ചു തുടങ്ങിയത്… വെല്ല്യച്ഛൻ എപ്പോഴും നിസ്സഹായനായിരുന്നു.” “എന്നിട്ട് ഒരിക്കൽ പോലും ആത്മഹത്യയ്ക്ക് ശ്രമിച്ചില്ലേ? ” “ഇല്ല… മരിക്കാൻ എനിക്ക് പേടിയില്ല.. പക്ഷേ ആത്മഹത്യ ചെയ്യാൻ പേടിയാണ്…”

“എന്നാൽ ഞാൻ ശ്രമിച്ചിട്ടുണ്ട്… എന്റെ അമ്മയുടെ അടുത്തേക്ക് പോകാനായിട്ട്… ” ചിരിയോടെ നന്ദു പറഞ്ഞതും മെഴുകുതിരി അണഞ്ഞു. അകത്ത് ഇരുട്ട് പരന്നു… “എന്റെ അമ്മ പോയപ്പോൾ എന്റെ ജീവിതത്തിലും ഇതു പോലെ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു മീരാ… നിനക്ക് വെളിച്ചം വേണോ ഇപ്പോൾ… എനിക്ക് കുറച്ചു നേരം ഇരുട്ടത്തിങ്ങനെ ഇരിക്കാൻ തോന്നുന്നു…” …….. “മീരാ…” “ഞാൻ കേൾക്കുന്നുണ്ട്… ഇരുട്ട് ഇത്രയ്ക്കും ഇഷ്ടമാണോ?” “ആഹ് ! ഒരുപാട് ഒരുപാട് ഇഷ്ടമാണ്… ഞാൻ കരഞ്ഞതെല്ലാം ഇരുട്ടിനോട്‌ കൂട്ടു കൂടിയായിരുന്നു… രാത്രി മുഴുവൻ ഞാൻ കരഞ്ഞു തീർത്ത ദിനങ്ങൾ ഉണ്ടായിട്ടുണ്ട്… എന്റെ തേങ്ങൽ ഇരുട്ടിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്… ഉണങ്ങിയിട്ടും ഉണങ്ങാത്ത മുറിവുകൾ ഉള്ളിൽ ഇപ്പോഴും നീറുന്നുണ്ട്… അന്നത്തെ ദിവസം മറക്കാതിരിക്കാനുള്ള അടയാളങ്ങൾ ഇപ്പോഴും എന്നിൽ കാലം അവശേഷിപ്പിച്ചിട്ടുണ്ട്.” “ഞാൻ പോയി മെഴുകുതിരി എടുത്തിട്ട് വരട്ടെ? ” “വേണ്ട…

കുറച്ചു നേരം നീയും ഇരുട്ടിനെ പ്രണയിച്ചു നോക്കൂ… കണ്ണടച്ചാൽ ക്ഷണ നേരം കൊണ്ട് വന്നു ചേരുന്ന ഇരുട്ടിനെ…” “ഹ്മ്മ്… ” “ഞാൻ നേരത്തെ പറഞ്ഞ കഥ നിനക്ക് കേൾക്കണോ? ” “എന്തായാലും ഇരുട്ടിനെ പ്രണയിക്കുകയല്ലേ… കൂട്ടിനു ഒരു കഥ കൂടെ ഇരുന്നോട്ടെ… ” എന്നു പറഞ്ഞ് അവൾ ഇരു കൈകളും മേശമേൽ പിണച്ചു വെച്ച് അതിലേക്ക് മുഖം ചേർത്തു വെച്ചു… നന്ദു കസേരയിലേക്ക് ഒന്നു ചാഞ്ഞിരുന്നു… പിന്നെ പറയാൻ തുടങ്ങി… “അങ്ങ് ദൂരെ ദൂരെ ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു… അവിടെ ഒരു അച്ഛനും അമ്മയും അവരുടെ പോന്നോമനകളും സന്തോഷത്തോടെ താമസിച്ചിരുന്നു… ” “ഈ പോന്നോമനകൾ ആരൊക്കെയാണ്? ” അവൾ തിരക്കി . “ഒരു പൊന്നു മോനും പിന്നെ പൊന്നു മോളും…” “ആഹാ ! എന്നിട്ട്? ” “എന്നിട്ടെന്താ ഈ പൊന്നോമനകൾ അങ്ങ് വളർന്നു വലുതായി…

