ഹൃദയതാളം: ഭാഗം 10

ഹൃദയതാളം: ഭാഗം 10

എഴുത്തുകാരി: അനു സത്യൻ

“എന്താ മോനെ എന്തേലും വേണോ.?” രാവിലെ അടുക്കളയുടെ പരിസരത്ത് കിടന്നു കറങ്ങുന്ന അബിയേ കണ്ട് ആലീസ് ചോദിച്ചു. “അത്.. എനിക്ക് ഇന്ന് ക്ലാസ് ഇല്ല.. പുറത്ത് പോവാ.. അപ്പോ ജാനിയെ കൂടെ കൊണ്ട് പോയാലോ എന്നു കരുതുവാ.. അവള് എങ്ങും പോയിട്ടില്ലല്ലോ.. അവളെ ഒന്ന് റെഡി ആക്കി നിർത്താമോ..?” ആദ്യമൊന്ന് പരുങ്ങിയെങ്കിലും അവൻ ആലീസിനോട് ചോദിച്ചു. “അതിനെന്താ മോനെ.. ഞാൻ റെഡി ആക്കി നിർത്താം.. കഴിക്കാൻ എടുക്കട്ടെ..?” “ഇപ്പൊ വേണ്ട.. ഞാൻ പോയി റെഡി ആവട്ടെ..” അതും പറഞ്ഞു അബി തിരിഞ്ഞു പോകുമ്പോൾ ആദ്യമായി അവൻ തന്നോട് സൗമ്യമായി സംസാരിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു ആലീസ്. “എന്താടോ ഭാര്യെ.. രാവിലെ കണ്ണോക്കേ നിറഞ്ഞിരിക്കുന്നല്ലോ.. അബി ഇപ്പൊ ഇവിടെ നിന്ന് പോവുന്നതും കണ്ടു..

അവൻ നിന്നെ വല്ലതും പറഞ്ഞോ..?” ആലീസിന്റെ മുഖം കണ്ട് പരിഭ്രാന്തി നിറഞ്ഞ സ്വരത്തിൽ സാമുവൽ തിരക്കി. “ദേ അച്ചായാ.. എന്റെ മോനെ പാവം ആണ്.. അവൻ എന്നെ ഒന്നും പറയില്ല..” “ശ്ശേടാ.. തന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ അവൻ തന്നെ ഒന്നും പറഞ്ഞിട്ടില്ല എന്ന്.. എന്നാല് പോലും അവനെ സപ്പോർട്ട് ചെയ്തല്ലെ താൻ സംസാരിക്കു.. അവനെ ആരും വഴക്ക് പറയുന്നത് തനിക്ക് ഇഷ്ടമല്ലല്ലോ..” “എന്റെ മോൻ എന്നെ പലതും പറയും.. ഇപ്പൊ വന്നത് ജാനികുട്ടിയെ ഒന്ന് ഒരുക്കി നിർത്താൻ പറയാനാണ്.. അവനിന്ന് ക്ലാസ് ഇല്ല.. അപ്പോ അവളെ കൂട്ടി പുറത്ത് പോവുകയാണ് എന്ന്..” “ആഹാ.. നല്ല കാര്യം ആണല്ലോ.. അല്ലേലും ഞാൻ ഒന്ന് പറയാൻ ഇരിക്കുകയായിരുന്നു..

