ദാമ്പത്യം: ഭാഗം 6

ദാമ്പത്യം: ഭാഗം 6

എഴുത്തുകാരി: തുഷാര ലക്ഷ്മി

“”” എനിക്കറിയാം നിനക്കിതൊന്നും പെട്ടെന്നുൾക്കൊള്ളാൻ കഴിയില്ലെന്ന് ….നീ നന്നായിട്ടാലോചിക്ക് ശ്രീ …. പതിനെട്ടാം തീയതി രാവിലെ മുഹൂർത്തം കഴിയുന്നവരെ നിനക്ക് സമയമുണ്ട്… ഞാൻ നല്ലൊരു സുഹൃത്തായിട്ട് നിനക്ക് തോന്നിയിട്ടുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ ആ സുഹൃത്തിനെ നിനക്ക് സ്വന്തമായി കിട്ടാനുള്ള സുവർണ്ണാവസരമാണ്… അത് പാഴാക്കി കളയല്ലേ ശ്രീ … പിന്നെ എന്നെ വേണ്ട എന്ന തീരുമാനമാണ് നീ എടുക്കുന്നതെങ്കിൽ ആ തീരുമാനത്തിന്റെ കൂടെയും നിൽക്കും ഞാൻ….

പക്ഷേ എന്റെ മനസ്സ് എന്റെ പെണ്ണായി നിന്നെ കണ്ടുപ്പോയി ശ്രീ ..അതുകൊണ്ടുതന്നെ നീയെന്നെ വേണ്ടായെന്നു വെച്ചാലും മറ്റൊരാൾ ഇനിയെന്റെ ലൈഫിലേക്ക് വരില്ല…അതും ഞാനുറപ്പിച്ചതാ ..നന്നായി ആലോചിച്ചൊരു തീരുമാനമെടുക്ക് ശ്രീ “”” എല്ലാം പറഞ്ഞു തിരിഞ്ഞു നടക്കുന്ന അഭിയേട്ടനെ നോക്കി പ്രതിമ പോലെ അവിടെ തന്നെ നിന്നു….. തിരിച്ചുള്ള യാത്രയിൽ ആര്യ നിശബ്ദതയായിരുന്നു …തന്റെ നേരെ എത്തുന്ന അച്ഛന്റേയുമമ്മയുടെയും നോട്ടങ്ങളെ കണ്ടില്ലെന്ന് നടിച്ച് അവൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുനട്ടു… വീടെത്തി ആര്യ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് പോയി…

അച്ഛനുമമ്മയോടുമുള്ള പ്രതിഷേധം മാത്രമായിരുന്നില്ല എന്താണ് അവരോട് പറയേണ്ടതെന്നവൾക്ക് അറിയില്ലായിരുന്നു…അല്ലെങ്കിൽ ഇക്കാര്യത്തിന് വേണ്ടി ഒരു മുഴം മുന്നേ എറിഞ്ഞ പോലെ സത്യം ചെയ്തു വാങ്ങിയ അവരോട് എന്തുപറയാൻ… അഭിയേ കുറിച്ചോർത്തപ്പോൾ അവൾക്ക് പിന്നെയും ദേഷ്യം വന്നു.. എന്തിനാ ഇങ്ങനെ ഒരു തീരുമാനമെടുത്തത് …സഹതാപം ആകും തന്നോട്… അതിന്റെ പേരിൽ ഒരു ജീവിതം വച്ച് നീട്ടുന്നു… അതിനു കൂട്ടുനിൽക്കാൻ തന്റെ പ്രിയപ്പെട്ടവരും.. അവർക്കറിയില്ലല്ലോ തനിക്കൊരിക്കലും അഭിയേട്ടനെ അങ്ങനെ കാണാൻ കഴിയില്ലെന്ന്…. അനിയന്റെ സ്ഥാനമുണ്ടായിരുന്നവനാണ് …

