സമാഗമം: ഭാഗം 13

സമാഗമം: ഭാഗം 13

എഴുത്തുകാരി: അനില സനൽ അനുരാധ

“മീരാ… ” നന്ദു വിളിക്കുന്നത് വിദൂരതയിൽ നിന്നെന്നോണം അവൾ കേട്ടു… അവൾ കുഴഞ്ഞു താഴേക്കു വീഴും മുൻപേ കരുതലോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു നന്ദു… “മീരാ… ” അവളുടെ കവിളിൽ തട്ടി വിളിച്ചു നോക്കി… അവൾ ഒന്നു ഞെരങ്ങി… കയ്യിൽ ഇരുന്ന മൊബൈൽ അരയിലേക്ക് തിരുകി വെച്ച് അവളെ കൈകളിൽ കോരി എടുക്കുമ്പോൾ ചുറ്റും ഇരുട്ട് മാത്രം നിറഞ്ഞു… നന്ദു ശ്രദ്ധയോടെ ഓരോ ചുവടും വെച്ചു… അവന്റെ രോമാവൃതമായ നെഞ്ചിൽ ആയിരുന്നു അപ്പോൾ മീരയുടെ മുഖം… കട്ടിലിന്റെ അടുത്ത് എത്തിയെന്നു തോന്നിയപ്പോൾ അവൻ പതിയെ നടന്നു. കട്ടിലിൽ കാൽ തട്ടിയപ്പോൾ അവളെ പതിയെ ബെഡിലേക്ക് കിടത്തി..

മൊബൈലിലെ ടോർച് ഓൺ ആക്കിയ ശേഷം മെഴുകുതിരി എടുത്ത് കത്തിച്ചു.. മൊബൈൽ ടോർച് ഓഫ് ചെയ്ത ശേഷം മെഴുകുതിരി മേശമേൽ വെച്ചു. പിന്നെ ജഗ്ഗിൽ നിന്നും വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് തെളിച്ചു… അവൾ പതിയെ മിഴികൾ ചിമ്മി തുറന്നു… അവൾക്ക് ആകെ പരവേശം തോന്നി. “വെള്ളം വേണോ നിനക്ക്?” അവൾ തലയാട്ടി… നന്ദു അവളെ ചേർത്തു പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി. അതിനു ശേഷം പതിയെ വെള്ളം അവളുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു… വെള്ളം കുടിക്കുമ്പോൾ മീര വലതു കയ്യാൽ അവന്റെ ഇടതു കയ്യിൽ മുറുകെ പിടിച്ചിരുന്നു. അവിടെ ഇരുന്നു കൊണ്ടു തന്നെ അവൻ വെള്ളം ജഗ്ഗ് തിരികെ വെച്ചു… അവളുടെ ശ്വാസഗതി സാധാരണ ഗതിയിലായി വരട്ടെ എന്നു കരുതി അവൻ അരികിൽ നിശബ്ദനായി ഇരുന്നു കൊടുത്തു.

“ഏതു മുറിയിലാ? ” നേർത്ത ശബ്ദത്തോടെ അവൾ തിരക്കി. “നമ്മൾ ഇപ്പോൾ എന്റെ റൂമിൽ… ” “അമ്മ ഏതു മുറിയിൽ വെച്ചാ?” ചോദിക്കുമ്പോൾ അവളുടെ കയ്യിന്റെ വിറയൽ അവനും അനുഭവിച്ചു കൊണ്ടിരുന്നു … “എന്ത്? ” “നേരത്തെ പറഞ്ഞില്ലേ… അമ്മയെ അയാൾ കൊന്നതാണെന്ന്… എനിക്ക് എന്തോ പേടിയാകുന്നു…” “അതിനു ഈ വീട്ടിൽ വെച്ചാണെന്ന് നിന്നോട് ആരാ പറഞ്ഞത്? ” “ഇവിടെ വെച്ചു തന്നെയാ…. “എന്നു പറഞ്ഞ് അവൾ അവന്റെ കയ്യിലെ പിടുത്തം വിട്ട് നീങ്ങി ഇരുന്നു… “നീ പോയി കിടന്ന് ഉറങ്ങാൻ നോക്ക്… ” “എന്നെ ദീപയുടെ അടുത്ത് കൊണ്ടാക്കി താ. എനിക്ക് ഇവിടെ പേടിയാ… ” അവൻ ഒന്നും പറയാതെ അവളെ നോക്കി… “അങ്ങനെ മരിക്കുന്നവരുടെ ആത്മാവിന് ശാന്തി കിട്ടില്ല…. ഇവിടെയൊക്കെ തന്നെ ഉണ്ടാകും…” “എഴുന്നേൽക്ക്.. ” “ഏഹ്? ” “എടി എഴുന്നേൽക്കാൻ…”

“എന്നെ എടി എന്നൊന്നും വിളിക്കണ്ട… ” “ഓഹ്! പിന്നെ നിന്റെ വെല്ല്യമ്മ പൊന്നുമോളെ എന്നല്ലേ വിളിച്ചോണ്ട് ഇരുന്നത്… വാ ഞാൻ ഗേറ്റ് വരെ വരാം നീ പൊയ്ക്കോ…. എന്റെ അമ്മ ഒരു പാവം ആയിരുന്നു… ഇനി അയാൾ ഈ വീട്ടിൽ ചെയ്യാത്ത പൂജകൾ ഒന്നും ഇല്ല… എന്റെ അമ്മയുടെ ആത്മാവിനെ ഇവിടെ നിന്നും തുരത്തി ഓടിക്കാൻ. എന്നിട്ടും എന്റെ അമ്മ ഇവിടെ ഉണ്ടേൽ അതിനു ഒരു കാരണം മാത്രമേ ഉണ്ടാകൂ… എന്നെ തനിച്ചാക്കി പോകാൻ ഉള്ള സങ്കടം… നിനക്ക് എന്റെ അമ്മയെ പേടി ആണേൽ ഇപ്പോൾ തന്നെ പൊയ്ക്കോ. ഞാൻ കൊടുത്ത വാക്ക് നിറവേറ്റാൻ എന്റെ കൂടെ പേടിച്ച് ആരും നിൽക്കണ്ട. ഞാൻ നിന്റെ ആരും അല്ലല്ലോ…” ചോദിച്ചതു തെറ്റായി പോയോ എന്ന ചിന്തയോടെ അവൾ എഴുന്നേറ്റു അകത്തേക്കു നടന്നു… പുറകിൽ അവളോടൊപ്പം മെഴുകുതിരി വെട്ടവും ഒഴുകി വന്നു.