ആ കൊച്ച് എങ്ങും പോയിട്ടില്ല എന്നല്ലേ പറഞ്ഞത്.. അവളുമായി നമുക്ക് ഒരുമിച്ച് പുറത്തൊക്കെ പോവാം എന്ന് കരുതിയാരുന്നു.. ഇപ്പൊ ഇവർ രണ്ടും കൂടി പോവട്ടെ..” “പാവം മോളാ ഇച്ചായാ.. ഇന്നലെ എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നത്.. അമ്മയുടെ സ്നേഹം പോലും കിട്ടിയിട്ടില്ലാത്ത കുഞ്ഞല്ലേ അവള്.. അമ്മയുടെ മാത്രം അല്ല ആരുടെയും പരിഗണന കിട്ടിയിട്ടില്ല..” വേദനയോടെ തങ്ങൾക്ക് അരികിലേക്ക് വരുന്ന ജാനിയെ നോക്കി പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “മമ്മീ..” ജാനി ഓടി വന്നു ആലിസിനെ കെട്ടിപ്പിടിച്ചു. “എന്തെ മോളേ..?” “ഞാൻ എഴുന്നേറ്റപ്പോൾ കണ്ടില്ലല്ലോ.. മമ്മി എന്താ എന്നെ വിളിക്കാഞ്ഞേ.. ജാനി പേടിച്ച് പോയി..” അവരുടെ നെഞ്ചില് മുഖം അമർത്തി അവള് പറഞ്ഞു. “അയ്യേ.. മമ്മിയുടെ മോൾ കരയുവാണോ..?

ദേ പപ്പാ കളിയാക്കുന്നു.. രാവിലെ കഴിക്കാൻ ഒക്കെ ഉണ്ടാക്കണ്ടേ.. അതിനു വേണ്ടി വന്നതാ മമ്മി.. മോള് നല്ല ഉറക്കം ആയിരുന്നു.. അതാ മമ്മി വിളിക്കാഞ്ഞത്..” അവള് മുഖം ഉയർത്തി ആണോ എന്ന് നോക്കി. അവർ അതേ എന്നു പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു. “എങ്ങനെ ഉണ്ടാരുന്നു മോളേ ഉറക്കം..? നന്നായി ഉറങ്ങിയോ..?” സാമുവൽ ചോദിച്ചു. “മ്മ്.. മമ്മിയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ നല്ല രസം ആണ്.. പഞ്ഞി പോലെ ഉണ്ട്..” ചിരിയോടെ അവളത് പറയുമ്പോൾ അയാളും കൂടെ ചിരിച്ചു. “മോള് പല്ലോക്കെ തേച്ചിട്ടല്ലെ വന്നത്..?” “ഹാം പപ്പ.. ജാനിയോട് രാവിലെ എഴുന്നേറ്റാൽ ആദ്യം മുഖം കഴുകണം, പിന്നെ പല്ല് തേക്കണം, പിന്നെ കക്കൂസിൽ പോവണം,

പിന്നെ കുളിച്ചു ഉടുപ്പ് ഒക്കെ മാറണം എന്നു ഇച്ചേച്ചി പറഞ്ഞ് തന്നിട്ടുണ്ടല്ലോ.. നല്ല കുട്ടികൾ അങ്ങനെ ആണെന്ന്.. ജാനിയും നല്ലതാ.. അത് കൊണ്ട് അതൊക്കെ ചെയ്യും..” കയ്യിൽ എണ്ണം പിടിച്ചു കൊഞ്ചലോടെ സാമുവലിന് ജാനി മറുപടി നൽകി. “എങ്കിൽ നമുക്ക് കഴിച്ചാലോ..? കഴിച്ചു കഴിഞ്ഞാൽ ജാനിക്കുട്ടിയെ കൂട്ടി അബി എവിടെയോ പോവുന്നുണ്ട്..” “സത്യം..? എവിടെയാ പോവുന്നത്..?” ആലീസിന്റെ കയ്യിൽ പിടിച്ചു വിടർന്ന കണ്ണുകളോടെ അവള് തിരക്കി. “അതൊന്നും അറിയില്ല മോളേ..” അവർ നിസ്സഹായയായി കൈ മലർത്തി. “ജാനിക്കു യാത്ര പോവാൻ ഒത്തിരി ഇഷ്ടാ.. ജീന ചേച്ചി ക്രിസ്റ്റി ചേട്ടന്റെ കൂടെ വരുന്നത് കുടു കുടു വണ്ടിയിൽ ആണ്.. പക്ഷേ എന്നെ കയറ്റൂല..