എട്ടന് അനിയത്തിയെ ജീവനായിരുന്നു… അനിയത്തിയ്ക്ക് ഏട്ടനും… പിന്നെ അനിയത്തിയ്ക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു… അവർക്ക് ഇപ്പോൾ എന്ത് പേരിടും? ” “അവർ പാവമായിരുന്നോ? ” “ഒരിക്കൽ ആയിരുന്നു.. പക്ഷേ പിന്നെ അക്രമകാരിയായി മാറി. കാണാൻ ഇരുണ്ട് സുന്ദരിയാണ്. ചിരിക്കുമ്പോൾ നല്ല നുണക്കുഴികൾ തെളിഞ്ഞു കാണും.” “എന്നാൽ നമുക്ക് അവരെ സുന്ദരി എന്നു വിളിക്കാം അല്ലേ?” “ആഹ് ! അതു മതി. നല്ല പേരാണ്… ” “എന്നിട്ട്?” “നമ്മുടെ പൊന്നു മോൾക്കും സുന്ദരിയ്ക്കും ഉടുക്കത്തെ സ്നേഹം ആയിരുന്നു… നാട്ടുകാർ പോലും പറയും കല്യാണം കഴിഞ്ഞാൽ ഇവറ്റകൾ എന്താ കണ്ടേക്കുന്നതെന്ന്… അങ്ങനെ അവരു രണ്ടു പേരും ഒരു വഴി കണ്ടു പിടിച്ചു… നമ്മുടെ സുന്ദരി ഒറ്റമോൾ ആയിരുന്നു.. ആ മോളെ നമ്മുടെ പൊന്നുമോനെ കൊണ്ടു കെട്ടിക്കാൻ രണ്ടു കൂട്ടുകാരികളും കൂടെ ധാരണയുണ്ടാക്കി.

ഈ ഏട്ടനു സുന്ദരിയെയും ഇഷ്ടമായിരുന്നു… അതു കൊണ്ടു കാര്യങ്ങൾ എളുപ്പത്തിൽ മുന്നോട്ട് പോയി… പൊന്നു മോളുടെ സഹായത്തോടെ സുന്ദരിയുടെയും പൊന്നുമോന്റെയും പ്രണയം പൂത്തു തളിർത്തു… ജാതക ദോഷം കാരണം പൊന്നുമോളുടെ വിവാഹം നീണ്ടു പോയപ്പോൾ പൊന്നുമോന്റെ വിവാഹം ആദ്യം നടന്നു. സുന്ദരി അവരുടെ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറി വന്നു… ആദ്യത്തെ കുറച്ചു മാസങ്ങൾ സന്തോഷത്തോടെ കടന്നു പോയെങ്കിലും പതിയെ പതിയെ സുന്ദരി അങ്ങു മാറി തുടങ്ങി… ഭർത്താവിന്റെ സ്നേഹം വീട്ടുകാർക്ക് പങ്കു വെക്കുന്നതിൽ അവൾ ചെറിയ പിണക്കങ്ങൾ ഒക്കെ ഉണ്ടാക്കാൻ തുടങ്ങി… പക്ഷേ അവളുടെ താളത്തിനൊത്ത് മാറാൻ അവൻ ഒരിക്കമായിരുന്നില്ല…

അവനു എല്ലാവരെയും വേണമായിരുന്നു.. അതു കൊണ്ടു സുന്ദരിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. സുന്ദരിയും പൊന്നുമോളും തമ്മിലുള്ള സൗഹൃദത്തിനു മങ്ങൽ ഏറ്റു തുടങ്ങി… അങ്ങനെ സുഖകരമല്ലാത്ത അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോൾ ജാതകദോഷം ഒന്നും പ്രശ്നം അല്ലെന്ന് പറഞ്ഞ് ഒരു ആലോചന വന്നപ്പോൾ എല്ലാവരും കൂടെ പൊന്നുമോളെ വേഗം കെട്ടിച്ചു കൊടുത്തു …” “അയാൾക്ക് എന്തു പേരിടും? ” “ചെകുത്താൻ… ” അതു പറയുമ്പോൾ അവന്റെ ശബ്ദം മൂർച്ചയുള്ളതായി മാറിയിരുന്നു… “ഇനി ഇരുട്ട് മതിയാക്കാം … എനിക്ക് എന്തോ പോലെ തോന്നുന്നു… ” “ഈ കഥ നമുക്ക് ഇരുട്ടിൽ പറഞ്ഞു തീർക്കാം… കണ്ണുകൾ അടച്ച് മേശമേൽ തല വെച്ചു കിടന്നോളൂ .. ” അവൻ പറഞ്ഞതു പോലെ അവൾ ചെയ്തു…