തിരിഞ്ഞു നോക്കാതെ മുറിയിലേക്ക് കടക്കുമ്പോൾ ഭയം തോന്നിയില്ല .. “പോകുന്നില്ലേ? ” വാതിൽക്കൽ നിന്നും നന്ദുവിന്റെ ശബ്ദം കേട്ടു. അവൾ ഒന്നും പറയാതെ ബെഡിലേക്ക് കയറിക്കിടന്നു.. “വാതിൽ കുറ്റിയിട്ട് കിടക്കൂ… ” അവൾ ഒന്നും പറയാതെ ചെരിഞ്ഞു കിടന്നു. അവൻ വാതിൽ ചാരിയിട്ട ശേഷം മുറിയിൽ പോയി ഒരു തലയിണ എടുത്തു കൊണ്ടു വന്നു. അകത്ത് വെറും നിലത്തേക്ക് തലയിണയിട്ട് കിടന്നു… *** അടുക്കളയിൽ എന്തോ പാത്രം തട്ടി വീഴുന്നത് കേട്ടാണ് മീര രാവിലെ ഉണർന്നത്… എഴുന്നേറ്റു ചാരിയിട്ട വാതിൽ തുറന്നു.. അടുക്കളഭാഗത്തേക്ക് നടന്നു… അടുപ്പിനു അരികിൽ നിൽക്കുന്ന നന്ദുവിനെ കണ്ട് അവൾ വാതിൽക്കൽ നിന്നു… മുണ്ട് മടക്കി കുത്തി കഴുത്തിലൂടെ ഒരു തോർത്ത്‌ ഇട്ട് പുറം തിരിഞ്ഞു നിൽക്കുന്ന നന്ദു…

അവന്റെ പുറത്തെ പൊള്ളലേറ്റ പാട് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു… എത്രമേൽ വേദനിച്ചു കാണും എന്ന ചിന്ത തന്നെ അവളിൽ നോവ് പടർത്തി… അവൾ അടുപ്പിന്റെ അരികിലേക്ക് നടന്നു… ഒരു കലത്തിൽ അരി കിടന്നു തിളയ്ക്കുന്നുണ്ട്… മറ്റേ അടുപ്പിൽ ദോശ ഉണ്ടാക്കുന്നുണ്ട്.. അവൻ പരത്തുന്ന ദോശയുടെ ആകൃതി കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് ചിരി വന്നു… ചിരി അടക്കി അവൾ മെല്ലെ ചുമച്ച് അവന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കി… എന്നാൽ അവൻ തിരിഞ്ഞു നോക്കിയില്ല… “ഞാൻ ഉണ്ടാക്കിയേനെ.. ” ………. “ഞാൻ ഫ്രഷ്‌ ആയി വന്നിട്ട് ഉണ്ടാക്കാം… ” അവൻ ഒന്നും പറയാതെ ഒരു വിറക് കഷ്ണം എടുത്ത് അടുപ്പിലേക്ക് വെച്ചു… അവൾ തിരികെ മുറിയിൽ പോയി ഡ്രസ്സും ബ്രഷും എടുത്ത് പിന്നാമ്പുറത്തേക്ക് നടന്നു… പാത്രങ്ങളിൽ വെള്ളം എല്ലാം കോരി നിറച്ചു വെച്ചിട്ടുണ്ടായിരുന്നു…

കുളി കഴിഞ്ഞ് അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവൻ നാളികേരം ചിരകുകയായിരുന്നു… അവൾ അവനെ നോക്കിയെങ്കിലും ആ ഭാഗത്തു നിന്നും ഇങ്ങോട്ട് ഒരു നോട്ടം പോലും കിട്ടിയില്ല. നേര്യതിന്റെ തലപ്പെടുത്ത് ഇടുപ്പിൽ കുത്തി വെച്ച ശേഷം അവൾ ചോറിന്റെ വേവ് നോക്കി… അതു ഒരു പാത്രത്തിലേക്ക് ഊറ്റി വെച്ചു. തിരിഞ്ഞു നോക്കുമ്പോൾ നന്ദു അടുക്കളയിൽ ഇല്ലായിരുന്നു… ഒരു ചെറിയ കലത്തിൽ കാപ്പിയ്ക്കുള്ള വെള്ളം വെച്ചതിന് ശേഷം അവൾ ഉമ്മറത്തേക്ക് നടന്നു… നാളികേരം അരയ്ക്കുന്നതിന് പകരം അമ്മിക്കുഴ എടുത്ത് ഉരുട്ടുന്ന അവന്റെ അരികിലേക്ക് നടന്നു… “ഇന്നലെ അറിയാതെ അങ്ങനെ പറഞ്ഞു പോയി…” അവൾ പറഞ്ഞിട്ടും അവന് അങ്ങനെ ഒരാൾ അടുത്തു നിൽക്കുന്ന ഭാവഭേദങ്ങൾ ഒന്നും ഉണ്ടായില്ല. “പേടി തോന്നുന്നത് അത്ര വലിയ കുറ്റമാണോ? ” “അല്ല.

പേടിച്ചിട്ട് അങ്ങനെ ആരും എന്റെ വീട്ടിൽ നിൽക്കണ്ട… ” “ഞാൻ പോയി തരണോ? ” “ഇന്നലെ ഞാൻ പറഞ്ഞിരുന്നല്ലോ… ” “ആഹ് ! പറഞ്ഞിരുന്നു… ഞാൻ നന്ദേട്ടന്റെ ആരുമല്ല എന്നു പറഞ്ഞിരുന്നു… ഞാൻ ഓർത്തില്ല.” “അതേയ് നീ ഓർക്കില്ല…” “നന്ദു…” മുറ്റത്തു നിന്നും ആരോ വിളിക്കുന്നത് കേട്ടു… അവളെ ഒന്നു നോക്കിയ ശേഷം അവൻ ഉമ്മറത്തേക്ക് പോയി… നന്ദു തിരികെ വരുമ്പോൾ മേശമേൽ എല്ലാം നിരത്തി വെച്ച് അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു… അവളുടെ എതിർ വശത്ത് അവൻ വന്നിരുന്നു… പ്ലേറ്റിലേക്ക് ദോശ എടുത്തിടുമ്പോൾ മീരയുടെ മുഖത്ത് അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു. അതു കണ്ടതും നന്ദുവിന്റെ മുഖത്ത് ഗൗരവം നിഴലിച്ചു. “നിന്റെ കയ്യിൽ നാട്ടിലെ സിം ഉണ്ടോ? ” അവൻ അതേ ഗൗരവത്തോടെ തിരക്കി. “ഇല്ല… ഉണ്ടായിരുന്നത് കളഞ്ഞു.