ആ ബന്ധം അറ്റു പോയെങ്കിലും അഭിയേട്ടൻ എന്നും കൂടെ തന്നെ നിന്നു.. വിഷമഘട്ടങ്ങളിലൊക്കെ ഒക്കെ ആശ്വസിപ്പിച്ച് താങ്ങായി നിന്നു …അതൊക്കെ ആത്മാർത്ഥതയോടെതന്നെയാണ്…. ഒരേസമയം അഭിയോട് ദേഷ്യം തോന്നിപ്പിക്കുകയും അതിന്റെ കൂടെ അവനെ ന്യായീകരിക്കുകയും ചെയ്യുകയായിരുന്നു ആര്യയുടെ മനസ്സ് …കാരണം അഭിയുടെ സ്വഭാവം മറ്റാരേക്കാൾ അവൾ മനസ്സിലാക്കിയിരുന്നു… അരവിന്ദിനെ പോലെ സ്വാർത്ഥനായിരുന്നില്ല അഭി ….സത്യത്തിന്റെ ഭാഗത്ത് മാത്രം നിൽക്കുന്ന ഒരു വ്യക്തി….തന്റെ പ്രിയപ്പെട്ടവർക്ക് മാത്രമല്ല തന്റെ ചുറ്റും നിൽക്കുന്നവരോട് പോലും അനുകമ്പയുള്ളവനായിരുന്നു …

ഹോസ്പിറ്റലിലെ പാവപ്പെട്ട രോഗികളെ സ്വന്തം കാശുമുടക്കി സഹായിക്കുന്ന അവരുടെ കാണപ്പെട്ട ദൈവം ….എല്ലാ വിഷമങ്ങളും ഒരു ചിരിയോടെ നേരിടുന്നവൻ… ന്യായത്തിന്റെ ഭാഗത്ത് മാത്രമേ അഭിയേട്ടൻ നിൽക്കൂ.. അതുകൊണ്ടാണ് സ്വന്തം ചേട്ടനെ പോലും തള്ളിക്കളഞ്ഞ് തന്റെ കൂടെ നിന്നത്… ഇപ്പോഴും അരവിന്ദിനോടുള്ള ദേഷ്യം പൂർണ്ണമായും മാറിയിട്ടില്ല അഭിയേട്ടന്… കഴിയുമോ തനിക്ക് അഭിയേട്ടനെ ഭർത്താവായി കാണാൻ…. സ്ഥാനം അനിയന്റെ ആയിരുന്നെങ്കിലും ഏട്ടൻ എന്നാണ് വിളിച്ചിരുന്നത് , താൻ അദ്ദേഹത്തിന് ശ്രീയും …സുഹൃത്തായിരുന്നു…

എന്തിനും ഏതിനും കൂടെ നിൽക്കുന്ന പരിഹാരം കാണുന്ന സുഹൃത്ത് …ഒരിക്കലും മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല …കഴിയില്ല തനിക്കതിന് ..എങ്ങനെ ഈ വിവാഹത്തിൽ നിന്നൊഴിയുക…???? എല്ലാം തികഞ്ഞവൻ തന്നെയാണ് അഭിയേട്ടൻ…. തന്നെ പോലൊരു പെണ്ണിനെ കല്യാണം കഴിക്കേണ്ട ഒരു ആവശ്യവും അദ്ദേഹത്തിനില്ല…അല്ലെങ്കിൽ തന്നെ ഭർത്താവ് ഉപേക്ഷിച്ച ഈ രണ്ടാം കെട്ടുകാരിയെ എന്തിനാണ് അഭിയേട്ടന് … അതിനു തക്ക എന്ത് മേന്മയാണ് തനിക്കുള്ളത്… ഇതൊക്കെ സഹതാപം കൊണ്ട് തോന്നുന്നത് തന്നെയാകും.. പിന്നെ അച്ഛന്റെയുമമ്മയുടെയും സങ്കടം കൂടി കണ്ടിട്ടാകും ഇങ്ങനെ ഒരു തീരുമാനമെടുത്തത് …പക്ഷേ താൻ സ്വാർത്ഥയായിക്കൂടാ…നല്ലൊരു ഭാവിയുള്ള മനുഷ്യനാണ് …

