ദാമ്പത്യം: ഭാഗം 5

ദാമ്പത്യം: ഭാഗം 5

എഴുത്തുകാരി: തുഷാര ലക്ഷ്മി

 “ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തി ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേർന്ന എല്ലാവർക്കും ആദ്യമേ നന്ദി പറയുന്നു…. മുപ്പത്തിയഞ്ചു വർഷം എന്നെ സഹിച്ച എന്റെ സഹധർമ്മിണിയോടും ഞാനെന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു…. ഞങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കാൻ മാത്രമല്ല മറ്റൊരു തീരുമാനം നിങ്ങളെ അറിയിക്കാനും ക്ഷണിക്കാനുമാണ് ഇങ്ങനെ ഒരു ഫങ്ക്ഷൻ ഇവിടെ ഒരുക്കിയത് … ഞങ്ങളുടെ ഇളയമകൻ അഭിമന്യു വരുന്ന മാസം പതിനെട്ടാം തീയതി വിവാഹിതനാവുകയാണ് …വധുവിനേയും ഞാൻ ഈ അവസരത്തിൽ തന്നെ പരിചയപ്പെടുത്തുകയാണ് … എന്റെ പ്രിയസുഹൃത്ത് ദേവന്റെ ഇളയമകൾ ആര്യശ്രീ ”

ആര്യ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു പോയി… എന്താണ് താൻ കേട്ടതെന്ന് ഒന്നുകൂടി ഓർക്കുകയായിരുന്നു അവൾ… അഭിയേട്ടന്റെ വിവാഹമാണെന്ന് കേട്ടപ്പോൾ തന്നെ ഒന്ന് ഞെട്ടിയിരുന്നു… എന്നും ഫോണിൽ സംസാരിച്ചിട്ടും അഭിയേട്ടൻ ഒന്നും പറഞ്ഞിരുന്നില്ല വിവാഹത്തെപ്പറ്റി… ഇതിപ്പോൾ വധുവിനെ പേര് ആര്യ എന്നല്ലേ പറഞ്ഞത് … അതും അച്ഛൻ ….അപ്പോൾ ……അപ്പോൾ വധു താനാണോ…? താൻ കേട്ടത് ശരി തന്നെയല്ലേ….? ആര്യ വീണ്ടും വീണ്ടും ശേഖരന്റെ വാക്കുകൾ ഓർക്കുകയായിരുന്നു… അഭിയേട്ടനുവേണ്ടി തന്നെ ആലോചിക്കാൻ എങ്ങനെ തോന്നി അച്ഛന് …. അയ്യോ ………അഭിയേട്ടൻ, അഭിയേട്ടൻ എന്ത് വിചാരിക്കും ….താൻ കാരണം അഭിയേട്ടന്റെ ജീവിതം……. അവൾ മുഖമുയർത്തി സ്റ്റേജിൽ നിൽക്കുന്നവരെ നോക്കി …

അവിടെ രണ്ടു മുഖങ്ങൾ ഒഴിച്ച് ബാക്കി എല്ലാവരും സന്തോഷത്തിലാണ്…. ഒന്നുകൂടി അഭിയേട്ടനേ നോക്കി ….ആളവിടെ തന്നെതന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ് …അപ്പോൾ അഭിയേട്ടനും നേരത്തെ ഇക്കാര്യം അറിയാമായിരുന്നു… ഇതാണപ്പോൾ തന്നോട് പറഞ്ഞ സർപ്രൈസ്… അഭിയേട്ടന് സമ്മതമാണോ തന്നെ വിവാഹം കഴിക്കാൻ.. ചേട്ടത്തിയമ്മ അല്ലായിരുന്നോ താൻ… ചിന്തകളെ തടസ്സപ്പെടുത്തിക്കൊണ്ട് ശേഖരന്റെ ശബ്ദം വീണ്ടുമെത്തി… “”മോളെ നിങ്ങളിൽ പലർക്കുമറിയാമായിരിക്കും…. ഒരു ഒഫീഷ്യൽ അനൗൺസ്മെന്റ് ആയതുകൊണ്ട് പരിചയപ്പെടുത്തുകയാണ് ദേവനെയും ഭാര്യയും ആര്യമോളെയും ഞാൻ വേദിയിലേക്ക് ക്ഷണിക്കുന്നു …””