അതു മാത്രമല്ല ഫോണും. ഏട്ടൻ…. അല്ല അയാൾ വാങ്ങിച്ചു തന്ന ഫോൺ ആയിരുന്നു… അതിലെ സിം എന്റെ പേരിൽ അല്ലായിരുന്നു…” “ഹ്മ്മ്… ഞാൻ ദീപയോടു വിളിച്ചു പറഞ്ഞോളാം. എന്തൊക്കെയാ വേണ്ടതെങ്കിൽ കയ്യിലെ പൈസ നോക്കി അതിനു അനുസരിച്ചു വാങ്ങിക്കോ…” “അതിനു എന്റെ കയ്യിൽ എവിടെ നിന്നാ? ” “ഞാൻ നിന്റെ കയ്യിൽ തരും. അപ്പോൾ ഉണ്ടാകുമല്ലോ? ” “ആഹ് ! അപ്പോൾ ഉണ്ടാകും.” “എവിടെയും അധികം ചുറ്റി തിരിഞ്ഞു നിൽക്കാതെ വേഗം ഇങ്ങോട്ട് പോരാൻ നോക്കിക്കോ. ഉച്ചയ്ക്ക് ശേഷം ചിലപ്പോൾ കണക്ഷൻ തരാൻ ഇലക്ട്രിസിറ്റിയിൽ നിന്നും വരും… ” “ഇതിനൊക്കെ പൈസ എവിടെ നിന്നാ…” “എവിടെ നിന്നായാലും നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ…

നിന്റെ കാര്യങ്ങൾ നടക്കുന്നുണ്ടോ എന്നു മാത്രം ഓർത്താൽ മതി… ” “എന്റെ കാര്യങ്ങൾ മാത്രം നടന്നാൽ മതി എന്ന ചിന്തയെ വേണ്ടിയിരുന്നുള്ളു എങ്കിൽ എനിക്ക് എവിടെയ്ക്കും പോകേണ്ടിയിരുന്നില്ല… എന്നെ വിലയ്ക്ക് എടുത്തവന് പണം തരാൻ ഒരു മടിയും ഇല്ല…” “അതിന് ഞാൻ എന്തു വേണം…” “ഒന്നും വേണ്ട… എടുത്തു ചാടി കൂടെ വന്നു പോയില്ലേ. ഞാൻ സഹിച്ചു നിന്നോളാം… ” അവൻ കഴിച്ചു ഡ്രസ്സ്‌ മാറി പുറത്തേക്ക് പോകാൻ തയ്യാറായി… “മീരാ…” അവന്റെ വിളി കേട്ടതും അവൾ ഉമ്മറത്തേക്ക് വന്നു.. പോക്കറ്റിൽ നിന്നും പൈസ എടുത്ത് അവളുടെ നേർക്ക് നീട്ടി… അതു കൈനീട്ടി വാങ്ങുമ്പോൾ അർഹതയില്ലാത്ത പണമാണ് വാങ്ങുന്നതെന്ന ചിന്ത മനസ്സിനെ പൊള്ളിച്ചു. “ഇതിനൊക്കെ ഞാൻ കണക്കു സൂക്ഷിച്ചു വെക്കും…

എന്നെങ്കിലും ജോലിക്ക് പോയി തുടങ്ങുമ്പോൾ കുറച്ചു കുറച്ചായി മടക്കി തരേണ്ടി വരും.” “തരാം… ” എന്നു പറയുമ്പോൾ അവളിൽ ആത്മവിശ്വാസം നിറഞ്ഞിരുന്നു. അവൻ പോയപ്പോൾ അവൾ വേഗം ബാക്കി പണികൾ എല്ലാം ചെയ്തു തീർത്തു… നന്ദുവിന്റെ ഡ്രസ്സ്‌ എല്ലാം അവൻ തന്നെ കഴുകി ഇട്ടിരുന്നു. ദീപ വന്നപ്പോൾ അവളുമായി ആദ്യം ജ്വല്ലറിയിൽ പോയി… വള വിറ്റ പണവും എക്സ്ചേഞ്ച് ചെയ്ത പണവും തണലിൽ കൊണ്ടു പോയി ഏൽപ്പിച്ചു.. റെസീപ്റ്റിൽ എഴുതാൻ പേര് ചോദിച്ചപ്പോൾ എന്തു പറയണം എന്ന് ഒരു നിമിഷം മീര ആലോചനയോടെ നിന്നു. “സത്യം പറഞ്ഞാൽ വേറെ ഒരാൾ ആണ് ഈ പണം ഇവിടെ ഏൽപ്പിക്കാൻ പറഞ്ഞത്. പേര് വെളിപ്പെടുത്താൻ അദ്ദേഹത്തിനു ആഗ്രഹം ഇല്ല… ” മീര പറഞ്ഞു…

അവിടുത്തെ അമ്മമാരെ കണ്ട് ഇറങ്ങിയതിനു ശേഷം തുണിക്കടയിൽ പോയി… ബാക്കി ഉണ്ടായിരുന്ന പണത്തിൽ കുറച്ചു മിച്ചം പിടിച്ച ശേഷം അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങി… പിന്നെ ശിവ മോൾക്ക് ബിസ്കറ്റും ചോക്ലേറ്റും. തിരികെ ബസ്സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ മീര ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു… “ദീപാ… നന്ദുവേട്ടന് എവിടെ നിന്നാകും പൈസ കിട്ടിയിട്ടുണ്ടാകുക… ഇന്ന് ഉച്ചക്ക് ശേഷം ചിലപ്പോൾ കറന്റ്‌ കിട്ടും എന്ന് പറഞ്ഞിരുന്നു.” “എന്തായാലും വീട്ടിൽ നിന്നല്ല. പിന്നെ സ്ഥിരം പണയവസ്തു ഇപ്പോൾ നിന്റെ കഴുത്തിൽ അല്ലേ കിടക്കുന്നത്…” വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ദീപ പോയി.. ഉച്ചയ്ക്ക് ഒരുപാട് നേരം കാത്തിരുന്നിട്ടും നന്ദു ഭക്ഷണം കഴിക്കാൻ എത്തിയില്ല.. വിശപ്പ് സഹിച്ച് ഇരിക്കാൻ പറ്റാതെ വന്നപ്പോഴാണ് അവൾ ചോറ് എടുത്തു കഴിച്ചത്.