എന്റെ ജോച്ചാച്ചനും കുടു കുടു വണ്ടി വാങ്ങുമ്പോൾ എന്നെയും കയറ്റും..” കഴിക്കാൻ ഇറങ്ങി വന്ന അബി അത് കേട്ട് ഒരു നിമിഷം നിന്നു. ശേഷം കയ്യിൽ ഇരുന്നു തന്റെ ബൈക്കിന്റെ കീ മാറ്റി പപ്പയുടെ ബുള്ളറ്റിന്റെ കീ എടുത്തു പോക്കറ്റിൽ ഇട്ടു. അവനു പൊതുവെ ബുള്ളറ്റ് ഇഷ്ടമല്ല. അത് കൊണ്ട് തന്നെ ബുള്ളറ്റ് എടുക്കാറുമില്ല. കോളേജ് പിള്ളാർക്ക് ഇടയിൽ ഒക്കെ ബുള്ളറ്റ് ആണ് രാജാവ് എങ്കിലും തന്റെ പൾസർ ബൈക് ആണ് അവനു ഏറ്റവും ഇഷ്ടം. “കഴിക്കാൻ എന്തേലും കിട്ടുമോ..?” അടുക്കള വാതിലിന്റെ പടിയിൽ ചാരി നിന്നു അലീസിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ജാനിയെ നോക്കി അവൻ ചോദിച്ചതും ആലീസ് പെട്ടെന്ന് തിരിഞ്ഞു. “മോന് പോയി ഇരുന്നോളു.. ഞാൻ ഇപ്പൊ കൊണ്ടുതരാം..” അവർ പറയുന്നത് കേട്ടു അബി ഒരിക്കൽ കൂടി ജാനിയെ നോക്കിയപ്പോൾ അവള് തിരികെ കൂർപ്പിച്ചു നോക്കി. ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ചു അവൻ പോയി ഇരുന്നു കൊണ്ട് ടിവി വെച്ചു.

അപ്പോഴേക്കും സാമുവൽ അവന്റെ അരികിൽ വന്നിരുന്നു. ടീവിയുടെ ശബ്ദം കേട്ട് ജാനി അടുക്കളയിൽ നിന്നും ഓടി വന്നു സാമുവലിൻെറ അരികിലായി ഇരുന്നു. “അവിടെ ടിവി ഒന്നും ഇല്ലെ..?” അവള് കൗതുകത്തോടെ ടിവിയിൽ നോക്കി ഇരിക്കുന്നത് കണ്ട് അബി തിരക്കി. “ടിവി വെച്ചാൽ എന്നെ കാണിക്കൂല വലിയ പപ്പ.. ജാനിക്ക് സിനിമ ഒക്കെ കാണാൻ വലിയ ഇഷ്ടാ.. അവിടെ അതൊന്നും വെക്കില്ല..” ചുണ്ട് മലർത്തി വിഷമത്തോടെ അവള് പറയുന്നത് കേട്ട് ചോദിക്കേണ്ടി ഇരുന്നില്ല എന്ന് അവനു തോന്നി. അപ്പോഴേക്കും ആലീസ് ആഹാരം ആയി എത്തി. എല്ലാവരും കഴിക്കുന്നതിന്റെ ഇടയിൽ ആഹാരം കഴിക്കാതെ ടിവിയിൽ നോക്കി ഇരിക്കുന്ന ജാനിയെ കണ്ട് ആലീസ് പാലപ്പം മുറിച്ചു സ്റ്റ്യൂവിൽ മുക്കി അവളുടെ വായിൽ വെച്ച് കൊടുത്തു. ആദ്യം ഒന്ന് അമ്പരന്നു എങ്കിലും അവള് പിന്നീട് കഴിച്ചു തുടങ്ങി.

