അറിയാതെൻ ജീവനിൽ: ഭാഗം 37

അറിയാതെൻ ജീവനിൽ: ഭാഗം 37

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

“പക്ഷെ എനിക്ക് ഇതിനേക്കാൾ കൂടുതൽ ഇഷ്ടം അഗ്നിദേവൻ ഫിലിമിലെ പാട്ടാണ്.. ആരവ് ഡോക്ടറ് നന്നായി പാടും ആ പാട്ട്…” പെണ്ണ് ആരവിനെ നോക്കിക്കൊണ്ട് ചിരിയാലേ പറഞ്ഞു.. “ആഹാ.. അപ്പൊ രണ്ടുപേരും പാട്ടുകാരാണല്ലോ.. എന്നാൽ ഡോക്ടറുടെ പാട്ടുകൂടെ കേൾക്കട്ടെ…” ദേവൂട്ടി പറഞ്ഞപ്പോ ആരവ് ഡോക്ടർ ആദ്യം നിരസിക്കുകയാണ് ചെയ്തത്. പിന്നീട് ദേവൂട്ടിക്കൊപ്പം ജുവലും ജീവനും ചേർന്ന് നിർബന്ധിച്ചപ്പോ പാടാമെന്നേറ്റു.. “മേടമാസ ചൂടിലെ നിലാവും തേടി.. നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ.. കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കയ്കൾ.. നിന്റെയോമൽ പാവാട തുമ്പുലയ്ക്കുമ്പോൾ.. ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാര ചേലിൽ മെല്ലെ താഴമ്പൂഴായ് തുള്ളുമ്പോൾ.. നീയെനിക്കല്ലേ..

നിൻ പാട്ടെനിക്കല്ലേ.. നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗ സുന്ദര ചന്ദ്രമുഖബിംബം…..” ആരവ് പാടി നിർത്തിയപ്പോൾ ജുവൽ അവന്റെ തൊട്ടടുത്തു ചെന്നിരുന്നു തോളിലേക്ക് തല വച്ചു.. ആരവ് സ്നേഹപൂർവ്വം അവളെ പിന്നിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. അവരെ നോക്കിയിരുന്ന ജീവനത് കാണുന്നുണ്ടായിരുന്നു.. കാര്യങ്ങളുടെ കിടപ്പവന് ഏകദേശം വ്യക്തമായി.. തല താഴ്ത്തിക്കൊണ്ട് മെല്ലെ മന്ദഹസിച്ചു.. ചായയെടുക്കുവാനായി ദേവൂട്ടിക്കൊപ്പം ജുവലും കേറിപ്പോയ ശേഷമാണ് അതിനെ പറ്റി ആരവിനോട് ചോദിക്കുവാൻ തുടങ്ങുന്നത്… “അപ്പൊ നിങ്ങള് രണ്ടുപേരും…?”

ചോദിച്ചത് തെറ്റായിപ്പോകുമോ എന്ന് ഭയന്നാണ് ജീവൻ പകുതിക്ക്‌ വച്ചു നിർത്തിയത്… “ഓർമ്മ വച്ച നാള് തൊട്ട് എന്റെ ഉള്ളിൽ കേറിക്കൂടിയതാ ആ പെണ്ണ്.. ഒരു നോട്ടം കൊണ്ട് പോലും ഞാനൊരു സൂചന കൊടുക്കാത്തതാ.. ഇനിയും നീട്ടിക്കൊണ്ട് പോയാൽ കൈ വിട്ടു പോകുമെന്ന് കരുതി എന്റെ ഇഷ്ടത്തെ പറ്റി പറയാൻ ചെന്നപ്പഴാ അവള് നിന്റെ കാര്യം പറയുന്നത്.. നിന്റെ ജീവിതത്തിൽ നിന്നും മാറി നിക്കുവാൻ നിന്റമ്മ പറഞ്ഞുവെന്നും അതോണ്ട് ഞാൻ അവളുടെ കാമുകനാണെന്ന് നീ തെറ്റിദ്ധരിക്കാൻ തക്ക എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞ് ചെയ്തതാ ഫെയ്സ്‌ബുക്കിലെ ആ റിലേഷൻഷിപ് സ്റ്റാറ്റസ് ഇട്ടത്.. നീ ട്രെയിനിൽ കാണാൻ വരും ന്ന് പറഞ്ഞപ്പോ അവളും കാണാൻ വന്നതാ..