കുറച്ചു കഴിഞ്ഞപ്പോൾ ദീപ അമ്മയെയും മോളെയും കൂട്ടി വന്നു. അവരോടു ഓരോ വിശേഷങ്ങൾ പറഞ്ഞ് ഉമ്മറത്ത് ഇരിക്കുമ്പോഴാണ് ഒരു ഓട്ടോറിക്ഷ പടിക്കൽ വന്നു നിന്നത്. അയാൾ ഇറങ്ങിയ ശേഷം ഗ്യാസ് സിലണ്ടറും എടുത്ത് വീട്ടിലേക്ക് കയറി വന്നു. “നന്ദു ഇവിടെ ഏൽപ്പിക്കാൻ പറഞ്ഞിരുന്നു… അടുക്കളയിലേക്ക് വെക്കണോ? ” അയാൾ നന്ദിനിയോട് പറഞ്ഞു… “എന്നാൽ അകത്തേക്ക് വെച്ചോളൂ…” എന്നു പറഞ്ഞ് അമ്മ അകത്തേക്ക് നടന്നപ്പോൾ പുറകെ അയാളും ചെന്നു .. അയാൾ പോയി കഴിഞ്ഞപ്പോൾ അമ്മ തിരികെ അവരുടെ അരികിൽ വന്നിരുന്നു… “അവന് എവിടെ നിന്നാ മക്കളെ കാശ്…” അമ്മ തിരക്കി. “അതു തന്നെയാ മീര രാവിലെ തിരക്കിയതും…” ദീപ പറഞ്ഞു .. “വീട്ടിൽ ഒരു പെൺകുട്ടി കയറി വന്നപ്പോൾ അവന് കുറച്ചു ഉത്തരവാദിത്തബോധം ഒക്കെ ഉണ്ടായി തുടങ്ങിയെന്നു തോന്നുന്നു.

ഇനി ശരിക്കും ഒരു കല്യാണ ആലോചനയുമായി മുൻപോട്ടു പോകേണ്ടി വരുമ്പോൾ ആണ്…” “അതൊക്കെ അപ്പോഴല്ലേ അമ്മേ. ഇപ്പോഴേ ഓരോന്നു ഓർത്ത് പേടിക്കാതെ.” ദീപ പറഞ്ഞു. “മീര അവിടെയാണ് നിൽക്കുന്നതെങ്കിൽ എനിക്ക് ഈ ആധി ഉണ്ടാകില്ലായിരുന്നു. ഇതിപ്പോൾ… ” “ഇപ്പോൾ? ” മീര തിരക്കി… “ഒന്നുമില്ല മോളെ. ” “എന്തായാലും പറയ് അമ്മേ… ” “നാട്ടിലെ ഓരോരുത്തരും ഓരോന്ന് ചോദിച്ചു തുടങ്ങിയെന്ന് മാധവേട്ടൻ പറഞ്ഞു.” “എന്ത്? ” “ശരിക്കും ആ പെണ്ണ് ആരുടെ കൂടെ പോന്നതാ. ദീപുവാണോ നന്ദുവാണോ കൊച്ചിന്റെ അച്ഛൻ എന്ന് ഇന്നലെ വൈകുന്നേരം മില്ലിൽ ഒരുത്തൻ തിരക്കിയെന്ന്. നല്ല ആട്ടു കൊടുത്തിട്ടുണ്ട് അച്ഛൻ… ” “ഞാൻ എല്ലാവർക്കും ഒരു ബുദ്ധിമുട്ട് ആയല്ലേ? ” “അങ്ങനെ ഒന്നും ഇല്ല മോളെ. എല്ലാവരും അവിടെ ആയിരുന്നെങ്കിൽ ഒരു സമാധാനം കിട്ടിയേനെ.”

“എട്ടന് ആ മാതുവിനെ അങ്ങ് കെട്ടിയാൽ മതി.” ദീപ പറഞ്ഞു… “അതിന് അവൻ സമ്മതിക്കണ്ടേ?” സംസാരിച്ചു നിൽക്കുന്നതിന് ഇടയിൽ ലൈൻമാൻ വന്നു . എല്ലാവരും ഇവിടെ ഉണ്ടായത് വളരെ നന്നായെന്നു മീരയ്ക്ക് തോന്നി. അയാൾ പോയി കഴിഞ്ഞപ്പോൾ അമ്മ ആലോചനയോടെ ഇരുന്നു… “എന്താ അമ്മേ? ” ദീപ തിരക്കി… “നന്ദുവിന്റെ കയ്യിൽ എവിടെ നിന്നാ ഈ പൈസയൊക്കെ… ഇപ്രാവശ്യം വീട്ടിൽ വന്നു കയറുമ്പോൾ കയ്യിൽ ആകെ ഉണ്ടായിരുന്നത് അറന്നൂറു രൂപയോ മറ്റോ ആണ്. വന്നതിന് ശേഷം തേരാ പാരാ നടക്കുകയല്ലാതെ ഒന്നിനും പോയിട്ടില്ല.. അതിനിടയിൽ ഒരു ദിവസം കുടിച്ചു വന്നില്ലേ. ഉണ്ടായിരുന്നത് ചിലപ്പോൾ അന്നു തന്നെ തീർത്തു കാണും…” “അമ്മ ഓരോന്ന് ആലോചിച്ചു തല പുകയ്ക്കാതെ. നന്ദേട്ടൻ വരുമ്പോൾ ചോദിച്ചാൽ മതിയല്ലോ… ” “മതി.

ചില സമയത്ത് അവന് എടുത്തു ചാട്ടം കുറച്ചു കൂടുതലാണ്. അതാണെന്റെ പേടി.” അമ്മ പറയുന്നത് കേട്ടപ്പോൾ മീരയുടെ മനസ്സിലും ഓരോ അനാവശ്യ ചിന്തകൾ വളർന്നു… “ആരെയും കൊന്നിട്ടും മോഷ്ടിച്ചിട്ടും ഉള്ള പണമൊന്നും നന്ദേട്ടൻ വീട്ടിലേക്ക് കൊണ്ടു വരില്ല. പിന്നെ നിങ്ങൾ രണ്ടും എന്തിനാ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്? ” ഉറക്കം തൂങ്ങുന്ന ശിവമോളെ തോളിലേക്ക് ചായ്ച്ചു കിടത്തി കൊണ്ട് ദീപ തിരക്കി… “ഒന്നും ഇല്ല… ” എന്നു പറഞ്ഞ് അമ്മ എഴുന്നേറ്റു… “ഞങ്ങൾ അങ്ങോട്ട് പോകട്ടെ മീരാ… എന്തേലും ആവശ്യം വന്നാൽ മതിലിന്റെ അരികിൽ വന്നു വിളിച്ചാൽ മതി.” മീര തലയാട്ടി… എല്ലാവരും പോയപ്പോൾ അവൾക്ക് ആകെ പരവേശം തോന്നി. മുൻപിലെ വാതിൽ അടച്ച ശേഷം മുറിയിൽ വന്നു കിടന്നു… അങ്ങനെ കിടന്ന് മയങ്ങി പോയി. എഴുന്നേൽക്കുമ്പോൾ സന്ധ്യയോട് അടുത്തിരുന്നു.