ഒരു പാവ പോലെ ഇരിക്കാനേ കഴിഞ്ഞുള്ളൂ…. പതിയെ അടുത്തിരിക്കുന്ന അച്ഛനേയുമമ്മയേയും നോക്കിയപ്പോൾ അവിടെയും സന്തോഷം മാത്രം…. അപ്പോൾ എല്ലാവരും അറിഞ്ഞുകൊണ്ടാണ് …അച്ഛനുമമ്മയും എഴുന്നേറ്റിട്ടും ഒരു പ്രതിഷേധം പോലെ താൻ സീറ്റിലിരുന്നതേയുള്ളൂ… ഇങ്ങനെയൊരു വേഷംകെട്ടാൻ വയ്യ… അതും അഭിയേട്ടനെ …. “”” എഴുന്നേറ്റു വാ മോളെ…. സത്യം ചെയ്തു തന്നതല്ലേ നീ ….എല്ലാം ഇത് കഴിഞ്ഞ് സംസാരിക്കാം…..”””” അച്ഛൻ കുനിഞ്ഞു അപേക്ഷ സ്വരത്തിൽ പറഞ്ഞു… രൂക്ഷമായി ഒന്നു നോക്കിയിട്ട് എഴുന്നേറ്റ് അവരോടൊപ്പം സ്റ്റേജിലേക്ക് കയറി.. അമ്മ അഭിയേട്ടന്റെ അരികിലായി പിടിച്ചുനിർത്തി.. എവിടേക്കെങ്കിലും ഓടി പോകാനാണ് തോന്നുന്നത്….. ഇങ്ങനെ ഒരു അവസ്ഥ പ്രതീക്ഷിച്ചില്ല… അറിഞ്ഞിരുന്നെങ്കിൽ ഇങ്ങോട്ട് വരില്ലായിരുന്നു….. “””

എങ്ങനെയുണ്ട് ശ്രീ എന്റെ സർപ്രൈസ് ????? “””” കാതിനരികിൽ കേട്ടു ചോദ്യം … ദഹിപ്പിക്കുന്ന ഒരു നോട്ടം തിരികെ കൊടുത്തു… “”” നോക്കി പേടിപ്പിക്കേണ്ട… ഒന്ന് ഫ്രീ ആവട്ടെ എല്ലാം പറയാം…. “”””” മുന്നിലിരിക്കുന്ന ആളുകളെ നോക്കി… പരിഹാസമാണോ ,പുച്ഛമാണോ , അമ്പരപ്പാണോ , അത്ഭുതമാണോ അതോ ദേഷ്യമാണോ …അറിയാവുന്ന മുഖങ്ങളിലെല്ലാം ആര്യ മാറിമാറി നോക്കി…. “”” വരുന്ന പതിനെട്ടാം തീയതിയാണ് വിവാഹം… എല്ലാവരെയും ക്ഷണിച്ചു കൊണ്ട് റിസപ്ഷൻ ഗ്രാൻഡായിട്ട് നടത്താം… തൽക്കാലം വിവാഹത്തിൽ വീട്ടുകാർ മാത്രമേ പങ്കെടുക്കുന്നുള്ളൂ… “”” സ്വയം പുച്ഛം തോന്നി….. എല്ലാം തീരുമാനിക്കപ്പെട്ടിരിക്കുന്നു… ആരും തന്നോടൊരു വാക്കുപോലും ചോദിച്ചില്ല…. എല്ലാവരോടും അവൾക്ക് വെറുപ്പ് തോന്നി…..