അവളുടെ ചേച്ചി റയിൽവേ സ്റ്റേഷനിൽ ന്ന് കയ്യോടെ പിടി കൂടി വീട്ടിലേക്ക് കൊണ്ടുവന്നു.. അന്നാ ഞാൻ എല്ലാ കാര്യങ്ങളും നിനക്ക് മെസേജ് അയച്ചു പറഞ്ഞത്… അതറിഞ്ഞു ഇങ്ങോട്ട് വരാൻ തിരിച്ചപ്പോഴല്ലേ…” ആരവ് ഒന്ന് നിർത്തി.. തുടരുവാൻ ആയില്ല.. ജീവന്റെ കൺകോണിൽ ഒരു തുള്ളി നീര് പിന്നെ പ്രത്യക്ഷപ്പെട്ടു.. ഉമ്മറത്തെ വാതിലിനു മുകളിൽ മാല തൂക്കിയിട്ട തന്റെ അച്ഛന്റെയും അമ്മയുടെയും ചിത്രത്തിലേക്ക് കണ്ണുകൾ ചെന്നുടക്കി… “നീ ആത്മഹത്യ ചെയ്‌തെന്ന് നിന്റെ ചേട്ടൻ വിളിച്ചു പറഞ്ഞപ്പോ എനിക്കൊരിക്കലും വിശ്വസിക്കുവാനായില്ല ജീവാ.. നിന്നോട് ഞാനെല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും നീയെന്തിന് മരിച്ചുവെന്ന് എനിക്ക് ഊഹിക്കാനായില്ല..

ഈ നിമിഷം വരെ ഞാൻ നിന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് ജുവലിനറിയില്ല.. ജുവലിനെ പോലെ തന്നെ ഞാനുമന്ന് ആകെ ഷോക്ക് ആയിരുന്നു.. നീയാവില്ല എന്ന് വിശ്വസിച്ചുകൊണ്ടാ വീട്ടുപടിക്കൽ വരെ എത്തിയത്.. പക്ഷെ അകത്ത് ഒരു ശരീരം കിടക്കുന്നത് കണ്ടപ്പോ.. നിന്റെ അമ്മയുടെ സംസാരം കേട്ടപ്പോ നിന്റെ മുഖം പോലും കണ്ടില്ലെങ്കിലും ആ കിടന്നത് നീയാണെന്ന് ഞങ്ങൾ ഉറപ്പിച്ചുപോയി.. നീയില്ലാന്നറിഞ്ഞപ്പോ അവളുടെ അവസ്ഥ വല്ലാതായിരുന്നു ജീവാ… തിരിച്ചു വീട്ടിലെത്തും വരെ ഒന്നും മിണ്ടിയില്ല.. വീട്ടിലെത്തിയപ്പോ ഫോണൊക്കെ തല്ലിപ്പൊട്ടച്ച് ഭ്രാന്തിയെ പോലെ അലറി വിളിച്ചു.. അവളെന്തൊക്കെയോ കാണിച്ചു കൂട്ടി.. ഒടുക്കം അവളെ അവിടുത്തെ മെന്റൽ ഹോസ്പിറ്റലിൽ വരെ അഡ്മിറ്റ് ആക്കേണ്ടി വന്നു..