അടിച്ചു വാരിയ ശേഷം കുളിച്ചു ദീപം കൊളുത്തി. പഴം വാങ്ങിയത് ശർക്കരയിട്ട് പുഴുങ്ങി… ചോറ് തിളപ്പിച്ച് ഊറ്റി വെച്ച ശേഷം ഉമ്മറത്തു വന്നിരുന്നു… ഇരുട്ട് പരന്നു തുടങ്ങിയപ്പോഴാണ് പടി കടന്നു വരുന്ന നന്ദുവിനെ കണ്ടത്. അവൾ എഴുന്നേറ്റു നിന്നു. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് അടുക്കും തോറും അവന്റെ രൂപം തെളിഞ്ഞു വന്നു… മുടി എല്ലാം പാറി പറന്നിരുന്നു… ഷിർട്ടിന്റെ പോക്കറ്റ് കീറി പറിഞ്ഞു കിടക്കുന്നു… നെറ്റിയിലെ കരിഞ്ഞു പോയ പാടുകളുടെ അരികിൽ പുതിയ മുറിവ് തെളിഞ്ഞു കണ്ടു… “എന്താ നന്ദേട്ടാ പറ്റിയത്? ” ആന്തലോടെ തിരക്കി അവൾ ചവിട്ടു പടികൾ ഇറങ്ങി ചെന്നു. “ഒന്നുമില്ല…” എന്നു പറഞ്ഞ് അവൻ ഉമ്മറത്തേക്ക് കയറി .. അവളും പുറകെ ചെന്നു… “ആരുമായി വഴക്കിനു പോയതാ… ഇത്രയും നേരം എവിടെ ആയിരുന്നു… ഉച്ചക്ക് എന്താ കഴിക്കാൻ വരാഞ്ഞത്? ”

അവൾ ഒറ്റ ശ്വാസത്തിൽ തിരക്കി… “തല്ക്കാലം നീ അകത്തേക്ക് ചെല്ല്… നീ അറിയേണ്ട കാര്യം ആണെങ്കിൽ ഞാൻ അങ്ങോട്ട് പറയും. “. “അങ്ങനെ പറ്റില്ല… സത്യം പറ… നന്ദേട്ടൻ ഇത്ര നേരം എവിടെ ആയിരുന്നു.. ” “എനിക്കൊന്നു കുളിക്കണം… ചോദ്യം ചെയ്യൽ ഒക്കെ അതു കഴിഞ്ഞു ആകാമല്ലോ… ” എന്നു പറഞ്ഞ് അരയിൽ തിരുകി വെച്ചിരുന്ന പേഴ്സ് എടുത്ത് അതിൽ നിന്നും ചെറിയ ഒരു പൊതി അവൾക്ക് നേരെ നീട്ടി… “ഇതെന്താ? ” “നിന്റെ കമ്മൽ… ” “ഇത്രയും പെട്ടെന്ന് പണം കിട്ടുന്ന എന്തു പണിയ്ക്കാ നിങ്ങൾ പോയത്… നന്ദേട്ടന്റെ കോലവും എല്ലാം കൂടെ കാണുമ്പോൾ എനിക്ക് പേടി തോന്നുന്നുണ്ട്… ” “ഇതിനുള്ള മറുപടി ഞാൻ മുൻപ് പറഞ്ഞിരുന്നു…” എന്നു പറഞ്ഞ് നന്ദു മുറിയിലേക്ക് പോയിട്ടും മീര അവിടെ തന്നെ തറഞ്ഞു നിന്നു.

അവൻ ഷർട്ട്‌ ഊരി ഒരു ടവ്വൽ ദേഹത്തിട്ട് പുറത്തേക്കു വരുമ്പോഴും അവൾ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു… അവൻ പുരികം ഉയർത്തി എന്താണെന്ന് തിരക്കി… “ഈ നെറ്റി വീണ്ടും എങ്ങനെയാ മുറിഞ്ഞത്? ” “അധികം ചോദ്യം ചോദിക്കാൻ നിൽക്കാതെ പറ്റുമെങ്കിൽ ഞാൻ കുളിച്ചു വരുമ്പോഴേക്കും ഒരു ഗ്ലാസ്സ് കാപ്പി ഉണ്ടാക്കി തരാൻ നോക്ക്.” “ഞാൻ ഉണ്ടാക്കി തരാം. എന്റെ ഒരു സമാധാനത്തിനു വേണ്ടിയെങ്കിലും ഒന്നു പറഞ്ഞൂടെ നേരായ മാർഗ്ഗത്തിലൂടെ ഉണ്ടാക്കിയ പണം ആണെന്ന്…” “അപ്പോൾ നിനക്ക് സംശയമുണ്ട്. നേരായ മാർഗ്ഗത്തിലൂടെ ഉണ്ടാക്കിയ പണമാണോ എന്ന സംശയം ഉണ്ട്… എന്നാൽ അതു സത്യം തന്നെയാ… ഇപ്പോൾ സമാധാനം ആയല്ലോ…”

എന്നു പറഞ്ഞ് അവൻ കിണറ്റിൻ കരയിലേക്ക് നടന്നു… വെള്ളം കോരുമ്പോൾ കയ്യിനു വല്ലാത്ത വേദനയും നീറ്റലും തോന്നി… ഒരുവിധത്തിൽ കുളിച്ച ശേഷം അകത്തേക്ക് ചെന്നു… കാപ്പിയും പഴം പുഴുങ്ങിയതും മേശമേൽ ഇരിക്കുന്നുണ്ടായിരുന്നു… മീരയെ അവിടെയെങ്ങും കണ്ടില്ല… “മീരാ… ” അവൻ കസേരയിൽ ഇരുന്ന ശേഷം ഉറക്കെ വിളിച്ചു. മുറിയിൽ നിന്നും അവൾ അവന്റെ അടുത്തേക്ക് വന്നു… “നീ കഴിച്ചോ? ” “ഇല്ല…” “എന്നാൽ ഇരിയ്ക്ക്…” “എനിക്ക് ഇപ്പോൾ വേണ്ട… ” “നിനക്ക് വേണമെന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല… അതു ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. നിന്റെ വയറ്റിൽ ഒരു കുഞ്ഞുണ്ട്…. അതിന് വേണ്ടി മാത്രമാണ് കഴിക്കാൻ പറയുന്നത്…” അവൾ അവന്റെ എതിർവശത്ത് വന്നിരുന്നു… “നിനക്ക് കാപ്പി ഉണ്ടാക്കിയില്ലേ?” “ഇല്ല…” അവൻ എഴുന്നേറ്റു പോയി ഒരു ഗ്ലാസ്സ് എടുത്തു വന്നു.