ഇടക്കെപ്പോഴോ നോക്കിയപ്പോൾ അബി ആലീസ് തനിക്ക് വാരി തരുന്നത് നോക്കി ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവനെ നെറ്റി ചുളിച്ചു ഒന്ന് നോക്കിയ ശേഷം തനിക്കായി ആലീസ് നീട്ടിയ അപ്പം ആ കയ്യോടെ ജാനി അബിക്കു നേരെ തിരിച്ചു. പെട്ടെന്ന് തന്റെ വായിക്കൂ മുന്നിൽ അപ്പവുമായി നീണ്ട കൈ കണ്ട് മറ്റൊന്നും ഓർക്കാതെ അബി വാങ്ങി കഴിച്ചു. അത് കഴിഞ്ഞാണ് ആരാ നൽകിയത് എന്ന് നോക്കിയത്. തന്റെ കയ്യിലും അബിയെയും മാറി മാറി നോക്കി വിളറിയ മുഖത്തിൽ ഇരിക്കുന്ന ആലീസിനേ കണ്ട് അവൻ കഴിപ്പ് നിർത്തി എഴുന്നേറ്റു പോയി. അതിന്റെ ഫലമായി ഒരു തുള്ളി കണ്ണുനീർ ആലീസിന്റെ കണ്ണിൽ നിന്നും ഉതിർന്നു പ്ലേറ്റിലേക്ക് വീണു. അബി എഴുന്നേറ്റു പോകുന്നതും ആലീസ് കരയുന്നതും കണ്ട് സാമുവൽ അവരുടെ തോളിൽ കൈ അമർത്തി കഴിപ്പ് നിർത്തി എഴുന്നേറ്റു. പക്ഷേ ഇവരുടെ ഇടയിൽ ഒന്നും മനസ്സിലാകാതെ ജാനി അമ്പരപ്പോടെ ഇരുന്നു. 🔸🔸🔸

“ജാനികുട്ടി.. ഒരുങ്ങിയില്ലേ..?” ആലീസ് മുറിയിലേക്ക് വന്നു ചോദിച്ചു. ലവേണ്ടറും വെള്ളയും ചേർന്ന ഒരു ഫ്ലോറൽ ചുരിദാർ ആയിരുന്നു അവളുടെ വേഷം. മുടി എങ്ങനെ കെട്ടും എന്നാലോചിച്ചു നിൽക്കുകയാണ്. ആലീസ് അവളുടെ അരികിൽ ചെന്നു ചീപ്പ് വാങ്ങി അവളെ ഒരു കസേരയിൽ പിടിച്ചിരുത്തി. ശേഷം മുടി ചീകി ഒതുക്കി ഒരു വെള്ള ഹെയർ ബാൻഡ് എടുത്തു മുടി കെട്ടി. മുഖത്ത് അല്പം പൗഡർ ഒക്കെ ഇട്ടു കണ്ണെഴുതി ലവേണ്ടർ നീല നിറത്തിലെ പൊട്ട് എടുത്തു അവളുടെ നെറ്റിയിൽ തൊട്ടു. കാതിലേ മോട്ട് കമ്മൽ മാറ്റി വെള്ള കല്ല് വെച്ച ഒരു കമ്മൽ കൂടി ഇട്ടു അവളെ ആകെ ഒന്ന് നോക്കി. ഒരു കൊച്ചു സുന്ദരി ആയിട്ടുണ്ട് ജാനി. ” ഹായ്.. മമ്മി.. ജാനി സുന്ദരിക്കുട്ടി ആയി..” ജാനി കണ്ണാടി നോക്കി തന്റെ മുഖം കണ്ട് ആലീസിനേ കെട്ടിപ്പിടിച്ചു സന്തോഷം അറിയിച്ചു.

“ആഹാ.. മമ്മിയും മോളും ഇവിടെ നിൽക്കുവാണോ..? അബി പോവാൻ ഇറങ്ങി കേട്ടോ..” സാമുവൽ വാതിലിന് അരികിൽ വന്നു കൊണ്ടുപറഞ്ഞു. “പപ്പാ.. ജാനി സുന്ദരി ആയിട്ടില്ലെ..? മമ്മിയാ ഒരുക്കിയത്..” “അല്ലേലും പപ്പയുടെ മോൾ സുന്ദരി അല്ലേ..” അയാളുടെ കൈ കവർന്നു ആകാംഷയോടെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ കവിളിൽ തഴുകി സാമുവൽ പറഞ്ഞതും അവള് അയാളെയും കെട്ടിപ്പിടിച്ചു. “അബിച്ചയാ പോവാം..” പുറത്തേക്കിറങ്ങി സ്വാതന്ത്ര്യത്തോടെ തന്റെ കയ്യിൽ തൂങ്ങിയ ജാനിയെ കണ്ട് അവൻ ഞെട്ടി ആലീസിനെയും സമുവലിനെയും നോക്കി. അവർ ചിരിയോടെ നിൽക്കുവാണ്. “വാ.. പോവാം.. പപ്പാ മമ്മി.. ഞങ്ങളു പോവാണെ..”