താനായി അത് നശിപ്പിച്ചുകൂടാ ….. അതുമാത്രമല്ല അരവിന്ദും…തനിക്ക് ഇനി ഒരിക്കലുമയ്യാളെ കാണണ്ട ..ഒരിക്കലും ….വെറുപ്പ് തന്നെയാണയാളോട് …. തന്റെ ജീവിതം തകർത്തവൻ ..ഒരു തെറ്റും ചെയ്തിട്ടില്ല അയാളോട് … എന്നിട്ടും ചതിച്ചു…. പച്ചയ്ക്കു കത്തിച്ചു തന്റെ മനസ്സ് …അയാളും ഭാര്യയുമുള്ള വീട്ടിലേക്ക് കയറി ചെല്ലുക ..അതും അഭിയേട്ടന്റെ ഭാര്യയായി… ചിന്തിക്കാൻ പോലുമാകില്ല… വല്ലാത്ത പ്രതിസന്ധി തന്നെ… മുൻപ് എന്ത് വിഷമത്തിലും പരിഹാരം കാണുമായിരുന്നു അഭിയേട്ടൻ… പക്ഷേ ഇപ്പോൾ അതേ ആൾ തന്നെയാണ് തന്റെ പ്രശ്നം… നാളെ തന്നെ തിരിച്ചു പോകണം ,,ശാരിയെ കാണണം… ശാരിക്കു മാത്രമേ ഇനി തനിക്ക് ഒരു പരിഹാരം പറഞ്ഞു തരാൻ കഴിയൂ… 🌸🌸🌸🌸

“”” ഞാൻ ആരാണ് ഈ വീട്ടിൽ..?? നിങ്ങളുടെ മകൻ തന്നെയല്ലേ ഞാനും… അതോ ഇനി അഭി മാത്രമാണോ നിങ്ങളുടെ മകൻ …ഈ വീട്ടിൽ ആരും എന്നെ കാണുന്നില്ല …സ്വന്തം അനിയന്റെ വിവാഹത്തീയതിയെടുത്തിട്ട് പോലും അറിയാതെ പോയ ഒരു ചേട്ടൻ…. എനിക്കു മാത്രം ഒരു വിലയും ഇല്ല ഇവിടെ …..അതും ഞാൻ ഇനി ഒരിക്കലും തമ്മിൽ കാണരുത് എന്ന് കരുതുന്ന ഒരുത്തിയെ…. നിങ്ങൾക്കൊക്കെ എങ്ങനെ തോന്നി ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ….??? “””- അരവിന്ദ് അച്ഛനു നേരെ പൊട്ടിത്തെറിക്കുകയാണ്…. “”” നിന്റെ സ്ഥാനം എന്താണെന്ന് നിനക്കറിയില്ലേ..??? ഒന്ന് ആലോചിച്ചു നോക്കൂ നിന്റെ വില കളഞ്ഞത് ആരാണെന്ന്….???പിന്നെ ആര്യമോളെ വീണ്ടും ഈ വീട്ടിലേക്ക് കൊണ്ടുവരുന്ന കാര്യം…

അതിന് നിനക്കെന്താ..??? നീ അല്ലല്ലോ അവളെ വിവാഹം ചെയ്യാൻ പോകുന്നത് അഭിയല്ലേ… പിന്നെ നിനക്ക് എന്താ പ്രശ്നം…?? “”” “”” അച്ഛൻ വെറുതെ കണ്ണടച്ചിരുട്ടാക്കരുത്….ആര്യശ്രീ ഒരിക്കൽ എന്റെ ഭാര്യ ആയിരുന്നു..ഞാൻ ബന്ധം ഒഴിഞ്ഞ അവളെ എന്റെ അനിയൻ കല്യാണം കഴിക്കുക എന്ന് വെച്ചാൽ… “”” “”” ഒരു ചുക്കും സംഭവിക്കാനില്ല ചേട്ടാ… “”” – സംസാരം കേട്ട് അവിടേയ്ക്ക് വന്ന അഭി പറഞ്ഞു… “”” നിനക്ക് നാണമുണ്ടോടാ ചേട്ടന്റെ ഭാര്യയായിരുന്നവളെ കല്യാണം കഴിക്കാൻ ….അപ്പോൾ അവളീ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് നീ അവളെ ഈ മനോഭാവത്തോടെയാണ് കണ്ടിരുന്നതല്ലേ …എന്റെ നിമിഷയേയും നീ മറ്റൊരു കണ്ണിൽ കാണില്ല എന്ന് ആര് കണ്ടു…. നാണമില്ലാത്തവൻ… “””