പ്രാണനായിരുന്നവൻ മറ്റൊരുവൾക്ക് വേണ്ടി തള്ളിപ്പറഞ്ഞപ്പോൾ മുറിവേറ്റ ഒരു ഹൃദയമുണ്ട് തനിക്ക്… ആ വേദനയും നിരാശയുമൊക്കെ താൻ മറികടന്ന് വരുന്നതേയുള്ളൂ …വീണ്ടും അയാളുടെ മുന്നിലേക്ക് തന്നെ തള്ളിവിടുകയാണ് എല്ലാവരും….. എന്തിന്?????? തലയ്ക്കടിയേറ്റ പോലെയായിരുന്നു അരവിന്ദിന് അച്ഛന്റെ വാക്കുകൾ… ഒരിക്കൽ തന്റെ ഭാര്യയായിരുന്നവൾ തന്റെ അനിയന്റെ കൈപിടിച്ച് തനിക്ക് മുൻപിൽ… അതിന് കൂട്ടുനിൽക്കുന്നതോ സ്വന്തം അച്ഛനുമമ്മയും … ഇതിനേക്കാൾ വലിയൊരു പരാജയം സംഭവിക്കാനില്ല തനിക്കിനി …. താൻ മാത്രം ഒന്നും അറിയാതെ പോയി ….വിവാഹ തീയതി വരെ എടുത്തിട്ടും തന്നെ മാത്രം ഒന്നും അറിയിച്ചില്ല…

എല്ലാത്തിനേക്കാളുമുപരി നിമിഷ ഇതെങ്ങനെ സഹിക്കും …രാജകുമാരിയെപ്പോലെ നോക്കുമെന്നു വാക്കു കൊടുത്ത് കൂടെ കൂട്ടിയതാണ്…അവളെ വിഷമിപ്പിക്കുന്ന പലതും നടക്കുന്നുണ്ട് വീട്ടിൽ..തരം കിട്ടിയാൽ എല്ലാവരും അവളെ വേദനിപ്പിക്കുന്നുണ്ട് ..മാറി താമസിക്കണം എന്നാണ് നിമിഷ പറയുന്നത് ..തനിക്കും ആ ആഗ്രഹമുണ്ട് ….നിമിഷയും കുഞ്ഞും താനും മാത്രമായി ഒരു ലോകം ..പക്ഷേ അങ്ങനെ പോയാൽ സ്വത്ത്‌ ഒന്നും തനിക്കായി മാറ്റി വെയ്ക്കില്ലെന്നു പറഞ്ഞിട്ടുണ്ട് അച്ഛൻ ..അതുകൊണ്ടു മാത്രം തന്റെ നിമിഷ ഒക്കെ സഹിക്കുകയാണ് …പാവം ….അതിന്റെ കൂടെയാണ് ഓർക്കാൻ പോലും ഇഷ്ടമല്ലാത്ത അവളെ വീണ്ടും വിളിച്ചു കേറ്റാൻ നോക്കുന്നത് …ഇതങ്ങനെ വിട്ടു കളയാൻ പറ്റില്ല …ചോദിക്കണം … ചോദിക്കുന്നുണ്ട് താൻ …

തന്നെ തോൽപ്പിക്കാനായി ആരും അവളെ വീണ്ടും തന്റെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റണ്ട … അരവിന്ദിന് ആര്യയോട് കടുത്ത ദേഷ്യം തോന്നി… പറിച്ചെറിഞ്ഞിട്ടും വിട്ടുപോകാതെ പിന്നെയും തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ അവൾ ശ്രമിക്കുന്നതുപോലെ…. സമ്മതിക്കില്ല താൻ അതിനു…. വിവാഹ വാർത്ത കേട്ടപ്പോഴേ നിമിഷ കുഞ്ഞിനെയുമെടുത്ത് മുറിയിലേക്ക് പോയിരുന്നു… കരയുന്ന കുഞ്ഞിനെ പോലും ശ്രദ്ധിക്കാതെ അവൾ മുറിയിലെ സാധനങ്ങളെല്ലാം തട്ടി മറിച്ചിട്ടു….. നന്ദനത്തിലെ സകലരെയും ചുട്ടെരിക്കാനുള്ള ദേഷ്യമായിരുന്നു അപ്പോൾ അവളുടെയുള്ളിൽ…. ആര്യ വീണ്ടും നന്ദനത്തിലെ മരുമകളായി വരുന്നത് നിമിഷയ്ക്ക് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമായിരുന്നില്ല…. ഇപ്പോൾതന്നെ ഇവിടെ തനിക്കൊരു വിലയുമില്ല…