“ബാക്കി പറയട്ടെ? ” “ആഹ് !” “അങ്ങനെ പൊന്നുമോൾ മറ്റൊരു വീട്ടിലേക്ക് വലതു കാൽ വെച്ച് കയറി ചെന്നു… പക്ഷേ നിലവിളക്കും പിടിച്ച് അവൾ കയറി ചെന്നത് നരകത്തിലേക്ക് ആയിരുന്നു… അയാൾ അവളെ സ്നേഹിച്ചില്ല മീരാ… ബഹുമാനിച്ചില്ല… ഓരോ ദിവസവും പുതിയ വേദനകൾ അവളെ തേടിയെത്തി… അതിനിടയിൽ അവൾ ഗർഭിണിയായി… എന്നിട്ടും അയാൾ സ്നേഹിച്ചില്ല… ഉപദ്രവവും പീഡനങ്ങൾക്കും അറുതി ഉണ്ടായില്ല… എന്നിട്ടും അവൾ ഒരു കുഞ്ഞിനു ജന്മം നൽകി…” പറഞ്ഞു കഴിഞ്ഞതും ഒരു നിമിഷം അവൻ നിശബ്ദനായി… “അവനു എന്ത് പേരിടും മീരാ? ” തൊട്ടടുത്ത നിമിഷം അവൻ തിരക്കി… കുഞ്ഞ് ഒന്നു അനങ്ങി.. അവൾ കൈ എടുത്ത് വയറിനു മീതെ വെച്ചു… “അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു… ഒരു മോൻ.. അത്ര മതി…” അവൻ പറഞ്ഞു. “ഹ്മ്മ്… ” അവൾ മൂളി… “ഒരു അച്ഛനായി തീർന്നിട്ടും ചെകുത്താൻ നന്നായില്ല…

അമ്മയെ മർദ്ദിക്കുന്ന ചെകുത്താൻ മോന്റെ പേടി സ്വപ്നം ആയിരുന്ന കാലം… മോനെയും അയാൾ ഉപദ്രവിക്കും… ബഹളം ഉണ്ടാകുമ്പോൾ അയാൾ ഉപദ്രവിക്കുമ്പോൾ എല്ലാം അവൻ ഏതെങ്കിലും മൂലയിൽ പേടിയോടെ കൂനിക്കൂടി ഇരിക്കും… അങ്ങനെ ഇരുന്ന ഒരു രാത്രി അവനു അമ്മയെ നഷ്ടമായി… അയാൾ കൊന്നതാകും… കൊന്നു കെട്ടി തൂക്കിയതാകും… അല്ലാതെ… അല്ലാതെ മോനെ തനിച്ചാക്കി… തനിച്ചാക്കി അമ്മയ്ക്ക് പോകാൻ പറ്റുമോ… പറ്റുമോ? ” വാക്കുകൾ പലപ്പോഴും ചിതറി തെറിച്ചു പോയി… അതു മീരയുടെ നെഞ്ചിൽ വന്നു തറച്ച് മിഴികളിലൂടെ ഒഴുകി… “എന്നിട്ടും ഒന്നും അവസാനിച്ചില്ല… അമ്മയുടെ വീട്ടിലേക്ക് അവൻ പറിച്ചു നടപ്പെട്ടു… പൊന്നു മോൻ ആ മകനെ സ്വന്തം മകനെ പോലെ സ്നേഹിച്ചു… സംരക്ഷിച്ചു… സ്വന്തം മകനേക്കാൾ സഹോദരിയുടെ മകനെ സ്നേഹിക്കുന്നതിനെ സുന്ദരി എതിർത്തു…

തനിക്ക് മാത്രം കിട്ടേണ്ട കളിപ്പാട്ടങ്ങളും സമ്മാനങ്ങളും പങ്കു വെക്കപ്പെട്ടപ്പോൾ സുന്ദരിയുടെ മകനും ആ മോനെ വെറുത്തു… ഒരിക്കൽ ഒരു വിവാഹത്തിന് പോയി മടങ്ങി വരുമ്പോൾ ഉണ്ടായ അപകടത്തിൽ മോന്റെ അമ്മമ്മയും അച്ഛാച്ചനും അങ്ങു പോയി… അതോടെ അവന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയിൽ ആയി… ഒരിക്കൽ സുന്ദരിയുടെ മകൻ വഴക്കിനു വന്നപ്പോൾ മോൻ അവനെ പിടിച്ചു തള്ളി… അതിനു സുന്ദരി അവന്റെ മുതുകിൽ ഇസ്തിരിപ്പെട്ടി വെച്ചു പൊള്ളിച്ചു. അങ്ങനെ പതിനഞ്ചാം വയസ്സിൽ അവൻ മരണത്തെ സ്വീകരിക്കാൻ ഓടിപ്പോയി കിണറ്റിലേക്ക് ചാടി… എന്നിട്ടും അവൻ മരിച്ചില്ല… അവന്റെ അമ്മയുടെ അടുത്തേക്ക് പോകാൻ അവനു കഴിഞ്ഞില്ല… ചിലരെ മരണത്തിനു പോലും ഇഷ്ടമല്ല…” അവൻ പറഞ്ഞു നിർത്തി… രണ്ടു പേരും കുറച്ചു നേരം ഒന്നും സംസാരിച്ചില്ല.