“”” അതെ എനിക്കിത്തിരി നാണം കുറവാണ്….പിന്നെ നിങ്ങൾ പറഞ്ഞ പോലെ ‘ചേട്ടന്റെ ഭാര്യ ആയിരുന്നവൾ’ ആണ് ശ്രീ അല്ലാതെ ഇപ്പോൾ ഭാര്യ അല്ല… അവൾ ഇപ്പോൾ നിങ്ങളുടെ ആരുമല്ല… നിങ്ങൾ വഴിയുള്ള ബന്ധമെ എനിക്ക് ശ്രീയുമായി ഉണ്ടായിരുന്നുള്ളൂ …നിങ്ങൾ അവളെ ഉപേക്ഷിച്ചപ്പോൾ എനിക്കും അവൾ ആരുമല്ലാതായി… പക്ഷേ അന്നും അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു….അതുകൊണ്ടുതന്നെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്കവൾ മതിയെന്നു തോന്നി…അവളുടെ പാസ്ററ് ഒന്നും എനിക്കൊരു പ്രശ്നമല്ല… കാരണം എനിക്കവൾ ബെസ്റ്റ് ചോയ്‌സാണ്….

അവളേക്കാൾ നല്ലൊരു പെണ്ണിനെ എനിക്കിനി കിട്ടാനില്ല …എന്നേക്കാൾ എന്റെ അച്ഛനുമമ്മയേയും സ്നേഹിക്കുന്ന അവൾ മതി അതു ഞാനുറപ്പിച്ചതാ…. അതുകൊണ്ടുതന്നെ അവളാരുടെയെങ്കിലും ഭാര്യയായിരുന്നോ കാമുകിയായിരുന്നോ എന്നൊന്നും നോക്കേണ്ട കാര്യമില്ല എനിക്ക്… പിന്നെ അവൾ നിങ്ങളുടെ ഭാര്യ ആയിരുന്നപ്പോൾ ഞാൻ അവളെ എങ്ങനെയാണ് കണ്ടതെന്ന് അതെനിക്ക് നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ല ചേട്ടാ എനിക്കും അവൾക്കും അച്ഛനുമമ്മയ്ക്കും അറിയാം സത്യം.. അതുമതി എനിക്ക്….പിന്നെ എന്തോ പറഞ്ഞല്ലോ നിങ്ങളുടെ നി…മി….ഷ…യെപ്പറ്റി …

ഒരു പെണ്ണായി പോലും ഞാൻ അവരെ അംഗീകരിച്ചിട്ടില്ല പിന്നല്ലേ മറ്റൊരർത്ഥത്തിൽ കാണുന്നത്… “”” “”” അഭി……. “”” “”” അലറണ്ട….ഒരു പെണ്ണിന്റെ ജീവിതം തട്ടിപ്പറിച്ചെടുത്ത അവരെ പിന്നെന്തു പറയണം….?? “”” “”” അഭി… നിമിഷ എന്റെ ഭാര്യയാണ്.. ആ ഓർമ്മ വേണം നിനക്ക്… “”” “”” ഭാര്യ…… ഭാര്യ കൂടെയുള്ളപ്പോൾ മറ്റൊരുത്തിയെ തേടിപോയി അവൾക്കൊരു കുഞ്ഞിനേയും കൊടുത്ത് അതേ കാമുകിക്ക് വേണ്ടി ഭാര്യയെ പടിയിറക്കി വിട്ട നിങ്ങളാണ് അല്ലേ നേരത്തെ എന്നെ നാണമില്ലാത്തവൻ എന്ന് വിളിച്ചത് ….സ്വയം ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണ്… അപ്പോൾ അറിയാം ആർക്കാ നാണമില്ലാത്തതെന്ന് ..