എത്രയൊക്കെ സ്നേഹത്തോടെ ഇടപെട്ടാലും അമ്മയ്ക്ക് ഇപ്പോഴും തന്നോട് മിണ്ടാൻ കൂടി മടിയാണ്….കുഞ്ഞിനോട് മാത്രമേ എല്ലാവർക്കും സ്നേഹമുള്ളു….. ആര്യയെ ഇപ്പോഴും ഇവിടെയുള്ളവർക്ക് ജീവനാണ്….. അവൾ ഇവിടെ ഇല്ലാതിരുന്നിട്ടു കൂടി ഇതാണ് സ്ഥിതി…. അപ്പോൾ അവളിവിടെ മരുമകളായി വീണ്ടും കയറി വന്നാലോ….? തന്റെ സ്ഥാനം പിന്നെ പടിക്ക് പുറത്താകും… അതിനനുവദിച്ചുകൂടാ…. ഈ വിവാഹം നടക്കാൻ പാടില്ല… അരവിന്ദ്…അവൻ തന്നെ ഈ വിവാഹം മുടക്കണം… അതിനെന്താ വേണ്ടതെന്നു തനിക്കറിയാം… പതിയെ നിമിഷയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. അതിഥികളോക്കെ യാത്ര പറഞ്ഞു പോയി… ദേവനും കുടുംബവും മാത്രം ബാക്കിയായി… ആര്യ വീടിന്റെ പുറകുവശത്തെ ലൗ ബേർഡ്സിന്റെ കൂടിനരികിലായിട്ടിട്ടുള്ള ബെഞ്ചിലിരിക്കുകയായിരുന്നു… “”” എന്താണ് മാഡം..????? ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്…?? “”””

– ചോദ്യം കേട്ടിട്ടും ഉത്തരം കൊടുക്കാതെ അഭിയേട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി…. എന്നും ഫോണിൽ സംസാരിക്കുന്ന ആളാണ്.. പക്ഷേ ഇത്രയൊക്കെ തീരുമാനങ്ങളെടുത്തിട്ടും തനിക്കൊരു സൂചന പോലും തന്നില്ല… “””” നിനക്കൊരുപാട് സംശയങ്ങൾ അറിയാനും ചോദിക്കാനുമുണ്ടെന്നെനിക്കറിയാം.. അതൊക്കെ പറയാനാ ഞാനിങ്ങോട്ട് വന്നത്… ഇനി ചോദിച്ചോളൂ ഞാൻ റെഡി… “””” “”” എന്താണ് ഇതൊക്കെ..??? “””ഇത്ര ചോദിക്കാനേ കഴിഞ്ഞുള്ളു … “”” ഒരിക്കൽ നീ എന്റെ ചേട്ടന്റെ ഭാര്യയായിരുന്നു.. അതായത് ഏട്ടത്തിയമ്മ…പക്ഷേ എന്നേക്കാൾ അഞ്ച് വയസ്സിനിളയ നിന്നെ ഞാൻ അങ്ങനെ കണ്ടിരുന്നില്ല… പക്ഷേ ചേട്ടന്റെ ഭാര്യയെ ബഹുമാനിച്ചിരുന്നു… നീയി വീട്ടിൽ വന്നു കയറിയ നാൾ തൊട്ടേ നമ്മൾ സുഹൃത്തുക്കളായിരുന്നു… എന്റെ അച്ഛനെയുമമ്മയേയും സ്വന്തമായി കണ്ടു സ്നേഹിക്കുന്ന നിന്നെയായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം…