ഒടുവില് ഒരു വിധത്തിലാണ് അവളെ പഴയ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവന്നത്.. തിരികെ വന്നപ്പോ നീയെന്ന ഓർമ്മകൾ മാത്രം തിരികെ വന്നില്ല.. അവള് നിന്നെ പാടെ മറന്നിരുന്നു.. ഒരു കണക്കിന് കൂടുതൽ നിന്നെപ്പറ്റി പറഞ്ഞു കൊടുക്കാൻ പോയില്ല.. ഒരിക്കൽ പറഞ്ഞു തുടങ്ങിയപ്പോ അവള് അറിയണ്ടാന്ന് പറഞ്ഞു.. പിന്നെ.. ഇപ്പൊ ദേ.. എന്റേതായിരിക്കുന്നു…” ആരവ് അത് പറയുമ്പോൾ മുഖത്തൊരു ചിരി വരുത്തി… “സ്നേഹിച്ച പെണ്ണിന്റെ കാമുകനെ സപ്പോർട്ട് ചെയ്യുക.. വേറെയേത് കാമുകൻ ചെയ്യുമെടാ ഇതൊക്കെ… സ്വന്തം ഇഷ്ടം പറയാണ്ട് വച്ചിട്ട് അവളുടെ ഇഷ്ടങ്ങളെ സാക്ഷൽക്കരിപ്പിക്കാൻ നടന്ന നിന്നെ തന്നെ കിട്ടിയത് അവളുടെ ഭാഗ്യമാണ്.. കാരണം നിന്നെപ്പോലെ നീയേ ഉണ്ടാവൂ…”

ജീവൻ ആരവിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു… “ഉടനെ കല്യാണമുണ്ടാവും.. ദേവൂട്ടിയെയും കൂട്ടി കോഴിക്കോട്ടേക്ക് വരണം…” ആരവ് പറഞ്ഞു.. “വരും.. വരാണ്ടിരിക്കാൻ പറ്റില്ലല്ലോ..” ജീവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു… അപ്പോഴാണ് ദേവൂട്ടി ഒരു ട്രേയിൽ ചായയും പലഹാരങ്ങളുമായി വന്നത്.. സംഭാഷണം അവിടെ വച്ചു താൽക്കാലത്തേക്ക് നിർത്തിക്കൊണ്ട് നാലുപേരും ചായ കുടിക്കുവാൻ തുടങ്ങി.. ആരവ് കയ്യെത്തി പ്ലേറ്റിലെ ബീഫ് സമൂസയെടുത്ത് ജീവന് നേരെ നീട്ടി.. “ബീഫാ.. ഞാൻ കഴിക്കാറില്ല…” ജീവൻ വേണ്ടെന്ന് തലയാട്ടിക്കൊണ്ട് പറഞ്ഞു… “ആ.. ജീവേട്ടൻ എഗ്ഗ് പഫ്സിന്റെ ആളാ..” ദേവൂട്ടി പറഞ്ഞുകൊണ്ട് പ്ലേറ്റിൽ നിന്നും ഒരു എഗ്ഗ് പഫ്‌സ് എടുത്ത് ജീവന് നീട്ടി.. “ജുവൽ പഫ്‌സ് കഴിക്കില്ലേ.?” ദേവൂട്ടി ചോദിച്ചു.. “ഏയ്‌.. ഇല്ല.. എനിക്ക് എഗ്ഗ് ഒട്ടും പിടിക്കില്ല..

ഞാൻ ബീഫിന്റെ ആളാ…” പറഞ്ഞുകൊണ്ട് ജുവൽ ഒരു ബീഫ് സമൂസ എടുത്തു കഴിച്ചു തുടങ്ങി.. ചായ കുടി കഴിഞ്ഞു പ്ലേറ്റും ഗ്ലാസുകളുമായി ജുവലും ദേവൂട്ടിയും അകത്തേക്ക് പോയി.. “വാ.. നമുക്കിവിടെ ഒന്ന് നടക്കാനിറങ്ങാം..” ജീവൻ വാക്കറിൽ പിടിച്ചെഴുന്നേറ്റുകൊണ്ട് ആരാവിനോടായി പറഞ്ഞു.. “ആയിക്കോട്ടെ..” സമ്മതിച്ചുകൊണ്ട് ജീവനൊപ്പം ആരവും വീട്ടുമുറ്റത്തേക്കിറങ്ങി നടക്കുവാൻ തുടങ്ങി.. വീട്ടുമുറ്റം കടന്ന് കുറച്ചുദൂരമുള്ള ഒരു ചെറിയ അരുവിയുടെ അടുത്തെത്തിയിരുന്നു അവർ.. പടവു ചെയ്തുവച്ച കൽമതിലിന്മേൽ ജീവൻ ചെന്നിരുന്നു.. അടുത്തായി ആരവും.. കണ്ണുകൾ അരുവിയിലെ തെളിഞ്ഞ വെള്ളത്തിലേക്ക് നീണ്ടു.. “ചെറുപ്പത്തിൽ അച്ഛന്റേം ഏട്ടന്റേം ഒപ്പം ഇവിടെ കുളിക്കുവാൻ വരുമായിരുന്നു…”