അവൻ എഴുന്നേറ്റു പോകുന്നത് അവൾ അറിഞ്ഞിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു മെഴുകുതിരി തെളിയിച്ചു കൊണ്ട് അവൻ വീണ്ടും വന്നിരുന്നു… രണ്ടു പേരുടെയും കണ്ണുകൾ കലങ്ങിയിരുന്നു… “കഥ ഇഷ്ടമായോ തനിക്ക്? ” അവൾ വേദനയോടെ പുഞ്ചിരിച്ചു… “ആ മോനാരാണെന്ന് പറയട്ടെ? ” “വേണ്ട… ” നന്ദു ഒന്നു മന്ദഹസിച്ചു… “മാതുവിനെ ദീപുവിന് ഇഷ്ടമാണ്… വെല്ല്യച്ഛൻ വാക്ക് കൊടുത്തത് അവന്റെ സമ്മതം ചോദിച്ചിട്ടല്ല എങ്കിലും അവനും അന്ന് വിവാഹത്തിനു സമ്മതം ആയിരുന്നു… മാതുവിന്റെ വീട്ടുകാരോട് സംസാരിച്ച് കല്ല്യാണം നടത്തുന്നതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ ഇരിക്കുമ്പോഴാണ് ഗണേഷ് അളിയൻ മരിക്കുന്നത്… ആ മരണത്തോടെയാണ് അവന്റെ മനസ്സ് മാറി തുടങ്ങിയത്… അവന്റെ മനസ്സിൽ ഒരു ഭയം നിറഞ്ഞു കിടക്കുന്നുണ്ട്…

അതെന്താണെന്ന് ഇപ്പോൾ മനസ്സിലായോ? ” അവൻ തിരക്കി… “മനസ്സിലായി.. പക്ഷേ…” “പക്ഷേ? ” “എല്ലാവരും അങ്ങനെ ആകുമോ? ” “ഈ സ്നേഹം ചിലപ്പോൾ ചിലരെ സ്വാർത്ഥരാക്കും മീരാ…” “അപ്പോൾ ദീപുവേട്ടൻ കല്യാണം കഴിക്കില്ലേ? ” “ദീപയ്ക്ക് ഒരു ജീവിതം വേണം… അല്ലാതെ അവൻ അവന്റെ ജീവിതം മാത്രം നോക്കി പോകില്ല…” “ജീവിതം… വേറെ വിവാഹമോ? ” “ആഹ് ! അതു തന്നെ… ” “പറയുമ്പോൾ എത്ര നിസ്സാരം…” “എന്തേ?” “പറയാൻ എളുപ്പമാണ്… അനുഭവിക്കുന്നവർക്കല്ലേ അതിന്റെ വേദന അറിയൂ… ” “എന്നിട്ട് ആരും വീണ്ടും വിവാഹം കഴിക്കുന്നില്ലല്ലോ…” “ഉണ്ടാകും… ഒരു പക്ഷേ അവൾ ഇനി ആ കുഞ്ഞിനു വേണ്ടിയാകും ജീവിക്കുക… അല്ലാതെ… ” “കുഞ്ഞുങ്ങൾ ഉള്ളവരും വീണ്ടും വിവാഹം കഴിക്കുന്നില്ലേ? ” “ഇല്ലെന്നല്ല… അവളെ സ്നേഹം കൊണ്ട് മൂടിയ ആളാണ് അവളുടെ ഭർത്താവ്… അവളുടെ പാതി… അവളുടെ കുഞ്ഞിന്റെ അച്ഛൻ… മനുഷ്യനെ മരിക്കുന്നുള്ളു…

ആ ഓർമ്മകൾക്ക് മരണമില്ല… പെട്ടെന്നൊന്നും ഒരു വിവാഹക്കാര്യം നടക്കില്ല. അവൾ കാരണമാണ് വിവാഹം വേണ്ടെന്നു വെക്കുന്നത് എന്നറിഞ്ഞാൽ പാവം സഹിക്കില്ല…” “നമ്മളെ അങ്ങോട്ട് കൂട്ടി കൊണ്ടു പോകാൻ വേണ്ടിയെങ്കിലും ദീപുവിന്റെ മനസ്സ് മാറട്ടെ. അവൻ വേഗം കല്യാണക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി നമ്മളെ കൂട്ടി കൊണ്ടു പോകട്ടെ… അല്ലെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കും?” “എന്താ? ” “എനിക്ക് അങ്ങനെ സ്ഥിരം പണിയും കൂലിയും ഒന്നും ഇല്ല…. പിന്നെ വലിയ അത്യാവശ്യം വന്നാൽ ആ മാല അങ്ങ് പണയം വെക്കും… പിന്നെ അതു തിരിച്ചു എടുക്കണ്ടേ എന്ന ചിന്ത വരുമ്പോൾ ഇന്ന പണി എന്നൊന്നും ഇല്ല… കിട്ടുന്ന പണിക്ക് അങ്ങ് പോകും…” “അപ്പോൾ ഈ നാട് വിട്ടു പോകുമ്പോൾ എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് ? ” “ഒറ്റത്തടിയല്ലേ എങ്ങനെയെങ്കിലും അങ്ങു ജീവിക്കും… ”