നിനക്കറിയാമോ മുൻപേ ഞാൻ അമ്മയോട് പറഞ്ഞിരുന്നു നിന്നെപ്പോലൊരു കുട്ടിയെ എനിക്കും കണ്ടുപിടിച്ചു തരണമെന്ന്…അതുകൊണ്ടാണ് നിന്നെ ചതിച്ചപ്പോൾ സ്വന്തം ചേട്ടനാണെന്ന് പോലും നോക്കാതെ ഞാൻ അയാളെ തള്ളിക്കളഞ്ഞത്…. അന്നൊക്കെ നീ എന്റെ നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു…..പിന്നെ ഇപ്പൊ ഈ വിവാഹാലോചന , അത് എന്റെ തീരുമാനം ആയിരുന്നു….. “”” “”” എന്തിനുവേണ്ടി ???? സഹോദരനായി കണ്ട ആളെ ഞാനെങ്ങനെ എന്റെ ഭർത്താവായി കാണുന്നത്..??? എന്നെപ്പറ്റി നിങ്ങൾ എന്താ വിചാരിച്ചത് ??? “”” ” എന്താ ഈ വിവാഹാലോചനയ്ക്ക് കുഴപ്പം…?? ഞാൻ നിന്നെ വിവാഹം കഴിച്ചാൽ എന്താ സംഭവിക്കുക… പിന്നെ നിന്നെയെനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടെന്നു തന്നെയാണെന്റെ വിശ്വാസം….. നീ ഈ വിവാഹത്തിന് ഉടനെയൊന്നും സമ്മതിക്കില്ലെന്നറിയാം…..

ഞാൻ വിവാഹമോചിതയാണ് ,പരിശുദ്ധി ഇല്ല ,അഭിയേട്ടനെ പോലെ ഒരാളെ ആഗ്രഹിക്കാനുള്ള അർഹതയില്ല …എനിക്കിനി ഒരു വിവാഹം വേണ്ട …പുരുഷമാരെല്ലാം ചതിയന്മാരാണ് …ഭർത്താവിന്റെ അനിയനെ വിവാഹം ചെയ്താൽ സമൂഹം എന്ത് പറയും …ഞാൻ മോശക്കാരിയാകില്ലേ ….സഹോദരനായിട്ടാണ് കണ്ടത് .ഈ വിവാഹത്തിൽ നിന്നു പിന്മാറണം ..അഭിയേട്ടന് എന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും …ബ്ലാ…ബ്ലാ…ബ്ലാ……ഇങ്ങനെ ഒരുപാടു കാരണങ്ങളും നിനക്ക് പറയാനുണ്ടാകും…..നിന്നെ പോലെ അച്ഛനമ്മമാരെ അനുസരിക്കുന്ന ഒരു കുട്ടി ഇങ്ങനെയേ ചിന്തിക്കു .ഇതേ പറയൂ …പക്ഷേ എനിക്കിതൊന്നും ഒരു വിഷയമേയല്ല… നിന്റെ പരിശുദ്ധി നിന്റെ മനസ്സിലാണ് ശ്രീ…. നിന്നെ ഞാൻ അർഹിക്കുന്നോ എന്ന സംശയമേ എനിക്കുള്ളൂ….

പിന്നെ സഹോദരനായി കണ്ടു എന്നത്…. ശരിക്കും എന്താ ശ്രീ അതിനർത്ഥം സഹോദരനായി കണ്ടിരുന്നു എന്നത്… ചേട്ടൻ മരണപ്പെട്ടാൽ ചേട്ടത്തിയമ്മയ്ക്ക് അയ്യാളുടെ അനിയൻ ഒരു ജീവിതം കൊടുക്കുന്നതിനെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്… സ്നേഹത്തോടെ കഴിയുന്ന പങ്കാളികൾക്കിടയിൽ നിന്നാകും ഒരാളെ മരണം തട്ടിക്കൊണ്ട് പോകുന്നത്,,, അവരുടെ ആ സ്നേഹം നിലനിൽക്കെത്തന്നെ…. എന്നിട്ടും അനിയന്റെ താലിയ്ക്കു അവർക്കു തലകുനിക്കേണ്ടി വരുന്നു …പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഓർത്തു നോക്കൂ …അവർ എന്തുകൊണ്ട് അങ്ങനെ കല്യാണം കഴിക്കാൻ തയ്യാറാകുന്നു .. സാഹചര്യം ആകാം കാരണം ..അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധം ആകാം…