അവളുടെ ഗ്ലാസ്സിലേക്ക് പകുതി ഒഴിച്ചു കൊടുത്ത ശേഷം അവനു കഴിക്കാനുള്ളത് പ്ലേറ്റിൽ എടുത്ത് ഉമ്മറത്തേക്ക് പോയി… രാത്രി മീരയെ കഴിക്കാൻ വിളിക്കാതെ അവൻ തനിച്ച് കഴിച്ചു. അതിന് ശേഷമാണ് അവളോട്‌ ഭക്ഷണം കഴിച്ച് മരുന്ന് കഴിക്കാൻ പറഞ്ഞത്… വിശപ്പ് ഇല്ലെങ്കിലും കുറച്ചു നുള്ളി പെറുക്കി കഴിച്ച് അവൾ എഴുന്നേറ്റു… അടുക്കള വൃത്തിയാക്കി കുടിക്കാനുള്ള വെള്ളം എടുത്ത് അകത്തേക്ക് വരുമ്പോൾ നന്ദു അവിടെ പായ വിരിച്ചു കിടന്നുറങ്ങുന്നതാണ് കണ്ടത്. മീര മുറിയിൽ പോയി കിടന്നു… രാവിലെ എഴുന്നേറ്റു വരുമ്പോഴും നന്ദു നല്ല ഉറക്കത്തിൽ ആയിരുന്നു… ഓരോ പണികൾ ആയി ഒതുക്കി വരുന്നതിനിടയിൽ അവൾ ഇടയ്ക്ക് നന്ദുവിനെ വന്നു നോക്കും.

അവൻ അതൊന്നും അറിയാതെ കൈകൾക്കു മീതെ മുഖം ചേർത്തു വെച്ച് ഉറങ്ങി… ചെറുതായി കിതപ്പു തോന്നി തുടങ്ങിയപ്പോൾ മീര ഉമ്മറത്തു തിണ്ണമേൽ വന്നിരുന്നു… കുളി കഴിഞ്ഞപ്പോൾ മുടിയിൽ ചുറ്റി വെച്ചിരുന്ന തോർത്ത്‌ അഴിച്ചെടുത്ത് ശേഷം മുടി വിടർത്തിയിട്ടു. നോട്ടം അറിയാതെ പടിക്കലേക്ക് നീണ്ടപ്പോഴാണ് പടി കടന്നു വരുന്ന സന്ദീപിനെ കണ്ടത്… അവൾ വേഗം എഴുന്നേറ്റു നിന്നു… അവൻ അത്ര തെളിച്ചമില്ലാത്ത മുഖത്തോടെ ഉമ്മറത്തേക്ക് കയറി… “നന്ദു എവിടെ?” “അകത്തുണ്ട്. എഴുന്നേറ്റിട്ടില്ല.. ” “എഴുന്നേൽക്കില്ല. ക്ഷീണം കാണില്ലേ… നല്ലൊരു തല്ലു കഴിഞ്ഞു വന്നതല്ലേ ഇന്നലെ… ” ഈശ്വരാ കൂലി തല്ലിനു പോയ പൈസയാണോ ഇന്നലെ നന്ദേട്ടൻ കൊണ്ടു വന്നത്… ഓർക്കും തോറും അവൾക്ക് ദേഷ്യവും സങ്കടവും തോന്നി. “എന്താ രണ്ടു പേരുടെയും ഉദ്ദേശം?

” ദീപുവിന്റെ ചോദ്യമാണ് അവളെ ബോധമണ്ഡലത്തിലേക്ക് തിരികെ കൊണ്ടു വന്നത്. അവൾ അവനെ നോക്കി… “എല്ലാവരും ഉള്ള വീട്ടിൽ ജീവിക്കുന്നത് പോലെ അല്ല ഒരു അന്യ പുരുഷനും സ്ത്രീയും കൂടി ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുമ്പോൾ.” ………… “കേൾക്കുന്നുണ്ടോ നീ?” “ഹ്മ്മ്…” “മൂളിയാൽ പോരാ… ഇന്നലെ അവന് ഭ്രാന്ത് ആയിരുന്നോ.. ഒരുത്തനെ അടിച്ചു ഒരു പരുവം ആക്കിയിട്ടുണ്ട്… നിന്നെ അങ്ങോട്ട് കൊണ്ടു പോകാനാ ഞാൻ വന്നത്…” “അവൾ മാത്രം വന്നാൽ മതിയോ? ” വാതിൽക്കൽ നിന്ന് നന്ദു തിരക്കി… “എന്റെ കല്യാണക്കാര്യത്തിൽ തീരുമാനം ആക്കാതെ അങ്ങോട്ട് വരില്ല എന്ന വാശി അല്ലേ നിനക്ക്. അപ്പോൾ വാശി തീരുമ്പോൾ സൗകര്യം പോലെ വന്നാൽ മതി… ” “ഇനി എന്താ മീരയുടെ തീരുമാനം?” നന്ദു തിരക്കി…

“ഇങ്ങനെ തല്ലാനും കൊല്ലാനും പോയി കിട്ടുന്ന പണത്തിൽ നന്ദേട്ടന്റെ തണലിൽ നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്…” അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു… നന്ദു ഒന്നും പറയാതെ തിരിഞ്ഞു നടന്നു… “നീ എന്തൊക്കെയാ മീര പറയുന്നത്. പണത്തിനു വേണ്ടി അല്ല തല്ലാനും കൊല്ലാനും പോകുന്നത്… ഓരോരുത്തരുടെ ചൊറിഞ്ഞ സംസാരം കേട്ടിട്ടാണ്.” “എന്ത് സംസാരം? ” “ആൾക്കാർക്ക് എന്താണ് സംസാരിച്ചു കൂടാത്തത്. നിന്റെ ഗർഭത്തിന്റെ ഉത്തരവാദി ആരാണെന്ന് അറിയാതെ പരദൂഷണ കമ്മറ്റി അംഗങ്ങൾക്ക് ഒരു സമാധാനവും ഇല്ല… അവരോടൊക്കെ വഴക്കിടാൻ പോയിട്ട് എന്താ കാര്യം? ” “അവരുമായിട്ടായിരുന്നോ ഇന്നലെ വഴക്ക്?” “ആഹ് !” “ഞാൻ വിചാരിച്ചു… ” “എന്തു വിചാരിച്ചെന്ന്… ” “നന്ദേട്ടൻ ഇന്നലെ ഡ്രസ്സ്‌ വാങ്ങാനും പിന്നെ സാധങ്ങൾ വാങ്ങാനും ഒക്കെയായി പൈസ തന്നു.