“”” “”” അഭി …. നിന്റെ ചേട്ടനാണവൻ… നീ മിണ്ടാതിരിക്ക് ..””” – പ്രഭ അഭിയെ ശാസിച്ചു… “”” മോനേ… നീ എന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു…. അവളെ ഒരു സങ്കടക്കടലിലേക്ക് തള്ളിയിട്ടു… നീയിവിടെ ഭാര്യയും കുഞ്ഞുമായി ജീവിക്കുന്നു… അവളോട് നീയും നിന്റെ ഭാര്യയും ചെയ്ത തെറ്റിന് വേദന അനുഭവിച്ചതും , ഇപ്പോഴും അനുഭവിക്കുന്നതും അവളല്ലേ.. അവൾക്കൊരു ജീവിതം വേണ്ടേ ..?അതിന് അഭി തയ്യാറാവുന്നത് നല്ലതല്ലേടാ ..മറ്റേതൊരു വീടിനേക്കാൾ അവളെ മനസ്സിലാക്കുന്നവർ അല്ലേ ഞങ്ങൾ…. അതിനു നീയീ തടസ്സം പിടിക്കുന്നത് എന്തിനാണ് …..””” “”” ആരെന്തോക്കെ പറഞ്ഞാലും അവളെ ഈ വീട്ടിൽ കൊണ്ടുവരാമെന്നാരും കരുതണ്ട….ഞാൻ സമ്മതിക്കില്ല …”””

“”” നിന്റെ സമ്മതം ഇവിടെയാർക്കുമാവശ്യമില്ല… ഞാനീ വിവാഹം നടത്തും… അഭി തന്നെ ആര്യയെ വിവാഹം കഴിക്കും…””” – ശേഖരൻ പറഞ്ഞതുകേട്ട് അരവിന്ദ് കലി പിടിച്ച് ഇറങ്ങിപ്പോയി…. “”” മോനേ ….അവൻ….””” – പ്രഭ വിതുമ്പി… “”” അമ്മ വിഷമിക്കല്ലേ.. ചേട്ടൻ ചുമ്മാ വിരട്ടുന്നതല്ലേ… നമ്മളിതൊക്കെ പ്രതീക്ഷിച്ചത് തന്നെയല്ലേ ….പിന്നെന്താ ….വിട്ടുകള അമ്മ കുട്ടി .. ഈ അഭി അമ്മയ്ക്ക് വാക്ക് തന്നതാണ് ശ്രീ ഈ വീട്ടിൽ വരുമെന്ന് …അത് ഞാൻ പാലിച്ചിരിക്കും … “” – അഭി അമ്മയെ സമാധാനിപ്പിച്ചു… ♻♻♻

ആര്യ രാവിലെതന്നെ കുളിച്ചൊരുങ്ങി ബാഗുമെടുത്ത് താഴെയെത്തി… ദേവനും മേനകയും അന്തംവിട്ടവളെ നോക്കി… “”” ഞാൻ തിരിച്ചു പോവുകയാണ് “”” “”” മോളേ ഞങ്ങൾക്ക് നിന്നോട് സംസാരിക്കാനുണ്ട്… ഇന്നലെയും നീ ഒഴിഞ്ഞുമാറി “”” “”” അച്ഛാ… ഒഴിഞ്ഞുമാറിയതല്ല …എനിക്കൊന്നും പറയാനില്ലാത്ത കൊണ്ടാണ് ….എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ബന്ധമാണിത് …അതിനായിയാണ് വിവാഹ തീയതിവരെ എടുത്തത് …എനിക്ക് കഴിയുന്നില്ല… നിങ്ങളെ വിഷമിപ്പിക്കുകയാണെന്നറിയാം… എന്നാലും എന്റെ മനസ്സ് ഇതാണച്ഛാ …എന്നോട് ക്ഷമിക്കണം…. ഇറങ്ങുന്നു….””” – ആര്യയുടെ തീരുമാനം കേട്ട് കണ്ണീരോടെയാ അച്ഛനുമമ്മയും നിന്നു …… ക്ഷമിക്കണം…😬🙏

ദാമ്പത്യം: ഭാഗം 5

Share this story