ആ പെണ്ണിനെ മനസ്സിലാക്കാൻ പുറത്തുള്ള ഒരാളെക്കാൾ അനിയന് പറ്റും എന്ന് തോന്നിയത് കൊണ്ടാകും അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടുകാർക്ക് അവളെ വിട്ടു കളയാൻ പറ്റാത്തത് കൊണ്ടാകും ആത്മല്ലെങ്കിൽ അവളുടെ ജീവിതത്തിലെ സുരക്ഷയെ കരുതിയിട്ടുണ്ടാകും…. അതുപോലൊരു സാഹചര്യം അല്ലേ നമുക്കും…ഇവിടെ ചേട്ടൻ ജീവിച്ചിരിക്കുന്നു… പക്ഷേ നിന്റെ മനസ്സിൽ അയാൾ മരിച്ചതിന് തുല്യമല്ലേ…. നിന്റെ താലി പൊട്ടിച്ചെടുത്ത് മറ്റൊരുത്തിക്ക് കൊടുത്തവൻ… നിന്റെ കൂടെ ജീവിക്കുമ്പോഴും മറ്റൊരുവൾക്കു മനസ്സും ശരീരവും പങ്കിട്ടവൻ … നിന്റെ മനസ്സിൽ ഇപ്പോൾ അയാളെകുറിച് ഒരു ചിന്ത പോലുമില്ലേന്നു എനിക്കറിയാം.. നീ എന്റെ അച്ഛനെയും അമ്മയെയും പറ്റി ആലോചിച്ചിട്ടുണ്ടോ ശ്രീ??? ചേട്ടൻ നിന്നെ വേണ്ട ഡിവോഴ്സ് വേണം എന്ന് പറഞ്ഞ ദിവസം മുതൽ മനസ്സുരുകി നടക്കുന്നവരാണവർ …നിന്റെ സ്വന്തം അച്ഛനെയുമമ്മയെയും പോലെ…

നിന്നെ മരുമകളായല്ല മകളായാണ് അവർ കാണുന്നത്.. ഞങ്ങളെക്കാൾ സ്നേഹം അവർക്ക് നിന്നോടാണ്… അവരുടെ മകൻ കാരണം നിന്റെ ജീവിതം നശിച്ചു പോയി എന്നൊരു ചിന്തയിൽ വേദനിച്ച് കഴിയുന്നവർ.. ഈ വിവാഹാലോചനപ്പറ്റി ഞാൻ പറഞ്ഞപ്പോൾ അമ്മ കരഞ്ഞു കൊണ്ടെന്നെ ചേർത്തുപിടിച്ചു ഉമ്മവെച്ചു , സന്തോഷംകൊണ്ട് …അച്ഛനും അതുപോലെതന്നെ …എന്റെ തീരുമാനം ശരിയാണെന്ന് പറഞ്ഞു അവർ …നിന്നെ വീണ്ടും മകളായി കിട്ടും എന്ന് കരുതി ഒരുപാട് സന്തോഷിക്കുന്നു ആ പാവങ്ങൾ …പിന്നെ അവരുടെ സന്തോഷത്തിനുവേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ചിന്തിക്കേണ്ട …ശരിക്കും നിന്നെ ഇഷ്ടമായിട്ട് തന്നെയാണ് ശ്രീ…. ചേട്ടന്റെ ഭാര്യ ആയിരുന്നു നീ എന്നത് എനിക്ക് ഒരു കുറവായി തോന്നുന്നില്ല ശ്രീ ..

അയാൾക്ക് മറ്റൊരു സ്ത്രീയിൽ ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്നറിഞ്ഞ നിമിഷം നീ തീരുമാനമെടുത്തു.. തന്റെ ജീവിതം തകർന്നാലും സാരമില്ല താൻ കാരണം മറ്റൊരു പെണ്ണും കുഞ്ഞും അനാഥരാകരുതെന്ന് നീ ചിന്തിച്ചു ..ഒരു വാക്കു പോലും അയാളെ മോശം പറയാതെ അന്തസ്സായി നീയി പടിയിറങ്ങിപ്പോയി …ആ മനസ്സ് എത്രപേർക്കുണ്ടെടി .. അവിടെ എനിക്ക് നിന്നോട് ബഹുമാനവും നിന്നെയോർത്ത് അഭിമാനവുമായിരുന്നു…. വിധി വന്ന ദിവസം ഞാനുമുണ്ടായിരുന്നു കോടതിയിൽ … എല്ലാം കഴിഞ്ഞു തിരിച്ചിറങ്ങിയ നീ പുറത്തു കെട്ടിപ്പിടിച്ചു നിന്നു സന്തോഷം പങ്കിടുന്ന ചേട്ടനെ നോക്കി തകർന്നു നിന്ന നിമിഷം എനിക്ക് ഓടിവന്നു നിന്നെ നെഞ്ചിൽ ചേർക്കാനാണ് തോന്നിയത് ശ്രീ …നിനക്ക് ഞാനുണ്ട് ഒരിക്കലും നീ തനിച്ചല്ല എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ തോന്നി…