പിന്നെ കറന്റ്‌ കിട്ടി… ഗ്യാസ് സിലണ്ടർ കൊണ്ടു വന്നു… പണയം വെച്ച കമ്മൽ എടുത്തു… ഇത്ര പെട്ടെന്ന് പണം ഉണ്ടാക്കാൻ വല്ല കൂലി തല്ലിനും പോയോ എന്നു വിചാരിച്ചു… ” “അയ്യേ.. അങ്ങനെയാണോ എന്റെ നന്ദുവിനെ കുറിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്നത്… അവനെ ആരെങ്കിലും ചൊറിയാൻ വന്നു ദേഷ്യം പിടിപ്പിച്ചാൽ നന്നായി അങ്ങു മാന്തി കൊടുക്കും. പിന്നെ സ്നേഹം ഉള്ളവരോടാണ് ദേഷ്യം തോന്നുന്നതെങ്കിൽ കുഞ്ഞുങ്ങളുടെ മനസ്സാ അവനു… പരിഭവം ഉള്ളിൽ നിറയും … പിന്നെ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു നടന്നോളും.” “പിന്നെ.. പിന്നെ എവിടെ നിന്നാ ഇന്നലെ? ” “ചോദിച്ചില്ലേ? ” “ഹ്മ്മ്… ചോദിച്ചു…” “ഈ അടിപിടി സ്വഭാവം നിർത്തിയാൽ അവന്റെ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഒക്കെ വരാൻ പോകുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

പക്ഷേ രണ്ടാളും കൂടെ ഇവിടെ തുടരാനാണ് ഭാവം എങ്കിൽ ഇനിയും നാട്ടിൽ പല കഥകളും പരക്കും. രണ്ടാളും അത് അനുഭവിക്കാൻ തയ്യാറാണെങ്കിൽ എനിക്കൊരു കുഴപ്പവും ഇല്ല…” “അങ്ങോട്ട് വന്നാലും ആളുകൾ ഓരോന്നു പറയില്ലേ ദീപുവേട്ടാ… ദീപുവേട്ടനു മാതുവിനെ കല്യാണം കഴിച്ചൂടെ. എല്ലാവരും നന്ദേട്ടന്റെ അമ്മായിയെ പോലെ ആകില്ല… ” “നന്ദുവിന്റെ അമ്മായിയെ കുറിച്ച് മീരയ്ക്ക് എങ്ങനെ അറിയാം… ” “നന്ദേട്ടൻ പറഞ്ഞു… ” “ഹ്മ്മ്… ഞാൻ അങ്ങോട്ട് ചെല്ലട്ടെ. മില്ലിൽ പോകാൻ സമയം ആവാനായി… രണ്ടു പേരും കൂടെ ആലോചിച്ചു ഓരോന്ന് ചെയ്താൽ നല്ലത്… ” മീര തലയാട്ടി… “എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അമ്മയോട് പറയാൻ മടിക്കരുത്… ” “ഹ്മ്മ്… ” “നന്ദുവിനോട് പറഞ്ഞാൽ മതി… “എന്നും പറഞ്ഞ് ഇറങ്ങി പോകുന്ന സന്ദീപിനെ നോക്കി മീര നിന്നു..

നന്ദു കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറി വന്നു.. അവളോട്‌ ഒന്നും പറയാതെ ഒറ്റ പോക്കായിരുന്നു… പിന്നെ ഉച്ചക്ക് വന്നില്ല. രാത്രി വരുമ്പോൾ ഒരു കവറിൽ ഫ്രൂട്സ് വാങ്ങി കൊണ്ടു വന്നിരുന്നു… അതു മേശമേൽ കൊടുന്നു വെച്ചാണ് അവൻ കുളിക്കാൻ പോയത്… മീര അവനു കഴിക്കാനുള്ളതെല്ലാം മേശമേൽ എടുത്തു വെച്ച് മുറിയിൽ പോയി ഇരുന്നു… “മീരാ… ” വിളിക്കുന്നത് കേട്ടിട്ടും അവൾ മിണ്ടാൻ പോയില്ല… “മീരാ…” അവൾ രണ്ടു കാതും പൊത്തിപ്പിടിച്ച് മിഴികൾ ഇറുക്കി അടച്ചു… കാതിൽ നിന്നും കൈ ബലമായി എടുത്തു മാറ്റാൻ തുടങ്ങിയിട്ടും അവൾ കണ്ണുകൾ തുറന്നില്ല… “ചെവി കേൾക്കില്ലേ നിനക്ക്? ” ………. “കേൾക്കില്ലേ എന്ന്? ” അവന്റെ ശബ്ദം ഉയർന്നതും ഉള്ളിലെ ആളും ഞെട്ടി എന്ന് തോന്നി പോയി അവൾക്ക്… കണ്ണുകൾ തുറന്നു… “അകത്തേക്ക് വാ.. എന്നിട്ട് ആപ്പിൾ എടുത്തു കഴിക്കാൻ നോക്ക്..”

“എനിക്ക് വേണ്ട… ” “വേണ്ടെങ്കിലും കഴിക്കണം. ” “രാവിലെയും ഉച്ചയ്കക്കും ഉണ്ടാക്കി വെച്ചത് ഏറെയും അങ്ങനെ തന്നെ ഇരിപ്പുണ്ട്… വീട്ടിൽ നിന്നും തിന്നാതെയും കുടിക്കാതെയും എവിടെയാ പോകുന്നത് എന്നെനിക്ക് അറിയണം… അല്ലാതെ ഞാൻ അകത്തേക്ക് വരില്ല… എത്ര ഉറക്കെ സംസാരിച്ചാലും വരില്ല… ” “ഉറപ്പാണോ? ” “ആണ്…” നന്ദു രണ്ടു കൈകളും അവൾക്ക് നേരെ നീട്ടിപ്പിടിച്ചു… ഇരു കൈ വെള്ളയിലും കാണുന്ന പൊളങ്ങളിലാണ് അവളുടെ കണ്ണുകൾ ചെന്നു നിന്നത് … അറിയാതെ തന്നെ അവന്റെ കൈ വെള്ളയിൽ വിറക്കുന്ന വിരലുകളാൽ തലോടി… “ഇതെന്താ? ” “കൈക്കോട്ടു പിടിച്ചും മണ്ണു വലിച്ചുമൊന്നും ശീലം ഇല്ലല്ലോ… ശീലം ആകുമ്പോൾ ഇതൊക്കെ അങ്ങു പോകും. ” അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… “എന്റെ ഒരു സ്നേഹിതനാണ് ചോദിച്ചപ്പോൾ പതിനായിരം രൂപ തന്നത്…