അവരെ നോക്കി പറഞ്ഞു കൊണ്ട് വീണ്ടും അവന്റെ കയ്യിൽ പിടിച്ചു വലിച്ച് ജാനി മുന്നോട്ട് നടക്കുമ്പോൾ അബിക്ക് കളഞ്ഞു പോയത് എന്തോ തിരികെ കിട്ടിയ സന്തോഷം ആയിരുന്നു. “മോനെ.. ഇത് പിടിച്ചോ.. പോകും വഴിക്ക് എന്തേലും ഒക്കെ വാങ്ങിക്കോ.. പിന്നെ സൂക്ഷിച്ചു പോവണേ മോനെ.. അധികം സ്പീഡിൽ വണ്ടി ഓടിക്കാണ്ട..” അതും പറഞ്ഞു കുറച്ചു പൈസ സാമുവൽ അബിയുടെ കയ്യിൽ കൊടുത്തപ്പോൾ അവൻ അറിയാതെ പുറകിലേക്ക് നോക്കി. അവന്റെ നോട്ടം കണ്ട് ആലീസ് വേഗം മുറിയിലേക്ക് കയറി. അവൻ പപ്പയോട് കണ്ണ് കൊണ്ട് പോവാ എന്ന് കാട്ടിപുറത്തേക്ക് ഇറങ്ങി. “ജാനി.. ഇവിടെ..” ബൈക്കിന് അടുത്തേക്ക് പോവാൻ തുടങ്ങിയ അവളെ തിരികെ വിളിച്ചു കൊണ്ട് അബി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. “ഹായ്.. കുടു കുടു വണ്ടി.. ഇതിലാ നമ്മള് പോവുന്നേ..?”

ആശ്ചര്യത്തോടെ അവള് അവനെ നോക്കി. അവൻ തലയാട്ടിയതും ഓടി ചെന്ന് വണ്ടിയിൽകയറാൻ നോക്കി. പക്ഷേ ആദ്യമായി കയറുന്നത് കൊണ്ടും നീളം അല്പം കുറവ് ആയത് കൊണ്ടും അവൾക്ക് കയറാൻ കഴിഞ്ഞില്ല. “ജാനിമോളെ.. അബിയുടെ തോളിൽ പിടിച്ചു കയറ്..” അവളുടെ ഒരു കയ്യിൽ പിടിച്ചു പൊക്കി കൊണ്ട് സാമുവൽ പറഞ്ഞു. അത് കേട്ട് അവള് അവന്റെ തോളിൽ കൈ അമർത്തി വണ്ടിയിൽ കയറി. കയറിയതിന്റെ സന്തോഷത്തിൽ സാമുവലിന് വണ്ടിയിൽ ഇരുന്നു തന്നെ ഒരു ഉമ്മ കൊടുത്തു ജാനി. പപ്പാക്കും മമ്മിക്കും ഒക്കെ ടാറ്റാ കൊടുത്തു വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ജാനി അബിയുടെ വയറിൽ കൂടി ചുറ്റി പിടിച്ചിരുന്നു. 🔸🔸🔸