“മടിയൻ… ” “നീ പോടീ മടിച്ചി… ” അവൾ ചിറി കോട്ടി കാണിച്ച് എഴുന്നേറ്റു… “അതേയ് അങ്ങനെ എഴുന്നേറ്റു ഓടാൻ നിൽക്കണ്ട. ഈ മെഴുകുതിരി പിടിച്ചിട്ട് പോ.. ” “കറന്റ്‌ എന്നു വരും? ” “ബിൽ അടച്ചാൽ ചിലപ്പോൾ നാളെ തന്നെ കിട്ടും…” “അപ്പോൾ നാളെ കിട്ടും അല്ലേ? ” “ബില്ല് അടച്ചാൽ കിട്ടുന്ന കാര്യമാണ് മോളെ ഞാൻ പറഞ്ഞത്… നിനക്ക് കറന്റ്‌ കിട്ടാൻ തിരക്ക് ഉണ്ടേൽ നീ വേഗം പോയി അടച്ചോ.. ഇന്നു ഹോസ്പിറ്റൽ പോക്കും സാധങ്ങൾ വാങ്ങലും എല്ലാം ആയപ്പോൾ പോക്കറ്റ് വീണ്ടും കാലിയാകാൻ ആയി… ” മേശമേൽ ഇരുന്ന മെഴുകുതിരി എടുത്ത് അവൾ മുറിയിലേക്ക് നടന്നു. ദീപ ഡ്രസ്സ്‌ കൊണ്ടു വരുന്ന കൂട്ടത്തിൽ അവളുടെ ഹാൻഡ് ബാഗും കൊണ്ടു വന്നിരുന്നു.. അതിലെ പേഴ്സ് എടുത്ത് അവൾ തിരികെ കസേരയിൽ വന്നിരുന്നു… അവൾ ഇരിക്കുന്നതും അതിലെ പണം എടുത്ത് മേശമേൽ വെക്കുന്നതും നോക്കി നന്ദു ഇരുന്നു…

കുറച്ചു നോട്ടുകൾ എടുത്ത് അവൾ മേശമേൽ വെച്ചു… അതിലെ ഒരു നോട്ട് എടുത്ത് നന്ദു തിരിച്ചും മറിച്ചും നോക്കി. “പുതിയ ഇരുപതിന്റെ നോട്ട് ആണോ? ” “അല്ല…” “ഇതേതു ഇരുപത്…” “ഇത് ഇവിടുത്തെ പൈസ അല്ല.. ദിനാർ ആണ്… ഇത് എക്സ്ചേഞ്ചിൽ കൊണ്ടു പോയി കൊടുത്താൽ രണ്ടായിരം രൂപയ്ക്ക് അടുത്ത് ചിലപ്പോൾ കിട്ടും..” “നിനക്ക് ഇത് എവിടെ നിന്നു കിട്ടി? ” അതു തിരികെ താഴെ വെക്കുമ്പോൾ അവൻ തിരക്കി. “അത് ഞാൻ പോകുമ്പോൾ എയർപോർട്ടിൽ നിന്നും മാറ്റിയതാ… പക്ഷേ പണത്തിന്റെ ആവശ്യം ഒന്നും വന്നില്ല. ഞാൻ അവിടെ എത്തി തിരികെ വരുന്ന വരെ ദീപുവേട്ടൻ തന്നെയാ എന്റെ കാര്യങ്ങൾ നോക്കിയിരുന്നത്…” “ഹ്മ്മ്… ഇത് എക്സ്ചേഞ്ച് ചെയ്യുമ്പോൾ കൊടുക്കാൻ ഇവിടുത്തെ പൈസ വേണ്ടേ? അത് എങ്ങനെ കിട്ടി… ” “കുറച്ചു സ്വർണ്ണം വിറ്റു. ”