ഇനി ഇതു തിരിച്ചു തരാൻ എന്തേലും പണിക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അവന്റെ അച്ഛനാ പറഞ്ഞത് കൂടെ കിണറു പണിയ്ക്ക് വന്നോളാൻ…” “പിന്നെ ഇന്നലെ എന്താ പറയാഞ്ഞത്? ” “ഒരു മാതിരി കൂലി തല്ലിനു പോയി വരുന്ന ആളുകളോട് ചോദിക്കും പോലെ ചോദിച്ചാൽ അങ്ങനെയൊക്കെ സംസാരിക്കാനെ എനിക്ക് അറിയൂ… ” “സോറി… ” “ഓഹ് ! വരവ് വെച്ചിരിക്കുന്നു…” അവൻ അകത്തേക്ക് നടന്നപ്പോൾ അവളും കൂടെ ചെന്നു… ** ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങിയതും ദീപു കാൾ എടുത്തു. “കാൾ എടുക്കുന്നില്ലെങ്കിൽ എന്തെങ്കിലും തിരക്കിൽ ആണെന്ന് ചിന്തിച്ചൂടെ നിനക്ക്? ” ദീപു ദേഷ്യത്തോടെ തിരക്കി… “എന്തിനാ ദീപുവേട്ടാ വെറുതെ ദേഷ്യപ്പെടുന്നത്…

എനിക്ക് അറിയാം ഒരു തിരക്കിലും അല്ലെന്ന്… എന്നെ ഒഴിവാക്കാൻ നോക്കാണെന്നും അറിയാം…” “അറിഞ്ഞിട്ടാണോ നീ വീണ്ടും… ” “മനസ്സ് സമ്മതിച്ചു തരുന്നില്ല… ഇന്ന് അമ്മാവൻ വന്നിരുന്നു… ദീപുവേട്ടനു ഈ ബന്ധം താല്പര്യം ഇല്ലെങ്കിൽ ഇനി ഇങ്ങനെ കാത്തിരിന്നിട്ട് അർത്ഥം ഇല്ലെന്നാ അമ്മാവൻ പറയുന്നത്… ” “ഭാഗ്യം.. നിന്റെ അമ്മാവനു കുറച്ചു വിവരം ഒക്കെയുണ്ട്.. ” “ഉണ്ട്.. പക്ഷേ എനിക്ക് അതില്ലാതെ പോയി… മനസ്സിൽ ദീപുവേട്ടന്റെ സ്ഥാനത്ത് ഇനി വേറെ ഒരാൾ ഉണ്ടാകില്ല… ഇഷ്ടപ്പെടാതിരിക്കാൻ അത്രയും മോശക്കാരിയാണോ ദീപുവേട്ടാ ഞാൻ… ” ………. “ദീപുവേട്ടാ…” “എനിക്ക് കുറച്ചു സമാധാനം വേണം മാതു… പ്ലീസ്.. വീട്ടുകാർ പറയുന്നത് കേൾക്കാൻ നോക്ക്… ” “കേൾക്കാം… പക്ഷേ ഇപ്പോൾ അല്ല… ദീപുവേട്ടന്റെ താലി മറ്റൊരുവളുടെ കഴുത്തിൽ വീഴട്ടെ….

അതു വരെ എന്റെ സ്വന്തം ആണെന്ന് കരുതി ഞാൻ സ്നേഹിച്ചോളാം… കാത്തിരുന്നോളാം…” അവൾ കാൾ കട്ട്‌ ചെയ്തിട്ടും അവൻ ഫോൺ കാതോടു ചേർത്തു തന്നെ കിടന്നു… അമ്മ അടുത്ത് വന്നിരുന്നത് അറിഞ്ഞതും അവൻ നനഞ്ഞ കണ്ണുകൾ തുറന്നു… “മാതുവാണോ വിളിച്ചത്? ” “ഹ്മ്മ്… ” “ഉള്ളിൽ അവളോട്‌ ഇത്രയും സ്നേഹം ഉണ്ടായിട്ട്… എന്തിനാ മോനെ സ്വയം വേദനിച്ച് അവളെയും വേദനിപ്പിക്കുന്നത്.” “എത്രയും സ്നേഹം? ” “എന്റെ മുഖത്തു നോക്കി ഇനി വീണ്ടും കള്ളം ആവർത്തിക്കാൻ നിൽക്കരുത്… ” “സത്യം പറഞ്ഞാൽ എനിക്ക് പേടിയാ അമ്മേ… എനിക്ക് ഒരു കുടുംബം ആകുമ്പോൾ എന്റെ ദീപയേയും ശിവമോളെയും വേദനിപ്പിക്കേണ്ടി വരുമോ എന്ന പേടി… അവർക്ക് വേണ്ടി ജീവിച്ചാൽ മതി എനിക്ക്…”

“എനിക്ക് വേണ്ടിയാണോ ഏട്ടാ? എനിക്കും എന്റെ മോൾക്കും വേണ്ടിയാണോ ഇത്രനാളും മാതുവിനെ അകറ്റി നിർത്തിയത്? ” വാതിൽക്കൽ നിന്ന് ചോദിക്കുമ്പോൾ ദീപയുടെ കണ്ണുകൾ തുളുമ്പി… മറുപടിയ്ക്ക് പോലും കാത്തു നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു. ** നന്ദു പ്രയാസപ്പെട്ടു ചോറ് വാരി കഴിക്കുന്നത് കണ്ടപ്പോൾ മീരയ്ക്കും വേദനിച്ചു… “എന്തിനാ ഇങ്ങനത്തെ പണിയ്ക്ക് പോകുന്നത്?” അവൾ തിരക്കി. “ഇതെന്താ മോശമാണോ?” “മോശം ആയിട്ടല്ല… ശീലം ഇല്ലാത്ത ഓരോന്നിനു പോയിട്ട്…” “ഇങ്ങനെ തന്നെയാ ശീലം ആകുക…” മീരാ വേഗം കഴിച്ച് എഴുന്നേറ്റു കൈ കഴുകി വന്നു… “നീ കിടന്നോ..

പാത്രങ്ങൾ ഞാൻ കൊണ്ടു വെച്ചോളാം… ” അവൾ ഒന്നും പറയാതെ അവന്റെ അരികിൽ കിടന്നിരുന്ന കസേരയിൽ ഇരുന്നു… അവനോട് ചോദിക്കാതെ തന്നെ അവന്റെ പാത്രം എടുത്ത് അവളുടെ മുൻപിലേക്ക് നീക്കി വെച്ചു… ഇവൾ ഇതെന്തു ചെയ്യാൻ പോവുകയാണ് എന്ന ഭാവത്തിൽ ഇരിക്കുന്ന അവനു നേർക്ക് അവൾ ചോറുരുള നീട്ടി… അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി…..തുടരും..

സമാഗമം: ഭാഗം 12

Share this story