ജീവൻ എന്തോ ഓർത്തെടുത്തത് പോലെ പറഞ്ഞു.. “ഇപ്പൊ അച്ഛനില്ല.. അമ്മയും ഇല്ല.. ഏട്ടനും ഇവിടെയില്ല… ഒക്കെ എന്റെ തെറ്റായിരുന്നു.. എന്റെ മാത്രം തെറ്റ്….” തല താണു പോയപ്പോ കണ്ണീര് മടിയിലേക്കിറ്റി… “കഴിഞ്ഞത് കഴിഞ്ഞില്ലേ.. ഇനിയും എന്തിനാ അതൊക്കെ വീണ്ടും ഓർത്ത് സങ്കടപ്പെടുന്നത്…” ആരവ് സമാധാനിപ്പിക്കുവാനായി പറഞ്ഞു നോക്കി.. ഒരു വാക്കുകൾക്കും അവനെ ആശ്വസിപ്പിക്കുവാനാകില്ല എന്നറിയാമായിരുന്നിട്ടും, വെറുതേ… “എത്രയൊക്കെ മാറിയിട്ടും ഉള്ളിലൊരു നോവ് അവശേഷിക്കുന്നുണ്ടടോ.. വിധിയെനിക്ക് സമ്മാനിച്ച നോവ് ഒന്നായിരുന്നില്ല.. ജുവൽ.. അച്ഛൻ.. അമ്മ… മൂന്ന് മുറിവുകളാണ് എനിക്കേറ്റത്.. അവയെല്ലാം ഒരു പരിധി വരെ ഉണ്ടാക്കുവാൻ എന്റെ ദേവൂട്ടിക്ക് പറ്റിയിട്ടുണ്ട്..

പക്ഷെ ഉണങ്ങി പൊറ്റയറ്റു പോയിട്ടും അതിന്റെ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു കണിക ഉണങ്ങാതെ ബാക്കി കിടപ്പുണ്ട്.. ഒരിക്കലും ഉണങ്ങില്ല എന്ന് ശപഥം എടുത്ത മുറിവുകൾ…..” ജീവൻ ശാന്തനായി ചുണ്ടുകളിൽ ചിരി വിടർത്തിക്കൊണ്ട് പറഞ്ഞു.. ആരവിന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു.. അതുകൊണ്ടാവണം ഒന്നും മിണ്ടാതെ അരുവിയിലേക്ക് നോക്കി നിന്നു… കുറേ നേരത്തെ നിശബ്‌ദതയെ പിന്നെയും വെട്ടിച്ചത് ജീവനായിരുന്നു.. “ആരവേ.. ഞാൻ മരിച്ചുവെന്നറിഞ്ഞു നിങ്ങള് വന്നില്ലേ… അന്ന് ആ പെണ്ണ് നിലവിളിച്ചു കരഞ്ഞത് ഞാൻ എന്റെ മുറിയിൽ ന്ന് കേട്ടിട്ടുണ്ടെടാ… അത് കേട്ടപ്പോ അന്ന് ഞാൻ ശരിക്കും മരിച്ചു പോയി..