ശരിക്കും അന്നാണ് ശ്രീ എനിക്ക് നിന്നോട് മറ്റൊരു രീതിയിലുള്ള ഒരു ഇഷ്ടം തോന്നി തുടങ്ങിയത്…. പിന്നെയുള്ള ഓരോ രാത്രിയും നീ എന്റെ ഉറക്കം കളഞ്ഞു… നിന്നോട് പറയാൻ എനിക്ക് പേടിയായിരുന്നു ശ്രീ… എന്റെ മനസ്സറിഞ്ഞാൽ നീ എന്നെ തെറ്റിദ്ധരിക്കുമൊ എന്ന പേടി .. അമ്മയോടാണ് ആദ്യം കാര്യം പറയുന്നത് …അമ്മ ഫുൾ സപ്പോർട്ട് തന്നു അച്ഛനോട് പറഞ്ഞപ്പോൾ അച്ഛനും… എന്നെക്കാൾ അവർ ഇതാഗ്രഹിച്ചിരുന്നെന്നു തോന്നുന്നു .. പിന്നെ നിന്റെ അച്ഛനെയും അമ്മയെയും കണ്ട് സംസാരിച്ചു അവർക്ക് നിന്നെ ഓർത്ത് ആയിരുന്നു ടെൻഷൻ നീ സമ്മതിക്കുമോ എന്നൊക്കെ… നിന്റെ ചേച്ചിയെയും ചേട്ടനെയും ഞാൻ വിളിച്ച് സംസാരിച്ചിരുന്നു… അവർ കട്ടസപ്പോർട്ട് ആണ് …അവരും കല്യാണത്തിനുണ്ടാകും… “””” “”” ഞാനൊരു വിവാഹമോചിതയാണ് …

എന്റെ ഭർത്താവായിരുന്നവന്റെ അനിയൻ തന്നെ എന്നെ വിവാഹം കഴിച്ചാൽ ഈ സമൂഹം അതിനെ എങ്ങനെ കാണുമെന്നറിയാമോ??? “”” “”” നീ ആരെയാണ് ശ്രീ പേടിക്കുന്നത്???? ബന്ധുക്കളെയാണോ സമൂഹത്തെയോ.. പറയാനുള്ളവർ പറയും …ഒരു തെറ്റും ചെയ്യാതെ അല്ലേ നീ വിവാഹമോചിതയായത് … എന്നിട്ട് ബന്ധുക്കളും നാട്ടുകാരും നിന്നെ കുറ്റം പറഞ്ഞില്ലേ .. നിന്റെ തെറ്റു കൊണ്ടാണ് ചേട്ടൻ മറ്റൊരുത്തിയെ തേടി പോയത് എന്നു പറഞ്ഞു നിന്നെ അധിക്ഷേപിച്ചിട്ടില്ലേ..?? വിവാഹമോചിതയാണെന്നറിഞ്ഞപ്പോൾ ഇതൊരു അവസരമായി കണ്ടു നിന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ചവരില്ലേ …?? നമ്മൾ കല്യാണം കഴിച്ചാൽ എന്നെയും കുറ്റം പറയാൻ ഒരുപാടു പേരുണ്ടാകും … ഞാൻ എന്റെ അമ്മയുടെ സ്ഥാനത്തുള്ള ഏട്ടത്തിയെ മറ്റൊരു കണ്ണിൽ കണ്ടിരുന്നുവെന്ന് …..