ഡോക്ടർ ഷൈനി ഐസക്, സൈക്കോളജിസ്റ്റ് എന്ന ബോർഡ് എഴുതിയ വീടിന് മുന്നിൽ അബിയുടെ ബുള്ളറ്റ് നിന്നു. “ജാൻ.. ഇറങ്ങ്..” “ഇത് ആരുടെ വീട് ആണ് അബിച്ചായാ..? നല്ല വീട്..” അവന്റെ കയ്യിൽ പിടിച്ചു ഇറങ്ങുന്നതിനു ഇടയിൽ ജാനി തിരക്കി. “എന്റെ ഫ്രണ്ടിന്റെ ആണ്.. നമുക്ക് ഇവിടെ ഒരാളെ കാണാൻ ഉണ്ട്..” അവള് ആരെയാണ് എന്ന രീതിയിൽ അവനെ നോക്കി. “അതൊക്കെ ഞാൻ പറയാം എന്റെ ജാൻ.. ഇപ്പൊ എന്റെ ജാനു വായോ..” അവൻ വിളിച്ചത് കേട്ട് അവള് ചുണ്ട് മലർത്തി പിണങ്ങിയ ഭാവത്തിൽ നിന്നു. “അബിച്ചാ.. ആരാ ജാനു..? എന്തിനാ അവളെ വിളിക്കുന്നത്..? ജാനിയുടെ കൂടെ അല്ലേ അബിച്ചായൻ വന്നത്.. എന്നിട്ട് ജാനിയെ എന്താ വിളിക്കാത്തത്..?” ഇപ്പൊ കരയും എന്ന മട്ടിൽ അവള് ചോദിച്ചത് കേട്ട് അബി വായും പൊളിച്ചു നിന്നു. “എന്റെ ജാനികുട്ടി.. നീ തന്നെയാ ജാനു..

നിന്നെ അല്ലാതെ വേറെ ആരെ വിളിക്കാൻ ആണ് ജാനു എന്നു.. അതിന്റെ പേരിൽ കരയല്ലേ.. ഇനി ജാനിക്കു ഞാൻ ജാനു എന്ന് വിളിക്കുന്നത് ഇഷ്ടല്ലേൽ അങ്ങനെ വിളിക്കില്ല.. പോരെ..” ദയനീയതയോടെ അവൻ അവളെ നോക്കി. “ജാനിയെ അബിച്ചൻ ജാനു എന്ന് വിളിച്ചോ.. എനിക്ക് ഇഷ്ടാ..” ജാനി ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു. അവൻ അവളു തലയിൽ ഒന്ന് കൊട്ടി അവൻ മുന്നോട്ട് നടന്നു. കോളിംഗ് ബെൽ അടിച്ചത് കേട്ട് ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. “ആരാ..? മനസ്സിലായില്ല..?” അവർ അവരോട് ചോദിച്ചു. “ഞാൻ ആബേൽ സാമുവൽ.. ഷൈനി മാഡത്തേ കാണാൻ ആണ്.. വിളിച്ചിട്ടുണ്ടായിരുന്നു.. അബി അവരോടു പരിചയപ്പെടുത്തുന്നതിന് ഇടയിൽ അവന്റെ അതേ പ്രായം ഉള്ള ഒരു പയ്യൻ ഇറങ്ങി വന്നു. “അബി.. നീ എത്തിയോ..? മമ്മാ.. ഇങ്ങ് വന്നെ.. ആരാ വന്നതെന്ന് നോക്കിയേ..”