“ആരും വാങ്ങിയ സ്വർണ്ണം…” അവൾ നിശബ്ദയായി… “പറയൂ… ” “സ്വർണ്ണം ഇങ്ങോട്ട് ഇട്ടാണ് എന്നെ വിലയ്ക്ക് വാങ്ങിയത്… ” “ഈ പണം എടുക്ക്… ” അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി… “ഇതെടുക്കാൻ … ഈ പണം നമുക്ക് വേണ്ട… നിന്റെ കാതിൽ കിടന്നിരുന്ന കമ്മൽ അയാൾ വാങ്ങിയത് ആയിരുന്നോ? ” “അല്ല.. അതു വെല്ല്യച്ഛൻ വാങ്ങിയതാ… ” “ഈ കയ്യിൽ കിടക്കുന്ന വളയോ? വെല്ല്യച്ഛൻ വാങ്ങിയതാണോ? ” “അല്ല… ” “അയാൾ വാങ്ങിച്ചു തന്ന ഒന്നും ഈ വീട്ടിൽ ഉണ്ടാകാൻ പാടില്ല… ഒരു മുട്ടുസൂചി ആയാൽ പോലും… ” “മുട്ടുസൂചിയൊന്നും ഇല്ല… പക്ഷേ ദീപ തന്ന ഡ്രസ്സ്‌ ഒഴികെ എല്ലാ ഡ്രസ്സും അയാൾ വാങ്ങിത്തന്നതാ.. ” “അതൊന്നും ഇനി വേണ്ട… ചുരിദാർ എല്ലാം നന്നായി കഴുകി ഉണക്കി മടക്കി തന്നാൽ മതി… കവലയിൽ ഒരു ഡോനെഷൻ ബോക്സ് ഉണ്ട്… അതിൽ കൊണ്ടിടാം… ” “എനിക്ക് ഡ്രസ്സ്‌ എടുക്കാൻ പോകാൻ എന്താ ചെയ്യാ… കാശ് വേണ്ടേ…” “നാളെ രാവിലെ ഞാൻ തരും.

നീ ദീപയെ കൂട്ടി പൊയ്ക്കോ…” അവൾ തലയാട്ടി… “ഇനി ആ കയ്യിൽ കിടക്കുന്ന വളയും വേണ്ട… ” അവൾ വള ഊരി മേശമേൽ വെച്ചു… “ഈ വള കൊടുത്തിട്ട് കിട്ടുന്ന പണവും ആ നോട്ടും മാറ്റി നിനക്ക് താല്പര്യം ഉണ്ടേൽ തണലിൽ കൊണ്ടു പോയി കൊടുത്തോളൂ…” “തണലോ? ” “ആഹ് ! അവിടെ മക്കൾ ഉപേക്ഷിച്ചു പോയ കുറച്ചു അമ്മമാരുണ്ട്… അവർക്ക് ഒരു ഉപകാരമാകും… ” അവൾ തലയാട്ടി… *** ടീവി കാണാൻ സോഫയിൽ ഇരിക്കുമ്പോൾ സൂരജിന്റെ കണ്ണുകൾ കാവേരിയിൽ ആയിരുന്നു… അവൾ അതൊന്നും അറിയാതെ ടീ വിയിൽ നോക്കി ഇരുന്നു… ഇടയ്ക്ക് ഒന്നു മുഖം ചെരിച്ചു നോക്കിയപ്പോഴാണ് അവൾ സൂരജിനെ കണ്ടത്… അവന്റെ നോട്ടം അവളെ അസ്വസ്ഥയാക്കി… അവൾ അവനിൽ നിന്നും മുഖം തിരിച്ചു… കുറച്ച് നാളുകൾ ആയി ഏട്ടന്റെ പെരുമാറ്റത്തിൽ എന്തോ മാറ്റം പോലെ തോന്നി തുടങ്ങിയിരുന്നു.. അടുത്ത് ചേച്ചി ഇരിക്കുന്നതു പോലും അയാൾക്ക് ഒരു കുഴപ്പവും ഇല്ല..