പെണ്ണിന്റെ സംസാരം കേട്ടപ്പോ, ഒരു നോക്ക് കണ്ടോട്ടെ എന്ന് യാചിക്കുന്നത് കേട്ടപ്പോ മരിക്കാതെ മരിച്ചു കിടന്ന ഒരു ശവം കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി.. അന്നെന്നെ കാണാൻ വന്നപ്പോ അവളെറിയാതെയെങ്കിലും അവളെയൊന്നു കാണണം എന്ന് ആഗ്രഹിച്ചിരുന്നു.. ഒന്നെഴുന്നേറ്റിരിക്കാനെങ്കിലും ആകുമായിരുന്നെങ്കിൽ ഇഴഞ്ഞിട്ടായേലും ഞാൻ വന്നേനെ ഒരു നോക്ക് കാണാൻ… കണ്ണു നിറഞ്ഞാൽ ഒന്ന് തുടച്ചു മാറ്റാൻ പോലും കൈ ഉയർത്താൻ പറ്റാത്തവന്റെ അവസ്ഥ ഭീകരമാണ്… അന്ന് നെഞ്ച് പിടഞ്ഞു മരിച്ചതാ ഞാൻ.. ആ എനിക്ക് ഒരു പുനർജ്ജന്മം തന്നത് ദേവൂട്ടിയാ.. ഇന്നിവിടെ നിൽക്കാൻ കാരണവും അവളാ.. ഇപ്പൊ ആഗ്രഹിച്ചു പോകുവാ, ജുവലിനെ പോലെ എല്ലാം മറക്കാനുള്ള കഴിവ് ദൈവം എനിക്കും തന്നിരുന്നെങ്കിൽ എന്ന്…

ഞാനൊരിക്കലും അവളെ ചതിച്ചതല്ല.. എന്ന് പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ലാത്ത എന്നെയോർത്ത് അവളവളുടെ ജീവിതം നശിപ്പിക്കണ്ടാല്ലോ എന്ന് കരുതിയാണ് ഞാൻ മരിച്ചുവെന്ന് പറയാൻ പറഞ്ഞത്.. എത്ര കാലമെടുത്തിട്ടായാലും ഒരിക്കൽ മറക്കുക തന്നെ ചെയ്യുമല്ലോ എന്നുറപ്പായിരുന്നു എനിക്ക്.. പക്ഷെ എല്ലാമറിഞ്ഞ ദേവൂട്ടി എന്നെയിട്ടിട്ടു പോകാൻ കൂട്ടാക്കിയില്ല.. എത്രയോ തവണ അവള് എന്നേ മടുത്തിട്ട് പൊക്കോട്ടെ എന്ന് കരുതി മനപ്പൂർവ്വം അവളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.. അപ്പോഴൊന്നും ഒരു പരാതിയും പറയാതെ എന്നേ ചേർത്ത് പിടിച്ചിട്ടേ ഉള്ളു അവള്… നമ്മളെ സ്നേഹിക്കുന്നവർ അങ്ങനെയാടോ.. ഭൂമിക്ക് താഴേക്കും സഹിക്കാൻ ഇടം നൽകിയാൽ അവരതും കടന്നു പോകും..

അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റാവുന്ന ഏറ്റവും വലിയ കാര്യമാണ് അവരെ ഒന്ന് ചേർത്ത് പിടിക്കുക എന്നത്..” ജീവന്റെ കണ്ണുകൾ മെല്ലെ നിറഞ്ഞു വന്നു.. ആരവിന്റെ നോട്ടം ജീവനിൽ നിന്നും മാറി വിദൂരതയിലേക്ക് നീണ്ടു… “നമ്മളെ സ്നേഹിക്കുന്നവർ അങ്ങനെയാടോ.. ഭൂമിക്ക് താഴേക്കും സഹിക്കാൻ ഇടം നൽകിയാൽ അവരതും കടന്നു പോകും… അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റാവുന്ന ഏറ്റവും വലിയ കാര്യമാണ് അവരെ ഒന്ന് ചേർത്ത് പിടിക്കുക എന്നത്…” കാതുകളിൽ ജീവന്റെ വാക്കുകൾ പിന്നെയും പ്രതിഫലിച്ചതായി തോന്നി ആരവിന്.. ആ വാക്കുകൾ ഉള്ളിൽ ലയിക്കവേ അവൻ മെല്ലെ ചിരി തൂകി……തുടരും.

അറിയാതെൻ ജീവനിൽ: ഭാഗം 36

Share this story