പക്ഷേ എനിക്കറിയാം എന്താ സത്യമെന്ന്… എന്നെ സ്നേഹിക്കുന്നവർക്കും ….നിനക്കറിയാമോ ശ്രീ ഡിവോഴ്സ് കേസ് നടക്കുന്ന സമയത്ത് നിന്റെ കൂടെ കോർട്ടിൽ വന്നതിന് എന്റെ ചേട്ടൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ നിന്നെ കൊണ്ട് നടക്കുകയാണെന്ന്…. ഇവിടെയൊക്കെ നമ്മൾ ചെയ്ത തെറ്റെന്താണ് ശ്രീ..??? ഒന്നുമില്ല…. അപ്പോൾ നമ്മൾ തെറ്റ് ചെയ്താലും ചെയ്തില്ലെങ്കിലും ചിലപ്പോൾ പഴി കേൾക്കേണ്ടി വരും…. അതുകൊണ്ട് ഇനിയും നീ ബന്ധുക്കളെന്തു വിചാരിക്കും, നാട്ടുകാകാരെന്ത് വിചാരിക്കും എന്ന് പേടിക്കാതെ… എനിക്ക് എന്നെ മനസ്സിലാക്കുന്ന, എന്റെ അച്ഛനെയുമമ്മയേയും സ്വന്തം പോലെ കാണുന്ന ഒരു പെൺകുട്ടിയാണ് വേണ്ടത്. അതിനെനിക്ക് നിന്നെക്കാൾ ബെസ്റ്റ് ചോയ്സ് വേറെ ഇല്ല ശ്രീ….എന്റെ കണ്ണിൽ നിനക്കൊരു കുറവുമില്ല ശ്രീ … പിന്നെ ചേട്ടനാണെങ്കിലും അങ്ങേര് കാണിച്ച ചെറ്റത്തരത്തിന് നമ്മുടെ കല്യാണത്തെക്കാൾ നല്ലൊരു പണി കൊടുക്കാനില്ല …

എനിക്കറിയാം നിനക്കിതൊന്നും പെട്ടെന്നുൾക്കൊള്ളാൻ കഴിയില്ലെന്ന് ….നീ നന്നായിട്ടാലോചിക്ക് ശ്രീ …. പതിനെട്ടാം തീയതി രാവിലെ മുഹൂർത്തം കഴിയുന്നവരെ നിനക്ക് സമയമുണ്ട്… ആലോചിച്ച് തീരുമാനമെടുക്ക് ശ്രീ …. ഞാൻ നല്ലൊരു സുഹൃത്തായിട്ട് നിനക്ക് തോന്നിയിട്ടുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ആ സുഹൃത്തിനെ നിനക്ക് സ്വന്തമായി കിട്ടാനുള്ള സുവർണ്ണാവസരമാണ്… അത് പാഴാക്കി കളയല്ലേ ശ്രീ … പിന്നെ എന്നെ വേണ്ട എന്ന തീരുമാനമാണ് നീ എടുക്കുന്നതെങ്കിൽ ആ തീരുമാനത്തിന്റെ കൂടെയും നിൽക്കും ഞാൻ…. “””” എല്ലാം പറഞ്ഞു തിരിഞ്ഞു നടക്കുന്ന അഭിയേട്ടനെ നോക്കി പ്രതിമ പോലെ അവിടെ തന്നെ നിന്നു….. തുടരും….

അഭിമന്യു ആണെന്റെ നായകൻ….പക്ഷേ ആര്യയെ വിവാഹം ചെയ്യാനുള്ള തീരുമാനം ചിലപ്പോൾ അഭിയുടെ സ്വഭാവത്തെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് അഭിയുടെ ഭാഗം ഇത്ര വിശദീകരിച്ചെഴുതിയത്… ചേട്ടനുമായി വിവാഹമോചനം കഴിഞ്ഞ പെൺകുട്ടിയെ അനിയൻ വിവാഹം ചെയ്താലെങ്ങനെയായിരിക്കും അവരുടെ ജീവിതം എന്ന ചിന്തയിൽ നിന്നുണ്ടായതാണി കഥ.. ഇന്നത്തെ ഭാഗത്തിൽ പോരായ്മകളുണ്ടാകും… ക്ഷമിക്കണം…😬🙏

ദാമ്പത്യം: ഭാഗം 4

Share this story