അവൾ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. അമ്മയ്ക്ക് ഇപ്പോൾ ഏതു നേരവും അടുക്കളയിൽ ഓരോ പണിയുണ്ടാകും… സൂരജിന്റെ വീട്ടുകാരുമായി യമുന ചേർന്നു പോകില്ല. അതിനാൽ കൂടുതൽ ഇവിടെ തന്നെയാണ്. സുദേവൻ ഇവിടെ ആഴ്ചയിൽ ഒരിക്കൽ അല്ലേ വരൂ… അപ്പോൾ ഒരു ഗൃഹനാഥന്‍െറ സ്ഥാനം സൂരജ് സ്വയം അങ്ങ് ഏറ്റെടുത്തു… അത് ഉണ്ടാക്കണം ഇത് ഉണ്ടാക്കണം എന്നു പറഞ്ഞ് യമുന സൂരജിന്റെ കൂടെ പോയി ഓരോ സാധങ്ങൾ വാങ്ങി കൊണ്ടു വരുമെങ്കിലും എന്തെങ്കിലും കഴിക്കാൻ എടുക്കാൻ അല്ലാതെ അവൾ അടുക്കളയിൽ കയറില്ല… ക്ലാസ്സ്‌ ഇല്ലാത്ത ദിവസം കാവേരി അമ്മയെ സഹായിക്കാൻ കൂടും… കാവേരിയ്ക്കും കല്യാണ ആലോചനകൾ വന്നു തുടങ്ങിയിട്ടുണ്ട്… ഡിഗ്രി കഴിഞ്ഞ് തുടർന്നും പഠിക്കാനാണ് അവളുടെ ആഗ്രഹം… ഇനി പഠിക്കാൻ പോകുമ്പോൾ ദൂരെ ഏതെങ്കിലും കോളേജിൽ പോയി പഠിക്കണം എന്നാണ് അവൾക്ക്. അതാകുമ്പോൾ ഹോസ്റ്റലിൽ നിന്ന് പഠിക്കാമല്ലോ…

“ചേച്ചി എന്തിനാ അമ്മേ എന്നും ഇവിടെ നിൽക്കുന്നത്? ” അമ്മയുടെ കയ്യിൽ നിന്നും ചപ്പാത്തി പരത്തുന്ന കോൽ വാങ്ങി അവൾ തിരക്കി… “അവൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വന്നു നിന്നൂടെ മോളെ? ” “അല്ല… സൂരജേട്ടന് അവരുടെ വീട്ടിൽ നിൽക്കണം എന്നു ഉണ്ടാകില്ലേ. ചേച്ചി അവിടെ നിൽക്കാത്ത കാരണം അല്ലേ ഇവിടെ വന്നു നിൽക്കുന്നത്…” “ഒരു തരത്തിൽ അവർ ഇവിടെ നിൽക്കുന്നത് നല്ലതല്ലേ മോളെ… പിന്നെ സൂരജിന് നമ്മളെ ജീവനാ…” “എനിക്ക് എന്തോ ഇതൊന്നും അത്ര നല്ലതായി തോന്നുന്നില്ല അമ്മേ… ചില സമയത്ത് അയാളുടെ നോട്ടം ശരിയല്ല…” “അവർ ഇവിടെ നിൽക്കുന്നത് നിനക്ക് ഇഷ്ടമില്ലാത്ത കാരണം ഓരോന്ന് തോന്നുന്നതാ.. ” “അമ്മയ്ക്ക് അല്ലെങ്കിലും ചേച്ചിയെ ആണല്ലോ ഇഷ്ടം…” അനിത അവളെ നോക്കി പുഞ്ചിരിച്ച ശേഷം ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങി…

കാവേരിയ്ക്ക് സങ്കടം തോന്നി… അമ്മയെയും പറഞ്ഞിട്ട് കാര്യമില്ല മറ്റുള്ളവരുടെ മുൻപിൽ അനിയത്തിയെ സ്നേഹിക്കുന്ന ഏട്ടനാണ്… “അമ്മേ… മീരേച്ചിയെ കുറിച്ച് പിന്നെ എന്തേലും ഏട്ടൻ പറഞ്ഞോ? ” “അവൾ ഹേമന്ദിന്റെ അടുത്ത് എത്തിയപ്പോൾ എല്ലാം മറന്നില്ലേ… അവൾ അവസാനം ഇങ്ങോട്ട് വന്നപ്പോൾ പോലും പോകുന്നതിനെ കുറിച്ച് പറഞ്ഞോ. ഞാൻ അവളോട്‌ ക്ഷമ പറഞ്ഞില്ലേ… ഇനി എന്നോടും നിങ്ങളോടും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല… അവളെ ഈ നിലയിൽ എത്തിച്ച നിങ്ങളുടെ അച്ഛനോടും ഈ കല്യാണം മുൻകൈ എടുത്ത് നടത്തി കൊടുത്ത സൂരജിനോടും അവൾ പറയേണ്ടതായിരുന്നില്ലേ… അവിടെ എത്തിയപ്പോൾ അവൾ എല്ലാം മറന്നു കാണും നന്ദിയില്ലാത്തവൾ… ” ഈ അടുക്കളയിലും പിന്നാമ്പുറത്തും കലങ്ങിയ മിഴികളാൽ നിൽക്കുന്ന മീരയുടെ മുഖം കാവേരിയുടെ മനസ്സിൽ നിറഞ്ഞു… ***