അവരെ കണ്ട പാടെ അവൻ അലറി കൂവി. “ഡാ.. പ്രിൻസെ.. പതിയെ.. ഞങൾ ഇങ്ങോട്ട് തന്നെയാ വന്നത്..” ആ പയ്യനെ കെട്ടിപ്പിടിച്ചു അബി പറഞ്ഞു. “മോന് അറിയാവുന്ന ആളുകൾ ആണോ മോനെ..?” ആ സ്ത്രീ അവനോടായി ചോദിച്ചു. “എന്റെ ചങ്ക് ആണ് ഷേർളി ആന്റീ ഇവൻ.. ഇത് അവന്റെ കസിൻ ആണ്.. മമ്മയെ കാണാൻ വന്നതാ.. ആന്റീ പോയി ഇവർക്ക് കുടിക്കാൻ എന്തേലും എടുക്കു.. ഉച്ചക്ക് കഴിക്കാൻ ഇവർ കൂടി ഉണ്ടാവും കേട്ടോ.. മമ്മാ.. ഇങ്ങോട്ട് വന്നേ..” അവരോട് പറയുന്നതിന്റെ ഇടയിൽ വീണ്ടും അവൻ വിളിച്ചു കൂവി. അവന്റെ വിളി കേട്ട് സുന്ദരി ആയ ഒരു മധ്യവയസ്ക എത്തി. “എന്താ ചെക്കാ നീ കിടന്നു അലറി കൂവുന്നത്..? അല്ല ഇത് ആരൊക്കെയാണ്..?” “മമ്മാ.. ഇതാണ് ഞാൻ പറഞ്ഞ ആബേൽ എന്ന എന്റെ അബി.. ഇത് ജാൻവി.. എന്റെ പെങ്ങൾ ആണ്..” “അതൊക്കെ എനിക്ക് മനസ്സിലായി..പക്ഷേ ഇത് ഏതാടാ ഞാൻ അറിയാത്ത ഒരു അനിയത്തി നിനക്ക്..?” ”

എന്റെ മമ്മാ.. എനിക്ക് ഒരു പെങ്ങളെ തരാൻ പറഞ്ഞിട്ട് നിങ്ങള് തന്നില്ലല്ലോ.. അത് കൊണ്ട് ഇവളെ ഞാൻ അങ്ങ് അനിയത്തിയായി ഏറ്റെടുത്തു.. തൽക്കാലം മമ്മ എന്റെ ഈ അനിയത്തി കുട്ടിയെ ഒന്ന് ഏറ്റെടുത്തു അകത്തേക്ക് കൊണ്ട് പോയെ.. ഞങ്ങൾക്ക് കുറച്ചു കാര്യം ഡിസ്കസ് ചെയ്യാൻ ഉണ്ട്..” ഷൈനിയുടെ തോളിൽ കൂടി കയ്യിട്ടു കൊഞ്ചി പ്രിൻസ് പറഞ്ഞത് കേട്ട് ജാനി അബിയുടെ കയ്യിൽ മുറുകെ പിടിച്ചു. അത് കണ്ട് ചിരിച്ചു കൊണ്ട് ഷൈനി അവളുടെ അരികിലേക്ക് വന്നു. “മോൾ എന്തിനാ ഇങ്ങനെ പേടിക്കുന്നത്..? വന്നേ.. ആന്റി ചോദിക്കട്ടെ..” അവർ അവളുടെ കയ്യിൽ പിടിച്ചതും പേടിയോടെ ജാനി അബിയെ നോക്കി. അവൻ കണ്ണ് കൊണ്ട് ചെല്ലാൻ ആംഗ്യം കാട്ടിയതും അവള് മനസ്സില്ലാ മനസ്സോടെ അവരുടെ പുറകെ അകത്തേക്ക് പോയി. “നീ പേടിക്കാതെ അബി..

എന്റെ മമ്മ ആയോണ്ട്‌ പറയുവല്ല പുള്ളിക്കാരി നല്ല ഒരു സൈക്കോളജിസ്റ്റ് ആണ്.. ജാനിയുടെ ഉള്ളിൽ ഉള്ള എല്ലാ സങ്കടങ്ങളും വിഷമങ്ങളും ഒക്കെ മമ്മ ഇങ്ങ് പുറത്തെടുത്ത് അവളെ നല്ല സ്മാർട്ട് ആക്കി തിരികെ തരും..” അവരുടെ പോക്ക് നോക്കി നിൽക്കുന്ന അബിയുടെ തോളിൽ കൈ വച്ച് പ്രിൻസ് പറഞ്ഞത് കേട്ട് അവൻ പതിഞ്ഞ ഒരു ചിരി നൽകി. വീണ്ടും അവർ പോയ വഴിയെ നോക്കി നിന്നു…..തുടരും….

ഹൃദയതാളം: ഭാഗം 9

Share this story