ഒരു സിഗരറ്റ് വലിച്ചു കഴിഞ്ഞതും ഹേമന്ദ് മറ്റൊരു സിഗരറ്റിന് കൂടെ തിരി കൊളുത്തി . ആലോചനയോടെ അത് വലിച്ചു തീർക്കുമ്പോൾ കമ്പനിയിലെ തന്റെ ആദ്യത്തെ തോൽവി ഏറ്റു വാങ്ങിയതിന്റെ ആഘാതത്തിൽ നിന്നും അവന്റെ ഉള്ളം മുക്തമായിരുന്നില്ല… ബാൽക്കണിയിലെ ചെയറിൽ നിന്നും അവൻ എഴുന്നേറ്റു… മുറിയിൽ ചെന്നു ഫോൺ എടുത്തു നോക്കി… ഏഞ്ചലുമായി പിണങ്ങിയാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്… പിന്നെ വിളിച്ചു നോക്കുമ്പോൾ എല്ലാം ഫോൺ റിംഗ് ചെയ്യുന്നുണ്ടെങ്കിലും കാൾ എടുക്കുന്നുണ്ടായിരുന്നില്ല… ഹേമന്ദ് ബെഡിലേക്ക് ചാഞ്ഞു… പുതിയ ഓർഡർ നഷ്ടമയതിന്റെ ഉത്തരവാദി താൻ മാത്രമാണ് എന്ന മട്ടിൽ സംസാരിക്കുന്ന ഏഞ്ചലിനോട്‌ അറിയാതെ ദേഷ്യപ്പെട്ടു പോയതായിരുന്നു… വീണ്ടും അവളുടെ നമ്പർ ഡയൽ ചെയ്ത് കാതോടു ചേർത്തു… **

ഭക്ഷണശേഷം മുറിയിൽ വന്നു കിടന്നതായിരുന്നു മീര… ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം വന്നില്ല… ഓരോ ഭയപ്പെടുത്തുന്ന ചിന്തകൾ മനസ്സിൽ നിറഞ്ഞു കൊണ്ടിരുന്നു… ഒരു രാത്രി അവനു അമ്മയെ നഷ്ടമായി… അയാൾ കൊന്നതാകും… കൊന്നു കെട്ടി തൂക്കിയതാകും… അല്ലാതെ… അല്ലാതെ മോനെ തനിച്ചാക്കി… തനിച്ചാക്കി അമ്മയ്ക്ക് പോകാൻ പറ്റുമോ… പറ്റുമോ? ഈ ചോദ്യം ആരോ വീണ്ടും വീണ്ടും മനസ്സിൽ ഇരുന്നു ചോദിക്കുന്നതു പോലെ അവൾക്ക് തോന്നി .. ഈശ്വരാ ഏതു മുറിയിൽ ആകും… എന്ന ചിന്ത നിറഞ്ഞതും അവൾ പേടിയോടെ എഴുന്നേറ്റിരുന്നു… കൈ എത്തിച്ച് തീപ്പെട്ടി എടുത്ത് മെഴുകുതിരി കത്തിച്ചു… എഴുന്നേറ്റു ചെന്നു മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് ചെന്നു. നന്ദു ഉമ്മറത്തെ മുറിയിലാണ് കിടന്നിരുന്നത്… പേടിയോടെ ആണെങ്കിലും അവൾ പോയി വാതിൽ തുറന്ന് അവന്റെ മുറിയുടെ വാതിൽ ചെന്നു മുട്ടി.. പുറത്ത് ആകെ ഇരുട്ട് നിറഞ്ഞു നിന്നിരുന്നു…

അവൾ വീണ്ടും വാതിലിൽ തട്ടാൻ തുടങ്ങിയതും ഒരു കാറ്റ് വീശി മെഴുകുതിരി അണഞ്ഞു… മീരയ്ക്ക് പേടി തോന്നി കണ്ണുകൾ ഇറുക്കിയടച്ച് വാതിലിൽ തുടരെ തുടരെ തട്ടി കൊണ്ടിരുന്നു… വാതിൽ തുറന്നതും താനിപ്പോൾ നന്ദേട്ടന്റെ നെഞ്ചിന് ഇട്ടാണ് തട്ടി കൊണ്ടിരിക്കുന്നത് എന്നൊന്നും ഭയം കാരണം മീര അറിയുന്നില്ലായിരുന്നു… അവൾ വല്ലാതെ വിയർത്തു… “മീരാ… ” നന്ദു വിളിക്കുന്നത് വിദൂരതയിൽ നിന്നെന്നോണം അവൾ കേട്ടു… അവൾ കുഴഞ്ഞു താഴേക്കു വീഴും മുൻപേ കരുതലോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു നന്ദു…….തുടരും..

സമാഗമം: ഭാഗം 11

Share this story